പുസ്തകപ്പുഴയില്‍ ഇന്ന് . എലിഫ് ഷഫാക്ക് എഴുതി, അജയ് പി. മങ്ങാട്ടും ജലാലുദ്ദീനും വിവര്‍ത്തനം ചെയ്ത 'നാല്‍പത് പ്രണയ നിയമങ്ങള്‍' എന്ന പുസ്തകത്തിന്റെ വായന. മുജീബുല്ല കെ. വി എഴുതുന്നു
അലയുന്ന ദര്‍വീഷ് ആണ് ശംസ് തബ്രീസ്. അപാരമായ ആത്മീയാനുഭവങ്ങളുടെ കലവറ. എവിടെയും അടിഞ്ഞു കിടക്കാതെ, ഒഴുകിക്കൊണ്ടേയിരിക്കുന്നയാള്‍. എവിടെയും അയാള്‍ രണ്ടാമതൊരു രാത്രി ഉറങ്ങിയിട്ടില്ല. അങ്ങനെ തങ്ങിയത്, ബാഗ്ദാദിലെ സൂഫി ഗുരു ബാബാ സമാന്റെ സത്രത്തില്‍ മാത്രമാണ്. ലോകത്തുനിന്ന് താന്‍ പിന്‍വാങ്ങും മുമ്പ് തന്റെ അറിവുകള്‍ കൈമാറാന്‍ ഒരു കൂട്ടുകാരനെ തേടി നടക്കുകയായിരുന്നു അയാള്‍. തന്റെ അന്വേഷണത്തിനുള്ള ഉത്തരം ബാബാ സമാന്റെ പക്കലുള്ളതിനാലാണ്, ശംസ് അവിടെ തങ്ങുന്നത്. ആ ഉത്തരമായിരുന്നു, റൂമി!
തുര്‍ക്കിയിലെ കോന്യയില്‍ റൂമിയുടെ മഖ്ബറയ്ക്കടുത്തുള്ള നഗരത്തെരുവിലെ സ്തൂപം
undefined
തുര്‍ക്കിയിലെ കോന്യയില്‍ റൂമിയുടെ മഖ്ബറയ്ക്കടുത്തുള്ള നഗരത്തെരുവില്‍ ഒരു സ്തൂപമുണ്ട്. മൗലാനയുടെ ഖബറിടത്തിന് മൂന്നാല് ഫര്‍ലോങുകള്‍ മാത്രം ദൂരത്ത്, മൗലാനാ സ്ട്രീറ്റില്‍, ഇപ്പൊ 'അലാത്തിന്‍' എന്നറിയപ്പെടുന്ന സ്ഥലത്തുവച്ചാണ്, ആ രണ്ടു ജ്ഞാന മഹാസമുദ്രങ്ങള്‍ ആദ്യമായി സംഗമിച്ചത്. 1244 നവംബര്‍ 30-ന് സൂഫി ഗുരു ശംസ് തബ്‌രീസിയും മൗലാനാ ജലാലുദ്ദീന്‍ റൂമിയും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ച്ചയുടെ സ്മാരകമാണത്.
എലിഫ ഷഫാക്കിന്റെ 'നാല്‍പത് പ്രണയ നിയമങ്ങള്‍' എന്ന നോവല്‍ വായന ശംസ് തബ്‌രീസി റൂമിയെ ആദ്യമായി കണ്ടുമുട്ടുന്ന രംഗത്തിലെത്തിയപ്പോള്‍, കോന്യയിലെ ആ സ്തൂപവും അവിടെ കണ്ട ലിഖിതവുമായിരുന്നു എന്റെ മനസ്സില്‍ കടന്നുവന്നത്..
