പലരുടെയും കുട്ടിക്കാലത്തെ വായനാശീലത്തിന്റെ നല്ലൊരംശവും 'റീഡേഴ്സ് ഡൈജസ്റ്റ്' എന്ന ഈ കുഞ്ഞു മാസികയുമായി ബന്ധപ്പെട്ടു കിടക്കുന്നതാകും.
എത്രയോ കാലമായി ഉത്കൃഷ്ടമായ എഴുത്ത് നിരന്തരം വായനക്കാരിലേക്ക് എത്തിച്ചുകൊണ്ട് അവരുമായി ഒരു സവിശേഷബന്ധം സ്ഥാപിക്കുന്നതിൽ വിജയിച്ചിട്ടുള്ള ഒരു മാസികയാണ് റീഡേഴ്സ് ഡൈജസ്റ്റ്(Reader's Digest). 1922 ഫെബ്രുവരിയിൽ അമേരിക്കയിൽ ആരംഭിച്ച ഈ മാസിക ഇക്കൊല്ലം ശതാബ്ദി ആഘോഷിക്കുന്ന തിരക്കിലാണ്. അമേരിക്കയിൽ ഡിവിറ്റ് വാലസ് (DeWitt Wallace), ലീലാ ബെൽ ആഷെസൻ (Lila Bell Acheson) എന്നിവർ ചേർന്ന് ആരംഭിച്ച ഈ മാസിക, തുടക്കത്തിൽ മറ്റു പല മാസികകളിലും വന്നിരുന്ന സുദീർഘലേഖനങ്ങളുടെ ചുരുക്കരൂപത്തിലുള്ള(condensed) വേർഷനുകൾ ആണ് പ്രസിദ്ധീകരിച്ചിരുന്നത്. താൻ വായിച്ചിരുന്ന പുസ്തകങ്ങളിലെ ആശയങ്ങളുടെ സംക്ഷിപ്തരൂപം ഡയറിയിൽ കുറിച്ചിടുന്ന സ്വഭാവം ഡിവിറ്റ് വാലസിനുണ്ടായിരുന്നു. കൃഷിസംബന്ധിയായ ഒരു പാഠപുസ്തകത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്ന ജോലിക്കിടെയാണ് തന്റെ ഈ ഡയറിക്കുറിപ്പുകളിലെ പുസ്തകങ്ങളുടെ സംക്ഷിപ്തരൂപങ്ങൾ പലർക്കും ഉപയോഗപ്പെട്ടേക്കാം എന്ന് അദ്ദേഹത്തിന് തോന്നുന്നത്. കൃഷിയെക്കുറിച്ചു താൻ വായിച്ച പലപുസ്തകങ്ങളിലെയും സാരാംശം അടങ്ങുന്ന ചെറുകുറിപ്പുകൾ ചേർത്ത് അദ്ദേഹം 128 പേജുള്ള ഒരു ചെറുപുസ്തകം പ്രസിദ്ധീകരിക്കുന്നു. അത് അന്ന് ഒരു ലക്ഷം കോപ്പികൾ ചെലവായതോടെ ഇത്തരത്തിൽ ഒരു പബ്ലിക്കേഷനുള്ള മാർക്കറ്റ് അദ്ദേഹം മുന്നിൽ കാണുന്നു.
