വായ്ത്തല നീട്ടിയ ചേളക്കത്തി, ആര്യവാളിന്റെ ഭയപ്പെടുത്തുന്ന തിളക്കം

By Pusthakappuzha Book Shelf  |  First Published Dec 1, 2022, 4:16 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് എച്ച് ആന്റ് സി പബ്ലിക്കേഷന്‍സ് ഡയമണ്ട് ജൂബിലി നോവല്‍ പുരസ്‌കാരം ലഭിച്ച 'ദൈവക്കരു' എന്ന നോവലിലെ ഒരു അധ്യായം. തെയ്യമാവുന്ന മനുഷ്യരുടെ ജീവിതസമസ്യകള്‍ നിരവധി ലേഖനങ്ങളിലൂടെ പച്ചയായി മലയാളി വായനക്കാരുടെ മുന്നിലെത്തിച്ച എഴുത്തുകാരന്‍ വി കെ അനില്‍കുമാര്‍ എഴുതിയ 'ദൈവക്കരു' ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. 


''ഏത് നിമിഷവും പടയെത്തിയേക്കും. ചിലപ്പോ മുമ്പത്തെപോലെ ഭീഷണി മാത്രമാകാനും മതി. എന്തായാലും ജാഗ്രത കൈവെടിയാതിരിക്കണം. ഇടക്കുവെച്ച് നിര്‍ത്തിയ പരിശീലനക്കളരികള്‍ പൂര്‍വ്വാധികം ശക്തമായി വീണ്ടും തുടങ്ങണം. ഇപ്പോള്‍ നമ്മുടെ കയ്യില്‍ ആയുധങ്ങള്‍ കുറവാണ്. ഉള്ളതു തന്നെ ഏറെ പഴകിയതാണ്. പടയ്ക്ക് വേണ്ടുന്ന ഏറ്റവും മികച്ച ആയുധങ്ങള്‍ കരുതണം.'' 

 

Latest Videos

പെയിന്റിംഗ്:  സന്തോഷ് കുമാര്‍ മേലേപ്പറമ്പില്‍ 

undefined

 

മുത്താര്‍മുടിപ്പട 

പിറ്റേന്നും പതിവുപോലെ മന്നപ്പന്‍ വാണിഭത്തിന് പോയി. തിരിച്ച് മലയിറങ്ങിവരുമ്പേള്‍ വന്താര്‍മുടിയാറ്റിന്‍ തീരത്ത് ഉറ്റചങ്ങാതിമാരായ മേതനെയും വെള്ളാളനെയും കണ്ടു. തീവെയിലേറ്റുറച്ചുപോയ രണ്ടുപേരും വല്ലാതെ പരിഭ്രമിച്ചിരുന്നു. എന്തിനും ഏതിനും പോന്ന തണ്ടയും കയ്യും കനത്ത ചങ്ങാതികളാണ് മേതനും വെള്ളാളനും. അവരെ ക്ഷീണിച്ചോ തിരുളുണങ്ങിയോ കാണാറില്ല. ചങ്ങാതിമാരിരുവരും മന്നപ്പനെ കാത്തിരിക്കുകയായിരുന്നു.
 
''ചങ്ങാതി മന്നപ്പാ ഇന്നത്ത എണ്ണവാണിഭം കഴിഞ്ഞോ..''

വെള്ളാളന്‍ ഒരു രഹസ്യം പറയുന്നതുപോലെ ശബ്ദമടക്കി മന്നപ്പന്റെ ചെവിയോട് മുഖംചേര്‍ത്തു.

''ചങ്ങാതികളേ ഇന്ന് വഴികളേറെയൊന്നും താണ്ടിയില്ല. വാണിഭം വേഗത്തില്‍ തീര്‍ത്തു.''

''എന്റെ ചങ്ങാതിമാരുടെ മീടെന്താ തൊപ്പന്‍1  വാടിക്കാണ്ന്ന്. കുടക് നാട്ടിലെ വീരന്മാരല്ലേ നിങ്ങള്‍.''  

 ''അപ്പോ നീയൊന്നുമറിഞ്ഞില്ലേ മന്നപ്പാ..മുത്താര്‍മുടിക്കുടകര്‍ പടകൂടാന്‍ വരുന്നുണ്ട്. വന്താര്‍മുടിയാറ്റിനക്കരെയുള്ള നമ്മുടെ ചങ്ങാതിമാര്‍ തന്ന വിവരമാണ്.''   