സ്തൂപത്തില്‍ ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു:
'രണ്ടു സമുദ്രങ്ങള്‍ ഒന്നുചേര്‍ന്നതിന്റെ സ്മാരകം'
'മഹാനായ മുസ്ലിം പണ്ഡിതന്‍ മൗലാനാ മുഹമ്മദ് ജലാലുദ്ദീന്‍ റൂമിയും പ്രശസ്ത സൂഫി ഗുരു ശംസുദ്ദീന്‍ തബ്‌രീസിയും 1244 നവംബര്‍ 30ന് ഇവിടെവച്ച് കണ്ടുമുട്ടി. അവര്‍ കണ്ടുമുട്ടിയ സ്ഥലത്തെ 'Majmul Bahrain' (രണ്ടു സമുദ്രങ്ങളുടെ കൂടിച്ചേരല്‍) എന്നാണ് വിശേിപ്പിക്കുന്നത്.
സൂഫി ധാരയില്‍ ഖിളര്‍നെ പോലെ പരിഗണിക്കപ്പെടുന്ന തബ്‌രീസിയും ഹനഫി ധാര ലോകമെമ്പാടും പ്രകാശിപ്പിച്ച നിയമജ്ഞന്‍ റൂമിയും തമ്മിലുള്ള ഈ കൂടിക്കാഴ്ച, ദിവ്യജ്ഞാനവും (ma'rifa) ദൈവിക നിയമവും (shariah) തമ്മിലുള്ള ഒന്നിക്കലായാണ് സൂഫിസത്തില്‍ കരുതപ്പെടുന്നത്.'
നോവലില്‍, റൂമിയെത്തേടി കോന്യയിലെത്തിയ ശംസ് താമസിച്ചിരുന്ന പഞ്ചസാര വില്പനക്കാരുടെ സത്രമിരിക്കുന്ന തെരുവില്‍ വച്ചാണ്, ഇരുവരും കണ്ടുമുട്ടുന്നത്. ഈ സ്തൂപമിരിക്കുന്നിടമാവും കഥയിലെ പഞ്ചസാര വില്പനക്കാരുടെ തെരുവ്.
ശംസും റൂമിയും തമ്മിലുള്ള ആദ്യ സമാഗമവും ഒരു ദാര്‍ശനിക സമസ്യയിലൂടെയാണ്. റൂമിയോട് പ്രവാചകന്‍ മുഹമ്മദിനെയും സൂഫി ബിസ്താമിയെയുംകുറിച്ചുള്ള ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നു ശംസ്. പ്രത്യക്ഷത്തില്‍ പ്രകോപനകരമെന്ന് തോന്നിക്കുന്ന ഒരു ചോദ്യം. റൂമിനല്‍കിയ മറുപടി അദ്ദേഹത്തെ തൃപ്തിപ്പെടുത്തി.
അവരുടെ ആദ്യസമാഗമം അവസാനിക്കുന്നതിങ്ങനെ: 'ആദരവോടെ അദ്ദേഹം എന്റെ മുമ്പില്‍ കുനിഞ്ഞു. ഞാന്‍ തിരിച്ചും കുനിഞ്ഞു വണങ്ങി. എത്രനേരം ഞങ്ങള്‍ അങ്ങനെ നിന്നു എന്ന് എനിക്കറിയില്ല'
***
നാല്പതുകളിലേക്ക് പ്രവേശിക്കുന്ന നോര്‍ത്താംപ്ടണിലെ എല്ല റൂബിന്‍സ്റ്റണ്‍ എന്ന അസ്വസ്ഥയായ വീട്ടമ്മ. എഡിറ്റിങ് ജോലിയുടെ ഭാഗമായി അവര്‍ക്കെരു നോവല്‍ കിട്ടുന്നു. സുപ്രസിദ്ധ സൂഫി ദാര്‍ശനികനും ജ്ഞാനിയും കവിയുമായ ജലാലുദ്ദീന്‍ റൂമിയും ഗുരു ശംസ് തബ്രീസും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ഒരു നോവല്‍. സൂഫീ സഞ്ചാരിയായ അസീസ് സെഡ് സഹാറയെഴുതിയ ആ നോവലിന്റെ പേരും കൗതുകകരമാണ്: 'മധുരമാര്‍ന്ന ദൈവനിന്ദ'. ജോലിയുടെ ഭാഗമായി അതുവായിച്ച് ഒരു എഡിറ്റോറിയല്‍ റിപ്പോര്‍ട്ട് തയ്യാറാക്കണമായിരുന്നു, അവര്‍ക്ക്.
