എല്‍മയുടെ സ്‌നേഹത്തെ, പ്രണയത്തെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് അടയാളപ്പെടുത്തുക?

By Pusthakappuzha Book Shelf  |  First Published May 30, 2023, 6:26 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് ഫര്‍സാന എഴുതിയ 'എല്‍മ' നോവലിന്റെ വായന. ഗിരിജ ചാത്തുണ്ണി എഴുതുന്നു


ഓരോ ഋതുക്കള്‍ക്കനുസരിച്ചും മാറുന്ന രാഷ്ട്രങ്ങള്‍ക്കനുസരിച്ചും കൃത്യമായ നിരീക്ഷണപാടവത്തോടെ, കഥാപാത്രങ്ങളുടെ, അഭിരുചികളും സംസ്‌കാരവും സംസാരവു വൈകാരിക ബന്ധങ്ങളും പരിണതിയായി അനുഭവപ്പെടും. ഇത് ഒരു പ്രണയകഥ മാത്രമല്ല, ബാല്യത്തില്‍ നിന്നും കരുത്താര്‍ജ്ജിച്ച യൗവനത്തിന്റെ കരുതലിന്റെ കഥയാണ. നിര്‍മമ സ്‌നേഹത്തിന്റെ പുതപ്പ്!

 

Latest Videos

എല്‍മ ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

undefined

 

'എല്‍മ' ഫര്‍സാനയുടെ ആദ്യ നോവല്‍. ഒരു അനാഥാലയത്തിന്റെ നരച്ച നിറങ്ങളില്‍ നിന്നും ജീവിതത്തിന്റെ വര്‍ണ്ണാഭമായ നിറക്കൂട്ടുകളിലേയ്ക്കുള്ള യാത്ര. തിരസ്‌കാരങ്ങളും നിരാസങ്ങളും തീവ്രമായ നോവുകളും  നിരന്നു നിന്നപ്പോഴും ദൈവം തീര്‍ത്ത നന്മയുടെ കവചങ്ങളിലൂടെ ആഹ്ലാദങ്ങളുടെ രുചിഭേദങ്ങളിലേക്കുള്ള യാത്ര. അതാണ് എല്‍മ.

ഒരു ജലബിന്ദു സമുദ്രത്തിലേക്ക് അലിഞ്ഞു ചേരുന്നത് പോലെ സത്തയെ പൂര്‍ണ്ണതയ്ക്ക് സമര്‍പ്പിക്കുകയെന്നതാണ് സ്‌നേഹം. ഫര്‍സാനയുടെ എല്‍മയുടെ സ്‌നേഹത്തെ, പ്രണയത്തെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് അടയാളപ്പെടുത്തുക?

തുടക്കത്തില്‍ ഫര്‍സാന എല്‍മയെ  കുറിച്ചു പറയുന്നതിങ്ങനെ: ദൈവവും സാത്താനും കൈകോര്‍ത്തു പിടിച്ചെഴുതിയ പുസ്തകം. 'ഏതൊരു മനുഷ്യന്റെയും കഥയുടെ ആരംഭം ജനനത്തോടെയല്ല, അവരവര്‍ക്കുള്ളിലെ ഓര്‍മ്മകളോടെയാണ്.'

എന്റെ ഓര്‍മകളുടെ തുടക്കം ഇവിടെ നിന്നായിരുന്നു; മൂന്നാം വയസ്സില്‍ മമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട് ബെര്‍ലിനിലെ ഷെയര്‍ ഗാര്‍ട്ടന്‍ സ്ട്രീറ്റിലെ ഓര്‍ഫനേജില്‍ സ്വന്തം അഡ്രസ്സുമായി എത്തിച്ചേരുന്ന കുഞ്ഞു എല്‍മ  ഇപ്പോള്‍  കേരളത്തിലേക്കുള്ള യാത്രയിലെത്തിനില്‍ക്കുമ്പോള്‍, എല്‍മാ നിന്നെ തേടിയെത്തിയ  നോവുകളിലേക്ക്, നിരാശകളിലേക്ക്, സ്‌നേഹത്തിന്റെ, കരുതലിന്റെ,ആഹ്ലാദത്തിന്റെ  നന്മയുടെ പാഥേയമൊരുക്കാന്‍  ചുറ്റും നിന്ന കുറച്ചു നല്ല മനസ്സുകളെ തന്നെയല്ലേ ദൈവം കവചമായി   ഒരുക്കി തന്ന് നിന്റെ പേരിനെ അന്വര്‍ഥമാക്കിയത്.

