പുസ്തകപ്പുഴയില്‍ ഇന്ന് പ്രദീപ് ഭാസ്‌കര്‍ എഴുതിയ 'കാമാഖ്യ.' എന്ന നോവലിന്റെ വായന. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു
സത്യാന്വേഷണത്തിന്റെ പാത തന്നെയാണ് ആനന്ദത്തിന്റെയും എന്ന അഴകുള്ള തത്വം സംവേദനം ചെയ്യുന്നതിനായി ഫിക്ഷന്‍ എന്ന സാഹിത്യരൂപത്തെ കൂട്ട് പിടിക്കുന്ന എഴുത്തുകാരനെയാണ് പ്രദീപ് ഭാസ്‌കറില്‍ കാണുന്നത്. തിരിച്ചറിവിന്റെ പുസ്തകമായി 'കാമാഖ്യ' മാറുന്നത് ജീവിതദര്‍ശനത്തിന്റെ സ്ഫടികകൃത്യതയോടെ പറഞ്ഞിരിക്കുന്ന നാല്പതു കഥകളിലൂടെയാണ്. ഈ കഥകളിലേക്ക് നേരിട്ട് എത്താനാവില്ല. അതിനു ഒരു ആവരണം ആവശ്യമാണ്. അത്തരമൊരു പായനിവര്‍ത്തലാണ് താരയും വാല്‍സ്യായനും ദക്ഷിണാമൂര്‍ത്തിയും അടങ്ങുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമായ 'കാമാഖ്യ'യുടെ കാല്പനിക പ്രമേയം.
പ്രദീപ് ഭാസ്‌കര്‍
undefined
കാമാഖ്യ എന്നാല്‍ കാമത്തിന്റെ ആഖ്യായിക എന്നാണ് അര്‍ത്ഥം. അത്തരമൊരു ആഖ്യാനത്തിലൂടെയുള്ള പല മാനങ്ങളുള്ള അന്വേഷണം ഗൗരവകരമാണ്. പ്രാണന്റെ ഉടുപ്പായ ശരീരത്തിന് മാത്രമേ മരണമുള്ളൂവെന്നും മനസ്സാണ് സകലതിനും ആധാരമെന്നും ഉള്ള ഭാരതീയ ചിന്താവഴികളെ ഉറപ്പിക്കുന്ന നോവലാണ് 'പ്രദീപ് ഭാസ്‌കര്‍ എഴുതിയ കാമാഖ്യ.'
'എല്ലാം ഞാന്‍ തന്നെയാണ്. എല്ലാം എന്റെ തന്നെ ഇച്ഛയാണ്' എന്ന വിചാരധാരയാണ് മനുഷ്യന്‍ എന്ന ജീവിയെ മുന്നോട്ട് നയിക്കേണ്ടത്. അതിനാല്‍ തന്നെ മനസിനെ അടക്കുകയാണ് പ്രധാനം. ഈ ഒരു ആശയത്തെ മനോഹരമായി ആവിഷ്‌കരിക്കാന്‍ നാല്‍പതു കഥകളെയാണ് 'കാമാഖ്യ'യില്‍ ആധാരമാക്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ പരസ്പരബന്ധമില്ലെന്നു തോന്നുന്ന കഥകളാണിവ. മനുഷ്യനും പ്രകൃതിയും മറ്റു ജീവജാലങ്ങളും പ്രപഞ്ചവും ആയുള്ള ഇഴുകിച്ചേരലിനെ ഈ കഥകളിലൂടെ അര്‍ത്ഥപൂര്‍ണമായി അവതരിപ്പിച്ചിരിക്കുന്നു.
