മുറിവാഴങ്ങളില്‍നിന്നും പാമ്പിനെപ്പോലെ ഉറയൂരി, പുതിയ ചിറകിലേറുന്ന സ്ത്രീ!

By Pusthakappuzha Book Shelf  |  First Published Mar 15, 2023, 4:42 PM IST

പുസ്തകപ്പുഴയില്‍ ജെ ദേവിക എഴുതിയ ഉറയൂരല്‍ എന്ന പുസ്തകത്തിന്റെ വായന. രശ്മി പി എഴുതുന്നു


ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

Latest Videos

 

ജനനം തൊട്ടുള്ള വളര്‍ച്ചയുടെ ഓരോ അവസ്ഥയിലും അദൃശ്യമായ ഒരു അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടിനുള്ളിലാണ് ഓരോ സ്ത്രീയും കടന്നുപോകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഫെമിനിസം എന്ന ഭാവത്തിന് ലോകത്തിലെ സ്ത്രീകളുടെ ബാഹ്യ, ആന്തരിക പ്രശ്‌നങ്ങളെ കുറിച്ചെല്ലാം അപഗ്രഥിക്കേണ്ടിവന്നു. ഫെമിനിസത്തിന്റെ അലയൊലികള്‍ കേരളത്തിലും വളരെ മുമ്പ് തന്നെ എത്തുകയുണ്ടായി. കലയിലും സാഹിത്യത്തിലും അതിന്റെ പ്രകാശം തെളിയാനും തുടങ്ങി. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നിസാക്ഷിയിലൂടെ വിപ്ലവകരമായ ഒരു മാറ്റത്തിന് സാഹിത്യവും സമൂഹവും ഒരുങ്ങുകയായിരുന്നു. തുടര്‍ന്നുള്ള മലയാള സാഹിത്യത്തില്‍ സ്ത്രീപക്ഷ വാദത്തിലും സ്ത്രീ വിമോചനത്തിലും ഊന്നിയ സൃഷ്ടികള്‍ ഉണ്ടായി. പാശ്ചാത്യ, പൗരസ്ത്യ എഴുത്തുകാരികളുടെ പ്രേരണകള്‍ ഉള്‍ക്കൊണ്ട് മലയാളത്തിലും അത്തരം സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീഹൃദയ ആഖ്യാനത്തിന്റെ തുറന്നു പറച്ചിലായി എന്നും കരുതിവരുന്നത് മാധവിക്കുട്ടിയുടെ എഴുത്തുകള്‍ തന്നെയാണ് പ്രണയമായാലും കാമമായാലും മറ്റു വികാരങ്ങള്‍ ആയാലും തുറന്നെഴുത്തിന്റെ ഒരു ലോകംമാധവിക്കുട്ടി സൃഷ്ടിച്ചു.

undefined

സാഹിത്യസൃഷ്ടികളിലൂടെയും മറ്റു മേഖലകളിലൂടെയും ഇത്രയൊക്കെ സ്ത്രീമുന്നേറ്റം ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിലും ഇന്നും ലോകത്തിലെ ഓരോ കോണിലും സ്ത്രീകള്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനെതിരെ പ്രതികരിക്കാന്‍ സംഘടനകള്‍ നിരവധി ഉണ്ടെങ്കിലും വേണ്ടത്ര ലക്ഷ്യം കാണുന്നില്ല. അധികാരത്തിന്റെ കേന്ദ്ര സ്ഥായിഭാവം എപ്പോഴും പുരുഷവര്‍ഗ്ഗത്തില്‍ അധിഷ്ഠിതമാകുമ്പോള്‍ അടിച്ചമര്‍ത്തലിന് അവിടെ ആക്കം കൂടുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പ്രത്യേക വിഭാഗങ്ങളായി മാറ്റി നിര്‍ത്താനും സമൂഹം ശ്രദ്ധിച്ചു.  രാഷ്ട്രീയം, സിനിമ, സാഹിത്യം തുടങ്ങി ഏതു മേഖലകളിലായാലും സ്ത്രീ സംഘടനകള്‍ രൂപപ്പെട്ടു. മീറ്റൂ പോലുള്ള സമ്പ്രദായത്തിലൂടെ ഇരയേയും അക്രമിയേയും സമൂഹത്തിനും മുന്നില്‍ ഏത് സമയവും വെളിപ്പെടുത്താം എന്നായി. എന്നിട്ടും ഈ പുതിയ കാലഘട്ടത്തിലും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് ആശങ്കജനകമായ ചോദ്യമാണ്.

