'പീഡനങ്ങളേറ്റുവാങ്ങിയിട്ടും വിപ്ലവജനത പാര്‍ട്ടിയെ വിശ്വസിച്ചു'

By Pusthakappuzha Book Shelf  |  First Published Jul 15, 2021, 6:58 PM IST

നൊബേല്‍ സമ്മാന ജേതാവായ സ്വെറ്റ്‌ലാന അലക്‌സിവിച്ച് എഴുതിയ 'ക്ലാവ് പിടിച്ച കാലം' എന്ന കൃതിയുടെ വായന. നര്‍ഗിസ് എഴുതുന്നു 


സ്റ്റാലിന്‍ ഹിറ്റ്‌ലറെ തോല്‍പ്പിച്ച് കമ്മ്യുണിസത്തെ സംരക്ഷിച്ചു എന്ന് പറയുമ്പോഴും കൊല്ലപ്പെട്ട ആയിരക്കണക്കിന് രാഷ്ട്രീയതടവുകാരെ ഓര്‍ത്തു അവര്‍ നടുങ്ങുകയാണ്.  മാര്‍ക്‌സിനെ, ലെനിനെ പിന്തുണക്കുന്നവര്‍ സ്റ്റാലിനെ കഠിനമായി എതിര്‍ക്കുകയാണ്. സ്റ്റാലിന്റെ  തിരിച്ചു വരവ് അവര്‍ ആഗ്രഹിക്കുന്നത് മുതലാളിത്തത്തെ ഒരൊറ്റ വെടിയുണ്ടയില്‍ തീര്‍ത്തുകളയാം എന്ന പ്രതീക്ഷയിലാണ്.

 

Latest Videos

 

വിപ്ലവാദര്‍ശങ്ങളാല്‍ നിര്‍മ്മിതമായ ഒരു രാഷ്ട്രമെന്ന നിലയില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായപ്പോള്‍, ദേശവും ഭാഷയും, പൈതൃകവും എന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന ഒരു വലിയകൂട്ടം റഷ്യന്‍ ജനതയുടെ അനുഭവസാക്ഷ്യങ്ങളാണ്, മാധ്യമപ്രവര്‍ത്തനത്തിനും സാഹിത്യത്തിനുമിടയില്‍ പുതിയവഴികള്‍ തേടുന്ന റഷ്യന്‍ എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ 'ക്ലാവ് പിടിച്ച കാലം.' 2015 -ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹയായ സ്വെറ്റ്‌ലാന അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ശക്തവും, ധീരവുമായ എഴുത്തുമുഖമാണ്. 

വിപ്ലവകാലത്ത്  യൗവനം സംഘര്‍ഷഭരിതമായി ചെലവഴിക്കുകയും, വാര്‍ധ്യക്യത്തില്‍ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ അപ്രസക്തമായ റഷ്യയില്‍  തുടരേണ്ടി വരികയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരുടെ പ്രതികരണങ്ങളും, പ്രതിഷേധങ്ങളും കൊണ്ട് ചരിത്രവായന നടത്തുകയാണ് എഴുത്തുകാരി ചെയ്യുന്നത്.   നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും, ധീരതയുടെയും ജീവിതരേഖയാണ് 'ക്ലാവ് പിടിച്ച കാലം' എന്ന സ്വീഡിഷ് അക്കാദമിയുടെ വാക്കുകള്‍ക്ക് അടിവരയിടുകയാണ് പുസ്തകത്തിലെ ഓരോ താളുകളും. 