'' ആര് മുത്താര്‍മുടിയിലെ വെക്കുടകനോ.. വെക്കുടകന്റെ പടയല്ലേ എത്രയോ കാലമായി നമ്മുടെ കൃഷിയും കന്നുകാലികളെയും കൊള്ളയടിക്കുന്നത്.''

മന്നപ്പന് കാര്യങ്ങളൊക്കെ നേരത്തെ ബോധ്യമുള്ളതാണ്. കതിവനൂരിലെ ജനങ്ങള്‍ എത്രയോ കാലമായി നേരിടുന്ന വലിയ പ്രശ്നമാണ് മുത്താര്‍മുടിപ്പട. എണ്ണപ്പാടകവും ചുമന്ന് കതിവനൂര്‍മണ്ണിലെ ജീവിതങ്ങളിലൂടെ നടക്കുമ്പോള്‍ ചങ്ങാതിമാര്‍ മന്നപ്പനോട് അവരുടെ ദുരിതങ്ങളൊക്കെ വിശദമായി പറഞ്ഞിട്ടുള്ളതാണ്. 

''മന്നപ്പാ നമുക്ക് വന്താര്‍മുടിയിലേക്കു പോകാം. അമ്മനും കുടകനും നമ്മളെ കാത്തിരിക്കുന്നുണ്ട്.''  

മന്നപ്പന്‍ മേതനും വെള്ളാളനുമൊപ്പം വന്താര്‍മുടിപ്പുഴയുടെ തീരത്തെ കാട്ടിലെ ഒളിസങ്കേതത്തിലേക്ക് നടന്നു. എണ്ണക്കച്ചവടത്തിനിറങ്ങിയ മന്നപ്പന്‍ പലനിലയ്ക്കും കതിവനൂരിലെ ജനങ്ങളുടെ പ്രശ്നങ്ങളും മനസ്സിലാക്കി. കണ്ടത്തില്‍ കഠിനാധ്വാനം ചെയ്യുമ്പോഴും മലകരിച്ച് വിത്തെറിയുമ്പോഴും കന്നുകാലികളുമായി പുല്‍മേടുകള്‍ കയറിയിറങ്ങുമ്പോഴും കതിവനൂരിലെ മനുഷ്യരുടെ ആധി പെരുകി. വീട്ടിലെ ആണുങ്ങളുടെ സ്വസ്ഥത നശിച്ചു. ഏപ്പോള്‍ വേണമെങ്കിലും മുത്താര്‍മുടിക്കുടകരുടെ അക്രമണത്തിന് ഇരയായേക്കും. 

താന്‍ സ്വായത്തമാക്കിയ ആയുധവിദ്യകളും കളരിമുറകളും ഇന്നേറ്റവും ആവശ്യമായി വന്നിരിക്കുകയാണ്. മേതനും വെള്ളാളനും പടക്ക് പോകുന്നവരാണെങ്കിലും വെക്കുടകനെയും കൂട്ടരെയും എതിരിടുന്നതിനുള്ള ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നില്ല. മന്നപ്പന്‍ കുടകിലെ കൂട്ടരോട് കൂടിയാലോചിച്ച് കതിവനൂരില്‍ സ്വന്തമായി കളരിതുടങ്ങി. താനിതുവരെ അഭ്യസിച്ച എല്ലാ അടവുകളും ആയുധവിദ്യകളും പൊയ്ത്തിന്റെ വിവിധ സമ്പ്രദായങ്ങളും ചങ്ങാതിമാരെ പഠിപ്പിക്കാനുറച്ചു. വീട്ടില്‍ ആരോടും ഒന്നും പറഞ്ഞില്ല. അണ്ണുക്കന്‍ തന്റെ മനസ്സാക്ഷിയായതിനാല്‍ അവനോടൊന്നും ഒളിച്ചുവെച്ചില്ല. 

