കോട്ടയം കുറിച്ചിത്താനം സ്വദേശി ശ്രീധരന്‍ പരമേശ്വരന്‍ നമ്പൂതിരി എന്ന എസ് പി നമ്പൂതിരി. ആയുര്‍വേദം, പത്രപ്രവര്‍ത്തനം, സാഹിത്യം, ബിസിനസ്, രാഷ്ട്രീയം, സാമൂഹ്യ പ്രവര്‍ത്തനം, യാത്ര എന്നിങ്ങനെ അദ്ദേഹം സഞ്ചരിക്കാത്ത കരകളില്ല.
മലയാളത്തിന് അറിവിന്റെ ഖനിയൊരുക്കാന്‍ ഒരു വമ്പന്‍ പുസ്തകം. 90 വയസ്സു കഴിഞ്ഞിട്ടും ചുറുചുറുക്കോടെ ജീവിതത്തെ കൈകാര്യം ചെയ്യുന്ന ഒരു വേറിട്ട ജീവിതത്തിലെ അസാധാരണ വഴികള്‍. കെ. പി റഷീദ് എഴുതുന്നു
undefined
'ശങ്കര്‍ ഖദര്‍ ധരിക്കുംപോല്‍
എന്റെയീ യജ്ഞസൂത്രവും...'
ഇത്, മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'മൊഴിമുത്തുകള്‍' എന്ന 35,000 മഹദ് വചനങ്ങളുള്ള ഒരു ഗംഭീര പുസ്തകത്തില്‍ നിന്നുള്ള സവിശേഷമായ ഒരുദ്ധരണിയാണ്. ഇത് വായിച്ചാല്‍, ഒറ്റനോട്ടത്തില്‍ ഒന്നും മനസ്സിലാവാനിടയില്ല. എന്നാല്‍, ആ ഉദ്ധരണിക്കു താഴെ, അതിന് ആധാരമായ രസകരമായൊരു കഥയുണ്ട്. അതു വായിച്ചാല്‍ മുകളില്‍ പറഞ്ഞ വരികളുടെ ഉള്ളുകള്ളി മനസ്സിലാവും, കഴിഞ്ഞ കാലത്തെക്കുറിച്ച് അറിയാവുന്നവര്‍ ഒന്നമര്‍ത്തി ചിരിച്ചും പോവും.
കാരണം, ഈ വരികളില്‍ പറയുന്ന ശങ്കര്‍, മലയാളിക്ക് നന്നായറിയാവുന്ന ആര്‍ ശങ്കറാണ്. 1960-62 കാലത്ത് കേരളത്തിന്റെ ഉപമുഖ്യമന്ത്രി. 1962 മുതല്‍ രണ്ട് വര്‍ഷം മുഖ്യമന്ത്രി. ഒപ്പം, ഈ കഥയിലെ മറ്റ് രണ്ട് കഥാപാത്രങ്ങളെയും നാമറിയും. ഒന്ന്, മലയാളി ഇപ്പോഴും മൂളുന്ന മധുര ഗാനങ്ങളുടെ സ്രഷ്ടാവ് വയലാര്‍ രാമവര്‍മ്മ, മറ്റേയാള്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍. മലയാളിയെ ത്രസിപ്പിച്ച 'യക്ഷി' അടക്കമുള്ള നോവലുകള്‍ എഴുതിയ എഴുത്തുകാരന്‍, ഐ എ എസ് ഉദ്യോഗസ്ഥന്‍.
വയലാര്‍ രാമവര്‍മ്മ, ആര്‍ ശങ്കര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍
ഇനി രസകരമായ ആ കഥ പറയാം.
ആര്‍ ശങ്കറിന്റെ മകളുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ നടക്കുകയാണ്. അനേകം പ്രമുഖര്‍ അവിടെ എത്തിയിട്ടുണ്ട്. കൂട്ടത്തില്‍ വയലാറും മലയാറ്റൂരുമുണ്ട്. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഗുരുവായൂര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയാണ് അവര്‍.
അങ്ങനിരിക്കെ, മലയാറ്റൂരിന് ഒരാഗ്രഹം. അമ്പലത്തില്‍ പോവണം. ഒറ്റയ്ക്ക് പോയാല്‍ ശരിയാവില്ല, വയലാറും പോവണം. ഇടതുപക്ഷ രാഷ്ട്രീയത്തോട് താല്‍പ്പര്യമുള്ള വയലാര്‍ അതിനോട് വലിയ താല്‍പ്പര്യം കാണിച്ചില്ല. മലയാറ്റൂര്‍ വിട്ടില്ല. നിര്‍ബന്ധിച്ചു. രണ്ടു കാരണങ്ങളാല്‍ വയലാറത് സമ്മതിച്ചു. ഒന്ന്, ചങ്ങാതിമാര്‍ നിര്‍ബന്ധിച്ചാല്‍ എന്തും ചെയ്യും. രണ്ട്, കമ്യൂണിസം ഉള്ളിലുണ്ടെങ്കിലും അമ്പലത്തില്‍ കയറില്ലെന്ന വാശിയൊന്നുമില്ല.
