സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വിമര്‍ശനം.
ആലപ്പുഴ: സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വിമര്‍ശനം. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.
ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് പ്രതിപക്ഷ നേതതാവ് വിഡി സതീശനും വിമര്‍ശിച്ചു. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശൻ പ്രഖ്യാപിച്ചു.