പാചകം ചെയ്യുന്നതിലും മക്കള്‍ക്കും ഭര്‍ത്താവിനും ഇഷ്ട വിഭവമൊരുക്കുന്നതിലുമാണ് തന്റെ സന്തോഷമെന്ന് നടിച്ച്, പൊരുത്തപ്പെട്ടു പോകാനാവാത്ത ഭര്‍ത്താവിന്റെ അരുതായ്മകള്‍ അറിഞ്ഞില്ലെന്ന് നടിച്ച് ജീവിച്ച ഒരു സാധാരണ കുടുംബിനിയായിരുന്നു എല്ല, 'മധുരമാര്‍ന്ന ദൈവനിന്ദ' വായിക്കുന്നതുവരേയും. എന്നാല്‍ നോവല്‍ വായന എല്ലയെ അടിമുടി ഉലച്ചുകളഞ്ഞു.
അസീസിന്റെ നോവല്‍ വായിച്ചുതീര്‍ന്ന എല്ല പിന്നെ വായിക്കുന്നത് റൂമിയെയാണ്. റൂമിയുടെ കവിതകള്‍.
എല്ലയും 'മധുരമാര്‍ന്ന ദൈവനിന്ദ'യുടെ എഴുത്തുകാരന്‍ അസീസും തമ്മിലുള്ള ഇ-മെയില്‍ കത്തിടപാടുകള്‍ ശംസിന്റെ പ്രണയ നിയമങ്ങള്‍ക്കൊപ്പം എല്ലയ്ക്കും അസീസിനുമിടയിലെ ആത്മബന്ധമായി വളരുന്നുണ്ട്. അവളുടെ ജീവിത സമസ്യകള്‍ക്കുള്ള ദാര്‍ശനികവും ആത്മീയവുമായ മറുപടികള്‍ കൂടിയായിരുന്നു ആ മെയിലുകള്‍. ഒറ്റക്കിരിക്കാന്‍ ഇഷ്ടമില്ലാതിരുന്ന എല്ല പതിയെ ഏകാന്തത ഇഷ്ടപ്പെട്ടു തുടങ്ങി..
***
അലയുന്ന ദര്‍വീഷ് ആണ് ശംസ് തബ്രീസ്. അപാരമായ ആത്മീയാനുഭവങ്ങളുടെ കലവറ. എവിടെയും അടിഞ്ഞു കിടക്കാതെ, ഒഴുകിക്കൊണ്ടേയിരിക്കുന്നയാള്‍. എവിടെയും അയാള്‍ രണ്ടാമതൊരു രാത്രി ഉറങ്ങിയിട്ടില്ല. അങ്ങനെ തങ്ങിയത്, ബാഗ്ദാദിലെ സൂഫി ഗുരു ബാബാ സമാന്റെ സത്രത്തില്‍ മാത്രമാണ്.
ലോകത്തുനിന്ന് താന്‍ പിന്‍വാങ്ങും മുമ്പ് തന്റെ അറിവുകള്‍ കൈമാറാന്‍ ഒരു കൂട്ടുകാരനെ തേടി നടക്കുകയായിരുന്നു അയാള്‍. തന്റെ അന്വേഷണത്തിനുള്ള ഉത്തരം ബാബാ സമാന്റെ പക്കലുള്ളതിനാലാണ്, ശംസ് അവിടെ തങ്ങുന്നത്.
ആ ഉത്തരമായിരുന്നു, റൂമി!
അപ്പുറത്ത് റൂമിയും അങ്ങിനെയൊരു കൂട്ടുകാരനെ അന്വേഷിക്കുകയായിരുന്നുവല്ലോ.