സമ്മതം കൊടുത്തെങ്കിലും വയലാര്‍ ഒരു പ്രശ്‌നം മുന്നോട്ടുവെച്ചു. ചുറ്റിലും, അറിയാവുന്ന ആളുകള്‍ ഒരുപാടുണ്ട്. അതിനാല്‍, അമ്പലത്തില്‍ കയറാന്‍ പൂണൂലും രണ്ടാം മുണ്ടുമൊക്കെ വേണം, അതിനെന്ത് ചെയ്യും? ഇപ്പോ ശരിയാക്കാമെന്ന് മലയാറ്റൂര്‍ പറഞ്ഞു. തമിഴ് ബ്രാഹ്മണര്‍ക്ക് രണ്ട് പൂണൂലുണ്ടാവും. അതിലൊന്ന് വയലാറിന് കൊടുക്കാം.
അങ്ങനെ പ്രശ്‌നം തീര്‍ന്നു.ഇരുവരും പൂണൂല്‍ധാരികളായി, തോളില്‍ നേര്യതുമിട്ട് ക്ഷേത്ര ദര്‍ശനം നടത്തി. ഭഗവാനെ തൊഴുതു പുറത്തേക്ക് വരുമ്പോള്‍ അതാ മുന്നില്‍, ആര്‍ ശങ്കറും പരിവാരങ്ങളും!
ഒന്നു ചിരിച്ച ശേഷം, ശങ്കര്‍ വയലാറിനെ കളിയാക്കി ഇങ്ങനെ പറഞ്ഞു, ''കുട്ടനിന്ന് വിസ്തരിച്ചു തന്നെയാണല്ലോ, പൂണൂലും മറ്റും ധരിച്ച്...''
കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പരാമര്‍ശത്തിലെ മുന എളുപ്പം തിരിച്ചറിഞ്ഞു, വയലാര്‍. ഒരു സെക്കന്റ്. അടുത്ത നിമിഷം ഉരുളയ്ക്കുപ്പേരി പോലെ വയലാറിന്റെ മറുപടി വന്നു: ''അങ്ങനെയൊന്നുമില്ല, ശങ്കറൊക്കെ ഖാദി ധരിക്കുന്നില്ലേ, അതുപോലൊക്കെ, അത്ര മാത്രം..''
എല്ലാവരും ചിരിച്ചു. ശങ്കറിന്റെ പരിവാരങ്ങള്‍ ചിരിയടക്കാന്‍ ശ്രമിച്ചു.
ഖദര്‍ ധരിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന ശങ്കര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും എന്നുറപ്പായപ്പോഴാണ് ഖദര്‍ ധരിക്കാന്‍ തുടങ്ങിയത് എന്നൊരു പറച്ചില്‍ നിലവിലുണ്ടായിരുന്നു. അതിലായിരുന്നു ആ ചിരിയുടെ മര്‍മ്മം.
കാര്യം എന്തായാലും, മുഖത്തൊരു ചിരി വരുത്തി, വൈക്ലബ്യം മറച്ച്, ശങ്കര്‍ പറഞ്ഞത്രെ: ''കുട്ടന്റെയൊരു ഫലിതം! കൊള്ളാം, അതിലും ഒരു കവിത്വമുണ്ട്. ''
പ്രമുഖ അബ്കാരിയായിരുന്ന മണര്‍കാട് പാപ്പന്‍, ഡോ. സി എന്‍ റ്റി നമ്പൂതിരി എന്നിവര്‍ക്കൊപ്പം എസ് പി നമ്പൂതിരി
ഏഴ് വോള്യങ്ങളില്‍ മൊഴികളുടെ പ്രപഞ്ചം
ഇത്തരം പല അനുഭവ കഥകള്‍ ഉള്‍പ്പടെ, ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം ഭാഷകളില്‍ നിന്നുള്ള 35,000 മഹദ് വചനങ്ങളാണ് 'മൊഴിമുത്തുകള്‍' എന്ന, അവസാന മിനുക്കുപണികള്‍ നടക്കുന്ന പുസ്തകത്തിലുള്ളത്. ലോകമെങ്ങുമുള്ള അനേകം ഭാഷകളില്‍ പുറത്തിറങ്ങിയ മഹദ് വചന പുസ്തകങ്ങളില്‍ നിന്നും 'മൊഴിമുത്തുകള്‍' എന്ന ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം അതിന്റെ വലിപ്പമാണ്. 