ജനനം മുതല്‍ മരണം വരെ നീണ്ടു കിടക്കുന്ന മനുഷ്യജീവിതം ഋജുരേഖയിലുള്ളതല്ല. മനുഷ്യന്റെ വികാരവിചാരബോധ്യങ്ങളെയും ഭാവനകളെയും കെട്ടിയുയര്‍ത്തുന്നതില്‍ സമൂഹം വഹിക്കുന്ന സ്ഥാനം വലുതാണ്. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളില്‍ വ്യാപരിക്കുന്ന അവനു സമൂഹത്തിന്റെ അദൃശ്യമായ ചങ്ങലകള്‍ എന്താണ് പ്രദാനം ചെയ്യുന്നത്? പൗരസ്ത്യസങ്കല്പമനുസരിച്ചുള്ള മോക്ഷം നേടി പരമപദം പൂകുന്നതിനു സമൂഹത്തിന്റെ സദാചാരസംഹിതയും കൃത്യതയുള്ള രാഷ്ട്രീയവും അവനെ സഹായിക്കുമോ? ചഞ്ചലമായി നില കൊള്ളുന്ന മനസ്സിനെ ഏകാഗ്രമാക്കുകയാണ് ഇവിടെ പരമപ്രധാനം. അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളാണ് മനുഷ്യജീവിതത്തെ വേറിട്ടു നിര്‍ത്തുന്നത്. ആനന്ദത്തെ അന്വേഷിച്ചുള്ള അവന്റെ യാത്രയില്‍ പല തിരിച്ചറിവുകളും അവനുണ്ടാകുന്നു. അവിടെയാണ് അവന്‍ കാമകലകളെ കുറിച്ച് ബോധവാനാവുന്നത്. സംഗീതം, നൃത്തം, ചിത്രരചന, എഴുത്ത്, വായന, അഭിനയം, കൃഷി എന്ന് തുടങ്ങിയ അറുപത്തിനാല് കാമകലകളെയാണ് പ്രദീപ് ഭാസ്‌കര്‍ നാല്‍പ്പത് കഥകളുടെ രൂപത്തില്‍ പറഞ്ഞിരിക്കുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ 'ഞാന്‍ ആരാണെന്നു' തിരിച്ചറിയാത്തതു കൊണ്ടുള്ള അജ്ഞാനത്തെ തുടച്ചു നീക്കി ജ്ഞാനനിര്‍മിതിയുടെ വെളിച്ചത്തിലേയ്ക്കു നയിക്കുന്നതിനുള്ള ദീപയഷ്ടിയാണ് കാമാഖ്യ എന്ന നോവല്‍. പുരുഷനും പ്രകൃതിയും ചേര്‍ന്നാടുന്ന മഹാലീലകളാണ് ജീവിതമെന്ന മായക്കാഴ്ച എന്നു ലളിതമായി ബോധ്യപ്പെടുത്തുന്ന നോവലാണ് ഇത്.
സത്യാന്വേഷണത്തിന്റെ പാത തന്നെയാണ് ആനന്ദത്തിന്റെയും എന്ന അഴകുള്ള തത്വം സംവേദനം ചെയ്യുന്നതിനായി ഫിക്ഷന്‍ എന്ന സാഹിത്യരൂപത്തെ കൂട്ട് പിടിക്കുന്ന എഴുത്തുകാരനെയാണ് പ്രദീപ് ഭാസ്‌കറില്‍ കാണുന്നത്. തിരിച്ചറിവിന്റെ പുസ്തകമായി 'കാമാഖ്യ' മാറുന്നത് ജീവിതദര്‍ശനത്തിന്റെ സ്ഫടികകൃത്യതയോടെ പറഞ്ഞിരിക്കുന്ന നാല്പതു കഥകളിലൂടെയാണ്. ഈ കഥകളിലേക്ക് നേരിട്ട് എത്താനാവില്ല. അതിനു ഒരു ആവരണം ആവശ്യമാണ്. അത്തരമൊരു പായനിവര്‍ത്തലാണ് താരയും വാല്‍സ്യായനും ദക്ഷിണാമൂര്‍ത്തിയും അടങ്ങുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമായ 'കാമാഖ്യ'യുടെ കാല്പനിക പ്രമേയം.
ചിത്രകലയെ പറ്റി പറയുന്ന കഥയായ 'ജയശങ്കരനില്‍' സകലതും ആത്മനിഷ്ഠമാവുന്ന തത്വത്തെ വളരെ ലളിതമായി വ്യക്തമാക്കുന്നു. സ്വന്തം ആത്മാവിനെ/ സ്വത്വത്തെ ദര്‍ശിക്കുന്നതിലും കവിഞ്ഞ ഒരാനന്ദം ഇല്ലെന്ന ആശയത്തെ ജയശങ്കരന്‍ എന്ന ചിത്രകാരനിലൂടെ പറഞ്ഞിരിക്കുന്നു. രാജസദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി ഏവര്‍ക്കും ആനന്ദം ജനിപ്പിക്കുന്ന ഒരു ചിത്രം വരയ്ക്കാന്‍ രാജാവ് ഉത്തരവിട്ടു. അത് വരയ്ക്കാന്‍ സധൈര്യം മുന്നോട്ടു വന്ന ജയശങ്കരന്‍ അയാളുടെ മുഖത്തിന് സാമ്യമുള്ള ചിത്രമാണ് വരച്ചത്. കുപിതനായ രാജാവ് അയാളുടെ ഗളഛേദത്തിന് ആജ്ഞ കൊടുത്തു. ജയശങ്കരന്‍ രാജാവിനോട് ചിത്രം ശ്രദ്ധാപൂര്‍വം നോക്കാന്‍ അപേക്ഷിച്ചു. ചിത്രം ജയശങ്കരന്റെ മുഖവുമായി സാമ്യം ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ കൃഷ്ണമണിയുടെ സ്ഥാനത്തു കണ്ണാടികളായിരുന്നു പതിച്ചിരുന്നത്. അതില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ രാജാവിന് സ്വന്തം മുഖം തന്നെ ദൃശ്യമായി. ഇത്തരത്തില്‍ ആഴമുള്ള തത്വങ്ങളെയും ചിന്താശകലങ്ങളെയും കൊച്ചുകഥകളുടെ രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് അറുപത്തിനാല് കലകളുടെ സത്തയിലേക്ക് എഴുത്തുകാരന്‍ എത്തിച്ചേരുന്നത്.
