പുസ്തകപ്പുഴയില്‍ ഇന്ന് വിനോയ് തോമസ് എഴുതിയ 'പുറ്റ്' എന്ന നോവലിന്റെ വായനാനുഭവം. രശ്മി പി എഴുതുന്നു
പൊതുവെ മലയാളി സമൂഹത്തില്‍ അന്യനിലേക്കുള്ള ഒളിഞ്ഞുനോട്ടം കൂടുതലാണെന്ന് പറയാം. ഭക്ഷ്യ ദാരിദ്ര്യത്തെക്കാള്‍ ലൈംഗിക ദാരിദ്ര്യം കൂടുതലുള്ള ഒരുപറ്റം മനുഷ്യര്‍ സദാചാരത്തിന്റെ വക്താക്കളായി വര്‍ത്തിക്കുന്നു. വിരല്‍ത്തുമ്പില്‍ ഏതൊരു പോണ്‍ വീഡിയോയും കണ്ടെത്താന്‍ കഴിയുന്ന ഈ ഇന്റര്‍നെറ്റ് യുഗത്തിലും മനുഷ്യര്‍ക്കിടയില്‍ ഇപ്പോഴും ഇത്തരം കപട സദാചാരബോധത്തിന്റെ വിത്തുകള്‍ ഉണ്ട്. അവിടെയാണ് 'പുറ്റ്' എന്ന നോവലിന്റെ പ്രസക്തി.
വിനോയ് തോമസ് എഴുതിയ പുറ്റ് നോവല്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
...............................
കുടുംബമെന്നത് പുരുഷാധിപത്യപരമായ ഒരു സംവിധാനമാണ്. കാലമെത്ര കഴിഞ്ഞാലും ഇപ്പോഴും ആ നിലപാടില്‍ തന്നെയാണ് ഓരോ സമൂഹത്തിലെയും കുടുംബത്തിന്റെ അധികാര വ്യവസ്ഥ. കുടുംബമെന്ന പ്രസ്ഥാനത്തിലെ അധികാരവ്യവസ്ഥയും ലിംഗനീതിയുടെ വിവേചനവും ശക്തമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഏകദേശം അതേ നാണയത്തിന്റെ മറുവശം പോലെ തുടര്‍ന്നുവരുന്ന മറ്റൊന്നാണ് മനുഷ്യരിലെ കപട സദാചാരബോധവും.
ആണും പെണ്ണും കുറച്ചുസമയം ഒരു സ്ഥലത്തിരുന്നാല്‍ അവിടെ എന്തൊക്കെയോ സംഭവിക്കുന്നു എന്ന് ചിന്തിച്ചു കൂട്ടുന്ന സമൂഹമാണ് ഇപ്പോഴും. പുറമെ നിന്ന് നോക്കുമ്പോള്‍ ശാന്തമെന്നു തോന്നുന്ന മനുഷ്യവ്യവസ്ഥകളുടെ ആന്തരികവ്യവഹാരങ്ങളുടെ കലക്കത്തെ ശ്രദ്ധാപൂര്‍വം അനുധാവനം ചെയ്യുകയാണ് വിനോയ് തോമസ് എഴുതിയ 'പുറ്റ്' എന്ന നോവല്‍. അപരിഷ്‌കൃതമായ ചിന്തകളുടെ ജീനുകള്‍ കുടിയിരിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള അനുഭവലോകമാണ് എഴുത്തുകാരന്‍ ഈ നോവലിലൂടെ അനാവരണം ചെയ്യുന്നത്. ഒരു സമൂഹം കുടുംബം എന്ന വ്യവസ്ഥയ്ക്ക് കല്‍പ്പിച്ചു കൊടുക്കുന്ന സ്ഥാനമാനങ്ങളെ പറ്റിയും മനുഷ്യരിലെ കപട സദാചാര ചിന്തകളെ പറ്റിയും മതങ്ങള്‍ അധികാരം പ്രയോഗിച്ച് അടിച്ചമര്‍ത്തുന്ന മനുഷ്യ വികാരങ്ങളെ കുറിച്ചും ആഴത്തിലുള്ള സംവാദങ്ങള്‍ക്ക് ഈ നോവലില്‍ ഇടം കൊടുക്കുന്നു.