മേതനും കുടകനും അമ്മനും വെള്ളാളനും കളരികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഘട്ടംഘട്ടമായി വളരെ ആസൂത്രിതമായിത്തന്നെ അതിനുവേണ്ടുന്ന കരുക്കള്‍ നീക്കി. നാടുവാഴുന്ന തമ്പുരാനറിഞ്ഞാല്‍ തലപോകുന്ന കാര്യമാണ്. കതിവനൂരിലെ കരുത്തരായ വാല്യക്കാരെ സംഘടിപ്പിച്ച് വെക്കുടകനെ നേരിടാനായി പടയൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങനെ നേരത്തെ തുടങ്ങി. കൊടുങ്കാട്ടിലെ മരങ്ങളും വള്ളിപ്പടര്‍പ്പുകളും വെട്ടിമാറ്റി ആയുധപരിശീലനത്തിന് വേണ്ടുന്ന കളരി മന്നപ്പന്റെ നേതൃത്വത്തില്‍ തയ്യാറാക്കി. അത്രയും വിശ്വാസമുള്ള പോരാട്ടവീര്യമുള്ളവരെ മാത്രമാണ് പടയില്‍ ചേര്‍ത്തത്. മേതനും വെള്ളാളനും വീര്യമുള്ള വാല്യക്കാരെ കണ്ടെത്തി ഒളിസങ്കേതത്തിലെത്തിച്ചു. വന്താര്‍മുടിക്കാട്ടില്‍ നടക്കുന്നതൊന്നും പുറംലോകമറിഞ്ഞില്ല. 

മന്നപ്പന്‍ ഉച്ചവരെ എണ്ണക്കച്ചവടവും ഉച്ചയ്ക്കു ശേഷം ആയുധപരിശീലനവും നടത്തി. കുറേ കാലം ഇതു തുടര്‍ന്നു. വാല്യക്കാര്‍ കാര്യങ്ങളൊക്കെ പഠിച്ചെടുത്തു. എമ്മനും കുടകനും കാട്ടിനകത്തെ കാര്യങ്ങളൊക്കെ നിയന്ത്രിച്ചു. മുത്താര്‍മുടിക്കുടകരുടെ വലിയ ശല്യമൊന്നും പിന്നീടുണ്ടായില്ല. എല്ലാ ദിവസവും അതീവരഹസ്യമായി മന്നപ്പനും ചങ്ങാതിമാരും കുടകിലെ ചെറുപ്പക്കാര്‍ക്ക് വന്താര്‍മുടിക്കാട്ടിലെ ഒളിസങ്കേതത്തില്‍ വെച്ച് ആയുധപരിശീലനം നല്കി. പുറത്തുനിന്നുമുള്ള ഒരാള്‍ക്ക് ഈ ഒളിയിടത്തിലെത്തുക അസാദ്ധ്യമാണ്. കുറച്ചുകാലം കഠിനമായ പരിശീലനവും ആയുധാഭ്യാസവും തുടര്‍ന്നു. പക്ഷേ അന്ന് വെക്കുടകന്റെ ഭീഷണിയല്ലാതെ മുത്താര്‍മുടിക്കുടകര്‍ പടകൂടാന്‍ വന്നില്ല. പിന്നെ കളരി താല്ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

കതിവനൂരിലെ ജനങ്ങളെ ഏറ്റവും ദുരിതത്തിലാഴ്ത്തുന്നതാണ് മുത്താര്‍മുടികുടകരുമായുള്ള പൊയ്ത്ത്. നീണ്ടകാലത്തെ കുടിപ്പകയുടെയും പടയുടെയും ചരിത്രമതിനുണ്ട്. കിഴക്കുനിന്നും മലയിറങ്ങി വരുന്ന മുത്താര്‍മുടിപ്പട കുടകുജീവിതം തകര്‍ത്തു. കനലെരിയുന്ന കണ്ണുമായി അവര്‍ കാടിറങ്ങും. പടകൂടിക്കഴിഞ്ഞാല്‍ കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കും. വെയിലും മഴയും കൊടുംതണുപ്പും സഹിച്ച് കതിവനൂരിലെ മനുഷ്യര്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്തുമുഴുനും കൊള്ളയടിച്ചു. നാടുവാഴുന്ന തമ്പുരാന്റെ പടയുടെ സഹായവും ഈ കൊള്ളസംഘത്തിനുണ്ടെന്നത് രഹസ്യമാണ്. കുറെകാലമായി കെട്ടടങ്ങിയ വലിയ പ്രശ്നം വീണ്ടും തലപൊക്കുകയാണ്. കതിവനൂരിലെ ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും നഷ്ടമാവുകയാണ്.  

