അറിയാത്ത നന്‍മകള്‍, പറയാത്ത സങ്കടങ്ങള്‍; മമ്മൂട്ടിയുടെ ഇതുവരെ കേള്‍ക്കാത്ത കഥകള്‍

By Pusthakappuzha Book Shelf  |  First Published Jun 19, 2021, 6:09 PM IST

'സ്ഫോടനം' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെന്ന പേരിലേക്ക് മാറിയ മുഹമ്മദ് കുട്ടിയോട് യേശുദാസന്‍ പറയുന്നുണ്ട്, പേരുമാറ്റാന്‍ പാടില്ല എന്ന്. സ്ഫോടനത്തിലൂടെ പക്ഷേ മുഹമ്മദ് കൂട്ടി മമ്മൂട്ടിയായി. മലയാളിയുടെ അഭിമാനമായി വളര്‍ന്നു.


ഒടുവില്‍ ചിത്രീകരണം തീരും ദിവസം മമ്മൂട്ടി പറഞ്ഞു.  ''ഞാന്‍ ഈ പടത്തില്‍ അഭിനയിച്ചിട്ടില്ല. മേനോനെ കോപ്പി ചെയ്യുക മാത്രമാണ് ചെയ്തത്''

''അതെന്താ അങ്ങനെ'' . '' എനിക്കറിയാം. ഈ റോള്‍ ചേരുന്നത് മേനോനാണ്. കമേഴ്സ്യല്‍ സക്സസിന് വേണ്ടി മാത്രമാണ് മേനോന്‍ എന്നെ നായകനാക്കിയത്. അതുകൊണ്ട് മേനോന്‍ എങ്ങനെ ചെയ്യുമോ, അതുപോലെ ഞാനും ചെയ്തിട്ടുണ്ട്''

Latest Videos

ബാലചന്ദ്ര മേനോന്റെ അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാവുന്ന വിധം 'നയം വ്യക്തമാക്കുന്നു' എന്ന സിനിമ വിജയിക്കുകയും ചെയ്തു.

 

undefined

 

സംവിധായകന്‍ ബാലചന്ദ്രമേനോന്റെ സിനിമാവിതരണക്കമ്പനിയായ സേയ്ഫ് 'അണ്‍സെയ്ഫാ'യിരിക്കുന്ന കാലം. സാമ്പത്തിക പ്രതിസന്ധി വല്ലാതെ വലച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരാലോചന മൊട്ടിട്ടത്. മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്താല്‍ വീണ്ടും സെയ്ഫാകാം. അങ്ങനെ അക്കാര്യം മമ്മൂട്ടിയെ അറിയിച്ചു. ഡെയ്റ്റ് തരാമെന്ന് മമ്മൂട്ടി സമ്മതിക്കുകയും ചെയ്തു. തിരക്കുള്ള കാലമായതിനാല്‍ ഉടനെയൊന്നും പിന്നീട് ബന്ധപ്പെട്ടില്ല. അമരത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മമ്മൂട്ടി പറഞ്ഞു, അടുത്ത പടം ക്യാന്‍സലായിട്ടുണ്ട്, നമുക്ക് ചെയ്യാമെന്ന്. 15 ദിവസം കഴിഞ്ഞാല്‍ ഷൂട്ടിംഗ് തുടങ്ങണം. പ്ലാനിംഗൊന്നുമായിട്ടില്ല. ഒടുക്കം 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയുടെ തിരക്കഥയുമായി മമ്മൂട്ടി പറഞ്ഞ് സമയത്ത് ബാലചന്ദ്രമേനോന്‍  റെഡി. മേനോന്‍ അഭിനയിക്കാത്ത സ്വന്തം സിനിമ എന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. ഒടുവില്‍ ചിത്രീകരണം തീരും ദിവസം മമ്മൂട്ടി പറഞ്ഞു

''ഞാന്‍ ഈ പടത്തില്‍ അഭിനയിച്ചിട്ടില്ല. മേനോനെ കോപ്പി ചെയ്യുക മാത്രമാണ് ചെയ്തത്''

''അതെന്താ അങ്ങനെ''

'' എനിക്കറിയാം. ഈ റോള്‍ ചേരുന്നത് മേനോനാണ്. കമേഴ്സ്യല്‍ സക്സസിന് വേണ്ടി മാത്രമാണ് മേനോന്‍ എന്നെ നായകനാക്കിയത്. അതുകൊണ്ട് മേനോന്‍ എങ്ങനെ ചെയ്യുമോ, അതുപോലെ ഞാനും ചെയ്തിട്ടുണ്ട്''

ആ സന്തോഷത്തിലാണ് സിനിമ റിലീസ് ചെയ്തത്. ബാലചന്ദ്ര മേനോന്റെ അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാവുന്ന വിധം 'നയം വ്യക്തമാക്കുന്നു' എന്ന സിനിമ വിജയിക്കുകയും ചെയ്തു. സിനിമയില്‍ കാണുന്ന അപൂര്‍വ്വം ചില ആത്മബന്ധങ്ങളിലൊന്നിനെ കുറിച്ചാണ് ഈ കഥ പറയുന്നത്.  

