ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ കൊല്ലാൻ അഞ്ചുകോടിക്ക് കൊട്ടേഷനെടുത്ത വാടകക്കൊലയാളിയുടെ കഥ

By Web Team  |  First Published Mar 7, 2020, 5:23 PM IST

ശ്രീപ്രകാശ് ശുക്ലയുടെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴ, അയാൾ തന്റെ നിലമറന്നു കളിച്ചു എന്നുള്ളതാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ കൊട്ടേഷൻ തന്നെ ഏറ്റെടുത്തതിന് ശുക്ലയ്‌ക്ക് നൽകേണ്ടി വന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു. 


ശ്രീപ്രകാശ് ശുക്ല. തൊണ്ണൂറുകളിൽ ഉത്തർപ്രദേശ് പോലീസിനെ കിടുകിടാ വിറപ്പിച്ചിരുന്ന ഒരു അധോലോക കൊലയാളിയായിരുന്നു,  ശ്രീപ്രകാശ് ശുക്ല എന്ന ഇരുപത്തഞ്ചുകാരൻ. ഷാർപ്പ് ഷൂട്ടർ ആയിരുന്ന ശുക്ല തന്റെ അസാമാന്യമായ ശരീരഘടനയും, ഒപ്പം ഗുസ്തിയിലുള്ള അപാരമായ അവഗാഹവും കാരണം കോൺട്രാക്റ്റ് കില്ലിംഗ് അഥവാ കൊട്ടേഷനെടുത്ത് കൊല്ലലിൽ ഏർപ്പെട്ടിരുന്ന ഒരു വാടകക്കൊലയാളിയായിരുന്നു. കയ്യിൽ എ കെ 47 യന്ത്രത്തോക്കും കൊണ്ടായിരുന്നു നടത്തം. ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു ഫയൽവാനിൽ നിന്ന്, നാടിനെ വിറപ്പിക്കുന്ന വാടകക്കൊലയാളിയിലേക്കുള്ള ശുക്ലയുടെ വളർച്ച ഏതൊരു സിനിമാക്കഥയെയും അതിശയിപ്പിക്കുന്ന ഒന്നാണ്. 

യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പൂർ ജില്ലയിലെ മംഖോർ ഗ്രാമത്തിലാണ് ശ്രീപ്രകാശ് ശുക്ല ജനിച്ചത്. അച്ഛൻ സ്‌കൂൾ ടീച്ചർ ആയിരുന്നു. ചെറുപ്പം മുതൽക്കുതന്നെ വയറുനിറയെ തീറ്റയും, അതിനുശേഷം കാട്ടാ ഗുസ്തിയും ബോഡിബിൽഡിങ്ങും ഒക്കെയായിരുന്നു ശുക്ലയുടെ പ്രധാന നേരംപോക്കുകൾ. ഒരുദിവസം തന്റെ ചേച്ചിക്കൊപ്പം മാർക്കറ്റിലേക്ക് പോവുകയായിരുന്നു ശുക്ല. വഴിയിൽ പൂവാലന്മാരുടെ ശല്യം ഏറെയുണ്ട് എന്ന സഹോദരിയുടെ പരാതി കാരണമാണ് ശുക്ല സഹോദരിയെ അനുഗമിക്കുന്നതുതന്നെ. ബസ്റ്റോപ്പിൽ എത്താറായപ്പോൾ അവിടത്തെ ധനികരായ തിവാരി കുടുംബത്തിലെ ഒരു പയ്യൻ ശുക്ലയുടെ ചേച്ചിയെ വിസിലടിച്ചു. അവർ തിരിഞ്ഞു നോക്കിയപ്പോൾ പതിവുപോലെ എന്തോ ഒരു അശ്‌ളീല കമന്റും അടിച്ചു അവൻ. ചേച്ചിക്കൊപ്പം വന്ന ശുക്ലയെ ആ വിസിലും കമന്റടിയും ഏറെ കോപിഷ്ടനാക്കി. ആ പയ്യനെ മലർത്തിയടിച്ച്, അവന്റെ നെഞ്ചത്ത് കയറിയിരുന്ന് ശുക്ല അവനെ തല്ലി പതം വരുത്തി. കോപം വന്നാൽ പിന്നെ ശുക്ലയ്‌ക്ക് കണ്ണുകാണില്ലായിരുന്നു. ആ പയ്യനെ അടിച്ചത് ഇത്തിരി കൂടിപ്പോയി. മർദ്ദനത്തിനൊടുവിൽ പയ്യൻ കൊല്ലപ്പെട്ടു. പയ്യൻ മരിച്ചു എന്നറിഞ്ഞതോടെ പക്ഷേ ശുക്ല ഭയന്നുപോയി. പൊലീസിന്റെ കയ്യിലെങ്ങാനും പെട്ടാൽ പയ്യന്റെ ബന്ധുക്കൾ കാശുകൊടുത്ത് പൊലീസിനെക്കൊണ്ട് തന്നെ തല്ലിക്കൊല്ലിക്കും എന്നവന് നല്ല നിശ്ചയമുണ്ടായിരുന്നതുകൊണ്ടാവണം അവൻ നാടുവിട്ട്, നേപ്പാൾ വഴി ബാങ്കോക്കിലേക്ക് കടന്നു. 