ലോഹങ്ങളെ കുറിച്ചുള്ള അറിവ് കാമകലകളില്‍ ഒന്നാണ്. 'ഭവഭൂതിയും സദ്യോജാതനും ' എന്ന കഥ ഇതിനെ കുറിച്ചാണ് വര്‍ണിക്കുന്നത്. ഓരോ ലോഹത്തിനും ഓരോ തരത്തിലുള്ള ഉപയോഗമാണുള്ളത്. സ്വര്‍ണത്തിന്റെയും ഇരുമ്പിന്റെയും ചെമ്പിന്റെയും ഉപയോഗം തീര്‍ത്തും വ്യത്യസ്തമാണ്. ഇത് മനസിലാക്കിക്കുന്നതിനു വേണ്ടിയാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. ഒരു ലോഹം കൊണ്ടുള്ള ആവശ്യം നിവര്‍ത്തിക്കുന്നതിനു അതിലും അമൂല്യമായ ലോഹത്തിന് സാധിക്കുകയില്ല. ഓട് കൊണ്ട് നിര്‍മിക്കുന്ന മണിക്കുള്ള ശബ്ദം സ്വര്‍ണം കൊണ്ടുള്ള മണിക്ക് ഉണ്ടാവില്ല, അതു പോലെ വാസ്തുവിദ്യയും വേത്രവാനവും (ചൂരല്‍ മെടഞ്ഞ് കസേരയുണ്ടാക്കുക) കാമകലകളുടെ കൂട്ടത്തിലുള്ളവയാണ്. സിംഹാസനവും ശിവലിംഗവും നിര്‍മിക്കുന്നതിന് ആവശ്യമുള്ള മരം വെട്ടാന്‍ കാട്ടില്‍ എത്തുന്നവര്‍ ചെയ്യേണ്ട നിഷ്ഠകളെ കുറിച്ചുള്ള സാരാംശമാണ് ഋതുപര്‍ണനും മുകുന്ദനും എന്ന കഥ. കാട്ടിലെത്തുമ്പോള്‍ പരമാവധി മൗനം പാലിച്ചു കൊണ്ട് കാടിന്റെ നിശബ്ദ സംഗീതത്തോടൊപ്പം ലയിക്കണം. മരങ്ങളെ യഥാവിധി പൂജിച്ചു കൊണ്ട് മാത്രമേ അവയെ വെട്ടാന്‍ തുടങ്ങാവൂ. ഒരു മരം വെട്ടിയതിനു പകരം പല തരം വിത്തുകള്‍ കാട്ടില്‍ നിക്ഷേപിക്കാം. ഇങ്ങനെ പ്രകൃതിയും ആയി താദാത്യമം പ്രാപിച്ചു കൊണ്ട് വേണം മനുഷ്യന്റെ ആവശ്യങ്ങള്‍ക്കായുള്ള മരങ്ങളെ ഉപയോഗിക്കുന്നത്. പരിസ്ഥിതി വിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തെ കാടിന്റെ ആവാസവ്യവസ്ഥയുമായി ബന്ധിപ്പിച്ച ഈ കഥ മനുഷ്യന്‍ കാടിനോടുള്ള നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. കാടും മരങ്ങളും മൃഗങ്ങളും കിളികളും പൂക്കളും അരുവികളും മലനിരകളും ഞാനും നീയും എല്ലാം പ്രകൃതിയുടെ മക്കളാകുന്ന ആശയമാണിത്.
