പുസ്തകപ്പുഴയില്‍ ഇന്ന് സുധാമേനോന്‍ എഴുതിയ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍' എന്ന പുസ്തകത്തിന്‍റെ വായന. അലന്‍ പോള്‍ വര്‍ഗീസ് എഴുതുന്നു
'അധിനിവേശത്തിന്‍റെയും ഫിനാന്‍സ് മൂലധനത്തിന്‍റെയും രാഷ്ട്രീയം എല്ലായിടത്തും അങ്ങനെത്തന്നെയാണ് ലീനിയ' എന്ന പ്രസ്താവനയിലുണ്ട് പുസ്തകത്തിന്‍റെ സംഗ്രഹം. ഓര്‍മക്കുറിപ്പുകള്‍ മാത്രമാക്കി ഈ പുസ്തകത്തെ കാണുന്നവര്‍ സുധ മേനോന്‍ എന്ന വിമതയെ കാണാതെ പോകുകയാണ്.
സുധ മേനോന്‍ എഴുതിയ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍' എന്ന പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
undefined
ഒരു ജെന്‍ഡര്‍ രാഷ്ട്രീയ പ്രമേയമോ അല്ലെങ്കില്‍ ഒരു ഓര്‍മപ്പുസ്തകമോ അല്ല സുധ മേനോന്‍ എഴുതിയ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍' എന്ന പുസ്തകം. ദുരിതത്തിലാഴ്ന്ന് പോയ സ്ത്രീ ജീവിതങ്ങളെ വരച്ചിടുന്നതില്‍ ഉപരിയായി ഈ പുസ്തകം, നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ കുറിച്ചുള്ള ഒരു രാഷ്ട്രീയ വിശദീകരണമാണ്.
ഉപരിവര്‍ഗ്ഗത്തിന്‍റെ ഐശ്വര്യത്തിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന ഭരണകൂട കടലാസുകളാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യം മുതല്‍ അനേകം രാജ്യങ്ങളെ നിയന്ത്രിക്കുന്ന ശക്തി. ഒരു ജനതയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന നയങ്ങളില്‍ നിന്ന് മാറി, സമ്പത്ത് കിനിഞ്ഞിറങ്ങി വരുന്നത് കാത്തുനില്‍ക്കാന്‍ ജനങ്ങളെ പഠിപ്പിച്ച, ഭരണകൂടങ്ങള്‍ക്ക് ഉള്ളിലും നടുവിലുമാണ് നമ്മുടെ ജീവിതം. ഒരു എന്‍ ജി ഒയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ യാഥാസ്ഥിതിക ബോധത്തില്‍ നിന്ന് മാറി വരാന്‍ വ്യക്തിപരമായി എനിക്ക് ഒരുപാട് സമയമെടുത്തു.
ഞാനും എഴുത്തുകാരിയും പരസ്പരം അംഗീകരിക്കുന്ന ചില കാര്യങ്ങളുണ്ട്. നെഹ്‌റുവും മാര്‍ക്സും കൈ കൊടുത്ത് പിരിയുന്നിടത്ത് ഞങ്ങളും പിരിയും. പക്ഷെ അവര്‍ നടക്കുന്ന അതേ വഴികളില്‍ തന്നെയാണ് ഞങ്ങള്‍ നടക്കുന്നത്. വീക്ഷണങ്ങളും സമാനമാണ്.
എന്താണ് ഈ പുസ്തകത്തിന്‍റെ കാതല്‍? കേവല കാല്‍പനികമായ രീതിയില്‍ ഉള്ളില്‍ 'തൊടുന്ന എഴുത്ത്' എന്ന് പറഞ്ഞൊഴിയാന്‍ ഞാന്‍ തയ്യാറല്ല. നവ സാമ്പത്തിക നയങ്ങളുടെ വിശുദ്ധ ശേഷിപ്പുകള്‍ക്ക് നേരെയുള്ള സോഷ്യലിസ്റ്റ് ചെകുത്താന്‍റെ യുദ്ധ ജിഹ്വകളില്‍ ഒന്നാണ് ഈ പുസ്തകം എന്ന് ഞാന്‍ പറയും.
മേല്‍പറഞ്ഞ പരാമര്‍ശത്തോട് യോജിക്കാന്‍ ബംഗ്ലാദേശില്‍ എഴുത്തുകാരിക്ക് ഒപ്പം ഉണ്ടായിരുന്ന അന്‍സലമിന് സാധിക്കും.
'അധിനിവേശത്തിന്‍റെയും ഫിനാന്‍സ് മൂലധനത്തിന്‍റെയും രാഷ്ട്രീയം എല്ലായിടത്തും അങ്ങനെത്തന്നെയാണ് ലീനിയ' എന്ന പ്രസ്താവനയിലുണ്ട് പുസ്തകത്തിന്‍റെ സംഗ്രഹം. ഓര്‍മക്കുറിപ്പുകള്‍ മാത്രമാക്കി ഈ പുസ്തകത്തെ കാണുന്നവര്‍ സുധ മേനോന്‍ എന്ന വിമതയെ കാണാതെ പോകുകയാണ്.
