പുസ്തകപ്പുഴയില്‍ ഇന്ന് സി. സത്യരാജന്‍ എഴുതിയ 'അവസാനത്തെ ഉദ്യാനം' എന്ന നോവലിന്റെ വായന. പ്രതാപന്‍ എ എഴുതുന്നു
ചരിത്രത്തിന്റെ ക്രൂരതകളെ സൗമ്യമായ സൗന്ദര്യാനുഭവങ്ങളാക്കി നമുക്ക് വിപണനം ചെയ്യുന്ന, അതിന്റെ നിഷ്‌ക്കളങ്കരായ ഉപഭോക്താക്കളായി ഇരകള്‍ പോലും മാറിക്കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ജീവിതത്തില്‍ മാത്രമല്ല മരണത്തില്‍ പോലും നിസ്വരായി പോകുന്ന ഒരു കാലത്തെ ഈ നോവല്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നു.
undefined
'നീ നിന്നെ തന്നെ വില്‍ക്കുക, നിന്റെ അദ്ധ്വാനത്തെ വില്‍ക്കുക' എന്നത് മുതലാളിത്തത്തിന്റെ ആദ്യ കല്‍പനകളില്‍ ഒന്ന്. ചിലപ്പോള്‍ നിനക്ക് നിന്റെ മരണത്തെയും വില്‍ക്കാം. സി സത്യരാജന്റെ 'അവസാനത്തെ ഉദ്യാനം' എന്ന നോവലില്‍ കടം കയറി മുടിഞ്ഞ ഒരു ഇന്ത്യന്‍ സംഗീതകാരന്‍ തന്റെ കടമത്രയും വീട്ടുന്നത് അയാളെ അടക്കം ചെയ്യുവാനുള്ള അവകാശം ഒരു സ്ഥാപനത്തിന് വിറ്റു കൊണ്ടാണ്.
എപ്‌സിലോണ്‍ ദ്വീപ സമൂഹത്തിലെ ഏഴാം ദ്വീപിലെ ഉദ്യാനത്തിലൊരുക്കിയ അയാളുടെ കല്ലറയ്ക്കരികിലുള്ള പ്ലോട്ടുകള്‍ സംഗീതകാരന്റെ ആരാധകര്‍ വന്‍ തുക മുടക്കി ലേലത്തില്‍ സ്വന്തമാക്കിയതു വഴി കടത്തിന്റെ പതിന്മടങ്ങ് കമ്പനിക്ക് ലാഭമായി. മരണ ശേഷമെങ്കിലും അയാളുടെ അയല്‍ക്കാരായിരിക്കാന്‍ ആഗ്രഹിച്ചവരായിരുന്നു ആ ആരാധകര്‍. മരിക്കാനുള്ള ശേഷിയോ ശേഷിക്കുറവോ വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന മരണ മുതലാളിത്തത്തില്‍ (necro-capitalism) അവരും പ്രജകളായി.
.............................................
Read more: സുനില്‍ പി ഇളയിടം എഴുതുന്നു, എന്തുകൊണ്ട് മഹാഭാരതം; എങ്ങനെ അതിലേക്കെത്തി?
.............................................
'അവസാനത്തെ ഉദ്യാനം' വാര്‍ദ്ധക്യത്തിന്റേയും മരണത്തിന്റേയും പുസ്തകം. മേരിയുടേത് ആരെയും അസൂയപ്പെടുത്തുന്ന മരണമായിരുന്നു എന്ന ആദ്യവരിയില്‍ മരണം പ്രവേശിക്കുന്നു. മരണങ്ങളുടെ ശൂന്യതയാല്‍ ഏകാകികളായി തീരുന്ന 'സായാഹ്ന മനുഷ്യരാ'ണ് ഈ നോവലിലെ കഥാപാത്രങ്ങള്‍ - മേരിയുടെ ഭര്‍ത്താവ് ജോസഫ്, ഡാനിയല്‍, ഭാര്യ ജസീക്ക, സൂസന്ന തുടങ്ങിയവര്‍. വൃദ്ധരിലെ മദ്ധ്യവയസ്‌ക്കന്‍ , വാര്‍ദ്ധക്യത്തിന്റെ യൗവ്വന ദശയിലുള്ളവന്‍, വൃദ്ധയായ ഒരു കുഞ്ഞ് എന്നൊക്കെ അടയാളപ്പെടുന്നവര്‍. റീത്ത എന്ന നായ പോലും പെണ്‍ നായകള്‍ക്കിടയിലെ ജ്ഞാന ബുദ്ധയാണ്. അവിനാശ് ആകട്ടെ മദ്ധ്യവയസ്‌ക്കരിലെ ഒരു വൃദ്ധന്‍. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് നമ്മള്‍ വായിക്കാതെ മാറ്റി വെക്കുന്ന ഒരു പുസ്തകം പോലെയാണ് വാര്‍ദ്ധക്യം. ഞാനത് നേരത്തെ തന്നെ വായിക്കാന്‍ തുടങ്ങി എന്നാണ് വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് അവിനാശ് പറയുന്നത്.
.......................................................
ഈ പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
തൊടുമ്പോള്‍ ഇക്കിളി തോന്നുന്ന രീതിയിലാണ് വൈദ്യുതി പ്രവാഹം ക്രമീകരിച്ചിരിക്കുന്നത്. ഒരിക്കല്‍ മരണമായിരുന്നത് ഇക്കിളിയായി പരാവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
..................................................................
ഡാനിയലിന്റെ ഭാര്യ ജസീക്കയ്ക്ക് ഇടുങ്ങിയ കുഴിയുടെ ഇരുട്ടില്‍ മനുഷ്യരെ അടക്കം ചെയ്യുന്നത് ഇഷ്ടമല്ല. തന്റെ സങ്കല്‍പത്തിലെ സെമിത്തേരികളെ അവസാനത്തെ ഉദ്യാനമെന്നാണ് അവള്‍ വിളിച്ചിരുന്നത്. ജസീക്കയുടെ മരണശേഷം ആ അവസാന ഉദ്യാനവും തേടി ഡാനിയലും ജോസഫും എപ്‌സിലോണ്‍ ദ്വീപിലേക്ക് പോകുന്നു. ഉര്‍മിഷ് എന്ന അന്ധ യുവതിയാണ് ആ ഉദ്യാനത്തിലെ അവരുടെ വഴി കാട്ടി. 'എങ്ങും പോകാനില്ലെങ്കില്‍ ഏതും നേര്‍ വഴി' എന്ന ഹൈകുവാണ് അവളുടെ സ്വാഗത മൊഴി. മനോഹരമായ ആ ഉദ്യാനത്തിലെ വേദികളൊന്നില്‍ ഇല്യൂഷയുടെ ശവമടക്ക് സമയത്തെ അലോഷിയുടെ പ്രസംഗം സ്‌കൂള്‍ കുട്ടികളുടെ യാത്രാ സംഘത്തിനു മുന്നില്‍ നാടകമായി അവതരിക്കപ്പെടുകയാണ്. തൊട്ടപ്പുറത്ത് ചില്ലു കൂട്ടില്‍ അന്തരിച്ച സംഗീതകാരന്റെ ചര്‍മ്മമുപയോഗിച്ച് നിര്‍മ്മിച്ച വാദ്യോപകരണം പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു. മറ്റൊരിടത്ത് പ്ലാസോവിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളൊന്നിലെ കവാടത്തെ അനുകരിച്ച് നിര്‍മ്മിച്ച ഗേറ്റോടു കൂടിയ ഒരു കെട്ടിടത്തില്‍ നിലച്ചു പോയ അവയവങ്ങളുടെ പ്രദര്‍ശനം നടക്കുന്നു. മനുഷ്യന്‍ അടിസ്ഥാനപരമായി ഭ്രാന്തന്‍ തന്നെ എന്നുറക്കെ പറഞ്ഞു കൊണ്ട് ജോസഫ് പുറത്തേക്ക് രക്ഷപ്പെടുന്നു.
.............................................
Read more : അജയ് പി മങ്ങാട്ട് എഴുതുന്നു, സ്ഥിരമായി യാത്ര പോകാറുള്ള പുസ്തകങ്ങള്‍, എഴുത്തുകാര്‍
..............................................
ജോസഫിന്റെ ടെക്കിയായ മകന്‍ ബെഞ്ചമിന്‍ വിദേശത്ത് വലിയ ഒരു ഗവേഷണ സ്ഥാപനത്തിന്റെ ഭാഗമാണ്. ഏകാകികളായ വൃദ്ധര്‍ക്ക് കൂട്ടാളിയായി ഒരു റോബോ ( robot) ഡാഷ്ഹണ്ടിനെ അവര്‍ വികസിപ്പിച്ചെടുക്കുന്നു. ഒറ്റയ്ക്കാവുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളെ ഏറ്റുചൊല്ലുന്നവള്‍, നിങ്ങള്‍ക്ക് കഥകള്‍ പറഞ്ഞു തരുന്നവള്‍, നിങ്ങള്‍ക്കൊപ്പം ചെസും ഡോമിനോവും കളിക്കുന്നവള്‍, വേദ പുസ്തകങ്ങളില്‍ നിന്നും നിങ്ങള്‍ പിന്നെയും പിന്നെയും വായിക്കാനാഗ്രഹിക്കുന്ന വാചകങ്ങളെ നിങ്ങള്‍ക്കു വേണ്ടി ഓര്‍ത്തു ചൊല്ലുവാനും നിങ്ങളുടെ ഇഷ്ട ടീമിന്റെ റഗ്ബി മത്സരത്തിന്റെ തത്സമയ വിവരണം നല്‍കുവാനും ഇഷ്ടഗായികയുടെ ശബ്ദത്തില്‍ പാടുവാനും കെല്‍പുള്ളവള്‍. നിങ്ങളുടെ ചക്രക്കസേരയ്ക്കരികില്‍ വായിനറ്റത്ത് ഒരു ചാര്‍ജിംഗ് പ്ലഗ്ഗുമായി ഒരുങ്ങിയിരിക്കുന്ന ഒരു റോബോ ഡാഷ്ഹണ്ട്. നഗരങ്ങളില്‍ അതിന് വലിയ സ്വീകാര്യത ലഭിക്കുന്നു.
ഇതൊരു മലയാള നോവല്‍ അല്ല, മലയാളത്തില്‍ എഴുതപ്പെട്ടിരിക്കുന്നുവെങ്കിലും. വാര്‍ദ്ധക്യമോ മരണമോ ഒന്നും പുതിയതല്ല. പക്ഷെ ഈ നോവല്‍ നിര്‍മ്മിത ബുദ്ധിയുടേയും കല്‍പിത യാഥാര്‍ത്ഥ്യത്തിന്റേയും സാങ്കേതിക സര്‍വ്വാധിപത്യത്തിന്റേതുമായ (techno totalitarianism) കാലത്തെ വാര്‍ദ്ധക്യത്തേയും മരണത്തേയും കുറിച്ചാണ് പറയുന്നത്. സാമൂഹികത മരിച്ച ലോകത്ത്, മൂലധന സാങ്കേതികതയാല്‍ പരിചരിക്കപ്പെടുന്ന ഏകാന്തതകളേയും വിയോഗങ്ങളെയും കുറിച്ച്.
സി. സത്യരാജന്‍
എപ്‌സിലോണ്‍ ദ്വീപും അവസാനത്തെ ഉദ്യാനവും ആ സാങ്കേതിക സര്‍വ്വാധിപത്യത്തിന്റെ കെട്ടുകാഴ്ചകളുടെ അരങ്ങെന്ന് ഉള്‍ക്കിടിലത്തോടെ അറിയുന്നു. ദസ്തയേവ്‌സ്‌ക്കിയുടെ കാരമസോവ് സഹോദരന്മാരിലെ ഏറ്റവും വൈകാരികമായ മുഹൂര്‍ത്തം, നിന്ദിതനും പീഢിതനുമായ ദരിദ്രബാലന്‍ ഇല്യൂഷയുടെ ശവമടക്ക് സമയത്ത് അലോഷി നടത്തുന്ന പ്രസംഗം ഇവിടെ വിനോദ സഞ്ചാരികളായ സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ അരങ്ങേറുന്ന ഒരു നാടകം. സംഗീതകാരന്റെ ചര്‍മ്മമുപയോഗിച്ച് നിര്‍മ്മിച്ച വാദ്യോപകരണം നാസി തടവുകാരുടെ ചര്‍മ്മം കൊണ്ടു നിര്‍മ്മിച്ച വിളക്കു മറകളെ (lamp shades) ഓര്‍മ്മിപ്പിക്കുന്നു. ( My skin, bright as a Nazi lamp shade- Sylvia Plath).
ജര്‍മ്മന്‍ അധിനിവേശ പോളണ്ടിലെ കുപ്രസിദ്ധമായ പ്ലാസോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന കവാടവും കമ്പിവേലിയും. ഈ കമ്പിവേലി തൊടുമ്പോള്‍ ഇക്കിളി തോന്നുന്ന രീതിയിലാണ് വൈദ്യുതി പ്രവാഹം ക്രമീകരിച്ചരിക്കുന്നത്. ഒരിക്കല്‍ മരണമായിരുന്നത് ഇക്കിളിയായി പരാവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ചരിത്രത്തില്‍ ഒരിക്കല്‍ കുടിച്ച കയ്പുകള്‍, വിഷങ്ങള്‍ വീണ്ടും ഇക്കിളികളായി വിളമ്പുന്നു, മരണ മുതലാളിത്തത്തിന്റെ ഈ ഉദ്യാനങ്ങള്‍.
................................................
Read more: ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും, സംവിധായകന്‍ വേണുവിന്റെ വായനാനുഭവം
................................................
ചരിത്രത്തിന്റെ ക്രൂരതകളെ സൗമ്യമായ സൗന്ദര്യാനുഭവങ്ങളാക്കി നമുക്ക് വിപണനം ചെയ്യുന്ന, അതിന്റെ നിഷ്‌ക്കളങ്കരായ ഉപഭോക്താക്കളായി ഇരകള്‍ പോലും മാറിക്കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ജീവിതത്തില്‍ മാത്രമല്ല മരണത്തില്‍ പോലും നിസ്വരായി പോകുന്ന ഒരു കാലത്തെ ഈ നോവല്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നു.
എപ്‌സിലോണ്‍ ദ്വീപില്‍ നിന്ന് മടങ്ങുന്ന ജോസഫ്, മറ്റൊരു വൃദ്ധ ഏകാകിനിയായ സൂസന്നയെ പരസ്പരം അഭയമാകാന്‍ വിളിക്കുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്. മനുഷ്യ പാരസ്പര്യത്തെ കുറിച്ചുള്ള വിശ്വാസങ്ങള്‍ ഇനിയും ബാക്കിയുണ്ട് എന്നോര്‍മ്മിപ്പിച്ചു കൊണ്ട്. പൂര്‍ണ്ണമായ dystopia യില്‍ നിന്ന് അങ്ങനെ ഒരു മോചനം.
വൃദ്ധജനങ്ങള്‍ പെന്‍ഷന്‍ അവകാശങ്ങള്‍ക്കായി നടത്തുന്ന ഒരു പ്രകടനത്തിലേക്ക് , രക്ഷാകര്‍ത്താക്കളുടെ സെല്‍ഫോണ്‍ അടിമത്തത്തിനെതിരെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂടി ചേരുന്ന ഒരു ജാഥ ഈ നോവലിന് കുറുകെ കടന്നു പോകുന്നുമുണ്ട്, ഒരു പക്ഷെ നാളെയിലേക്ക്.