Budget 2022 : ആരോഗ്യ മേഖലയെ കൈവിട്ടോ? ദേശീയ മാനസികാരോഗ്യ പദ്ധതിയും ഡിജിറ്റല്‍ രജിസ്ട്രിയും മാത്രം

By Web Team  |  First Published Feb 1, 2022, 7:13 PM IST

രാജ്യത്ത് തുടരുന്ന വാക്സിനേഷനായി നീക്കിവച്ചത് 5000 കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷം 35000 കോടി നീക്കി വച്ചിരുന്നു.


ദില്ലി: കൊവിഡ് (Covid 19) തളർത്തിയ ആരോഗ്യ മേഖലയെ കാര്യമായി പരിഗണിക്കാതെ കേന്ദ്ര ബജറ്റ് (Budget 2022). കൊവിഡ് തീർത്ത വെല്ലുവിളികൾ അതിജീവിക്കാൻ പദ്ധതികൾ പ്രതീക്ഷിച്ച ആരോഗ്യ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ വലിയ പരിഗണന നല്‍കിയില്ല. ദേശീയ മാനസികാരോഗ്യ പദ്ധതിയും ആരോഗ്യ സേവനങ്ങളുടെ ഡിജിറ്റൽ രജിസ്ട്രിയും ഒഴിച്ചാൽ ആരോഗ്യ രംഗത്തെ ഉത്തേജിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നുമില്ല.  

രാജ്യത്ത് തുടരുന്ന വാക്സിനേഷനായി നീക്കിവച്ചത് 5000 കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷം 35000 കോടി നീക്കി വച്ചിരുന്നു. ടെലി കൌൺസിലിംഗ് സംവിധാനത്തിലൂടെ മാനസികാരോഗ്യ സേവനം നൽകുന്നതാണ് ദേശീയ മാനസികാരോഗ്യ പദ്ധതി. നിംഹാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ശൃംഖലയ്ക്ക് വേണ്ട സാങ്കേതിക സൗകര്യം ബെംഗളൂരു ഐഐടിയൊരുക്കും. ആരോഗ്യ രംഗത്തെ സേവനങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങൾ ഏകോപിപ്പിച്ച് രാജ്യത്ത് എവിടെയും ലഭ്യമാകുന്ന തരത്തിലുള്ള ദേശീയ ഡിജിറ്റൽ ആരോഗ്യ സംവിധാനം തയ്യാറാക്കും. 

Latest Videos

ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. ഇ വിദ്യ പദ്ധതിയുടെ ഭാഗമായി 12 പ്രാദേശിക ഭാഷകളിലുള്ള 200 ചാനലുകൾ തുടങ്ങും. യുവാക്കളുടെ നൈപുണ്യ വികസനത്തിനായി ഡിജിറ്റൽ ദേശ് എന്ന പോർട്ടൽ തുടങ്ങും. രണ്ടുലക്ഷം അങ്കണവാടികളിൽ നൂതന സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്നും ധനമന്ത്രി അറിയിച്ചു. നിരവധി പരിസ്ഥിതി സൗഹാർദ പദ്ധതികളും ബജറ്റിൽ ഉൾപ്പെട്ടിരുന്നു. ഇലക്ട്രിക്ക്  വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള കേന്ദ്രങ്ങൾ ഒരുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളും ഇന്ധനങ്ങളും വികസിപ്പിക്കുന്ന സംരംഭങ്ങൾക്ക് കൂടുതൽ ധനസഹായവും  ബജറ്റിലുണ്ട്.

click me!