ജ്ഞാനത്തിന്റെ അകംപൊരുളറിഞ്ഞ സൂഫി - പേടിയില്ലാത്ത, കൂസലില്ലാത്ത, 'മറ്റുള്ളവര്‍ എന്ത് വിചാരിക്കും' എന്ന ചിന്ത അലട്ടാത്ത ദര്‍വീഷ്, അതായിരുന്നു ശംസ്. ഒന്നും മോഹിക്കാത്ത, ഒന്നും മോഹിപ്പിക്കാത്ത പരിത്യാഗി. സ്വപ്നം കാണാത്ത, എന്നാല്‍ സ്വപ്നം വ്യാഖ്യാനിക്കുന്ന സൂഫി. ജ്ഞാന നാട്യങ്ങളെ, പൗരോഹിത്യത്തെ നിശിതമായി ചോദ്യം ചെയ്യുന്നവന്‍. ശംസ് വരച്ചുകാണിക്കുന്ന മതവും ആത്മീയതയും, ധര്‍മ്മവും ദാര്‍ശനികതയും, എല്ലാ മനുഷ്യരും ദൈവവും തമ്മില്‍ നേരിട്ടുള്ള ഇടപാടാണ്.
തെളിമയാര്‍ന്ന ഒഴുക്ക്!
കണ്ടുമുട്ടുന്ന ഓരോ മനുഷ്യരോടും, ഇടപഴകുന്ന, ഇടപെടുന്ന ഓരോ പ്രശ്‌നങ്ങളിലും, ദാര്‍ശനികവും തനി സാധാരണവുമായ ചര്‍ച്ചകളിലും സംസാരങ്ങളിലും ശംസിന്റെ ഇടപെടലുകള്‍ ആളുകളെ അതിശയിപ്പിക്കും വിധം വ്യത്യസ്തവും; അദ്ദേഹം നല്‍കുന്ന വിശദീകരണങ്ങള്‍, തന്റെ വായില്‍ നിന്നുതിരുന്ന വാക്കുകള്‍ കലുഷമായ സന്ദര്‍ഭങ്ങളെയും മനസ്സുകളെയും പിടിച്ചിരുത്തുന്നതും ആശ്വസിപ്പിക്കുന്നതും ആര്‍ദ്രമാക്കുന്നതുമായ ആത്മീയ അനുഭവങ്ങളാണ്. ശംസ് തബ്‌രീസിയെന്ന സൂഫി ദാര്‍ശനികന്റെ ജീവിതം തന്നെയാണ് നോവല്‍.
യാത്രയ്ക്കിടയിലെ വിവിധ ജീവിത സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പറയുന്ന ജീവിതദര്‍ശനങ്ങളാണ്, തബ്‌രീസിയുടെ ജീവിത പ്രമാണങ്ങളാണ്, പ്രണയത്തിന്റെ നാല്‍പ്പത് നിയമങ്ങള്‍. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രണയ പ്രമാണങ്ങള്‍.
ജീവിതമെന്നാല്‍ ഒഴുകിപ്പരക്കുന്ന അനന്തമായ യാത്ര തന്നെയായ തന്റെ സഞ്ചാരങ്ങള്‍ക്കിടയില്‍, ഇടത്താവളങ്ങളിലെ താമസത്തിനിടയില്‍, വിവിധ ജീവിത സന്ദര്‍ഭങ്ങളില്‍, കണ്ടുമുട്ടുന്ന മനുഷ്യരുമായുള്ള സംസാരത്തിനിടെ; ചിലപ്പോള്‍ സ്വന്തം ചിന്തകളില്‍ ആത്മഗതമെന്നോണം, ആത്മാന്വേഷണങ്ങളുടെ ഉത്തമെന്നോണം അദ്ദേഹം സ്വയമുരുവിടുന്ന, അല്ലെങ്കില്‍ മറ്റൊരാളോട് പറയുന്നതാണ് ഈ പ്രമാണങ്ങള്‍. തന്റെ, അല്ലെങ്കില്‍ ശ്രോതാവിന്റെ മാനസികാവസ്ഥയ്ക്ക്, അഥവാ മുന്നിലുള്ള അപ്പോഴത്തെ സമസ്യകള്‍ക്ക് ഏറ്റവും യോജിച്ചത് കൂടിയാവും, സാന്ദര്‍ഭികമായി കടന്നുവരുന്ന ആ പ്രമാണം.