അതിനിടെ കൊട്ടിക്കലാശത്തിലേക്ക് കടന്ന ഒന്നാം ലോകമഹായുദ്ധം ഡിവിറ്റ് വാലസിന്റെ സ്വപ്നപദ്ധതിക്ക് തടസ്സം നിൽക്കുന്നുണ്ട്. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ വാലസിന് ശയ്യാവലംബിയായി ആഴ്ചകളോളം ചെലവിടേണ്ടി വരുന്നു. കിടക്കവിട്ടെഴുന്നേൽക്കാൻ സാധിക്കാതിരുന്ന ഈ ദിവസങ്ങൾ അന്ന് അച്ചടിച്ച് പുറത്തിറക്കിയിരുന്ന സകല വാരികകളും വായിക്കാൻ പ്രയോജനപ്പെടുത്തുന്ന അദ്ദേഹം, ആ മാസികകളിൽ പലതിലുമായി പ്രസിദ്ധീകരിച്ചു വന്ന മുപ്പത് ലേഖനങ്ങളുടെ സംക്ഷിപ്ത രൂപം തയ്യാർ ചെയ്യുന്നു. ആ മുപ്പതെണ്ണം ചേർത്ത് മാസിക രൂപത്തിൽ ഒരു സാമ്പിൾ പ്രിന്റെടുത്ത് അദ്ദേഹം അതുമായി പ്രസാധന ശാലകൾ കയറിയിറങ്ങുന്നു. ഒരൊറ്റ പബ്ലിഷർ പോലും പക്ഷെ അന്ന് ആ ആശയം സാക്ഷാത്കരിക്കാൻ തയ്യാറാവുന്നില്ല. 1922 -ൽ മറ്റുള്ളവരെ ആശ്രയിച്ചു മടുത്തൊടുവിൽ, സ്വന്തമായി തന്നെ അത് തുടങ്ങാൻ ശ്രമിക്കുന്നു. 1921 -ൽ തന്നെ ഭാര്യയും ഭർത്താവും ചേർന്ന് ആവശ്യക്കാരെ കണ്ടെത്തി വാരിക ഡയറക്റ്റ് മെയിൽ ആയി മാർക്കറ്റ് ചെയ്തു തുടങ്ങുന്നു. 1922 -ലാണ് ഈ മാസിക റീഡേഴ്സ് ഡൈജസ്റ്റ് എന്ന പേരിൽ ന്യൂയോർക്കിൽ നിന്ന് അച്ചടിച്ച് തുടങ്ങുന്നത്. അറുപത്തിനാല് പേജുകളിൽ 5.5" x 7.5" ഇഞ്ച് വലിപ്പത്തിൽ, യാത്ര ചെയ്യുമ്പോൾ എളുപ്പം കോട്ടിന്റെ കീശയിലും മറ്റുമിട്ട് കൊണ്ടുപോകാവുന്ന പരുവത്തിലുള്ള ഒരു കുഞ്ഞു ബുക്ക് പോലെ ഡിസൈൻ ചെയ്യപ്പെട്ട, നല്ല നിലവാരത്തിലുള്ള ബൈന്റിങ്ങോടെ അച്ചടിച്ചു പുറത്തിറങ്ങിയ ആ മാസിക അന്ന് പ്രചാരത്തിലുണ്ടായിരുന്ന മറ്റുള്ള എല്ലാ മാസികകളിൽ നിന്നും കെട്ടിലും മട്ടിലും വേറിട്ടുതന്നെ നിന്നു.
undefined
അന്ന് ഇങ്ങനെ ഒരു മാസികയുടെ വരിക്കാരാവാൻ താത്പര്യമുണ്ടാവും എന്ന് തോന്നിയ പലർക്കും വാലസ് കത്തെഴുതുന്നുണ്ട്. "ഒരു വർഷത്തെ വരിസംഖ്യ അടച്ചു ചേരുന്നവർക്ക് ആദ്യ എഡിഷൻ ഇഷ്ടമായില്ല എങ്കിൽ മുഴുവൻ പണവും തിരികെ നൽകും" എന്നായിരുന്നു വാലസിന്റെ ഓഫർ. "ആജീവനാന്തം പഠിച്ചുകൊണ്ടേ ഇരിക്കേണ്ടതിന്റെ" ആവശ്യത്തെക്കുറിച്ച് അലക്‌സാണ്ടർ ഗ്രഹാംബെൽ എഴുതിയ ലേഖനം അടക്കം പല രസകരമായ കണ്ടന്റും ഉണ്ടായിരുന്ന ആ മാസിക തുടങ്ങിയ അന്നുതൊട്ടുതന്നെ സൂപ്പർ ഹിറ്റാവുന്നു. നേരിട്ട് കത്തെഴുതിക്കൊണ്ടുള്ള മാർക്കറ്റിങ് രീതി വരിക്കാരുടെ എണ്ണം കാര്യമായി കൂട്ടുന്നു. ആദ്യ എഡിഷൻ ഇറങ്ങി ഒരു വർഷത്തിനുള്ളിൽ 7,000, നാലാം വർഷത്തിൽ 20,000, 1929 ആയപ്പോഴേക്കും 2,16,000 എന്നിങ്ങനെ വരിക്കാർ വർധിച്ചു വരുന്നു. 