സിമോണ്‍ ദ ബൊവയുടെ വാദത്തിനു ആധാരമായ സ്ത്രീ/ ഭാര്യ എന്ന യാഥാസ്ഥിതികമായ കാഴ്ചപ്പാടിന് കുടുംബവട്ടത്തിനുള്ളില്‍ ഇന്നും വലിയ മാറ്റം വന്നിട്ടില്ല എന്നത് കാണാതിരുന്നുകൂടാ. എങ്കിലും ജീവിതം മുന്നോട്ടുനീക്കുന്നതിനായുള്ള ചില ക്രമീകരണങ്ങള്‍ ആധുനികലോകം സ്വീകരിച്ചുകഴിഞ്ഞു എന്നും മറക്കുന്നില്ല. ഒരു പുറ്റിനുള്ളിലെ ജീവിതങ്ങള്‍ പോലെ പരസ്പരം ഇണങ്ങി പിണഞ്ഞു പടര്‍ന്നു കിടക്കുന്ന നിരവധി മനുഷ്യ ജീവിതങ്ങളുടെ കഥയാണ് വിനോയ് തോമസ് 'പുറ്റ്' എന്ന നോവലിലൂടെ പറയുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ചോരയും നീരും വീണ കഥകള്‍. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തില്‍ വരുന്ന ഭൂവിഭാഗങ്ങളെയും വ്യത്യസ്ത സാന്നിധ്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു എന്നത് എഴുത്തുകാരന്റെ മികവാണ്. ഒരു പ്രത്യേക ദേശത്തേക്കുള്ള കുടിയേറ്റവും അവിടുത്തെ ജീവിത സാഹചര്യങ്ങളും ഒന്നും നോവല്‍ ഘടനയില്‍ പുതുമ നിറഞ്ഞ വിഷയമല്ല. എന്നാല്‍ പുറ്റിനെ വ്യത്യസ്തമാക്കുന്നത് അതിലെ ആഖ്യാനവും എഴുത്തുകാരന്‍ സമൂഹത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന കാല, ദേശ, ഭാഷ, സാമൂഹിക, സാംസ്‌കാരിക, അഭിവൃദ്ധികളും കൂടിയാണ്. ഒരു പ്രത്യേക ദേശത്തിനും അവിടുത്തെ പ്രാദേശികതയ്ക്കും എഴുത്തുകാരന്‍ തന്റെ കൃതികളില്‍ എല്ലാം പ്രാധാന്യം കൊടുത്തിട്ടുണ്ട് എന്നത് പ്രത്യേകത നിറഞ്ഞ വസ്തുതയാണ്. കരിക്കോട്ടക്കരിയും രാമച്ചി എന്ന കഥാസമാഹാരത്തിലെ ചില കഥകളും അതിന് തെളിവാണ്.