റൂമിയും ശംസും: ചിത്രകാരന്റെ ഭാവനയില്‍
റൂമിയുടെ വീട്ടിലെ ലൈബ്രറിയില്‍വച്ചുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ അവരുടെ സംസാരം നീണ്ടത് തുടര്‍ച്ചയായ 40 ദിനങ്ങള്‍! മതം, തത്വചിന്ത, ചരിത്രം തുടങ്ങി രാവും പകലും എന്നില്ലാതെ അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. രാവിലെ റൊട്ടിയും വൈകീട്ട് ഒരു കപ്പ് ആട്ടിന്‍ പാലും ഭക്ഷണം.
റൂമിയുടെ ഭാര്യ കെറി കരുതിയത്, താമസംവിനാ അവരിരുവര്‍ക്കും മടുക്കുമെന്നും ശംസ് എന്ന അലച്ചിലുകാരനായ ദര്‍വീശ് അവരെ വിട്ടുപോകുമെന്നുമായിരുന്നു. എന്നാല്‍ സംഭവിച്ചത്, ദിവസംതോറും റൂമി അവര്‍ക്ക് അപരിചിതനാവുകയെന്നതായിരുന്നു.
'ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ജീവിക്കുകയും ഒരേ കിടക്കയില്‍ അന്തിയുറങ്ങുകയും ചെയ്യുമ്പോഴും ആ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ അവിടെ ഇല്ലാത്ത പോലെ അനുഭവപ്പെടുക സാധ്യമാണ് എന്നത് എനിക്കൊരിക്കലും അറിയുമായിരുന്നില്ല'
***
പ്രഭാഷകനെന്ന നിലയ്ക്ക് ദിക്കെങ്ങും ഖ്യാതി നേടിയ മഹാജ്ഞാനിയായിരുന്നു അക്കാലത്ത് റൂമി. മത വിജ്ഞാനീയങ്ങളില്‍ അഗാധ ജ്ഞാനമുള്ള പണ്ഡിതന്‍. കോന്യയിലെത്തിയ ശംസ് റൂമിയെ കാണുന്നതിനു മുമ്പ് അദ്ദേഹത്തെക്കുറിച്ച് ആളുകളുടെ അഭിപ്രായമറിയാന്‍ സമീപിക്കുന്നത് സമൂഹം പൊതുവേ 'അടിത്തട്ടിലുള്ള'വരെന്ന് കണക്കാക്കുന്ന മനുഷ്യരെയാണ്: വഴിയില്‍ കണ്ടുമുട്ടിയ ഒരു യാചകനെ, ഒരു വേശ്യയെ, പിന്നെ ഒരു കുടിയനെ. അവരുടെ വിവരണങ്ങള്‍, തങ്ങളുടെ കടുത്ത ജീവിതാനുഭവങ്ങളുടേയും, ഒപ്പം സൈനികാധിനിവേശങ്ങളാല്‍ നിരന്തരം ആക്രമിക്കപ്പെട്ട തങ്ങളുടെ നാടുകളുടെ, നഗരത്തിന്റെ കലുഷമായ സാമൂഹികാവസ്ഥകളുടേയും നേര്‍ചിത്രവുമായിരുന്നു.
കോന്യയിലേക്ക് പുറപ്പെടുമ്പോള്‍ ബാഗ്ദാദിലെ ഗുരു ബാബാ സമാന്‍ ശംസിന് നല്‍കിയ മൂന്ന് വിശിഷ്ട സമ്മാനങ്ങള്‍ - ഒരു വെള്ളിക്കണ്ണാടി, ഒരു പട്ടുതൂവാല, പിന്നെ ഓയിന്‍മെന്റിന്റെ ഒരു ചില്ലുപാത്രം - ഇവര്‍ മൂന്നു പേര്‍ക്കും നല്‍കുന്നുണ്ട്, ശംസ്.