 

സ്വെറ്റ്‌ലാന

 

പരാജിതരുടെ ചരിത്രകഥനം 
ഒരു കാലഘട്ടത്തെ വൈകാരികസ്മൃതികളാല്‍ പുനഃസൃഷ്ടിച്ച്, പരാജിതരുടെ ചരിത്രകഥനം വിജയകരമായി നിര്‍വ്വഹിച്ചിരിക്കുകയാണ് സ്വെറ്റ്‌ലാന. 1917 -ലെ റഷ്യന്‍ വിപ്ലവം സാധ്യമാക്കിയ സ്വപ്നങ്ങള്‍ വലുതായിരുന്നു. ആ സ്വപ്‌നത്തിന്റെ കൈ പിടിച്ച് സോവിയറ്റ് ജനത നിലകൊണ്ടതും എല്ലുമുറിയെ പണിയെടുത്തതും രാജ്യത്തിനും, കമ്മ്യുണിസത്തിനും, സോഷ്യലിസത്തിനും വേണ്ടിയായിരുന്നു. അതിനാണവര്‍ ഭക്ഷണത്തിനു വേണ്ടിയുള്ള നീണ്ടവരികളില്‍ അച്ചടക്കത്തോടുകൂടി തങ്ങളുടെ ഊഴം കാത്തുനിന്നത്. രാഷ്ട്ര നന്‍മയ്ക്കായി നാവുകള്‍ നിയന്ത്രിച്ചത്. അടുക്കളകളില്‍ സുരക്ഷിതരായിരുന്നുകൊണ്ട് സുഹൃത്തുക്കളോട് കമ്മ്യുണിസവും,  സോഷ്യലിസവും  ചര്‍ച്ച ചെയ്തത്. വിപ്ലവം വാഗ്ദാനം ചെയ്തതെന്താണെന്നും, തങ്ങള്‍ക്ക് കിട്ടിയത് എന്താണെന്നും അടക്കം പറഞ്ഞത്. അതിനാലാണ്, പുസ്തകങ്ങള്‍ വിഭാവനം ചെയ്ത മധുരമനോജ്ഞ റഷ്യ എവിടെയെന്ന് അവര്‍ പരസ്പരം അമ്പരന്നത്. 

ഗോര്‍ബച്ചേവും, പെരിസ്ട്രോയിക്കയും അതിശക്തമായ രീതിയില്‍ ചരിത്രവിചാരണ നേരിടേണ്ടി വരുന്നുണ്ട്.  പെരിസ്ട്രോയ്ക്ക, ഒക്ടോബര്‍ വിപ്ലവം പോലെ പൊതുജനങ്ങളുടെ സൃഷ്ടിയായിരുന്നില്ലെന്നും അതിന്റെ  സ്രഷ്ടാവ് ഗോര്‍ബച്ചേവും, ഒരുപിടി ബുദ്ധിജീവികളും മാത്രമാണെന്ന് അവര്‍ ആരോപിക്കുന്നു. പെരിസ്ട്രോയ്ക വഴിവെട്ടിയത് മുതലാളിത്തത്തിലേക്കും, കരിഞ്ചന്തയിലേക്കും, സ്വകാര്യവത്കരണത്തിലേക്കുമാണ്. തൊഴിലാളികളും, പാല്‍ക്കാരികളും, നെയ്ത്തുകാരും ഭരിച്ചിരുന്ന ഒരു നാടിനെ പെരിസ്ട്രോയ്ക്കയിലൂടെ ഡോളര്‍ കോടീശ്വരന്മാര്‍ക്ക്  വിറ്റുതുലയ്ക്കുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 

ജനം സോഷ്യലിസത്തെ സംശയിക്കാന്‍ തുടങ്ങിയെങ്കില്‍ അതിനു കാരണമായി അവര്‍ വിരല്‍ ചൂണ്ടുന്നത് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയാണ്.  പാര്‍പ്പിട ദാരിദ്ര്യവും, യുദ്ധവും, പട്ടിണിയും, മൂലം  സാധാരണക്കാര്‍  ശ്വാസം മുട്ടി കഴിഞ്ഞിരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവിതം ആഘോഷിച്ചിരുന്നത് മണിമന്ദിരങ്ങളിലായിരുന്നു. 

 


 

അപ്രത്യക്ഷമായ പുസ്തകങ്ങള്‍
സോവിയറ്റ് ജനതയുടെ വിപ്ലവ ചിന്തകളെ ഉരുവപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നത് പുസ്തകങ്ങളായിരുന്നു. ഗോര്‍ക്കിയുടെ, ചെക്കോവിന്റെ,  ടോള്‍സ്റ്റോയിയുടെ,  മയോവ്‌സ്‌കിയുടെ പുസ്തകങ്ങള്‍.  എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും കേള്‍വിക്കാരുണ്ടായിരുന്ന കാലമായിരുന്നു അത്. പെരിസ്ട്രോയിക്ക ആ വഴികളെല്ലാം അടച്ചു. നിങ്ങളെന്താണ് വായിക്കുന്നത് എന്ന ചോദ്യം പോലും അപഹാസ്യമായിത്തീര്‍ന്നു.  'വിളിക്കൂ, പണമുണ്ടാക്കൂ' എന്ന പറച്ചില്‍ മാത്രമാണ് എല്ലായിടത്തും പ്രതിധ്വനിച്ചത്.  

ജീവിതത്തില്‍ എങ്ങനെ വിജയം നേടാമെന്ന്, പണം സമ്പാദിക്കാമെന്ന് ഒരു റഷ്യന്‍ നോവലും  ജനതയെ പഠിപ്പിച്ചുകൊടുത്തില്ല. മാറിയ കാലഘട്ടത്തില്‍  പുസ്തകങ്ങളൊക്കെയും വായനക്കാരെ വളരെയേറെ നിരാശയിലാഴ്ത്തിക്കളഞ്ഞു.  ആശയങ്ങള്‍ വിസ്മരിക്കപ്പെട്ടു,  പുസ്തകങ്ങള്‍ വീടുകളില്‍ നിന്ന് അപ്രത്യക്ഷമായി. എഴുത്തുകാരും കഥകളും കഥാപാത്രങ്ങളും നിറമുള്ള ഭാവനകള്‍ മാത്രം വിളമ്പി തങ്ങളെ ഇത്രയുംകാലം പറ്റിക്കുകയായിരുന്നുവെന്ന് അവര്‍ പരിതപിച്ചു.  

ഉപഭോഗസംസ്‌ക്കാരം വളര്‍ന്നതോടുകൂടി കമ്യൂണിസ്റ്റ് ചിന്തകളും മൂല്യങ്ങളും വിട പറഞ്ഞു.  സാധാരണക്കാരുടെ ജീവിതവ്യവസ്ഥ തകര്‍ന്നതാണ് സോവിയറ്റിന്റെ  തകര്‍ച്ചയ്ക്ക് കാരണമായി അവരില്‍ ചിലര്‍തന്നെ വിവരിക്കുന്നത്.  പ്രണയം, വിവാഹം,  കുഞ്ഞുങ്ങള്‍ , സ്വന്തമായി ഒരു വീട്, ഷൂസുകള്‍, ടോയ്ലറ് പേപ്പറുകള്‍,  മധുര നാരങ്ങകള്‍ , പിസ്സ,  നീല ജീന്‍സ്,  മുന്തിയ കാറുകള്‍ എന്നിവയ്ക്ക്   വേണ്ടിയായിരുന്നു അവര്‍ മാറ്റം  ആഗ്രഹിച്ചത്. ജനം ഒരിക്കലും ആദര്‍ശവിദ്വേഷികളായിരുന്നില്ല. 

പക്ഷെ ഗോര്‍ബച്ചേവ് അവരെ നിരാശപ്പെടുത്തിക്കളഞ്ഞു. സ്റ്റാലിന്‍ ഹിറ്റ്‌ലറെ തോല്‍പ്പിച്ച് കമ്മ്യുണിസത്തെ സംരക്ഷിച്ചു എന്ന് പറയുമ്പോഴും കൊല്ലപ്പെട്ട ആയിരക്കണക്കിന് രാഷ്ട്രീയതടവുകാരെ ഓര്‍ത്തു അവര്‍ നടുങ്ങുകയാണ്.  മാര്‍ക്‌സിനെ, ലെനിനെ പിന്തുണക്കുന്നവര്‍ സ്റ്റാലിനെ കഠിനമായി എതിര്‍ക്കുകയാണ്. സ്റ്റാലിന്റെ  തിരിച്ചു വരവ് അവര്‍ ആഗ്രഹിക്കുന്നത് മുതലാളിത്തത്തെ ഒരൊറ്റ വെടിയുണ്ടയില്‍ തീര്‍ത്തുകളയാം എന്ന പ്രതീക്ഷയിലാണ്.