35,000 മഹദ് വചനങ്ങള്‍. ഏഴ് വോള്യങ്ങള്‍. മറ്റൊന്ന് അതിന്റെ സമഗ്രത. സാഹിത്യം, ജീവിതം, ദര്‍ശനം, രാഷ്ട്രീയം, നര്‍മ്മം, ശാസ്ത്രം എന്നിങ്ങനെ അടിമുടി വ്യത്യസ്തമായ വിഷയങ്ങളിലുള്ള ഉദ്ധരണികള്‍. പല കാലങ്ങളില്‍ ലോകത്ത് ജീവിച്ച മഹാന്‍മാരുടെ ജീവിതസത്തയാണ് ആ വാചകങ്ങള്‍. മലയാളത്തിലെ എണ്ണം പറഞ്ഞ വചനങ്ങള്‍ക്കു പുറമെ, എഴുത്തുകാരന്റെ അനുഭവങ്ങളില്‍നിന്നും തെരഞ്ഞെടുത്ത രസകരമായ സംഭവങ്ങളും എഴുത്തുകാരന്റെ ജീവിതദര്‍ശനവും ഇതില്‍ ഉള്‍പ്പെടുന്നു. തീര്‍ന്നില്ല, ഈ പുസ്തകത്തിന്റെ ഏറ്റവും ഗംഭീരമായ സവിശേഷത ഇനി വരുന്നതേയുള്ളൂ. ഈ മഹദ് വചനങ്ങള്‍ക്ക് എഴുത്തുകാരന്‍ നല്‍കുന്ന സവിശേഷമായ വ്യാഖ്യാനങ്ങളാണ് അവ. ഒട്ടും നീളമില്ല അതിന്. ആഴവും പരപ്പുമുള്ള ആശയങ്ങളെ കാച്ചിക്കുറുക്കിയ രണ്ടോ മൂന്ന് വരികള്‍. അനുഷ്ടുപ്പ് വൃത്തത്തില്‍ കവിതാ രൂപത്തില്‍ ഉദ്ധരണികള്‍ക്കു മുകളിലായി അവ കാണാം.
മനസ്സിലാവാത്തവര്‍ക്കായി, ചില ഉദ്ധരണികളും അവയ്ക്ക് നല്‍കിയ കാവ്യവ്യാഖ്യാനങ്ങളും വായിക്കാം.
4043 ലെ ഉദ്ധരണി ബര്‍ണാര്‍ഡ്ഷായുടേതാണ്. അതിലദ്ദേഹം ഇങ്ങനെ പറയുന്നു: 'വിപ്ലവങ്ങളൊന്നും ദുരിതഭാരങ്ങളെ ലഘൂകരിച്ചിട്ടില്ല. ഒരു ചുമലില്‍നിന്ന് മറ്റൊരു തോളിലേക്ക് മാറിയെന്നുമാത്രം.'
ഇതിന് എഴുത്തുകാരന്‍ നല്‍കുന്ന കാവ്യവ്യാഖ്യാനം ഇതാണ്:
'ലഘൂകരിച്ചതേയില്ല
വിപ്ലവം ദുരിതങ്ങളെ'
മറ്റൊന്ന് മഹാത്മാ ഗാന്ധിജിയുടെ മഹദ്‌വചനം.
'എതിരാളികളുടെ നിലപാടുതറകളില്‍ കയറിനില്‍ക്കാനും അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാനും കഴിഞ്ഞാല്‍ ഇന്നുള്ള ദുരിതങ്ങളുടെയും കലഹങ്ങളുടെയും തെറ്റിദ്ധാരണകളുടെയും മുക്കാല്‍ പങ്കും പരിഹരിക്കപ്പെടും.'
'പഠിക്കൂ പ്രതിപക്ഷത്തെ
പ്രശ്‌നം പകുതിയും തീരും' എന്ന വരികളിലാണ് ഈ ആശയത്തെ എഴുത്തുകാരന്‍ ഒതുക്കുന്നത്.
ഇനി 2454-ാം ഉദ്ധരണി കാണുക. ക്ലമന്റ് ആറ്റ്‌ലിയുടേതാണ് അത്. 'റഷ്യന്‍ കമ്യൂണിസം കാള്‍മാര്‍ക്‌സ് എന്ന ചിന്തകന്റെയും കാതറിന്‍ ദി ഗ്രേറ്റ് എന്ന രാജ്ഞിയുടെയും അവിഹിത സന്തതിയാണ്.' എന്നതാണ് ലേബര്‍ പാര്‍ട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ആറ്റ്‌ലിയുടെ വചനം.
'രാജ്ഞിയും മാര്‍ക്‌സും ചേര്‍ന്നല്ലോ
സൃഷ്ടിച്ചു നിയമേതരം
ലോകമാകെപ്പടര്‍ന്നോരു
കമ്യൂണിസ മഹാമഹം' എന്നാണ് ഈ വാചകത്തിന് എസ് പി നമ്പൂതിരി നല്‍കിയ വ്യാഖ്യാനം.