എന്നെ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങള്‍, അതെനിക്ക് തീര്‍ച്ചയുണ്ട്. അതേ, ഇനി എല്‍മയെ കേള്‍ക്കാം. അവള്‍ എങ്ങനെയാണ് നമുക്ക് പ്രിയപ്പെട്ടവളായതെന്ന്.  ഓര്‍ഫനേജില്‍  ഗ്രാനിയുടെ സംരക്ഷണത്തില്‍ തുടങ്ങിയ യാത്രയിലൂടെ അവള്‍ അറിയുകയായിരുന്നു,  ജീവിതമെന്ന സമസ്യയെ. 
 
'മറ്റുള്ളവര്‍ക്ക് വേണ്ടി കരയുമ്പോഴല്ല, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴേ നല്ല മനുഷ്യനാവൂ' എന്നുപറഞ്ഞു കൊണ്ട് ഗ്രാനി സാഹോദര്യവും സഹാനുഭൂതിയും ആതുരസേവന മനോഭാവവും  വളര്‍ത്തിയെടുത്തു. 

'എന്റെ ആണ്‍സുഹൃത്തിനോടൊന്നിച്ചു എത്രയെത്ര സ്വപ്നങ്ങള്‍ കണ്ടിരുന്നു എന്നറിയാമോ എല്‍മാ?' 

 ആഹാ അപ്പോള്‍ ഗ്രാനിക്കും പ്രണയം ഉണ്ടായിരുന്നു അല്ലെ?'

'ഇല്ലാതെപിന്നെ..! പ്രണയിച്ചവരും പ്രണയിക്കപ്പെടാത്തവരുമായി ആരുണ്ട് ഈ ഭൂമിയില്‍. എന്തിനോടെങ്കിലുമുള്ള പ്രണയം അവസാനിക്കുന്ന നിമിഷത്തിലാണ് വാസ്തവത്തില്‍ മനുഷ്യനിലെ മരണം പോലും സംഭവിക്കുന്നത്. ഇതാ ഞാന്‍ ഇപ്പോഴും ജീസസിനെ പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ' എന്നു പറഞ്ഞ് അവളിലേക്ക് ഗില്‍ബര്‍ട് എന്ന സുന്ദരപ്രണയത്തെ  അനുഗ്രഹിച്ചു ആശംസിക്കുകയായിരുന്നു ഗ്രാനി. അവളുടെ ബാല്യവും കൗമാരവും ഗ്രാനിയെന്ന കല്പനികതയുടെ ചുറ്റുമായി പാറിപ്പറന്നു  നടക്കുന്നത് എത്ര സൂക്ഷ്മമായാണ്. 

ചരിത്ര വിദ്യാര്‍ത്ഥിയായ അവളിലേക്ക്  കടന്നുവരുന്ന കൂട്ടുകാരി ഷേറ, എല്‍മയെ വിശാലമായ ലോകത്തിന്റെ വിസ്മയങ്ങളിലേക്ക് കാഴ്ചകളിലേക്ക് കൂടെകൂട്ടുമ്പോള്‍ അവളുടെ  കണ്ണും കാതും മനസ്സുമായി മാറുന്നു. കൂടെ അവളുടെ പ്രിയപ്പെട്ട വില്യമും!  ഷേറയുടെ പപ്പ അവളുടെ കൈ ചേര്‍ത്തുപിടിച്ചു നടന്നത് ആത്മവിശ്വാസത്തിന്റെ പടവുകളിലേക്കായിരുന്നു.

