Mossad History: മൊസാദ്, ലോകത്തെ ഏറ്റവും മാരകമായ രഹസ്യ കൊലയാളി സംഘം, അമ്പരപ്പിക്കുന്ന കഥകള്‍!

By Pusthakappuzha Book Shelf  |  First Published Feb 18, 2022, 4:17 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിര്‍മിച്ച 'വല്ലാത്തൊരു കഥ' എന്ന ഹിറ്റ് വീഡിയോ പ്രോഗ്രാം ഇപ്പോഴിതാ ഒരു പുസ്തമായിരിക്കുന്നു. ബാബു രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ സ്‌ക്രിപ്റ്റാണ് പുസ്തകത്തില്‍ ഒന്നിച്ച് വരുന്നത്. ടൊവിനോ തോമസ് പ്രകാശനം ചെയ്ത, ബാബു രാമചന്ദ്രന്റെ'വല്ലാത്തൊരു കഥ' എന്ന പുസ്തകത്തിലെ ഒരധ്യായം ഇവിടെ വായിക്കാം. 


ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിര്‍മിച്ച 'വല്ലാത്തൊരു കഥ' എന്ന ഹിറ്റ് വീഡിയോ പ്രോഗ്രാം ഇപ്പോഴിതാ ഒരു പുസ്തകമായിരിക്കുന്നു. ബാബു രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ സ്‌ക്രിപ്റ്റാണ് പുസ്തകത്തില്‍ ഒന്നിച്ച് വരുന്നത്. പ്രാവ്ദ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഇന്ന് കാലത്ത് പ്രശസ്ത സിനിമാ താരം ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. 


Latest Videos

 

പുസ്തകം വാങ്ങാന്‍ ചെയ്യേണ്ടത്: നിങ്ങളുടെ വിലാസം +91 8086987262 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക. ഗൂഗിള്‍ പേ, വിപിപി എന്നിവ വഴി പുസ്തകം നിങ്ങളുടെ വിലാസത്തിലേക്ക് എത്തും.  'വല്ലാത്തൊരു കഥ' എന്ന പുസ്തകത്തിലെ ഒരധ്യായം ഇവിടെ വായിക്കാം. 

 


 

കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഒരു കൊലപാതകം നടന്നു. ഒരു ഹൈ പ്രൊഫൈല്‍ കൊലപാതകം. കൊല്ലപ്പെട്ടത് 'ഇറാനിയന്‍ ഓപ്പന്‍ഹീമര്‍' എന്നറിയപ്പെടുന്ന ഒരു മുതിര്‍ന്ന ആണവശാസ്ത്രജ്ഞനാണ്. പേര് പ്രൊഫ. മുഹ്സിന്‍ ഫഖ്റിസാദേ. വളരെ കൃത്യമായി നടപ്പിലാക്കപ്പെട്ട ഒരു 'പ്ലാന്‍ഡ് അസാസിനേഷന്‍' ആയിരുന്നു അത്. എങ്ങനെയാണ് ആ കൊലപാതകം നടത്തപ്പെട്ടത് എന്നത് ഇനിയും വ്യക്തമല്ല. ഇതു സംബന്ധിച്ച് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. 

ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ സ്‌നൈപ്പര്‍മാരും ബോംബ് സ്‌ഫോടനവും ഒക്കെ ഉണ്ടായിരുന്നുവെങ്കില്‍, രണ്ടാമത്തെ വേര്‍ഷന്‍ പറഞ്ഞത് ഉപഗ്രഹത്തിനാല്‍ നിയന്ത്രിക്കപ്പെട്ട ഒരു യന്ത്രതോക്കിനെപ്പറ്റിയാണ്. എന്തായാലും കൃത്യമായ ഒരു സെക്യൂരിറ്റി ഡീറ്റൈലോടെ മുന്നിലും പിന്നിലും സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെ ഒരു ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിച്ച പ്രൊഫ. ഫഖ്റിസാദേയെ കൊലയാളികള്‍ ക്ലിനിക്കല്‍ പ്രിസിഷനോടെ ഇല്ലാതാക്കിയിരിക്കുകയാണ്. 'ഇറാനിയന്‍ ആറ്റംബോംബിന്റെ പിതാവ്' എന്നറിയപ്പെട്ടിരുന്ന പ്രൊഫ. ഫഖ്റി സാദേയുടെ ഈ കൊലപാതകം ഇതിനു മുമ്പും നടത്തപ്പെട്ടിട്ടുള്ള മറ്റു പല കൊലപാതകങ്ങളുമായും സാമ്യമുള്ള ഒന്നായിരുന്നു. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച ഇറാനിയന്‍ ഇന്റലിജന്‍സ് വിദഗ്ദ്ധര്‍ ഒരേസ്വരത്തില്‍ പറഞ്ഞു.  'ഇത് മൊസ്സാദിന്റെ പണിയാണ്.'

ഈ കൊലപാതകത്തിന് പിന്നില്‍  ഇസ്രായേല്‍ ആണ് എന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തുറന്നടിക്കുമ്പോള്‍ 2018 -ല്‍ നടന്ന ഒരു സെമിനാറില്‍ 'അമാദ്' എന്ന ഇറാനിയന്‍ ആറ്റം ബോംബ് പദ്ധതിയുടെ അമരക്കാരന്‍ എന്ന്, 'Remember that Name' എന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പ്രൊഫ. ഫഖ്റിസാദേയുടെ പേരെടുത്ത് പറയുന്നതിന്റെ വീഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2021 ജനുവരിയില്‍ ഖുദ്‌സ് ഫോഴ്സിന്റെ തലവനായ ജനറല്‍ കാസിം സുലൈമാനി ഒരു ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം ഇറാന് കിട്ടുന്ന രണ്ടാമത്തെ അടിയാണ് പ്രൊഫ. ഫഖ്റിസാദേയുടെ കൊലപാതകം. സിറിസയന്‍ അതിര്‍ത്തിയില്‍ വെച്ച് മുസ്ലീം ശഹദാന്‍ എന്ന ഒരു ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ്സ് കമാണ്ടര്‍ കൂടി അജ്ഞാതമായ ഒരു പോര്‍ വിമാനത്തില്‍ നിന്ന് പുറപ്പെട്ട മിസൈലിനാല്‍ കൊല്ലപ്പെട്ടതോടെ മേഖല സംഘര്‍ഷഭരിതമാവാന്‍ ഇതുകാരണമായിരുന്നു. ഈ എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ക്കൊക്കെയും പിന്നില്‍ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ കരങ്ങളാണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.


1907 -ലെ ഹേഗ് കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധത്തിനിടയില്‍ അല്ലാതെ ഒരു രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരുദ്യോഗസ്ഥനെയും മറ്റൊരു രാജ്യം അതിന്റെ സൈനിക, ചാര സംവിധാനങ്ങള്‍ ഉപയോഗിച്ച് വധിക്കാന്‍ പാടില്ല. അത് സായുധ സംഘര്‍ഷ നിയമം അഥവാ ലോ ഓഫ് ആംഡ് കോണ്‍ഫ്‌ലിക്റ്റിന്റെ നഗ്‌നമായ ലംഘനമാണ്. പക്ഷേ മൊസാദെന്ന ഈ ചാരസംഘടന ഇന്നോളം നിരന്തരം ചെയ്തു പോന്നിട്ടുള്ളതും അതു തന്നെയാണ്.


മൊസാദിന്റെ കഥ

എന്താണീ മൊസാദ്? ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ചാരസംഘടനകളുടെ ഒരു ലിസ്റ്റെടുത്താല്‍ അതില്‍ ഉറപ്പായും മൊസാദിന്റെ പേരുണ്ടാകും. കഷ്ടിച്ച് തൊണ്ണൂറു ലക്ഷത്തിനു താഴെ മാത്രം ജന സംഖ്യയുള്ള, ഇന്ത്യയുടെ നൂറ്റമ്പതില്‍ ഒന്ന് മാത്രം വലിപ്പമുള്ള, നമ്മുടെ കേരളത്തിന്റെ പാതിയോളം മാത്രം വരുന്ന ഇസ്രായേല്‍ എന്ന ജൂത രാജ്യത്തിന്റെ ചാരസംഘടന എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മാരകവും രഹസ്യസ്വഭാവമുള്ളതും ആയി കണക്കാക്കപ്പെടുന്നത് ? ഈ പറഞ്ഞുകേള്‍ക്കുന്നത്ര അമാനുഷിക പരിവേഷമുള്ള ഒന്നാണോ ഈ മൊസാദ്? പലരും ആക്ഷേപിക്കുന്നത് പോലെ ഇനി 'ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ ഉപദേശിക്കുന്നത്' പോലും മൊസാദ് ആണോ? മൊസാദ് എന്ന ഇസ്രായേലി ചാരസംഘടനയുടെ രഹസ്യപ്രവര്‍ത്തനങ്ങളുടെ കഥ, ലോകത്തിന്റെ ഏതു കോണിലും ചെന്ന് ഒരു പൂനുള്ളി യെടുക്കുന്ന ലാഘവത്തോടെ എതിരാളികളുടെ ജീവന്‍ അപഹരിക്കുന്ന ഈ ഹൈടെക്ക് കൊലയാളി സംഘത്തിന്റെ സീക്രട്ട് മിഷനുകളുടെ കഥ, അത് വല്ലാത്തൊരു കഥയാണ്.