മന്നപ്പന്‍ വരുന്നതിനുമുമ്പ് മുത്താര്‍മുടിക്കുടകരെ നേരിടുന്നതിനുള്ള ശ്രമങ്ങളൊന്നും വേണ്ടത്ര വിജയിച്ചില്ല. ചെറുത്തുനില്പുകളും പ്രതിരോധങ്ങളും ദുര്‍ബ്ബലമായിരുന്നു. എത്രയോ പേരുടെ ജീവന്‍ നഷ്ടമായി. എത്രയോ സമ്പത്ത് നഷ്ടമായി. കതിവനൂരിലെ ആണുങ്ങള്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ വല്ലാതെ കഷ്ടപ്പെടുമ്പോഴാണ് മലനാട്ടില്‍നിന്നും മലയാളച്ചേകോന്‍ വരുന്നത്. കൃഷിപ്പണിയില്‍ നിന്നും എണ്ണക്കച്ചവടത്തിലേക്ക് കടന്നതോടെ മന്നപ്പന്‍ മറ്റൊരു ജീവിതത്തിലേക്കു കൂടിയാണ് നടന്നു കയറിയത്. എണ്ണവാണിഭത്തിന്റെ ആദ്യനാളുകളില്‍ തന്നെ കതിവനൂര്‍ ഒരു സാധാരണ സ്ഥലമല്ലെന്ന് മനസ്സിലായി. വേണമെങ്കില്‍ പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ കണ്ടവും പറമ്പും ചക്കും എരുതുകളുമായി കാലം കഴിക്കാം. അശാന്തിയുടെയും മനസ്സമാധാനക്കേടിന്റെയും സംഘര്‍ഷങ്ങളെ സ്വയം ഏറ്റെടുക്കേണ്ട ആവശ്യമില്ല. അണ്ണുക്കനെയും അമ്മാമനെയും പോലെ സമാധാനമായി ജീവിക്കാം. മറ്റുള്ളവരുടെ കണ്ണീരിനു മുന്നില്‍ തിരിഞ്ഞുനടക്കലല്ലോ ജീവിതം എന്ന സത്യം മന്നപ്പന്‍ വളരെ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. 

ചങ്ങാതികളും മന്നപ്പനും വന്താര്‍മുടിയിലെ ഒളിയിടത്തിലെത്തി. കാട്ടിനകത്ത് അമ്മനെയും കുടകനെയും കൂടാതെ സംഘത്തിലെ വേറെയും കുറേപേരുണ്ടായിരുന്നു. മന്നപ്പനെയും കൂട്ടരെയും കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. പടയിലെ ചങ്ങാതികള്‍ അങ്കത്തിനായി കെട്ടിയുണ്ടാക്കിയ തറയിലിരുന്നു. മന്നപ്പന്‍ സംസാരിച്ചു തുടങ്ങി.   
  
''വെക്കുടകന്‍ ഇനിയും പടകൂടാന്‍ വരികയാണെങ്കില്‍ അത് മുത്താര്‍മുടിക്കുടകരുടെ അവസാനമായിരിക്കും. നമ്മള്‍ അതിനനുസരിച്ചുള്ള നീക്കങ്ങള്‍ നടത്തണം. നാളെമുതല്‍ മുടങ്ങിപ്പോയ നമ്മുടെ പൊയ്ത്തും കളരികളും വീണ്ടും തുടങ്ങണം. വെള്ളാളനും മേതനും മുറകളും അടവുകളും പരിശീലിപ്പിക്കും. പുതിയ വാല്യക്കാരെക്കൂടി കൂട്ടി നമ്മുടെ പട വലുതാക്കണം. ഏറ്റവും മുന്തിയ ആയുധങ്ങള്‍ വാങ്ങണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ചെയ്യണം.''   

മന്നപ്പന്റെ സംസാരം എല്ലാവരിലും ആവേശം പകര്‍ന്നു. 

''ഏത് നിമിഷവും പടയെത്തിയേക്കും. ചിലപ്പോ മുമ്പത്തെപോലെ ഭീഷണി മാത്രമാകാനും മതി. എന്തായാലും ജാഗ്രത കൈവെടിയാതിരിക്കണം. ഇടക്കുവെച്ച് നിര്‍ത്തിയ പരിശീലനക്കളരികള്‍ പൂര്‍വ്വാധികം ശക്തമായി വീണ്ടും തുടങ്ങണം. ഇപ്പോള്‍ നമ്മുടെ കയ്യില്‍ ആയുധങ്ങള്‍ കുറവാണ്. ഉള്ളതു തന്നെ ഏറെ പഴകിയതാണ്. പടയ്ക്ക് വേണ്ടുന്ന ഏറ്റവും മികച്ച ആയുധങ്ങള്‍ കരുതണം.'' 