Latest Videos

കുറേക്കാലം കഴിഞ്ഞ് കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയപ്പോൾ ശുക്ല പതുക്കെ തിരിച്ചുവന്നു. പക്ഷേ, അപ്പോഴേക്കും അയാൾ ചോര മണത്തുകഴിഞ്ഞിരുന്നു. ഇനി ജോലിയെടുത്തൊന്നും ജീവിക്കാൻ പറ്റില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു. ആ സമയത്ത് ബിഹാറിൽ സൂരജ് ഭാൻ എന്നൊരു മാഫിയാ ഡോണിന്റെ ആധിപത്യമുള്ള കാലം. അയാളെ ഗോഡ്ഫാദർ ആയി കണ്ട ശുക്ല ആ സംഘത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. യുപി, ബീഹാർ, ദില്ലി, പശ്ചിമ ബംഗാൾ, നേപ്പാൾ എന്നിവിടങ്ങളിലെ സകല കൊട്ടേഷൻ വർക്കും ശുക്ല ഏറ്റെടുത്ത് നടത്താൻ തുടങ്ങുന്നു. അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് ശുക്ല കൊന്നുതള്ളിയത് ഇരുപതിലധികം പേരെയാണ്. 

undefined

1997 -കളുടെ തുടക്കത്തിൽ ഉത്തർപ്രദേശിലെ അധോലോകത്ത് കാര്യമായ സ്വാധീനമുള്ള രണ്ടു രാഷ്ട്രീയക്കാർ വീരേന്ദ്ര ഷാഹിയും, ഹരിപ്രസാദ് ജോഷിയുമായിരുന്നു. അവരെ രണ്ടുപേരെയും ഇല്ലാതാക്കി അധോലോകത്തിന്റെ നിയന്ത്രണം കയ്യാളാൻ ശുക്ല തീരുമാനിച്ചു. ജനുവരിയിൽ ആദ്യത്തെ കൊലപാതകം ഉത്തർപ്രദേശിലെ പ്രമുഖ ലോട്ടറി വ്യവസായി വിവേക് ശ്രീവാസ്തവയെ വെടിവെച്ചു കൊന്നുകളഞ്ഞു ശ്രീപ്രകാശ് ശുക്ല. പത്തുദിവസത്തിനുള്ളിൽ ആലം ബാഗിൽ ട്രിപ്പിൾ മർഡർ. അതും പട്ടാപ്പകൽ. അടുത്ത ഇര, അന്നത്തെ ലക്ഷ്മി പൂർ എംഎൽഎ വിരേന്ദ്ര കുമാർ ഷാഹി ആയിരുന്നു. മാർച്ച് 31 -ന്, ലഖ്‌നൗവിൽ വെച്ച് വീരേന്ദ്ര ഷാഹിയെ ശുക്ല വെടിവെച്ചുകൊന്നു. ഒരു സ്‌കൂളിന്റെ പരിസരത്തുവെച്ചായിരുന്നു കൊല. റിസൾട്ട് വരുന്ന ദിവസം, ഏകദേശം നാനൂറു വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ, ഇവരെയൊക്കെ സാക്ഷി നിർത്തിയായിരുന്നു അക്രമം. തലക്ക്, കൈക്ക്, കാലിന്, വയറ്റത്ത്, നെഞ്ചത്ത്, കണ്ണിൽ, ഒക്കെ വെടിവെച്ചു അയാൾ നിർത്താതെ. ഒരു കാരണവശാലും ഷാഹി രക്ഷപെടരുത് എന്ന നിർബന്ധമുണ്ടായിരുന്നു. വെടിവെച്ചുകൊണ്ടിരുന്നപ്പോൾ ശുക്‌ളക്ക് സംശയമായി. ഹൃദയം നെഞ്ചിന്റെ ഇടത്താനോ അതോ വലത്താണോ? എന്തായാലും റിസ്കെടുക്കേണ്ട എന്ന് കരുതി അയാൾ അഞ്ചുണ്ട നെഞ്ചിന്റെ ഇടതു ഭാഗത്തും, അഞ്ചുണ്ട വലതുഭാഗത്തും നിക്ഷേപിച്ചു. ഉത്തർപ്രദേശിനെ ഇളക്കി മറിച്ച ഒന്നായിരുന്നു പട്ടാപ്പകൽ പത്തരമണിക്ക് നടന്ന വീരേന്ദ്ര ഷാഹിയുടെ കൊലപാതകം. ഇന്നലെ വന്ന ചെറുക്കൻ വിരേന്ദ്ര ഷാഹിയെ തീർത്തുകളഞ്ഞു, വെടിയുണ്ടകൊണ്ട് അരിച്ചു കളഞ്ഞു എന്നൊക്കെ വാർത്ത പരന്നു.  ഈ കൊടും ക്രിമിനലിനെപ്പറ്റിയുള്ള പല അമാനുഷിക കഥകളും നാട്ടിൽ പ്രചരിച്ചു തുടങ്ങി.

മെയ്മാസത്തിൽ ശുക്ല അപഹരണം എന്ന ബിസിനസിലേക്ക് കടന്നു. ലഖ്‌നൗവിലെ ഏറ്റവും അറിയപ്പെടുന്ന ബിൽഡർ ആയ മൂൽരാജ് അറോറയെ ഹസ്രത് ഗഞ്ചിലുള്ള അയാളുടെ ഓഫീസിൽ നിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി രണ്ടു കോടിരൂപ മോചനദ്രവ്യമായി കൈക്കലാക്കി. ഓഗസ്റ്റ് ഒന്നിന് അയാൾ നിയമസഭാ സെഷൻ നടന്നുകൊണ്ടിരിക്കെ, നിയമസഭാമന്ദിരത്തിൽ നിന്ന് വെറും 200  മീറ്റർ മാത്രം അകലെയുള്ള ദിലീപ് ഹോട്ടലിൽ മൂന്നുപേരെ വെടിവെച്ചു കൊന്നു. നൂറിലധികം വെടിയുണ്ടകൾ ഉതിർന്നു. ആ വെടിയൊച്ചകൾ നിയമസഭയ്ക്കുള്ളിൽ വരെ മുഴങ്ങിക്കേട്ടു. യുപിയിലെ മന്ത്രിയായിരുന്ന ബ്രിജ് ബിഹാരി പ്രസാദ് ആയിരുന്നു അടുത്ത ഇര. പട്നയിൽ വെച്ചാണ് അയാളെ ശുക്ല വെടിയുണ്ടയിൽ കുളിപ്പിച്ചു കിടത്തിയത്. 1998 ജൂൺ 13 -ന് പട്ന ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ വെച്ച്, തന്റെ ചുവന്ന ബീക്കൺ വെച്ച ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങിവരുമ്പോഴാണ് എ കെ 47 യന്ത്രത്തോക്കുകളുമായി വന്ന നാലുപേർ ചേർന്ന് ബ്രിജ് ബിഹാരി പ്രസാദിനെ വധിക്കുന്നത്. 

