പുസ്തകപ്പുഴയില്‍ ഇന്ന് ഇ. സന്തോഷ്‌കുമാറിന്റെ 'കുന്നുകള്‍ നക്ഷത്രങ്ങള്‍' എന്ന ലഘുനോവലിന്റെ വായന. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു
കുസൃതിക്കാരനായ കുട്ടിയുടെ ഒരു ചാപല്യം ആശുപത്രിയിലേക്ക് ഭാര്യയെ കാറോടിച്ചു കൊണ്ടുപോകുന്ന വൃദ്ധനായ മുന്‍പട്ടാളക്കാരനെ പ്രതിസന്ധിയിലാക്കുന്നതാണ് ഒറ്റവാക്യത്തില്‍ ഈ കൃതിയുടെ പ്രമേയപരിസരം. ആ ചുറ്റുവട്ടത്തിലേക്ക്, ജീവിതസമസ്യകളെ തത്വചിന്താപരമായി ചേര്‍ത്തുവെയ്ക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്.
undefined
വേനലിലാണ് മഴക്കാലത്തിനോര്‍മ
പെയ്യുമ്പോഴല്ല
തീന്‍പണ്ടത്തിന്റെ ഓര്‍മ
വിശക്കുമ്പോള്‍
നിറവ്/ആറ്റൂര്‍ രവിവര്‍മ്മ
കാഴ്ചകളുടെ പുതുലോകത്ത് എത്തിപ്പെടാനുള്ള വ്യഗ്രത കുട്ടികളില്‍ പതിവാണ്. അവര്‍ രൂപപ്പെടുത്തുന്ന ലോകത്തെ സംഭവങ്ങള്‍ മായികമാണ്. ആലീസ് എത്തിപ്പെട്ട അത്ഭുതലോകത്തിലെന്ന പോലെ അവര്‍ അനേകം വിചിത്ര ജീവികളെയും അനുഭവങ്ങളെയും അഭിമുഖീകരിക്കുന്നു. വേട്ടക്കാരനും പക്ഷികളും രത്‌നങ്ങളും നിധിപേടകങ്ങളും ഒക്കെയായി ആ ലോകം വലുതാവുകയത്രെ. അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങള്‍ പിന്നെയുള്ള ജീവിതത്തെ വഴിതെളിയിക്കുന്ന ഘട്ടങ്ങള്‍ അപൂര്‍വമായിട്ടെങ്കിലും സംഭവിക്കാറുണ്ട്. മുന്‍വിധികളില്ലാതെ അവയെ സ്വീകരിക്കുന്നതില്‍ പലപ്പോഴും നാം സന്ദേഹപ്പെടുന്നു. ഇപ്പറഞ്ഞ പരിമിതിയില്ലാതെ ലോകത്തെ സമീപിക്കുന്ന വിഭാഗമായ കുട്ടികളെ ജ്ഞാനികളായി പരിഗണിക്കണം. നേര്‍വരയിലൂടെ സഞ്ചരിച്ചു തീര്‍ക്കാവുന്നതല്ല ജീവിതദൂരം എന്നിരിക്കെ യാത്രക്കാരുടെ ഇടയിലുള്ള ബന്ധത്തിനും ആഴത്തിനും പ്രസക്തിയുണ്ട്. ഇതുപോലെ ഉരുത്തിരിയുന്ന സമ്പര്‍ക്കത്തിന്റെ വിചാരങ്ങളിലാണ് മനുഷ്യരുടെ അടിസ്ഥാന യാഥാര്‍ഥ്യം നിലകൊള്ളുന്നത്. ചുരുക്കത്തില്‍ എന്താണ് ജീവിതമെന്ന ഉത്തരം കണ്ടെത്താനാവാത്ത ചോദ്യത്തിന്റെ സാധ്യതകളെ തേടുക എന്നതുകൂടിയാണ് എഴുത്തുകാര്‍ ചെയ്യുന്ന കര്‍മം എന്ന് പറയേണ്ടി വരുന്നു
അടുപ്പത്തിന്റെ ഈര്‍പ്പവും മുറുക്കവും വ്യക്തികള്‍ക്ക് പരസ്പരാശ്രിതത്വത്തിന്റെ ഈടുറപ്പ് കൊടുക്കാറുണ്ട്. എന്നാല്‍ അപ്പോഴും അവര്‍ ഒരേ ഭൂപടത്തില്‍ വസിക്കുന്നവരാവണം എന്നില്ല. അതിരുകളും വിവേചനങ്ങളും ഇടകലര്‍ന്ന വ്യത്യസ്ത ഭൂമികകളിലെ ഒറ്റപ്പെട്ടവരായി തന്നെ അവര്‍ ജീവിച്ചേക്കാം. സ്ത്രീയും പുരുഷനും ഏകാന്തമായ ഒരു തുരുത്തില്‍ ജീവിതത്തെ മുന്നോട്ടുനീക്കുമ്പോഴുണ്ടാവുന്ന സങ്കീര്‍ണതകള്‍ എന്തൊക്കെയാവും? സ്ത്രീ-പുരുഷന്‍/ ഭാര്യ-ഭര്‍ത്താവ് എന്നിവര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ അപരിഹാര്യമാവുന്നതിന്റെ രേഖാചിത്രങ്ങള്‍ അനേകം കുടുംബങ്ങള്‍ വരയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു 'വാര്‍പ്പു'മാതൃകയെയാണ് ഇ. സന്തോഷ്‌കുമാറിന്റെ 'കുന്നുകള്‍ നക്ഷത്രങ്ങള്‍' എന്ന ലഘുനോവലില്‍ കാണുന്നത്. എന്നാല്‍ ഇത്തരം പരിചിതമായ ചുറ്റുപാടില്‍ നിന്ന് അപരിചിതമായ ചില ഉള്‍മടക്കുകള്‍ കണ്ടെത്താനാവുന്നു. കുസൃതിക്കാരനായ കുട്ടിയുടെ ഒരു ചാപല്യം ആശുപത്രിയിലേക്ക് ഭാര്യയെ കാറോടിച്ചു കൊണ്ടുപോകുന്ന വൃദ്ധനായ മുന്‍പട്ടാളക്കാരനെ പ്രതിസന്ധിയിലാക്കുന്നതാണ് ഒറ്റവാക്യത്തില്‍ ഈ കൃതിയുടെ പ്രമേയപരിസരം. ആ ചുറ്റുവട്ടത്തിലേക്ക്, ജീവിതസമസ്യകളെ തത്വചിന്താപരമായി ചേര്‍ത്തുവെയ്ക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്.
കാഴ്ചകളുടെ പുതിയ ലോകത്തെ അന്വേഷണവ്യഗ്രതയോടെ കണ്ടുപിടിക്കുക എന്നത് കുട്ടികളില്‍ അന്തര്‍ലീനമായ പൊതുഭാവമാണ്. പതിയിരിക്കുന്ന അപകടങ്ങളെ പറ്റി അജ്ഞരായിരിക്കുന്ന അവര്‍ക്ക് വീണ്ടുവിചാരമില്ലാതെ സൃഷ്ടിയുടെയും സംഹാരത്തിന്റെയും മൂലരൂപങ്ങളെ (prototype) നിര്‍മ്മിക്കാനാവും. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കാത്തതിനാല്‍ ക്രിയാത്മകതയുടെ അഗാധതയോ നാശത്തിന്റെ ഗര്‍ത്തങ്ങളോ അവര്‍ തിരിച്ചറിയുന്നില്ലെന്നു മാത്രം. അധികാരവും ആസക്തിയും രാഷ്ട്രീയവും സ്വാര്‍ത്ഥതയും കൃത്യമായ തലത്തിലും അല്ലാതെയും മെനഞ്ഞെടുക്കുന്ന മനുഷ്യരുടെ നിലപാടുകള്‍ എപ്പോഴും നിഷ്‌കളങ്കമാവണമെന്നില്ല. എന്നാല്‍ ഇത്തരം നിലപാടുകളിലൂടെ യാത്ര ചെയ്യാത്ത കുട്ടിയിലൂടെ (കുട്ടികളിലൂടെ) അവര്‍ക്ക് സുതാര്യവും നിര്‍മലവുമായ ഒരു സ്വകാര്യസ്ഥലത്തേക്ക് സഞ്ചരിക്കാനാവും. കാലുഷ്യമൊട്ടും ഏശാത്ത കുട്ടിയുടെ നന്മയിലൂടെ, സങ്കീര്‍ണതകളുടെ അനേകം താളുകളെ വ്യവച്ഛേദിക്കുകയാണ് ഇവിടെ ചെയ്യുന്നത്. നിറപ്പകര്‍ച്ചകളും വേഷപ്പകിട്ടുകളും ഇല്ലാത്ത പതിവുഭൂമികയെ അശാന്തമായ ഭാഷാഭേദത്തിലേക്ക് രൂപാന്തരപ്പെടുത്തിയാണ് ആഖ്യാനത്തെ ഇ സന്തോഷ്‌കുമാര്‍ പരിചരിക്കുന്നത്.
കളങ്കമേല്‍ക്കാത്ത കണ്ണോടുകൂടി ലോകത്തെ കാണാന്‍ ശ്രമിക്കുന്ന കുട്ടികള്‍, തങ്ങളുടെ കുസൃതികള്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്ന് ആകുലപ്പെടുന്നില്ല. അവരുടെ ഉള്‍ക്കാഴ്ചയില്‍ സ്വാര്‍ത്ഥതയോ സങ്കുചിതവിചാരങ്ങളോ നിഴലിക്കുന്നുമില്ല. മലയില്‍ നിന്ന് വരുന്ന മെലിഞ്ഞ റോഡില്‍, കുപ്പിച്ചില്ല് വെച്ച് വാഹങ്ങളെ അപകടത്തില്‍ പെടുത്താനുള്ള കുട്ടിയുടെ യത്‌നം കേവലകൗതുകത്തിന്റെയാണ്. അതിന്റെ ദൂരവ്യാപകമായ ഫലങ്ങളെ പറ്റി അവന്‍ ഓര്‍ക്കുന്നുപോലുമില്ല. ഒരു കാര്‍ കുപ്പിച്ചില്ലില്‍ വലിയൊരു ശബ്ദത്തോടെ കേറുന്നത് കുപ്പിച്ചില്ല് വെച്ച കുട്ടിക്കും കൂട്ടുകാര്‍ക്കും ഗൂഢമായ ആനന്ദം നല്‍കി. അധികം വൈകാതെ കുട്ടിക്ക് അത് ആശങ്കയും ഉത്കണ്ഠയുമായി. തീരെ വയ്യാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് കുപ്പിച്ചില്ലില്‍ കയറി വൃദ്ധന്റെ കാറിന്റെ ടയര്‍ കേടായത്. താങ്ങാനാവാത്ത ആന്തലായി അത് കുട്ടിയെ ബാധിക്കുകയാണ്. ചെയ്തത് തെറ്റായിപ്പോയി എന്ന തിരിച്ചറിവ് അവനെ പ്രയാസപ്പെടുത്തുകയും അച്ഛനോട് ഏറ്റുപറയുകയും ചെയ്യുകയാണ്. അച്ഛനു മകന്റെ മാനസികാവസ്ഥയോട് താദാത്മ്യം പ്രാപിക്കാനും തന്റെ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാനും കഴിയുന്നു. തെറ്റ് ഏറ്റുപറയുകയും , വൃദ്ധനെയും സുഖമില്ലാത്ത ഭാര്യയെയും ആശുപത്രിയില്‍ പോയി കാണുകയും വേണമെന്ന് വാശിപിടിക്കുന്നതിലൂടെ മാപ്പിരക്കലിന്റെയും നൈതികതയുടെയും ദാര്‍ശനിക അടരുകള്‍ പ്രസ്തുതരംഗത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ്. പരിചിതവും യാതൊരുവിധത്തിലുള്ള അലങ്കാരങ്ങളുടെ ആലഭാരവുമില്ലാത്ത മാനുഷികസന്ദര്‍ഭത്തിലേക്ക് കഥയെ എത്തിക്കുന്ന രചനാരീതി ഇവിടെ പ്രകടമാണ്. 'മരംമുറിക്കാരനായ തന്റെ അച്ഛനെ പേടിയോടെ കാത്തുനിന്നിരുന്ന മറ്റൊരുകുട്ടിയുടെ ചിത്രം അയാളുടെ മനസ്സില്‍വന്നു. ഓര്‍മകളില്‍, ഇലകളെല്ലാം പൊഴിഞ്ഞുപോയ പ്രേതരൂപികളായ മരങ്ങള്‍ക്കുമേല്‍ മഞ്ഞുപെയ്തു' എന്ന അച്ഛന്റെ സ്മൃതിപഥം ഓര്‍മയെ ഓര്‍ത്തെടുക്കുന്നതിന്റെ സവിശേഷമായ ദൃശ്യമാണ്.
ഇ സന്തോഷ് കുമാര്‍
ബാഹ്യതലത്തിലെ ശാന്തമായ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടാവും. 'നിഷ്‌കളങ്കരായ' കുട്ടികളുടെ വീണ്ടുവിചാരമില്ലാത്ത ചില പെരുമാറ്റങ്ങള്‍ സങ്കീര്‍ണമായ സന്ദര്‍ഭങ്ങള്‍ രൂപപ്പെടുത്തുന്നു. 'കുന്നുകള്‍ നക്ഷത്രങ്ങള്‍' സ്പര്‍ശിക്കുന്ന ദാര്‍ശനികതലത്തിന്റെ മാനങ്ങള്‍ ക്ഷമ (Forgiveness) എന്ന വികാരവുമായി ബന്ധപ്പെട്ട് ഏറെ പ്രസക്തമാണ്. വൃദ്ധനായ മുന്‍പട്ടാളക്കാരന്‍ റോഡില്‍ കുപ്പിച്ചില്ല് വെച്ച് കാറിന്റെ ചക്രം നശിപ്പിച്ച കുട്ടിയോടും, അതേ പോലെ തന്നെ നിരന്തരം ഉപദ്രവിക്കുന്ന ശയ്യാവലംബിയായ ഭാര്യയോടും ക്ഷമാപൂര്‍വം പെരുമാറുന്നുണ്ട്.
കുട്ടി ചെയ്ത കുറ്റം അയാള്‍ അറിയുന്നില്ല. സ്വാഭാവികമായും അതുകൊണ്ടുതന്നെ അയാള്‍ക്ക് അവനോട് വാത്സല്യം കലര്‍ന്ന മനോഭാവമാണുള്ളത്. എന്നാല്‍ അയാളെ നിരന്തരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭാര്യയോടും ദയയോട് കൂടെയാണ് അയാള്‍ ഇടപെടുന്നത്. സ്വാഭാവികമായ പെരുമാറ്റമല്ലെന്നും അസുഖത്തിന്റെ തീവ്രതയാണ് ഭാര്യയെ അസ്വസ്ഥയാക്കുന്നത് എന്നും അയാള്‍ക്ക് നന്നായി അറിയാം . ഭാര്യയ്ക്ക് അയാള്‍ കൊടുക്കുന്ന മാപ്പ് കുട്ടിക്ക് നല്കിയതുപോലെ നിര്‍ദോഷമായി കാണാനാവില്ല. ഭാര്യയുടെ സ്ഥിതി മനസിലാക്കി അയാള്‍ ഒപ്പുവെയ്ക്കുന്ന ഉടമ്പടി പോലെയാണത്.
Forgiveness എന്ന ആശയം മുന്‍നിര്‍ത്തി ഴാക് ദെറിദ മുന്നോട്ടുവെച്ച ചിന്തയെ (On Forgiveness) ഈ ഘട്ടത്തില്‍ പരാമര്‍ശിക്കാവുന്നതാണ്. തെറ്റുകുറ്റങ്ങള്‍ക്ക് ക്ഷന്തവ്യമായ പാപം, അക്ഷന്തവ്യമായ പാപം എന്നിങ്ങനെയുള്ള വര്‍ഗീകരണം ക്രിസ്ത്യന്‍ പള്ളിയും പുരോഹിതസമൂഹവും പ്രചാരത്തില്‍ വരുത്തിയിരുന്നു. ഇങ്ങനത്തെ കള്ളികളില്‍ ചേര്‍ക്കപ്പെട്ടുകൊണ്ട് ലോകക്രമത്തെ പുനര്‍വിചിന്തനം ചെയ്യാനാവുമോ എന്നത് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്. ഈ ആഖ്യാനത്തില്‍, 'രക്തം പൊടിയുന്നത്‌പോലെ അവരുടെ വാക്കുകള്‍ അയാളില്‍ പോറലേല്‍പിച്ചു'വെങ്കിലും ജീവിതക്രമത്തെ സാധാരണമാക്കാന്‍ സമവായത്തിന്റെ പാത സ്വീകരിക്കുന്ന വൃദ്ധനായ ഭര്‍ത്താവിന്റെ പ്രവൃത്തി സത്യസന്ധമല്ല എന്ന് പറയേണ്ടി വരും. ഇപ്രകാരമുള്ള ക്രമീകരണം നിര്‍ബന്ധിതമായി പാലിക്കേണ്ടിവരുന്നതോടെ ക്ഷമ എന്നതിന്റെ മാനങ്ങള്‍ ചുരുങ്ങുന്നു. അത് അശുദ്ധവും കലര്‍പ്പുള്ളതുമായി മാറുകയാണ്. ദെറിദ ആലോചനാവിഷയമായി