വലിയ ധനികന്‍ ആയിരിക്കുമ്പോളും അയാളുടെ ഉള്ളില്‍ മോഹങ്ങള്‍ സാധിക്കാത്തതിന്റെ ദുഃഖമുണ്ടാവും. കാരണം എല്ലാ മോഹങ്ങളെയും അടക്കി കിട്ടുന്ന സമ്പത്തെല്ലാം വെച്ചാണ് അയാള്‍ ധനികനാവുന്നത്. എന്നാല്‍ ദരിദ്രന്‍ ആകട്ടെ, എത്ര സമ്പത്തു കിട്ടിയാലും അയാളുടെ മോഹങ്ങള്‍ സാധിച്ചതിനു ശേഷം സമ്പാദിക്കാം എന്നാണ് കരുതുക. അതൊരിക്കലും സാധിക്കുകയുമില്ല. ഇത്തരത്തിലുള്ള ജീവിതചിത്രത്തെ കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് 'സോമശേഖരനും ചന്ദ്രശേഖരനും'.നൃത്തം, ഗാനം, പുഷ്പങ്ങള്‍ കൊണ്ടുള്ള ചിത്രവേല , മദ്ദളം, മിഴാവ്, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളിലുള്ള പ്രാവീണ്യം, വിവിധതരത്തില്‍ മാലകെട്ടുന്നതിനുള്ള സാമര്‍ത്ഥ്യം, ലളിതമായ ഇന്ദ്രജാലവിദ്യകള്‍, ഭര്‍ത്താവിനെ വശീകരിക്കുക എന്നിങ്ങനെയുള്ള വിവിധ കാമകലകളെ പ്രതിനിധീകരിക്കുന്ന നാല്‍പതു കഥകള്‍ ആണ് കാമാഖ്യ എന്ന നോവലിന്റെ കാതലായ ഭാഗം.
2
ഒരു നോവലിന് പല സഞ്ചാരപഥങ്ങളുണ്ട്. ഒന്നില്‍ കൂടുതല്‍ വാതിലുകളും ചുഴല്‍ച്ചുറ്റുകളും ഉള്ള ഹര്‍മ്യസമാനമായ ഘടനയുള്ള നോവലില്‍ പല വഴിയിലൂടെ പ്രവേശിക്കാം. നേരായ വഴി കണ്ടെത്തുന്നതിന് ചിലപ്പോള്‍ അല്പം അലയേണ്ടി വരും; കയറിയ വഴിയിലൂടെ സുഗമമായി പോകുമ്പോഴാവും അതായിരുന്നില്ല ശരിയായ ദിശ എന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. കാമനകളുടെ സമുച്ചയമായ കാമാഖ്യയുടെ സ്ഥിതിയും വിഭിന്നമല്ല. താരയുടെയും മല്ലനാഗന്റെയും ദക്ഷിണാമൂര്‍ത്തിയുടെയും കഥ വായിച്ചു കൊണ്ട് യാത്ര തുടങ്ങുന്ന ഒരാള്‍ക്ക് അറുപത്തിനാല് കലകളെ കുറിച്ചുള്ള കഥകളില്‍ എത്തുമ്പോള്‍ ഒരു സ്ഥലജലഭ്രമം ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ കലകളുടെ വ്യാഖ്യാനം ചൊല്ലിക്കേള്‍പ്പിക്കാനുള്ള ഒരു കഥാകാരന്റെ സിദ്ധിയില്‍ അഭിരമിച്ചു കൊണ്ട് മറ്റൊരു വായന സാധ്യമാണ്.നാല്‍പതു കഥകളില്‍ നിന്നും താരയെ പോലെയുള്ള കഥാപാത്രങ്ങളിലേക്ക് തിരിച്ചുള്ള യാത്രയാണെങ്കില്‍ ചെപ്പില്‍ വെച്ചിട്ടുള്ള മണ്‍രൂപങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത് പോലെ അനുഭവപ്പെടുമെന്നത് തീര്‍ച്ചയാണ്.
