ജപ്പാനിലെ ചില ഫാക്ടറികളിൽ ബോസിന്‍റെ പ്രതിമ വച്ചിരിക്കുന്ന മുറി വരെയുണ്ട് ദേഷ്യം തീര്‍ക്കാന്‍, പക്ഷേ...

By Pusthakappuzha Book Shelf  |  First Published May 19, 2020, 2:43 PM IST

മേൽപറഞ്ഞ പ്രവർത്തികളും രീതികളും മാനസിക സമ്മർദ്ദം കുറയ്ക്കാനും ദേഷ്യത്തിന് അയവ് വരുത്തുവാനും ഏറ്റവും നല്ല ഉപാധിയായി സ്ഥിരം കേൾക്കുന്ന കുറുക്കുവഴികളാണ്... സ്വയംസഹായ പ്രചോദന ഗുരുക്കന്മാരും, ചില  മനഃശാസ്ത്രജ്ഞന്മാരും വരെ അടിവരയിട്ട് പറഞ്ഞു കൊടുക്കുന്ന വിദ്യയുമാണിത്.


മനസ്സും പെരുമാറ്റവും, തലച്ചോറിന്റെ ചില കള്ളക്കളികള്‍, മാനസിക വ്യാപാരങ്ങളുടെ ശരിയായ വിശകലനങ്ങള്‍ ഇവയെ ഒക്കെ സംബന്ധിക്കുന്ന ധാരണകള്‍ വിപുലീകരിക്കാന്‍ ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം. ഉന്നതപഠനംവഴി നേടിയ അവഗാഹവും ഇന്ത്യയ്ക്കു പുറത്തുള്ള ക്ലിനിക്കുകളില്‍നിന്നുവരെ നേടിയ പ്രായോഗിക പരിചയവും ഡോ. റോബിന്‍ കെ. മാത്യു ലളിതവും നേരിട്ടുള്ളതുമായ ആഖ്യാനത്തിലൂടെ വെളിവാക്കുന്നു എന്നത് ശാസ്ത്രമെഴുതാന്‍ ആളെ തേടേണ്ടിവരുന്ന ഇക്കാലത്ത് വളരെ സംഗതമാണ്. മലയാളിയുടെ സാമൂഹിക രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് മനഃശാസ്ത്രപരമായ സാധൂകരണം നല്‍കുകയും തെറ്റായ നിഗമനങ്ങളുടെ തിരുത്തല്‍ അത്യാവശ്യമെന്ന് ധരിപ്പിക്കുകയും ചെയ്യുന്നു ഈ പുസ്തകത്തിലെ പല ലേഖനങ്ങളും. ആഴത്തിലുള്ള അറിവുകള്‍ സ്വരുക്കൂട്ടിയെടുത്തിരിക്കുക മാത്രമല്ല, വ്യത്യസ്തവും വിശാലവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട് ഈ ലേഖനശേഖരത്തില്‍- എതിരന്‍ കതിരവന്‍.

Latest Videos

 

നിങ്ങൾക്ക് നിങ്ങളുടെ മേലധികാരികളോടോ, ജീവിതപങ്കാളിയോടോ വല്ലാത്ത ദേഷ്യം തോന്നുന്നു. ദേഷ്യപ്പെട്ടാൽ സംഗതി വഷളാകും. ദേഷ്യപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് സഹിക്കുവാൻ സാധിക്കില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നിങ്ങൾക്ക് മുൻപിൽ ചില കുറുക്ക് വഴികൾ ഉണ്ടെന്ന് എനിക്കറിയാം.

നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ ഒരു മുറിയിൽ പോയി ഉറക്കെ ദേഷ്യപെടുകയോ, ആരും കേൾക്കാത്ത ഒരു  സ്ഥലത്തുപോയി ഒച്ച വയ്ക്കുകയോ  ചെയ്യുക. നിങ്ങളുടെ സമ്മർദം കുറയുകയും, ദേഷ്യത്തിന്  ശമനമുണ്ടാവുകയും ചെയ്യും. ജപ്പാനിലെ  ചില  ഫാക്ടറികളിൽ ബോസുമാരുടെ പ്രതിമ ഒരു മുറിയിൽ വച്ചിരിക്കുന്നു... ദേഷ്യം തോന്നിയാൽ തൊഴിലാളികൾക്ക് ആ മുറിയിൽ പോയി തന്റെ ദേഷ്യം ആ പ്രതിമയിൽ തീർക്കാം.

മേൽപറഞ്ഞ പ്രവർത്തികളും രീതികളും മാനസിക സമ്മർദ്ദം കുറയ്ക്കാനും ദേഷ്യത്തിന് അയവ് വരുത്തുവാനും ഏറ്റവും നല്ല ഉപാധിയായി സ്ഥിരം കേൾക്കുന്ന കുറുക്കുവഴികളാണ്... സ്വയംസഹായ പ്രചോദന ഗുരുക്കന്മാരും, ചില  മനഃശാസ്ത്രജ്ഞന്മാരും വരെ അടിവരയിട്ട് പറഞ്ഞു കൊടുക്കുന്ന വിദ്യയുമാണിത്.

