ഈ ഭൂമിയില്‍ നാമറിയാതെ അന്യഗ്രഹജീവികള്‍ കഴിയുന്നുണ്ടോ, നമുക്കിടയില്‍ അവരുണ്ടോ?

By Pusthakappuzha Book Shelf  |  First Published Dec 20, 2022, 3:53 PM IST

പുസ്തകപ്പുഴയില്‍ മായ കിരണ്‍ എഴുതിയ പ്ലാനറ്റ് 9 എന്ന നോവലിന്റെ വായന.  ചിത്ര ശിവൻ എഴുതുന്നു 


നമ്മള്‍ അറിയാതെ നമ്മളില്‍ കടന്നു കൂടുന്ന ഒരു ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍. ബാക്ടീരിയ എന്ന് നമ്മള്‍ കരുതുന്ന ആ ജീവി ഒരു ഡാറ്റ ഹാക്കര്‍ ആയി, ഒരു ഫോണ്‍ എങ്ങനെയാണോ ഡാറ്റ സ്മഗ്ലിങ് നടത്തുന്നത് അതുപോലെ മനുഷ്യ മസ്തിഷ്‌കത്തില്‍നിന്നും ഡാറ്റ ഹാക്ക് ചെയ്യുന്നു. മനുഷ്യന്റെ ചിന്തകളെ, പ്രവൃത്തികളെ, അവന്റെ കാഴ്ചകളെ അടക്കം പലതും ഇവിടെ ബ്രെയിന്‍ സിഗ്‌നലുകള്‍ ആക്കി സിനാപ്‌സിസ് വഴി സംവേദനം ചെയ്യപ്പെടുന്നു.

 

Latest Videos

 

undefined

'ഇനി എന്താണ് സംഭവിക്കുക?  ഈ ലോകത്തിന്റെ അവസാനം ഇങ്ങെത്തിയിരിക്കുന്നു. ഓരോ ഭൂപ്രദേശങ്ങളായി അപഹരിക്കപ്പെടാന്‍ പോകുന്നു. അവസാനിക്കാന്‍ പോകുന്നു. പക്ഷെ മനുഷ്യനാലല്ല എന്ന് മാത്രം...ബ്യുസേജി മൗണ്ടനുകള്‍ പോലെ, ബര്‍മുഡ ട്രയാങ്കിള്‍ പോലെ, ഏരിയ 51 പോലെ.

2022 December 15! അന്നാണത് സംഭവിക്കാന്‍ പോകുന്നത്!

ഒരു ഭൂപ്രദേശം മുഴുവന്‍ ഇരുട്ടിലാവും. മണ്ണിനടിയില്‍ ചതഞ്ഞടിയും. ചിലപ്പോള്‍ ലോകത്തിന്റെ ഭൂപടത്തില്‍ നിന്നു തന്നെ ഇറങ്ങിപ്പോയിക്കളയും.

ഇതിനൊക്കെ കാരണം ആ അസ്ട്രോയ്ഡാണ്. ലോകാവസാനമെന്ന പേരില്‍ തന്നെ നാശം വിതക്കാന്‍ പുറപ്പെട്ടിരിക്കുന്ന 'ദി ആസ്‌ട്രോ ഹോളോകാസ്റ്റ്- AHC!'

ഇങ്ങനെയൊരു സസ്‌പെന്‍സ് തന്നുകൊണ്ടാണ് മായ കിരണിന്റെ പ്ലാനറ്റ് 9 എന്ന നോവല്‍ ആരംഭിക്കുന്നത.

തുടക്കം മുതല്‍ ഒടുക്കം വരെ അതേ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് ഈ നോവലിന്റെ വിജയമാണ്. വായനയുടെ പല ഘട്ടങ്ങളിലും ഈ വായിക്കുന്നതൊക്കെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുമോ എന്ന് പോലും ആശങ്കപ്പെട്ടുപോകുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട് നോവല്‍. 

'അവര്‍ എത്തിക്കഴിഞ്ഞു! ഇനിയും എത്തിക്കൊണ്ടേയിരിക്കും! അഗോചരരാണവര്‍. അവര്‍ തിരയുന്നതത്രയും ഭൂമിയെയാണ്! അവരുടെ തമോഗര്‍ത്തത്തിന്റെ തടവറയിലാവുക മനുഷ്യരാശിയുടെ ഗണനശേഷിയാണ്! മനുഷ്യസത്ത വാഴ്ത്തി -വീഴ്ത്തി അവര്‍ ശ്രമിക്കുന്നത് അധീശത്വത്തിനായാണ്! ഭൂമിയുടെ അധീശത്വം! ജീവരാശിയുടെ അധീശത്വം!'

മഹാനായ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വാക്കുകള്‍. അദ്ദേഹം തന്റെ അവസാനകാലത്തു പ്രവചിച്ച ലോകാവസാന സാധ്യത പൂര്‍ണ്ണമായും ഒളിഞ്ഞും തെളിഞ്ഞും ഈ പേരിലേക്ക് ചെന്ന് കൊള്ളുന്ന തരത്തിലാണ്. പ്ലാനറ്റ് 9 എന്നതിനര്‍ത്ഥം സര്‍വ്വനാശമെന്നാണ് എന്നദ്ദേഹം അവ്യക്തമായെങ്കിലും പറയുന്നുണ്ട്.

ഭൂമിയിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ നടക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, പിന്നീട് അവിടം ജനവാസയോഗ്യം  അല്ലാതായി തീരുന്നു. അതിനെല്ലാമപ്പുറം ഈ ഭൂമിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും പിന്നില്‍ മറ്റേതോ ഒരു ഇടപെടല്‍ ഉണ്ടെന്ന അറിവ്. കണ്ണുകള്‍ കൊണ്ട് നമുക്ക് കാണാനാവാത്ത ഒരു ലോകം നമ്മുടെ പിന്നാലെയുണ്ടെന്ന തിരിച്ചറിവ് വായനക്കാരനെ ഭയത്തിലാഴ്ത്തുന്നു .

ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളും ഈ ഭൂമിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ഭൂമിയുടെ ചെറുമാറ്റങ്ങള്‍ പോലും തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുമ്പോള്‍, മനുഷ്യന്‍ എന്നും ഭൂമിക്കെതിരെ, ഭൂമിയുടെ ഹിതങ്ങള്‍ക്കെതിരെയുള്ള, ഭൗമവ്യവസ്ഥകള്‍ക്ക് എതിരെയുള്ള കണ്ടുപിടിത്തങ്ങളില്‍ വ്യാപൃതനും അതില്‍ അഭിരമിക്കുന്നവനും ആകുന്നു.

വേട്ടയാടിയും കൊന്നും കൊല്ലപ്പെട്ടും ഈ ഭൂമിയില്‍ സകല ജീവജാലങ്ങളും ജീവിക്കുമ്പോള്‍ ആ കണ്ണിക്കു വെളിയില്‍, മറ്റൊരു ജീവിവര്‍ഗ്ഗത്തിന്റെ ഭക്ഷണമാവാന്‍ സ്വയം കൊല്ലപ്പെടാതെ എന്നും വേട്ടക്കാരനായി മാത്രം, ഭക്ഷണം പാകം ചെയ്തു കഴിച്ചു് , നൈസര്‍ഗികമായതൊന്നും പിന്തുടരാന്‍ കഴിയാതെ ജീവിക്കുന്ന മനുഷ്യന്‍.

വിശേഷബുദ്ധിയാണോ കാരണം? ഈ ഭൂമിയിലെ സകലജീവജാലങ്ങളും ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രകൃതി നല്‍കിയ പ്രതിരോധം ഉപയോഗിക്കുമ്പോള്‍ മനുഷ്യന് മാത്രം അങ്ങനെയൊന്നില്ലാത്തത് എന്തുകൊണ്ടാണ്?

ഇത്തരം സ്വയം ചോദ്യങ്ങള്‍ക്ക് മായ കണ്ടെത്തിയ ഉത്തരമാണ്, ഈ പ്രപഞ്ചത്തില്‍ ഭൂമിയിലെ ജീവിതത്തെ ഒരു അന്യഗ്രഹ നാഗരികത പണ്ടേ ഹാക്ക് ചെയ്തു കഴിഞ്ഞു എന്നത്. ആ ഏലിയന്‍ ലൈഫിന്റെ കടന്നുകയറ്റം നടന്നത് മനുഷ്യന്റെ ആവിര്‍ഭാവത്തോടെയായിരുന്നു എന്ന് മാത്രം

അതെ! നമ്മള്‍ തേടുന്നത് നമ്മളെത്തന്നെയാണ്! മനുഷ്യന്‍ ഒരു അന്യഗ്രഹജീവി തന്നെയാണ്.

പരിണാമകാലത്ത് , എപ്പോഴോ ഹാക്ക് ചെയ്യപ്പെട്ട ഒരു ജീവിവര്‍ഗ്ഗത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയിലൂടെ സ്ഥാപിക്കപ്പെട്ട ഒരു കൂട്ടര്‍ മനുഷ്യന്‍! അവന്റെയുള്ളില്‍ ഭയമാണ്. മറ്റൊരു കൂട്ടരുടെ കടന്നുകയറ്റം അവന്‍ ഭയപ്പെടുന്നു! പക്ഷെ, അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് അവന്‍ അറിയുന്നില്ല.

ഇതാണ് ഈ നോവലിലെ പ്രതിപാദ്യത്തിലുള്ള ത്രെഡ് എന്ന് ആമുഖത്തില്‍ തന്നെ എഴുത്തുകാരി പറയുമ്പോഴും വായനക്കാരുടെ മനസ്സില്‍ അവശേഷിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ ഭൂമിയില്‍ ശരിക്കും ഒരു ഏലിയന്‍ ലാബ് ഉണ്ടോ? നമ്മളറിയാതെ അവര്‍ നമ്മളെ നിരീക്ഷിക്കുന്നുണ്ടോ? നമുക്കിടയില്‍ തന്നെ അവരുടെ സ്‌പൈ ജീനുകള്‍ ഉണ്ടോ? ഒരു പക്ഷെ നമ്മളോ, നമ്മുടെ പ്രിയപ്പെട്ടവരോ തന്നെ അവരുടെ ജീന്‍ കാരിയേഴ്‌സ് ആണോ ?

നമ്മള്‍ അറിയാതെ നമ്മളില്‍ കടന്നു കൂടുന്ന ഒരു ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍. ബാക്ടീരിയ എന്ന് നമ്മള്‍ കരുതുന്ന ആ ജീവി ഒരു ഡാറ്റ ഹാക്കര്‍ ആയി, ഒരു ഫോണ്‍ എങ്ങനെയാണോ ഡാറ്റ സ്മഗ്ലിങ് നടത്തുന്നത് അതുപോലെ മനുഷ്യ മസ്തിഷ്‌കത്തില്‍നിന്നും ഡാറ്റ ഹാക്ക് ചെയ്യുന്നു. മനുഷ്യന്റെ ചിന്തകളെ, പ്രവൃത്തികളെ, അവന്റെ കാഴ്ചകളെ അടക്കം പലതും ഇവിടെ ബ്രെയിന്‍ സിഗ്‌നലുകള്‍ ആക്കി സിനാപ്‌സിസ് വഴി സംവേദനം ചെയ്യപ്പെടുന്നു. ഈ ശേഖരിക്കപ്പെടുന്ന ഇന്‍ഫര്‍മേഷന്‍സ് സ്റ്റോര്‍ ചെയ്യുന്നതാവട്ടെ കോശങ്ങളില്‍ ഇലക്ട്രിക് പള്‍സസിന്റെ രൂപത്തിലാണെന്നതും ഒരു വിചിത്രവസ്തുതയാണ് . കാരണം മനുഷ്യശരീരത്തില്‍ 100W വരെ ജൈവ വൈദുതി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ആ വഴി ഒരു വിവര ശേഖരണം സാധ്യവുമാണ്.

അത്ഭുതകരമായ വസ്തുത, നമ്മള്‍ ഡിജിറ്റല്‍ ഡിവൈസുകള്‍ വഴിയുള്ള ഡാറ്റ ട്രാന്‍സ്ഫര്‍ പരീക്ഷിക്കുമ്പോള്‍ അവര്‍ ഒരു ജീവനെ തന്നെ ഒരു ഉപാധിയാക്കിയിരിക്കുന്നു. അതും യാതൊരു തരത്തിലുള്ള ഇടപെടലുകളില്ലാതെ, കേവലം ഒരു അണുജീവിയെ ഉപയോഗിച്ച.

അതിമനോഹരമായ ഒരു വായനാനുഭവം തരിക മാത്രമല്ല, നമുക്ക് തീരെ പരിചിതമല്ലാത്ത ഒരു ഭൂമികയിലൂടെ നമ്മെ നടത്തിക്കൊണ്ടു പോയി  അനന്തമായ പ്രപഞ്ചവും ബ്രഹ്മാണ്ഡവും നമുക്ക് അനുഭവവേദ്യമാക്കി തരുന്നു, ഈ നോവല്‍. 

'ഇഹത്തില്‍ നിന്നും പരത്തിലേക്കും പരത്തില്‍ നിന്നും പരതയിലേക്കും അവിടെനിന്നും പരമാണുവിലേക്കും നോക്കണം. വലുതില്‍ നിന്നും ചെറുതിലേക്കു ചുരുങ്ങുകയാണ് ലോകം. മൈക്രോ , നാനോ, പൈകോ അങ്ങനെ അങ്ങനെ ... അപ്പോഴവന്‍ കാണും, തിരിച്ചറിയും, ദൂരം താണ്ടി പ്രപഞ്ചഗോളങ്ങളില്‍ അലയുന്ന മനുഷ്യന്റെ അഹങ്കാരത്തിനു മുകളില്‍ അജയ്യനായി നില്‍ക്കുന്നവരെ..'

വെര്‍ച്വല്‍ റിയാലിറ്റിയും (VR) ഓഗ്‌മെന്റഡ് റിയാലിറ്റിയും (AR) ചേര്‍ന്നൊരുക്കുന്ന വെര്‍ച്വല്‍ ലോകത്തേക്ക് ഇതിനോടകം തന്നെ നാം കാലെടുത്തു വച്ചിരിക്കുന്നു. ഇനിയും കാണാനെത്ര ബാക്കി. കേള്‍ക്കാനെത്ര ബാക്കി കിടക്കുന്നു, പ്രപഞ്ചത്തിന്റെ അത്ഭുതങ്ങള്‍.

click me!