ഉടലുകളും മനസുകളും അസ്തിത്വവും എന്താണ് എന്ന് നിര്‍ണയിക്കാന്‍ പോലും കഴിയാത്ത സ്ത്രീ സമൂഹങ്ങള്‍ ഇന്നും ഒരു യാഥാര്‍ഥ്യമാണ്. മനോഹരമായ തൊലിപ്പുറത്തിന് ഉള്ളില്‍ അര്‍ബുദം മൂര്‍ച്ഛിക്കുമ്പോഴും ഒന്നും സംഭവിക്കുന്നില്ല എന്ന് നടിക്കുകയാണ് ഫിനാന്‍സ് ക്യാപിറ്റല്‍ മൂലധന കാലത്തെ രാജ്യങ്ങള്‍ എല്ലാം തന്നെ. ആമുഖത്തില്‍ തന്നെ അരാഷ്ട്രീയവാദികള്‍ക്കും ഉദാരവാദികള്‍ക്കും (ലിബറല്‍സിനും) പ്രഹരമേല്പിച്ചു കൊണ്ട്, ഉത്പന്നങ്ങള്‍ക്ക് മനുഷ്യരെക്കാള്‍ വില നല്‍കപ്പെടുന്ന കാലത്ത് ട്രേഡ് യൂണിയനും സംഘടിതമായ ശാക്തീകരണവും മികച്ച രാഷ്ട്രീയ ആയുധമായി തുടരുന്നു എന്ന് എഴുത്തുകാരി സമര്‍ത്ഥിക്കുന്നു. ബംഗ്ലാദേശില്‍ കെട്ടിടം ഇടിഞ്ഞു വീണപ്പോള്‍ അതിനിടയില്‍ ചതഞ്ഞു വീണവര്‍ എല്ലാവരും സാമ്പത്തികനയങ്ങള്‍ക്കിടയില്‍ കാലങ്ങളായി ചതഞ്ഞു കിടക്കുന്നവര്‍ ആയിരുന്നു. അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയവരെല്ലവം ചൂഷണങ്ങള്‍ക്ക് വിധേയമായ തൊഴിലാളികളാണ്. സാര്‍വ്വദേശീയത അവസാനിച്ചിട്ടില്ല എന്ന് ഇതെല്ലാം ഓര്‍മപ്പെടുത്തുന്നു.
ഈ പുസ്തകത്തില്‍ വീണ കണ്ണീരുകള്‍ക്ക് ചൂടുണ്ട്. ഓരോ വരിയും ഈ വ്യവസ്ഥയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ - കുറഞ്ഞ പക്ഷം പല്ലിറുമ്മാന്‍ എങ്കിലും - പ്രേരിപ്പിക്കും.
ശ്രീലങ്കയുടെ കാര്യമെടുത്താല്‍ രണ്ട് പ്രതിലോമകരമായ രാഷ്ട്രീയ വിചാരധാരകളുടെ സംഘട്ടനമാണ് അവിടെ സംഭവിച്ചത്. ഒരു ഭൂരിപക്ഷ സമൂഹം ന്യുനപക്ഷത്തെ അടിച്ചമര്‍ത്തുമ്പോള്‍ നമ്മള്‍ ന്യൂനപക്ഷത്തോട് ഒപ്പം നില്‍ക്കണമെന്നാണ് തന്തൈ പെരിയോര്‍ പഠിപ്പിച്ചത്. വ്യക്തിപരമായി തമിഴ് ജനതയോട് ഐക്യപ്പെടുമ്പോഴും ഒരു വിമോചന ശക്തിയില്‍ നിന്ന് രക്തക്കൊതിയന്മാരായി പരിണമിച്ച തമിഴ് പുലികളെ കുറ്റക്കാരായി ഞാന്‍ വിധിക്കും. ശ്രീലങ്കയിലെ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ Palmyra Fallen എന്ന പുസ്തകം എന്‍റെ മനസിലേക്ക് വന്നു. തമിഴ് പുലികളുടെ മറ്റൊരു മുഖം കാണിച്ചു തന്ന പുസ്തകമാണ് അത്.
ബുദ്ധിസം എന്നാല്‍ ആധുനിക കാലത്ത് മറ്റെല്ലാ മതത്തെയും പോലെ അടിച്ചമര്‍ത്തല്‍ സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു മതമാണ്. അത് വംശീയതയുടെ ദക്ഷിണേഷ്യന്‍ അപ്പസ്‌തോലന്മാരില്‍ ഒന്നാണ്. മ്യാന്മാര്‍, ടിബറ്റ്, തായ്ലന്‍ഡ് ശ്രീലങ്ക എന്നിവയെല്ലാം ആ ക്രൂരമായ രാഷ്ട്രീയ പ്രോജക്ടിന്‍റെ ഭാഗമായിരുന്നു.
വരികള്‍ക്ക് ഇടയില്‍ എഴുത്തുകാരി പറയാന്‍ ആഗ്രഹിച്ച ഒരു കാര്യമുണ്ട്. പാകിസ്താനിലും ബംഗ്ലാദേശിലും ലങ്കയിലും അഫ്ഗാനിലും ഒരു നെഹ്റു ഉണ്ടായിരുന്നു എങ്കില്‍?
പാകിസ്താന്‍റെ പതനത്തിന് കാരണം രണ്ട് കാര്യങ്ങളാണ്. ഒന്ന്, നദീം ഫാറൂഖ് പറാച വിശേഷിപ്പിച്ച മതപുരോഹിതരുടെയും സൈന്യത്തിന്‍റെയും സഖ്യം. രണ്ട് അമേരിക്കയും സൗദിയും. മതാത്മക രാഷ്ട്രീയത്തിന്‍റെ ഏറ്റവും ഉയര്‍ന്ന രൂപമായി പാകിസ്ഥാന്‍ മാറിയതിന് ഈ രണ്ട് ഘടകങ്ങളാണ് കാരണഹേതുക്കള്‍. അവിടെ ഇന്‍ക്ലൂസീവ് ആയ ഭരണഘടന ഉണ്ടായിരുന്നില്ല. പകരം, ജിയോ പൊളിറ്റിക്സില്‍ ഏറ്റവും ദുഷിച്ചതിനെ തെരഞ്ഞെടുത്തു. ഒരുപക്ഷെ, ഒരു നെഹ്‌റു ഇവിടെ ഉണ്ടായിരുന്നു എങ്കില്‍? അതിന് നമുക്ക് ഉത്തരമില്ല. ഒരുപക്ഷെ പാകിസ്ഥാന്‍ നല്ലൊരു രാജ്യമായേനെ. അല്ലെങ്കില്‍ പാകിസ്താനിലെ സകല തീവ്രവാദികളും ചേര്‍ന്ന് ആ നെഹ്റുവിനെ വധിച്ചേനെ.
ഉപരിതലത്തിലെ ഭംഗി കൊണ്ട് മാത്രം വിലയിരുത്തേണ്ട ഒന്നല്ല ഈ ഫിനാന്‍സ് ക്യാപിറ്റല്‍ വ്യവസ്ഥ, എന്ന ഓര്‍മപ്പെടുത്തല്‍ അനുഭവിച്ചു കൊണ്ടാണ് പുസ്തകം ഞാന്‍ വായിച്ചു തീര്‍ന്നത്.
കുറച്ചു കൂടി സൈദ്ധാന്തികമായിരുന്നെങ്കില്‍ ആനന്ദിന്‍റെ എഴുത്ത് പോലെയായേനെ ഈ പുസ്തകം. നിലവാരം ഒന്നിടിഞ്ഞുവെങ്കില്‍ മറ്റൊരാളായേനെ. പക്ഷെ സുധാ മേനോന്‍ എന്ന എഴുത്തുകാരി സുധാ മേനോന്‍ തന്നെയായി എഴുതി.
വായനക്കാരോട് ഒരു അഭ്യര്‍ത്ഥന മാത്രം. അനുഭവ കുറിപ്പ് എന്ന് മാത്രം കാണാതെ ഓരോ വരിയിലും തുളുമ്പുന്ന കണ്ണീരിന്‍റെ രാഷ്ട്രീയം കാണാന്‍ നമുക്ക് കഴിയണം.
'അകരുണം പൊട്ടും പൊടിയുമായി കൈമുതലഖിലം പുറത്തേയ്‌ക്കെറിയപ്പെട്ടു.
അയല്‍പക്കക്കാരുടെ കണ്‍കളാപ്പഞ്ഞത്തില്‍ പെരുമാറി നില്‍പ്പതും കാണപ്പെട്ടു..'
- ഇടശ്ശേരി (കുടിയിറക്കല്‍)
നോം ചോംസ്‌കി പറഞ്ഞ ഒരു വരി കൂടെ ഉദ്ധരിച്ച് അവസാനിപ്പിക്കുന്നു. 'പൗരന്മാര്‍ക്ക് പകരം അത് ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു. കമ്മ്യൂണിറ്റികള്‍ക്ക് പകരം ഷോപ്പിംഗ് മാളുകളെ സൃഷ്ടിക്കുന്നു. ഇതിന്‍റെയെല്ലാം ആകെതുക വിച്ഛേദിക്കപ്പെട്ടവരും സാമൂഹികമായി അശക്തരും നിരാശരുമായ വ്യക്തികള്‍ നിറഞ്ഞ സമൂഹം രൂപപ്പെടും എന്നതാണ്. പങ്കാളിത്ത ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശത്രു നവ ഉദാരവത്കരണമാണ്.'
(ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയും എ ഐ എസ് എഫ് കേരള സംസ്ഥാന കമ്മിറ്റിയംഗവും ആണ് അലന്‍ പോള്‍ വര്‍ഗീസ്.)