1939 -ൽ വരിക്കാരുടെ എണ്ണം പത്തുലക്ഷം കവിയുന്നു. 1938 -ൽ റീഡേഴ്സ് ഡൈജിസ്റ്റിന്റെ ബ്രിട്ടീഷ് എഡിഷൻ ഇറങ്ങുന്നു. വരിക്കാരുടെ എണ്ണം വർധിച്ചതോടെ പരസ്യങ്ങളുടെ പെരുമഴ തന്നെ ഉണ്ടായി എങ്കിലും, എഴുപതുകൾ വരെ ഡൈജസ്റ്റിൽ മദ്യത്തിന്റെ പരസ്യം വന്നിരുന്നില്ല. സിഗററ്റുകളുടെ പരസ്യം ഇന്നോളം അതിൽ വന്നിട്ടില്ല. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് വേണ്ട ഇടവും അവർ നിരന്തരം നല്കിപ്പോന്നു.
റീഡേഴ്സ് ഡൈജസ്റ്റ് മാസികയുടെ കോപ്പികൾ ആദ്യകാലങ്ങളിൽ തന്നെ ഇന്ത്യയിൽ പലയിടത്തും ലഭ്യമായിരുന്നു എങ്കിലും, 1954 തൊട്ടാണ് ഇന്ത്യക്ക് വേണ്ടി സ്‌പെഷ്യൽ കോപ്പികൾ ഇംഗ്ലണ്ടിൽ അച്ചടിച്ചു തുടങ്ങുന്നതും, അത് കപ്പൽ കയറി നാട്ടിലെത്തി കോപ്പി ഒന്നിന് ഒന്നര രൂപ കണക്കിന് വിറ്റഴിക്കപ്പെടാൻ തുടങ്ങുന്നതും. 1955 -ൽ മാസികയുടെ ഇന്ത്യൻ സർക്കുലേഷൻ 60,000 കടന്നപ്പോഴാണ്, ഇനിയും ലണ്ടനിൽ നിന്നുള്ള റിമോട്ട് കൺട്രോൾ മാനേജ്‌മെന്റ് പോരാ, ഇന്ത്യയിൽ തന്നെ ഒരു പ്രതിനിധി വേണം എന്ന് ഡൈജസ്റ്റ് യുകെ ഉടമകൾക്ക് തോന്നുന്നത്. അന്ന് അവർ ഈ ദൗത്യം ഏൽപ്പിക്കുന്നത് മലയാളിയും, ശശി തരൂർ എംപിയുടെ അമ്മാവനും ആയ, 'പരം' എന്നറിയപ്പെട്ടിരുന്ന തരൂർ പരമേശ്വരനെയാണ്. അന്ന് ബോംബെ വർളിയിലെ പരമേശ്വരന്റെ ഒറ്റമുറി വീടായിരുന്നു ഇന്ത്യൻ റീഡേഴ്സ് ഡിജെസ്റ്റിന്റെ ഓഫീസ്. അവിടെ ആകെ ഉണ്ടായിരുന്ന ഉപകരണങ്ങൾ ഒരു ടൈപ്പ് റൈറ്ററും, ഒരു ടെലിഫോണും, ഒരു ഫയൽ റാക്കും മാത്രമായിരുന്നു. ഈ പരമേശ്വരൻ പിന്നീട് റീഡേഴ്സ് ഡൈജസ്റ്റ് ഇന്ത്യയുടെ പ്രഥമ മാനേജിങ് ഡയറക്ടർ ആകുന്നുണ്ട്. 1955 -ൽ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്ന കാലത്ത്, പത്രമാധ്യമ രംഗത്തെ വിദേശമാധ്യമ രംഗത്തെ വിദേശ നിക്ഷേപങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടും, റീഡേഴ്സ് ഡൈജസ്റ്റിനു മാത്രം അക്കാര്യത്തിൽ ഇളവ് നൽകുന്നുണ്ട്.
