'കണ്ണൂര്‍ ഒരു ചുരുളി, സിപിഎം നിര്‍ദേശപ്രകാരം കോണ്‍ഗ്രസുകാരനെ കുരുക്കി', മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍

By Pusthakappuzha Book Shelf  |  First Published Jun 8, 2023, 2:48 PM IST

സോളാര്‍ കമ്മീഷനെതിരെ തുറന്നടിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ ഹേമചന്ദ്രന്റെ തുറന്നുപറച്ചില്‍.  ആത്മകഥയിലുള്ളത് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍. അരുണ്‍ കുമാര്‍ എഴുതുന്നു


ശബരിമലയില്‍ പൊലീസിന് അടിതെറ്റിയെന്നും പുസ്തകത്തില്‍ എ ഹേമചന്ദ്രന്‍ വിലയിരുത്തുന്നു. 'നിരീക്ഷക സമിതി അംഗമെന്ന നിലയില്‍ ശബിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു.'

 

Latest Videos

 

ഒരു പതിറ്റാണ്ടിനിപ്പുറവും കേരള രാഷ്ട്രീയത്തില്‍ അലയൊലികള്‍ തീരാതെ നില്‍ക്കുകയാണ് സോളാര്‍ വിവാദം. ഒരു പക്ഷെ, കേരളത്തില്‍ യുഡിഎഫിന്റെ അടിത്തറ തന്നെ കുലുക്കിയ ആ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സോളാര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ ഡി ജി പി എ. ഹേമചന്ദ്രന്റെ സര്‍വീസ് സ്‌റ്റോറിയാണ് സോളാര്‍ വിവാദത്തെ വീണ്ടും ചര്‍ച്ചയാക്കുന്നത്. 'എവിടെ നീതി' എന്നു പേരിട്ട പുസ്തകത്തില്‍ സോളാര്‍ അന്വേഷണ കമീഷനെ കുറിച്ചും രൂക്ഷമായ വിമശനങ്ങളുണ്ട്. 

സാമ്പത്തിക തട്ടിപ്പ്, വഞ്ചന, അഴിമതി, ലൈംഗിക പീഡനം, സ്വജനപക്ഷപാതം, ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ലംഘനം, എന്നിങ്ങനെ അനേകം അടരുകളുണ്ട് സോളാര്‍ വിവാദത്തിന്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിയുടെ വക്കുവരെയെത്തി, ആ വിവാദകാലത്ത്. അതൊക്കെ കാലം കഴിഞ്ഞപ്പോള്‍ അടങ്ങി. സര്‍ക്കാര്‍ മാറിയപ്പോള്‍ വിവാദങ്ങള്‍ ശമിക്കാന്‍ തുടങ്ങി. എന്നാല്‍, ഇന്നും ശമിക്കാതെ നില്‍ക്കുന്നത് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തലുകളും സമരത്തിന്റെ ഒത്തുതീര്‍പ്പുമാണ്. 

അഞ്ചുകോടി ചെലവാക്കി വിവാദം അന്വേഷിച്ച  കമ്മീഷന്‍ വസ്തുതാവിരുദ്ധമായി എന്തോ എഴുതിപ്പിടിപ്പിക്കുകയായിരുന്നുവെന്ന് സ്വന്തം ആത്മകഥയിലൂടെ മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍ വിമര്‍ശിച്ചത് ഈയടുത്താണ്. അതിനു പിന്നാലെയാണ് മുന്‍ ഡി ജിപി എ. ഹേമചന്ദ്രന്റെ പുസ്തകത്തിലെ രൂക്ഷ വിമശനങ്ങള്‍. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍, അന്വേഷണ സംഘ തലവന്‍ എന്നീ നിലകളില്‍ ഈ വിവാദത്തെ സമീപിക്കുന്ന എ ഹേമചന്ദ്രന്റെ വസ്തുകള്‍ നിരത്തിയുള്ള വിമര്‍ശനങ്ങള്‍ പൊള്ളിക്കുന്നതാണ്.

കമീഷന്റെ കഥ

2013 ഓഗസ്റ്റിലാണ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് ശിവരാജനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്വേഷ കമീഷനായി നിയമിക്കുന്നത്. 2017 ഒക്‌ടോബറില്‍ കമ്മീഷന്‍ ആയിരം പേജിലധികം വരുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കാലാവധി നീട്ടണമെന്ന് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയെങ്കിലും അതു തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ്, കമീഷന്റെ നാലു വര്‍ഷത്തെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി കൈമാറിയത്. 

കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം സ്വീകരിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. സോളാര്‍ കേസിലെ പ്രതിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ സിവിലായും ക്രിമിനലായും കേസ് വന്നു. കേസന്വേഷണം നടത്തിയ അന്നത്തെ ദക്ഷിണ മേഖല എ ഡി ജി പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ആറ് ഡിവൈഎസ്പിമാര്‍ അടങ്ങിയ സംഘത്തിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. ഹേമചന്ദ്രനെ ഇന്റലിജന്‍സില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും തലങ്ങും വിലങ്ങും മാററി. അന്ന് കേരള പൊലിസിലുണ്ടായിരുന്ന ഏറ്റവും മിടുക്കരായ ഡിവൈഎസ്പിമാര്‍ക്കെതിരെയായിരുന്നു ഈ നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ട, പകരം തനിക്കെതിരെ മാത്രം നടപടിയെടുക്കണം, അവര്‍ ചെയ്തതെല്ലാം എന്റെ എന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്ന നിലപാട് സ്വീകരിച്ചതോടെ എ. ഹേമചന്ദ്രന്‍ സര്‍ക്കറിന്റെ കണ്ണിലെ കരടായി. 

വിവിധ അന്വേഷണ ഏജന്‍സികള്‍ സോളാര്‍ കേസ് അന്വേഷിച്ചിട്ടുണ്ട്. സിബിഐയും അന്വേഷിച്ചു. പ്രത്യേകം സംഘം കണ്ടെത്തിയതിപ്പുറം ഒരു പെറ്റി കേസുപോലും ഒരു ഏജന്‍സിയും കണ്ടെത്തിയില്ല. ലൈംഗിക ആരോപണങ്ങളെല്ലാം സിബിഐ എഴുതിതള്ളി. അന്വേഷണസംഘത്തിലുണ്ടായിരുന്ന മൂന്നു ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസും ലഭിച്ചു. വിജിലന്‍സ് ഡയറക്ടര്‍ പദവി കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായി പടിയിറങ്ങുന്ന വേളയില്‍ ഏഷ്യാനെററ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു-'സത്യങ്ങള്‍ ഒരിക്കല്‍ പുറത്തുവരും, അത് സധൈര്യം പറയുകയും ചെയ്യും.' 

സര്‍വീസ് സ്‌റ്റോറിയില്‍ പറയുന്നത്

സര്‍വീസ് സ്‌റ്റോറിയിലെ, 'സോളാര്‍ കമ്മീഷന്‍- അല്‍പ്പായുസ്സായ റിപ്പോര്‍ട്ടും തുടര്‍ചലനങ്ങളും' എന്ന അധ്യായമാണ് പല വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചില സംശയങ്ങളുടെ ഉത്തരത്തിലേക്ക് പോകുന്നത്. കമ്മീഷന്‍ അന്വേഷണത്തിന്റെ പരിധികളും വരികള്‍ക്കിടയില്‍ അദ്ദേഹം വ്യാഖ്യാനിക്കുന്നുണ്ട്. കൊട്ടിഘോഷിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അധിക കാലത്തെ നിയമസാധുതയുണ്ടായിരുന്നില്ല. കണ്ടെത്തലുകളെ ചോദ്യം ചെയ്ത് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതോടെ സോളാര്‍ കേസിലെ പ്രതിയുടെ കത്തിനെ ആസ്പദമാക്കി കമ്മീഷന്‍ നടത്തിയ നിഗമനങ്ങളെല്ലാം കോടതി തളളി. ഇതിന്റെ ഭാഗമായ തുടര്‍നടപടികളും അതോടെ ഇല്ലാതായി. റിപ്പോര്‍ട്ടിലുള്ളത് മനുഷ്യന്റെ അന്തസും സ്വകാര്യതയും ഹനിക്കുന്ന കണ്ടെത്തലുകളാണെന്ന ആക്ഷേപം ഹൈക്കോടതി ശരിവച്ചതോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് അസാധുവായെന്നാണ് എ. ഹേമചന്ദ്രന്‍ ആത്മകഥയില്‍ പറയുന്നത്. കമീഷനെതിരെ അതിനപ്പുറവും കടക്കുന്നുണ്ട് പുസ്തകത്തിലെ വിമര്‍ശനങ്ങള്‍. ഏഴു പ്രാവശ്യം കമീഷനുമുന്നില്‍ ഹാജരായ എ. ഹേമചന്ദ്രന്റെ കമീഷെനക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ സംഗ്രഹം ഇനി വായിക്കുക: 

1. ജസ്റ്റിസ് ശിവരാജന്‍ അന്വേഷിച്ചത് അത്രയും സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. 
2. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള തമാശകള്‍ പോലും അരോചകമായിരുന്നു. 
3. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമീഷന്റെ ശ്രമം. 
4. കമീഷന്റെ പെരുമാറ്റം സദാചാര പൊലീസിന്റെത് പോലെയായിരുന്നു. 
5. കമ്മീഷന്‍ തെളിവിനായി ആശ്രയിച്ചത് തട്ടിപ്പ് കേസിലെ പ്രതികളെ ആയിരുന്നു.  
6. കമീഷന്റെ മാനസികാവസ്ഥ പ്രതികള്‍ നന്നായി മുതലെടുത്തു. 
7. അന്വേഷണ ഉദ്യോഗസ്ഥരുടേത് അടക്കം അന്തസും മൗലിക അവകാശവും ഹനിക്കുന്ന  പെരുമാറ്റം കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. 
8. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങള്‍. അന്തസ്സായ മറുചോദ്യങ്ങള്‍ മനസില്‍ വന്നുവെങ്കിലും മനസിലൊതുക്കി. 
9. ഭരണം മാറിവന്നപ്പോള്‍ വീണ്ടും മൊഴി മാറ്റിപ്പറയുമെന്ന പ്രതീക്ഷയോടെ കമ്മീഷന്‍ വിസ്തരിച്ചു. 

അന്വേഷണ കമീഷനുകളുടെ നിഗമനങ്ങളെ ഇതിനു മുമ്പും പലരും വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ ഇത്തരമൊരു ഇഴകീറിയ ഇകഴ്ത്തല്‍ ഒരു സര്‍വ്വീസ് സ്റ്റോറിയില്‍ വരുന്നത് ആദ്യമാകും.


'ആ അറസ്റ്റ് എന്റെ തീരുമാനം'

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മികച്ച ഭരണകര്‍ത്താവിനുള്ള അവാര്‍ഡുവാങ്ങാന്‍  അമേരിക്കയില്‍ പോയപ്പോഴാണ് അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ജോപ്പന്‍ സോളാര്‍ കേസില്‍ അറസ്റ്റിലാകുന്നത്. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ പിന്നില്‍ നിന്നുള്ള കുത്താണിതെന്നായിരുന്നു ഒരു വ്യാഖ്യാനം. എന്നാല്‍, ആ അറസ്റ്റ് തന്റെ തീരുമാനമെന്നാണ് എ ഹേമചന്ദ്രന്‍ പുസ്തകത്തില്‍ ഏറ്റുപറയുന്നത്. 'അറസ്റ്റിന്റെ പേരില്‍ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തില്‍ നിന്നും പിന്മാറാമെന്ന് അറിയിച്ചപ്പോള്‍ വിലക്കിയത് തിരുവഞ്ചൂര്‍ ആയിരുന്നു.'-സര്‍വീസ് സ്‌റ്റോറിയില്‍ അദ്ദേഹം പറയുന്നു.  


'ശബരിമലയില്‍ പൊലീസിന് അടിതെറ്റി'
ശബരിമലയില്‍ പൊലീസിന് അടിതെറ്റിയെന്നും പുസ്തകത്തില്‍ എ ഹേമചന്ദ്രന്‍ വിലയിരുത്തുന്നു. നിരീക്ഷക സമിതി അംഗമെന്ന നിലയില്‍ ശബിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ പട്ടിക കൊടുക്കുന്നതനുസരിച്ചാണ് കണ്ണൂരിലെ രാഷ്ട്രീയ കേസുകളില്‍ പ്രതിപട്ടിക തയ്യാറാക്കുന്നതെന്നും തുറന്നടിക്കുന്നുണ്ട്, അദ്ദേഹം. കണ്ണൂര്‍ ഒരു ചുരുളിയാണെന്നാണ് സര്‍വീസ് സ്‌റ്റോറിയില്‍ മുന്‍ ഡി ജി പി  പറയുന്നത്. സിപിഎം നിര്‍ദ്ദേശ പ്രകാരം ഒരു തല്ലുകേസില്‍ കോണ്‍ഗ്രസുകാരനെ കള്ളക്കേസില്‍ കുരുക്കിയതായി കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ ചുമതല വഹിച്ചിരുന്ന ഹേമചന്ദ്രന്‍ വെളിപ്പെടുത്തുന്നുണ്ട്. സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തിയതോടെ കസേര തെറിച്ച കാര്യവും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. 

മൂന്നു പതിറ്റാണ്ടോളം കേരളത്തിലെ വിവിധ തസ്തികകളിലിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ തുറന്നു പറച്ചിലുകള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമാവുകയാണ്. ആ ഉത്തരങ്ങള്‍ വരും ദിവസങ്ങളില്‍ പുതിയ ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് സാധ്യത.

click me!