കാമം എന്ന വാക്കിന്റെ അര്‍ത്ഥം ആഗ്രഹം എന്നാണ്. എന്തിനോടുമുള്ള ആഗ്രഹത്തെ സ്വായത്തമാക്കാനായി മനസിനെ ഏകാഗ്രമാകാണ്ടേതുണ്ട്. അതിനു സഹായിക്കുന്ന ഗ്രന്ഥമാണ് വാല്‍സ്യായനന്‍ രചിച്ച 'കാമസൂത്രം'. രേഖപ്പെടുത്തിയ ചരിത്രം ശരിയാണെങ്കില്‍ ബി സി രണ്ടാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയില്‍ ജീവിച്ചിരുന്ന വാല്‍സ്യായനന്‍ ആണ് 'കാമാഖ്യ' എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാള്‍. കാമസൂത്രം എന്ന മഹത്തായ ഗ്രന്ഥം എഴുതുന്നതിനു തൊട്ടു മുന്‍പ് വരെയുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സാങ്കല്‍പിക കഥയാണ് ഈ നോവല്‍. മറ്റു കഥാപാത്രങ്ങളെല്ലാം തന്നെ പൂര്‍ണമായും നോവലിസ്റ്റിന്റെ ഭാവനയാണ്. താര എന്ന താന്ത്രികദേവതയെയും കാമാഖ്യ എന്ന ഉപാസനയെയും ഹിമാചലത്തിനിപ്പുറത്തേക്കു പരിചയപ്പെടുത്തിയത് വാല്‍സ്യായനന്‍ എന്നാണു വിശ്വാസം. മല്‍സ്യം, മാംസം, മദ്യം, മുദ്ര, മൈഥുനം എന്നീ പഞ്ചതത്വങ്ങളില്‍ അധിഷ്ഠിതമാണ് ഈ ഉപാസനയുടെ പൂര്‍ണത. അതു പോലെ ഹിമാചലത്തിലും പരിസരപ്രദേശങ്ങളിലും നരബലി നിര്‍ത്തലാക്കിയത് വാല്‍സ്യായനന്‍ ആണെന്ന മറ്റൊരു വിശ്വാസം, അദ്ദേഹം ബുദ്ധമതാനുയായി ആയിരുന്നുവെന്ന നിഗമനം, ബുദ്ധഭിക്ഷുക്കള്‍ക്ക് അഭയം നല്‍കിയത് ഗുപ്ത രാജാക്കന്മാരായിരുന്നുവെന്ന ചരിത്രം എന്നീ സ്തൂപങ്ങളിലാണ് കാമാഖ്യ എന്ന നോവല്‍ പടുത്തിരിക്കുന്നത്.
ഗുപ്തസാമ്രാജ്യത്തിന്റെ അധിപനായ ശ്രീഗുപ്തന്‍ രാജഗുരുവായ അനിരുദ്ധമുനിയുടെ ഉപദേശപ്രകാരം ഭൈരവന്റെയും ലോപാദേവിയുടെയും മകളായ താരയെ അവളുടെ പതിനഞ്ചാം വയസ്സില്‍ ദത്തെടുക്കുന്നു. അവളുടെ ബാല്യകാല സുഹൃത്തായിരുന്നു മല്ലനാഗന്‍. നാലു വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ മല്ലനാഗന്‍ ഗൗതമഗുരുവിന്റെ ശിഷ്യനായി അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ജീവിക്കാന്‍ ആരംഭിച്ചിരുന്നു. നാലു വയസ്സ് മുതലേ താര നൃത്തം അഭ്യസിക്കാന്‍ തുടങ്ങി. താരയ്ക്കു പതിന്നാലു വയസ്സായപ്പോള്‍ ഭാവാഭിനയം പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു നൃത്താധ്യാപകന്‍ ആയ ദക്ഷിണാമൂര്‍ത്തി വന്നത്. അവളുടെ പ്രതിഭയിലും സൗന്ദര്യത്തിലും മതിപ്പിണ്ടായിരുന്ന അയാള്‍ അവളെ പ്രണയിച്ചിരുന്നു. . താരയെ ശ്രീഗുപ്തന്‍ ദത്തെടുത്തതോടെ ദക്ഷിണാമൂര്‍ത്തി അവിടം വിട്ടു പോയി. പിന്നീടു വാരണാസിയില്‍ വെച്ച് അയാള്‍ക്ക് ജ്ഞാനത്തിലേക്കുള്ള വഴി തുറന്നത് വാല്‍സ്യായനന്‍ ആയിരുന്നു ഗുപ്തസാമ്രാജ്യത്തിന്റെ രാജ്ഞിയായി അവരോധിക്കപ്പെട്ട താരയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗമിക്കുന്ന രംഗങ്ങളായിരുന്നു പിന്നീടു നടന്നത്. വാല്‍സ്യായനന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിച്ച താര അയല്‍രാജ്യമായ കാമരൂപം പിടിച്ചടക്കി. മാത്രമല്ല, ഗുപ്തരാജ്യത്തിന്റെ യശസ്സ് വര്‍ധിപ്പിക്കാനായി അശ്വമേധയാഗം നടത്താനായി അദ്ദേഹം താരയെ നിര്‍ബന്ധിച്ചു.