1963 -ൽ ഇന്ത്യൻ കമ്പനിയായ റീഡേഴ്സ് ഡൈജസ്റ്റ് അസോസിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് രൂപീകൃതമാവുന്നു. 1969 -ൽ ഖുശ്വന്ത് സിങിന്റെ മകൻ രാഹുൽ സിംഗ് റസിഡന്റ് അസോസിയേറ്റ് എഡിറ്റർ ആയി നിയമിക്കപ്പെടുന്നതോടെയാണ് അതിന് ഒരു ഇന്ത്യൻ സ്വഭാവം ഉണ്ടായി വരുന്നത്. രാഹുൽ സിംഗിന്റെ പത്രാധിപത്യത്തിലാണ് ഫീൽഡ് മാർഷൽ മനേക്ഷാ, ജയപ്രകാശ് നാരായൺ, ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖർ തുടങ്ങി പലരും തദ്ദേശീയമായി എഴുതിയ കണ്ടന്റ് പ്രസിദ്ധപ്പെടുത്താൻ തുടങ്ങുന്നത്. 1975 -ൽ രാഹുൽ സിംഗ് റീഡേഴ്സ് ഡൈജസ്റ്റിന്റെ എഡിറ്റർ ഇൻ ചീഫ് ആകുന്നു.
തുടക്കം മുതൽക്കുതന്നെ റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇന്ത്യൻ വായനക്കാരിൽ പലരും അതിലെ ഫലിത കോളത്തിലേക്കുള്ള രചനകളും അയച്ചു നൽകുമായിരുന്നു. Life’s Like That, All in a Day’s Work, Laughter is the best medicine, Humour in Uniform തുടങ്ങിയ പല കോളങ്ങളും അന്ന് ഏറെ ജനപ്രിയമായ നർമം പ്രസിദ്ധപ്പെടുത്തി വന്നിരുന്നു. ഇന്ത്യയിൽ നിന്നുള്ള തമാശയ്ക്ക് ഡൈജസ്റ്റിന്റെ വിദേശ എഡിഷനുകൾ വരെ ഇടം അനുവദിച്ചുപോന്നിരുന്നു. ഇന്റർനെറ്റോ, സോഷ്യൽ മീഡിയയോ, വേണ്ടത്ര ടെലിവിഷൻ പരിപാടികളോ ഒന്നും ഇല്ലാതിരുന്ന അറുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലത്ത് കുട്ടികളിൽ വായനാശീലമുള്ളവർ ഈ ചെറു മാസിക വന്നെത്താൻ ആർത്തിയോടെ കാത്തിരിക്കുമായിരുന്നു എന്നാണ് ശശിതരൂർ 2018 മാർച്ചിൽ, ഡൈജസ്റ്റിന്റെ ഒരു ലക്കം അനാച്ഛാദനം ചെയ്തുകൊണ്ട് ഓർത്തെടുത്തു.
കൗമാരകാലത്ത് റീഡേഴ്സ് ഡൈജസ്റ്റിലൂടെ വായന തുടങ്ങിയ താൻ പിന്നീട് പഴയ ലക്കങ്ങൾ തിരഞ്ഞു പിടിച്ചു വായിച്ചിരുന്നതും അദ്ദേഹം അനുസ്മരിച്ചു. തന്റെ വീട്ടിൽ കൗമാരകാലത്തെ വായനയുടെ നല്ലൊരു പങ്കും വഹിച്ചിരുന്ന റീഡേഴ്സ് ഡൈജസ്റ്റിന്റെ പഴയലക്കങ്ങൾ വായിച്ചു കഴിഞ്ഞ ശേഷം തികഞ്ഞ സൂക്ഷ്മതയോടെ ബണ്ടിലുകളായി ഷെൽഫിൽ സംരക്ഷിച്ചിരുന്നതിന്റെ സ്മരണകൾ മുൻ നയതന്ത്രജ്ഞനും അംബാസഡറും യുഎൻ പ്രതിനിധിയുമായ ടിപി ശ്രീനിവാസൻ ഐഎഫ്എസും ഓർത്തെടുക്കുന്നുണ്ട്.