ലോകത്തിലെ ഒരേയൊരു ജൂതരാഷ്ട്രമാണ് ഇസ്രായേല്‍. 1948 ല്‍ ഇസ്രായേല്‍ രൂപീകൃതമായി എന്ന പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ ജൂതര്‍ തങ്ങളുടെ ചുറ്റുപാടുമുള്ള ശത്രുക്കളെപ്പറ്റിയുള്ള 'ഇന്റലിജന്‍സ് വിവരങ്ങള്‍' ശേഖരിക്കാന്‍ വെവ്വേറെ സംഘങ്ങള്‍ രൂപീകരിച്ച് ചാരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.

1947-ല്‍ പലസ്തീനെ വിഭജിക്കാം എന്ന യുഎന്‍ പാര്‍ട്ടീഷന്‍ പ്ലാന്‍ വന്നതിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ തന്നെ നാല് ജൂതയുവാക്കള്‍ ജറുസലേമിന് ചുറ്റുമുള്ള അറബ് രാജ്യങ്ങളിലേക്ക് ഇന്റലിജന്‍സ് മിഷനുകളുമായി പറഞ്ഞയക്കപ്പെട്ടിരുന്നു. അറബ് രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ക്ക്, ജന്മം കൊണ്ട് ജൂതരാണെങ്കിലും അറബികളായി വളരെ എളുപ്പത്തില്‍ നടിക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങനെ ചെയ്ത് അവര്‍ ഈജിപ്റ്റ്, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിങ്ങനെ ഇസ്രായേലിന്റെ ശത്രുരാജ്യങ്ങളില്‍ നിന്നെല്ലാം ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചു. ഈ നാല്‍വര്‍ സംഘം സ്വയം വിളിച്ചത് 'മിസ്ത അര്‍വിം' അഥവാ' അഭിനവ അറബികള്‍' എന്നായിരുന്നു. 'സ്പൈസ് ഓഫ് നോ കണ്‍ട്രി' - സീക്രട്ട് ലൈവ്‌സ് അറ്റ് ദി ബര്‍ത്ത് ഓഫ് ഇസ്രായേല്‍ - എന്ന പുസ്തകം എഴുതിയ മാറ്റി ഫ്രീമാന്റെ അഭിപ്രായത്തില്‍ ഈ നാല്‍വര്‍സംഘത്തിന്റെ ചാരപ്രവര്‍ത്തനപാടവത്തിലാണ് മൊസാദ് എന്ന ഭാവിസംഘടനയുടെ ജനിതകം നമുക്ക് കണ്ടെടുക്കാനാവുക.

1948 മെയ് 14 -ന് ഇസ്രായേല്‍ രാജ്യം രൂപീകൃതമായി, ഇരുപത്തിനാലു മണിക്കൂറിനകം പലസ്തീനുമായി യുദ്ധവും പൊട്ടിപ്പുറപ്പെട്ടു. പലസ്തീനോട് ആറുമാസം യുദ്ധം ചെയ്തിട്ടാണ് ഇസ്രായേലിന് തങ്ങള്‍ പുതുതായി രൂപീകരിച്ച രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിഞ്ഞത്. ആ യുദ്ധത്തിനുശേഷമാണ് മൊസാദ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'മൊസാദ് മെര്‍ക്കാസി ലെ-മോദീന്‍ ഉലെ-തഫ്കിദിം മെയുഹാദിം' എന്ന ചാരസംഘടന രൂപീകൃതമാകുന്നത്. ഹിബ്രുവില്‍ അതിന്റെയര്‍ത്ഥം 'സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് എന്നായിരുന്നു. മൊസ്സാദിന് വലിയ ഗുണം ചെയ്തിരുന്ന ഒരു സാഹചര്യം അന്ന് ലോകത്ത് നിലവി ലുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹൂദര്‍ വേട്ടയാടപ്പെട്ടപ്പോള്‍ അവരില്‍ പലരും ലോകത്തിന്റെ പല ഭാഗത്തേക്കായി ചിതറിപ്പോയിരുന്നു. പ്രാണരക്ഷാര്‍ത്ഥം പലരും പല രാജ്യങ്ങളിലും ചെന്ന് അഭയം തേടിയിരുന്നു. ഈ ജൂതര്‍, അവരുടെ രാജ്യത്തിനും വംശത്തിനും വേണ്ടി നിരുപാധികം ചാരപ്പണി ചെയ്യാന്‍ തയ്യാറായിരുന്നു. ഇത് അന്നുമിന്നും മൊസ്സാദിന്റെ ഏറ്റവും വലിയ ബലമാണ്.

1947-ലെ ട്രൂമാന്‍ ഡോക്രൈനുശേഷം ലോകം ഈസ്റ്റേണ്‍ ബ്ലോക്കെന്നും വെസ്റ്റേണ്‍ ബ്ലോക്കെന്നും രണ്ടായി വിഭജിക്കപ്പെട്ട കാലം. അമേരിക്കയെ റഷ്യയുടെ ഏഴയലത്തുപോലും അടുപ്പിക്കാതിരുന്ന ആ കോള്‍ഡ് വാര്‍ കാലത്ത്, 1956 -ല്‍ സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നു. ആ പാര്‍ട്ടി കോണ്‍ഗ്രസില്‍  സഖാവ് നികിതാ ക്രൂഷ്‌ചേവ് കോമ്രേഡ് സ്റ്റാലിനെ അദ്ദേഹത്തിന്റെ ഭരണകാലത്തു നടന്ന ഗ്രേറ്റ് ടെറര്‍, ഗ്രേറ്റ് പര്‍ജ് എന്നൊക്കെ അറിയപ്പെട്ട ആറേഴുലക്ഷം മനുഷ്യരെ കശാപ്പുചെയ്ത കൊടുംക്രൂരതയുടെ പേരില്‍ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട്, ഒരു 'കൊലയാളി' എന്ന് പരസ്യമായി വിളിച്ചു കൊണ്ട്, നാലുമണിക്കൂര്‍ നീണ്ട ഒരു തീപ്പൊരി പ്രസംഗം നടത്തുന്നു. ആ രഹസ്യ പ്രസംഗത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ്, തങ്ങളുടെ പോളണ്ടിലെ സോഴ്സുകള്‍ വെച്ച് മൊസാദ് അതുപോലെ ചോര്‍ത്തിയെടുത്തു. അതിന്റെ ഒരു പകര്‍പ്പ് മൊസാദ് സിഐഎക്കും കൈമാറി.

മൊസാദിന്റെ കാര്യക്ഷമതയില്‍ അമേരിക്കയ്ക്ക് പൂര്‍ണബോധ്യം വരാന്‍ കാരണമായ ഒരു ഇന്റലിജന്‍സ് ഗാദറിങ് ആയിരുന്നു ആ റഷ്യന്‍ അഫയര്‍.

സ്ഥാപിതമായ സമയം തൊട്ട് നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണ് മൊസാദിനെ മുന്നോട്ട് നയിക്കുന്നത്. ഒന്ന് : ജൂതരെ ദ്രോഹിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, രണ്ട് : ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്ന സൈനിക ശക്തികളെ നിര്‍വീര്യമാക്കുക, മൂന്ന്: ഭീകരവാദം നടത്തുന്നവര്‍ക്കു നേരെ അതേ നാണയത്തില്‍ തിരിച്ചടി നല്കുക, നാല് : ജൂത അഭയാര്‍ത്ഥികളെ ഇസ്രായേലിന്റെ മണ്ണിലേക്കെത്തിക്കുക. ഇതുവരെ മൊസാദ് ചെയ്തിട്ടുള്ള എല്ലാ കൊലപാതകങ്ങളെയും ഈ നാലു തൊടുന്യായങ്ങളില്‍ ഏതിലെങ്കിലും കൊണ്ടു ചെന്നെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

എങ്ങനെയാണ് മൊസാദ് ഒരാളെ കൊല്ലുന്നത്?