 

 

മമ്മൂട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ട് സിനിമാ പ്രവര്‍ത്തകരോരോരുത്തര്‍ക്കും ഇത്തരം നിരവധി അനുഭവങ്ങളുണ്ട്. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ കാണാമറയത്തെ ആ മമ്മൂട്ടിയെ വരച്ചുകാണിക്കുന്ന പുസ്തകമാണ്. 'മമ്മൂട്ടി നാട്യങ്ങളില്ലാതെ' എന്ന പുസ്തകം. രമേഷ് പുതിയ മഠം എഴുതിയ 'മമ്മൂട്ടി നാട്യങ്ങളില്ലാതെ' എന്ന ഈ പുസ്തകം കേവലമായ വാഴ്ത്തുപാട്ടുകള്‍ എന്നതിനപ്പുറത്ത് ഉയര്‍ന്നുനില്‍ക്കുന്നത് സത്യസന്ധമായ അനുഭവ കഥനങ്ങളുടെ ശേഖരം എന്ന നിലയിലാണ്.

അഭിഭാഷകനായി ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന മുഹമ്മദ് കുട്ടിയുടെ ജീവിതം സിനിമയിലെത്തുന്നതോടെ മാറിമറിയുകയായിരുന്നു. അതിന് കാരണക്കാരായ നിരവധി പേരുണ്ട്. യേശുദാസന്റെ കത്തുമായി പി ചന്ദ്രകുമാര്‍ എന്ന സംവിധായകനെ കാണാന്‍ തിരക്കഥാരചന നടക്കുന്നയിടത്തേക്ക് നടന്നെത്തിയ മുഹമ്മദ് കുട്ടിയുടെ കഥയില്‍ നിന്നാണ ഈ പുസ്തകത്തിലെ മമ്മൂട്ടി യാത്രയാരംഭിക്കുന്നത്. അന്ന് ചന്ദ്രകുമാറിന്റെ ചിത്രത്തില്‍ മമ്മൂട്ടിയുള്‍പ്പെട്ടില്ല. പിന്നീട് മമ്മൂട്ടിയുടെ ജീവിതത്തിന്റെ ഉയരങ്ങളുടെ പടവുകളില്‍ കയറുമ്പോള്‍ ഓരോയിടത്തും ഒപ്പം വളര്‍ന്ന പ്രതിഭയായിരുന്ന കലൂര്‍ ഡെന്നീസ് ആ ഓര്‍മ്മ, പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ പിന്നീട് 'സ്ഫോടനം' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെന്ന പേരിലേക്ക് മാറിയ മുഹമ്മദ് കുട്ടിയോട് യേശുദാസന്‍ പറയുന്നുണ്ട്, പേരുമാറ്റാന്‍ പാടില്ല എന്ന്. സ്ഫോടനത്തിലൂടെ പക്ഷേ മുഹമ്മദ് കൂട്ടി മമ്മൂട്ടിയായി. മലയാളിയുടെ അഭിമാനമായി വളര്‍ന്നു.

 

 

മമ്മൂട്ടിയെ കുറിച്ചുള്ള വ്യക്ത്യനുഭവങ്ങളുടെ സമാഹാരം എന്നതിനപ്പുറത്ത് ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലുണ്ടായ ഉയര്‍ച്ചതാഴ്ചകളെയും ക്രമാനുഗതമായി തന്നെ ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. ആദ്യകാലം മുതല്‍ തന്നെ കഠിനാധ്വാനിയായിരുന്നു മമ്മൂട്ടി. അതിന്റെ കൂടി ഫലമായി പുതിയ നടനെന്ന നിലയില്‍ ഓരോ കഥാപാത്രത്തോടും കാണിച്ച ആത്മാര്‍ത്ഥത സിനിമാലോകം അംഗീകരിച്ചു. മികച്ച ഒരു താരോദയം എല്ലാവരും ഒരുപോലെ പ്രതീക്ഷിച്ചു. എന്നാല്‍ പിന്നീട് ആദ്യകാലത്തെ മികച്ച വിജയങ്ങളുടെ പ്രഭ കെടുത്തി തുടര്‍പരാജയങ്ങള്‍ സംഭവിച്ചു. സിനിമാ ജീവിതത്തിലെ ഉയര്‍ച്ചകള്‍ പെട്ടെന്ന് ചില തുടര്‍പരാജയങ്ങളിലൂടെ കരിനിഴലിലകപ്പെട്ടു. മമ്മൂട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് പലരും വിലയിരുത്തി. 