ഇന്ത്യയിൽ വിദേശ നിക്ഷേപം നിയന്ത്രിച്ചു കൊണ്ട് കേന്ദ്ര നയം വന്നതിനു പിന്നാലെ എഴുപതുകളുടെ അവസാനത്തോടെ ടാറ്റ ഗ്രൂപ്പ് റീഡേഴ്സ് ഡൈജസ്റ്റിൽ കാര്യമായ നിക്ഷേപങ്ങൾ നടത്തി അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുണ്ടായി. 2003 -ൽ Living Media India Ltd എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലേക്ക് അത് മാറുന്നു. പുതിയ മാനേജ്‌മെന്റിന് കീഴിൽ അത് ഇന്ത്യയിൽ മാത്രം ആറു ലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ചിരുന്ന ഒരു പുഷ്കല കാലത്തേക്കും നീങ്ങിയിരുന്നു. 46 രാജ്യങ്ങളിലായി പതിനേഴു ഭാഷകളിൽ റീഡേഴ്സ് ഡൈജസ്റ്റ് ഇന്നും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട് എങ്കിലും, അതിന്റെ പ്രതാപകാലത്തെ സ്വാധീനം സോഷ്യൽ മീഡിയയിൽ അഭിരമിച്ചു കഴിയുന്ന ഇന്നത്തെ യുവതലമുറയ്ക്കിടയിൽ അതിനുണ്ടെന്നു പറഞ്ഞുകൂടാ.
പണ്ട് റീഡേഴ്സ് ഡൈജസ്റ്റ് മാസികയിൽ പത്തു പേരുടെ വിലാസങ്ങൾ നൽകിയാൽ നമുക്ക് സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം എന്നൊക്കെ കണ്ട് പത്ത് വിലാസങ്ങൾ തപ്പിപ്പിടിച്ച് എഴുതി അയച്ചാൽ അതിനു പകരമായി നമുക്ക് സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി തരും എന്നൊരു ഓഫർ ഉണ്ടായിരുന്നു. അങ്ങനെ പത്തുവിലാസങ്ങൾ അയച്ചു നൽകി, അതിനുള്ള പ്രതിഫലമെന്നോണം ഒരു ബുക്ക്‌പോസ്റ്റ് കവറിൽ വിലാസം എഴുതുന്നിടത്ത് സ്വന്തം പേര് ടൈപ്പ് റൈറ്റർ ഫോണ്ടിൽ അച്ചടിച്ച് തേടിയെത്തുന്നത് കാത്തിരുന്ന ഒരു കുട്ടിക്കാലം ഇന്നും പലരും തികഞ്ഞ ഗൃഹാതുരത്വത്തോടെ ഓർക്കുന്നുണ്ടാവും. സാഹിത്യാംശം ചോരാത്ത ഇംഗ്ലീഷ് ഭാഷയിൽ, വളരെ വിശിഷ്ടമായ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി വന്നിരുന്ന ഒരു മാസിക എന്ന നിലയ്ക്ക് പലരുടെയും കുട്ടിക്കാലത്തെ വായനാശീലത്തിന്റെ നല്ലൊരംശവും റീഡേഴ്സ് ഡൈജസ്റ്റ് എന്ന ഈ കുഞ്ഞു മാസികയുടെ ബന്ധപ്പെട്ടു കിടക്കുന്നതാകും. അങ്ങനെ ഒരു സംരംഭം ശതാബ്ദി വർഷത്തിലേക്ക് കടക്കുമ്പോൾ, വായന എന്ന നല്ല ശീലം അന്യം നിന്നുപോകാത്ത ഒരു ഭാവി തലമുറയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ കൂടിയാണ് തിരി കെടാതെ നിൽക്കുന്നത്.