ഏറ്റവും ഒടുവിൽ അയാൾ ഏറ്റെടുത്ത സുപാരിയാണ് ശ്രീപ്രകാശ് ശുക്ലയ്‌ക്ക് വിനയായത്. ഒരു വാടകക്കൊലയാളിക്കും സ്വപ്നം കാണാൻ സാധിക്കാത്തത്ര വലിയ തുകയായിരുന്നു അത്. അഞ്ചുകോടി. പക്ഷേ, ഒരൊറ്റ കുഴപ്പം മാത്രം. കൊല്ലാനുണ്ടായിരുന്നത് നാടുഭരിക്കുന്ന മുഖ്യമന്ത്രിയെ ആയിരുന്നു. അടങ്ങാത്ത ആത്മവിശ്വാസത്തിന്റെ ഉടമയായിരുന്ന ശുക്ല, കല്യാൺ സിംഗിനോടുള്ള വ്യക്തിവൈരാഗ്യം കാരണം ആ കൊട്ടേഷൻ ഏറ്റെടുത്തു. എന്നാൽ, അധികം താമസിയാതെ ആ വിവരം സ്റ്റേറ്റ് ഇന്റലിജൻസ് വഴി സാക്ഷാൽ കല്യാൺ സിങിന് തന്നെ ചോർന്നുകിട്ടി. അതോടെ കല്യാൺ സിംഗിനെ പ്രാണഭയം പിടികൂടി. ശ്രീപ്രകാശ് ശുക്ലയുടെ ശല്യം എന്തുവിലകൊടുത്തും ഇല്ലാതാക്കിയേ പറ്റൂ എന്ന് കല്യാൺസിംഗ് ഉറപ്പിച്ചു. സംസ്ഥാനത്തെ അധോലോകത്തെ മുഴവനായി തന്റെ ഉള്ളം കയ്യിലെടുത്തു വെച്ചിരിക്കുന്ന ആ കൊടും കുറ്റവാളിയെ പൂട്ടാൻ പറ്റിയ ആരുണ്ട്? പൊലീസ് സേനയിൽ അന്വേഷിച്ചപ്പോൾ കല്യാൺ സിംഗിന് മുന്നിൽ വന്നത് ഒരേയൊരു പെരുമാത്രമാണ്, അജയ് രാജ് സിംഗ് ഐപിഎസ് എന്ന 1966 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ. ശ്രീപ്രകാശ് ശുക്ലയെ വേട്ടയാടാൻ വേണ്ടി താൻ യുപിയിൽ സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് എന്ന പേരിൽ ഒരു സേന തന്നെ രൂപീകരിച്ചതിന്റെ കഥ 'ബൈറ്റിങ് ദ ബുള്ളറ്റ്' എന്ന പുസ്തകത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. 

 അടുത്തദിവസം തന്നെ കല്യാൺ സിംഗ് ശർമ്മയെ തന്റെ കാബിനിലേക്ക് വിളിപ്പിച്ചു. "ഈ ശുക്ലയെകൊണ്ട് നിവൃത്തിയില്ലല്ലോ. നാട്ടിൽ ആകെ ഭയം ജനിപ്പിച്ചിരിക്കയാണല്ലോ..? എന്താ ഒരു മാർഗ്ഗം. എനിക്ക് മനസ്സമാധാനമില്ലല്ലോ." 

"നാട്ടിൽ നടക്കുന്ന കൊലകളുടെ പേരിൽ അങ്ങ് ഇത്രക്ക് പരിഭ്രാന്തനാകാൻ വഴിയില്ലല്ലോ സർ. മറ്റെന്തെങ്കിലും ടെൻഷൻ?" എന്ന് ശർമ്മ മറുപടി നൽകി.

"ഉണ്ട്... പ്രശ്നമുണ്ട്, അതാണ് വിളിപ്പിച്ചത്. കൊത്തിക്കൊത്തി മുറത്തിൽ കയറിയാണ് ശുക്ല കൊത്തിയിരിക്കുന്നത്. അവൻ ഏറ്റവും ഒടുവിലായി എടുത്തിരിക്കുന്ന കൊട്ടേഷൻ എന്നെ കൊല്ലാനുള്ളതാണ്. നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, ഉറപ്പായും അവൻ എന്നെ കൊന്നുകളയും. അതിനുള്ള സെറ്റപ്പ് അവന്റെ ഗാംഗിനുണ്ട്." 