മന്നപ്പന്‍ വെക്കുടകനെ നേരിടുന്നതിനുള്ള കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് എല്ലാവര്‍ക്കും ആത്മവിശ്വാസം പകര്‍ന്നു. 

'' നമ്മളെ മണ്ണും മാനവും കാക്കാന്‍ ഒടുവിലൊരു മലയാളന്‍ ചുരമിറങ്ങേണ്ടിവന്നല്ലോ...''  

ഉള്ളില്‍ വീര്യം തിളച്ച മേതന്‍ ഉള്ളിലേക്കു നോക്കിപ്പറഞ്ഞു.   

എല്ലാവരോടും യാത്ര ചോദിച്ച് മന്നപ്പന്‍ കാടിറങ്ങി. ധൃതിയില്‍ നടന്നു. നേരം ഉച്ചകഴിഞ്ഞിരുന്നു. വീരരാജന്‍പേട്ടക്ക് ആളും ബഹളവുമുണ്ട്. വൈകിയെങ്കിലും ചന്ത അവസാനിച്ചിരുന്നില്ല. മന്നപ്പന്‍ തെരുവിലെ ആള്‍ക്കൂട്ടബഹളങ്ങളിലൂടെ നടന്നു. കുടകരും മലയാളരുമായ വാണിഭക്കാര്‍ പല വിശേഷങ്ങളും ചോദിച്ചു. മന്നപ്പന്‍ ഒന്നും കേട്ടില്ല ഒന്നും പറഞ്ഞില്ല. നടന്നുനടന്ന് ആളൊഴിഞ്ഞ ഇടനാഴിയിലെത്തി. ആളും ബഹളവും ഇല്ലാത്ത നിഴല്‍ വീണ ഇടുങ്ങിയ വഴി. പഴമയുടെ ഗന്ധം. ഇത് ചോരയുടെ മദിപ്പിക്കുന്ന മണമാണോ. മന്നപ്പന്റെ തലപെരുത്തു. വിജനമായ ഇരുണ്ട ഇടനാഴിയിലൂടെ പിന്നെയും കുറേദൂരം നടന്നു. ഈന്തോലകള്‍ കൊണ്ട് മേഞ്ഞ ചെറിയ ചെറിയ കുടിലുകള്‍ക്ക് മുന്നിലെത്തി. ആളുകളോ ബഹളങ്ങളോ ഇവിടെ കുറവാണ്. 

 

പെയിന്റിംഗ്:  വിനോദ് അമ്പലത്തറ

 

മടിക്കേരിയില്‍ നിന്നും വന്ന് വീരരാജന്‍പേട്ടയില്‍ കുടിലുകള്‍ കെട്ടി ആയുധവാണിഭം ചെയ്യുന്നവരുടെ പുരകളാണ്. പറഞ്ഞറീക്കാനാകാത്ത നിഗൂഢത ആ സ്ഥലത്തിനുണ്ടായിരുന്നു. മന്നപ്പന്‍ ദൂരെ മാറി ഒറ്റപ്പെട്ട പുരയിലേക്ക് നടന്നു. തൊണ്ടനായ2  വാണിഭക്കാരനും അയാളുടെ കൊടകത്തി ഭാര്യയും എഴുന്നേറ്റ് നിന്നു. അവര്‍ മന്നപ്പനെ സ്നേഹത്തോടെ അഭിവാദ്യം ചെയ്തു. മന്നപ്പന്‍ തനിക്ക് വേണ്ടുന്ന ആയുധങ്ങള്‍ പ്രത്യേകം കടയുന്നതിനായി ഏര്‍പ്പാടാക്കിയിരുന്നു. അവര്‍  ഇരുട്ട് തഴച്ച കുടിലിനകത്തേക്ക് കേറി. പലതരത്തിലുള്ള ആയുധമൂര്‍ച്ചകള്‍ ഇരുളിനെ കുത്തിക്കീറി. നിലത്ത് കൂട്ടിയിട്ടിരിക്കുന്ന പടക്കോപ്പുകള്‍. ചിലതൊക്കെ മലനാട്ടില്‍ കാണാത്തവയായിരുന്നു. പല വലുപ്പത്തിലുള്ള പടച്ചട്ടകള്‍, മുഖാവരണങ്ങള്‍, പീഢമോതിരങ്ങള്‍, വാളുകള്‍, കത്തി, കഠാര, കുന്തം, ഉറുമികള്‍, അമ്പുകെട്ടുകള്‍, ആവനാഴികള്‍..ആയുധങ്ങളും അവയുടെ മൂര്‍ച്ചകളും മന്നപ്പനെ മദിപ്പിച്ചു. 