'ഒന്നില്‍നിന്നും ഓടിയകലരുത് എല്‍മാ, തലയുയര്‍ത്തിപിടിച്ചു നടക്കാനും കണ്ണുകളിലേക്കു നോക്കി സംസാരിക്കുവാനും നീ പഠിക്കേണ്ടിയിരിക്കുന്നു. ആത്മാവിശ്വാസത്തോടെയുള്ള ചിരിയായിരിക്കണം നിന്റെ ചുണ്ടില്‍ സദാ' എന്നുള്ള അര്‍ത്ഥവത്തായ ഉപദേശങ്ങള്‍ നല്‍കിക്കൊണ്ട്.

ഒരാള്‍ പൂര്‍ണ്ണമാകുന്നത് എപ്പോഴും മറ്റുള്ളവരുടെ നിഴലുകള്‍കൂടി ചേര്‍ന്നു നില്‍ക്കുമ്പോഴാണല്ലോ. എല്‍മക്കു ചുറ്റും  ശാന്തിയുടെയും സ്‌നേഹത്തിന്റെയും  സന്തോഷത്തിന്റെയും നിഴലുകളായി അവര്‍. 
 
'പപ്പ പറഞ്ഞപ്പോള്‍ ഒരാളുടെ ഹൃദയത്തിലുള്ളത് പ്രതിഫലിക്കുന്ന ഇടമാണ് കണ്ണുകള്‍ എന്നു പഠിച്ചപ്പോള്‍ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാനും ശ്രദ്ധിച്ചിരുന്നു.'-എല്‍മ തുടര്‍ന്നു.

ജോ ആന്‍ ഗില്‍ബര്‍ട്ട്  റോഫ്, ഫ്രീലാന്‍ഡ് ഫോട്ടോഗ്രാഫര്‍, ബെര്‍ലിന്‍.

വെള്ള വിസിറ്റിംഗ് കാര്‍ഡില്‍ പച്ചനിറത്തില്‍ എഴുതിയ ജര്‍മന്‍ അക്ഷരങ്ങളെ അവള്‍ എത്രവേഗമാണ് പ്രണയത്തിന്റെ മാസ്മരികതകൊണ്ട് ഹൃദിസ്ഥമാക്കിയത്.

'ഗില്‍ബര്‍ട്ട്; എനിക്ക് തന്നെ അറിയില്ല എന്നു മാത്രം പറയരുത്. എന്നോളം തന്നെ ഇനി മറ്റാരും അറിയാന്‍ പോണില്ല എന്നതാണ് സത്യം.'
 
എത്ര ഭാഗ്യവതിയാണ് എല്‍മാ നീ. ഗ്രാനി എത്രമാത്രം  നിന്നെ സ്‌നേഹിക്കുന്നെന്നോ. ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം,തന്റെ കുറവുകള്‍ അങ്ങനെ വല്ലതുമുണ്ടെന്ന് തനിക്ക് തോന്നുന്നുണ്ടെങ്കില്‍ മാത്രം അതിനെ നികത്താനാണ് ഇനി മുതല്‍ ഈ ഞാന്‍. അതായത് നമ്മളൊന്നിച്ചുണ്ടാകുമ്പോള്‍ പൂര്‍ണ്ണരാകും എന്നര്‍ത്ഥം.'

പ്രണയതീവ്രതയില്‍ ഗില്‍ബര്‍ട്ട് എല്‍മയിലും, എല്‍മ ഗില്‍ബര്‍ട്ടിലും പരസ്പരം  അലിഞ്ഞുചേര്‍ന്നു പ്രവഹിച്ചുകൊണ്ടിരുന്നു, ഒരു സങ്കീര്‍ത്തനം പോലെ.

എല്‍മയും ഗില്‍ബര്‍ട്ടും കാടിന്റെ മനോഹാരിതയില്‍ പ്രണയത്തിന്റെ കൊടുമുടി കീഴടക്കി അറോറ എന്ന പ്രതിഭാസത്തെ ചുംബിക്കുമ്പോള്‍ പ്രണയമെന്നത് കേവലം സാങ്കല്‍പ്പികമല്ലാതെ, തീവ്രമായ അനുഭവമായി വായനക്കാരില്‍ നിറയുന്നു. അവരുടെ  പ്രയാണം തുടര്‍ന്നുകൊണ്ടേയിരുന്നു.

പിന്നീട് അവരുടെ ഇന്ത്യയിലേക്കുള്ള സഞ്ചാരം, ഇന്ത്യന്‍ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും അഘോരികളെ കുറിച്ചുള്ള അന്വേഷണത്തിന്റെയും പാതയിലൂടെയായിരുന്നു. ഹരിദ്വാരും മുംബൈയും ഗല്ലികളും ഗില്‍ബര്‍ട്ടിന്റെ ഫോട്ടോഗ്രാഫിയിലൂടെ എല്‍മക്കൊപ്പം വായനക്കാരുടെ ഹൃദയത്തിലേക്കും  പതിയെ പതിയെ അടയാളപ്പെടുത്തി.

രാഷ്ട്രതലവന്മാരുടെ, ഭരണകൂടത്തിന്റെ, ദുഷ്പ്രഭുത്വങ്ങള്‍ മൂലം അനുഭവിക്കേണ്ടി വന്ന യാതനകള്‍.   ഔഷ്‌വിറ്റ് തടങ്കല്‍ പാളയം കണ്ടപ്പോള്‍ അവള്‍ വിഹ്വലതയോടെ നടുങ്ങി. ഹോളോകോസ്റ്റ് എന്നത് സ്വപ്നങ്ങളുടെ തേരിലേറി പറക്കുന്നതിന്നിടെ ഊക്കോടെ ഭൂമിയിലേക്ക് പതിക്കുന്നതുപോലെയുള്ള അനുഭവമായി.  നാസി പട്ടാളത്തിന്റെ ഭീകരതകള്‍ എല്‍മക്കൊപ്പം വായനക്കാരും കൂടുതല്‍  അറിയുകയായിരുന്നു.

ഗ്ലാഡിയറ്റിന്റെ ജീവിതചര്യകള്‍ ഗ്രാനിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ കൂടെയുള്ള താമസം, അവളുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക്  തുടക്കം കുറിച്ചു.

ഗ്ലാഡിയറ്റ് പറഞ്ഞു. 'നിനക്കിതൊന്നും മനസ്സിലാവില്ല മോളെ, പഴയകാല ജര്‍മനിയുടെ അവസ്ഥയില്ലേ വംശശുദ്ധിക്കായി നടത്തിയ കശാപ്പ്! ഇവിടെയും അതേ തത്വം തന്നെ. ജര്‍മ്മനിയില്‍ നടന്ന വശീയതയേക്കാള്‍ ഭയപ്പെടുത്തുന്നതാണ് ഇന്ന്  ഇന്ത്യയിലെ അവസ്ഥയും. ജാതീയതയുടെ വര്‍ണ്ണരൂപങ്ങള്‍ ഇന്ന് ഇവിടെയും ആപത്കരമാകും വിധം അപകടകരമായിരിക്കുന്നു.' 

രണ്ടു രാജ്യങ്ങളുടെ കഥയിലൂടെ രചയിതാവ് അവരുടെ സംസ്‌കാരത്തെയും രുചികളെയും താത്പര്യങ്ങളെയും പറയുമ്പോള്‍ അന്നത്തെ ജര്‍മനിയുടെ അവസ്ഥ ഇന്നത്തെ ഇന്ത്യയിലും പ്രതിഫലിക്കുന്ന.

ഗ്ലാഡിയറ്റിന്റെ ജീവിതചര്യകള്‍ ഗ്രാനിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ കൂടെയുള്ള താമസം,പിന്നീട് അവളുടെ ജീവിതത്തില്‍ വന്നെത്തിയ മാറ്റങ്ങളുടെ തുടക്കമായി.

എത്രപെട്ടെന്നാണ് ജീവിതം അതിന്റെ വഴികള്‍ തിരിച്ചു വിടുന്നത്. നിസ്സഹായതയും നിരാലംബയുമാക്കുന്നത്. ആഹ്ലാദങ്ങള്‍ക്ക് മേല്‍ മരണം വിതറുന്നത്. ദുഃഖങ്ങള്‍ക്കും നിസ്സഹായതകള്‍ക്കും കാലം ഒരു മരുന്നാണ്. മരുന്ന് വേദനയെയല്ലല്ലോ ഇല്ലാതാക്കുന്നത്, വേദനിക്കാനുള്ള കഴിവിനെ പിഴുതുകളയുകയല്ലേ ചെയ്യുന്നത്!

മദാമ്മയില്‍ നിന്നും ഇന്ത്യക്കാരിയായി പരിണമിക്കാന്‍ അവള്‍ക്ക് അധികം കാലം വേണ്ടിവന്നില്ല.

നിങ്ങളെപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ, ഒരു നഷ്ടത്തെ എങ്ങനെയെല്ലാം അഭിമുഖീകരിക്കാന്‍സാധിക്കുമെന്ന്? ഒന്നുമല്ലെങ്കില്‍ നഷ്ടത്തെയോര്‍ത്ത് ജീവിതം അവസാനിപ്പിക്കാം അല്ലെങ്കില്‍ മുന്നില്‍ നീണ്ടു കിടക്കുന്ന നല്ല ജീവിതത്തെ കുറിച്ചും നഷ്ടത്തെയോര്‍ത്ത് ജീവിക്കുന്ന നിഷ്ഫലതയെ കുറിച്ചും മനസിനെ പറഞ്ഞു മനസിലാക്കാം. വേദനിച്ചുവേദനിച്ചു അമ്പേ ഇല്ലാതായ മനസ് അത് കേള്‍ക്കും. കാരിരുമ്പിന്റെ ശക്തിയാര്‍ജ്ജിക്കും. സ്വയം തളര്‍ത്താനല്ല മനഃശക്തിയുടെ ആക്കം കൂട്ടാനുള്ള ഉപാധികളാണ് നമ്മുടെ ഓരോ നഷ്ടവും. 

ഗില്‍ബര്‍ട്ട് എല്‍മയെ ഒരിക്കല്‍ ആശ്വസിപ്പിക്കാന്‍ ഉപയോഗിച്ച ഈ വാക്കുകള്‍ എല്‍മ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമനുഭവിച്ചപ്പോഴും ഓര്‍ക്കുന്നു. എല്‍മയുടെ മറ്റൊരു പുനര്‍ജ്ജന്മമായിരുന്നു പിന്നീട്.

നിസ്സഹായതയുടെ നീര്‍ക്കുമിളകളില്‍ നിന്നും അവളെ ഒരു വെണ്മേഘ തുണ്ടായി  ചിറകിലേറ്റിയത് മിസ്സ് റീത്തയും ഏണസ്റ്റുമായിരുന്നു. വേദനിച്ചു വേദനിച്ച് എല്ലാവേദനകളും പൂരിതമാകുന്ന ഒരു ഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്ന സമയങ്ങളിലാണ് ഏണസ്റ്റ് അവളിലേക്ക് വരുന്നത്. ഏറെ അനുതാപമുള്ള നോട്ടത്തിനുടമ. അവനൊരു നല്ല സുഹൃത്തായി മാറുകയായിരുന്നു. കേള്‍ക്കാന്‍ ഒരു കാതുണ്ടാവുമ്പോഴാണ് കഥകള്‍ മനോഹരവും തന്മയത്വവും വൈകാരികവുമാകുന്നത്. അവര്‍ പരസ്പരം കാതുകളും കഥകളുമായി.

ദേശാന്തരങ്ങള്‍ക്കിടയിലുംസ്‌നേഹത്തിനും മനുഷ്യത്വത്തിനും നിറം ഒന്നുതന്നെയാണല്ലോ! ചില സ്‌നേഹങ്ങളൊക്കെ തിരികെ കിട്ടാന്‍ ആശിക്കരുതല്ലോ! അല്ലെങ്കിലും ഒരിളം കാറ്റില്‍പ്പോലും ഊര്‍ന്നുപോവാനായി വിരലില്‍ ചുറ്റിയവയായിരുന്നല്ലോ എന്റെ സ്‌നേഹബന്ധങ്ങളൊക്കെയും ഗീതാലിയേയും ഹിരണ്യയെയും വേദനിപ്പിക്കരുതല്ലോ, അതിനായി മാത്രം ഒരു നിശ്ശബ്ദവിലാപമായി അവളുടെ മനസ്സില്‍ ആ സ്‌നേഹം നിന്നു.

'ഈ പുഴ കണ്ടിട്ടായിരുന്നു തമിഴ്നാട്ടിലെ വന്നാര്‍ സമുദായത്തില്‍ പെട്ടവര്‍ ഇവിടെ ഡോബിപണിക്കായി തിരഞ്ഞെടുത്തത്.'- മമ്മി അവളോട് പറഞ്ഞു. ആ മൈതാനവും കുട്ടികളും ആ ബൈനോക്കുലറിലൂടെ നയനാനന്ദകരമായ കാഴ്ച്ച അവള്‍ക്കേകി.അങ്ങനെ അലക്കുകാരുടെ പാശ്ചാത്തലവും നമുക്കു മുന്നില്‍ തെളിയുന്നു.

എനിക്ക് ഇപ്പോള്‍ എല്‍മയുടെ മനസികാരോഗ്യമാണ് വലുത്, പൂക്കളല്ല. സ്‌നേഹം ഒരു പുതപ്പാണ്, ആവശ്യക്കാരെ മാത്രം ഇട്ടുമൂടേണ്ട പുതപ്പ്-ഗ്ലാഡിയറ്റ് പറഞ്ഞു.

അതേ-ഏണസ്റ്റ് നിന്നെപ്പോലെ ഒരാളെ കണ്ടെത്തിയായതാണ് ഇന്ത്യയിലെ ജീവിതം സമ്മാനിച്ച നേട്ടം!
അവനേകിയ സാന്ത്വനം, മനഃസുഖമെന്ന അനുഭൂതിയുടെ വ്യാപ്തി എങ്ങനെ പറഞ്ഞറിയിക്കാനാണ്!

കടലോരത്ത് ഒരു സായംസന്ധ്യയുടെ ഓര്‍മ്മകളില്‍ നിറഞ്ഞിരുന്ന എല്‍മയോട് ഏണസ്റ്റ് ചോദിച്ചു; എല്‍മാ ഞാനൊരു കാര്യം ചോദിക്കട്ടെ, ഒരു തുള്ളി മഷി ഈ കടലിലേക്ക് കുടയുന്നു. ആ മഷിതുള്ളി വീണിടം നിനക്ക് കണ്ടെത്താനാവുമോ. ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ തിരയുന്നത്. കടലില്‍ അലിഞ്ഞു ചേര്‍ന്നത് കടലൊഴുകുന്ന സ്ഥലങ്ങളിലെല്ലാം വ്യാപിച്ചു കിടക്കുകയല്ലേ!

അങ്ങനെയാണ് ഞാന്‍ കേരളത്തിലേക്ക് ആ മഷിതുള്ളി അലിഞ്ഞു ചേര്‍ന്ന സ്ഥലങ്ങള്‍ കാണാനയി വരുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവളായി!

ഓരോ ഋതുക്കള്‍ക്കനുസരിച്ചും മാറുന്ന രാഷ്ട്രങ്ങള്‍ക്കനുസരിച്ചും കൃത്യമായ നിരീക്ഷണപാടവത്തോടെ, കഥാപാത്രങ്ങളുടെ, അഭിരുചികളും സംസ്‌കാരവും സംസാരവു വൈകാരിക ബന്ധങ്ങളും പരിണതിയായി അനുഭവപ്പെടും. ഇത് ഒരു പ്രണയകഥ മാത്രമല്ല, ബാല്യത്തില്‍ നിന്നും കരുത്താര്‍ജ്ജിച്ച യൗവനത്തിന്റെ കരുതലിന്റെ കഥയാണ. നിര്‍മമ സ്‌നേഹത്തിന്റെ പുതപ്പ്!

click me!