താര എന്ന കഥാപാത്രം സ്ത്രീശക്തിയുടെ ഉത്തമമാതൃകയായി മാറുന്നതിന്റെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. സാധാരണക്കാരിയായി ജനിച്ചു വളര്‍ന്ന താര പാരമ്പര്യമുള്ള ഒരു വംശത്തിന്റെയും രാജ്യത്തിന്റെയും അധിപയായി മാറുകയായിരുന്നു. ഈ പരിവര്‍ത്തനത്തിനു താരയെ സഹായിച്ചത് മൂല്യങ്ങളിലുള്ള വിശ്വാസവും ബുദ്ധിസാമര്‍ഥ്യവും ആയിരുന്നു. ശത്രുവിന്റെ ആക്രമണത്തെ തടുക്കുന്നതിലും ദിഗ്വിജയത്തിനായി യത്‌നിക്കുന്നതിലും പ്രകടിപ്പിക്കുന്ന സ്ഥൈര്യവും നേതൃത്വപാടവവും അവരെ പ്രജകളുടെയും ഗുരുജനങ്ങളുടെയും പ്രശംസയ്ക്കു പാത്രമാക്കി. പ്രണയസങ്കല്പത്തിന്റെ ദിവ്യഭാവങ്ങള്‍ താരയില്‍ നിറഞ്ഞിരുന്നു. ബാല്യത്തിലെ സുഹൃത്തായ മല്ലനാഗനെ അവള്‍ സ്‌നേഹിച്ചിരുന്നു. നൃത്തം പരിശീലിക്കുന്ന കാലത്ത് അവള്‍ക്ക് ദക്ഷിണാമൂര്‍ത്തിയോട് ആകര്‍ഷണം തോന്നിയിരുന്നു രാജ്ഞിയായതിനു ശേഷം വാല്‍സ്യായനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാനുമുള്ള ഇച്ഛ താര നേരിട്ട് പറയുന്നുമുണ്ട്. ഇങ്ങനെ തന്റെ ആഗ്രഹങ്ങളെ അടക്കി വെക്കാതെ സുതാര്യമായി അതറിയിക്കേണ്ടവരെ അറിയിക്കാനുള്ള ആര്‍ജവം പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു താരയുടേത്. ആധുനിക യുവതിയില്‍ കാണുന്ന നിലപാടുകളും തീരുമാനങ്ങളുമാണ് താരയ്ക്ക് ഉണ്ടായിരുന്നത്. ഒരു രാജ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ സങ്കീര്‍ണതകളില്‍ അവള്‍ തികഞ്ഞ അവഗാഹം പ്രദര്‍ശിപ്പിച്ചിരുന്നു. താരയുടെ ഭരണനിപുണത രാജ്യാതിര്‍ത്തികള്‍ക്കപ്പുറവും കീര്‍ത്തി കേട്ടു.
ഇന്നത്തെ സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും അതൃപ്തിയോടെ നോക്കിക്കാണുന്ന ഭക്ഷണക്രമങ്ങള്‍ വിശിഷ്യഭോജനങ്ങളായി നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. 'കാട്ടുപന്നിയുടെ ഇറച്ചിയില്‍ അതിന്റെ വെട്ടിയെടുത്ത തല, മാനിന്റെ ഇറച്ചിയില്‍ അതിന്റെ വെട്ടിയെടുത്ത തല, മുയലിന്റെ ഇറച്ചിയില്‍ അതിന്റെ വെട്ടിയെടുത്ത തല പിന്നെ സ്വര്‍ണചഷകത്തില്‍ മദ്യവും' ആയിരുന്നു താര വാല്‍സ്യായനു വിളമ്പിയത്. ഈ സന്ദര്‍ഭത്തില്‍ താരയും മദ്യപിച്ചിരുന്നു. ചില പ്രത്യേക മാംസം കഴിക്കുന്നത് വരെ കുറ്റകരമായി കരുതുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് ശ്രദ്ധിക്കണം. കപട സദാചാരബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു അന്നത്തേത് എന്ന് ഉറപ്പിച്ചു പറയാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്.