മലനാട്ടിലെ ആയുധങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു മടിക്കേരിയിലെ ആയുധങ്ങള്‍. മലയാളര്‍ ഉപയോഗിക്കുന്നത് എത്രയോ പഴഞ്ചനും ഗുണനിലവാരം കുറഞ്ഞതുമാണെന്ന് മന്നപ്പന് മനസ്സിലായി. വാളുകളും കുന്തങ്ങളുമാണ് മലനാട്ടില്‍ പൊയ്ത്തില്‍ കൂടുതലും ഉപയോഗിക്കുന്നത്. വാളില്‍ത്തന്നെ വൈവിധ്യങ്ങള്‍ കുറവായിരുന്നു. പക്ഷേ കുടകര്‍ മുന്തിയ തരം ആയുധങ്ങള്‍ പ്രയോഗിച്ചു. പലതരം വാളുകളും കത്തികളും കട്ടാരങ്ങളും അവരെ പടവീരന്മാരാക്കി.  മന്നപ്പന്‍ കുടകിലെത്തിയതിന് ശേഷമാണ് പല ആയുധപ്രയോഗങ്ങളും പഠിച്ചെടുത്തത്. ആയുധമൂര്‍ച്ചയില്‍ മതിമറന്ന മന്നപ്പനെ വാണിഭക്കാരന്‍ തൊട്ടുവിളിച്ചു. 

'' നിങ്ങള്‍ക്ക് ആവശ്യമുള്ള ആയുധങ്ങളൊക്കെ കടഞ്ഞിട്ടുണ്ട്.''  

വാണിഭക്കാരന്‍ അകത്തുപോയി തോലില്‍ പൊതിഞ്ഞ ആയുധക്കെട്ടുകള്‍ പുറത്തേക്കു കൊണ്ടുവന്നു. കറുത്ത് മെലിഞ്ഞ് ചുരിക പോലെ ശരീരമുള്ള  മടിക്കേരിയിലെ വാണിഭക്കാരന്‍ തോലിന്റെ കെട്ട് പൊളിച്ചു. വായ്ത്തല നീട്ടിയ ചേളക്കത്തി മന്നപ്പന്റെ കണ്ണില്‍ക്കുത്തി. ആര്യവാളിന്റെ ഭയപ്പെടുത്തുന്ന തിളക്കം.

പറഞ്ഞുറപ്പിച്ച ആയുധങ്ങള്‍ മന്നപ്പന്‍ വാങ്ങിക്കെട്ടി. വാണിഭക്കാര്‍ നിശ്ചയിച്ച വിലയും കൊടുത്തു. നിഴല്‍ വീണ നീണ്ട വഴിയിലൂടെ മന്നപ്പന്‍ തിരിച്ച് നടന്നു. വീരരാജന്‍പേട്ടയിലെ ചന്തയില്‍ നിന്നും ആളുകള്‍ പരിഞ്ഞുതുടങ്ങി. തെരുവുകളില്‍ ആളും ആരവങ്ങളുമടങ്ങി. മന്നപ്പന്‍ അഞ്ച്കെട്ടമ്പ്, അരക്കന്‍ വില്ല്,  ആര്യര്‍വാള്, വര്‍ണ്ണപ്പലിശ, ചേളക്കത്തി, കുറിപ്പലിശ, വെള്ളോട്ടുതൊപ്പി, വെളിയന്‍ചമരിക എന്നീ ആയുധങ്ങള്‍ വലിയ ഭാണ്ഡമാക്കി തലയിലേറ്റി. എണ്ണപാത്രങ്ങള്‍ വന്താര്‍മുടിക്കാട്ടിലെ ഒളിയിടത്തിലാണ്. 

