1918 -ലെ ഫ്ലൂ പോലെ തന്നെയാണ് ഈ കൊവിഡ് 19 എന്ന മഹാമാരിയും വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല. രോഗത്തെ കുറിച്ചും വൈറസിനെ കുറിച്ചും പുതുതായി ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.
ഡബ്ലിനിലെ ഒരു പ്രസവ വാര്‍ഡ്, കഥ നടക്കുന്നത് ഇപ്പോഴൊന്നുമല്ല. എന്നാല്‍, ഇതുപോലൊരു മഹാമാരിക്കാലത്താണ്. 1918 -ലെ ഫ്ലൂ മഹാമാരിയുടെ കാലത്ത്. ആ ഹോസ്‍പിറ്റലിലെ നഴ്‍സാണ് ജൂലിയ പവര്‍സ് എന്ന മുപ്പതുവയസ്സുകാരി. ഫ്ലൂ ബാധിതരായ ഗര്‍ഭിണികളുടെ ഭയത്തിനും ആശങ്കയ്ക്കുമൊപ്പം ജീവിക്കുകയാണവള്‍ അഥവാ അതിജീവിക്കുകയാണവള്‍. മരണമോ ജീവിതമോ എന്ന അനിശ്ചിതത്വത്തിലകപ്പെട്ടിരിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുവേണ്ടിയാണ് അവളവിടെ നില്‍ക്കുന്നത്. എമ്മ ഡോണോഗ് എഴുതിയ ദ പുള്‍ ഓഫ് ദ സ്റ്റാര്‍സ് ആണ് ആ പുസ്‍തകം. പ്രശസ്‍ത ഐറിഷ് നോവലിസ്റ്റായ എമ്മ എഴുതിയ നോവല്‍ ഈ വര്‍ഷമാണ് പുറത്തിറങ്ങിയത്.
ജൂലിയയെ കൂടാതെ അവള്‍ക്കൊപ്പം അനാഥയായ സന്നദ്ധ പ്രവര്‍ത്തക ബ്രീഡിയുമുണ്ട് കൂട്ടായി. കഥ ഏറെയും നടക്കുന്നത് ഫ്ലൂ ബാധിതരായ ഗര്‍ഭിണികളുള്ള ഒറ്റമുറിയിലാണ്. ജൂലിയയെയും ബ്രീഡിയെയും കൂടാതെ അവര്‍ക്കൊപ്പം ആക്ടിവിസ്റ്റ് കൂടിയായ ഡോ. കാതറീന്‍ ലീന്‍ കൂടി എത്തിച്ചേരുന്നതോടെ കഥ പുതിയ പ്രതീക്ഷകളിലേക്ക് കൂടി കാല്‍വയ്ക്കുകയാണ്.
എമ്മയുടെ നോവല്‍ എങ്ങനെയാണ് മഹാമാരി സ്ത്രീകളെ അക്രമിക്കുന്നതെന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ്. ഒപ്പംതന്നെ ലോകത്താകമാനം മഹാമാരിയെ പ്രതിരോധിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും അത് വ്യക്തമാക്കുന്നു. ജൂലിയ എന്ന നഴ്‍സും ബ്രീഡി എന്ന സന്നദ്ധ പ്രവര്‍ത്തകയും ആക്ടിവിസ്റ്റ് കൂടിയായ ഡോ. കാതറീനും പ്രതിനിധീകരിക്കുന്നത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയെല്ലാമാണ്. ഇനിയെന്താവും എന്നറിയാത്ത അവസ്ഥയിലും ഏതുനേരവും മരണം പടികടന്നെത്താമെന്ന ഭയത്തിലും എങ്ങനെയാണവര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോവുന്നത് എന്ന് നോവല്‍ പറഞ്ഞുവെക്കുന്നു.