3
താരാപീഠം എന്ന പേരില്‍ പുതിയ ഒരു സാമ്രാജ്യവും അതിന്റെ തലസ്ഥാനമായി കാമാഖ്യയും രൂപപ്പെടുത്താനുള്ള നിര്‍ദ്ദേശം വാല്‍സ്യായനന്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു. ശ്രീചക്രത്തിന്റെ മാതൃകയില്‍ ആയിരുന്നു രാജനഗരവും രാജധാനിയും ആസൂത്രണം ചെയ്തിരുന്നത്. ജൈവസമ്പത്തിന്റെ സൂക്ഷ്മഭേദങ്ങളിലേക്കുള്ള പര്യടനമാണ് പുതിയ നഗരത്തിന്റെ പരിസരം വിസ്തരിക്കുന്നതിലൂടെ എഴുത്തുകാരന്‍ നിര്‍വഹിച്ചിരിക്കുന്നത്.''ധാരാളം ആല്‍മരങ്ങളൂം, അശോകം, ചെമ്പകം, പുന്നാഗം തുടങ്ങിയ മരങ്ങളുള്ള കാടാണ് കൊട്ടാരത്തിനു ചുറ്റുമുള്ളത്. കുളത്തിലെ വിടര്‍ന്ന താമരകള്‍ക്കിടയിലൂടെ ഇപ്പോഴും വണ്ടുകള്‍ മൂളിപ്പറക്കുന്നുണ്ടാകും. അവിടെയുള്ള വജ്രമണീപ്രാകാരത്തിനും ഗോമേദകപ്രാകാരത്തിനും ഇടയിലുള്ള കടമ്പുമരങ്ങളുടെ കാറ്റില്‍ നിന്നാണ് വജ്രാനദി ഉത്ഭവിക്കുന്നത് . അടുത്തുള്ള ഭൂമി നാനാവിധ ഔഷധച്ചെടികളുടെയും എപ്പോഴും പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളുടെയും തോട്ടമായിരിക്കും' ഇങ്ങനെ തുടരുന്ന വര്‍ണന പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അനിര്‍വചനീയമായ സൗന്ദര്യത്തെ വാഴ്ത്തിപ്പാടുന്നു. വൃക്ഷങ്ങളും സസ്യലതാദികളും മനുഷ്യന് മാത്രമുള്ളതല്ല മറ്റുള്ള ജീവികള്‍ക്ക് കൂടിയുള്ളതാണെന്ന ദര്‍ശനം ഫുക്കുവോക്കയുടെ ആശയങ്ങളെ ഓര്‍മിപ്പിക്കുന്നു പ്രകൃതിയെ ആധ്യാത്മിക തലത്തില്‍ കണ്ട മസനാബ ഫുക്കുവോക്ക പ്രകൃതിയുടെ സംരക്ഷണവലയം തീര്‍ത്തും നൈസര്‍ഗികതയോടെയായിരുന്നു ഒരുക്കി വെച്ചിരുന്നത്. കാമാഖ്യയില്‍ സ്ഥിതി ചെയ്യുന്ന ത്രൈലോക്യമോഹനത്തിന്റെ മൂന്നു മുഖ്യദളനായികമാരും അതിനു പിന്നിലെ ഇരുപത്തെട്ടു ദളനായികമാരും സ്ത്രീകളായത് യാദൃച്ഛികമാവില്ല. ഇങ്ങനെ ആകെ നൂറ്റിപതിനെട്ടു ദളനായികമാരായിരുന്നു രാജനഗരിയില്‍ ഉണ്ടായിരുന്നത് ഇവരുടെ തലപ്പത്ത് ചക്രവര്‍ത്തിനിയായ താരയും കൂടി ചേരുമ്പോള്‍ പെണ്മയുടെ പ്രാമുഖ്യം ഉദ്‌ഘോഷിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക അധികാരം എന്നത് സ്ത്രീശക്തിയുടെ ഔന്നത്യത്തെ ആയിരുന്നു അടയാളപ്പെടുത്തിയത്.
ആഖ്യാനത്തില്‍ കവിതകള്‍ സന്നിവേശിപ്പിച്ച കൊണ്ടുള്ള രചനാരീതിയാണ് നോവലിന്റെ മറ്റൊരു പ്രത്യേകത. താര മല്ലനാഗന് എഴുതിയ പ്രണയം തുളുമ്പുന്ന കവിതകള്‍ പ്രണയിനിയുടെ ആത്മസമര്‍പ്പണങ്ങളായി കരുതാവുന്നതാണ്.. കാമുകന്റെ 'പുഞ്ചിരികൊളുത്തില്‍ വീശിയെറിയുന്ന നോട്ടത്തിനായി' ദാഹാര്‍ത്തയായ കാമുകിയുടെ പരവേശമായിരുന്നു അവ. ദക്ഷിണാമൂര്‍ത്തി താരയ്ക്ക് എഴുതിയ കവിതകളും ഹൃദയദ്രവീകരണ ശേഷിയുള്ളതായിരുന്നു.
