കേരള നവോത്ഥാന ചരിത്രത്തില്‍നിന്ന് ഹലീമബീവി മാഞ്ഞുപോയത് എങ്ങനെയാണ്?

By Pusthakappuzha Book Shelf  |  First Published Oct 23, 2021, 7:02 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് നൂറ, നൂര്‍ജഹാന്‍ എന്നിവര്‍ എഴുതിയ പത്രാധിപ: എം ഹലീമബീവിയുടെ ജീവിതം എന്ന പുസ്തകത്തിന്റെ വായന. കെ ഹിബ എഴുതുന്നു


ഹലീമബീവിയെ അറിയുമ്പോള്‍ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു. ഇത്രയും നാള്‍ നാം അവരിലേക്ക് എത്തിച്ചേര്‍ന്നില്ലല്ലോ എന്ന നൊമ്പരം. എങ്കിലും തന്റെ പിന്‍ഗാമികളായ പെണ്‍ശബ്ദങ്ങള്‍ തന്നെ അവരെ തേടിയെത്തി എന്നത് ഒരു നിയോഗം തന്നെയായിരിക്കാം. ചരിത്രത്തെ മാറ്റിയെഴുതാന്‍ പെണ്‍പക്ഷികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഇവിടെ.

 

Latest Videos

 

കേരളീയ സമൂഹത്തിന്റെ ഉള്ളറകളിലേക്കിറങ്ങിയാല്‍ പുരുഷാധിപത്യ ചിന്തകളുടെയും സിദ്ധാന്തങ്ങളുടെയും പ്രതിഫലനം എളുപ്പത്തില്‍ കാണുവാന്‍ സാധിക്കും. സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീ സാന്നിധ്യം പ്രകടമാകുമ്പോഴും തങ്ങള്‍ക്ക് കീഴിലാണവള്‍ എന്ന് പുരുഷ സമൂഹം ഉറപ്പുവരുത്താറുണ്ട്. ഈയിടെ ചര്‍ച്ച ചെയ്യപ്പെട്ട മുസ്‌ലിം ലീഗിലെ 'ഹരിത വിപ്ലവം' പോലും അതിന്റെ ഉദാഹരണമാണ്. തങ്ങളുടെ  കീഴില്‍ അലിഞ്ഞു ചേരുന്നവരെ അവര്‍ നിലനിര്‍ത്തുകയും, പ്രതികരിക്കുന്നവരെ പുറത്താക്കുകയും ചെയ്യുന്നു. ഇത്തരം വെല്ലുവിളികളെ  നേരിടുകയും അതിജീവിക്കുകയും ചെയ്യുന്ന കരുത്തുള്ള സ്ത്രീകളെ അവര്‍ ചരിത്രത്തില്‍ നിന്നും തന്നെ ഇല്ലായ്മ ചെയ്യുന്നു.

എം ഹലീമാബീവിയുടെ ജീവിതം ഇത്തരം പ്രവൃത്തികളുടെ പ്രതിബിംബമാണ് . കേരള നവോത്ഥാനത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ കേരളീയര്‍ക്ക് അപരിചിതയായത് എന്ത്‌കൊണ്ടാവും? അതിന്റെ ഉത്തരമാണ് ഹലീമ ബീവിയുടെ ജീവിതം. നൂറ, നൂര്‍ജഹാന്‍ എന്നീ എഴുത്തുകാരികള്‍ അവരുടെ ജീവിതത്തിലൂടെ നടത്തുന്ന യാത്രയാണ് ഈ പുസ്തകം. ഹലീമ ബീവിയുടെ ജീവ ചരിത്രം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പെണ്‍കൂട്ടായ്മയില്‍ വെച്ചായിരുന്നു ഹലീമ ബീവിയെ കുറിച്ച് കേള്‍ക്കാനിടയായത്. പത്രാധിപ എന്ന നിലയിലും അല്ലാതെയും സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ തന്റെതായ സ്ഥാനം അടയാളപ്പെടുത്തിയ ഹലീമ ബീവിയുടെ ജീവചരിത്രത്തിന്റെ താളുകളിലേക്കുള്ള അന്വേഷണങ്ങളുടെ ആളിക്കത്തലുകള്‍ രചയിതാക്കളായ നൂറ, നൂര്‍ജഹാന്‍ എന്നിവരുടെ കണ്ണുകളില്‍ അന്ന് എനിക്ക് കാണുവാന്‍ കഴിഞ്ഞിരുന്നു.

 

...................................

Read More: പുത്തൂര്‍ ആമിന: കേരളത്തിലെ ആദ്യ ഇസ്ലാമിക ഫെമിനിസ്റ്റ്!

