ലോസ് എയ്ഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലൈവ് സ്റ്റഫോര്‍ഡ്, മഹ്‌വിഷ് റുക്‌സാന എന്നീ മനുഷ്യാവകാശ അഭിഭാഷകരുടെ മുന്‍കൈയില്‍ ഇതിനായി ഒരു ക്രൗഡ് ഫണ്ട് പേജ് ആരംഭിച്ചിട്ടുണ്ട്.
ലോസ് എയ്ഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലൈവ് സ്റ്റഫോര്‍ഡ്, മഹ്‌വിഷ് റുക്‌സാന എന്നീ മനുഷ്യാവകാശ അഭിഭാഷകരുടെ മുന്‍കൈയില്‍ ഇതിനായി ഒരു ക്രൗഡ് ഫണ്ട് പേജ് ആരംഭിച്ചിട്ടുണ്ട്. 986 പേര്‍ ഇതിനകം സഹായം നല്‍കി. ഇതിനകം 8000 ഡോളര്‍ (5.82 ലക്ഷം രൂപ) സ്വരൂപിക്കാനായി. പുസ്തകശാല പുനസ്ഥാപിക്കാനുള്ള ശ്രമത്തിന് അടിത്തറയാവും ഈ സഹായധനമെന്നാണ് ഗാസയിലെ പുസ്തക പ്രണയികള്‍ വിശ്വസിക്കുന്നത്. ലോകമെങ്ങുമുള്ള മനുഷ്യരുടെ പിന്തുണയും സഹായവുമാണ് ഇതിനായി അവര്‍ ആവശ്യപ്പെടുന്നത്.
പുസ്തകശാലയുടെ ഉടമ സാമിര്‍ മന്‍സൂര്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന സ്ഥാപനത്തിനുമുന്നില്‍
undefined
ഇസ്രായേല്‍ ആക്രമണത്തില്‍ 227 പേര്‍ കൊല്ലപ്പെട്ട ഗാസയെ സംബന്ധിച്ചിടത്തോളം, ബോംബാക്രമണത്തില്‍ ഒരു പുസ്തകശാല തകര്‍ന്നു എന്നത് വന്‍ ദുരന്തമാണെന്ന് പറയാനാവില്ല. എന്നാല്‍, ആ പുസ്തകങ്ങളെയും, ലോകെമങ്ങുംനിന്നുള്ള മികച്ച ഇംഗ്ലീഷ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ആ പുസ്തകശാലയെയും ജീവനുതുല്യം സ്‌നേഹിക്കുന്ന കുറേ മനുഷ്യരെ സംബന്ധിച്ചിടത്തോളം അതല്ല. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രികളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും വീടുകളും കടകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്ത ഗാസയിലിരുന്ന്, കത്തിക്കരിഞ്ഞ ആ പുസ്തകങ്ങളെ ഓര്‍ത്ത് സങ്കടപ്പെടുകയാണ് അവര്‍. ''ജീവിക്കാനുള്ള വലിയ കാരണമായിരുന്നു അത്. ഒന്നര പതിറ്റാണ്ടായി ഉപരോധത്തിലായ ഗാസയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പാലം.''-എഴുത്തുകാരിയും വിവര്‍ത്തകയുമായ ഹനിയ അലിജമാല്‍ ആ കടയെക്കുറിച്ച് ഇങ്ങനെ പറയുന്നു.
21 വര്‍ഷമായി ഗാസയില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ലഭ്യമായിരുന്ന സാമിര്‍ മന്‍സൂര്‍ ലൈബ്രറിയാണ് മൂന്ന് ദിവസം മുമ്പ് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായത്. അപൂര്‍വ്വ പുസ്തകങ്ങള്‍ അടക്കം കത്തിക്കരിഞ്ഞു. ഒരുപാട് പുസ്തകങ്ങള്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയിലായി. ബുക് സ്‌റ്റോര്‍ സ്ട്രീറ്റ് എന്നറിയപ്പെടുന്ന അല്‍ തലാതിനി തെരുവിലാണ് ഈ പുസ്തകശാല. അതിനടുത്തുള്ള ഇഖ്‌റഅ് ലൈബ്രറി, ഇസ്‌ലാമിക സര്‍വ്വകലാശാലയുടെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും ഇസ്രായേലി വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്നു.
ബോംബാക്രമണത്തിനു മുമ്പ് പുസ്തക ശാല ഇതുപോലായിരുന്നു
വെറുമൊരു പുസ്തകശാലയോ ലൈബ്രറിയോ ആയിരുന്നില്ല ഗാസ നിവാസികള്‍ക്ക് ഇത്. എഴുത്തും വായനയും കൊണ്ട് ഗാസയുടെ ദുരിതങ്ങള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരുടെ ഏകസങ്കേതമായിരുന്നു. പുസ്തക വായനകളുടെയും പുസ്തക ചര്‍ച്ചകളുടെയും കേന്ദ്രം. നിരവധി പുസ്തകങ്ങളും ഈ സ്ഥാപനം പുറത്തിറക്കിയിരുന്നു. പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടിയെത്തുന്നവരും എഴുത്തുകാരും ഒക്കെ സദാ ഇടപഴകിയിരുന്ന സാംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു ഇത്. പതിനാലു വര്‍ഷം നീണ്ട ഉപരോധത്തില്‍നിന്ന് മുന്നോട്ടുപോകാന്‍ ഗാസ നിവാസികളെ മാനസികമായി സഹായിച്ച ഒരിടം കൂടിയായിരുന്നു ഇത്.
''അതു തന്നെയാണ്, പുസ്തകങ്ങളെയും പുസ്തകശാലകളെയും ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കാനുള്ള കാരണം. ജീവിതത്തിന്റെ അര്‍ത്ഥമാരായുന്ന, സാഹിത്യത്തെ ആയുധമായി ഉപയോഗിക്കുന്ന, സര്‍വ്വദുരിതങ്ങളും വായനയിലുടെ മറികടക്കാന്‍ ശ്രമിക്കുന്ന കുറേയേറെ മനുഷ്യരെ ഇരുട്ടിലാക്കാനുള്ള ശ്രമമാണത്. എലിമാളത്തില്‍ തീയിടുന്നതുപോലെ ഫലസ്തീന്‍ ജനതയെ ദുരിതങ്ങളില്‍ മാത്രമായി ഒതുക്കിയിടാനുള്ള നീക്കം''-എഴുത്തുകാരി കൂടിയായ ഹിദായാ ഷാമുന്‍ പറയുന്നു.
ബോംബാക്രമണത്തിനു ശേഷം അത് ഇങ്ങനെയാണ്
ഹിദായയുടെ ആദ്യ പുസ്തകം ഈജിപ്തിലാണ് പ്രസിദ്ധീകരിച്ചത്. ഉപരോധം കാരണം അതിന്റെ ഒരു കോപ്പി പോലും ഗാസയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം പുസ്തകം കാണാന്‍ പോലും കഴിയാത്ത ആ സമയത്ത്, പുസ്തകശാലയുടമയായ സാമിര്‍ മന്‍സൂര്‍ ആണ് സഹായവുമായി എത്തിയത്. ആ പുസ്തകം അവിടെ അവിടെ പ്രസിദ്ധീകരിച്ചു. ആവശ്യത്തിന് കോപ്പികള്‍ ഹിദായയ്ക്ക് നല്‍കി. ''പുസ്തകങ്ങളില്‍ ഒപ്പിടുന്ന പാര്‍ട്ടി നടത്തുക എന്നത് എന്റെ വലിയ ഒരാഗ്രഹമായിരുന്നു. എന്റെ അവസ്ഥ കണ്ടറിഞ്ഞ് ആ സ്വപ്‌നം സാദ്ധ്യമാക്കിയത് ഈ പുസ്തകശാലയായിരുന്നു''-ടര്‍ക്കി വെബ് പോര്‍ട്ടലായ ടി ആര്‍ ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഹിദായ പറയുന്നു.
പുസ്തകങ്ങളെ ഏറെ ഇഷ്്ടപ്പെടുന്ന, നല്ല വായനക്കാരന്‍ കൂടിയായ കടയുടമ സാമിര്‍ മന്‍സൂറിനെ കുറിച്ചും ഇവിടത്തെ വായനാ സമൂഹത്തിന് ഏറെ പറയാനുണ്ട്. ''ഡാഡിയുടെ വലിയ സ്വപ്‌നമായിരുന്നു ഇതുപോലൊരു പുസ്തകശാല. 2014-ല്‍ ഇതിനെതിരെ ഇസ്രായേല്‍ ആക്രമണം നടന്നിരുന്നു. അന്നിത് രക്ഷപ്പെട്ടു. ഇത്തവണ, ഗാസയിലെ നാശനഷ്ടങ്ങള്‍ കണക്കറ്റതാണ്. അതിനിടയില്‍ ഇതും...''-സാമിര്‍ മന്‍സൂറിന്റെ മകന്‍ മുഹമ്മദ് പറയുന്നു.
കേടുപാടു വന്ന പുസ്തകങ്ങള്‍
എന്തു വില കൊടുത്തും ഈ പുസ്തകശാല നിലനിര്‍ത്താനാണ് സാമിര്‍ മന്‍സൂറിന്റെ കുടുംബത്തിന്റെ തീരുമാനം. ഗാസയുടെ നിലനില്‍പ്പിന്റെ കൂടി പ്രതീകമാണ് ഈ പുസ്തകശാലയെന്നാണ് അവര്‍ കരുതുന്നത്. പുതിയ ഒരു കെട്ടിടത്തില്‍ പുസ്തകശാല ആരംഭിക്കാനുള്ള ചര്‍ച്ചകളിലാണ് അവര്‍. ഏതുനിമിഷവും കൊല്ലപ്പെടാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ഗാസ നിവാസികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അത്ര അസാധാരണമൊന്നുമല്ല എന്ന് വിശദീകരിക്കുന്നു, കടയുടമയുടെ മകന്‍ മുഹമ്മദ് സാമിര്‍.
ലോസ് എയ്ഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലൈവ് സ്റ്റഫോര്‍ഡ്, മഹ്‌വിഷ് റുക്‌സാന എന്നീ മനുഷ്യാവകാശ അഭിഭാഷകരുടെ മുന്‍കൈയില്‍ ഇതിനായി ഒരു ക്രൗഡ് ഫണ്ട് പേജ് ആരംഭിച്ചിട്ടുണ്ട്. 986 പേര്‍ ഇതിനകം സഹായം നല്‍കി. ഇതിനകം 8000 ഡോളര്‍ (5.82 ലക്ഷം രൂപ) സ്വരൂപിക്കാനായി. പുസ്തകശാല പുനസ്ഥാപിക്കാനുള്ള ശ്രമത്തിന് അടിത്തറയാവും ഈ സഹായധനമെന്നാണ് ഗാസയിലെ പുസ്തക പ്രണയികള്‍ വിശ്വസിക്കുന്നത്. ലോകമെങ്ങുമുള്ള മനുഷ്യരുടെ പിന്തുണയും സഹായവുമാണ് ഇതിനായി അവര്‍ ആവശ്യപ്പെടുന്നത്.