അപ്പോള്‍ ഇങ്ങനെയൊരു ലോകം
ചുറ്റും പൊലിഞ്ഞു നില്‍പ്പുണ്ടെന്നു പോലും മറന്ന്
നിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോഴാണ്
ഇങ്ങനെയൊക്കെ സംഭവിച്ചത്
അപ്പോള്‍ നീ പോലും മാഞ്ഞു പോയി
നിന്റെ കണ്ണുകള്‍ രണ്ടും
വിശാലമായ രണ്ടു തടാകങ്ങളായിപ്പോയി
എന്റെ പൊക്കിളില്‍ നിന്നും നിന്റെ പൊക്കിളിലേക്ക്
നീണ്ടു നീണ്ടു പോകുന്ന ഒരിടനാഴി
എപ്പോഴോ പൊട്ടി മുളച്ചിരുന്നു
അതിനകത്തേക്കരിച്ചിറങ്ങുമ്പോള്‍
മെത്ത പോലെ വെള്ളാരംകല്ലുകള്‍ വിരിച്ചിട്ട
ഒരരുവിയുണ്ടായിരുന്നു
തുടങ്ങിയ വരികള്‍ ഗദ്യവുമായി ഇഴ ചേര്‍ന്ന് പോകുന്നു.
ആത്മീയത/പൗരാണികത/ കെട്ടുകഥകള്‍ എന്നിവയുടെ രാഷ്ട്രീയം പൊതുവെ വരേണ്യതയുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രത്യയശാസ്ത്രത്തിനും എതിരെയായിരിക്കും. എന്നാല്‍ അത്തരത്തില്‍ വ്യവസ്ഥാപിതമായ ഭൂമികയില്‍ നിന്നും നേര്‍മയുള്ള വഴികളിലേക്കുള്ള പ്രയാണമാണ് കാമാഖ്യ എന്ന നോവല്‍. ഒറ്റപ്പെട്ടവനും ഒറ്റയായവനും അവിടെ സ്ഥാനമുണ്ട്. അത്തരം അവസരങ്ങളില്‍ അവന്‍ എന്തു ചെയ്യണമെന്ന് കഥകളിലൂടെ സ്ഥാപിക്കുന്നുമുണ്ട് . അശരണരരുടെയും ദുഃഖിതരുടെയും സ്വപ്നം കാണുന്നവരുടെയും സ്വപ്നഭംഗം വന്നവരുടെയും ചിന്തകളെ അഭിസംബോധന ചെയ്യുന്നതിലൂടെ സമകാലത്തിന്റെ രാഷ്ട്രീയവും അധികാരസമവാക്യങ്ങളും ചര്‍ച്ച ചെയ്യുന്ന ആഖ്യാനമായി രൂപാന്തരപ്പെടുകയാണ് കാമാഖ്യ.
'നീണ്ടു പരന്ന കോറത്തുണി പോലെയാണ് ജീവിതം, പാകത്തിന് വെട്ടിത്തയ്ച്ചാലേ ഗുണമുള്ളൂ' എന്ന് പ്രദീപ് ഭാസ്‌കര്‍ കാമാഖ്യയിലെ ഒരു കഥയില്‍ എഴുതിയിട്ടുണ്ട്. ഭാവനയിലും ജീവിതത്തിലും ഈ ആശയത്തിന്റെ ലയതാളത്തിനു ഒരേ സ്ഥാനമാണുള്ളത്. ഒരു കൈ വിറയല്‍, ഒരളവിലല്‍പം ഏറ്റക്കുറച്ചില്‍- അതോടു കൂടി ഒരു പ്രയോജനവുമില്ലാത്ത ശൂന്യതയാവും ജീവിതമെന്ന ഹ്രസ്വമായ യാത്ര. കാമാഖ്യ എന്ന നോവലിലൂടെ എഴുത്തുകാരന്‍ ഈ ഒരു തത്വത്തെയാണ് ഊന്നിപ്പറയുന്നത്, താരയെ നേര്‍വഴിക്ക് നയിച്ച വാല്‍സ്യായനന്റെ തെളിച്ചം നമ്മില്‍ എല്ലാവരിലും ഉണ്ട് എന്ന മനനമാണ് കാമാഖ്യയുടെ എഴുത്തുകാരന്‍ നമുക്ക് പകരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona