കാല്‍നൂറ്റാണ്ടു മുമ്പ് പുറത്തിറങ്ങിയ വിശുദ്ധ സ്മിത എന്ന പുസ്തകം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തു കൊണ്ടാണ്. കെ. പി റഷീദ് എഴുതുന്നു.
1998 ജനുവരിയില്‍ പയ്യന്നൂരില്‍നിന്നും ഒരു കവിതാ സമാഹാരം പുറത്തിറങ്ങി. സ്മിതയെക്കുറിച്ചുള്ള ഒമ്പതു കവിതകളും അതിന്റെ പഠനവുമടങ്ങിയ 'വിശുദ്ധ സ്മിതയ്ക്ക്' എന്ന പുസ്തകം. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെയും നിലപാടിന്റെയും പേരിലാണ് അന്നത് ശ്രദ്ധിക്കപ്പെട്ടത്. കേവലം ആയിരം കോപ്പികള്‍ മാത്രമിറങ്ങിയ 16 രൂപ വിലയിട്ട ആ പുസ്തകത്തിന് അടുത്ത വര്‍ഷം 25 വയസ്സ് തികയും. വര്‍ഷാവര്‍ഷമെത്തുന്ന സെപ്റ്റംബര്‍ 23-കള്‍ സില്‍ക്ക് സ്മിതയെ വീണ്ടും ഓര്‍മ്മിപ്പിക്കുമ്പോള്‍, അതിലൊരു പങ്ക് ഈ പുസ്തകത്തിനും കിട്ടുന്നുണ്ട്.
Also Read : വിശുദ്ധ സ്മിതയ്ക്ക്, യു. രാജീവ് എഴുതിയ കവിത
..........................
തൊണ്ണൂറുകളിലെ തെന്നിന്ത്യന്‍ സിനിമാക്കൊട്ടകകളില്‍ ആണ്‍നോട്ടങ്ങളുടെ ദിശ നിര്‍ണയിച്ച നടി സില്‍ക്ക് സ്മിത ജീവിതത്തിന് പൂര്‍ണ്ണവിരാമമിട്ടത് 1996 സെപ്റ്റംബര്‍ 23-നാണ്. സിനിമയിലും വ്യക്തിജീവിതത്തിലുമുണ്ടായ അനിശ്ചിതത്വങ്ങള്‍, തിരിച്ചടികള്‍ സൃഷ്ടിച്ച വിഷാദം, അന്നേ ദിവസം കുടിച്ചുവറ്റിച്ച മദ്യം എന്നിവ ചേര്‍ന്നൊരുക്കിയ നിശ്ശൂന്യതയിലേക്ക്, അവര്‍ ഒരു ചാണ്‍ കയറിന്റെ സാദ്ധ്യത കെട്ടിത്തൂക്കുകയായിരുന്നു.
അപ്രതീക്ഷിതമായ ആ മരണം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, 1998 ജനുവരിയില്‍ പയ്യന്നൂരില്‍നിന്നും ഒരു കവിതാ സമാഹാരം പുറത്തിറങ്ങി. സ്മിതയെക്കുറിച്ചുള്ള ഒമ്പതു കവിതകളും അതിന്റെ പഠനവുമടങ്ങിയ 'വിശുദ്ധ സ്മിതയ്ക്ക്' എന്ന പുസ്തകം. ആണഭിലാഷങ്ങളുടെ തിരശ്ശീലയില്‍നിന്ന് അപ്രതീക്ഷിതമായി ഇറങ്ങിപ്പോയ നടിയെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങള്‍ മുതല്‍, കാഴ്ചയുടെ കുരിശില്‍ ബലിയര്‍പ്പിക്കാന്‍ വിധിക്കപ്പെട്ട പെണ്ണുടലുകളെക്കുറിച്ചുള്ള വേവലാതി വരെ നിറയുന്ന വ്യത്യസ്തമായ ഒമ്പത് കവിതകളുടെ സമാഹാരം. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെയും നിലപാടിന്റെയും പേരിലാണ് അന്നത് ശ്രദ്ധിക്കപ്പെട്ടത്. കേവലം ആയിരം കോപ്പികള്‍ മാത്രമിറങ്ങിയ 16 രൂപ വിലയിട്ട ആ പുസ്തകത്തിന് അടുത്ത വര്‍ഷം 25 വയസ്സ് തികയും. വര്‍ഷാവര്‍ഷമെത്തുന്ന സെപ്റ്റംബര്‍ 23-കള്‍ സില്‍ക്ക് സ്മിതയെ വീണ്ടും ഓര്‍മ്മിപ്പിക്കുമ്പോള്‍, അതിലൊരു പങ്ക് ഈ പുസ്തകത്തിനും കിട്ടുന്നുണ്ട്.
