കൊവിഡ് കാലത്തെ സന്ദേഹങ്ങള്‍ക്ക് ഉത്തരങ്ങളുമായി ഒരു പുസ്തകം...

By Pusthakappuzha Book Shelf  |  First Published Jan 15, 2021, 6:39 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ത്ഥ എന്ന പുസ്തകത്തിന്റെ വായന. മായ ജ്യോതിസ് എഴുതുന്നു 


ജീവിതത്തെക്കുറിച്ച് ഏറെ ആലോചിച്ച ഒരു കാലത്ത് നിന്നും പുസ്തകങ്ങളിലൂടെ മുന്നോട്ടുനടക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ആ പുസ്തകം മുന്നില്‍വന്നത്- ഹെര്‍മന്‍ ഹെസ്സെയുടെ 'സിദ്ധാര്‍ഥ'. ആ പുസ്തകം  കൊവിഡ് കാലത്ത് ജീവിതത്തെ പുതിയ കണ്ണിലൂടെ കാണാനുള്ള കാഴ്ചയാണ് നല്‍കിയത്. നമുക്കറിയാത്ത അനവധി കാര്യങ്ങളെ കാണാനുള്ള കണ്ണാടി തന്നെയായി മാറുകയായിരുന്നു ആ പുസ്തകം. 

 

Latest Videos

 

കാര്യകാരണ ബന്ധങ്ങളറിയാതെ ജീവിതത്തെ സ്വീകരിക്കേണ്ടി വരുന്നതാണ് പലപ്പോഴും പ്രപഞ്ചത്തിലെ ഓരോ ജീവിയുടെയും അവസ്ഥ. ജീവിതത്തെക്കുറിച്ച് നമുക്കറിയാവുന്നത് നമുക്കറിയാത്തതിന്റെ എത്രയോ കുറഞ്ഞ അളവിലാണെന്ന് അര്‍ത്ഥം. ട്വന്റി ട്വന്റി എന്ന് പേരിട്ട് ലോകം ആവേശത്തോടെ കാത്തിരുന്ന ഒരു വര്‍ഷം അതുവരെ അനുഭവിക്കാത്ത പ്രതിസന്ധികളാല്‍ മൂടിപ്പോയതിനെ, ജീവിതത്തെക്കുറിച്ചുള്ള ഈ അജ്ഞതയുടെ പശ്ചാത്തലത്തില്‍ വേണം കാണാന്‍.

അതുവരെ പരിചയമില്ലാത്ത ഒരു കുഞ്ഞന്‍ വൈറസാണ് ലോകത്തെ അടച്ചുപൂട്ടിയത്. ഏതുനിമിഷവും കൊവിഡ് 19 എന്ന് രോഗം വരാവുന്ന സാദ്ധ്യതകളുടെ ഉള്‍ക്കിടിലങ്ങളിലൂടെയാണ് അതോടെ ജീവിതം മുന്നോട്ടുപോയത്. നോര്‍മല്‍ എന്നു കരുതിയതെല്ലാം അങ്ങനെയല്ലാതാവുകയും പുതിയ നോര്‍മല്‍ അവസ്ഥകള്‍ മുന്നിലെത്തുകയും അത്ഭുതത്തോടെ നാമത് സ്വീകരിക്കുകയും ചെയ്തു. 2020 എന്ന, നമ്മള്‍ ഏറ്റവും കാത്തിരുന്ന വര്‍ഷത്തെ ഓര്‍മ്മിക്കാന്‍ പോലുമിഷ്ടമില്ലാത്ത വര്‍ഷമായി മാറ്റിത്തീര്‍ത്തത് ജീവിതത്തിന്റെ ഈ വിചിത്രയുക്തിയാണ്.

ജീവിതത്തെക്കുറിച്ച് ഏറെ ആലോചിച്ച ഒരു കാലത്ത് നിന്നും പുസ്തകങ്ങളിലൂടെ മുന്നോട്ടുനടക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ആ പുസ്തകം മുന്നില്‍വന്നത്- ഹെര്‍മന്‍ ഹെസ്സെയുടെ 'സിദ്ധാര്‍ഥ'. ആ പുസ്തകം  കൊവിഡ് കാലത്ത് ജീവിതത്തെ പുതിയ കണ്ണിലൂടെ കാണാനുള്ള കാഴ്ചയാണ് നല്‍കിയത്. നമുക്കറിയാത്ത അനവധി കാര്യങ്ങളെ കാണാനുള്ള കണ്ണാടി തന്നെയായി മാറുകയായിരുന്നു ആ പുസ്തകം. 

 

Read more: അജയ് പി മങ്ങാട്ട് എഴുതുന്നു, സ്ഥിരമായി  യാത്ര പോകാറുള്ള പുസ്തകങ്ങള്‍, എഴുത്തുകാര്‍

 

ഹെസ്സേ എന്ന പ്രവാചകന്‍ 

ഉത്തരമറിയാത്ത ഒരുപിടി ചോദ്യങ്ങളാണ് ഈ ലോകത്തെ ഇത്രയും തന്മയത്വത്തോടെ നിലനിര്‍ത്തുന്നത്. ഓരോ ജീവിതവും ചോദ്യങ്ങളില്‍ നിന്നും ഉത്തരങ്ങളിലേക്കുള്ള യാത്രയാണ്. മരണത്തിന്റെ കവാടത്തിനപ്പുറം മറഞ്ഞവരാരും തിരികെവന്ന് സ്വാനുഭവം വിവരിക്കാത്തിടത്തോളം പ്രപഞ്ചരഹസ്യങ്ങള്‍ ഇപ്പോഴും നിഗൂഢമായി തന്നെ തുടരുന്നു. ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലേക്കുള്ള അത്തരമൊരു യാത്രയാണ് സിദ്ധാര്‍ത്ഥ. പ്രപഞ്ചതത്വങ്ങളെ കേവലയുക്തികള്‍ക്കപ്പുറം അനുഭവതലത്തില്‍ അന്വേഷിക്കുന്ന ഒരു സന്ദേഹിയുടെ യാത്രകളാണ് ഈ പുസ്തകം. സിദ്ധാര്‍ഥന്റെ ആത്മാന്വേഷണപരീക്ഷണങ്ങള്‍.

പറഞ്ഞുവരുമ്പോള്‍ ഹെര്‍മന്‍ ഹെസ്സെ നമുക്ക് അപരിചിതനല്ല. മലയാള ഭാഷയ്ക്ക് സവിശേഷമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ പാതിരി ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മകള്‍ മേരിയുടെ പുത്രന്‍. 1946-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഹെസ്സെ കവി, നോവലിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ജര്‍മനിയില്‍ ജനിച്ചുവളര്‍ന്ന സ്വിസ് എഴുത്തുകാരനായ അദ്ദേഹം രാഷ്ട്രീയ നിലപാടുകളില്‍ നിര്‍ഭയനായിരുന്നു. നാസിസം സര്‍വതലങ്ങളിലേക്കും കാലുനീട്ടിയ കാലത്ത്, അഡോള്‍ഫ് ഹിറ്റ്ലറെ ഹെസ്സെ നിശിതമായി വിമര്‍ശിച്ചു. പ്രശസ്തരായ പല എഴുത്തുകാരും ചിന്തകരുമെല്ലാം ഹിറ്റ്‌ലറിന്റെ കാലത്ത് ജര്‍മനി വിട്ടോടുമ്പോള്‍, അതിനു നില്‍ക്കാതെ ഹിറ്റ്ലറെ നേരിട്ട് ചെറുക്കാന്‍ തീരുമാനിച്ചു അദ്ദേഹം. പകരമായി, ഹെസ്സെയ്ക്ക് അന്നത്തെ ജര്‍മനിയില്‍ സര്‍വതലങ്ങളിലും വിലക്ക് വന്നു. ഹിറ്റ്ലറിന്റെ കണ്ണിലെ കരടായിരുന്നിട്ടും വിമര്‍ശനത്തില്‍ ഒരു മയവും വരുത്തിയില്ല, ഹെസ്സെ. ഇതുവായിക്കുമ്പോള്‍, വിപ്ലവകാരിയായ ഒരെഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന ധ്വനി വന്നേക്കാം. എന്നാല്‍, സാമൂഹ്യപരിഷ്‌കരണമോ രാഷ്ട്രീയപ്രവര്‍ത്തനമോ ആയിരുന്നില്ല, ഹെസ്സെ ജീവിച്ച ഇടങ്ങള്‍. ആത്മീയതയും കലയും സാഹിത്യവും ദാര്‍ശനികതയുമൊക്കെയാണ് ഹെസ്സെയെ മനുഷ്യനെന്ന നിലയില്‍ നിലനിര്‍ത്തിയത്. സ്വന്തം ആത്മാവിലേക്ക് ആഴത്തില്‍ തീര്‍ത്ഥാടനം നടത്തിയ എക്കാലത്തെയും വലിയ എഴുത്തുകാരില്‍ ഒരാളായാണ് പില്‍ക്കാലം അദ്ദേഹത്തെ വായിച്ചത്.

ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി ബുദ്ധിസത്തിലേക്കും പൗരസ്ത്യദര്‍ശനങ്ങളിലേക്കും വഴുതിവീണ ഹെസ്സെ, മുത്തച്ഛനെപ്പോലെ, പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് വരികയായിരുന്നു. ഭാരതീയമായ ആത്മാന്വേഷണരീതികളെ അദ്ദേഹം അഗാധമായി മനസിലാക്കി. പൗരസ്ത്യ-പാശ്ചാത്യ ദാര്‍ശനിക വഴികളിലൂടെ ലോകത്തെ പുതിയ വിതാനത്തില്‍ സമീപിച്ചു. ഈ ചിന്തകളാണ്, സിദ്ധാര്‍ത്ഥ എന്ന ക്ലാസിക്കിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 1951-ല്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍, മനുഷ്യാവസ്ഥകളുടെ സമഗ്രമായ വിശകലനത്തിലൂടെ, കാലാതിവര്‍ത്തിയായി മാറുകയായിരുന്നു. തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളില്‍ മറ്റൊരുദേശത്ത് വളര്‍ന്ന ഹെസ്സെ സിദ്ധാര്‍ത്ഥന്‍ എന്ന യുവാവിന്റെ ആത്മീയാന്വേഷണങ്ങളെ അനിതരസാധാരണമായ ദാര്‍ശനിക തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ഈ നോവലില്‍. ബുദ്ധിസം 'സിദ്ധാര്‍ത്ഥ'യുടെ അന്തര്‍ധാരയായി നില്‍ക്കുന്നുവെങ്കിലും, ഹെസ്സെയുടെ സിദ്ധാര്‍ത്ഥന്‍ ജീവിത നിരാസത്തിന്റേതല്ല, ജീവിതാലിംഗനത്തിന്റെ വഴിയാണ് പിന്തുടരുന്നത്.

 

Read more: സുനില്‍ പി ഇളയിടം എഴുതുന്നു, എന്തുകൊണ്ട് മഹാഭാരതം; എങ്ങനെ അതിലേക്കെത്തി?

 

സിദ്ധാര്‍ത്ഥന്റെ ആത്മാന്വേഷണപരീക്ഷണങ്ങള്‍

ജ്ഞാനം നിത്യമായ ആനന്ദമാണ് എന്ന് ചെറുപ്പകാലം മുതല്‍ തന്നെ അറിഞ്ഞൊരാളാണ് ഹെസ്സെയുടെ സിദ്ധാര്‍ത്ഥന്‍. ധ്യാനത്തിന്റെയും ആത്മീയതയുടെയും വഴികളിലേക്ക് അവന്‍ കുട്ടിക്കാലത്തേ സ്വയം എടുത്തെറിയുന്നു. ആധ്യാത്മികാചാര്യനായ പിതാവിനു പോലും അചഞ്ചലമായ  ലക്ഷ്യബോധത്തില്‍ നിന്ന്  സിദ്ധാര്‍ത്ഥനെ പിന്തിരിപ്പിക്കുവാന്‍ സാധിക്കുന്നില്ല. ആദ്യഘട്ടത്തില്‍ ആചാര്യന്‍മാരില്‍ നിന്നും അറിവും മന്ത്രതന്ത്രവിദ്യകളും സ്വായത്തമാക്കിയ സിദ്ധാര്‍ഥന്‍ ഇതല്ല താനന്വേഷിക്കുന്നതെന്ന് തിരിച്ചറിയുകയാണ് ചെയ്യുന്നത്. ശരിയായ ജ്ഞാനം അനുഭവിച്ചറിയേണ്ടതാണെന്ന ബോധ്യത്തിലാണ് ക്രമേണ അവനെത്തുന്നത്. ശ്രീബുദ്ധന് പോലും തന്നെ ഇക്കാര്യത്തില്‍ തന്നെ വേണ്ടവിധത്തില്‍ സഹായിക്കാനാവില്ലെന്നും ക്രമേണ അവന്‍ മനസ്സിലാക്കുന്നു. എങ്കിലും അത്രയും നാളത്തെ സാധനകളില്‍  നിന്നും വിശപ്പ് സഹിക്കുക, കാത്തിരിക്കുക, ചിന്തിക്കുക (Fast, Wait and Think) എന്നീ കഴിവുകള്‍ സിദ്ധാര്‍ഥന്‍ നേടിയിരുന്നു.

പിന്നീട് സാക്ഷി ഭാവത്തില്‍നിന്നുകൊണ്ട് അവന്‍ ഭൗതികതയുടെ ആനന്ദങ്ങളെ പുല്‍കുന്നു. കമലയെന്ന അഭിസാരികയായിരുന്നു അതിനവന്റെ ഗുരു. കാമകലയില്‍ നിപുണയായ കമലയിലൂടെ ഭൗതികാനന്ദങ്ങളുടെ പല മേച്ചില്‍പ്പുറങ്ങള്‍ അവന്‍ കീഴടക്കുന്നു. അതിസമ്പന്നതയിലേക്ക് അനായാസം നടന്നുകയറുന്നു. അതിനിടയ്ക്ക്, കമല സിദ്ധാര്‍ത്ഥന് പ്രിയപ്പെട്ടവളായി. പ്രണയത്തിന്റെയും ആനന്ദത്തിന്റെയും ഉന്‍മാദത്തിന്റെയും കൊടുമുടികള്‍ അവര്‍ കീഴടക്കി. കമല സിദ്ധാര്‍ഥനെ പരിപൂര്‍ണമായി മനസ്സിലാക്കി. പക്ഷേ പതിയെ അവന്‍ മറ്റൊരു തിരിച്ചറിവിലെത്തുന്നു. നശ്വരമായ സംസാരലോകം തന്നെ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നും, ആത്മാവിന്റെ സ്വരം തന്നില്‍നിന്ന് ഒഴുകിപ്പോയെന്നും അവന്‍ തിരിച്ചറിയുന്നു. അത്യധികം വിരക്തിയോടെ, സംന്യാസത്തില്‍നിന്ന് സംസാരത്തിലേക്ക് നടന്നു പോയ അതേ കടവിലേക്ക് സിദ്ധാര്‍ത്ഥന്‍ മടങ്ങിയെത്തുന്നു. സമ്പന്നതയുടെ തിളങ്ങുന്ന കൊട്ടാരങ്ങള്‍ ഉപേക്ഷിച്ചായിരുന്നു ആ തിരിഞ്ഞുനടത്തം. നദിയുടെ ആഴങ്ങളിലേക്ക് സ്വന്തം ശരീരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുന്ന സിദ്ധാര്‍ഥനില്‍ അതേ നിമിഷത്തില്‍ തന്നെ ആത്മാവിന്റെ ശബ്ദം കാലങ്ങള്‍ക്കുശേഷം വീണ്ടുമുണരുകയും പുതിയൊരു ജീവിതത്തിലേക്ക് സിദ്ധാര്‍ഥന്‍ വീണ്ടെടുക്കപ്പെടുകയും ചെയ്യുന്നു.

അന്നു മുതല്‍ നദിയും ആ കടവിലെ ജ്ഞാനിയായ കടത്തുകാരന്‍ വാസുദേവനും സിദ്ധാര്‍ത്ഥന് ഗുരുക്കന്‍മാരാകുന്നു. തന്നിലേക്ക് ഹൃദയം ചേര്‍ത്തുവെക്കുന്ന സിദ്ധാര്‍ഥനെ നദി അതിശയപ്പെടുത്തും വിധം ഗഹനമായ പലതും ലളിതമായി പഠിപ്പിക്കുന്നു. നദിയെ കാതോര്‍ക്കുമ്പോള്‍ വര്‍ത്തമാനകാലം മാത്രമാണ് യഥാര്‍ത്ഥമായിട്ടുള്ളതെന്ന് സിദ്ധാര്‍ഥന് ബോധ്യപ്പെടുന്നു. മഴയിലൂടെ ഭൂമിയില്‍ പതിച്ച് ഉറവകളിലൂടെ നദിയായൊഴുകുന്ന ജലം  കടലിന്റെ ഭാഗമായലിയുകയും വീണ്ടും നദിയായ് ഒഴുകുകയും ജീവിതചക്രം ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതുപോലെ കാലവും അതിന്റെ യാത്ര അനുസ്യൂതം തുടരുകയാണെന്ന് സിദ്ധാര്‍ത്ഥന് ബോധ്യപ്പെടുന്നു

 

Read more: ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു, സോക്രട്ടീസിന്റെ പൂച്ചകള്‍ 


 

ഇലത്തഴപ്പുകളുടെ തണല്‍ നിലങ്ങള്‍

പ്രപഞ്ചത്തിലെ ഓരോന്നും മുന്‍പ് മറ്റെന്തൊക്കെയോ ആയിരുന്നുവെന്നും ഭാവിയില്‍ തികച്ചും വ്യത്യസ്തമായ വേറെന്തൊക്കെയോ ആയി തീരുമെന്നും സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചറിയുന്നു. പ്രപഞ്ചവും താനും വിഭിന്നമല്ലെന്ന ദാര്‍ശനികമായ സാക്ഷാത്കാരഭാവത്തിലേക്ക്, നിത്യമായ ആനന്ദത്തിലേക്ക് സിദ്ധാര്‍ഥന്‍ ഉയരുന്നു.

വാക്കുകളുടെ പരിമിതിയെ പറ്റി ഹെസ്സെ പലയിടത്തും പറഞ്ഞുവെക്കുന്നുണ്ട്. അനുഭവങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ വാക്കുകളെ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ അവ പക്ഷപാതപരമായി മാറുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍, ഹെസ്സെ വാക്കുകളുടെ മുനകള്‍ കൊണ്ട് വരഞ്ഞിടുന്നത് അനുഭവങ്ങളുടെ ആകാശങ്ങളാണ്. ഇത്രയും ആഴമുള്ള ദാര്‍ശനിക വിഷയത്തെ, വായിപ്പിക്കുന്ന വിധം ലളിതവും മനോഹരവുമായി അദ്ദേഹം അവതരിപ്പിക്കുന്നു.

എഴുത്തിനപ്പുറത്തേക്ക് എഴുത്തുകാരിലേക്ക് അപൂര്‍വ്വമായി മാത്രം നടക്കാറുള്ള എന്നെ, ഹെസ്സെയുടെ ചിത്രങ്ങളെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പാണ് ആ വഴിക്കെത്തിച്ചത്. കുഞ്ഞുലോകങ്ങള്‍, സാധാരണമായ, ശാന്തി നിറക്കുന്ന നിറച്ചാര്‍ത്തുകള്‍ ആയിരുന്നു ഹെസ്സെയുടെ ജലച്ചായ ചിത്രങ്ങള്‍. ഹൃദയത്തില്‍ ജീവിതാനുഭവങ്ങളുടെ തീക്കനല്‍ പുകയുമ്പോഴും, ഇലത്തഴപ്പുകളുടെ തണല്‍ നിലങ്ങളില്‍ അലയുന്ന ഹെസ്സെയെയാണ് ആ ചിത്രങ്ങളിലൂടെ നമുക്ക് കാണാനാവുക. കേവല ധാരണകള്‍ കൊണ്ട് നാം ഒരുക്കി വെക്കുന്ന സങ്കല്‍പ കുപ്പായങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത ഹെസ്സെയാണ് ചിത്രങ്ങളിലും.

ഈ പുസ്തകം എന്റെയുള്ളില്‍ തുറന്നിട്ടത് ചിന്തയുടെ ആഴിയും ആകാശവുമാണ്. ഹെസ്സെ പറയുന്നതുപോലെ, വാക്കുകളില്‍ അവയെ ഒതുക്കുക എന്നത് അസാധ്യമാണെന്നറിയാമെങ്കിലും, പറയാതെ വയ്യ എന്നതിനാലാണ് സിദ്ധാര്‍ത്ഥയെക്കുറിച്ചെഴുതുക എന്ന സാഹസത്തിന് ഞാന്‍ മുതിര്‍ന്നത്. വാക്കുകള്‍ക്കും വരികള്‍ക്കുമപ്പുറം നമ്മുടെ ചിന്തയിലൂടെ അസാധാരണമായ അനുഭവമായി ഈ വായന മാറണമെന്നുതന്നെയാവും ഹെസ്സെയും ഉദ്ദേശിച്ചിട്ടുണ്ടാവുക.

വായന തീരുമ്പോള്‍, അദ്ദേഹത്തിന്റെ പിതാവ്,  കമല, സുഹൃത്തായ ഗോവിന്ദന്‍, ഗുരുവായിമാറുന്ന കടത്തുകാരന്‍ വാസുദേവന്‍, തന്നിഷ്ടക്കാരനായ പുത്രന്‍ എന്നിവരും ശക്തമായവ്യക്തിത്വം പുലര്‍ത്തി നമ്മുടെയുള്ളില്‍ മായാതെ നില്‍ക്കുന്നു.

click me!