പ്രശസ്തരായ എഴുത്തുകാരായിരുന്നു അന്ന് ബുക്ക് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയിരുന്നത്. യുദ്ധകാലത്ത് മനുഷ്യരുടെ കയ്യില്‍ പണമുണ്ടാവില്ലെന്നും അവരെത്രമാത്രം കഷ്ടപ്പെട്ടായിരിക്കും ഓരോ പൈസയും സൂക്ഷിക്കുന്നതെന്നും നല്ല നിശ്ചയമുണ്ടായിരുന്നു ബുക്ക് ക്ലബ്ബിന്‍റെ നേതൃത്വത്തിന്.
പലപ്പോഴും ലോകം, പ്രതീക്ഷിക്കാത്തതരം ദുരന്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അത് മഹാമാരികളായിരിക്കാം, യുദ്ധങ്ങളായിരിക്കാം. മനുഷ്യരെ സാമ്പത്തികമായും സാമൂഹികമായും മാനസികമായും തളര്‍ത്തിയേക്കാവുന്ന, കനത്ത സാമ്പത്തിക നഷ്ടത്തിലേക്കും ആള്‍നഷ്ടത്തിലേക്കും രാജ്യങ്ങളെ തള്ളിയിട്ടേക്കാവുന്ന അവസ്ഥയാണത്.
കൊറോണക്കാലത്തെ ലോക്ക് ഡൗണിനെ കുറിച്ച് നമുക്ക് ഏകദേശ ധാരണയുണ്ട്. രോഗവ്യാപനം തടയുക എന്ന നല്ല കാര്യത്തിനായിട്ടാണ് വീട്ടിലിരിക്കുന്നതെന്നും അറിയാം. പലരും മൊബൈലിലാവും ഏറെ നേരവും ചെലവഴിക്കുന്നത്. എന്നാല്‍, ഇത് രണ്ടാംലോക മഹായുദ്ധകാലത്തെ കാര്യമാണ്. അന്ന് നോക്കിയിരിക്കാന്‍ മൊബൈലുകളില്ല. ആ സമയത്ത് ഒരുപാട് പുസ്തകങ്ങള്‍ വിറ്റഴിച്ചിരുന്നവത്രെ. ഒരുപാടുപേര്‍ വായനയിലേക്ക് തിരിഞ്ഞിരുന്നുവത്രെ. അതിനവരെ സഹായിക്കാനായി ബുക്ക് ക്ലബ്ബുകളും സജീവമായിരുന്നു അന്ന്. ആ കാലത്ത് പുസ്തക വ്യാപാരം വലിയ രീതിയില്‍ വര്‍ധിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
യുദ്ധകാലത്തെ മനുഷ്യരുടെ ദൈനംദിന ജീവിതം എല്ലാതരത്തിലും കഷ്ടം നിറഞ്ഞതായിരുന്നു. ഭക്ഷണമില്ല, ഇന്ധനമില്ല, വാര്‍ത്തകളറിയുന്നില്ല, പൊതുഗതാഗത സംവിധാനങ്ങളില്ല, നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകള്‍ വേറെയും. മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെട്ടു. ഈയവസ്ഥയില്‍ പുസ്തകവ്യാപാരം കൂടുകയായിരുന്നു. ലൈബ്രറികള്‍ വഴിയും ബുക്ക് ക്ലബ്ബുകള്‍ വഴിയും പുസ്തകങ്ങള്‍ ആളുകള്‍ വാങ്ങിത്തുടങ്ങി. എല്ലാം മറക്കാനും ബോറടി മാറ്റാനുമായി ആളുകള്‍ പുസ്തകത്തെ ആശ്രയിച്ചു. ഗ്യാസ് മാസ്കുകളേക്കാള്‍ പുസ്തകങ്ങളാവശ്യമായി വന്നേക്കാം എന്നുവരെ അന്ന് പറഞ്ഞിരുന്നു.
കഥകള്‍ വില്‍ക്കുന്നു
1929 -ല്‍ തന്നെ നിലവിലുണ്ടായിരുന്നതാണ് ബുക്ക് ക്ലബ്ബ്. 1960 -ന്‍റെ അവസാനം വരെ ഇത് പ്രവര്‍ത്തിച്ചു. ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ ആയിരക്കണക്കിന് മനുഷ്യരിലേക്കാണ് ഓരോ മാസവും ബുക്ക് ക്ലബ്ബ് എത്തിച്ചിരുന്നത്. പുസ്തകം വാങ്ങുക എന്നത് അത്രയൊന്നും സാധാരണമല്ലാതിരുന്നൊരു കാലത്ത് അതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 1926 -ല്‍ തുടങ്ങിയ അമേരിക്കന്‍ ബുക്ക് ഓഫ് ദ മന്ത് ക്ലബ്ബിനെ അനുകരിച്ചാണ് ഈ ബുക്ക് ക്ലബ്ബും പ്രവര്‍ത്തനം തുടങ്ങിയത്.
പ്രശസ്തരായ എഴുത്തുകാരായിരുന്നു അന്ന് ബുക്ക് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയിരുന്നത്. യുദ്ധകാലത്ത് മനുഷ്യരുടെ കയ്യില്‍ പണമുണ്ടാവില്ലെന്നും അവരെത്രമാത്രം കഷ്ടപ്പെട്ടായിരിക്കും ഓരോ പൈസയും സൂക്ഷിക്കുന്നതെന്നും നല്ല നിശ്ചയമുണ്ടായിരുന്നു ബുക്ക് ക്ലബ്ബിന്‍റെ നേതൃത്വത്തിന്. അതുകൊണ്ട് തന്നെ ആ പണം നഷ്ടം വരാത്ത തരത്തിലുള്ള മികച്ച പുസ്തകങ്ങളാണ് അവര്‍ വില്‍പ്പനക്കായി തെരഞ്ഞെടുത്തിരുന്നത്. ആ സമയത്ത് എത്രയെത്രയോ അധികവില്‍പ്പന പുസ്തകങ്ങളുടെ കാര്യത്തില്‍ നടന്നു. അത് ഇരുപതാം നൂറ്റാണ്ടിലെ പുസ്തക വ്യാപാരരംഗത്തു തന്നെ വലിയ മാറ്റങ്ങള്‍ വരുത്തി.
ബുക്ക് സൊസൈറ്റി വായനക്കാരെ പുസ്തകം തെരഞ്ഞെടുക്കുന്നതിന് സഹായിച്ചു. പൊളിറ്റിക്കല്‍ നോണ്‍ ഫിക്ഷനുകളാണ് നേതൃത്വം നിർദ്ദേശിച്ചത്. കൂടാതെ 1938 -ല്‍ ആളുകള്‍ ഏറെയും വായിച്ച ക്ലാസിക് നോവലായിരുന്നു എലിസബത്ത് ബോവന്‍റെ ദ ഡെത്ത് ഓഫ് ദ ഹേര്‍ട്ട് (The Death of the Heart). എന്നാല്‍, 1939 സപ്തംബറില്‍ ബ്രിട്ടന്‍ ജര്‍മ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു. ആ സമയത്ത് ബുക്ക് സൊസൈറ്റിയുടെ നേതൃത്വവും വിഭജിക്കപ്പെട്ടു. ചിലരൊക്കെ യുദ്ധകാര്യത്തില്‍ വ്യക്തത വന്നുവെന്ന് പറഞ്ഞപ്പോള്‍ മറ്റുപലരും അമ്പേ തകര്‍ന്നുപോയി. ഒന്നാം ലോക മഹായുദ്ധത്തിന്‍റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്നും അപ്പോഴും വിടുതല്‍ നേടിയിട്ടില്ലാത്തവരായിരുന്നു അവര്‍.
വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാകുമ്പോള്‍ ആളുകള്‍ കൂടുതലും പുസ്തകവായനയിലേക്ക് തിരിയുമെന്ന് സൊസൈറ്റി അംഗങ്ങള്‍ക്കറിയാമായിരുന്നു. ഒന്നാം ലോക മഹായുദ്ധ സമയത്ത് ലൈബ്രറിയില്‍ അംഗത്വമെടുത്തവരുടെ എണ്ണം ഒരുപാട് വര്‍ധിച്ചിരുന്നു. സമാനസാഹചര്യം ഇവിടെയും ഉണ്ടാകാമെന്നും അവര്‍ കരുതിയിരുന്നു. എന്നാല്‍, ആവശ്യത്തിനുള്ള പുസ്തകമെത്തിക്കുക എന്നത് അപ്പോഴേക്കും വളരെ കഠിനമായിരുന്നു. ആവശ്യത്തിന് കടലാസില്ലാത്തത്, വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍, ആ സമയത്ത് ജോലി ചെയ്യുന്നതിലെ പ്രയാസങ്ങള്‍, ഓഫീസുകള്‍ക്കും വെയര്‍ഹൌസുകള്‍ക്കും നേരെയുള്ള ബോംബാക്രമണങ്ങള്‍ എന്നിവയെ എല്ലാം തരണം ചെയ്തുവേണമായിരുന്നു പുസ്തകങ്ങളെത്തിക്കാന്‍. പക്ഷേ, അപ്പോഴെല്ലാം വായനക്കാരുടെ എണ്ണം കൂടുകയായിരുന്നു.
എന്താണ് അന്ന് വായിച്ചിരുന്നത്
വായനക്കാര്‍ പലപ്പോഴും വായനക്കായി തെരഞ്ഞെടുത്തത് ഫിക്ഷനും സമകാലിക ജീവിതങ്ങളുള്ള പുസ്തകങ്ങളുമായിരുന്നു. ഫിക്ഷനില്‍ ഏറെയും ഹിസ്റ്റോറിക്കല്‍ ഫിക്ഷനായിരുന്നു. അതുപോലെ തന്നെ കോമിക്കുകള്‍, അനുഭവങ്ങള്‍, ത്രില്ലര്‍ എന്നിവയും ആളുകള്‍ തെരഞ്ഞെടുത്തു. പല ക്ലാസിക്കുകളും വീണ്ടും ഇറക്കി. യുദ്ധവും സമാധാനവും, അന്ന കരനീന എന്നിവയെല്ലാം ആളുകള്‍ അന്വേഷിച്ചെത്തി. അതുപോലെ തന്നെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വലിയ വലിയ നോവലുകളാണ് പലരും ആവശ്യപ്പെട്ടത്. വര്‍ത്തമാനകാലത്തെ ദുരിതങ്ങളെ മറക്കാനായി ഭൂതകാലത്തില്‍ പലതും അന്വേഷിക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്യുകയായിരുന്നു അന്ന് വായനക്കാര്‍.
ഇപ്പോഴിതാ ഈ കൊറോണാക്കാലത്ത് യുദ്ധവും സമാധാനവും പോലെയുള്ള ക്ലാസിക് ഫിക്ഷനുകള്‍ക്ക് വീണ്ടും ഡിമാന്‍ഡ് കൂടുന്നുവെന്നാണ് Neilsen BookScan റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നേരമുണ്ടാകുന്ന മാനസികസമ്മര്‍ദ്ദങ്ങളിറക്കിവയ്ക്കാന്‍ ആളുകള്‍ പുസ്തകങ്ങളിലേക്കിറങ്ങുന്ന സാഹചര്യമുണ്ടെന്നും പറയുന്നു.
(ചിത്രത്തില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് വ്യോമാക്രമണത്തെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്ന ഹോളണ്ട് ഹൌസ് ലൈബ്രറി)