സ്ത്രീ മാനസികാവസ്ഥകളെ കൃത്യമായി അപഗ്രഥിക്കാനും ജീവിതാവസ്ഥകളെ സ്വന്തം അനുഭവത്തിന്റെ ഇഴയടുപ്പങ്ങളില്‍ ചേര്‍ത്തുവച്ച് ഓരോ അടരുകളായി മാറ്റി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരിയാണ് ജെ. ദേവിക. ഫെമിനിസ്റ്റ് എന്ന കോളത്തില്‍ ഒതുക്കി നിര്‍ത്താതെ, അവര്‍ മുന്നോട്ടുവെച്ച നിഗമനങ്ങളും നിരീക്ഷണങ്ങളും വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ അവ ഓരോ പെണ്ണിന്റെയും അനുഭവങ്ങളും അവസ്ഥകളുമാണ്. ചരിത്ര പണ്ഡിത, അധ്യാപിക, സാമൂഹ്യ വിമര്‍ശക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജെ ദേവികയുടെ  പുതിയ പുസ്തകമാണ് ഉറയൂരല്‍. സ്ത്രീ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളമുണ്ടെന്ന് ചര്‍ച്ച ചെയ്യുന്ന, അല്ലെങ്കില്‍ ചര്‍ച്ചകള്‍ക്ക് പുതുദിശനല്‍കുന്ന, അതിനുള്ള വഴികള്‍ തുറക്കുന്ന പുസ്തകമാണ് 'ഉറയൂരല്‍.'

ആത്മകഥാംശമുള്ളതാണെങ്കിലും ഈ പുസ്തകം സ്ത്രീയുടെ ബാല്യ, കൗമാര, യൗവന, വാര്‍ദ്ധക്യ അവസ്ഥകളെ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു. അവഗണിക്കപ്പെടുന്ന, പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന, അസ്തിത്വം തന്നെ ഇല്ലാതായി മാറുന്ന ഓരോ സ്ത്രീകളെയും ഒന്നിച്ചിരുത്തുന്ന ഒരു ഇടം ഇന്ന് ഇല്ലാതായിരിക്കുന്നു. സ്ത്രീമുന്നേറ്റവും സ്ത്രീശാക്തീകരണവും കടലാസില്‍ മാത്രം ഒതുങ്ങിപ്പോകുമ്പോള്‍ അവള്‍ക്ക് ബാഹ്യമായും ആന്തരികമായും ശക്തി നല്‍കാന്‍ ഒരു ഉറവിടം വേണം. കണ്ണും കാതും തുറന്നു വെച്ച് തലയുയര്‍ത്തിപ്പിടിച്ച്, ഇവിടം പെണ്ണിന്റെതു കൂടിയാണെന്ന് വെളിപ്പെടുത്താന്‍, അവള്‍ക്ക് താങ്ങായി ഒരാള്‍. ദേവിക എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ ശ്രമങ്ങള്‍ അത്തരത്തിലുള്ളതാണ്. സ്വന്തം ജീവിതാനുഭവങ്ങള്‍ മുന്നില്‍ തെളിവായി വെച്ചുകൊണ്ടാണ് അവര്‍ സമൂഹത്തിലെ ഓരോ സ്ത്രീയുടെയും അവസ്ഥ ഓര്‍ക്കുന്നത്. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും പെണ്ണെന്ന വേര്‍തിരിവില്‍ മാറ്റി നില്‍ക്കേണ്ടിവന്ന അവസ്ഥകളെക്കുറിച്ചും അവര്‍ വിവരിക്കുന്നു. മുറിവേല്‍ക്കുന്ന ഓരോ അവസ്ഥകളിലും, സ്ത്രീകള്‍ പാമ്പ് ഉറയൂരിക്കളയുന്നതുപോലെ ഭൂതകാലത്തെ ഉറയൂരിക്കളഞ്ഞ് പുതിയ തൊലി വളര്‍ത്തി അനിവാര്യമായ അതിജീവനത്തെ പുല്‍കണമെന്നാണ് ലേഖിക ആഹ്വാനം ചെയ്യുന്നത്. എത്ര കണ്ട് വ്യക്തിവല്‍ക്കരിക്കപ്പെടുമ്പോഴും, ഇഷ്ടാനിഷ്ടങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോഴും പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ പോലും പഴയ തലമുറകള്‍ അനുഭവിച്ച അകാരണമായ ഏതോ ഒറ്റപ്പെടല്‍ ഇന്നും അനുഭവിക്കുന്നു എന്നാണ് എഴുത്തുകാരി പറയുന്നത്.