അവതരിപ്പിച്ച ഈ 'സിദ്ധാന്ത'ത്തിന്റെ പ്രത്യക്ഷരൂപമാണ് 'കുന്നുകള്‍ നക്ഷത്രങ്ങളി'ലെ കഥാപാത്രമായ മുന്‍പട്ടാളക്കാരന്‍. സന്ദര്‍ഭങ്ങളെ തണുപ്പിക്കാന്‍ ആശ്രയിക്കുന്ന രക്ഷാകവചമായി 'ക്ഷമ നല്‍കലി'നെ കാണരുത് എന്ന തത്വമാണ് ഇവിടെ അനുശാസിക്കേണ്ടിയിരുന്നത്. എന്നാല്‍ കഥാഗാത്രത്തില്‍ അത്തരത്തിലുള്ള സംഭവ്യതയ്ക്ക് ഒട്ടും പ്രാധാന്യം കല്‍പ്പിക്കുന്നില്ല. മാത്രമല്ല, ക്ഷമയുടെയും സഹനത്തിന്റെയും ഉദാത്തബിംബമായി അയാള്‍ സ്വയം പരിണമിക്കുന്നു.
മേല്‍സൂചിപ്പിച്ച 'ക്ഷമ കൊടുക്കലു'കളുടെ പരിണതഫലങ്ങള്‍ ഒരേ വിധത്തിലല്ല. കുട്ടിയുടെ കാര്യത്തിലാകട്ടെ, പ്രസ്തുത ചെയ്തി അവന്റെ വരുംകാലജീവിതത്തെ അടിമുടി മാറ്റാന്‍ സാധ്യതയുള്ള തരത്തിലുള്ള 'പരിണാമം' അവനില്‍ നടത്തുന്നു. പക്ഷെ, യാതൊരു വിചാരണയുമില്ലാതെ ജീവിതകാലം മുഴുവന്‍ അയാളെ ശിക്ഷിച്ചിരുന്ന ഭാര്യക്ക് മുന്നില്‍ അടിമജീവിതം നയിക്കേണ്ടി വന്നതിനെ, ഈ ക്ഷമകൊടുക്കല്‍ കൊണ്ട് കൃത്യമായി ന്യായീകരിക്കാനാവുമോ എന്ന് സംശയമാണ്. എന്നാല്‍ മുറാകാമിയുടെ ഒരു കഥാപാത്രം പറയുന്നതുപോലെ, 'രണ്ടു വഞ്ചികള്‍ കെട്ടിയിട്ടതുപോലെ'യാണ് അവരിരുവരും. കെട്ട് മുറിച്ചുകളയാന്‍ മൂര്‍ച്ചയുള്ള കത്തി ലഭ്യമല്ലാതാനും. സാമൂഹികത്വം അവസാനിപ്പിച്ചുകൊണ്ട് കടുത്ത ഏകാന്തതയുള്ള മലയുടെ സമീപത്തേക്ക് പാര്‍പ്പിടം അവര്‍ക്ക് മാറ്റേണ്ടിവരുന്നു. ഭാര്യയുടെ അസ്വസ്ഥാജനകമായ സ്ഥിതിവിശേഷത്തെ തുടര്‍ന്ന് സ്വസ്ഥത കെട്ട മുന്‍പട്ടാളക്കാരന്‍ എന്നിട്ടും ക്ഷമ കൈവെടിയുന്നില്ല. നഗരത്തിന്റെ തിരക്കുകളുടെ നടുവിലും ഏകാന്തതുരുത്തുകളായി അവര്‍ കല്ലിച്ചിരുന്നു. അരനൂറ്റാണ്ടോളം, രണ്ടു നിശ്ശബ്ദയിടങ്ങളായി സ്വയം ഒതുങ്ങിക്കൂടിയ ദമ്പതിമാരുടെ ജീവിതമാണ് കഥയില്‍ ധ്വനിപ്പിക്കുന്നത്. ഭാര്യയില്‍ നിന്നുള്ള പരസ്യമായ അപമാനവും ശകാരങ്ങളും പതിവുചിട്ട പോലെ നേരിടേണ്ടി വരുന്നത് കൊണ്ടുകൂടിയാണ് വീട് ഉപേക്ഷിച്ചു ദൂരെയുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കുടിയേറിയതെന്ന വസ്തുതയും കാണാതിരുന്നുകൂടാ. പട്ടാളത്തില്‍ നിന്ന് വിരമിച്ചതിനുശേഷം സാമൂഹികമനുഷ്യന്‍ എന്ന നിലയ്ക്ക് പൂര്‍ണപരാജയമായി മാറുകയായിരുന്നു അയാള്‍. ആര്‍ത്തട്ടഹസിക്കുമ്പോഴും പരാധീനപ്പെടുന്ന ഭാര്യയും അവരോട് സഹതാപപൂര്‍വം ക്ഷമിക്കുന്ന വൃദ്ധനും വ്യാജപാരസ്പര്യത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്.
വ്യവസ്ഥാപിതമായ ഒരു വൃത്തത്തില്‍ ജീവിതം ഭ്രമണം ചെയ്തുകൊണ്ടിരിക്കുമ്പോഴും സ്ത്രീയും പുരുഷനും തമ്മിലുള്ള വിനിമയങ്ങള്‍ക്ക് അനവധി പടലങ്ങളുണ്ട്. സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും വ്യവഹാരങ്ങള്‍ സൂക്ഷ്മതലത്തില്‍ ഭേദപ്പെട്ടുകിടക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിക്കേണ്ട കാര്യമില്ല. വെവ്വേറെ തരത്തില്‍ ചലിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന അവരുടെ ലോകം സങ്കീര്‍ണമാണ്. ഏറ്റവും അടുപ്പമുള്ള സ്ത്രീ-പുരുഷന്മാരുടെ അനുഭവങ്ങള്‍ക്ക് സാമ്യവും ആലോചനകള്‍ക്ക് ഒരേ തരംഗദൈര്‍ഘ്യവും ഉണ്ടാകണമെന്നും ശഠിക്കാന്‍ പറ്റില്ല. ഇത് സ്ഥാപിക്കുന്നതിനായി നമ്മുടെയൊക്കെ പരിസരങ്ങളെ ഒട്ടൊക്കെ ശ്രദ്ധാപൂര്‍വം നോക്കിയാല്‍ മാത്രം മതി. പുറത്തുനിന്നു കാണുന്ന ലളിതമായ വ്യവഹാരങ്ങള്‍ അകമേ ഗഹനമായ വിഷയങ്ങളായിത്തീരാറുണ്ട്. അടിപ്പടവുകളിലെ ഉല്‍ക്കടമായ സൂക്ഷ്മവ്യവഹാരങ്ങള്‍ ദര്‍ശിക്കാന്‍ നേരായ തരത്തില്‍ മിഴിയുറപ്പിച്ചാലെ മനുഷ്യരെക്കുറിച്ച് വ്യക്തത കിട്ടൂ. അപരജീവിതവും സന്നിഗ്ധതകളും ബോധ്യപ്പെടാന്‍ അകക്കണ്ണ് തുറന്നുതന്നെ വെക്കണം. മൂന്നു യുദ്ധങ്ങളില്‍ പങ്കുകൊണ്ടതിന്റെ അനുഭവങ്ങള്‍ വൃദ്ധനെ ജ്ഞാനിയാക്കിയിട്ടുണ്ടാവണം. ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ചുള്ള ബോധ്യങ്ങള്‍ അയാളില്‍ ഉറച്ചു. ക്ഷമാപണവും ന്യായീകരണവും നീതിശാസ്ത്രപരമായ ഘടകങ്ങളില്‍ പെടുത്തി, മറ്റുള്ളവര്‍ക്ക് മാപ്പ് നല്‍കാന്‍ അയാളെ പ്രാപ്തനാക്കുന്നു. തെളിഞ്ഞ ആകാശത്തിലേക്ക് കണ്ണുചിമ്മാതെ നോക്കിക്കൊണ്ട് ഒരാല്‍വൃക്ഷത്തിന് സമമായി അയാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.
