മധ്യ വർഗ കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റിൽ ആദായ നികുതി നിയമത്തിൽ ധനമന്ത്രി പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണ്? നികുതി ഇളവുകളും പുതിയ നികുതി സമ്പ്രദായവും ഉൾപ്പെടുന്നു
ദില്ലി: 2023 24 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നവതരിപ്പിച്ചു കഴിഞ്ഞു. മധ്യ വർഗ കുടുംബങ്ങളേയും ഇടത്തരം ശമ്പള വിഭാഗക്കാരേയും ലക്ഷ്യമിട്ടാണ് ബജറ്റ് എത്തിയത്. നികുതി ഇളവ് ലഭിക്കുന്നതിനുള്ള വരുമാന പരിധി 5 ലക്ഷം രൂപയിൽ നിന്നും 7 ലക്ഷമായി ഉയർത്തിയ പ്രഖ്യാപനം ഇന്ന് ഏറെ ശ്രദ്ധ നേടി. കൂടാതെ ഇനി മുതൽ പുതിയ നികുതി സമ്പ്രദായമായിരിക്കും നടപ്പാക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി നിയമത്തിലെ പ്രധാന പരിഷ്‌കാരങ്ങൾ ഇവയാണ്.
1) നികുതി ഇളവിനുള്ള പരിധി 7 ലക്ഷമാക്കി.
undefined
ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല.ഇതിന് മുൻപ് വരെ ഇത് അഞ്ച ലക്ഷം വരുമാനമുള്ളവർക്ക് മാത്രമായിരുന്നു ബാധകം. ഇതോടെ 7 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് നികുതി ആനുകൂല്യം നേടുന്നതിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ഇനി അംഗമാകേണ്ട കാര്യമുണ്ടാകില്ല.
2) നികുതി സ്ലാബിലെ മാറ്റം
നികുതി സ്ലാബുകളുടെ എണ്ണം ആറിൽ നിന്നും അഞ്ചാക്കി കുറച്ചതായി ധനമന്ത്രി അറിയിച്ചു. പുതിയ നികുതി ഘടനയിൽ 3 ലക്ഷം രൂപ വരെയുള്ളവർക്ക് നികുതി നൽകേണ്ടതില്ല എന്നാണ് ബജറ്റിലെ നിർദേശം. 3 ലക്ഷം മുതൽ 6 ലക്ഷം വരെയുള്ള വരുമാനത്തിന് 5 ശതമാനം നികുതിയും. 6 ലക്ഷം മുതൽ 9 ലക്ഷം വരെയുളളവർക്ക് 10 ശതമാനം നികുതിയും 9 ലക്ഷം മുതൽ 12 ലക്ഷം വരെയുള്ള വരുമാനത്തിന് 15 ശതമാനം നികുതിയും 12 മുതൽ 15 ലക്ഷം രൂപ വരെയുള്ളവർക്ക് 20 ശതമാനം നികുതിയും 15 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് 30 ശതമാനം നികുതിയും ആയിരിക്കും ചുമത്തുക. ഇത് പ്രകാരം ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.
3) പുതിയ നികുതി സമ്പ്രദായം
പഴയ നികുതി സമ്പ്രദായത്തിന് പകരം പുതിയ നികുതി സമ്പ്രദായമായിരിക്കും ഇനി മുതൽ നടപ്പിലാക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഴയ നികുതി ഘടനയിൽ തുടരേണ്ടവർ ഇനി പ്രത്യേക ഓപ്ഷൻ നൽകണം.
4) സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആർക്കൊക്കെ?
15.5 ലക്ഷം രൂപയിൽ അധികം വാർഷിക വരുമാനമുള്ളവർക്ക് 52,500 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കും. കൂടാതെ, പെൻഷൻ വിഭാഗക്കാർക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കും.
5) ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. 93 ദിവസമായിരുന്നതാണ് ശരാശരി 16 ദിവസമാക്കി കുറച്ചത്.