'അയ്യേ സെക്‌സ് ബോംബ്!'
തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലാകെ അറിയപ്പെടുന്ന സിനിമാ നടിയായിരിക്കുമ്പോഴും, 'സിനിമാ താരം' എന്ന സാമൂഹ്യ പദവിയ്ക്കു പുറത്തായിരുന്നു സില്‍ക്ക് സ്മിതയുടെ ജീവിതം. അഭിനേതാവായല്ല, ശരീരം മാത്രമായാണ് പൊതുസമൂഹവും പ്രേക്ഷകരില്‍ ഭൂരിഭാഗവും അവരെ കണ്ടത്. വിപണന സാദ്ധ്യതയ്ക്കുള്ള അസംസ്‌കൃത വസ്തുവായി ചലച്ചിത്ര വ്യവസായം കാലങ്ങളായി ഉപയോഗിക്കുന്ന 'മാദകത്തിടമ്പ്' എന്ന കാറ്റഗറിയിലായിരുന്നു അവരുടെ ഇടം. അഭിനയചാതുരിയല്ല, ശരീരപ്രദര്‍ശനമായിരുന്നു സിനിമ അവരില്‍നിന്നും ആവശ്യപ്പെട്ടത്. വ്യത്യസ്ത രാഷ്ട്രീയങ്ങളും പ്രത്യയശാസ്ത്രങ്ങളും പങ്കുവെയ്ക്കുമ്പോഴും, തിയറ്ററിലെ ഇരുട്ടിലെത്തുമ്പോള്‍ 'വശീകരിക്കുന്ന പെണ്ണുടലുകള്‍ക്ക്' വേണ്ടിയുള്ള ദാഹം മുറുകുന്ന പ്രേക്ഷകരും അവരില്‍നിന്നും തേടിയത് അതേ സാധ്യതകളായിരുന്നു. സിനിമയും പ്രേക്ഷകരും ആവശ്യപ്പെടുന്നത് അതേ മട്ടില്‍ നല്‍കുമ്പോഴാവട്ടെ, പ്രേക്ഷകരുള്‍പ്പെട്ട അതേ പൊതുസമൂഹം, തിയറ്റര്‍ ഇരുട്ടില്‍നിന്നിറങ്ങി 'അയ്യേ സെക്‌സ്' എന്ന് അവരെ നോക്കി ആശ്ചര്യപ്പെട്ടു.
അത്തരം സിനിമകളിലുള്ള അഭിനയവുമായി സില്‍ക്ക് സ്മിതയും ആ മട്ടിലുള്ള സിനിമകള്‍ക്കായുള്ള ദാഹവുമായി ആണ്‍പ്രേക്ഷകരും ശാന്തമായി കഴിഞ്ഞുപോവുന്നതിനിടയിലായിരുന്നു, ആ ബ്രേക്ക്- സ്മിതയുടെ ആത്മഹത്യ!
എന്നാല്‍, മരണാനന്തരവും സ്മിതയുടെ സിനിമകള്‍ തിയറ്ററുകളില്‍ നിറഞ്ഞാടി. സ്മിത ഇല്ലാത്തപ്പോഴും ആ ശരീരം വെള്ളിത്തിരയില്‍ പ്രേക്ഷകരുടെ ദാഹം വീണ്ടും വീണ്ടും ശമിപ്പിച്ചു. അപ്പോഴും, ആ നടിയെക്കുറിച്ചുളള സാമൂഹിക കാഴ്ചപ്പാടുകള്‍ മാറ്റവും വരുത്താതിരിക്കാന്‍ സമൂഹം പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തി. ഒപ്പം, ആണ്‍കാഴ്ചയ്ക്കുള്ള ഉരുപ്പടി എന്ന നിലയില്‍ അവരെ തീണ്ടാപ്പാടകലെ നിര്‍ത്താനും ശ്രദ്ധിച്ചു.
ഇത്രയും പറഞ്ഞത്, സില്‍ക്ക് സ്മിത എന്ന സിനിമാ നടിയെ അവരുടെ മരണം നടന്ന 1996 സെപ്റ്റംബറിനു ശേഷമുള്ള കേരളീയ സമൂഹം എങ്ങനെയാണ് നോക്കിക്കണ്ടതെന്ന് സാമാന്യമായി സൂചിപ്പിക്കാനാണ്. ജീവിച്ചാലും മരിച്ചാലും പ്രത്യേകിച്ചൊരു താല്‍പ്പര്യം ആര്‍ക്കുമില്ലാത്ത വെറുമൊരു ശരീരം. അതു മാത്രമായിരുന്നു സ്മിതയും അതിനും മുമ്പും പിന്നീടും സമാനമായ രീതിയില്‍ സിനിമ കൈകാര്യം ചെയ്ത നടിമാരും. അന്നുമിന്നും കാര്യങ്ങളില്‍ വലിയ മാറ്റങ്ങളില്ല.
സില്‍ക്കിനെ കുറിച്ചും പുസ്തകമോ?
സില്‍ക്ക് സ്മിതയെക്കുറിച്ച് ഇത്തരമൊരു സാമൂഹ്യബോധം ശക്തമായി നിലനില്‍ക്കുന്ന കാലത്താണ് പയ്യന്നൂരില്‍നിന്നും 'വിശദ്ധ സ്മിതയ്ക്ക്' എന്ന പുസ്തകം ഇറങ്ങുന്നത് സ്്മിത മരിച്ച് രണ്ടു വര്‍ഷവും നാലു മാസവും കഴിഞ്ഞ് ഇങ്ങനെയൊരു പുസ്തകം ഇറങ്ങുന്ന സമയത്തും നാട്ടുകാര്‍ 'അയ്യേ, സില്‍ക്കിനെ കുറിച്ചും പുസ്തകമോ? ' എന്ന് ഉറക്കെത്തന്നെ ചോദിക്കുകയും ചെയ്തു.
''ഈ പുസ്തകത്തിനോട് എന്തു പ്രതികരണമായിരിക്കും ഉണ്ടാവുക എന്ന കാര്യത്തില്‍ ഏതാണ്ടൊരു ധാരണ നമുക്കുണ്ടായിരുന്നു. പുസ്തകം ഇറങ്ങിക്കഴിഞ്ഞ ശേഷം, ''മദര്‍ തെരേസയെക്കുറിച്ചൊക്കെ പുസ്തകമിറക്കിക്കഴിഞ്ഞ് മതിയായിരുന്നു സില്‍ക്ക്...''എന്ന് പറഞ്ഞവര്‍ ആ ധാരണ ഉറപ്പിക്കുകയും ചെയ്തു.'' ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുമ്പോള്‍, പുസ്തകത്തിന്റെ എഡിറ്റര്‍ ശിവകുമാര്‍ കാങ്കോല്‍ ചെറുചിരിയോടെ പറഞ്ഞത് ഇക്കാര്യമായിരുന്നു.
സാഹിത്യവും രാഷ്ട്രീയവും പുതിയ വ്യവഹാരങ്ങളുമൊക്കെ ശ്വസിച്ച് ജീവിച്ച, പയ്യന്നൂരിലെ ഒരു ചെറിയ കൂട്ടമാണ് ഈ പുസ്തകമിറക്കിയത്. അവരില്‍ ഏറെപ്പേരും പയ്യന്നൂര്‍ കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ബാക്കിയുള്ളവര്‍ മറ്റു പല ജോലികള്‍ ചെയ്യുന്നവര്‍. ജോലിയില്ലാത്തവര്‍. ടൗണിലൊരു കൊറിയര്‍ കടയില്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി കൂടുന്ന ആ കൂട്ടത്തിന്റെ ഉല്‍സാഹങ്ങളിലേക്കാണ്, അന്ന് ബിഎ മലയാളത്തിനു പഠിക്കുന്ന യു രാജീവ് എഴുതിയ 'വിശുദ്ധ സ്മിതയ്ക്ക്' എന്ന കവിത വന്നു വീണത്. സില്‍ക്ക് സ്മിത മരിച്ച് ഒരുപാടു നാളുകളായിട്ടുണ്ടായിരുന്നില്ല. ആ മരണം പല തരത്തില്‍ വായിക്കപ്പെടുന്നുമുണ്ടായിരുന്നില്ല, അന്നേരമാണ് രാജീവിന്റെ കവിത എത്തിയത്.
''ആ കവിത ഒരനക്കമുണ്ടാക്കി. അതിനു പിന്നാലെ ഞാനതിനൊരു മറുകവിത എഴുതി. അപ്പോഴാണ് കലാകൗമുദിയില്‍ വിജി തമ്പിയുടെ 'സ്മിത ഒരു നദിയുടെ പേരാണ്' എന്ന കവിത പ്രത്യക്ഷപ്പെട്ടത്. തൊട്ടു പിന്നാല ഡോ. പ്രസാദിന്റെ സില്‍ക്ക് ഇന്ത്യ എന്ന കവിതയും വന്നു. അതോടെ, എന്തു കൊണ്ട് സ്മിതയെ മറ്റൊരു തരത്തില്‍ കാണണം എന്ന ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു. സ്മിതയെക്കുറിച്ച് ഒരു പുസ്തകം എന്നാലോചിക്കുന്നത് അങ്ങനെയാണ്.''-ശിവകുമാര്‍ കാങ്കോല്‍ പറയുന്നു.
പുസ്തകത്തിലേക്കുള്ള വഴികള്‍
അതുവരെ ശ്രദ്ധയില്‍ പെട്ട സ്മിതയെക്കുറിച്ചുള്ള കവിതകള്‍ നാലെണ്ണമേയുള്ളൂ. പുസ്തകമാവണമെങ്കില്‍ വീണ്ടും കവിതകള്‍ വേണം. കൂട്ടത്തിലുള്ളവര്‍ തന്നെ സ്മിതയെക്കുറിച്ചുള്ള കവിതകള്‍ എഴുതാമെന്ന് ധാരണയായി. അഞ്ചു കവിതകള്‍ കൂടി കിട്ടിയതോടെ മൊത്തം ഒമ്പതു കവിതകളായി. കൂട്ടത്തിലുള്ള കെ സി മുരളീധരന്‍ 'വിശുദ്ധിയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ പഠനക്കുറിപ്പ് എഴുതി. എഡിറ്ററായ ശിവകുമാര്‍ കാങ്കോല്‍ എന്തു കൊണ്ട് ഇങ്ങനെയൊരു പുസ്തകം എന്നു വ്യക്തമാക്കുന്ന കുറിപ്പും എഴുതി. കൂട്ടത്തിലുള്ള മനോജ് പി ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കവറിനു പറ്റിയ ഇമേജ് ഉണ്ടാക്കി. അങ്ങനെ പുസ്തകത്തിനുള്ള ഉള്ളടക്കമായി.
എന്നാല്‍, അതു പോരായിരുന്നു. പുസ്തകം ഇറക്കുക ഒട്ടുമെളുപ്പമല്ലാത്ത കാലമാണ്. അതും, വരുമാനമൊന്നുമില്ലാത്ത ഇതുപോലൊരു കൂട്ടം. പുസ്തകമിറക്കാന്‍ ആദ്യം പണം കണ്ടൈത്തണം. പിന്നെ ചെലവ് കുറഞ്ഞ അച്ചടി. പ്രസുകളോ അച്ചടി അനായാസമാക്കിയ സാങ്കേതിക ഉപാധികളോ ഒന്നും അക്കാലത്തില്ല.
''ഞാനന്ന് ഒരു കൊറിയര്‍ കടയില്‍ ജോലി ചെയ്യുകയാണ്. ബുക്ക് ഇറക്കാനുള്ള പൈസയൊന്നുമില്ല. അങ്ങനെയാണ്, കുടുങ്ങുമ്പോള്‍ നമ്മളൊക്കെ ചെയ്യാറുള്ള അറ്റകൈ പ്രയോഗം നടത്തിയത്. ഭാര്യയോട് ചോദിക്കല്‍. അവള്‍ കഷ്ടപ്പാടുകള്‍ക്കിടയിലും കൈയിലുള്ള രണ്ടു സ്വര്‍ണ്ണവളകള്‍ ഊരിത്തന്നു. അതു പണയം വെച്ചു കാശുണ്ടാക്കി. തളിപ്പറമ്പിലെ എക്‌സ്പ്രസ് പ്രസില്‍ അച്ചടിച്ചു. പയ്യന്നൂരില്‍ വെച്ച് പ്രകാശനം ചെയ്തു.''
ശിവകുമാര്‍ കാങ്കോല്‍
പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍
16 രൂപയായിരുന്നു പുസ്തകത്തിന്റെ വില. 40 േപജുകള്‍. വി.ജി തമ്പി, മധു ആലപ്പടമ്പ്, എ.സി ശ്രീഹരി, യു.രാജീവ്, ശിവകുമാര്‍ കാങ്കോല്‍, ഡോ.പ്രസാദ്, പി. മനോജ്, ഗിരീഷ് കുമാര്‍ കെ, ഹരിദാസന്‍ കെ.സി എന്നിവര്‍ എഴുതിയ കവിതകള്‍. സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള പൊതുബോധത്തോട് വിയോജിക്കുന്നതായിരുന്നു ഈ കവിതകളെല്ലാം. വ്യത്യസ്തമായ വീക്ഷണകോണില്‍ സ്മിതയെ അടയാളപ്പെടുത്തുന്ന കവിതകള്‍. ചിലതില്‍ ആണ്‍കാഴ്ചയുടെ അടരുകള്‍ തുറന്നുതന്നെ കിടന്നിരുന്നുവെങ്കിലും അവയെല്ലാം പങ്കുവെയ്ക്കുന്ന രാഷ്ട്രീയത്തില്‍ സമാനതകളുണ്ടായിരുന്നു. അതിനാലാണ്, 'എന്തുകൊണ്ട് സ്മിത' എന്ന കുറിപ്പില്‍ എഡിറ്റര്‍ ഇങ്ങനെ എഴുതിയത്: ''ഈ പുസ്തകത്തിലെ കവിതകളെക്കുറിച്ചോ അവയുടെ നിലവാരത്തെക്കുറിച്ചോ അവ കൈകാര്യം ചെയ്യുന്ന ഭാഷയുടെ ശ്ലീലാശ്ലീലത്തെക്കുറിച്ചോ തീര്‍ച്ചയായും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവും. എങ്കിലും ഈ പുസ്തകം അതിന്റെ രാഷ്ട്രീയം കൊണ്ട് പ്രസക്തമാണൈന്ന് ഞങ്ങള്‍ കരുതുന്നു. ഈ പുസ്തകത്തിനു നേരെ വരാവുന്ന ശകാരങ്ങളെ മുഴുവന്‍ ഈയൊരു പ്രസക്തിയുടെ സാധൂകരണം കൊണ്ട് ഞങ്ങള്‍ തളളിക്കളയുന്നു.''
അവരുടെ ധാരണ കൃത്യമായിരുന്നു. വലിയ വിമര്‍ശനങ്ങള്‍ അതിനുനേരെ ഉയര്‍ന്നു. കൂടുതല്‍ ആളുകളും മുഖം ചുളിച്ചു. എന്നാല്‍, ഈ അവസ്ഥ സാവധാനം മാറി. സ്മിത എന്നത് മറ്റൊരു ആലോചനയുടെ സാധ്യതയാണെന്ന്, വായനക്കാര്‍ തന്നെ പറയാന്‍ തുടങ്ങി. ''കൊച്ചിയില്‍ നടന്ന ഐ എഫ് കെ കെയ്ക്ക് ഞങ്ങള്‍ പുസ്തകം വില്‍ക്കാന്‍ പോയിരുന്നു. ആദ്യം വിമര്‍ശനങ്ങളായിരുന്നു കൂടുതല്‍. പിന്നീട് ആളുകള്‍ തേടിപ്പിടിച്ച് പുസ്തകം വാങ്ങാന്‍ വന്നു. നല്ല അഭിപ്രായങ്ങളുണ്ടായി. അതിനിടയ്ക്ക് കല്‍പ്പറ്റ നാരായണന്‍ മാഷും സക്കറിയയും പയ്യന്നൂര്‍ സതീഷ് ബാബുവുമെല്ലാം പുസ്തകത്തെക്കുറിച്ച് എഴുതി. വ്യത്യസ്ത വായനകള്‍ പുസ്തകത്തിനുണ്ടായി. അതോടെ അംഗീകാരം കിട്ടിത്തുടങ്ങി.''
മനോഭാവങ്ങള്‍ മാറുന്നു, പൊതുബോധവും!
എന്നാല്‍, ആയിരം കോപ്പികള്‍ തീരാന്‍ അത്രയൊന്നും സമയം വേണ്ടിവന്നില്ല. പുസ്തകം ആളുകളുടെ ശേഖരങ്ങളിലേക്ക് താമസം മാറി. പുസ്തകം അടിച്ചിറക്കിയ ശിവകുമാര്‍ കാങ്കോല്‍, ചിതലരിക്കാത്ത ഒരു കോപ്പിക്കായി ഫേസ്്ബുക്കില്‍ പോസ്റ്റിടേണ്ടിവന്നു. 16 രൂപ വിലയിട്ട ഈ പുസ്തകത്തിന് പുതിയ പതിപ്പുകളുണ്ടായിരുന്നില്ല. സമൂഹത്തിന്റെ സ്വാഭാവിക മറവി-ഈ പുസ്തകത്തെയും ബാധിച്ചിരുന്നു.
എന്നാല്‍, ആയിരം കോപ്പികള്‍ കൊണ്ട് ഈ പുസ്തകമുണ്ടാക്കിയ മാറ്റങ്ങളുടെ വിത്തുകള്‍ ഇതിനകം അതിന്റെ പണി തുടങ്ങി കഴിഞ്ഞിരുന്നു. സ്മിത അടക്കമുള്ള നടിമാരെ എങ്ങനെ കാണണം എന്ന കാര്യത്തില്‍ അത് പുതിയ ദിശാബോധം ഉണ്ടാക്കി. കാലത്തിന്റെ മാറ്റം അതോടൊപ്പം സംഭവിച്ചു് ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത പരിഗണന മറ്റൊരു വിധത്തില്‍ സ്മിതയ്ക്ക് ലഭിക്കുകയും ചെയ്തു. മാദകനടിമാര്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു തങ്ങളുടെ സിനിമാ ഫാന്റസി ലോകങ്ങള്‍ എന്ന് പ്രേക്ഷകരും തുറന്നുപറയാന്‍ തുടങ്ങി. അങ്ങനെ, എല്ലാ ജനന, മരണ വാര്‍ഷകങ്ങളിലും സ്മിത ഓര്‍മ്മിക്കപ്പെട്ടു. അതോടൊപ്പം സ്മിതയെക്കുറിച്ചുഈ പുസ്തകവും. സ്മിതയുടെ ഇല്ലായ്മയ്ക്ക് കാല്‍നൂറ്റാണ്ട് പ്രായമായത് കഴിഞ്ഞ വര്‍ഷമാണ്. 'വിശുദ്ധ സ്മിത' എന്ന പുസ്തകം അടുത്ത വര്‍ഷം അതിന്റെ കാല്‍നൂറ്റാണ്ട് തികയ്ക്കും.
ഇക്കാലയളവില്‍ കേരള സമൂഹത്തിന് സംഭവിച്ച മാറ്റങ്ങളിലൂടെെയാക്കെ ഈ പുസ്തകമിറക്കിയ ചെറുസംഘവും പോയി. പലരും പല വഴികളിലേക്ക് തിരിഞ്ഞു. ചിലരൊക്കെ അധ്യാപകരായി. മറ്റു ചിലര്‍ പുതുവഴി തേടി. ചിലര്‍ എന്നേക്കുമായി വിടപറഞ്ഞു.
സ്മിതയ്ക്കു ശേഷം അന്ത്രു ദി മാന്‍!
ഭാര്യയുടെ വളകള്‍ പണയം വെച്ച് പുസ്തകമിറക്കിയ ശിവകുമാര്‍ കാങ്കോല്‍ പിന്നീട് പുസ്തകമിറക്കിയിട്ടില്ല. ആ വളകള്‍ ബാങ്കില്‍നിന്നു തിരിച്ചെടുക്കാനോ ഭാര്യയ്ക്ക് അതു നല്‍കാനോ കഴിഞ്ഞിട്ടുമില്ല. പക്ഷേ, ഭാര്യ ഇന്ദിര ആ പുസ്തകത്തിന്റെ യാത്രയില്‍ സന്തുഷ്ടയാണെന്ന് ശിവകുമാര്‍ പറയുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പഠിച്ച മകന്‍ ആദിത്യന്‍ ഗായകന്‍ കൂടിയാണ്. അവന്‍ തന്റെ പുതിയ സിനിമയില്‍ പാടുന്ന പാട്ട് ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു.
അതെ, സിനിമ! ശിവകുമാര്‍ കാങ്കോല്‍ ഇപ്പോള്‍ പുസ്തകം വിട്ട് സിനിമയ്ക്കു പുറകിലാണ്. ബീഫിന്റെ രാഷ്ട്രീയം പറയുന്ന 'അന്ത്രു ദി മാന്‍' എന്നു പേരുള്ള സിനിമ പുറത്തിറക്കാനുള്ള അവസാന ശ്രമങ്ങളിലാണ് അദ്ദേഹം.
എന്നാല്‍, കളം മാറിയെങ്കിലും കടം മാറിയില്ലെന്ന് അദ്ദേഹം പറയുന്നു. ''വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവസ്ഥയൊന്നും മാറിയിട്ടില്ല. കടം വാങ്ങി തന്നെയാണ് സിനിമ എടുക്കുന്നത്. പുസ്തകം സാമ്പത്തികമായി രക്ഷപ്പെട്ടില്ല. എന്നാല്‍, ഈ സിനിമ ആളുകള്‍ ഇഷ്ടപ്പെടുകയും ചര്‍ച്ച ചെയ്യുകയും രക്ഷപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷയുടെ ഏക കാരണം, മറ്റൊന്നുമല്ല, ഇറങ്ങി കാല്‍ നൂറ്റാണ്ടായിട്ടും ചര്‍ച്ച ചെയ്യപ്പെടുന്ന, ഇപ്പോള്‍ കിട്ടാനേയില്ലാത്ത ആ പുസ്തകം തന്നെയാണ്. സാക്ഷാല്‍ സില്‍ക്ക് സ്മിത കൂടിയാണ്. ''-ശിവകുമാര്‍ കാങ്കോല്‍ പറയുന്നു.