വയിലുചാഞ്ഞു. ഉച്ചതിരിഞ്ഞ് തിരിഞ്ഞോരയ്യടിനേരമായി. വന്താര്‍മുടിക്കാട്ടില്‍ നിന്നും ആയുധമൂര്‍ച്ചയിലേക്ക് നടന്നുകയറിയ മന്നപ്പന്‍ ഇപ്പോള്‍ വേളാര്‍കോട്ടെ വയല്‍പ്പച്ചയിലാണ്. കണ്ടത്തിന് നടുവിലെ ഒറ്റ യടിപ്പാതയിലൂടെ കതിവനൂര്‍വീട്ടിലേക്കു നടന്നു. ഇരുവശങ്ങളിലും വിളവുകളും കായ്കനികളും. പലനിറത്തിലും മണത്തിലുമുള്ള ജൈവസമൃദ്ധി. നെല്ല്, എള്ള്, പയറ,് ഉഴുന്ന് ഇങ്ങനെ ധാന്യങ്ങളുടെ കതിര്‍ കനത്ത പാടമൊരുഭാഗത്ത്. വെള്ളരി, മത്തന്‍. കുമ്പളം, കയ്പ, കോയ, വൈനി, ചീര, നിറഞ്ഞു തുടുത്ത കനികളുടെ മുതിര്‍ച്ച മറ്റൊരിടത്ത്. ഇങ്ങനെയൊരു വിളഭൂമി ഇതുവരെ കണ്ടിട്ടില്ല. മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ മണ്ണഴക്. എണ്ണ വിറ്റ് കഴിഞ്ഞ് സ്ഥിരമായി വരുന്ന വഴിയാണെങ്കിലും ഈ വിളഭൂമി ആദ്യമായി കാണുന്നതുപോലെ മന്നപ്പന് തോന്നി. തലയിലെ ഭാണ്ഡത്തില്‍ മുറുക്കിപ്പിടിച്ച് അയാള്‍ കണ്ടത്തിലൂടെ നടന്നു. 

 

പെയിന്റിംഗ്: വിപിന്‍ ടി പാലോത്ത് 
 

കൊടകിലെ അധ്വാനിക്കുന്ന മനുഷ്യരെക്കുറിച്ചോര്‍ത്ത് മന്നപ്പന് അഭിമാനം തോന്നി. ഈ വിളഞ്ഞ മണ്ണിനു വേണ്ടിയാണ് തലയില്‍ ഭാരവുമേന്തി നടക്കുന്നത്. ഈ അധ്വാനത്തിന് വേണ്ടി. കണ്ടത്തില്‍ പണിയെടുക്കുന്ന അല്‍പവസ്ത്രധാരികളായ ഈ കറുത്ത് മെലിഞ്ഞ മനുഷ്യര്‍ക്ക് വേണ്ടി. വേളാര്‍കോട്ടെ വിഭവവൈവിദ്ധ്യങ്ങള്‍ പടര്‍ന്ന പാടത്ത് പണിയെടുക്കുന്ന നിരവധി മനുഷ്യരെ മന്നപ്പന്‍ കണ്ടു. കണ്ടത്തിലെ കൂവലില്‍ നിന്നും  വെള്ളം മുക്കി ചീരക്കും വൈനിക്കും വെള്ളരിക്കും പോരുന്നവര്‍. ഇത്രയും വിളവുകള്‍ നട്ടുനനക്കുന്നവര്‍ ആരാണ്. വെള്ളരിവല്ലരികള്‍ ചൂടിയ നക്ഷത്രപ്പൂക്കളിലൂടെ ചീരച്ചുകപ്പിലൂടെ കൗപീനമുടുത്ത കുടകന്മാര്‍ക്കിടയിലൂടെ കൈക്കോട്ടുകള്‍ക്കും മമ്പാഞ്ഞികള്‍ക്കുമിടയിലൂടെ ആയുധമേന്തിയ മനുഷ്യന്‍ നടന്നു. മാനത്തെ പടിഞ്ഞാറെക്കൂവലില്‍3   നിന്നും സ്വര്‍ണ്ണവെളിച്ചം മുക്കിയെടുത്ത് പാടത്ത് പോരുന്നതാരാണ്. കനകകാന്തിയില്‍ കുതിര്‍ന്ന പൂക്കള്‍ക്കും വള്ളികള്‍ക്കും കായ്കനികള്‍ക്കും ധാന്യങ്ങള്‍ക്കുമിടയിലൂടെ സ്വപ്നത്തിലെന്നപോലെ പടവീരന്‍ നടന്നു. 