 

സ്റ്റാലിന്‍

 

ചവറ്റുകൂനയിലെ പൈതൃകം

ജീവിച്ചത് മുഴുവന്‍ ആദര്‍ശത്തിന് വേണ്ടിയായിരുന്നു. ആഗ്രഹിച്ചത് മഹത്തായ റഷ്യയായിരുന്നു.  പെരിസ്ട്രോയ്ക്ക സംഭവിക്കുകയും,  രാജ്യം യെത്സിന് കീഴ്പ്പെടുകയും ചെയ്തതോടുകൂടി ജീവിക്കാന്‍,  പൊരുതാന്‍ ഒരു ആദര്‍ശം ഇല്ലാതായി. ദാരിദ്ര്യം നാണക്കേടായിമാറി, ദരിദ്രന്‍ അവമതിക്കപ്പെട്ടു. സൗഹൃദങ്ങളും, ബന്ധങ്ങളുമെല്ലാം പണത്താല്‍ അളക്കപ്പെട്ടു. തുറന്നുപറച്ചിലുകളുമായി കടന്നു വരുന്നവര്‍ അവര്‍ കടന്നുപോയ യാതനാപര്‍വ്വങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഈ പുസ്തകത്തല്‍. നെഞ്ചുരുക്കത്തോടെയാണ് അവര്‍ സോഷ്യലിസത്തിന്റെ  അവശിഷ്ടങ്ങള്‍ക്കുമേല്‍ തങ്ങളുടെ ശിഷ്ടജീവിതം കരുപ്പിടിപ്പിക്കുന്നത്.  അദ്ധ്യാപകര്‍ യുവതമുറയോട് വീണ്ടും വീണ്ടും പറയാനാഗ്രഹിക്കുകയാണ്, വലിയൊരു പൈതൃകമാണ് ചവറുകൂനയ്ക്കിടയില്‍ ജീര്‍ണ്ണിച്ചുകിടക്കുന്നതെന്ന്. 

പാര്‍ട്ടിയുടെ കയ്യില്‍ നിന്ന് പീഡനങ്ങളേറ്റുവാങ്ങിയിട്ടും വിപ്ലവജനത പാര്‍ട്ടിയെ വിശ്വസിച്ചു, രാജ്യത്തോടുള്ള വിശ്വാസവും സ്‌നേഹവും അന്ത്യം വരെ കൊണ്ടുനടന്നു.  പാര്‍ട്ടിയുടെ കഠിനശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന, ആറുവര്‍ഷത്തെ  കഠിനതടവിനു ശേഷം  ആകെ  ഹതാശനായി തരിപ്പണമായി വീട്ടില്‍ തിരികെയെത്തിയ റഷ്യ-ഫിന്‍ലന്‍ഡ് യുദ്ധപ്പോരാളി പോലും സ്റ്റാലിന്റെ  ചിത്രം തന്റെ  കൊച്ചുവീടിന്റെ  ഭിത്തിയില്‍ തൂക്കിയിരുന്നു. മറ്റനേകം റഷ്യക്കാരെപ്പോലെ അദ്ദേഹവും വിശ്വസിച്ചിരുന്നു,  മാനവരാശിയുടെ പ്രയാണം സോഷ്യലിസത്തിന് നേരെയാണെന്ന്. നീതിക്കും, ന്യായത്തിനും നേരെയാണെന്ന്. 

ചരിത്രം സസൂക്ഷ്മം, വൈകാരികതയോടെ  വിലയിരുത്തപ്പെടുകയാണിവിടെ.  വിപ്ലവകാല, വിപ്ലവാനന്തര  റഷ്യയുടെ  വസ്തുനിഷ്ഠമായ നേര്‍ക്കാഴ്ചയാണ് സ്വെറ്റ്‌ലാന അലക്‌സിവിച്ച് ക്ലാവ് പിടിച്ച കാലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

click me!