അങ്ങനെ പ്രസാധകരോട് ഇതിനെ കുറിച്ച് സംസാരിക്കുന്നു. ഒറ്റരാത്രി കൊണ്ട് എഡിറ്റര്‍ ഈ പുസ്തകം ഇരുന്ന് വായിക്കുന്നു. പിറ്റേന്ന് പീറ്റര്‍ മേയോട് ഇത് ഗംഭീര വര്‍ക്കാണ്. നമുക്കിത് ഇപ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചേക്കാം എന്നും പറയുന്നു.
2005 -ലാണ് പീറ്റര്‍ മേ ആ നോവലെഴുതുന്നത്, പശ്ചാത്തലം ഒരു മാഹാമാരിയെത്തുടർന്ന് നഗരത്തിലുണ്ടാവുന്ന ലോക്ക് ഡൗൺ. ആഗോളതലത്തില്‍ വ്യാപിച്ച ഒരു മഹാമാരിയെ കുറിച്ചെഴുതിയ ആ പുസ്തകം അന്ന് പക്ഷേ വെളിച്ചം കണ്ടില്ല. യാദൃശ്ചികമെന്നോണം 15 വര്‍ഷങ്ങള്‍ക്കിപ്പുറം കൊറോണ വൈറസിന്‍റെ രൂപത്തില്‍ ഒരു മഹാമാരി ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്നു.
ഏതായാലും 15 വര്‍ഷം മുമ്പ് പീറ്റര്‍ മേ എഴുതിയ പുസ്തകം അന്ന് പ്രസാധകരെല്ലാം നിരസിച്ചിരുന്നു. അതിന് കാരണമായി പറഞ്ഞത് ഇത് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തവിധം കെട്ടുകഥയാണെന്നാണ്. എന്നാല്‍, ലോകമാകെ കൊവിഡ് 19 എന്ന മഹാമാരി പടരുകയും മിക്ക രാജ്യങ്ങളും ലോക്ക് ഡൗണടക്കമുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുകയാണിപ്പോള്‍. ആ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ എന്ന പേരില്‍ വ്യാഴാഴ്ച പുസ്തകം പുറത്തിറക്കി.
ലണ്ടന്‍ കേന്ദ്രമാക്കിയാണ് മേ ഇതെഴുതിയിരിക്കുന്നത്. പൂര്‍ണമായും ഭാവന എന്നതിലുപരി ലോകത്തെ വിവിധ മഹാമാരികളുടെയടക്കം വിവരങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടായിരുന്നു. ''ഞാനീ നോവലെഴുതിത്തുടങ്ങുമ്പോള്‍ വിദഗ്ദര്‍ പറഞ്ഞിരുന്നത് അടുത്തതായി ലോകത്തെയാകെ ബാധിക്കാന്‍ പോകുന്ന മഹാമാരി പക്ഷിപ്പനി ആയിരിക്കും എന്നാണ്'' - പീറ്റര്‍ മേ CNN -നോട് പറഞ്ഞു.
അത് വളരെ ഭയപ്പെടുത്തുന്ന സംഗതിയായിരുന്നു. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് പറ്റാവുന്നത്ര ഞാന്‍ പഠിച്ചു. ലണ്ടനിലാണ് ഇങ്ങനെയൊരു മഹാമാരിയുണ്ടാകുന്നതെങ്കിലോ? നഗരം മുഴുവന്‍ ലോക്ക് ഡൌണായാലെന്ത് സംഭവിക്കും എന്നാണ് ചിന്തിച്ചതെന്നും പീറ്റര്‍ മേ പറയുന്നു. പക്ഷിപ്പനിയും കൊറോണ വൈറസും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. പക്ഷേ, ലോക്ക് ഡൗണ്‍ ഒരേ അവസ്ഥയാണ്. രോഗവ്യാപനം തടയാന്‍ ആളുകള്‍ മുഴുവനും വീടിനകത്താകുന്നു എന്ന അവസ്ഥ.
ഏതായാലും ഇപ്പോള്‍ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസാധകര്‍ കരുതുന്നത് ഈ അവസ്ഥയില്‍ പുസ്തകം ലോകത്താകെയുള്ള വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കും എന്നാണ്. 15 വര്‍ഷം മുമ്പ് ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തത്, ഭയങ്കര ഭാവന എന്നെല്ലാം പറഞ്ഞ് പ്രസാധകര്‍ പുസ്തകം നിരസിച്ചതോടെ എഴുത്തുകാരന്‍ ആ പുസ്തകം ഉപേക്ഷിച്ച മട്ടായിരുന്നു. അങ്ങനെയൊരു പുസ്തകം താന്‍ എഴുതി എന്നുതന്നെ അദ്ദേഹം മറന്നുപോയിരുന്നു. അതിനിടയിലാണ് ഒരു ആരാധകന്‍ അദ്ദേഹത്തോട് ട്വിറ്ററില്‍, കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ഒരു പുസ്തകം എഴുതിക്കൂടെ എന്ന് ചോദിക്കുന്നത്. അതിനെ കുറിച്ച് ആലോചിച്ചപ്പോഴാണ് അദ്ദേഹത്തിന് അയ്യോ ഞാന്‍ അങ്ങനെയൊരു നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയിട്ടുണ്ടല്ലോ എന്ന് ഓര്‍മ്മ വരുന്നത്.
അങ്ങനെ പ്രസാധകരോട് ഇതിനെ കുറിച്ച് സംസാരിക്കുന്നു. ഒറ്റരാത്രി കൊണ്ട് എഡിറ്റര്‍ ഈ പുസ്തകം ഇരുന്ന് വായിക്കുന്നു. പിറ്റേന്ന് പീറ്റര്‍ മേയോട് ഇത് ഗംഭീര വര്‍ക്കാണ്. നമുക്കിത് ഇപ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചേക്കാം എന്നും പറയുന്നു.
കിന്‍ഡില്‍ ഫോര്‍മാറ്റില്‍ ആമസോണ്‍ യുകെയില്‍ മാത്രമാണ് നിലവില്‍ പുസ്തകം ലഭിക്കുക. പുസ്തകരൂപത്തിലും മറ്റും ഏപ്രില്‍ 30 -ന് ലഭിക്കുമെന്നാണ് പറയുന്നത്. അറുപത്തിയെട്ടുകാരനായ എഴുത്തുകാരന്‍ പറയുന്നത്, അദ്ദേഹം അന്നെഴുതിയ അതേ അവസ്ഥയിലൂടെയാണ് നാമിന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആ പുസ്തകം വായിച്ചപ്പോള്‍ താന്‍ തന്നെ അമ്പരന്ന് പോയിട്ടുണ്ട്, അത്രയേറെ കൃത്യമായാണ് 15 വര്‍ഷം മുമ്പ് താനത് എഴുതിയിരിക്കുന്നതെന്നും പീറ്റര്‍ മേ പറയുന്നു.