അന്തിവെയില്‍ കലക്കിയൊഴിച്ച കണ്ടത്തില്‍ തിളങ്ങുന്ന ആര്യവാള് കണ്ട് മന്നപ്പന് ശ്വാസം നിലച്ചു.  എവിടെത്തൊട്ടാലും ചോരചിന്തുന്ന ആയുധമൂര്‍ച്ചപോലൊരുവള്‍ മുന്നില്‍ വഴിമുടക്കി. എള്ളിന്‍ പൂക്കളുലര്‍ന്ന പാടത്തുനിന്നാണ് ഉക്കത്തൊരു4  കുംഭവുമായി അവള്‍ കേറിവന്നത്. കണ്ടത്തില്‍ വിടര്‍ന്ന തിലസുമങ്ങളൊക്കെയും അവളുടെ ചേലയില്‍ തുന്നിച്ചേര്‍ത്തിരുന്നു. വെള്ളരിവള്ളികളിലെ പൊന്നൊളി കവര്‍ന്നവള്‍ തലയില്‍ച്ചൂടി. ഉക്കത്തെടുത്ത മമ്പാഞ്ഞി തുളുമ്പിയവള്‍ നനഞ്ഞു. അവള്‍ കോരിനിറച്ചത് അന്തിവെയില്‍ നീറ്റിയ നിറങ്ങളായിരുന്നു. അവളുടെ പൊള്ളക്കണ്ണുകള്‍ പിടയുമ്പോള്‍ രാകിമിനുക്കിയ ചേളക്കത്തികളാഞ്ഞുവീശി. പുഞ്ചിരിപൊഴിച്ച ചുണ്ടുകള്‍ അഞ്ചുകെട്ടമ്പുകള്‍ തൊടുത്ത ധനുസ്സായി. പഞ്ചബാണങ്ങള്‍ പലദിശയിലൂടെ പാഞ്ഞുവന്നു. മാംസം തുളഞ്ഞ് മന്നപ്പന്റെ അകമനസ്സില്‍ പറിച്ചെറിയാനാകാത്ത പൊന്‍ശരം തറച്ചു.     

ഇതുവരെ കൂടാത്ത ഒരു പടകൂടുകയാണ്. ഇതുവരെ നേര്‍ക്കാത്ത ആയുധങ്ങളെ നേരിടുകയാണ്, ചുവടുറയ്ക്കുംമ്മുന്നം തന്റെ തല കൊയ്തെടുക്കുന്ന പൊയ്ത്താണിത്. ഇത്രയും മൂര്‍ച്ചയുള്ള ഒരായുധവും തന്റെ ഭാണ്ഡത്തിലില്ലെന്ന സത്യം മന്നപ്പനറിഞ്ഞു. താന്‍ പരാജയപ്പെടുന്ന  പൊയ്ത്താണിത്. അവള്‍ ചലിച്ചപ്പോള്‍ അന്തിച്ചുകപ്പില്‍ കാച്ചിയെടുത്ത ഉറുമിയുടെ ഭാഷയറിയാതെ മന്നപ്പന്‍ കുഴങ്ങി. പെണ്ണഴകിന്റെ സര്‍പ്പദംശത്തില്‍ മന്നപ്പന് നിലതെറ്റി. 

എള്ളിന്‍ നിറമുള്ള പെണ്ണൊരുവി. എള്ളിന്‍ മണമുള്ള പെണ്ണൊരുവി. ഇളവെയിലില്‍ കോടയൊഴിഞ്ഞ താഴ്വരസമം തെളിയുന്ന ഭൂമിക. കതിര്‍കനത്ത കണ്ടത്തിനു മുന്നില്‍ മന്നപ്പന്‍ നിശ്ശബ്ദനായി. കൊടകുമലയിറങ്ങിയ കാറ്റില്‍ അവളുടെ മുടിയിലെ കയ്പച്ചുരുളുകള്‍ മോത്ത് വീണു. നീണ്ട കൈകളും കാറ്റിലുലയുന്ന മുടിയിഴകളുമുള്ള പെണ്ണ് വിളഞ്ഞ കണ്ടത്തിലെകര്‍ന്നു. നിറഞ്ഞു തുളുമ്പുന്ന ജലകുംഭവുമായി എള്ളിന്‍ പാടത്തൂടെ എന്റെ ശരീരത്തില്‍ ചവുട്ടി പെണ്ണേ നീയെങ്ങുപോകുന്നു....

മോന്തി5  വെന്തുതിളച്ച ആകാശത്തിനുചുവട്ടില്‍ കന്യാവും വാല്യക്കാരനും ഒറ്റപ്പെട്ടു.

 

പദപരിചയം

1    കൂടുതല്‍
2    വൃദ്ധനായ
3    കല്ലുകെട്ടാതെ മണ്ണില്‍ കുഴിച്ച കിണര്‍
4    കുടം അരയിലെടുത്ത്
5    മൂവന്തി- സന്ധ്യ


 

click me!