വിവാഹാഘോഷത്തില്‍ പങ്കുചേരാനെത്തിയ ഇ എം എസിനൊപ്പം എസ്പി നമ്പൂതിരിയും പത്‌നി ശാന്തയും
90 വയസ്സില്‍ താണ്ടിയ ദൂരങ്ങള്‍, ഉയരങ്ങള്‍
പുസ്തകത്തെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. ഇനി നമുക്ക് ആ എഴുത്തുകാരനെ കൂടുതല്‍ അറിയാം. ജീവിതത്തിലും അറിവിലും അനുഭവത്തിലും ആഴമേറെയുള്ള, 90 വയസ്സ് കഴിഞ്ഞ ഒരു മനുഷ്യനാണ് നീണ്ട 12 വര്‍ഷം മെനക്കെട്ട് മഹദ് വചനങ്ങളും ഉദ്ധരണികളും മലയാളികള്‍ക്കായി പുസ്തമാക്കുന്നത്. കോട്ടയം കുറിച്ചിത്താനം സ്വദേശി ശ്രീധരന്‍ പരമേശ്വരന്‍ നമ്പൂതിരി എന്ന എസ് പി നമ്പൂതിരി. ആയുര്‍വേദം, പത്രപ്രവര്‍ത്തനം, സാഹിത്യം, ബിസിനസ്, രാഷ്ട്രീയം, സാമൂഹ്യ പ്രവര്‍ത്തനം, യാത്ര എന്നിങ്ങനെ അദ്ദേഹം സഞ്ചരിക്കാത്ത കരകളില്ല. ആയുര്‍വേദത്തെ മാര്‍ക്കറ്റിംഗ് വഴികളിലൂടെ കാലികമാക്കിയ അദ്ദേഹം പ്രശസ്തമായ 'ശ്രീധരി' ആയുര്‍വേദ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.
അംബികാഷ്ടപ്രാസം, ചിന്താലഹരി മുതലായ കൃതികളുടെ കര്‍ത്താവും ആയുര്‍വേദാചാര്യനുമായ മഠം ശ്രീധരന്‍ നമ്പൂതിരിയാണ് പിതാവ്. അമ്മ, തലയാറ്റും പിള്ളി ഇല്ലത്ത് നങ്ങേലി അന്തര്‍ജനം. സ്വാതന്ത്ര്യ സമരസേനാനിയായ മോഴികുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ മകള്‍ ശാന്തയാണ് പത്‌നി. ഇ എം എസിന്റെ സാന്നിധ്യത്തിലായിരുന്നു ആ വിവാഹം. രണ്ട് പുത്രിമാര്‍. ഡോ. മഞ്ജരി, ഡോ.ശൈലി. ഇരുവരും ആയുര്‍വേദ ഡോക്ടര്‍മാര്‍. ഡോ. മഞ്ജരിയുടെ ഭര്‍ത്താവ് ഡോ. ശിവകരന്‍ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും സാമവേദ പണ്ഡിതനുമാണ്. ഡോ. ശൈലിയുടെ ഭര്‍ത്താവ് ഡോ. കെ പി മുരളി കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസറും ഫുള്‍ബ്രൈറ്റ് സ്‌കോളറുമാണ്. സഹോദരി ഡോ. എസ് എസ് എന്‍ അന്തര്‍ജനം ആയുര്‍വേദത്തിലും മോഡേണ്‍ മെഡിസിനിലും ബിരുദമെടുത്തശേഷം ഗവ. സര്‍വീസില്‍ ജോലി ചെയ്ത് വിരമിച്ചു. അനുജന്‍ എസ് വാസുദേവന്‍ നമ്പൂതിരി തൃശൂര്‍ പീച്ചിയില്‍ ശ്രീധരി ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്നു.
മകനെ ആയുര്‍വേദ ചികില്‍സാ വഴികളിലൂടെ കൊണ്ടുവരണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പരമ്പരാഗത രീതിയില്‍ സംസ്‌കൃതവും ആയുര്‍വേദവും അഭ്യസിച്ച്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കാന്‍ പോയ മകന്‍ തിരിച്ചിറങ്ങിയത് കമ്യൂണിസ്റ്റായാണ്. ബിരുദം കഴിഞ്ഞ ശേഷം, സജീവ പാര്‍ട്ടി പ്രവര്‍ത്തനം. പിന്നെ, കമ്യൂണിസ്റ്റ് പാര്‍ട്ടി എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നവലോകം' പത്രത്തിന്റെ പത്രാധിപസമിതിയില്‍ അംഗമായി. ചെറുകാട്, എം ആര്‍ബി, മുതലായവരുടെ കൂടെ പ്രവര്‍ത്തിച്ചു. ഇ. എം .എസ്, എ കെ ജി, പി ഗോവിന്ദപ്പിള്ള, പി കെ വി എന്നിവരുമായി അടുത്ത ബന്ധമുണ്ടായി. വൈദ്യത്തിനുപകരം രാഷ്ട്രീയത്തില്‍ ഒരു കൈനോക്കുന്ന മകന്‍ കൈവിട്ടുപോയല്ലോ എന്നു പറഞ്ഞ സുഹൃത്തിനോട് അച്ഛന്‍ അന്ന് പറഞ്ഞ വാചകം, എസ് പി നമ്പൂതിരി ഓര്‍ക്കുന്നത് ഇങ്ങനെയാണ്: 'ഞാന്‍ മനുഷ്യരുടെ ആരോഗ്യപ്രശ്‌നങ്ങളെയാണ് ചികില്‍സിക്കുന്നതെങ്കില്‍, അവന്‍ സമൂഹത്തിന്റെ രോഗം മാറ്റാനാണ് ശ്രമിക്കുന്നത്. പോയി വരട്ടെ...''