 

.......................

Also Read : ഒ വി വിജയനും കേട്ടെഴുത്തുകാരിയും: സമഗ്രാധികാരത്തിന്റെ പലകാല വായനകള്‍
.......................


സ്പര്‍ശം

'സ്പര്‍ശം' എന്ന ഭാഗത്ത്, പ്രിയപ്പെട്ടവര്‍ പിരിഞ്ഞു പോയിട്ടും അവര്‍ പങ്കുവെച്ച സ്‌നേഹ സ്പര്‍ശത്തെ നമ്മള്‍ ഓര്‍ക്കുന്നതിലൂടെ, ഭാവനയിലൂടെ ആ തൊടല്‍ ശേഷിയെ അനുകമ്പയായി വളര്‍ത്തി ഉള്ളില്‍ വളരുന്ന സ്‌നേഹബന്ധത്തെയാണ് ഓര്‍മിപ്പിക്കുന്നത്. ബാല്യത്തിലെ അമ്മയുടെ ചേര്‍ത്തുപിടിക്കലിനോളം മനോഹരമായൊരു സ്പര്‍ശം മറ്റൊന്നുണ്ടാവില്ല. ഉണ്ണുമ്പോഴും  ഉറങ്ങുമ്പോഴുമുള്ള ആ സ്പര്‍ശമാണ് സ്‌നേഹബന്ധത്തെ വലുതാക്കുന്നത്. മരണപ്പെട്ട  തന്റെ അച്ഛനെ ലേഖിക ഓര്‍ക്കുന്നത് സ്പര്‍ശനത്തിലൂടെയാണ്. ശരീര സ്പര്‍ശം ലൈംഗിക ബന്ധം ഉള്‍പ്പെടെ വായുവും വെള്ളവും പോലെ അനിവാര്യമാണ്. വേദനകളെ അതിജീവിക്കാന്‍, തളര്‍ന്നു വീഴുമ്പോള്‍ കരുത്ത് പകരാന്‍ നേര്‍ത്ത തൊടലിന് കഴിയുന്നുണ്ട്. മണ്ണിനും പ്രകൃതിക്കും ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും മനുഷ്യനെ സ്പര്‍ശിക്കാനുള്ള കഴിവുണ്ട്. പുസ്തകങ്ങളില്‍ വിരലോടിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം സ്പര്‍ശത്തിന്റെ രൂപത്തിലാണ് ഉള്ളിലേക്ക് വരുന്നത്. വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകളും ചേര്‍ച്ച ഇല്ലായ്മയും മനോഹരമായ സ്പര്‍ശത്തിന്റെ അഭാവം മൂലമാണ് പലപ്പോഴും ഉണ്ടാകുന്നത്. കേവലം ലൈംഗിക സുഖത്തിന് വേണ്ടിയല്ലാതെ പരസ്പരം ആശ്വാസമാകുന്ന സ്പര്‍ശങ്ങളാണ് മനുഷ്യനാവശ്യം. വാര്‍ദ്ധക്യാവസ്ഥയില്‍ ജരാനരകള്‍ ബാധിച്ച്, ഓര്‍മ്മ നഷ്ടപ്പെട്ട് മരണത്തെ കാത്തു കിടക്കുമ്പോഴും അനുഭാവമുള്ള ഒരു സ്പര്‍ശനം കൊണ്ട് ആഹ്ലാദം ഉണ്ടാക്കാനാണ് ജെ. ദേവിക പറയുന്നത്. ഭാവനയുടെയും അനുകമ്പയുടെയും സ്പര്‍ശം ശീലിക്കാത്തവര്‍ അതിവേഗം വൃദ്ധരായി മാറുന്നു. വാര്‍ദ്ധക്യത്തിലെ സ്പര്‍ശശേഷി വെറും ശാരീരിക പ്രവര്‍ത്തനം മാത്രമല്ല. അതൊരു മാനസിക ചികിത്സ കൂടിയാണ്. മരണത്തിലേക്ക് നടന്നടുക്കുന്ന ഏതൊരു ജീവനും ആഗ്രഹിക്കുന്ന ഒരു ഊര്‍ജ്ജം പരസ്പരമുള്ള തൊടലിലൂടെ നല്‍കണമെന്നാണ് എഴുത്തുകാരി പറയുന്നത്.

................

Also Read : ഇസ്‌ലാമിക ഫെമിനിസം: തെളിയുന്ന പുതുവഴികള്‍
................

 

കേള്‍വി

സ്പര്‍ശത്തെ  സ്വപ്നം കാണാന്‍ അനുവദിക്കുന്ന കേള്‍വിയെ പറ്റിയാണ് അടുത്ത ഭാഗത്ത് വിവരിക്കുന്നത് കേള്‍വി ഒരിക്കലും അകലത്തെ കുറയ്ക്കുന്നില്ല. അത് അകലത്തെ സഹ്യവും സുന്ദരവും ഗുണാത്മകവുമാക്കി മാറ്റുന്നു. ബാല്യത്തിലെ  ഓര്‍മ്മകള്‍ തന്നെയാണ് ഇവിടെയും ഉദാഹരണമായി എഴുത്തുകാരി സൂചിപ്പിക്കുന്നത്. ബന്ധുക്കളുടെ ശബ്ദവും പ്രകൃതിയുടെ ശബ്ദവും പരിചരിച്ചാണ് ബാല്യത്തില്‍ വളര്‍ന്നുവരുന്നത്. വീട്ടിലെ ആണധികാരത്തിന്റെ ഉറച്ച ശബ്ദങ്ങള്‍, അടുക്കളകളിലെ പാത്രങ്ങളുടെ ശബ്ദങ്ങള്‍, സംഗീത ശബ്ദങ്ങള്‍ ഇതെല്ലാം ഓരോ മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളുടെ കരച്ചില്‍ ഓരോ സ്ത്രീയെയും ഇരിക്കപ്പൊറുതിയില്ലാത്തവളാക്കും. യാന്ത്രികമായി മാറുന്ന ദൈനംദിന ജീവിതത്തിലെ ശബ്ദങ്ങള്‍, സംഗീതം പോലും ആസ്വദിക്കാന്‍ കഴിയാത്ത വരേണ്യ പുരുഷന്‍മാര്‍ക്കിടയിലെ സ്ത്രീകള്‍ക്ക് ഇഷ്ട ശബ്ദവും എന്തിന് ആ ഉപാധി തന്നെയും ഉപേക്ഷിക്കേണ്ടിവരുന്നു. നിശ്ശബ്ദതയെ കീറി മുറിക്കുന്ന ആക്രോശങ്ങള്‍ക്ക് ഇരയാകുന്നവരാണ് സ്ത്രീകള്‍. ആങ്ങളമാരുടെയും അമ്മാവന്‍മാരുടെയും ഭര്‍ത്താവിന്റെയും തുടങ്ങി ഏത് അധികാരപരിധിയുടെയും ആക്രോശങ്ങള്‍ക്കെതിരെ ചെറു ശബ്ദമുയര്‍ത്തുമ്പോള്‍ പെണ്ണവിടെ ചന്തപ്പെണ്ണായും മീന്‍കാരിയും മാറും. ഉയര്‍ന്ന ശബ്ദത്തെ താഴ്ത്താനുള്ള സമ്മര്‍ദ്ദം അതിതീവ്രമാകും. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാനാണ് വാക്കുകളെ മാത്രം ശ്രദ്ധിച്ച് ശബ്ദ ഘോഷത്തെ അവഗണിച്ച് നിശബ്ദതയെ പാമ്പുറയാക്കി താന്‍ പോരിമ രൂപപ്പെടുത്തേണ്ടത്. നിശ്ശബ്ദത ഒരു കവചവും ചിലപ്പോള്‍ആയുധവുമാക്കാനുള്ള വിദ്യയുംസ്ത്രീ പരിശീലിക്കേണ്ടതാണ്. പിന്നീട് ഉറയൂരിക്കളയേണ്ട പാമ്പുറയായി ആവരണം ചെയ്യേണ്ട ഒരു കവചം. കേരളത്തിലെ സ്ത്രീകള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത് പലപ്പോഴും ചാകാനല്ല,  മറിച്ച് കേള്‍ക്കപ്പെടാന്‍ കൂടിയാണ്. സമൂഹം തീര്‍ക്കുന്ന കേള്‍വി നിയമങ്ങള്‍ തള്ളിക്കളഞ്ഞാല്‍ മാത്രമേ ലോകത്തെ അനവധി ശബ്ദങ്ങള്‍ ശ്രവ്യമാകൂ. മറ്റൊരു ജീവിയുടെ 'കേള്‍ക്കുന്നുണ്ടോ..? എന്ന വിളി നമ്മുടെ കാതില്‍ എത്തുന്നില്ലെങ്കില്‍ അതൊരു വൈകല്യം തന്നെയാണ്.

..................

Also Read : വിശുദ്ധ സ്മിതയ്ക്ക്: അങ്ങനെയൊരു പുസ്തകത്തിന് കാല്‍നൂറ്റാണ്ട് പ്രായം!
..................


കാഴ്ച

ചില കാഴ്ച കൊണ്ട് മുറിവും, ചില നോട്ടം കൊണ്ട് മുറിവ് ഉണക്കുന്നതുമായ വിദ്യ മനുഷ്യനു സ്വായത്തമാണ്. 'കാഴ്ച' എന്ന് ഘട്ടത്തില്‍ ദേവിക വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ അത്തരത്തിലുള്ളതാണ്. നോട്ടം കൊണ്ട് മുറിവേല്‍പ്പിക്കാന്‍ കഴിയുന്നത് എത്ര പെട്ടെന്നാണ്. രൂക്ഷമായ ഒരു നോട്ടം കൊണ്ട് ഏതൊരാളുടെയും കണ്ണിനെ താഴ്ത്താന്‍ കഴിയും. സ്‌കൂളിലെയും കോളേജിലെയും മോശം അനുഭവങ്ങള്‍ മിക്കവാറും നോട്ടത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ബന്ധത്തില്‍പ്പെട്ട മറ്റൊരാളുമായി നമ്മളെ ആദ്യം താരതമ്യം ചെയ്യുന്നത് കാഴ്ചയിലെ സാമ്യത കൊണ്ടാണ്. കുടുംബം എന്ന് വിളിക്കപ്പെടുന്ന അധ്വാനശേഷി നിര്‍മ്മാണ പണിശാലയില്‍ കാഴ്ചയ്ക്കുള്ള അഥവാ കണ്ണിനുള്ള പങ്ക് വലുതാണ്. സവര്‍ണ്ണ അടുക്കളകളില്‍ ഭക്ഷണം രുചിച്ചു നോക്കിയാല്‍ അശുദ്ധി കല്‍പ്പിക്കുന്നിടത്ത് കാഴ്ചയായിരുന്നു ആവശ്യം. കണ്ണുകൊണ്ട് അളക്കേണ്ടതാണ് മിക്ക പാചക മുഹൂര്‍ത്തങ്ങളും. രുചിയോ നിറമോ ഗുണമോ അണുകിട തെറ്റാതെ പാകം ചെയ്തു തീന്‍ മേശയില്‍ എത്തിക്കാന്‍ കാഴ്ചയുടെ പങ്ക് അനിര്‍വചനീയമാണ്. ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും എഴുത്തിനൊപ്പം ആളിന്റെ ഫോട്ടോ കൂടി ഇടുന്ന പ്രക്രിയ ഇന്ന് സാധാരണമാണ്. എഴുത്ത് വായിക്കാന്‍ താല്‍പര്യമെടുക്കുന്നതിനേക്കളധികം വ്യക്തിയുടെ ഫോട്ടോ കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം. എഴുതുക എന്നത് സ്വന്തം ദൃശ്യതയെ നിര്‍മ്മിക്കുന്ന അവസ്ഥ.

ശരീരത്തെ കാണുന്ന പങ്കാളിയെയാണ്  ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന്‍ എന്നതില്‍ നിന്നെല്ലാം അവള്‍ ആവശ്യപ്പെടുന്നത്. ശാരീരികമായി സ്‌നേഹിക്കാന്‍ സ്ത്രീക്ക് പങ്കാളി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ലേഖിക വ്യക്തമാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെ സ്‌നേഹത്തോടെ നോക്കാനുള്ള ഇടങ്ങള്‍ അല്ലെങ്കില്‍ അവസരങ്ങള്‍ അപൂര്‍വ്വമാണ്. എല്ലാത്തരം ക്ഷത സാധ്യതകളോടെയും ഉടലിനെ കാണുന്ന, മുറിപ്പാടുകളെ തലോടുന്ന, വേദനകള്‍ ശമിപ്പിക്കുന്നവരാണ്‌സ്ത്രീയുടെ പ്രണയികള്‍. അത് മാത്രമാണ് പ്രണയം.  അതിനാണ് ഔഷധമൂല്യം. ജീവിതവും ജീവശാസ്ത്ര ഗവേഷണവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന സത്യം.

....................

Also Read : 'തൊഴിലാളികളുടെ വോട്ട് കിട്ടാന്‍ സി പി എം എന്നെ കൂടെക്കൂട്ടി, കാര്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു'

.....................

 

മണം

മുലപ്പാലിന്റെയും, സ്‌നേഹത്തിന്റെയും, രക്തത്തിന്റെയും, മണത്തിന്റെയും ഓര്‍മ്മകളെക്കുറിച്ച് വിവരിച്ചാണ് 'മണം' എന്ന ഭാഗം അവതരിപ്പിക്കുന്നത്. മരണമടഞ്ഞ പങ്കാളിയുടെ ഓര്‍മ്മകളെ തങ്ങിനിര്‍ത്തുന്നത് അയാളുടെ വിയര്‍പ്പു മണമുള്ള വസ്ത്രങ്ങളാവാം. വര്‍ഷങ്ങളോളം അച്ഛന്റെ വസ്ത്രം അലക്കാതെ സൂക്ഷിച്ച അമ്മയെക്കുറിച്ചാണ് ദേവിക ഈ ഭാഗത്ത് ഓര്‍ക്കുന്നത്. കാഴ്ചയെക്കാളും കേള്‍വിയെക്കാളും സ്പര്‍ശത്തെക്കാളുമേറെ നമ്മുടെ അധികാരബോധത്തില്‍ വേരുറച്ച് പോയത് മണമല്ലേ എന്ന് എഴുത്തുകാരി സംശയിക്കുന്നു. കലര്‍പ്പില്ലാത്ത മണങ്ങള്‍ എപ്പോഴും ഓര്‍മ്മകള്‍ക്ക് സൗന്ദര്യം നല്‍കുന്നു. മണത്തിനും സ്മരണകളെ ഉണര്‍ത്താനുള്ള കഴിവുണ്ട്. മണവും ഓര്‍മ്മയും തലച്ചോറില്‍ ബന്ധപ്പെട്ട് കിടക്കുന്ന രീതി ഇന്നും ഗവേഷണ വിഷയമാണ്. നിസ്സാരമാണെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം മണം എത്ര നിര്‍ണായകമാണെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. നിത്യേന വിഴുപ്പ് അലക്കുന്നവര്‍, മാലിന്യം നീക്കുന്നവര്‍, എച്ചില്‍ എടുക്കുന്നവര്‍ ഇവരെല്ലാവരും നാറ്റത്തെ നേരിടുന്നവരും കൂടിയാണ്  മണത്തെ നല്ല മണം എന്നും ചീത്ത മണമെന്നും രണ്ടായി തരംതിരിച്ച് ജീവിതവുമായി ബന്ധിച്ചിരിക്കുന്നു.

അധികാര ബന്ധങ്ങള്‍ക്ക് കീഴ്‌പ്പെട്ട അവസ്ഥകളില്‍ മണങ്ങള്‍ മറ്റൊരു ഭാവമാണ് നല്‍കുന്നത്. സ്‌നേഹം ഒഴിഞ്ഞുപോയ ഇടങ്ങളിലേക്ക് അറപ്പ് ഇടിച്ചു കയറി വരും. നാറിയ വസ്ത്രങ്ങളും, എച്ചിലുകളും, രതിയും ഭോഗവും എല്ലാം അധികാരം അടിച്ചേല്‍പ്പിക്കുന്ന സഹനമാകും. വിയര്‍പ്പിന്റെയും, ശുക്ലത്തിന്റെയും, ഉമിനീരിന്റെയും (ചീത്ത ) മണങ്ങള്‍ സ്ത്രീകളുടെ ഉപബോധമനസിനെ മരവിപ്പിന്റെ നിലയിലേക്ക് എത്തിക്കുന്നവയാണ്. അഴുക്കുകളെല്ലാം മറ്റൊരാള്‍ (സ്ത്രീ ) മാറ്റേണ്ടതാണെന്ന ഒരു പൊതു ബോധത്തെയാണ് തുടച്ചുനീക്കേണ്ടത്. കുഞ്ഞുങ്ങളുടെ ചര്‍ദ്ദിലും, മലവും, മൂത്രവും സ്ത്രീക്കു മാത്രം സഹനീയമായ കാഴ്ചയും കേള്‍വിയും സ്പര്‍ശവും മണവുമാണ്. പാല്‍ ചുരത്തുന്ന അമ്മയെ കെട്ടപാലിന്റെ മണം എന്ന ആക്ഷേപിക്കുന്ന പുരുഷന്മാര്‍ ഉണ്ട്. ഉടല്‍ മണം എന്നത് അമ്മ -കുഞ്ഞ് എന്ന ബന്ധത്തിന്റെ അടിസ്ഥാനമാകുന്നത് അങ്ങനെയാണ്. പുരുഷന്‍ സ്ത്രീയില്‍ സ്‌നേഹത്തിന്റെ മണത്തേക്കാളേറെ ശാരീരികമായ ആനന്ദമാണ് കാണുന്നത്. അവളുടെ വിയര്‍പ്പിനെ ആസ്വാദ്യകരമായി കരുതാന്‍ കഴിയാത്ത ബൗദ്ധിക ആണ്‍ വര്‍ഗ്ഗത്തെയാണ് ദേവിക ഇവിടെ തുറന്നുകാണിക്കുന്നത്.  ഉടല്‍ മണം മരണത്തോളം നമ്മോടൊപ്പം പടരുന്ന ഒന്നാണെന്നും നശ്വരതയുടെ മണം ജീവിതാന്ത്യത്തില്‍ നമ്മെ കാത്തിരിക്കുന്നു എന്നും ലേഖിക പറഞ്ഞുവെക്കുന്നു.

........................

Also Read : എല്ലാ നിയമങ്ങളും പൊട്ടിച്ചെറിയുന്ന കാമം, കപടസദാചാരത്തെ തൂക്കിയെറിയുന്ന മനുഷ്യരുടെ ലോകം
........................

 

രുചി

സ്‌നേഹത്തിന്റെ രുചി എന്താണെന്നാണ് 'രുചി' എന്ന ഭാഗത്ത് ദേവിക ചോദിക്കുന്നത്. ശരീരത്തിന്റെ രുചി ഉപ്പാണ്. ഉപ്പു കലര്‍ന്ന വിയര്‍പ്പിലൂടെ ശരീരം സ്വയം മുറിവുകള്‍ ഉണക്കുന്നു. ഹൃദയമാകട്ടെ ഉപ്പു കലര്‍ന്ന കണ്ണുനീരിലൂടെ സ്വയം സമാശ്വസിപ്പിക്കുന്നു. രുചി എന്നത് ഭക്ഷണവുമായിട്ടാണ് എപ്പോഴും ബന്ധിപ്പിക്കുന്നത്. ഭക്ഷണത്തിന് സ്‌നേഹം പങ്കുവയ്ക്കാനും സ്‌നേഹം വെളിപ്പെടുത്താനുമുള്ള കഴിവുണ്ട്. അമ്മയുടെ ഭക്ഷണത്തെ ഏതു കാലഘട്ടത്തിലും ആളുകള്‍ ഓര്‍ക്കുന്നതും പുകഴ്ത്തുന്നതും അതിലെ സ്‌നേഹം എന്ന രുചിക്കൂട്ടിനെ ഓര്‍ത്തുകൊണ്ടാണ്. പല്ലു മുളക്കാത്ത കുട്ടികള്‍ക്ക് ഭക്ഷണം കുഴച്ച് കൈവിരല്‍ കൊണ്ട് പതിയെ  നാവിലേക്ക് വെച്ച് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന സ്പര്‍ശ രുചി സമ്മേളനങ്ങള്‍ സ്‌നേഹത്തിന്റേത് കൂടിയാണ്. ഉടലില്‍ നിന്ന് ഊര്‍ന്നുപോയ ഉയിരിലേക്ക് സ്‌നേഹം എത്തിക്കാനുള്ള പാലമായി രുചിയെ തിരിച്ചറിയുന്നത് നാം സ്‌നേഹിക്കുന്നവരുടെ മരണം ഉണ്ടാകുന്ന മുറിവ് ഉണക്കാനുള്ള ആദ്യത്തെ ചുവടുവെപ്പാണ്. പരസ്പരം ബന്ധമില്ലാത്തവര്‍ പോലും പങ്കുവയ്ക്കുന്ന രുചിക്കൂട്ടുകള്‍ രക്തബന്ധത്തിന് അപ്പുറം സഹോദര്യത്തെ വളര്‍ത്തുന്നുണ്ട് ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമായി വേലികളില്ലാത്ത അയല്‍പക്ക ബന്ധങ്ങളെ സൃഷ്ടിക്കാനും സന്തോഷ, സ്‌നേഹ രുചികള്‍ കൊണ്ട് സാധിക്കുന്നു.

കാഴ്ച, കേള്‍വി, സ്പര്‍ശം, മണം, രുചി എന്നീ അവസ്ഥകളെ മുന്‍നിര്‍ത്തി ജീവിതത്തിന്റെ ഓരോ തലങ്ങളെയും സ്ത്രീ മാനസിക വ്യാപാരങ്ങളായാണ് ദേവിക വായിച്ചെടുക്കുന്നത്. സ്‌നേഹ വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടാണ് കേരളത്തില്‍ പോരാടി നില്‍ക്കുന്ന ചെറുപ്പക്കാരികളധികവും മുന്നോട്ടുപോകുന്നത് സ്ത്രീകള്‍ക്ക് പലവിധ വാഗ്ദാനങ്ങളും പുതിയ അവസരങ്ങളും വെച്ചു നീട്ടിയ സമൂഹമാണിത്. എന്നാല്‍ ആത്മാഭിമാനത്തിന്റെയും തുല്യതയുടെയും ഇടങ്ങള്‍ കണ്ട് അവിടേക്ക് പ്രവേശിച്ച സ്ത്രീകളുടെ അനുഭവം മറിച്ചായിരുന്നു. തൊഴിലിടങ്ങളിലും കുടുംബങ്ങളിലുമുണ്ടാകുന്ന ആണത്ത ഹിംസയെ പറ്റിയുള്ള പരാതികളിലെ ക്രമാതീതമായ വര്‍ദ്ധന ഇതാണ് വ്യക്തമാക്കുന്നത്. ഫെമിനിസം എന്ന പേരിലൂടെ സംഘടനകള്‍ ഉണ്ടാക്കുന്നതില്‍ കാര്യമില്ലെന്നും സ്ത്രീകള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്ന നവ ലിബറല്‍ വ്യവസ്ഥകളും പ്രത്യയശാസ്ത്രങ്ങളും, മീറ്റൂ അടക്കമുള്ള പ്രതിഷേധങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചിട്ടും അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനോ ഉചിതനടപടികള്‍ എടുക്കാനോ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണത്തില്‍ ആയാലും സ്ത്രീകള്‍ക്കെതിരായ പൈശാചിക നടപടികള്‍ക്കൊന്നും അറുതി വന്നിട്ടില്ല. വെല്ലുവിളികള്‍ നേരിടുന്നത് സ്ത്രീകളാണ്, ഇരയാകുന്നവര്‍ സ്ത്രീകളാണ്. സ്‌നേഹശൂന്യതയ്ക്ക് മുന്നില്‍ നിശ്ശബ്ദരാകാന്‍ സാധിക്കാത്തവരാണവര്‍. അങ്ങനെയുള്ള ഓരോ സ്ത്രീയും സ്വന്തം ശരീരത്തില്‍ ഓരോ പാമ്പുറകള്‍ വളര്‍ത്തണം. പറക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ സ്വന്തമായി ചിറകുകള്‍ സൃഷ്ടിക്കണം. മുറിവുണ്ടാകുമ്പോള്‍, അവയെ ഉറയൂരി അതിജീവിച്ച്, സ്വന്തം ചിറകിലേറി സ്വയം ആനന്ദ നിര്‍വൃതിയിലേക്ക് അണയേണ്ടത് ഓരോ സ്ത്രീയുടെയും ആവശ്യമാണ്; ഒരു പരിധിവരെ അവകാശവും.
 

click me!