പതിനഞ്ചോളം സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ആ പതിനഞ്ചുസിനിമകളില്‍ അഞ്ചും ഡെന്നീസ് ജോസഫിന്റെ തിരക്കഥകളായിരുന്നു. ആയിരം കണ്ണുകള്‍, ന്യായവിധി, വീണ്ടും സായം സന്ധ്യ, കഥയ്ക്കു പിന്നില്‍... തുടങ്ങിയ ചിത്രങ്ങള്‍. അതേ സമയം മോഹന്‍ലാല്‍ സമാന്തരമായി ഭൂമിയിലെ രാജാക്കന്മാര്‍, വഴിയോരക്കാഴ്ചകള്‍ തുടങ്ങിയ സിനിമകളിലൂടെ വമ്പന്‍ വിജയങ്ങളുണ്ടാക്കി ഒരുതാരസിംഹാസനം പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. ഈ ഘട്ടത്തില്‍ മമ്മൂട്ടിയുടെ തിരിച്ചുവരവിനിടയാക്കിയ 'ന്യൂഡല്‍ഹി' എന്ന സിനിമയുടെ പിന്നിലെ കഥ ഡെന്നീസ് ജോസഫ് ഈ പുസ്തകത്തില്‍ എഴുതുന്നുണ്ട്.

മമ്മൂട്ടിയുടെ സിനിമാ ജീവിതം തന്നെ അസ്തമിക്കുമെന്ന ഘട്ടത്തില്‍ നിര്‍മാതാവ് ജൂബിലി ജോയ് വച്ച് നിര്‍ദ്ദേശത്തില്‍ നിന്നാണ് 'ന്യൂഡല്‍ഹി' എന്ന സിനിമ ഉണ്ടായതെന്ന് ഡെന്നീസ് ജോസഫ് പറയുന്നു. അങ്ങനെ ജികെ എന്ന ജി കൃഷ്ണമൂര്‍ത്തിയുടെ കഥപറഞ്ഞുകൊണ്ട് മമ്മൂട്ടി ശക്തനായി തിരിച്ചുവന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായി ന്യൂഡല്‍ഹി വാഴ്തപ്പെട്ടു. മമ്മൂട്ടിക്ക് പിന്നെ ഇന്നുവരെ തിരിഞ്ഞുനോക്കേണ്ടി വന്നതുമില്ല.

സിനിമയില്‍ പല കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിക്കൊപ്പം സഞ്ചരിച്ച പലരും അവരവരുടെ അനുഭവങ്ങള്‍ പറയുന്നുണ്ട് ബ്ലു ഇങ്ക് ബുക്സ് പ്രസിദ്ധീകരിച്ച 'മമ്മൂട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ' എന്ന ഈ പുസ്തകത്തില്‍. കവിയൂര്‍ പൊന്നമ്മയുടെ കുറിപ്പ് അതില്‍ വ്യത്യസ്തമായ ഒന്നാണ്. മോഹന്‍ലാലിന്റെ അമ്മയെന്ന് പേരെടുത്ത കവിയൂര്‍ പൊന്നമ്മ പറയുന്നു, ആദ്യം മമ്മൂട്ടിയുടെ അമ്മയായാണ് താന്‍ അഭിനയിച്ചത് എന്ന്- വിജയാനന്ദിന്റെ നദി മുതല്‍ നദി വരെ എന്ന സിനിമയില്‍. ഒപ്പം സിനിമേതര മേഖലകളില്‍ നിന്നുള്ളവരുടെ കുറിപ്പും പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു.

പാചകവിദഗ്ദന്‍ നൗഷാദ് മുതല്‍ ഗാനരചയിതാവ് ബിച്ചുതിരുമല വരെയുള്ളവര്‍ ഈ പുസ്തകത്തില്‍ അനുഭവങ്ങള്‍ കുറിക്കുന്നു. അമ്പത്തി ഒന്ന് പേരുടെ അനുഭവങ്ങളിലൂടെ മമ്മൂട്ടി നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്താണ് എന്ന് അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണ് രമേഷ് പുതിയമഠം ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. ചുരുക്കത്തില്‍ വായിച്ചുകഴിയുമ്പോള്‍ സിനിമകളിലൂടെ അറിഞ്ഞ നടനെന്ന മമ്മൂട്ടിയുടെ നമ്മളറിയാത്ത മറ്റൊരു ജീവിതം നമുക്ക് കാണാം.

 

click me!