സമകാലികമായ അവസ്ഥയില്‍, അണുകുടുംബം പെരുമാറുന്നതിന്റെ ചട്ടങ്ങളും സംഹിതകളും സാമൂഹികശാസ്ത്രജ്ഞന്മാരും എഴുത്തുകാരും ഘടനാപരമായ സവിശേഷതകളോട് കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഈ കൃതിയിലെ വൃദ്ധനായ മുന്‍ പട്ടാളക്കാരനും ഭാര്യയും തമ്മിലുള്ള വ്യവഹാരങ്ങള്‍ രോഗവും മറ്റുംകൊണ്ട് ശിഥിലമാവുകയാണ്. ഒരേദിശയില്‍ യാത്ര ചെയ്യുന്ന, ഏകകേന്ദ്രീകൃതമായ ജീവിതശൈലി അവര്‍ക്ക് ഇല്ലാതാവുകയാണ്. സാമ്യങ്ങളെക്കാള്‍ വിപരീതങ്ങളെ പിളര്‍ന്നുസഞ്ചരിക്കുന്ന വഞ്ചികളിലെ യാത്രക്കാരാണ് അവര്‍. ഇഴയടുപ്പം ഇല്ലെങ്കിലും കെട്ടുപൊട്ടിക്കാന്‍ സാധിക്കാത്ത തരത്തില്‍ അദൃശ്യബന്ധനങ്ങളാല്‍ വലയം ചെയ്യപ്പെട്ട ഈ മനുഷ്യര്‍ അപൂര്‍വമായ സാന്നിധ്യങ്ങള്‍ അല്ലായെന്ന അടയാളപ്പെടുത്തലിനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. വിവിധ ചട്ടക്കൂടുകളിലും സാമൂഹികമാതൃകകളിലും നിര്‍വചിക്കപ്പെട്ട കുടുംബമെന്ന പ്രസ്ഥാനത്തെ സാമ്പ്രദായികമല്ലാത്തവിധം കാണാനുള്ള ശ്രമം 'കുന്നുകള്‍ നക്ഷത്രങ്ങളി'ല്‍ ഉണ്ട്. അതേ സമയം കുറ്റബോധം നീറ്റുന്ന ഗൃഹനാഥന്‍ ഭാര്യ മരിച്ചെന്നു ഉറപ്പായിട്ടും മലയിറങ്ങി ആശുപത്രിയിലേക്ക് അവരെ എത്തിക്കാന്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കുറ്റബോധം അലട്ടിയത്‌കൊണ്ടാണ് കുട്ടി അച്ഛനെയും കൂട്ടി വൃദ്ധന്റെ വീട്ടിലെത്തിയതു എന്നുമുറപ്പിക്കാം.
സമസ്യകളെ ചിന്താപദ്ധതികളായി ആവിഷ്‌കരിക്കാതെ പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം നടത്തണം എന്നതാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്നത്. കഥാപാത്രങ്ങളിലും കഥാഗതിയിലും പ്രതിഫലിക്കുന്ന വികാരവിചാരങ്ങള്‍ നാം കാണുന്നതും കേള്‍ക്കുന്നതും തന്നെയാണ്. സാര്‍വലൗകികതയുടെ ബിംബങ്ങളായി അവ തലയുയര്‍ത്തി നില്‍ക്കുന്ന ആഖ്യാനമാണ് 'കുന്നുകള്‍ നക്ഷത്രങ്ങള്‍'. പിരിമുറുക്കം സൃഷ്ടിക്കുന്ന വേവുകളെ കുട്ടിയുടെ മനസ്സിലൂടെ ആലോചിക്കുന്ന കഥാകൃത്തിന്റെ സര്‍ഗ്ഗവ്യവഹാരവും ഇവിടെ എടുത്തു പറയണം. അനേകം പാളികളില്‍ ചുവടുറപ്പിച്ച ജീവിതത്തിന്റെ അംശങ്ങളെ ക്രമീകരിക്കുന്ന പ്രവൃത്തി സര്‍ഗാത്മകരായ എഴുത്തുകാര്‍ ഏറ്റെടുത്തേക്കും എന്നത് തീര്‍ച്ചപ്പെടുത്തുന്ന കൃതികളില്‍ ഒന്നാണ് 'കുന്നുകള്‍ നക്ഷത്രങ്ങള്‍'
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona