കൊവിഡിനെ തുടര്‍ന്ന് കനത്ത നഷ്ടം അനുഭവിക്കുകയായിരുന്നു പല പുസ്‍തകശാലകളും. അതിന്‍റെ ഉടമകള്‍ ഇപ്പോള്‍ ഹണ്ടറിന് നന്ദി പറഞ്ഞുകൊണ്ട് മെസേജയക്കുകയാണ്.
'പുസ്‍തക വില്‍പനയുടെ ചരിത്രത്തിലെ വിപ്ലവാത്മകമായ നിമിഷം' എന്നാണ് ഇതിനെ സാഹിത്യസ്നേഹികള്‍ വിശേഷിപ്പിക്കുന്നത്. മറ്റൊന്നുമല്ല, ഇത്രയുംനാളും ആമസോണ്‍ വഴിയും മറ്റ് പ്രസാധകര്‍ വഴിയുമാണ് ലോകത്താകെയുള്ള വായനക്കാരിലേക്ക് പുസ്‍തകം ഓണ്‍ലൈനിലെത്തിച്ചിരുന്നത്. എന്നാലിപ്പോള്‍ യുഎസ്സിലും യുകെയിലുമുള്ള പുസ്‍തകപ്രേമികളിലേക്ക് പുസ്‍തകങ്ങളെത്തിക്കാന്‍ bookshop.org എന്നൊരു സംരംഭം പിറവിയെടുത്തിരിക്കുകയാണ്. യുഎസ്സില്‍ പ്രവര്‍ത്തിച്ച് വിജയം വിലയിരുത്തിയശേഷമാണ് ഇപ്പോള്‍ യുകെയിലും ഇവര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ചെറുകിട പുസ്‍തകശാലകളെ പിന്തുണക്കുക എന്ന ലക്ഷ്യം കൂടി ഈ സംരംഭത്തിനുണ്ട്. പുസ്‍തകം തിരഞ്ഞ് വാങ്ങുന്നതുപോലെ തന്നെ പുസ്‍തകശാലകളും ബുക്ക് ഷോപ്പില്‍ തെരഞ്ഞെടുക്കുകയും എവിടെനിന്നും പുസ്‍തകം വാങ്ങുകയും ചെയ്യാം. ആമസോണിന്‍റെ കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പുതിയ സംരംഭത്തിന്.
ലിറ്റററി ഹബ്ബിന്‍റെ സഹസ്ഥാപകനും എഴുത്തുകാരനുമായ ആന്‍ഡി ഹണ്ടറാണ് ഈ പുതിയ സംരംഭത്തിനു പിന്നില്‍. ഈ സൈറ്റുവഴി സ്വതന്ത്രരായ പുസ്‍തകശാലകള്‍ക്ക് ഓരോ വില്‍പനയിലും മുഖവിലയുടെ 30 ശതമാനം ലാഭം നേടുന്ന തരത്തില്‍ പുസ്‍തകങ്ങള്‍ വില്‍ക്കാന്‍ സാധിക്കും. പുസ്‍തകം വില്‍ക്കുകയും ആവശ്യക്കാരിലെത്തിക്കുകയും അടക്കമുള്ള എല്ലാ കാര്യങ്ങളും ബുക്ക് ഷോപ്പും അതിന്‍റെ വിതരണക്കാരും ചേര്‍ന്ന് ചെയ്യും. ചെറിയൊരു ശതമാനം കിഴിവിലാണ് പുസ്‍തകം ലഭ്യമാവുക. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുസ്‍തകം ആവശ്യക്കാരിലെത്തും.
ജനുവരിയിലാണ് യുഎസ്സില്‍ ബുക്ക് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. കൊവിഡ് 19 സമയത്ത് ആളുകള്‍ വായനയിലേക്കും പുസ്‍തകങ്ങളിലേക്കും തിരിഞ്ഞത് ഇവര്‍ക്ക് ഗുണം ചെയ്‍തുവെന്ന് വേണം കരുതാന്‍. 250 പുസ്‍തകശാലകളുമായിട്ടാണ് യുഎസ്സില്‍ പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും ഇപ്പോള്‍ 900 പുസ്‍തകശാലകളുണ്ട്. ഏകദേശം 40 ലക്ഷം രൂപയുടെ പുസ്‍തകങ്ങളാണ് ഫെബ്രുവരിയില്‍ വിറ്റതെങ്കില്‍ ഇന്ന് യുഎസ്സിലാകെയുള്ള പുസ്‍തകശാലകളിലേക്കായി വില്‍പനയിലൂടെ 7.5 മില്ല്യണെങ്കിലും സമാഹരിച്ചു കഴിഞ്ഞുവെന്നും ഹണ്ടര്‍ പറയുന്നു.
ഹണ്ടറടക്കം നാല് ജീവനക്കാരാണ് ബുക്ക് ഷോപ്പിനുള്ളത്. പരമാവധി വൈകി ഉറങ്ങാന്‍ പോവുകയും പരമാവധി നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യാുകയാണിപ്പോഴെന്ന് ഹണ്ടര്‍ പറയുന്നു. കുറച്ച് കഷ്‍ടപ്പാടുകളും ബുദ്ധിമുട്ടും ഈ പുതിയ സംരംഭത്തിനു മുകളിലുണ്ടെങ്കിലും പുസ്‍തകശാലകളില്‍ നിന്നുള്ള മെസ്സേജുകള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് ഹണ്ടര്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് കനത്ത നഷ്ടം അനുഭവിക്കുകയായിരുന്നു പല പുസ്‍തകശാലകളും. അതിന്‍റെ ഉടമകള്‍ ഇപ്പോള്‍ ഹണ്ടറിന് നന്ദി പറഞ്ഞുകൊണ്ട് മെസേജയക്കുകയാണ്. 'നിങ്ങളിപ്പോള്‍ വന്നതിന് നന്ദി. എനിക്ക് എന്‍റെ വാടക കൊടുക്കാനായി, ബില്ലുകളടക്കാനായി...' എന്നിങ്ങനെ പോവും ആ സന്ദേശങ്ങള്‍. ആ സന്ദേശങ്ങള്‍ കാണുന്നതോടെ താന്‍ ഹാപ്പിയാകുമെന്നും ഹണ്ടര്‍ പറയുന്നു.
വലിയ വലിയ പുസ്‍തകശാലകളും സംരംഭങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകളുമെല്ലാം കൊവിഡിനെ തുടര്‍ന്ന് ലാഭം കൊയ്‍തപ്പോള്‍ സാധാരണക്കാരായ ചെറിയ പുസ്‍തകശാലകള്‍ കടുത്ത ബുദ്ധിമുട്ടിലായിരുന്നു. അത്തരം പുസ്‍തകശാലകളെയാണ് ബുക്ക് ഷോപ്പ് പ്രധാനമായും പരിഗണിച്ചത്. 2021 -ലോ, 22 -ലോ യുകെയിലേക്ക് കൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനായിരുന്നു ഹണ്ടര്‍ കരുതിയിരുന്നത്. എന്നാല്‍, യുഎസ്സില്‍ ബുക്ക് ഷോപ്പ് വിജയിച്ചതോടെ യുകെ -യിലെ പുസ്‍തകശാലകളും വായനക്കാരും ഹണ്ടറിനോട് യുകെയിലേക്ക് കൂടി വരാനാവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച യുകെയിലും bookshop.org പ്രവര്‍ത്തനമാരംഭിക്കുന്നത്. 130 ബ്രിട്ടീഷ് ബുക്ക് ഷോപ്പുകള്‍ ഇവരുമായി സഹകരിച്ചു കഴിഞ്ഞു. ഏതായാലും യുഎസ്സിലും യുകെയിലുമുള്ള വായനക്കാരും സാഹിത്യകുതുകികളുമെല്ലാം വലിയ പ്രതീക്ഷയോടും സന്തോഷത്തോടെയുമാണ് bookshop.org -നെ വരവേറ്റത്.