ഏത് നാടിന്റെയും കഥ
പെരുമ്പാടി എന്ന കല്‍പ്പിത ദേശത്തെ മറികടന്ന് മനുഷ്യര്‍ പറ്റമായി പാര്‍ക്കുന്നതൊഴിച്ചാല്‍, ഏതൊരു നാടിന്റെയും ഏതൊരു കാലത്തിന്റെയും കഥയായി പുറ്റിനെ മാറ്റി വായിക്കാം. മനുഷ്യര്‍ ഒത്തുചേര്‍ന്ന് ഒരു സമൂഹമായി വികസിച്ചു തുടങ്ങുമ്പോഴാണ് ചില മര്യാദകളും നാട്ടുനിയമങ്ങളും ഉദയം ചെയ്തു വരുന്നത്. ലോകത്ത് ഇന്ന് വരെ ഉണ്ടായിട്ടുള്ള എല്ലാ നിയമ അധികാര വ്യവസ്ഥകളും രൂപം കൊണ്ടത് അത്തരം നാട്ടുവഴക്കങ്ങളില്‍ നിന്നാണ്. ഏതൊരു സംസ്‌കാരവും രൂപപ്പെട്ട് വളര്‍ന്നുവരുന്നത് ഒരു നദീതടത്തില്‍ നിന്നാണെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. അതേപോലെ പെരുമ്പാടി എന്ന സാങ്കല്‍പ്പിക ഗ്രാമം ഉരുത്തിരിഞ്ഞു വന്നതും ഒരു പുഴയുടെ അരിക് പറ്റിയായിരുന്നു. എവിടെനിന്നൊക്കെയോ ജീവിതത്തിന്റെ ഒഴുക്കില്‍പ്പെട്ട് വേരുകള്‍ നഷ്ടപ്പെട്ട് ഇരു പുഴയുടെ തീരത്ത് അടിഞ്ഞുകൂടി അവിടെ മുളച്ചുപൊന്തിയ ഒരു സംസ്‌കാരമാണ് പെരുമ്പാടി എന്ന സാംസ്‌കാരിക ഭൂമി. ഇരുപ്പുഴയുടെ തീരത്തെ ഇരുമ്പി മരത്തെ തഴുകി വരുന്ന കാറ്റിനും പുഴയിലെ വെള്ളത്തിനും ചായക്കടയിലെ നിരപ്പലയില്‍ ഇരുന്ന് കഥപറച്ചിലുകാരന്‍ പ്രസന്നന്‍ അവതരിപ്പിക്കുന്ന നാട്ടുകഥകള്‍ക്കും പെരുമ്പാടി ദേശത്തിന്റെ സ്പന്ദനം ഉണ്ട്. ദേശത്തിന്റെ ചരിത്രം മുഴുവന്‍ കഥകളായി ദേശത്തിന്റെ പുറത്തേക്ക് പ്രചരിപ്പിക്കാന്‍ കഴിയുന്നതും ഈ ഘടകങ്ങളിലൂടെയാണ് .
കുടുംബം എന്നത് സമൂഹത്തിന്റെ അധികാര വ്യവസ്ഥയുടെ ഒരു കണ്ണി മാത്രമായി തീരുന്നതിന്റെ അതിസങ്കീര്‍ണമായ സാമൂഹ്യാവസ്ഥയുടെ കഥ പറയാനാണ് 'പുറ്റ്' എന്ന നോവലിലൂടെ വിനോയ് തോമസ് ശ്രമിച്ചിട്ടുള്ളത്. ക്രിസ്തീയ സഭ മുന്നോട്ട് വയ്ക്കുന്ന 'കുടുംബം' എന്ന സങ്കല്‍പത്തിലെ അസംബന്ധങ്ങളും മനുഷ്യത്വ വിരുദ്ധമായ നിലപാടുകളും നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കാലങ്ങളായി വിശ്വാസം പുലര്‍ത്തി വരുന്ന സദാചാര രീതികളില്‍ നിന്നെല്ലാം വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് ഈ നോവല്‍. തീവ്രമായി വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്ന മാതൃകാ കുടുംബത്തെ സദാചാരത്തിന്റെ നൂലുകളാല്‍ പൊട്ടിച്ചെറിയാന്‍ ആഗ്രഹിക്കുന്നവരാണ് നോവലിലെ കഥാപാത്രങ്ങള്‍ മിക്കതും. മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളില്‍ ഒന്നായ കാമത്തെ മതവും രാഷ്ട്രീയവും സമൂഹവും ഒക്കെ പലവിധ നിയമങ്ങളിലൂടെ അടിച്ചമര്‍ത്തുന്നത് അത് സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന കാര്യമായതുകൊണ്ടാവാം. എന്നാല്‍ എത്ര ശ്രമിച്ചാലും ഏതൊക്കെ നിയമങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കിയാലും അതെല്ലാം പൊട്ടിച്ചെറിയുന്ന കാമത്തെ നോവലിലുടനീളം കാണാം.
.......................
Also Read : അനുഭവങ്ങളുടെ തീച്ചൂള; പെണ്‍മുറിവുകളില്‍ നിന്നുയരുന്നു പുതിയ കാലത്തിന്‍റെ രാഷ്ട്രീയം!
Also Read : ഇന്ദുലേഖ, തൂവാനത്തുമ്പികള്‍, വരത്തന്‍: വരേണ്യഭാവനയുടെ കളിസ്ഥലങ്ങള്‍
.....................
കാമനകളുടെ അഭയാര്‍ത്ഥികള്‍
പെരുമ്പാടിയിലേക്കുള്ള കുടിയേറ്റങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളേക്കാള്‍ സദാചാര സംബന്ധമായ കാരണങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യ പെരുമ്പാടിക്കാരനായ ചെറു കാനാ വര്‍ക്കി ദേശത്തെത്തിയത് അയാളില്‍ നിന്നും ഗര്‍ഭിണിയായ മകളുമൊന്നിച്ചാണ്. അതാണ് പെരുമ്പാടിയിലെ ഒന്നാം കുടുംബവും.
നാട്ടു മധ്യസ്ഥം പറയുന്നതില്‍ പ്രഗത്ഭനായ ജെറമിയാസ് പോള്‍ നവീകരണ ഭവനം എന്നു പേരുള്ള വീട്ടിലെ അംഗമാണ്. ആ മനുഷ്യന്റെ കാഴ്ചയിലൂടെയും അനുഭവങ്ങളിലൂടെയും ആണ് പുറ്റ് വളര്‍ന്നു വലുതാകുന്നത്. നവീകരണ ഭവനം എന്ന കുടുംബം ആരംഭിക്കുന്നതു തന്നെ ക്രിസ്തീയ കുടുംബ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായാണ്. ഭവനത്തിന് ആ പേര് കിട്ടുന്നതിനു ഉണ്ടായ കാരണം ആ ഗ്രാമത്തെ നവീകരിക്കുന്ന പ്രക്രിയയ്ക്ക് ഭവനവും അതിന് കാരണവരുമൊക്കെ പ്രധാന പങ്കുവഹിച്ചു എന്നതുകൊണ്ടാണ്.
ഗ്രാമത്തിലേക്ക് കുടിയേറിയ ഒന്നാം തലമുറ, മുന്‍പ് താമസിച്ചിരുന്നിടത്ത് നിന്നും പല പ്രശ്‌നങ്ങള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതെയാണ് പെരുമ്പാടിയിലേക്ക് എത്തിയത്. ഭാവനയുടെ ഭൂമികയായ പെരുമ്പാടിയില്‍ മനുഷ്യര്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചു. അവര്‍ക്ക് അനുവദിച്ച ജീവിതം അവര്‍ ആസ്വദിച്ച് ജീവിച്ചു എന്ന് വേണം പറയാന്‍. അപരിഷ്‌കൃതമായ ആ സമൂഹത്തെ ഒരു മധ്യസ്ഥ നിയമം നടപ്പിലാക്കി അവരെ കുടുംബ ജീവിതത്തിന്റെ അടച്ചുറപ്പിലേക്ക് നയിക്കുക എന്ന ദൗത്യമാണ് ജെറമിയസും അപ്പന്‍ പോളും ചേര്‍ന്ന് ഏറ്റെടുത്തത്. വാറ്റുചാരായത്തിന്റെ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നതിലും പന്നി വളര്‍ത്തുന്നതിലും സ്‌കൂള്‍ ആരംഭിക്കുന്നതിനും പോള്‍ തന്റേതായ നിയമങ്ങള്‍ പെരുമ്പാടിയില്‍ കൊണ്ടുവന്നു ദേശത്തെ പ്രശ്‌നങ്ങള്‍ ഒന്നും പുഴ കടന്നുപോകാത്ത വിധം രമ്യമായി പരിഹരിക്കാന്‍ പോളിന് ഒരു പ്രത്യേക കഴിവായിരുന്നു ആ കഴിവാണ് അയാളെ നാട്ടിലെ നേതാവാക്കി തീര്‍ത്തത്. അയാളിലൂടെ മകന്‍ ജെര്‍മിയാസും ആ പട്ടം ഏറ്റെടുത്തുപോന്നു. കാലവും ദേശവും വികസിക്കുന്നത് അനുസരിച്ച് പെരുമ്പാടിയുടെ സാംസ്‌കാരിക ബോധവും വികസിക്കുന്നുണ്ട്. ജെറമിയാസ് ആ വളര്‍ച്ചയില്‍ തളരുകയും അത്രയും കാലം അയാളുടെ വാക്കിന് കാതോര്‍ത്തിരുന്ന ഒരു ജനത അയാളെ നോക്കി ഒന്ന് ചിരിക്കാന്‍ പോലും സമയമില്ലാത്തവരുമായി മാറുന്നതുമാണ് പുറ്റിലെ അവസ്ഥാന്തരം.
പച്ചയായ ജീവിതം
പെരുമ്പാടി പോലുള്ള ഒരു സ്ഥലവും സദാചാര വിരുദ്ധരായ കുറെ മനുഷ്യരും അവരുടെ കുത്തഴിഞ്ഞ ജീവിതവും കേരളത്തില്‍ എന്നല്ല, ലോകത്ത് എവിടെയും കാണാന്‍ പറ്റില്ലെന്നാണ് ആമുഖത്തില്‍ എഴുത്തുകാരന്‍ പറയുന്നത്. ഈ നോവലില്‍ ഉള്ളതൊന്നും യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധമില്ലാത്തതാണെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യം എടുക്കുന്നു. എന്നാല്‍ എഴുത്തുകാരന്റെ അഭിപ്രായത്തില്‍, പുറ്റിലെ കഥ നടക്കുന്ന കാലഘട്ടത്തില്‍ പല ഗ്രാമങ്ങളിലും ഇതിലെ കഥാപാത്രങ്ങള്‍ പല പേരുകളിലായി ജീവിച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളിലെ ചായക്കടയിലെ നിരപ്പലകമേലിരുന്ന് മസാല നിറഞ്ഞ ഒരുപാട് കഥകള്‍ അന്നത്തെ പ്രസേനന്മാരുടെ നാവിന്‍തുമ്പിലൂടെ ഒഴുകിയിട്ടുണ്ട്. അത്തരം നാട്ടിന്‍പുറ കഥകളുടെ പച്ചയായ ജീവിതം കണ്ടെത്തി ഭാവനയുടെ ആലങ്കാരികത ചേര്‍ത്ത് അണിയിച്ചൊരുക്കാന്‍ എഴുത്തുകാരന്‍ സൂക്ഷ്മമായി ശ്രമിച്ചിട്ടുണ്ട്. ഇരുപുഴയുടെ കരയില്‍ ജീവിതം നിലയുറപ്പിച്ച കുഞ്ഞാപ്പു ഹോട്ടലും, ആധാരം പ്രഭാകരനും, കൊച്ചരാഘവനും, അപ്പം മേരിയും മകള്‍ പ്രീതയും, ചായക്കടയില്‍ പുസ്തക ചര്‍ച്ച നടത്തുന്ന പുതുതലമുറയിലെ സക്കീറുമെല്ലാം യഥാര്‍ത്ഥ കഥാപാത്രങ്ങളാണ് എന്ന് വായനക്കാരന് വിശ്വസിക്കാനാവുന്ന വിധത്തിലാണ് പുറ്റിന്റെ ആഖ്യാനം.
ഒരുപാട് ജീവിതങ്ങളിലൂടെ അവരുടെ കുടുംബത്തിനകത്തും പുറത്തു നടക്കുന്ന സംഭവവികസങ്ങളെ കുറിച്ചും മാത്രമല്ല ദൈവത്തിന്റെ മണവാട്ടിമാരായി സ്വയം സമര്‍പ്പിച്ച് തിരുവസ്ത്രത്തിനകത്തു ആഗ്രഹങ്ങളെല്ലാം ഒതുക്കി കഴിയുന്ന കന്യാസ്ത്രീകളുടെ മനസിന്റെ ഉള്ളറകളിലേക്കും എഴുത്തുകാരന്‍ കടന്നെത്തുന്നുണ്ട്. കാമമെന്നത് ഏതു മനുഷ്യ സഹജമായ വികാരമാണെന്നും അത് വിശപ്പ് പോലെ തന്നെ ശമിപ്പിക്കേണ്ടത് ആവശ്യമാണെന്നും നോവല്‍ പറയുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിനായി മഠത്തിനുള്ളില്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരുപറ്റം പച്ചയായ പെണ്ണുങ്ങള്‍ നോവലില്‍ ഉണ്ട്. മതപുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് ബാലപീഡനം നടത്തുന്നതും ദരിദ്രസ്ത്രീകളെ തെരഞ്ഞുപിടിച്ച് തരംതാഴ്ന്ന ജീവിതത്തിലേക്ക് തള്ളിയിടുന്നതും പുരുഷന്‍ അധികാരത്തില്‍ ഇരിക്കുന്ന കുടുംബത്തില്‍ മദ്യം അരങ്ങുവാഴുന്നതുമായ കാഴ്ചകളുമുണ്ട് നോവലില്‍.
.....................
Also Read : പുഴ, ചെറിയൊരു ജലപ്പാമ്പിന്‍ കുഞ്ഞ്!
Also Read : പുരുഷനും പ്രകൃതിയും ചേര്‍ന്നാടുന്ന മഹാലീലകള്‍
........................
പെണ്‍മയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍
പെരുമ്പാടിയിലെ സ്ത്രീ കഥാപാത്രങ്ങളൊന്നും ഉത്തമ കുലസ്ത്രീ ചിന്താഗതി കാത്തുസൂക്ഷിക്കുന്നവരല്ല. പരസ്യമായോ രഹസ്യമായോ ഉണ്ടാകുന്ന പരപുരുഷ ബന്ധത്തിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്ന അവരുടെ കാമനകളില്‍ ആഹ്ലാദം കണ്ടെത്തുന്നവരാണ്. ജലഗന്ധര്‍വനായി നിറഞ്ഞാടുന്ന കൊച്ച രാഘവന്‍ നാട്ടിലെ ആണുങ്ങള്‍ക്ക് തലവേദനയും പെണ്ണുങ്ങള്‍ക്ക് രഹസ്യ അനുഭൂതിയുമാണ്. സദാചാര ബോധമോ പാപ ചിന്തയോ അതിന്റെ പേരില്‍ അവരെ തൊട്ടു തീണ്ടുന്നില്ല. ദേശത്തെ ആണുങ്ങളില്‍ ചിലരെങ്കിലും സദാചാരത്തിന്റെ വക്താക്കളാണെങ്കിലും സ്ത്രീകള്‍ അണുവിട വ്യതിചലിക്കാതെ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു. സമൂഹമെന്നാല്‍ ഇങ്ങനെയൊക്കെ കൂടിയാണെന്നുള്ള വെളുപ്പെടുത്തലാണ് എഴുത്തുകാരന്‍ നടത്തിയിട്ടുള്ളത്. അസംപ്തൃപ്ത കുടുംബങ്ങള്‍ എന്നത് ഏതു കാലത്തും തുടര്‍ന്നു വരുന്നൊരു സമ്പ്രദായം പോലെ ആയിരിക്കുന്നു. പെരുമ്പാടി എന്ന സാങ്കല്പിക ദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു വിഷയം അല്ലിത്. കുടുംബം എന്നത് എന്തോ വലിയ പ്രസ്ഥാനമായി കണക്കാക്കുന്ന എല്ലാ സമൂഹത്തിനകത്തും ഉണ്ടാകാനിടയുള്ള പരസ്യമായ രഹസ്യമാണ്.
ലൈംഗികത പാപമാണെന്ന് പഠിപ്പിക്കുന്ന മതങ്ങളുടെ പിടിമുറുക്കത്തില്‍ നിന്നാണ് സദാചാരം എന്ന ബോധം മനുഷ്യരില്‍ ഉണ്ടാകുന്നത്. തങ്ങള്‍ക്ക് ലഭിക്കാത്ത രഹസ്യ ആനന്ദങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം അസൂയയും അസഹിഷ്ണുതയുമാണ് സദാചാരം എന്ന പേരില്‍ മനുഷ്യന്റെ ഉള്ളില്‍ രൂപപ്പെട്ടു വരുന്നത്. മനുഷ്യ വികാരങ്ങളില്‍ ഏറ്റവും ശക്തമായ ഒന്നാണ് അവന്റെ ലൈംഗിക വികാരം. സന്താനോല്‍പ്പാദനം പ്രകൃതിയുടെ പ്രധാന ധര്‍മ്മങ്ങളില്‍ ഒന്നായതുകൊണ്ട് തന്നെ എല്ലാ ജീവികളുടെയും അടിസ്ഥാന ചോദനയായി ഇത് വര്‍ത്തിക്കുന്നു. യാഥാസ്ഥിതികത നടനമാടുന്ന നമ്മുടെ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടേണ്ട അടിസ്ഥാന ലൈംഗിക തൃഷ്ണകളെ ഒതുക്കി നിര്‍ത്താനാവാതെ, തങ്ങളുടെ കാമനകളെ ഉദ്ദീപിക്കാനും അത് ശമിപ്പിക്കാനുമായി ഓരോ മനുഷ്യനും ശ്രമിക്കുന്നു. മലയാളി സമൂഹത്തിന്റെ പച്ചയായ രതി സങ്കല്പങ്ങളുടെ കാഴ്ചകള്‍ പങ്കുവെക്കുകയാണ് പുറ്റ് എന്ന നോവല്‍. അപരിഷ്‌കൃതരായ പെരുമ്പാടി സമൂഹത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയ ഒരു പങ്കാളി മാത്രം മതി. അവിടെ രക്തബന്ധമോ ആണ്‍, പെണ്‍ ചിന്താഗതികളോ ഇല്ല. അത്തരം ബന്ധങ്ങളില്‍ വിഹിതവും അഹിതവും ഇല്ല. എല്ലാം അവനവന്റെ ആത്മാവിനെ തണുപ്പിക്കാനുള്ള ഉപാധികളില്‍ ഒന്നുമാത്രം.
പൊതുവെ മലയാളി സമൂഹത്തില്‍ അന്യനിലേക്കുള്ള ഒളിഞ്ഞുനോട്ടം കൂടുതലാണെന്ന് പറയാം. ഭക്ഷ്യ ദാരിദ്ര്യത്തെക്കാള്‍ ലൈംഗിക ദാരിദ്ര്യം കൂടുതലുള്ള ഒരുപറ്റം മനുഷ്യര്‍ സദാചാരത്തിന്റെ വക്താക്കളായി വര്‍ത്തിക്കുന്നു. വിരല്‍ത്തുമ്പില്‍ ഏതൊരു പോണ്‍ വീഡിയോയും കണ്ടെത്താന്‍ കഴിയുന്ന ഈ ഇന്റര്‍നെറ്റ് യുഗത്തിലും മനുഷ്യര്‍ക്കിടയില്‍ ഇപ്പോഴും ഇത്തരം കപട സദാചാരബോധത്തിന്റെ വിത്തുകള്‍ ഉണ്ട്. അവിടെയാണ് 'പുറ്റ്' എന്ന നോവലിന്റെ പ്രസക്തി. നിയന്ത്രിക്കാന്‍ നോക്കുന്നതിനനുസരിച്ച് ആളുകളിലെ ലൈംഗികാസക്തി കൂടുകയാണെന്നും മനസ്സിലെങ്കിലും വ്യഭിചരിക്കാത്ത മനുഷ്യര്‍ അപൂര്‍വ്വമാണെന്നും നോവല്‍ പറഞ്ഞുവെയ്ക്കുന്നു.
ക്രിസ്ത്യന്‍ സഭകളുടെ വിവേകഹീനമായ നിയമങ്ങള്‍ക്കും ദേശത്തിലെ അസംപ്തൃപ്ത കുടുംബ ജീവിതങ്ങള്‍ക്കുമൊപ്പം കൂടോത്രത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇടയില്‍ പെട്ടു ജീവിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരെയും നോവല്‍ അടയാളപ്പെടുത്തുന്നു. ജീവിതസായഹ്നത്തിലെ നിര്‍മലമായ പ്രണയം ആസ്വദിക്കുന്ന ഷുക്കൂര്‍ -ആയിഷ ദമ്പതികളുടെ ജീവിതം ഒരു മനോഹരകാവ്യം പോലെ ആഖ്യാനം ചെയ്തത് കാണാം. പ്രണയത്തിനു പണം ഒരു ഘടകമല്ലെന്ന് ആയിഷ പഠിപ്പിക്കുന്നത് ഷുക്കൂറിനെ മാത്രമല്ല.
..........................
Also Read : പ്രണയത്തിന്റെ നാല്‍പ്പത് നിയമങ്ങള്‍; ജീവിതത്തിന്റെയും
Also Read : അജയ് പി മങ്ങാട്ട് എഴുതുന്നു, സ്ഥിരമായി യാത്ര പോകാറുള്ള പുസ്തകങ്ങള്‍, എഴുത്തുകാര്‍
.....................
ജൈവഭാവനയുടെ അടിയൊഴുക്കുകള്‍
ഒരു ജൈവ വ്യവസ്ഥയ്ക്ക് പൂര്‍ണ്ണമായിത്തന്നെ എഴുത്തുകാരന്‍ നോവലില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്. ഇലുമ്പന്‍ പുളി മരത്തിനും ഉറുമ്പുകള്‍ക്കും, മേനചോടി പശുക്കള്‍ക്കും നോവലില്‍ സ്ഥാനമുണ്ട്. പെരുമ്പാടിയുടെ ചരിത്രം ഒരു ജൈവ ലോകത്തിന്റെ മൊത്തം ചരിത്രമാണ്. അതു കൊണ്ടാണ് 'പുറ്റ്' എന്ന നോവല്‍ വ്യത്യസ്തമാകുന്നത്. പ്രാദേശികതയുടെ ജീവനാഡിയായ പച്ചമലയാളത്തെ കൂട്ടുപിടിച്ച് തെറിയും, നാട്ടു ശൈലികളും, ചില പ്രയോഗങ്ങളും ചേര്‍ത്ത് നോവലിനെ മികച്ചതാക്കാന്‍ എഴുത്തുകാരന് കഴിഞിരിക്കുന്നു.
കേവലം സാമൂഹിക വിമര്‍ശനം മാത്രമല്ല എഴുത്തുകാരന്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. മനുഷ്യന്റെ സ്വകാര്യ സ്വതന്ത്ര ജീവിതത്തില്‍ മതങ്ങള്‍ അധികാരം പ്രയോഗിക്കുന്നതും ഭക്ഷണത്തിലും, വിശ്വാസത്തിനുമപ്പുറം ലൈംഗിക താല്പര്യങ്ങളിലുള്ള മതത്തിന്റെ കടന്നുകയറ്റം തുടങ്ങിയ ധാരകളെയും വിമര്‍ശനാത്മകമായി കണ്ടുകൊണ്ട് ജീവിതത്തിന്റെ ഉള്‍കാഴ്ചകളിലേക്കാണ് നോവലിസ്റ്റ് വിരല്‍ ചൂണ്ടുന്നത്. ചുരുക്കത്തില്‍,നോവല്‍ എന്ന സാഹിത്യരൂപം ജൈവികമായും സര്‍ഗാത്മകമായും മനുഷ്യരെ സ്പര്‍ശിക്കുന്നതിന്റെ ദൃഷ്ടാന്തമായി 'പുറ്റി'നെ കാണാം