മൊസാദ് പോലെ ഏറെ 'സോഫിസ്റ്റിക്കേറ്റഡ്' ആയ ഒരു ചാര സംഘടന ' ഒരാളെ കൊല്ലുക' എന്നത് ആള്‍ബലവും ആയുധശേഷിയും സാങ്കേതിക വിദ്യയും അടക്കമുള്ള ഒരുപാട് റിസോഴ്‌സുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു വന്‍ ഓപ്പറേഷനാണ്. അതിന് അതിന്റേതായ ഒരു പ്രോട്ടോക്കോള്‍ ഉണ്ട്. അതിന്റെ ആദ്യഘട്ടം എന്നു പറയുന്നത്, 'കൊല്ലേണ്ട വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുക', ആ ഒരു തീരുമാനം എടുക്കുക എന്നതാണ്. അങ്ങനെയൊരു നിര്‍ദ്ദേശം സാധാരണ വരിക, രാജ്യത്തിലെ ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നോ, മന്ത്രിസഭയില്‍ നിന്നോ ഒക്കെ ആവും.

പ്രോട്ടോക്കോളിന്റെ രണ്ടാമത്തെ ഘട്ടം, കൊലപാതകത്തിന്റെ ഒരു 'ഫീസിബിലിറ്റി സ്റ്റഡി' അഥവാ സാധ്യതാ പഠനമാണ്. ഒരാളെ കൊല്ലണം എന്നുറപ്പിച്ചു കഴിഞ്ഞാല്‍ മൊസാദ് ആദ്യം ചെയ്യുന്നത് അയാളെ ക്കുറിച്ച് രാജ്യത്തെ എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളും സമര്‍പ്പിച്ചിട്ടുള്ള ഇന്റല്‍ ഇന്‍പുട്ടുകള്‍ ഒരു ടേബിളില്‍ കൊണ്ടുവന്ന് അതിന്റെ അടിസ്ഥാനത്തില്‍ ഒരു 'സാധ്യതാപഠനം' നടത്തുകയാണ്. കൊല്ലാന്‍ ലോക്ക് ചെയ്ത ആളെ കൊല്ലുക സാധ്യമാണോ ? സാധ്യമാണെങ്കില്‍ അയാളെ എവിടെ വെച്ച്, എപ്പോള്‍, എങ്ങനെ, എന്ത് ആയുധം ഉപയോഗിച്ച് കൊല്ലുന്നതാണ് ഉത്തമം എന്നൊക്കെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. ഈ ഫീസിബിലിറ്റി സ്റ്റഡി കഴിഞ്ഞാല്‍ അതിന്റെ കണ്ടെത്തലുകള്‍ അവര്‍ വരാഷ് - VARASH എന്നു പേരായ രാജ്യത്തെ എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളുടെയും തലവന്മാര്‍ അംഗങ്ങ ളായ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഈ ഉന്നതാധികാര കമ്മിറ്റി പ്രസ്തുത ഓപ്പറേഷന് വേണ്ട എല്ലാവിധ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. പക്ഷേ ഈ കമ്മിറ്റിക്കും പ്രസ്തുത കൊലപാതകത്തിന് അന്തിമാനുമതി നല്‍കാനുള്ള അധികാരമില്ല. മൊസാദിന്റെ എല്ലാ കൊലപാതകങ്ങളും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ പുറത്താണ് നടപ്പിലാക്കപ്പെടുന്നത്.

പ്രധാനമന്ത്രിയില്‍ നിന്നുള്ള അന്തിമാനുമതി കിട്ടിക്കഴിഞ്ഞാല്‍ സംഗതി വീണ്ടും മൊസാദിന്റെ കോര്‍ട്ടിലേക്ക് വരും. ഈ ഘട്ടത്തിലാണ് മൊസാദിന്റെ അണ്ടര്‍ കവര്‍ ഓപ്പറേഷനല്‍ ബ്രാഞ്ച് ആയ സിസേറിയ (Caesarea) കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. സിസേറിയയുടെ പണി ടാര്‍ഗെറ്റിനെക്കുറിച്ചുള്ള 'റിയല്‍ ടൈം ഇന്റല്‍' ശേഖരിക്കലാണ്. ലഭ്യമായ എല്ലാ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി നടത്തപ്പെടുന്ന സര്‍വൈലന്‍സിലൂടെ വേണ്ടത്ര വിവരങ്ങള്‍ ഇരയെപ്പറ്റി കിട്ടിക്കഴിഞ്ഞാല്‍, അവിടെ നിന്ന് കാര്യങ്ങള്‍ ഈ സിസേറിയയുടെ തന്നെ ഒരു സ്‌പെഷ്യലൈസ്ഡ് പ്രൊഫഷണല്‍ കില്ലിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആയ 'കിഡോണ്‍' ലേക്ക് എത്തും. കിഡോണ്‍ എന്നുവെച്ചാല്‍ ഹീബ്രു വില്‍ 'ബയണറ്റ്' എന്നാണര്‍ത്ഥം. കിഡോണിന്റെ പരിശീലനം സിദ്ധിച്ച കൊലയാളികളാണ് 'വധം' ഗ്രൗണ്ട് ലെവലില്‍ നടപ്പിലാക്കി ആ കോവര്‍ട്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കുന്നത്.

 

 

സിക്‌സ് ഡേ വാര്‍

അറുപതുകളുടെ തുടക്കത്തോടെ തന്നെ ഈജിപ്തിലും സിറിയയിലും തങ്ങളുടെ കീ ഓപ്പറേറ്റിവ്‌സിനെ പ്രതിഷ്ഠിക്കാന്‍ ഇസ്രായേലിനു സാധിച്ചിരുന്നു. വുള്‍ഫ്ഗാങ് ലോട്ട്‌സ്, എലി കോഹന്‍ എന്നിങ്ങനെ പല പ്രസിദ്ധ ചാരന്മാരും മൊസാദിനുണ്ടായി. 1961 മുതല്‍ 1965 വരെ, അവര്‍ സിറിയയില്‍, ഈജിപ്തില്‍, ജോര്‍ദാനില്‍ നിന്നും ഒക്കെ വിലപ്പെട്ട പല ഇന്റലിജന്‍സ് വിവരങ്ങളും മൊസാദിന് കൈമാറി. ഇക്കൂട്ടത്തില്‍ എലികോഹന്‍ പിടിക്കപ്പെട്ടു തൂക്കിലേറ്റപ്പെടുന്നുണ്ടെങ്കിലും, അയാള്‍ വഴി കിട്ടിയ നിര്‍ണായകമായ ഇന്റലിജന്‍സ് വിവരങ്ങള്‍ പിന്നീട് യുദ്ധമുണ്ടായ സമയത്ത് ഇസ്രായേലിനെ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.

ഈ ഇന്റലിജന്‍സ് എങ്ങനെയാണ് ഇസ്രായേലിന് പ്രയോജനപ്പെട്ടത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇസ്രായേലും അയല്‍രാജ്യങ്ങളായ ജോര്‍ദാന്‍, സിറിയ, ഈജിപ്ത് എന്നിവരും തമ്മില്‍ നടന്ന 1967 -ലെ അതിനിര്‍ണായകമായ 'സിക്‌സ് ഡേ വാര്‍'. 1967 ജൂണ്‍ അഞ്ചിന് രാവിലെ ആയിരുന്നു ആ യുദ്ധം തുടങ്ങിയത്. മൊസാദ് നേരത്തെ ശേഖരിച്ചു നല്‍കിയ ഇന്റലിജന്‍സ് വിവരങ്ങളുടെ ബലത്തില്‍ അന്ന് രാവിലെ ഇസ്രായേലി വ്യോമസേന ഈജിപ്റ്റിനെതിരെ നടത്തിയ എയര്‍ സ്‌ട്രൈക്ക് വളരെ ഫലപ്രദമായിരുന്നു.

എന്തൊക്കെയാണ് ആ നിര്‍ണായകമായ വിവരങ്ങള്‍ എന്നല്ലേ ?

ഒന്ന് : രാവിലെ ഏഴരക്കും എട്ടിനും ഇടയില്‍ ഈജിപ്ഷ്യന്‍ റഡാര്‍ ഓപ്പറേറ്റര്‍മാര്‍ അവരുടെ ഷിഫ്റ്റിന്റെ അവസാനത്തോടടുക്കും.

രണ്ട് : ആ സമയത്ത് അവര്‍ പൊതുവേ ക്ഷീണിതരായിരിക്കും.

മൂന്ന് : എയര്‍ ക്രൂ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന സമയമാണത്.

നാല് : വിമാനങ്ങള്‍ മെയിന്റനന്‍സ് എഞ്ചിനീയര്‍മാരുടെ ഇന്‍ സ്‌പെക്ഷന്‍ കാത്ത് ഹാങ്ങറുകളില്‍ വിശ്രമിക്കുകയാവും.

അഞ്ച് : ഈ സമയത്ത് മിക്കവാറും സൈനിക ജനറല്‍മാരും കെയ്‌റോയിലെ ട്രാഫിക്കില്‍ കുടുങ്ങി കിടക്കുന്ന നേരമാണ്. ഒരു രാജ്യ ത്തെ ആക്രമിക്കണം എന്നുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്, ഇതിലും നല്ലൊരു ടൈം വിന്‍ഡോ വേറെ ഉണ്ടാവുമോ?

ആക്രമണം തുടങ്ങി വെറും മൂന്നേ മൂന്നു മണിക്കൂര്‍ നേരം കൊണ്ട് ഇസ്രായേല്‍ അന്ന് ഈജിപ്റ്റിന് ആകെ ഉണ്ടായിരുന്ന 340 പോര്‍ വിമാനങ്ങളില്‍ 300 എണ്ണവും ബോംബിട്ടു തകര്‍ത്തു കളഞ്ഞു. അങ്ങനെ, തിരിച്ചൊരു വ്യോമാക്രമണത്തിനുള്ള ഈജിപ്തിന്റെ ശേഷി തച്ചുടച്ച ശേഷം ആകാശത്ത് റോന്തുചുറ്റി നടന്നു ഈജിപ്തിന്റെ സകല സൈനിക സംവിധാനങ്ങളെയും ഇസ്രായേലി പോര്‍വിമാനങ്ങള്‍ ഒന്നൊന്നായി ബോംബിട്ടു നശിപ്പിച്ചു. ഒരു ലക്ഷത്തോളം വരുന്ന ഈജി പ്ഷ്യന്‍ സൈന്യത്തെ വെറും നാലു ദിവസം കൊണ്ട് ഇസ്രായേല്‍ നിലംപരിശാക്കി. സിറിയന്‍ സൈന്യത്തെയും അതേ വേഗത്തില്‍ തന്നെ ഇസ്രായേല്‍ തറപറ്റിച്ചു. അഞ്ചാം ദിവസം അവര്‍ ഗോലാന്‍ കുന്നുകള്‍ക്കുമേല്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. സിക്‌സ് ഡേ വാറി ലെ ഇസ്രായേലിന്റെ വിജയത്തിന്റെ പ്രധാന കാരണം മൊസാദ് ശേഖരിച്ച ഇന്റലിജന്‍സ് വിവരങ്ങള്‍ തന്നെയായിരുന്നു.

ഫസ്റ്റ് കോവര്‍ട്ട് ഓപ്പറേഷന്‍

ഇസ്രായേലിന് പുറത്തുവെച്ച് നടക്കുന്ന മൊസാദിന്റെ ആദ്യത്തെ കോവര്‍ട്ട് ഓപ്പറേഷന്‍ മുന്‍ നാസി ജനറല്‍ അഡോള്‍ഫ് ഐഖ്മാനെ അന്വേഷിച്ചു കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത്, ഹിറ്റ് ലറുടെ 'ഫൈനല്‍ സൊല്യൂഷ ന്‍' അപ്പടി പിന്തുടര്‍ന്ന് ലക്ഷക്കണക്കിന് പേരെ ഗ്യാസ് ചേമ്പറുകളിലേക്ക് കശാപ്പിനയക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചത് ജനറല്‍ ഐ ഖ്മാന്‍ നേരിട്ടായിരുന്നു.

ണ്ടാം ലോകമഹായുദ്ധം അവസാനിച്ച സമയത്ത് യൂറോപ്പില്‍ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ മുതലെടുത്ത് ഐഖ്മാന്‍ സൂത്രത്തില്‍ ജര്‍മനിയില്‍ നിന്ന് കടന്നുകളഞ്ഞു. ലോകത്തിലെ ഒരു ചാര സംഘടനയുടെയും പോലീസിന്റെയും കണ്ണില്‍പ്പെടാതെ അയാള്‍ ജനക്കൂട്ടത്തിലേക്ക് അലിഞ്ഞു ചേര്‍ന്നു. അടുത്ത പതിനഞ്ചു വര്‍ഷം അയാളെപ്പറ്റി ആരും ഒന്നുമറിഞ്ഞില്ല. ലോകം മുഴുവനുമുള്ള രഹസ്യ പോലീസ് സേനകള്‍ ഐഖ്മാനെ വിചാരണ ചെയ്യാന്‍ വേണ്ടി തിരഞ്ഞു കൊണ്ടിരിക്കെ അയാള്‍ റിച്ചാര്‍ഡ് ക്ലെമന്റ് എന്ന കള്ളപ്പേരില്‍ അര്‍ജന്റീനയിലേക്ക് കടന്നിട്ടുണ്ടായിരുന്നു. പതിനഞ്ചു വര്‍ഷത്തിനു ശേ ഷം ഐഖ്മാനെ മൊസാദിന്റെ ചാരക്കണ്ണുകള്‍ തപ്പിപ്പിടിച്ചു. അയാള്‍ അര്‍ജന്റീനയിലുണ്ട് എന്ന് കണ്ടെത്തിയ ശേഷം മൊസാദ് ഒരു എട്ടംഗ സംഘത്തെ പറഞ്ഞയച്ച് ആരുമറിയാതെ അയാളെ അവിടെ നിന്ന് പൊക്കി. മൊസാദിന് വേണമെങ്കില്‍ അവിടെ വെച്ച് തന്നെ ഐഖ്മാനെ തട്ടാമായിരുന്നു. അതായിരുന്നു സേഫ്. പക്ഷേ ഐഖ്മാനെ തങ്ങ ളുടെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ച് വിചാരണ ചെയ്യുക എന്നത് മൊസാദ് ഒരു അഭിമാന പ്രശ്നമായി എടുത്ത ഒന്നായിരുന്നു. അതിനു വേണ്ടി അര്‍ജന്റൈന്‍ മണ്ണിലേക്ക് തങ്ങളുടെ സ്‌ക്വാഡിനെ പറഞ്ഞയച്ച്, രാജ്യത്തെ രഹസ്യപോലീസിന്റെയും ഇമിഗ്രേഷന്റെയും ഒക്കെ കണ്ണ് വെട്ടിച്ച്, ഒരു ഇസ്രായേലി എയര്‍ലൈന്‍ ഫ്‌ലൈറ്റ് അറ്റന്‍ ഡന്റിന്റെ വേഷം കെട്ടിച്ച് അവര്‍ ജനറല്‍ ഐഖ്മാനെ തിരികെ ഇസ്രായേലിലേക്ക് കടത്തി. ഐഖ്മാനെ മൊസാദ് അര്‍ജന്റീനിയില്‍ വെച്ച് പിടികൂടി അതിരഹസ്യമായി കടത്തി തിരികെ ടെല്‍ അവീവില്‍ എത്തിച്ചു എന്ന വാര്‍ത്ത അടുത്ത ദിവസം ലോകമറിഞ്ഞതോടെ അത് മാധ്യമങ്ങളില്‍ വലിയ സംഭവമായി. എട്ടുമാസം നീണ്ടുനിന്ന വിചാരണക്കുശേഷം ഇസ്രായേല്‍ ജനറല്‍ ഐഖ്മാനെ തൂക്കിക്കൊന്നു. ഈ ഒരു 'Clandestine' ഓപ്പറേഷന്‍ അന്താരാഷ്ട്ര തലത്തില്‍ മൊസാദിന്റെ ഖ്യാതി ഏറെ വര്‍ധിപ്പിച്ച ഒന്നാണ്.

ഓപ്പറേഷന്‍ ഡയമണ്ട്

അറുപതുകളില്‍ ഇസ്രായേല്‍ നടത്തിയ മറ്റൊരു സീക്രട്ട് ഓപ്പ റേഷനാണ് ഓപ്പറേഷന്‍ ഡയമണ്ട്. അന്ന് ഇസ്രായേലിന്റെ ശത്രു രാജ്യങ്ങള്‍ ഒക്കെ ഉപയോഗിച്ചിരുന്നത് റഷ്യന്‍ നിര്‍മിത മിഗ് വിമാന ങ്ങളായിരുന്നു. ഇസ്രായേല്‍ ഉപയോഗിച്ചിരുന്നതാവട്ടെ ഫ്രഞ്ച് മെയ്ഡ് മിറാഷ് വിമാനങ്ങളും. മിഗ് 21 വിമാനങ്ങളുടെ ശേഷിയും ദൗര്‍ ബല്യവും തങ്ങളുടെ പൈലറ്റുകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഒരു മിഗ് വിമാനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ഓപ്പറേഷന്‍ ഡയമണ്ട് നടത്തപ്പെട്ടത്. ഈ ലക്ഷ്യം വെച്ച് 1966 ഓഗസ്റ്റില്‍ ഇറാഖി എയര്‍ഫോഴ്‌സിലെ ഒരു പൈലറ്റിനെ ഇസ്രായേലിന്റെ പക്ഷത്തേക്ക് ചാടിച്ച്, അയാളെ Defect ചെയ്യിച്ച്, ഇറാഖി എയര്‍ ഫോഴ്സിന്റെ ഒരു മിഗ് 21 വിമാനം ഇസ്രായേലിലേക്ക് പറത്തി കൊണ്ടുവന്ന് അവിടെ ലാന്‍ഡ് ചെയ്യിച്ചു മൊസാദ്. അതിനുശേഷം ഇസ്രായേലി ടെസ്റ്റ് പൈലറ്റുകളെക്കൊണ്ട് ഈ മിഗ് 21 വിമാനം പറത്തിച്ച്, വളരെ അമൂല്യമായ കുറെയധികം സാങ്കേതി കവിവരങ്ങള്‍ മൊസാദ് സംഘടിപ്പിച്ചു. ഇങ്ങനെ മിഗ് ഫൈറ്റര്‍ ജെറ്റുകളെപ്പറ്റി ശേഖരിച്ച ഇന്റലിജന്‍സ് ഇസ്രായേലിന് അടുത്തവര്‍ഷം ജൂണില്‍ നടന്ന സിക്‌സ് ഡേ വാറില്‍ പ്രയോജനപ്പെട്ടു. അന്ന് ഗോലാന്‍ കുന്നുക ള്‍ക്കു മുകളിലൂടെ നടന്ന ആകാശപ്പോരാട്ടത്തില്‍ ഇസ്രായേലി വ്യോമ സേന തങ്ങളുടെ ഒരു മിറാഷ് വിമാനം പോലും നഷ്ടപ്പെടുത്താതെ തകര്‍ത്തിട്ടത് ആറു സിറിയന്‍ മിഗ് വിമാനങ്ങള്‍ ആയിരുന്നു.

ഓപ്പറേഷന്‍ ഗോഡ്‌സ് റാത്ത്

അടുത്ത ഓപ്പറേഷന്‍ നടന്നത് 1972 ലായിരുന്നു. പിഎല്‍ഒയുടെ മിലിറ്റന്റ് ഫോഴ്സ് ആയ 'ബ്ലാക്ക് സെപ്റ്റംബര്‍ ഓര്‍ഗനൈസേഷ'ന്റെ തീവ്രവാദികള്‍ 1972 സെപ്റ്റംബര്‍ അഞ്ചിന് മ്യൂണിക്ക് ഒളിമ്പിക്‌സ് വില്ലേജിലെ ഇസ്രായേലി കായിക താരങ്ങള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് സായുധരായി നുഴഞ്ഞു കയറി. രാവിലെ നാലരമണിക്ക്, വില്ലേജ് ഉറങ്ങിക്കിടക്കുന്ന സമയത്ത് എട്ടു തീവ്രവാദികള്‍ വില്ലേജിന്റെ രണ്ടരമീറ്റര്‍ ഉയരമുള്ള മതില്‍ ചാടി അകത്തുകടന്നു. രണ്ടു കായിക താരങ്ങളെ അവിടെവെച്ചു വെടിവെച്ചു കൊന്നശേഷം തീവ്രവാദികള്‍ ബാക്കി ഒമ്പതു പേരെ ബന്ദികളാക്കി.

അതിനുശേഷം ജര്‍മന്‍ ഗവണ്‍മെന്റുമായി തീവ്രവാദികള്‍ വില പേശല്‍ തുടങ്ങി. ഇസ്രായേലി ജയിലുകളില്‍ അടയ്ക്കപ്പെട്ടിട്ടുള്ള 200 പലസ്തീനികളെ വിട്ടയക്കുക, തങ്ങളെ സുരക്ഷിതരായി രാജ്യം വിടാന്‍ അനുവദിക്കുക എന്നൊക്കെയുള്ള ബ്ലാക്ക് സെപ്റ്റംബറിന്റെ ആവശ്യം ജര്‍മന്‍ സര്‍ക്കാര്‍ സമ്മതിച്ചു. ആ ധാരണപ്പുറത്ത് ബന്ദികളെയും എട്ടു തീവ്രവാദികളെയും ഹെലികോപ്റ്ററില്‍ കയറ്റി മ്യൂണിക്കില്‍ സൈനിക വിമാനത്താവളത്തില്‍ എത്തിച്ചു. പക്ഷേ അവിടെ തീവ്രവാദി കളെ കാത്തിരുന്നത് ഓപ്പറേഷന് തയ്യാറായ കമാന്‍ഡോകള്‍ ആയി രുന്നു. വന്നിറങ്ങിയത് ഒരു ചക്രവ്യൂഹത്തിലേക്കാണ് എന്ന് തിരിച്ച റിഞ്ഞ നിമിഷം ബ്ലാക്ക് സെപ്റ്റംബര്‍ തീവ്രവാദികള്‍ തങ്ങളുടെ കസ്റ്റ ഡിയിലുണ്ടായിരുന്ന ഒമ്പതു ഇസ്രായേലി കായികതാരങ്ങളെയും വെടി വെച്ചു കൊന്നു. പിന്നീട് ജര്‍മന്‍ കമാന്‍ഡോകള്‍ തീവ്രവാദികളെയും കൊന്നുവെങ്കിലും ഒരു ബന്ദിയെപ്പോലും ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിയാതെ പോയ ആ ജര്‍മന്‍ കമാന്‍ഡോ ഓപ്പറേഷന്‍ ഒരു വന്‍ പരാ ജയമായിരുന്നു.

ഒളിമ്പിക്‌സ് വില്ലേജിലെ ഈ ആക്രമണം ഇസ്രായേലില്‍ വലിയ ജന രോഷത്തിനു കാരണമായി. ഇതേ നാണയത്തില്‍ പ്രതികാരം ചെയ്യണം എന്ന തീരുമാനം ഇസ്രായേലില്‍ ഗവണ്മെന്റ് തലത്തില്‍ തന്നെ ഉണ്ടായി. അന്നത്തെ പ്രധാനമന്ത്രി ഗോള്‍ഡ മേയര്‍ അധ്യക്ഷയായി, അതിനുവേണ്ടി 'കമ്മിറ്റി എക്‌സ്' രൂപീകരിച്ചു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി മോഷെ ഡയാനും അതില്‍ അംഗമായിരുന്നു. പ്രതികാരം വീട്ടാനുള്ള പണി ഈ കമ്മിറ്റി ഏല്‍പ്പിച്ചത് അന്ന് മൊസാദിനെ ആയിരുന്നു. മൊസാദ് അത് നടത്താന്‍ വേണ്ടി മൈക്കല്‍ ഹറാരിയുടെ നേതൃത്വത്തില്‍ നിരവധി ഹിറ്റ് സ്‌ക്വാഡുകള്‍ ഉണ്ടാക്കി. ആ ഓപ്പറേഷന് അവരിട്ട പേര് 'ഓപ്പറേഷന്‍ ഗോഡ്‌സ് റാത്ത്' അഥവാ ഓപ്പറേഷന്‍ 'ദൈവ കോപം' എന്നായിരുന്നു.

ആദ്യത്തെ ഹിറ്റ് നടന്നത് 1972 ഒക്ടോബര്‍ 16 -നാണ്. ഇറ്റലിയി ലെ പിഎല്‍ഒ പ്രതിനിധിയും ബ്ലാക്ക് സെപ്റ്റംബര്‍ ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെട്ടിരുന്ന വ്യക്തിയുമായ വായേല്‍ സവൈറ്റര്‍ മൊസാദിന്റെ ഹിറ്റസ്‌ക്വാഡിനാല്‍ റോമില്‍ വെച്ച് വധിക്കപ്പെട്ടു. സവൈറ്റരുടെ ദേഹത്ത് പന്ത്രണ്ടു വെടിയുണ്ടകള്‍ നിക്ഷേപിച്ച് അയാള്‍ മരിച്ചു എന്നുറപ്പിച്ച ശേഷമാണ് അന്ന് ആ മൊസാദ് സംഘം സ്ഥലം വിട്ടത്. ഒരാളെപ്പോലും പിടിക്കാന്‍ അന്ന് ഇറ്റാലിയന്‍ പോലീസിന് കഴിഞ്ഞില്ല. മ്യൂണിക്കില്‍ ആക്രമണം നടന്ന് ഒരൊറ്റ വര്‍ഷത്തെ ഗ്യാപ്പില്‍ അന്ന് ബ്ലാക്ക് സെപ്റ്റംബറുമായി ബന്ധമുണ്ടെന്ന് മൊസാദ് കണ്ടെത്തിയ പത്തു പലസ്തീനി പൗരന്മാരെ ഇതുപോലെ അവര്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ ചെന്ന് തിരഞ്ഞു പിടിച്ച് ഒന്നൊന്നായി വധി ച്ചു. സംഭവബഹുലമായ ഈ ഓപ്പറേഷനെപ്പറ്റി സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ് 2005 -ല്‍ അദ്ദേഹത്തിന് നിരവധി അക്കാദമി അവാര്‍ഡ് നോമിനേഷ ന്‍സ് നേടിക്കൊടുത്ത മ്യൂണിക്ക് എന്നൊരു സിനിമ സംവിധാനം ചെയ്യു കയുണ്ടായി.

ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്

അടുത്ത ഓപ്പറേഷന്‍ നടക്കുന്നത് 1976 -ലാണ്. അതാണ് ഓപ്പറേഷന്‍ തണ്ടര്‍ ബോള്‍ട്ട് എന്ന് പിന്നീട് അറിയപ്പെട്ട സംഭവം. ജൂണ്‍ 27ന് ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നും പാരീസിലേക്ക്  248 യാത്രക്കാരെയും കൊണ്ട് പറന്നുയര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനം A300 പലസ്തീന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ പലസ്തീന്‍ ലിബറേഷന്‍' എന്ന തീവ്രവാദ സംഘടനയിലെ നാലു തീവ്രവാദികള്‍ ചേര്‍ന്നു ഹൈജാക്ക് ചെയ്തു. വിമാനം അവര്‍ കൊണ്ടു ചെന്നിറക്കിയത് ഉഗാണ്ടയിലെ എന്റെബ്ബെ വിമാനത്താവളത്തി ലായിരുന്നു.

അന്ന് ഈദി അമീന്‍ എന്ന കുപ്രസിദ്ധ സ്വേച്ഛാധിപതി ഉഗാണ്ട അടക്കിവാഴുന്ന കാലമാണ്. പലസ്തീനോട് പ്രതിപത്തി പുലര്‍ത്തിയിരുന്ന ഈദി അമീന്റെ നാടായ ഉഗാണ്ടയിലേക്ക്, അതിന്റെ തല സ്ഥാനമായ എന്റെബ്ബെയിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോ ടെയാണ് തീവ്രവാദികള്‍ വിമാനം ലാന്‍ഡ് ചെയ്യിച്ചത്. അടുത്ത ദിവസം, അതായത് ഇരുപത്തെട്ടാം തീയതി തീവ്രവാദികള്‍ അവരുടെ ആവശ്യങ്ങള്‍ ഈദി അമീന്‍ വഴി പുറംലോകത്തിന് കൈമാറി. ഇസ്രായേലി സൈന്യം തടവിലിട്ടിരിക്കുന്ന അവരുടെ സഹ തീവ്രവാദികളെ മോചിപ്പിക്കണം. ഒപ്പം അഞ്ചു മില്യണ്‍ അമേരിക്കന്‍ ഡോളറും അവര്‍ ക്ക് കൈമാറണം. ജൂലൈ ഒന്നിന് മുമ്പ് അത് നടന്നില്ലെങ്കില്‍ വിമാനത്തിലുള്ള യാത്രക്കാരെ ഒന്നടങ്കം വെടിവെച്ചു കൊന്നുകളയും എന്നായി രുന്നു ഭീഷണി. ഇരുപത്തൊമ്പതാം തീയതി തീവ്രവാദികള്‍ തങ്ങളുടെ ബന്ദികളെ ഇസ്രായേലികള്‍ എന്നും അല്ലാത്തവരെന്നും രണ്ടായി വേര്‍തിരിക്കുന്നു. മുപ്പതാം തീയതി അവര്‍ ഇസ്രായേലികള്‍ അല്ലാത്ത കൂട്ടത്തില്‍ നിന്നും മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന 48 പേരെ തെരഞ്ഞെടുത്ത് മോചിപ്പിക്കുന്നു.

സമാധാന പൂര്‍ണ്ണമായ ബന്ദി മോചനശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ ഇസ്രായേല്‍ തങ്ങളുടെ 'പ്ലാന്‍ ബി' നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഏറെ ദുഷ്‌കരമായ ആ രക്ഷാദൗത്യത്തിന് അവര്‍ നല്‍കിയ പേര് 'ഓപ്പറേഷന്‍ തണ്ടര്‍ ബോള്‍ട്ട്' എന്നായിരുന്നു. ഇസ്രായേലില്‍ നിന്ന് ഏതാണ്ട് 5000 കിലോമീറ്റര്‍ അകലെയാണ് ഉഗാണ്ട. ആരുമറിയാതെ അവിടെ ചെന്ന് ഒരു കമാന്‍ഡോ ഓപ്പറേഷന്‍ നടത്തുക ഏറെ കുറെ അസാധ്യമായ ഒരു ദൗത്യമായിരുന്നു.

ഈ നിര്‍ണായക ഓപ്പറേഷന്‍ അന്ന് ഏറ്റെടുത്ത് നടത്തിയത് മൊസാദ് ആയിരുന്നു. ലെഫ്റ്റനന്റ് കേണല്‍ ജോഷ്വാ സാനി ആയിരുന്നു ഓപ്പറേഷന്റെ കമാണ്ടര്‍. മൊസാദിന്റെ കയ്യില്‍ അന്ന് എന്റെബ്ബെ എയര്‍പോര്‍ട്ടിനെപ്പറ്റി ഒരു രഹസ്യവിവരങ്ങളും ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടിന്റെ ബ്ലൂപ്രിന്റോ തീവ്രവാദികള്‍ എവിടെയാണ് ഹോസ്റ്റേജുകളെ തടഞ്ഞു വെച്ചിരിക്കുന്നതെന്ന വിവരമോ ആ കെട്ടിടത്തില്‍ എന്തുമാത്രം സ്ഫോടക വസ്തുക്കളുണ്ട് എന്നോ ഒന്നും അറിയില്ലായി രുന്നു അവര്‍ക്ക്. തങ്ങള്‍ക്ക് എന്റെബ്ബെ എയര്‍പോര്‍ട്ടിനെ സംബന്ധി ച്ചുള്ള ഇന്റലിജന്‍സ് അവ്യക്തത മൊസാദ് മറികടന്നത് 'സൊലെല്‍ ബോനെ' എന്ന ഇസ്രായേലി വേരുകളുള്ള ഒരു കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ സഹായത്തോടെയാണ്. അവരായിരുന്നു എന്റെബ്ബെ എയര്‍പോര്‍ട്ട് ഡിസൈന്‍ ചെയ്തതും നിര്‍മ്മിച്ചതും. ആ കമ്പനി തങ്ങളുടെ അതേ പ്രോജക്റ്റ് ടീമിനെ വിളിച്ചുവരുത്തി ചുരുങ്ങിയ സമയത്തിനു ള്ളില്‍ മൊസാദിന് വേണ്ടി എന്റെബ്ബെ എയര്‍പോര്‍ട്ടിന്റെ ഒരു ചെറിയ റിപ്ലിക്ക തന്നെ ഉണ്ടാക്കികൊടുത്തു. അതുവെച്ചാണ് അവര്‍ ആ കമാന്‍ ഡോ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്.

തീവ്രവാദികള്‍ ആദ്യം 48 പേരെ റിലീസ് ചെയ്‌തെന്നു പറഞ്ഞിരു ന്നല്ലോ. അക്കൂട്ടത്തില്‍ ഒരു ഫ്രഞ്ച്-ജൂയിഷ് പശ്ചാത്തലമുള്ള റിട്ടയേഡ് മിലിട്ടറി ഓഫീസറുമുണ്ടായിരുന്നു. തന്റെ സ്പെഷ്യല്‍ സര്‍വീസസ് ട്രെയിനിങ്ങിന്റെ ബലത്തില്‍ അദ്ദേഹം വിമാനത്തില്‍ ഉണ്ടായിരുന്ന തീവ്രവാദികളെപ്പറ്റിയും അവരുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളെ പ്പറ്റിയും ബന്ദികളെ എന്റെബ്ബെ എയര്‍പോര്‍ട്ടില്‍ ഏത് കെട്ടിടത്തി ലാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതിനെ പറ്റിയുമുള്ള വളരെ സൂക്ഷ്മമായ, നിര്‍ണായകമായ വിവരങ്ങള്‍ മൊസാദിന് കൈമാറി.

അങ്ങനെ വേണ്ടത്ര ഇന്റലിജന്‍സ് ശേഖരിച്ചുകഴിഞ്ഞപ്പോള്‍, മൊസാദിന്റെ സംഘം എന്റെബ്ബെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈജിപ്തിലെ 'ഷം അല്‍ ഷെയ്ക്കി'ല്‍ നിന്നും പറന്നുയര്‍ന്ന രണ്ടു C130 കാര്‍ഗോ വിമാനങ്ങളെ രണ്ടു ബോയിങ്ങ് 707 വിമാനങ്ങളും അനുഗമിച്ചു. ജിബൂട്ടിക്കടുത്തുവെച്ച് തിരിഞ്ഞ് ആഫ്രിക്കന്‍ വന്‍കരയിലേക്ക് കേറിയ വിമാനങ്ങള്‍ കെനിയയിലെ നെയ്റോബിയിലൂടെ സൊമാലിയ -എത്യോപ്യ വഴി ആഫ്രിക്കന്‍ റിഫ്റ്റ് താഴ്വരയിലൂടെ സഞ്ചരിച്ച് പതുക്കെ ആ സംഗമം വിക്ടോറിയാ തടാകത്തിനു മുകളിലൂടെ ആരുമറിയാതെ എന്റെ ബ്ബെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.

അതൊരു മിന്നല്‍ ആക്രമണമായിരുന്നു. കാര്‍ഗോ വിമാനം ലാന്‍ഡ് ചെയ്തതും അതിന്റെ വാതിലുകള്‍ തുറന്നതും ഒക്കെ ഒന്നിച്ചായിരുന്നു. ഒരു നിമിഷം കൊണ്ട് അതില്‍ നിന്നും ഈദി അമീന്റെ വാഹനവുമായി സാമ്യമുള്ള ഒരു മെഴ്സിഡസ് ബെന്‍സും പിന്നെ അദ്ദേഹത്തിന്റെ അകമ്പടി വാഹനങ്ങളുമായി സാമ്യമുള്ള ലാന്‍ഡ് റോവറുകളും കൊണ്ട് മൊസാദ് കമാന്‍ഡോകള്‍ റണ്‍വേയിലേക്ക് ഇറങ്ങി. ഏകദേശം നൂറു പേരായിരുന്നു അന്ന് മൊസാദിന്റെ ആ ടീമില്‍ ഉണ്ടായിരുന്നത്. ഇറങ്ങിയ ഉടനെ അവര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞു. ഒരു ടീം 'ഓവറോള്‍ കമാന്‍ഡ്' ആയി ഗ്രൗണ്ട് സ്റ്റേഷനില്‍ തന്നെ നിന്നു. രണ്ടാമത്തെ ടീം  'അസോള്‍ട്ട്' ഏറ്റെടുത്തു. മൂന്നാമതൊരു ടീം 'റെസ്‌ക്ക്യൂ'വിനും മേല്‍നോട്ടം വഹിച്ചു. 'അസാള്‍ട്ട്' ടീം മുന്‍കൂട്ടി ശേഖരിച്ചിരുന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായി ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടം ലക്ഷ്യമാക്കിത്തന്നെ കുതിച്ചു.

കെട്ടിടത്തിലേക്ക് കടന്ന കമാന്‍ഡോ സംഘം  ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ ഉള്ളില്‍ കടന്നയുടനെ ബന്ദികള്‍ എല്ലാവരോടും നിലത്തു കിടക്കാന്‍ ഹീബ്രുവില്‍ ഉറക്കെ വിളിച്ചുപറഞ്ഞു. പിന്നെ നടന്നത് തീ പാറുന്ന വെടിവെപ്പായിരുന്നു. അതില്‍ ഒരു ഇസ്രായേലി കമാന്‍ഡോ, പിന്നീട് ഇസ്രായേല്‍ പ്രധാനമന്ത്രി ആയ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ യോനാഥന്‍ നെതന്യാഹു കൊല്ലപ്പെട്ടു. ആകെയുണ്ടായിരുന്ന 106 ബന്ദികളില്‍ നാല് പേരെ ഒഴിച്ച് ബാക്കി എല്ലാവരെയും ജീവനോടെ അവിടെ നിന്നും രക്ഷിച്ചുകൊണ്ട് പോവാന്‍ ഇസ്രായേലി കമാന്‍ഡോ സംഘത്തിന് കഴിഞ്ഞു. പത്തു പേര്‍ക്ക് അത്ര സാരമല്ലാത്ത പരിക്കുകള്‍ പറ്റി. രക്ഷപ്പെടുത്തിയ യാത്രക്കാരെയും കൊണ്ട് അവര്‍ നേരെ നെയ്റോബിയിലേക്ക് പറന്നു.

ഈ ഒരു ഓപ്പറേഷനും അന്താരാഷ്ട്ര തലത്തില്‍ മൊസാദിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തി. സാറ ബ്ലോച്ച് എന്ന 74 വയസ്സുകാരിയായ ഒരു പാസഞ്ചര്‍ ബന്ദിയാക്കപ്പെട്ട അന്ന് തന്നെ സുഖമില്ലാതെ എന്റെബ്ബെയിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ടായിരുന്നു. അവരെയും സംഘത്തിന് രക്ഷിക്കാന്‍ പറ്റിയില്ല. ഈ ഓപ്പ റേഷന്‍ നടന്നതിന്റെ അടുത്ത ദിവസം കുപിതനായ ഈദി അമീന്‍ നേരിട്ട് ആശുപത്രിയില്‍ ചെന്ന് അവരെ വെടിവെച്ചു കൊന്നുകളഞ്ഞു.

ജെറാഡ് ബുള്ളിന്റെ കൊലപാതകം

മൊസാദിന്റെ അടുത്ത പ്രധാന കൊലപാതകം കനേഡിയന്‍ പ്രതിരോധ ശാസ്ത്രജ്ഞനായ ജെറാഡ് ബുള്ളിന്റേതാണ്. ഹൊവിറ്റ്സര്‍ പോലുള്ള ലോങ്ങ് റേഞ്ച് ആര്‍ട്ടിലറി ഗണ്ണുകള്‍ വികസിപ്പിച്ചെടുക്കല്‍ ആയിരുന്നു ബുള്ളിന്റെ  Expertise. ബുള്‍ നിര്‍മിച്ച റേഞ്ച് കൂടിയ പീരങ്കികള്‍ വാങ്ങാന്‍ അന്ന് സദ്ദാം ഹുസ്സൈന്‍ തയ്യാറായി. ഒപ്പം, തനിക്കു വേണ്ടി സ്‌കഡ് മിസൈലുകള്‍ വികസിപ്പിച്ചു നല്‍കാനും സദ്ദാം ബുള്ളി നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്താല്‍ അങ്ങ് ഇസ്രായേല്‍ വരെ എത്തുന്ന മിസൈലുകള്‍ സദ്ദാമിന്റെ ആവനാഴിയില്‍ എത്തുമായി രുന്നു. സദ്ദാമിന്റെ ഓഫര്‍ സ്വീകരിക്കരുതെന്ന് കാണിച്ച് മൊസാദ് കൊടുത്ത മുന്നറിയിപ്പ് ബുള്‍ അവഗണിച്ചു. 1990 മാര്‍ച്ച് 20 -ന് ബെല്‍ ജിയത്തിലെ ബ്രസല്‍സില്‍ ഉള്ള തന്റെ അപ്പാര്‍ ട്ട്മെന്റില്‍ വെച്ച് ജെറാഡ് ബുള്ളിനെ മൊസാദിന്റെ ഹിറ്റ് സ്‌ക്വാഡ് വെടിവെച്ചു കൊന്നു.

പരാജയങ്ങളുടെ കഥ

മൊസാദ് നടത്തി വിജയിപ്പിച്ച ഓപ്പറേഷനുകളെപ്പറ്റി പറയുന്ന കൂട്ടത്തില്‍ തന്നെ എടുത്തു പറയേണ്ടതാണ് മൊസാദിന് പറ്റിയ അബദ്ധങ്ങളുടെയും അതിന്റെ പ്രതിച്ഛായയില്‍ ഉണ്ടായ തകര്‍ച്ചകളു ടെയും കഥ. എഴുപതുകള്‍ മൊസാദിന്റെ ശോഭ കെടുത്തിയ വര്‍ഷങ്ങളായിരുന്നു. 1973 -ല്‍ ഇസ്രായേലിന് നേര്‍ക്ക് ഈജിപ്തും സിറിയയും ചേര്‍ന്നു നടത്തിയ അപ്രതീക്ഷിത ആക്രമണം മുന്‍കൂട്ടി കാണാന്‍ മൊസാദിന് സാധിച്ചില്ല. തുടര്‍ന്നുണ്ടായ യോം കിപ്പുര്‍ യുദ്ധം അവര്‍ക്ക് ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കി. എണ്‍പതുകളിലും മൊസാദിനുള്ള രാഷ്ട്രീയ വും ജനകീയവുമായ പിന്തുണ ക്ഷയിച്ചുവന്നു. ഇന്‍തിഫാദക്കും ഹമാസി നും പലസ്തീനും എതിരെ പൊരുതാന്‍ എന്ന പേരില്‍ മൊസാദ് രംഗ ത്തിറക്കിയ ചെറി എന്നും സാംസണ്‍ എന്നും പേരുള്ള രണ്ടു കോവര്‍ട്ട് ഗ്രൂപ്പുകള്‍ ജെറുസലേമിലും പരിസരത്തും നടത്തുന്നത് കടുത്ത മനുഷ്യാ വകാശ ലംഘനങ്ങളും കൊടിയ പീഡനങ്ങളും ആണെന്ന് അന്താരാ ഷ്ട്രവിമര്‍ശനം ഉയര്‍ന്നു.

അതുപോലെ ഓപ്പറേഷന്‍ ഗോഡ്‌സ് റാത്തിന്റെ ഭാഗമായി നട ത്തിയ പത്തുകൊലകള്‍ക്കിടെ പറ്റിയ ഒരു അബദ്ധവും ഈ പരാജയങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ്. 1973 ജൂലൈയില്‍ നോര്‍വേയി ലെ Lillehammer -ലുള്ള ഒരു സ്‌കീ റിസോര്‍ട്ടിലേക്ക് അലി ഹസന്‍ സലാമി എന്ന മ്യൂണിക്ക് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ വധി ക്കാന്‍ ചെന്ന മൊസാദ് സംഘം ഇന്റലിജന്‍സിലെ പാളിച്ച കാരണം അന്ന് അബദ്ധവശാല്‍ വെടിവെച്ചു കൊന്നത് 'അഹമ്മദ് ബൗചിക്കി' എന്ന നിരപരാധിയായ ഒരു മൊറോക്കന്‍ വെയ്റ്ററെ ആയിരുന്നു.

എണ്‍പതുകളില്‍ അമേരിക്കയുമായുള്ള മൊസാദിന്റെ അടുത്തബന്ധവും ഉലഞ്ഞു. 1981 -ല്‍ ഇറാഖിലെ ന്യൂക്ലിയര്‍ റിയാക്ടര്‍ ആക്രമിക്കാനുള്ള തീരുമാനം അമേരിക്കയെ അറിയിച്ചില്ല എന്നതിന്റെ പേരില്‍ സിഐഎ മൊസാദുമായി തെറ്റി. അതിനു പിന്നാലെ 1984 മൊസാദിനുവേണ്ടി അമേരിക്കന്‍ നാവിക രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന പേരില്‍ ജോനാഥന്‍ പൊള്ളാര്‍ഡ് എന്നൊരു അമേരിക്കന്‍ ഇന്റലിജന്‍സ് അനലിസ്റ്റിനെ അറസ്റ്റ് ചെയ്യുന്നതോടെ അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളായി.

തൊണ്ണൂറുകളില്‍ നടന്ന ഇസ്രായേല്‍ പ്രസിഡന്റ് യിറ്റ് ഷാക്ക് റബീന്റെ കൊലപാതകം ഷിന്‍ ബെറ്റിനൊപ്പം മൊസാദിനും ഏറെ നാണക്കേടുണ്ടാക്കിയ ഒന്നായിരുന്നു. പിഎല്‍ഒയുമായി സമാധാനമുണ്ടാക്കാന്‍ റബീന്‍ പുറപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന വലതുപക്ഷ യഹൂദ തീവ്ര വാദി യിഗല്‍ അമിര്‍, ഒരു സമാധാന റാലിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ റാബിനെ വെടിവെച്ചു കൊന്നു. അത് തടയാന്‍ ഇസ്രായേലി ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് സാധിക്കാതിരുന്നത് അവര്‍ക്ക് വലിയ ക്ഷീണമുണ്ടാക്കിയ ഒരു സംഭവമായിരുന്നു.

ഇന്ന്, ലോകത്തിലെ ചാരസംഘടനകളില്‍ ഏറ്റവും കുപ്രസിദ്ധവും രഹസ്യമയവുമായ പ്രവര്‍ത്തനം മൊസാദിന്റെ തന്നെയാണ്. പ്രതികാരക്കൊലകള്‍ക്കും മറ്റു രാജ്യങ്ങളിലെ ഗവണ്മെന്റുകളില്‍ വരെ ചാരന്മാരെ പ്രതിഷ്ഠിക്കുന്നതിലും ചോദ്യം ചെയ്യാന്‍ വേണ്ടി കൊടിയ പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതിലും ഒക്കെ അവര്‍ കുപ്രസിദ്ധരാണ്. പല ഗവ ണ്മെന്റുകളുടെയും ആഭ്യന്തര വിദേശ പോളിസികള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്നതില്‍ വരെ മൊസാദിന് കയ്യുണ്ടെന്നാണ് ഇന്ന് പരക്കെ വിശ്വസിക്കപ്പെടുന്നത്.

അതേസമയം, മറ്റുള്ള ഏജന്‍സികളെ വെച്ച് നോക്കിയാല്‍ മൊസാദിന്റെ ആള്‍ബലം താരതമ്യേന കുറവാണ്. ഇരുപതിനായിരം പേരാണ് സിഐഎ ഏജന്റുമാരായി ഉള്ളത്. അതുവെച്ചു നോക്കുമ്പോള്‍ ലോകമെമ്പാടുമായി ആകെ രണ്ടായിരത്തില്‍ താഴെ മാത്രം ഏജന്റുമാര്‍ ഉള്ള മൊസാദിന്റേത് ഏറെ കാര്യക്ഷമമായ ഒരു ചാരസംഘമാണ്.മൊസാദ് നടത്തിയിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ച് റോണെന്‍ ബെര്‍ഗ്മാന്‍ എഴുതിയ 'റൈസ് അപ്പ് ആന്‍ഡ് കില്‍ ഫസ്റ്റ്' എന്ന പുസ്തകത്തില്‍ പറയുന്നത് 1949 -നും 2000 -നും ഇടയില്‍ ഇസ്രായേല്‍ മൊസാദിനെ ഉപയോഗിച്ച് നടത്തിയിട്ടുള്ളത്  500 -ലധികം ടാര്‍ഗെറ്റഡ് അസാസിനേഷന്‍സ് ആണെന്നാണ്. ഇതേ മൊസാദ് 2000 നും 2018 നും ഇടയില്‍ മാത്രം കൊന്നു തള്ളിയിട്ടുള്ളത് 1800 -ലധികം ശത്രുക്കളെയാണ്.

മുമ്പൊക്കെ മൊസാദിന് ആരെയെങ്കിലും തങ്ങളുടെ രഹസ്യ കൊലയാളി സംഘത്തെ വിട്ടു കൊല്ലണമെങ്കില്‍ പോലും ആഴ്ചകളുടെയും മാസങ്ങളുടെയും തയ്യാറെടുപ്പ് വേണ്ടി വന്നിരുന്നെങ്കില്‍ ഇന്ന് വളരെ സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ഉപഗ്രഹ നിയന്ത്രിതമായ ഒരു ഡ്രോണ്‍ ആക്രമണം പോലും മണിക്കൂറുകളുടെ സാവകാശം കൊണ്ട് പ്ലാന്‍ ചെയ്ത് ഏറെ കൃത്യതയോടെ നടപ്പിലാക്കാന്‍ പറ്റുന്നത്ര മാരകമായ ഒരു അന്താരാഷ്ട്ര കൊലയാളി സംഘമായി മൊസാദ് മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ സാമ്രാജ്യത്വതാത്പര്യങ്ങള്‍ക്കുവേണ്ടി ഈ ശേഷികള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളും വര്‍ധിച്ചിട്ടുണ്ട്.

സ്വാധീനശക്തിയും ആവനാഴിയില്‍ ആവശ്യത്തിലധികം ആയുധ ബലവുമുള്ള രാജ്യങ്ങള്‍ അതിന്റെ സുരക്ഷ ഉറപ്പാക്കാന്‍, പ്രവിശ്യയില്‍ സമാധാനം ഉറപ്പിക്കാന്‍ എന്നൊക്കെ ലക്ഷ്യമിട്ടു കൊണ്ട് തുടങ്ങുന്ന മൊസാദിനെപ്പോലുള്ള ചാരസംഘടനകള്‍ക്ക് നിയന്ത്രണലേശമില്ലാത്ത അധികാരം കൈവരുമ്പോള്‍ ഒടുവില്‍ ഭസ്മാസുരന് വരം കൊടുത്ത പോലെ അവ സ്റ്റേറ്റിനെത്തന്നെ തിരിഞ്ഞു കൊത്തുന്ന കാലവും അത്ര വിദൂരമല്ല.
 

click me!