ആ വാചകം ഫലിച്ചു. മകന്‍ പോയി വന്നു. പിതാവും ശിഷ്യരും 1932-ല്‍ തുടങ്ങിയ ശ്രീധരി ഫാര്‍മസ്യൂട്ടിക്കല്‍സ് വന്‍ പ്രതിസന്ധിയിലായപ്പോള്‍, എല്ലാവരുടെയും നിര്‍ബന്ധത്തില്‍ മകന്‍ കുടുംബത്തിലേക്കും വൈദ്യപാരമ്പര്യത്തിലേക്കും തിരിച്ചെത്തി. എല്ലാവരുടെയും സഹായത്തോടെ അദ്ദേഹം വൈദ്യശാലയെ വിപുലീകരിച്ചു, നവീകരിച്ചു,അതിന് യൗവനം നല്‍കി. 'ശ്രീധരി' എന്ന പേരിന് ട്രേഡ് മാര്‍ക്ക് നേടിയെടുത്തു. കേരളത്തിലാദ്യമായി ഒരു ഹെയര്‍ടോണിക്കിന് ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ നേടിയത് ശ്രീധരിയാണ്. ബിസിനസിലായിരുന്നു പിന്നെ ശ്രദ്ധ. ശ്രീധരി ഉത്പന്നങ്ങള്‍ കേരളമാകെ എത്തിക്കാന്‍ അദ്ദേഹത്തിനായി. പുതിയ മാര്‍ക്കറ്റിംഗ് രീതികള്‍ അതിന് അവലംബമായി. കാലം കഴിഞ്ഞപ്പോള്‍, മക്കളെ ബിസിനസ് ഏല്‍പ്പിച്ച് അദ്ദേഹം പതിയെ പ്രിയപ്പെട്ട മറ്റൊരു വിഷയത്തിലേക്ക് തിരിഞ്ഞു-സാഹിത്യം!
15 പുസ്തകങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. 'ഓപ്പോള്‍' എന്ന കഥാ സമാഹാരമായിരുന്നു ആദ്യം. പിന്നീട്, 'ഒരു നൂറ്റാണ്ടിന്റെ നൊമ്പരം', 'പൂണൂല്‍ പൊട്ടിച്ചിടെട്ട ഞാന്‍', എന്നീ കവിതാ സമാഹാരങ്ങള്‍. ഒമ്പതു യാത്രാവിവരണങ്ങള്‍, പെറ്റമ്മയും പോറ്റമ്മയും, ഹൃദയസാന്ത്വനം, വയലാര്‍ രാമവര്‍മ്മ: വ്യക്തിയും കവിയും എന്നീ ഗദ്യസമാഹാരങ്ങള്‍. ഇപ്പോള്‍, 'മൊഴിമുത്തുകള്‍' എന്ന ബൃഹദ് പുസ്തകത്തിന്റെ അവസാന മിനുക്കുപണികള്‍. അതിനിടയ്ക്ക്, 27 രാജ്യാതിര്‍ത്തികള്‍ താണ്ടി ലണ്ടനിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മാര്‍ഗം സഞ്ചരിക്കാനുള്ള തയ്യാറെടുപ്പുകള്‍.
ഡോ. സി എ രാജനുമൊത്ത് ബ്രിട്ടീഷ് പര്യടനവേളയില്‍
മഹദ്‌വചനങ്ങളുടെ വഴിയെ ഒരു ദീര്‍ഘയാത്ര
എങ്ങനെയാണ് ഇത്തരമൊരു മഹാഗ്രന്ഥത്തിലേക്ക് എത്തിപ്പെട്ടത്, അതും ഈ പ്രായത്തില്‍? അതറിയണമെങ്കില്‍, എസ് പി നമ്പൂതിരിയുടെ സഞ്ചാര കമ്പമറിയണം. യാത്രയാണ് അദ്ദേഹത്തിന്റെ ജീവവായു. 15 രാജ്യങ്ങളില്‍ ഇതിനകം സഞ്ചരിച്ചു. അത്തരമൊരു യാത്രയ്ക്കിടയിലാണ്, ബ്രിട്ടനില്‍വെച്ച്, 'ഓക്‌സ്ഫഡ് ഡിക്ഷനറി ഓഫ് ക്വട്ടേഷന്‍സ്' എന്ന പുസ്തകം കണ്‍മുന്നിലെത്തിയത്. ''വായിച്ച പുസ്തകങ്ങളില്‍നിന്നുള്ള ഉദ്ധരണികള്‍ ഓര്‍മ്മിച്ചു വെക്കുന്ന പതിവ് പണ്ടേ ഉള്ളതിനാല്‍, ഒറ്റനോട്ടത്തില്‍ അതെനിക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍, അതിനൊരു കുറവുണ്ടായിരുന്നു. യൂറോപ്പിലും മറ്റുമുള്ള മഹത്തുക്കളുടെ വചനങ്ങളാല്‍ സമൃദ്ധമെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള മഹദ് വചനങ്ങള്‍ അതിലില്ല. മലയാളത്തില്‍ ഇതുപോലൊന്നില്ലല്ലോ എന്ന കാര്യവും ഞാന്‍ ശ്രദ്ധിച്ചു. അങ്ങനെയാണ്, മലയാളത്തിന്റെ മണമുള്ള, ലോകത്തിന്റെ തുറസ്സുള്ള ഒരു ഗ്രന്ഥം എന്ന സ്വപ്‌നം ജനിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങള്‍ അതിനു പിറകിലായിരുന്നു.''-എസ് പി നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ആ കഥ പറഞ്ഞു.