 

ഒറ്റയാള്‍ പോരാട്ടം 

സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍, അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും കൂരിരുട്ടില്‍, പെറുന്ന യന്ത്ര ങ്ങള്‍ മാത്രമായി ജീവിതം ഹോമിച്ച പെണ്ണുങ്ങളില്‍ നിന്നും ഒരുവള്‍ പറക്കാന്‍ ശ്രമിക്കുന്നു. തനിക്ക് ലഭിച്ച വിദ്യാഭ്യാസവും, ഇച്ഛാശക്തിയും ആയുധമാക്കി അവള്‍ സമൂഹത്തിലേക്ക് ഇറങ്ങുന്നു. അക്ഷരങ്ങളെ നിലപാടുകളാക്കി കൂരിരുട്ടിലേക്ക് വെളിച്ചം നല്‍കുന്നു. എതിര്‍പ്പുകള്‍ക്ക് മുഖം നല്‍കാതെ, പരാജയങ്ങളില്‍ നിന്നും വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേറ്റ അവര്‍ മലയാളത്തിന്റെ ആദ്യകാല പ്രസാധകയാവുന്നു. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ മാറ്റിനിര്‍ത്താനാവാത്ത പെണ്‍പക്ഷിയാവുന്നു. ഒറ്റയാള്‍ പോരാട്ടത്തിന്റെ പ്രതീകം എന്നു വേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം.

സാങ്കേതികമായും, സാമ്പത്തികമായും മുസ്ലിം സ്ത്രീകള്‍ പിന്നോക്കം നിന്നിരുന്ന ആ കാലഘട്ടത്തില്‍ അവരുടെ പുരോഗമനം ലക്ഷ്യമാക്കി 'മുസ്ലിം വനിത', 'ഭാരത ചന്ദ്രിക','ആധുനിക വനിത','വനിത' എന്നീ മാസികകള്‍ അവര്‍ പുറത്തിറക്കി. മത, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലെ അവരുടെ സാന്നിധ്യവും, നിലപാടുകളും, സമരങ്ങളും അനേകം വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും സ്ത്രീ സമൂഹം മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളുമായ് സാമ്യം പുലര്‍ത്തുന്നു. കാലത്തിനു മുമ്പേ സഞ്ചരിച്ച പെണ്‍ശബ്ദമായിരുന്നു ഹലീമ ബീവി.

 

..........................................

Read More: മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍

 

മാഞ്ഞുപോയ ചിറകടികള്‍

എന്നിരുന്നാലും വര്‍ഷങ്ങള്‍ക്കിപ്പുറം കേരള നവോത്ഥാന ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ ഹലീമബീവി എന്ന നാമമേ നമുക്ക് കാണാനാവില്ല. ചരിത്രത്തിന്റെ താളുകളില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ഇതാദ്യമായല്ല. പുരുഷ മേല്‍ക്കോയ്മയ്ക്കും സിദ്ധാന്തങ്ങള്‍ക്കും എതിരെ സ്ത്രീശബ്ദമുയരുമ്പോള്‍ അവരുടെ ഇടം ചരിത്ര പാഠങ്ങളുടെ പുറമ്പോക്കുകളായി മാറുന്നു. ഇവിടെ ഇരട്ട പ്രാന്തവല്‍ക്കരണത്തിന് വിധേയമായ മുസ്ലിം സ്ത്രീ എന്നതായിരുന്നു ഹലീമബീവിയുടെ നേര്‍ക്ക് ചരിത്രത്തിലുണ്ടായ തമസ്‌കരണത്തിന്റെ പ്രധാനമാനം. സ്ത്രീ എന്നതിനോടൊപ്പം മുഖ്യധാരയിലേക്ക് ഇറങ്ങിചെന്ന 'മുസ്ലിം സ്ത്രീ' ആയിരുന്നതിനാല്‍ തന്നെ ഹലീമ ബീവി എന്ന നാമം അണയാന്‍ ഇടയായി. എങ്കിലും, കേരളത്തിലെ നവോത്ഥാന നായകന്മാരോടൊപ്പം തന്നെ പ്രതിഫലിക്കേണ്ടതാണ് അവരുടെ നാമം എന്നതില്‍ സംശയമില്ല.

ഹലീമബീവിയെ അറിയുമ്പോള്‍ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു. ഇത്രയും നാള്‍ നാം അവരിലേക്ക് എത്തിച്ചേര്‍ന്നില്ലല്ലോ എന്ന നൊമ്പരം. എങ്കിലും തന്റെ പിന്‍ഗാമികളായ പെണ്‍ശബ്ദങ്ങള്‍ തന്നെ അവരെ തേടിയെത്തി എന്നത് ഒരു നിയോഗം തന്നെയായിരിക്കാം. ചരിത്രത്തെ മാറ്റിയെഴുതാന്‍ പെണ്‍പക്ഷികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഇവിടെ..

ഈ പുസ്തകം വായിക്കുമ്പോള്‍ രണ്ട് എഴുത്തുകാരികള്‍ ആണ് ഇതെഴുതിയതെന്ന് തോന്നിയതേയില്ല.  ഒരേ ഹൃദയത്തില്‍ നിന്നും അടര്‍ന്നുവീണ അക്ഷരങ്ങളായിരുന്നു ഓരോ താളുകളിലും. ഒരേ ചിന്തകളുള്ള, അഭിപ്രായങ്ങളുള്ള രണ്ടു കൂട്ടുകാരികളുടെ ചോദ്യങ്ങളാണ് ഈ പുസ്തകം. ലളിതമായ, വ്യക്തമായ ഭാഷാശൈലിയിലൂടെ അവര്‍ ഹലീമ ബീവിയെ വായനക്കാരുടെ പ്രിയപ്പെട്ടവളാക്കുന്നു. പുതിയ തലമുറയിലെ പെണ്‍ശബ്ദങ്ങളുടെ പാഠപുസ്തകം തന്നെയാണ് ഹലീമ ബീവിയുടെ ജീവിതം.

click me!