1918 -ലെ ഫ്ലൂ പോലെ തന്നെയാണ് ഈ കൊവിഡ് 19 എന്ന മഹാമാരിയും വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല. രോഗത്തെ കുറിച്ചും വൈറസിനെ കുറിച്ചും പുതുതായി ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു. എന്നിട്ടും ലോകത്തെയാകെ തകര്‍ക്കാനൊരുമ്പെട്ട് വന്നിരിക്കുന്ന ആ വൈറസിനെതിരെ ലോകത്താകെയും ആരോഗ്യപ്രവര്‍ത്തകര്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ പോരാട്ടത്തിനൊപ്പം തന്നെ സ്ത്രീകളുടെ തുല്യഅവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശബ്‍ദം കൂടി തന്‍റെ നോവലിലൂടെ പരോക്ഷമായി ഉയര്‍ത്തുന്നുണ്ട് എഴുത്തുകാരി.
undefined
കുട്ടികളെ ചുമക്കുക, പ്രസവിക്കുക, വളര്‍ത്തുക എന്നതിനുമപ്പുറം അവര്‍ക്കുള്ള അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധമുള്ളവരാണ് നോവലിലെ ഡോ. കാതറീന്‍ അടക്കമുള്ളവര്‍. ഒപ്പം തന്നെ തുടരെയുള്ള പ്രസവങ്ങളും മറ്റും സ്ത്രീകളുടെ ആരോഗ്യത്തെയും സാമൂഹ്യജീവിതത്തെയും എങ്ങനെ ദുര്‍ബലപ്പെടുത്തുന്നുവെന്നുകൂടി അവര്‍ക്കറിയാം. അവരിലൂടെ എമ്മ അത് പറയുന്നുമുണ്ട്. ഏതൊരു ദുരിതകാലത്തും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് പ്രിവിലേജുകളില്ലാത്ത സ്ത്രീകളാണ്. എന്നാല്‍, ആരോഗ്യരംഗത്തടക്കം അവര്‍ വഹിക്കുന്ന ചുമതലകളോ എടുത്തുപറയേണ്ടതുമെന്ന് കൂടി പറഞ്ഞുവയ്ക്കുന്നു നോവല്‍. ഏതൊരു മഹാമാരിക്കാലത്തും പോരാടാനുള്ള ഊര്‍ജ്ജവും ഭാവിയിലേക്കുള്ള പ്രതീക്ഷയും കൂടി നോവലില്‍ തെളിഞ്ഞുനില്‍ക്കുന്നു.
നിരവധി നോവലുകള്‍ എമ്മ എഴുതിയിട്ടുണ്ട്. 2010 -ലെ റൂം, 2014 -ല്‍ ഇറങ്ങിയ ഫ്രോഗ് മ്യൂസിക് എന്നിവയാണ് അതില്‍ പ്രധാനപ്പെട്ട കൃതികള്‍. റൂം എന്ന നോവല്‍ നിരൂപക പ്രശംസ ഏറെ ഏറ്റുവാങ്ങിയ നോവലായിരുന്നു. ബുക്കര്‍ പ്രൈസ് ഷോര്‍ട്ട്‍ലിസ്റ്റിലടക്കം ഇടം പിടിച്ച നോവല്‍ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഫ്രോഗ് മ്യൂസിക്, സ്മോള്‍ പോക്സ് പടര്‍ന്നുപിടിക്കപ്പെട്ട കാലത്ത് സാന്‍ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന കഥയാണ്.
ഈ വര്‍ഷം മാര്‍ച്ചിലാണ് പ്രസാധകര്‍ക്ക് എമ്മ ദ പുള്‍ ഓഫ് ദ സ്റ്റാര്‍സ് എന്ന നോവലിന്‍റെ കയ്യെഴുത്തുപ്രതി നല്‍കിയതെങ്കിലും കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നഗരങ്ങളടച്ചിടേണ്ടിവരുമെന്ന ആശങ്കയെത്തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ പ്രിന്‍റ് ചെയ്യുകയായിരുന്നു.