"ശരി സർ, ശുക്ലയുടെ ഭീഷണി ഞാൻ ഏറ്റെടുത്തോളാം. ഒരൊറ്റ കണ്ടീഷൻ. എനിക്ക് സ്വന്തമായി ഒരു ഫോഴ്‌സ് വേണം. അതിലേക്ക് ഞാൻ ഓഫീസർമാരെ നിശ്ചയിക്കും. ഫണ്ടിന്റെയും വാഹനങ്ങളുടെയും ആയുധങ്ങളുടെയും കാര്യത്തിൽ ഒരു നിയന്ത്രണവും പാടില്ല. ബാക്കി ഞാൻ നോക്കിക്കൊള്ളാം..." ജീവഭയം തലയിലേറി നിന്ന കല്യാൺ സിംഗ് എല്ലാറ്റിനും സമ്മതം മൂളി. അങ്ങനെയാണ് ഉത്തർപ്രദേശിൽ ഇന്ന് ഏറെ പ്രസിദ്ധമായ യുപി സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് അഥവാ യുപി എസ്‍ടിഎഫ് രൂപീകൃതമാകുന്നത്.  സാധാരണ പൊലീസ് വണ്ടികളിൽ നടന്നന്വേഷിച്ചാൽ ശുക്ലയുടെ ഇൻഫോർമർമാരുടെ കണ്ണിൽപ്പെടും എന്നുള്ളതുകൊണ്ട്, അന്ന് പുതുതായി ലോഞ്ച് ചെയ്ത ടാറ്റാ സുമോ എന്ന എസ്‌യുവി മോഡൽ കാറിൽ പത്തെണ്ണം അവർ വിലകൊടുത്തുവാങ്ങി. ട്രേസ് ചെയ്യാതിരിക്കാൻ വേണ്ടി അവ രജിസ്റ്റർ ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. ആ വാഹനങ്ങളിൽ അവർ ശുക്ലയുടെ കാലടികളെ പിന്തുടർന്നു ചെന്നു. 

യുപിയിൽ മാത്രമല്ല ശുക്ലയുടെ ഓപ്പറേഷൻ ഉണ്ടായിരുന്നത്. ബംഗാളിലും, ബിഹാറിലും, ദില്ലിയിലും ഒക്കെ അയാൾ നിരന്തരം സഞ്ചരിച്ചിരുന്നു. അവിടൊക്കെ പിന്തുടർന്നെത്തി ശർമ്മയുടെ എസ്ടിഎഫ് എങ്കിലും പിടി വീഴും മുമ്പ് കൃത്യമായി കടന്നു കളഞ്ഞിരുന്നു ശുക്ല. ഫോഴ്സിന് മറ്റൊരു പരിമിതി കൂടി ഉണ്ടായിരുന്നു. കാണാൻ എങ്ങനെയുണ്ട് ഈ ശ്രീപ്രകാശ് ശുക്ല എന്ന് ആർക്കും അറിയില്ലായിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ അയാളുടെ ഒരു ചിത്രം പോലും ഉണ്ടായിരുന്നില്ല. ഫോട്ടോ ആരെങ്കിലും പൊലീസിന് കൊടുത്താൽ കൊടുക്കുന്നതാരായാലും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തട്ടിയിരിക്കും എന്നായിരുന്നു ശുക്ലയുടെ ഭീഷണി. അതുകൊണ്ട് ആരുടെ കയ്യിലും അയാളുടെ ചിത്രമുണ്ടായിരുന്നില്ല. അന്വേഷണങ്ങൾക്കൊടുവിൽ ഒരു ബന്ധുവിന്റെ മകളുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത അയാളുടെ ചിത്രം സേനയുടെ കയ്യിൽ തടഞ്ഞു. എന്നാൽ അത് കൊണ്ടുപോകാൻ അവർ സമ്മതിച്ചില്ല. "ഞങ്ങൾ തന്നതാണെന്ന് മനസിലായാല്‍ ശുക്ല ഇവിടെ വന്നു ഞങ്ങളെ വെടിവെച്ചു കൊല്ലും സർ. ഫോട്ടോ കൊണ്ടുപോകരുത്." അവർ ശർമ്മയോട് ഇരന്നു. എന്നാൽ, ശർമ്മ അവരെ പറഞ്ഞു സമാധാനിപ്പിച്ച് ആ ഫോട്ടോയിൽ നിന്ന് ശുക്ലയുടെ തല മാത്രം വെട്ടിയെടുത്തു കൊണ്ടുപോന്നു. 

അന്ന് ഹസ്രത് ഗഞ്ചിൽ സിനിമാ നടന്മാരുടെ ഫോട്ടോ കാർഡുകൾ വിൽക്കുന്ന ഒരു വഴിയോരക്കച്ചവടക്കാരൻ ഉണ്ടായിരുന്നു. ശർമ്മ അയാളുടെ അടുത്ത് ചെന്ന് അതിലുള്ള നടന്മാരുടെ ചിത്രങ്ങൾ തന്റെ കയ്യിലുള്ള ശുക്ലയുടെ തലയുടെ ചിത്രവുമായി ഒത്തുനോക്കി. ഒടുവിൽ സുനിൽ ഷെട്ടിയുടെ ഒരു പടവുമായി തല ചേരും എന്നുറപ്പിച്ചു. ഷെട്ടിയുടെ തല വെട്ടിമാറ്റി അവിടെ ശുക്ലയുടെ തല ഒട്ടിച്ച് പിടിപ്പിച്ചു. എന്നിട്ട് അതിന്റെ കളർ ഫോട്ടോസ്റ്റാറ്റ് എടുപ്പിച്ചു. അതിനുശേഷം അതിൽ നിന്ന് പാസ്സ്‌പോർട്ട് സൈസിൽ ഫോട്ടോ എടുപ്പിച്ചു. അതിന്റെ കോപ്പികൾ നാട്ടിലെ പത്രങ്ങൾക്ക് വിതരണം ചെയ്ത് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിപ്പിച്ചു. 

ശുക്ലയെ പിന്തുടരുന്ന കാര്യം അത്ര എളുപ്പമല്ലായിരുന്നു. മൊബൈൽ ഫോൺ ആയിടെ മാത്രം പ്രചാരത്തിലായിട്ടേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് നമ്പർ ട്രേസിങ് അത്ര എളുപ്പമായിരുന്നില്ല. അതിനുവേണ്ട സാങ്കേതികതയൊന്നും യുപി പൊലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. അത് അന്ന് കാൺപൂർ ഐഐടിയിൽ നിന്ന് പുറത്തിറങ്ങി ഒരു പോളിടെക്നിക്കിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെക്കൊണ്ട് അവർ ഉണ്ടാക്കിക്കുകയായിരുന്നു. ആദ്യമൊക്കെ പേജർ ഉപയോഗിച്ചുകൊണ്ടിരുന്ന ശുക്ല, പിന്നീട് മൊബൈൽ വന്നപ്പോൾ അതും ഉപയോഗിച്ച് തുടങ്ങിയിരുന്നു എങ്കിലും പതിനാലു സിമ്മുകൾ ഉണ്ടായിരുന്നു അയാളുടെ പക്കൽ എന്നതിനാൽ കാൾ റെക്കോർഡിങ് അത്ര എളുപ്പമായിരുന്നില്ല. മാത്രവുമല്ല, രഹസ്യസ്വഭാവത്തിലുള്ള കോളുകൾക്കായി ശുക്ല പ്രദേശത്തെ എസ്ടിഡി ബൂത്തുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എസ്ടിഡി ബൂത്തിൽ നിന്ന് നേപ്പാളിലും മറ്റുമുള്ള തന്റെ അനുയായികളെ വിളിച്ച് അവരുടെ ഫോണിൽ നിന്ന് കോൾ കോൺഫറൻസിങ് നടത്തുക എന്ന തന്ത്രമായിരുന്നു അയാളുടേത്. അതുകൊണ്ട് ഭീഷണിക്കോളുകൾ പലതും വന്നിരുന്നത് വിദേശ നമ്പറുകളിൽ നിന്നാണ് എന്ന് തോന്നും. എന്നാൽ, അതേസമയം ഫോണിൽ സംസാരിച്ചിരുന്ന ശുക്ല അതേ നഗരത്തിൽ തന്നെ ഇരിക്കുകയുമാവും. ടാപ്പ് ചെയ്യുന്നയാൾക്ക് ഒരു കാരണവശാലും ശുക്ലയുടെ ലൊക്കേഷൻ കിട്ടില്ല. 

എന്നാൽ, മൊബൈൽ കോളുകൾ ട്രാക്ക് ചെയ്യാൻ പറ്റിയിരുന്നു. അങ്ങനെ ട്രാക്ക് ചെയ്തു ചെയ്ത് പലയിടത്തും ശുക്ലയുടെ തൊട്ടുപിന്നിൽ വരെ എത്താൻ എസ്‍ടിഎഫിനു പറ്റി എങ്കിലും അയാളെ പിടിയിൽ കിട്ടിയില്ല. ഒരിക്കൽ വിമാനം കയറാൻ അയാൾ വരുമെന്നറിഞ്ഞ് വിമാനത്താവളത്തിനുള്ളിൽ എസ്‍ടിഎഫ് കാത്തിരുന്നു എങ്കിലും ശുക്ല ഉറങ്ങിപ്പോയതിനാൽ ട്രിപ്പ് റദ്ദായി. ഒരിക്കൽ ഗ്രെയ്റ്റർ കൈലാഷ് ഭാഗത്തുള്ള എസ്‍ടി‍ഡി ബൂത്തിൽനിന്ന് ഒരു ഹോട്ടലുടമയെ വിളിച്ചു ശുക്ല. ആ കോളിനെ പിന്തുടർന്ന് എസ്‍ടിഎഫ് ബൂത്തിൽ എത്തിയപ്പോഴേക്കും അയാൾ അവിടം വിട്ടിരുന്നു. ഫോൺ വിളിച്ചയാളിനെപ്പറ്റി ചോദിച്ചപ്പോൾ അയാൾ പറഞ്ഞ ലക്ഷണങ്ങൾ ശുക്ലയുടെതുമായി സാമ്യമുള്ളതായിരുന്നു. വന്ന വണ്ടി ഒരു നീലനിറത്തിലുള്ള സീലോ കാർ ആണെന്ന് ബൂത്തുടമ പറഞ്ഞത് വഴിത്തിരിവായി. ആ സീലോ പോയി എന്ന് പറഞ്ഞ ദിശയിലേക്ക് എസ്‍ടിഎഫ് സംഘവും പോയി. ഒടുവിൽ രണ്ടു സിഗ്നലിനപ്പുറം സീലോ കണ്ടുകിട്ടി. എസ്‍ടിഎഫ് സംഘം തങ്ങളുടെ മറ്റു വാഹനങ്ങളെ വിളിച്ചുവരുത്തി. സീലോ ഓടിച്ചിരുന്നത് ശുക്ല തന്നെയായിരുന്നു. ഒപ്പം രണ്ടനുയായികളും കാറിലുണ്ടായിരുന്നു. പൊലീസ് പിന്തുടരുന്നു എന്ന് മനസ്സിലായതോടെ മെയിൻ റോഡ് വിട്ട് അടുത്തുള്ള പറമ്പിലൂടെ ഓടിച്ചു കയറ്റി ശുക്ല. നാലുപാടുനിന്നും പൊലീസ് വാഹനങ്ങൾ വന്നു ശുക്ലയെ ബ്ലോക്ക് ചെയ്തു. തുടർന്ന് നടന്നത് പൊരിഞ്ഞ വെടിവെപ്പായിരുന്നു. പൊലീസിന്റെ ആ എൻകൗണ്ടറിൽ ആ കുപ്രസിദ്ധ അധോലോക നായകൻ അവിടെ വെച്ചുതന്നെ അന്ത്യശ്വാസം വലിച്ചു. 

ശ്രീപ്രകാശ് ശുക്ലയുടെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴ, അയാൾ തന്റെ നിലമറന്നു കളിച്ചു എന്നുള്ളതാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ കൊട്ടേഷൻ തന്നെ ഏറ്റെടുത്തതിന് ശുക്ലയ്‌ക്ക് നൽകേണ്ടി വന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു. 

 


     

click me!