എലിഫ് ഷഫാക്
'നരകത്തില്‍ തീയില്ല, സ്വര്‍ഗ്ഗത്തില്‍ തോട്ടവും ഇല്ല' എന്ന് ഷഹബാസ് അമന്‍ പാടുന്നുണ്ടല്ലോ. നരകപ്പേടിയും സ്വര്‍ഗ്ഗ മോഹവും അല്ല, ദൈവത്തോടുള്ള ശുദ്ധമായ, നിഷ്‌കപടമായ സ്‌നേഹമാണ് വിശ്വാസിയെ നയിക്കേണ്ടത് എന്നാണ് ശംസിന്റെ മതം. കറകളഞ്ഞ ദൈവസ്‌നേഹമാണ് സൂഫിയെ നയിക്കുന്നത്; വിശ്വാസിയെ നയിക്കേണ്ടത്!
സാമ്പ്രദായിക മതവിശ്വാസങ്ങളുടെ നിശിത വിമര്‍ശനമാകുന്നു, ശംസ് തബ്‌രീസി. മാമൂല്‍ മതത്തെ കണക്കിന് താങ്ങുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട് നോവലില്‍. റൂമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ആണ്‍വേഷം കെട്ടി പള്ളിയില്‍ എത്തുന്നുണ്ട്, അഭിസാരികയായ ഡെസര്‍ട്ട് റോസ്. പ്രഭാഷണത്തില്‍ ലയിച്ചുപോയ അവരുടെ തട്ടം ഒരല്പം നീങ്ങിയപ്പോള്‍ മുന്നിലിരിക്കുന്ന ബൈബര്‍സ് (വേശ്യാലയത്തിലെ വെറുക്കപ്പെട്ട പറ്റുകാരനാണയാള്‍) അവളെ തിരിച്ചറിയുന്നു. അയാള്‍ അടുത്തുള്ളവരോട് പിറുപിറുക്കുന്നു. പേടിച്ചു പള്ളിയില്‍ നിന്നിറങ്ങിയ അവള്‍ക്കു പിന്നാലെ ആള്‍ക്കൂട്ടം അക്രമാസക്തരായി പിറകെ കൂടി. അഭിസാരികയായ നിനക്കിവിടെ എന്തുകാര്യം എന്നായിരുന്നു അവരുടെ ചോദ്യം. വേശ്യാവൃത്തിയിലല്ല, അവള്‍ പള്ളിയില്‍ വന്നതിലാണ് അവര്‍ക്ക് പരാതി!
അവരെ തടഞ്ഞ്, അവളെ അവരില്‍നിന്ന് സംരക്ഷിച്ചുകൊണ്ട് അവളെ തന്നോട് ചേര്‍ത്തു പിടിച്ചു ശംസ് അവരോട് പറയുന്നുണ്ട്: 'നിങ്ങള്‍ വാദിക്കുന്നപോലെ നിങ്ങള്‍ നല്ലവരായ വിശ്വാസികളായിരുന്നുവെങ്കില്‍ അവള്‍ നഗ്‌നയായിരുന്നുവെങ്കില്‍ പോലും നിങ്ങളവളെ ശ്രദ്ധിക്കുമായിരുന്നില്ല'
***
പണ്ഡിതന്‍ ജീവിക്കുന്നത് തൂലികയുടെ മുദ്രകളിലാണ്. സൂഫി കാല്‍പ്പാടുകളെ പ്രണയിക്കുകയും പാദമുദ്രകളില്‍ ജീവിക്കുകയും ചെയ്യുന്നു - ശംസ് പറയുന്നു.
മദ്യം (വീഞ്ഞ്) വാങ്ങി വരാന്‍ റൂമിയെ പറഞ്ഞയക്കുന്നുണ്ട്, ശംസ്. അങ്ങാടിയില്‍ കൂടി പരസ്യമായി പോകണം. വേഗം വാങ്ങി വരരുത്. അവിടെ ഇരുന്ന് കുറെ സമയം ചിലവഴിക്കണം. കുടിയന്മാരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടണം.