ഒട്ടും എളുപ്പമായിരുന്നില്ല അതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇംഗ്ലീഷിലുള്ള അനേകം മഹദ് വചന പുസ്തകങ്ങള്‍ വാങ്ങിച്ചു. അവ വിവര്‍ത്തനം ചെയ്തു. ഓരോ മഹദ് വചനത്തിനുമൊപ്പം, തന്‍േറതുമാത്രമായ കാവ്യ വ്യാഖ്യാനവും ഉള്‍പ്പെടുത്തി. പിന്നീട്, പല കാലങ്ങളില്‍ വായിച്ച പല പുസ്തകങ്ങളില്‍നിന്നും എഴുതിവെച്ച ഉദ്ധരണികള്‍ കൂടി ഉള്‍പ്പെടുത്തി. അതോടൊപ്പം, സ്വന്തം അനുഭവത്തിലുള്ള പല കഥകളും അവയുടെ സാരാംശവും എഴുതി വെച്ചു. പുസ്തകം നീണ്ടു നീണ്ട്, വളരുന്തോറും അദ്ദേഹം കൂടുതല്‍ കൂടുതല്‍ മഹദ് വചനങ്ങളില്‍ മുങ്ങിപ്പൊങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടാണ്, ഇവ മുഴുവന്‍ ഡി ടി പി ചെയ്തത്. അതിനു ശേഷമാണ്, ഇതെങ്ങനെ പ്രസിദ്ധീകരിക്കും എന്ന ആലോചനയില്‍ എത്തിയത്.
''ഇവിടെയുള്ള പ്രസാധകരെ സമീപിച്ചാല്‍, പരിചയവും മറ്റും വെച്ച് അവരിത് പ്രസിദ്ധീകരിക്കാനിടയുണ്ട്. പക്ഷേ, ഇത്ര വലിപ്പത്തില്‍, ഇത്ര സമഗ്രമായ ഒന്ന് പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. സാധാരണക്കാരായ ആരുമങ്ങനെ വാങ്ങാനിടയില്ലാത്ത, ആയിരക്കണക്കിന് രൂപ വില വരുന്ന പുസ്തകമിറക്കാന്‍ ചുമ്മാ കാശ് ചെലവാക്കാന്‍ ആളെ കിട്ടില്ല. അതിനാല്‍, ഇത് സ്വന്തമായി പബ്ലിഷ് ചെയ്യാമെന്നാണ് ഇപ്പോഴത്തെ ആലോചന. മുണ്ടശ്ശേരിയുടെ മുന്‍കൈയില്‍ നടന്നുപോന്ന മംഗളോദയം പബ്ലിക്കേഷന്‍സിന്റെ രജിസ്‌ട്രേഷന്‍ യാദൃശ്ചികമായി എന്റെ പേരിലാണിപ്പോള്‍. ആ ലേബലില്‍, സുഹൃത്തായ ജയിസണ്‍ സക്കറിയ എന്ന വിദേശമലയാളിയുടെ മുന്‍കൈയില്‍ പുസ്തക പ്രസാധനം തുടങ്ങിയിട്ടുണ്ട്. മംഗളോദയത്തിന്റെ ബാനറില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാം എന്നാണ് കരുതുന്നത്. ഇത് അമൂല്യമായ ഒരു സ്വത്താണ് എന്ന കാര്യത്തില്‍, കണ്ടവരിലാര്‍ക്കും സംശയമേയില്ല. ഇത് ഭാവിയ്ക്കു വേണ്ടിയുള്ള മുതല്‍ക്കൂട്ടാണ്. അക്കാദമിക് രംഗത്തു മാത്രമല്ല, ഭാഷയിലും സാഹിത്യത്തിലുമൊക്കെ താല്‍പ്പര്യമുള്ള ആര്‍ക്കും ഇതൊരു സമ്പാദ്യമായിരിക്കും. ലൈബ്രറികള്‍ക്ക് തീര്‍ച്ചയായും ഇത് മുതല്‍ക്കൂട്ടാവും. ഇത് പക്ഷേ, കേരളത്തില്‍ മാത്രമായി ഒതുങ്ങിപ്പോവരുത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്കും മലയാളി കൂട്ടായ്മകള്‍ക്കും അമൂല്യമായ ഈ പുസ്തകം സ്വന്തമാക്കാനാവണം. അതാണ് എന്റെ സ്വപ്നം, ഞങ്ങളുടെ പദ്ധതി'-അദ്ദേഹം പറയുന്നു.
