അജ്മൽ കസബ് ലഷ്കർ-എ-ത്വയ്യിബയിൽ ചേർന്നത് ജിഹാദിനൊന്നും അല്ലായിരുന്നെന്നും, 'ആളുകളെ കൊള്ളയടിച്ച് പെട്ടെന്ന് വലിയ കാശുകാരനാവുക' എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രമാണ് അയാൾക്കുണ്ടായിരുന്നത് എന്നും രാകേഷ് മരിയ പറയുന്നു.
"26/11 മുംബൈ ഭീകരാക്രമണത്തിൽ പൊലീസ് ജീവനോടെ പിടികൂടിയ അജ്മൽ കസബ് ഇന്ത്യയിലേക്ക് വന്നത് ബെംഗളൂരു സ്വദേശി സമീർ ദിനേശ് ചൗധരി എന്ന പേരിലുള്ള ഒരു വ്യാജ തിരിച്ചറിയൽ കാർഡും പേഴ്സിൽ വെച്ചിട്ടായിരുന്നു. ആരും സംശയിക്കാതിരിക്കാൻ അയാളുടെ കണങ്കൈയിൽ ഒരു ചുവന്ന ചരട് കെട്ടിയിട്ടുണ്ടായിരുന്നു. അക്രമണത്തിനൊടുവിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചുകിടക്കുമ്പോൾ അയാൾ ഒരു ഹിന്ദു തീവ്രവാദിയാണ് എന്ന് തോന്നിക്കാൻ വേണ്ടിയായിരുന്നു ലഷ്കർ-എ-ത്വയ്യിബയുടെ തന്ത്രപരമായ ഈ പ്ലാനിങ്. എന്നാൽ, അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അവനെ ജീവനോടെ പിടികൂടാനും, അവൻ പാകിസ്താനിലെ ഫരീദ്കോട്ട് സ്വദേശി അജ്മൽ അമീർ കസബ് ആണെന്ന് കണ്ടെത്താനും ഞങ്ങൾക്കായി. " കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മുൻ മുംബൈ സിറ്റി പൊലീസ് കമ്മീഷണർ രാകേഷ് മരിയ എഴുതിയ ആത്മകഥ Let Me Say It Now -ൽ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളിൽ ഒന്നാണിത്.
ഹോം ഗാർഡ്സിന്റെ ഡയറക്ടർ ജനറൽ ആയി വിരമിച്ച രാകേഷ് മരിയ ഐപിഎസ് മുമ്പ് മുംബൈ സിറ്റി ട്രാഫിക് പോലീസിൽ ഡെപ്യൂട്ടി കമ്മീഷണർ ആയിരിക്കെയാണ് 1993 -ൽ മുംബൈ ബോംബ് സ്‌ഫോടനങ്ങൾ നടന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന കൃത്യമായ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. 2003 -ൽ ഗേറ്റ് വേ ഓഫ് ഇന്ത്യയിലും സാവേരി ബസാറിലും ഉണ്ടായ ഇരട്ട സ്ഫോടനങ്ങളും അന്വേഷിച്ച് അശ്റത് അൻസാരി, ഹനീഫ് സയ്യിദ്, ഫഹ്മിദ എന്നീ പ്രതികൾക്ക് തൂക്കുകയർ വാങ്ങിക്കൊടുത്തതും രാകേഷ് മരിയ തന്നെയാണ്. ഏറ്റവും ഒടുവിൽ 2008 -ൽ മുംബൈയിൽ 26/11 എന്നപേരിൽ പിന്നീട് അറിയപ്പെട്ട മുംബൈ ഭീകരാക്രമണം നടന്നപ്പോഴും അന്വേഷണച്ചുമതല അദ്ദേഹത്തിനായിരുന്നു. അന്ന് ജീവനോടെ പിടികൂടപ്പെട്ട അജ്മൽ കസബ് പിന്നീട് 2012 -ൽ തൂക്കിലേറ്റപ്പെടുകയായിരുന്നു. 2015 -ൽ ഇന്ദ്രാണി മുഖർജിയെ ഉൾപ്പെട്ട ഷീന ബോറാ വധക്കേസ് ഏതാണ്ട് തെളിയിക്കും എന്ന സ്ഥിതിയിലായപ്പോഴാണ് അദ്ദേഹത്തെ പ്രൊമോഷൻ നൽകി അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി ഹോംഗാർഡ്സിന്റെ തലപ്പത്തേക്ക് നിയോഗിച്ചത്.
undefined
അജ്മൽ കസബ് ലഷ്കർ-എ-ത്വയ്യിബയിൽ ചേർന്നത് ജിഹാദിനൊന്നും അല്ലായിരുന്നെന്നും, 'ആളുകളെ കൊള്ളയടിച്ച് പെട്ടെന്ന് വലിയ കാശുകാരനാവുക' എന്ന ഒരൊറ്റ ഉദ്ദേശം മാത്രമാണ് അയാൾക്കുണ്ടായിരുന്നത് എന്നും രാകേഷ് മരിയ പറയുന്നു. "കസബും അയാളുടെ സുഹൃത്ത് മുസഫർ ലാൽ ഖാനും ഒന്നിച്ചാൽ ലഷ്കറിൽ ചേരുന്നത്. രണ്ടു പേർക്കും ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുളൂ. കുറച്ച് ആയുധങ്ങൾ സംഘടിപ്പിക്കുക. ആ ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനവും നേടുക. എന്നിട്ട് അവിടെ നിന്നും ചാടി, ഏതെങ്കിലും കാശുകാരെ കൊള്ളയടിച്ച് പണമുണ്ടാക്കി അതും കൊണ്ട് എവിടെയെങ്കിലും പോയി സുഖിച്ചു ജീവിക്കുക. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ഇടത്താവളം മാത്രമായിരുന്നു കസബിന് ലഷ്കർ"
എന്നാൽ അവിടെ എത്തിപ്പെട്ട ശേഷം പക്ഷേ അയാളുടെ ചിന്താഗതിയിൽ കാര്യമായ മാറ്റമുണ്ടായി. അവിടത്തെ പരിശീലകർ അതിനും മാത്രം നുണകൾ അയാളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു."അജ്മൽ കസബ് സത്യമായിട്ടും വിശ്വസിച്ചിരുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളെ അഞ്ചുനേരം നിസ്കരിക്കുന്നതിൽ നിന്ന് സർക്കാർ വിലക്കിയിട്ടുണ്ട് എന്നായിരുന്നു. ക്രൈം ബ്രാഞ്ച് ലോക്കപ്പിനുള്ളിൽ കഴിഞ്ഞിരുന്ന കാലത്ത് അയാൾ ധരിച്ചു വെച്ചിരുന്നത് ദിവസവും അഞ്ചുനേരവും അയാൾ കേട്ടിരുന്ന ബാങ്കുവിളി, അയാളുടെ തോന്നലാണ് എന്നായിരുന്നു. ഞങ്ങൾക്ക് ഇക്കാര്യം മനസ്സിലായപ്പോൾ ഞാൻ രമേശ് മഹാലെയോട് കസബിനെ അടുത്തുള്ള പള്ളിവരെ ഒന്ന് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. മെട്രോ സിനിമയ്ക്ക് അടുത്തുള്ള മോസ്കിലേക്കാണ് അന്നവനെ കൊണ്ടുപോയത്. അവിടെ നൂറുകണക്കിന് മുസ്ലിങ്ങൾ നമാസ് ചെയ്യുന്നതുകണ്ടപ്പോൾ അവിശ്വാസം കൊണ്ട് കണ്ണും തള്ളി ഇരുന്നുപോയി അവൻ." പുസ്തകത്തിൽ മരിയ എഴുതുന്നു.
തൂക്കിലേറ്റും വരെ കസബിനെ ജീവനോടെ സൂക്ഷിക്കുക എന്നത് വളരെ ദുഷ്കരമായ പ്രവൃത്തിയായിരുന്നു എന്നും അദ്ദേഹമോർക്കുന്നു. "പൊതുജനങ്ങൾക്കിടയിൽ അയാൾക്കെതിരെ വല്ലാത്ത വെറുപ്പുണ്ടായിരുന്നു. കയ്യിൽ കിട്ടിയാൽ അവർ അയാളെ വെറുതെ വിടില്ലായിരുന്നു. അതേസമയം, ഐഎസ്‌ഐയും ലഷ്കർ-എ-ത്വയ്യിബയും അവനെ കൊള്ളാൻ വേണ്ടി വെറിപിടിച്ചു നടക്കുകയായിരുന്നു അന്നൊക്കെ." മരിയ പറഞ്ഞു.
മൂന്നാഴ്ചത്തെ തീവ്രവാദ പരിശീലനമാണ് കസബിന് ലക്ഷ്കർ നൽകിയത് എന്ന് മരിയ പറഞ്ഞു. മുംബൈയിൽ വന്ന് ചാവേറായി ഇത്രയും പേരെ കൊല്ലാൻ വേണ്ടി കസബിന് കിട്ടിയ പ്രതിഫലം 1,25,000 രൂപയാണ്. ഇറങ്ങിപ്പുറപ്പെടും മുമ്പ് ഒരാഴ്ച വീട്ടുകാർക്കൊപ്പം ചെലവിടാൻ അവധിയും നൽകിയിരുന്നു അവർ. ഒക്ടോബർ 26 -നല്ല ആദ്യം മുംബൈയിൽ ആക്രമിക്കാൻ പ്ലാനിട്ടിരുന്നത് എന്നും അദ്ദേഹം പറയുന്നു. അത് നോമ്പിന്റെ ഇരുപത്തേഴാം ദിവസമായ സെപ്റ്റംബർ 27 ആയിരുന്നത്രേ.