പണ്ഡിതന്മാര്‍ ദന്തഗോപുരങ്ങളില്‍ വാഴേണ്ടവരല്ല. തകര്‍ന്നുപോകുന്ന, തകര്‍ന്നു പോകേണ്ട പേരും പ്രശസ്തിയും തനിക്കും ദൈവത്തിനുമിടയില്‍ തടസ്സമാവരുത്. മനുഷ്യനും ദൈവത്തിനും ഇടയിലുള്ള വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടണം, സമ്പത്തും അധികാരവും പൗരോഹിത്യവും പദവിയും അടക്കം.
തനിക്കും ദൈവത്തിനുമിടയില്‍ ഒരു തടസ്സവുമുണ്ടാവരുത്
'ഞാന്‍ ജീവിക്കുന്ന ജീവിതം മാറ്റാന്‍ ഞാന്‍ സന്നദ്ധമാണോ? ഞാന്‍ അകമേ മാറാന്‍ തയ്യാറാണോ?' എന്ന ചോദ്യം 'നിങ്ങളോട് തന്നെ നിങ്ങള്‍ ചോദിക്കാന്‍ ഒരിക്കലും വൈകുന്നില്ല'
റൂമിയും ശംസും തമ്മിലെ അതിഗാഢമായ സ്‌നേഹബന്ധം കാലാതിവര്‍ത്തിയാണ് എന്നതിന്റെ ഉദാഹരണം കൂടിയാണ്, നോവലിലെ നായിക കഥാപാത്രമായ എല്ലയും നോവലിസ്റ്റ് അസീസ് സഹാറയും തമ്മിലുണ്ടായ ഗാഢമായ ആത്മബന്ധം. പതിമൂന്നാം നൂറ്റാണ്ടിലെ കഥയ്‌ക്കൊപ്പം ഇരുപതാം നൂറ്റാണ്ടിലെ പ്രണയവും സമാന്തരമായും രസകരമായും എലിഫ് ഷഫാക്ക് പറഞ്ഞു പോകുന്നുണ്ട്.
ഓരോ കഥാപാത്രങ്ങളും നമ്മുടെ മുന്നില്‍ വന്ന് കഥ പറഞ്ഞുപോകുന്ന രസകരമായ ശൈലിയാണ് എലിഫ് ഷഫാക്കിന്റേത്. ഓരോ അധ്യായങ്ങളും ഓരോ കഥാപാത്രങ്ങളാണ്. നോവലിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടു പോകാതെ തന്നെ അവര്‍ തങ്ങള്‍ നിര്‍ത്തിയിടത്തു നിന്ന് കഥ തുടരുന്നു; ശംസിനെക്കുറിച്ച് പറയുമ്പോഴും തങ്ങളുടെ കഥ മുറിഞ്ഞു പോവാതെ തന്നെ. കിംയയും കെറയും ഡെസര്‍ട്ട് റോസും കുടിയന്‍ സുലൈമാനുമൊക്കെ മനോഹര കഥാപാത്രങ്ങളാകുന്നു..
***
ഗാഢമായ ദാര്‍ശനിക ചിന്തകളാലും സംവാദങ്ങളാലും സംഭാഷണങ്ങളാലും സമ്പന്നമാണ് നോവല്‍. റൂമിയും ശംസും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓരോ സന്ദര്‍ഭങ്ങളും അത്തരത്തിലുള്ളതാണ്. റൂമിയുടെ വളര്‍ത്തുമകളും ശിഷ്യയുമായ കിംയയുമായുള്ള ഖുര്‍ആനിനെക്കുറിച്ച സംഭാഷണങ്ങള്‍, 'മതഭ്രാന്തനായ' പണ്ഡിതന്‍ ശൈഖ് യാസീന്റെ ദര്‍സില്‍കയറി നടത്തുന്ന സംവാദം, ശംസിന്റെയും റൂമിയുടേയും ചിന്തകളും മനോവ്യാപാരങ്ങളുമെല്ലാം അനായാസതയോടെ, മനോഹരമായി നോവലില്‍ ബ്ലെന്‍ഡ് ചെയ്തിരിക്കുന്നു.
മതത്തിന്റെ തെളിമയാര്‍ന്ന ദാര്‍ശനിക ഭാവമാണ് ശംസ്. റൂമിയെ അദ്ദേഹം തേച്ചു മിനുക്കുകയായിരുന്നു. പിന്നീട്, റൂമിപോലുമറിയാതെ, റൂമിയിലെ കവി പുറത്തുവരികയായിരുന്നു.
എന്റെ തികവിനുവേണ്ടിയായിരുന്നു ശംസിന്റെ ഓരോ പ്രവര്‍ത്തികളും എന്ന് റൂമി പറയുന്നുണ്ട്. പട്ടണവാസികള്‍ക്ക് ഒരിക്കലും അതു മനസ്സിലാക്കാനായില്ല. അപവാദങ്ങള്‍ മനപൂര്‍വ്വം ആളിക്കത്തിച്ചു. സാധാരണ കാതുകള്‍ക്ക് ദൈവനിന്ദയെന്ന് തോന്നുന്ന വാക്കുകള്‍ സംസാരിച്ചു.
'ഫക്കീറായി നടിച്ച ഫഖീഹ്' ആയിരുന്നു, റൂമിയുടെ അഭിപ്രായത്തില്‍ ശംസ്. ആല്‍ക്കമി, ജ്യോതിശാസ്ത്രം, ജ്യോതിഷം, ദൈവശാസ്ത്രം, തത്വചിന്ത, തര്‍ക്കശാസ്ത്രം, തുടങ്ങിയവയെല്ലാം അഗാധ ജ്ഞാനമുള്ള പണ്ഡിതന്‍. മൂഢരുടെ കണ്ണുകളില്‍നിന്ന് പക്ഷേ അദ്ദേഹം തന്റെ അറിവ് ഒളിപ്പിച്ചുവച്ചു.
പോകെപ്പോകെ എല്ല അസീസില്‍ കണ്ടെത്തുന്നത് ശംസിനെത്തന്നെയായിരുന്നു. തന്റെ ഹൃദയഭാജനമായ ശംസിനെ കയ്യൊഴിയാന്‍ റൂമിക്കാവില്ലല്ലോ!
***
ചരിത്രത്തിലൂടെയും സൂഫിസത്തിലൂടെയും ആണ്ടിറങ്ങിയുള്ള എലിഫ് ഷഫാക്കിന്റെ എഴുത്തിന് അജയ് പി മങ്ങാട്ടിന്റേയും ജലാലുദീന്റെയും വിവര്‍ത്തനം അനായാസ മലയാള വായനയൊരുക്കുന്നു. അഞ്ഞൂറിപ്പരം പുറങ്ങളുള്ള ഒരു നോവല്‍ ഇത്രവേഗത്തില്‍ തീര്‍ന്നുപോകുന്നത് നമ്മള്‍ അറിയുകയേയില്ല!
***
എലിഫ് ഷഫാക്ക് എഴുതി, അജയ് പി. മങ്ങാട്ടും ജലാലുദ്ദീനും വിവര്‍ത്തനം ചെയ്ത 'നാല്‍പത് പ്രണയ നിയമങ്ങള്‍' എന്ന പുസ്തകത്തിന്റെ വായന. മുജീബുല്ല കെ. വി എഴുതുന്നു
...........................
'നാല്‍പത് പ്രണയ നിയമങ്ങള്‍'
എലിഫ് ഷഫാക്ക്
വിവര്‍ത്തനം: അജയ് പി. മങ്ങാട്ടും ജലാലുദ്ദീനും
പ്രസാധനം: അദര്‍ ബുക്‌സ്, കോഴിക്കോട്.