പത്‌നി ശാന്തയ്ക്കും കൊച്ചുമകനുമൊപ്പം എസ് പി നമ്പൂതിരി
സംഭവബഹുലം ഈ ജീവിതം!
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നും കുടുംബത്തിന്റെ താല്‍പ്പര്യ പ്രകാരം ആയുര്‍വേദ ചികില്‍സയിലേക്കും ബിസിനസിലേക്കും തിരിഞ്ഞുവെങ്കിലും രാഷ്ട്രീയ താല്‍പ്പര്യവും അനുഭാവവും ജീവിതത്തിലുടനീളം അദ്ദേഹം കൂടെക്കൊണ്ടു നടന്നു. സംഭവബഹുലമായിരുന്നു പിന്നീടും അദ്ദേഹത്തിന്റെ ജീവിതം. വിമോചന സമരം കത്തിപ്പടര്‍ന്ന കാലത്ത്, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍ പ്രതിഷേധിച്ച് സ്വകാര്യ മാനേജ്‌മെന്റുകള്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ നിലപാട് എടുക്കാന്‍ അദ്ദേഹം തയ്യാറായത് ഇടതുരാഷ്ട്രീയം മുന്‍നിര്‍ത്തിയാണ്. കോട്ടയം മേഖലയില്‍, വിമാചന സമരത്തോട് പുറംതിരിഞ്ഞുനിന്ന്, ഇ എം എസ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് തുറന്നു പ്രവര്‍ത്തിച്ച ഏക സ്‌കൂള്‍ അദ്ദേഹം ചെയര്‍മാനായ സൊസൈറ്റി നടത്തിയ കുറിച്ചിത്താനം ഹൈസ്‌കൂള്‍ ആയിരുന്നു. മാത്രമല്ല, കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയം വിശദീകരിച്ച് സ്‌കൂളില്‍ അദ്ദേഹം വിപുലമായ യോഗവും വിളിച്ചു ചേര്‍ത്തു. പ്രമുഖരായ കമ്യൂണിസ്റ്റ് നേതാക്കള്‍ അതില്‍ പങ്കെടുത്തു. 1959-ല്‍ ഇ എം എസ് മന്ത്രി സഭ പിരിച്ചുവിട്ട ദിവസം രാത്രിയില്‍ തന്റെ വീടിനു നേര്‍ക്ക് കല്ലേറുണ്ടാവുകയും ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടക്കുകയും ചെയ്തതായി അദ്ദേഹം ഓര്‍ക്കുന്നു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടും അദ്ദേഹം രംഗത്തുവന്നിരുന്നു. സുപ്രീം കോടതിയിലെ ശബരിമല കേസില്‍ അദ്ദേഹം കക്ഷി ചേര്‍ന്നു. ശബരിമലയെക്കുറിച്ച് നേരത്തെ പഠിക്കുകയും പുസ്തകം എഴുതുകയും ചെയ്തിരുന്ന അദ്ദേഹം, തെളിവുകള്‍ സഹിതം, സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കോടതിയില്‍ സാക്ഷ്യങ്ങള്‍ നല്‍കി. സുപ്രധാനമായ അന്തിമവിധി വന്നശേഷം, ശബരിമലയുടെ ചരിത്രം, യുവതീപ്രവേശന കേസിന്റെ പശ്ചാത്തലവും ലഘുചരിത്രവും, സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്, സര്‍ക്കാരിന്റെ സത്യവാങ്മൂലം, കേസില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഓരോരുത്തരും സ്വീകരിച്ച നിലപാട്, സുപ്രീം കോടതി വിധിയുടെ സംക്ഷിപ്ത രൂപം എന്നിവ ഉള്‍ക്കൊള്ളുന്ന 'ശബരിമല: സുപ്രീം കോടതി വിധിയും അനുബന്ധ ചിന്തകളും' എന്ന സമഗ്രമായ പുസ്തകം അദ്ദേഹം എഴുതി. മുഖ്യമന്ത്രി പിണറായി വിജയനാണ് അത് പ്രകാശനം ചെയ്തത്. വിഷയം കത്തിനില്‍ക്കുന്ന സമയത്ത് അദ്ദേഹത്തിന് നേര്‍ക്ക് ഭീഷണി ഉയര്‍ന്നിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം, തനിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നതായും എസ് പി നമ്പൂതിരി ഓര്‍ക്കുന്നു.
