കേന്ദ്രസർക്കാർ പ്രത്യേക സെസോ, സർചാർജോ വഴി വരുമാനം വർധിപ്പിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ദില്ലി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ എന്തായിരിക്കും അതിൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഒളിച്ചുവെച്ചിരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. കൊവിഡ് മൂലം സാമ്പത്തിക രംഗം തകർന്നടിഞ്ഞിരിക്കുന്ന ഈ ഘട്ടത്തിൽ വരുമാന വർധനവ് ബജറ്റിൽ ലക്ഷ്യമിടുമെന്നത് പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് കേന്ദ്രസർക്കാരിന്റെ ചെലവ് വർധിപ്പിച്ചിരിക്കുകയാണ്.
കൊവിഡ് വാക്സീനേഷൻ രാജ്യത്തെമ്പാടും വ്യാപിപ്പിക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ചെലവ് കൂടുമെന്നത് ഉറപ്പായിരിക്കെ, കേന്ദ്രസർക്കാർ പ്രത്യേക സെസോ, സർചാർജോ വഴി വരുമാനം വർധിപ്പിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നത്.
undefined
ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെങ്കിലും സർചാർജും സെസും രാജ്യത്ത് ഉയർന്ന വരുമാനം ലഭിക്കുന്നവർക്കായിരിക്കും ബാധകമാവുകയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം ബജറ്റ് രൂപകൽപനയുടെ അവസാന ഘട്ടങ്ങളിലായിരിക്കും സ്വീകരിക്കുക. ധനകാര്യ മന്ത്രാലയത്തിലെ ഉന്നതരെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം പെട്രോളിനും ഡീസലിനും മേലുള്ള കസ്റ്റംസ് തീരുവയിൽ എക്സൈസ് സെസ് അധികമായി ചുമത്താനും കേന്ദ്രസർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ട് പറയുന്നു.