പാര്‍ട്ടി സഖാക്കള്‍ക്കൊപ്പം എ കെ ജി
കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറിയ എ കെ ജി
മഹദ് വചനങ്ങള്‍ക്കൊപ്പം രസകരമായ അനേകം അനുഭവ കഥകള്‍ കൂടി ഉള്‍ക്കൊള്ളിച്ചതാണ് ഈ പുസ്തകം. അതിെലാരു കഥയില്‍ എ കെ. ജി ഉണ്ട്. പഴയ കാലത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തന രീതിയറിയാന്‍ ഉപകരിക്കുന്നതാണ് ഈ സംഭവം. എ കെ ജി തന്നോട് പറഞ്ഞ അനുഭവം എന്ന നിലയിലാണ് എസ് പി നമ്പൂതിരി ഈ കഥ പറയുന്നത്.
അത് ഇങ്ങനെ വായിക്കാം:
പണ്ടൊരു തെരഞ്ഞെടുപ്പ് കാലം. വോട്ടര്‍മാരെ കാണാന്‍ എ കെ ജി നേരിട്ട് വീടു കയറിയിറങ്ങുന്നു. കൂടെ പാര്‍ട്ടിയുടെ ഒരു പ്രദേശിക നേതാവുമുണ്ട്. ഓരോ വീടു കാണുമ്പോഴും, 'അത് പാര്‍ട്ടി വിരുദ്ധന്റെ വീടാണ്, അവിടെ കയറേണ്ട കാര്യമില്ല' എന്ന് പറഞ്ഞ് ലോക്കല്‍ നേതാവ് നിരുല്‍സാഹപ്പെടുത്തുന്നു. വീടുകള്‍ ഓരോന്നായി ഒഴിവാക്കുന്നു. എ കെ ജിക്ക് മടുക്കുന്നു.
വീടു കയറല്‍ കഴിഞ്ഞ ശേഷം അടുത്തുതന്നെയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യോഗം. അതു കഴിഞ്ഞപ്പോള്‍, പതുക്കെ നമ്മുടെ ലോക്കല്‍ നേതാവിനെ ഉപേക്ഷിച്ച്, മറ്റ് ചില പ്രവര്‍ത്തകരെ കൂട്ടി എ കെ ജി പഴയ സ്ഥലത്തു തന്നെ ചെന്നു. നേരത്തെ ഒഴിവാക്കിയ വീടുകളില്‍ അവര്‍ വോട്ടു ചോദിച്ച് കയറിയിറങ്ങി. എ കെ ജിയെ ഒട്ടും പ്രതീക്ഷിക്കാത്ത വീട്ടുകാര്‍ രാഷ്ട്രീയമായി എതിര്‍ പക്ഷത്തായിട്ടും സ്‌നേഹത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു.
ആ വീടുകളിലൊന്ന് അന്തരിച്ച ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീടായിരുന്നു. അപ്രതീക്ഷിതമായി എ കെ ജി വന്നു കയറിയപ്പോള്‍ അവര്‍ക്ക് അതിശയമായി. പൂമുഖത്ത് ആ കോണ്‍ഗ്രസ് നേതാവിന്റെ ചിത്രമുണ്ടായിരുന്നു. എ കെ. ജി അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു. അത് ഹൃദ്യമായി തോന്നിയിരിക്കണം, ആ വീട്ടുകാര്‍ എ കെ ജിയോട് ഏറെ സ്‌നേഹത്തോടെ പെരുമാറി. ഇറങ്ങാന്‍ നോക്കുമ്പോള്‍, ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു സമ്മതിച്ച എ കെ ജി, അവിടെയിരുന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് ഇറങ്ങിയത്. ആ വീട്ടുകാര്‍ എ കെ ജിയെ വെറുതെ പറഞ്ഞയക്കാന്‍ തയ്യാറായില്ല. പാര്‍ട്ടി ഫണ്ടിലേക്ക് 101 രൂപ സംഭാവന നല്‍കി, തെരഞ്ഞെടുപ്പില്‍ സഹകരിക്കാമെന്ന് പറഞ്ഞ ശേഷമാണ് എ കെ ജിയെ വിട്ടത്.
അതിനു ശേഷം കൂടെ ഉണ്ടായിരുന്ന സഖാവിനോട് എ കെ ജി പറഞ്ഞു:
മനുഷ്യര്‍ മൗലികമായി നല്ലവരാണ്. ആ നന്‍മയെ അംഗീകരിച്ച് അവ തേടിപ്പോവാന്‍ നാം തയ്യാറാവണം. സാഹചര്യവശാല്‍, എതിര്‍ചേരിയിലുള്ളവവരെപ്പോലും നമുക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയും, കഴിയണം. മുഴുവനാളുകളെയും ശത്രുവെന്നും മിത്രമെന്നുമുള്ള രണ്ട് മുദ്രകള്‍ ചാര്‍ത്തി മുന്‍ വിധിയോട് കൂടി പെരുമാറുന്ന രീതി പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല.''
ഈ കഥ പറഞ്ഞശേഷം അതിന്റെ ആശയം രണ്ട് വരി കവിതയില്‍ എസ് പി നമ്പൂതിരി ഇങ്ങനെ അടയാളപ്പെടുത്തുന്നു:
'മൗലികം നന്‍മയുള്ളോരാ
ണെന്നും മാനുഷരൊക്കെയും...'