എന്നാൽ, നിങ്ങളുടെ ദേഷ്യം എത്ര തവണ നിങ്ങൾ പുറത്തേക്ക് പോകുവാൻ അനുവദിക്കുന്നുവോ, അത് വീണ്ടും വീണ്ടും ആവർത്തിക്കുവാനുള്ള പ്രവണതയാണ് കൂടുന്നത്. അത് നിങ്ങൾ ബോസിന്റെ പ്രതിമയോട് തീർത്താലും, ഭിത്തിയോട് തീർത്താലും,  ദേഷ്യം  ആവർത്തിക്കുവാനുള്ള പ്രവണതയെ നിങ്ങൾ ഊട്ടി ഉറപ്പിക്കുകയാണ്. 

നിങ്ങൾക്ക് അതിയായ ദേഷ്യവും സമ്മർദ്ദവും ഉണ്ടാവുമ്പോൾ, നിങ്ങൾ ബോക്സിംഗ് ബാഗിൽ  ഇടിക്കുകയോ, അക്രമ സ്വഭാവമുള്ള വീഡിയോ ഗെയിം കളിക്കുകയോ ചെയ്യുമ്പോൾ തീർച്ചയായും നിങ്ങൾക്ക് വളരെയേറെ ആശ്വാസം തോന്നും. അരിസ്റ്റോട്ടിലിന്റെ കാലം മുതൽ ഈ വികാരശമനം നാടകം ഉണ്ടായിരുന്നു. പക്ഷേ, എങ്ങനെയൊക്കെ നിങ്ങൾ ദേഷ്യപ്പെട്ടാലും ദേഷ്യപ്പെടുവാനുള്ള നിങ്ങളുടെ മസ്‍തിഷ്‍ക പ്രവണത ശക്തി പ്രാപിക്കുകയാണ് ഇവിടൊക്കെ ചെയ്യുന്നത്.

Catharsis അഥവാ വികാരവിരേചനം എന്ന വാക്ക് തന്നെ വിശുദ്ധീകരിക്കുക ( kathairein) എന്ന ഗ്രീക്ക് വാക്കിൽ നിന്നുണ്ടായതാണ്. ലൈംഗികമായ സമ്മർദം ലൈംഗിക വേഴ്‍ചയ്ക്ക് ശേഷം കുറയുന്നു. ഇതുപോലെതന്നെ  മൂത്രശങ്ക മൂത്രമൊഴിച്ചു കഴിയുമ്പോൾ ശമിക്കുന്നു. ഇതേ ന്യായമാണ് ദേഷ്യത്തിന്റെ കാര്യത്തിലും ആളുകൾ ഉപയോഗിച്ചത്. ദേഷ്യപ്പെട്ടാൽ ദേഷ്യമങ്ങു പൊയ്ക്കൊള്ളും എന്ന അപയുക്തി.

ഡോ. റോബിൻ മാത്യു എഴുതി ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച 'മാടമ്പള്ളിയിലെ മനോരോഗികൾ , മനസ്സിന്‍റെ കള്ളക്കളികള്‍' എന്ന പുസ്‍തകം ഇവിടെ വാങ്ങാം. 

ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് catharsis -ന്റെ ഒരു ഒരു പ്രയോക്താവായിരുന്നു. ഉള്ളിൽ അമർന്നു കിടക്കുന്ന അടിച്ചമർത്തപ്പെട്ട വികാരങ്ങൾ  പുറത്തേക്ക് പോകുന്നതോട് കൂടി മാനസികമായി ഊർജ്ജം കൈവരിക്കാമെന്നും, ഇത് വഴി മനോജന്യ രോഗങ്ങൾ സുഖപ്പെടും എന്നും അദ്ദേഹം കരുതിയിരുന്നു. അടിച്ചമർത്തപ്പെട്ട വികാരങ്ങളും, ആഗ്രഹങ്ങളുമെല്ലാം പുറത്തേയ്ക്ക് വിട്ട്  മനസ്സ്‌ ശുദ്ധീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കരുതി.

എന്നാൽ 1990 -ൽ ബ്രാഡ് ബുഷ്മാൻ (Brad Bushman) എന്ന മനഃശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ തെളിയുന്നത് നമ്മുടെ അക്രമണസ്വഭാവം ഏത് വിധത്തിൽ പുറത്തുവിട്ടാലും അത് ആവർത്തിക്കപ്പെടാൻ ഉള്ള ഒരു പ്രവണത നമ്മുടെ മസ്‍തിഷ്‍കത്തിൽ ആലേഖനം ചെയ്യപ്പെടുകയാണ് എന്നാണ്. അതുകൊണ്ട് ദേഷ്യം വന്നാൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറിപ്പോവുകയും അർത്ഥവത്തായ മറ്റ് ജോലികളിൽ ഏർപ്പെട്ട് അത് തണുപ്പിക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ വികാരങ്ങളെ ഏതുവിധത്തിൽ പ്രകടിപ്പിച്ചാലും അത് തിരിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ വികാരങ്ങളെ വഴിമാറ്റുവാനുള്ള കഴിവാണ് നമ്മൾ അർജ്ജിക്കേണ്ടത്. എന്നാൽ, ഇത് അത്ര എളുപ്പമല്ല അതിന് വ്യക്തമായ ട്രെയിനിങ് തന്നെ ആവശ്യമായി വരും.

(ഡോ. റോബിൻ മാത്യു എഴുതി ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച 'മാടമ്പള്ളിയിലെ മനോരോഗികൾ, മനസ്സിന്‍റെ കള്ളക്കളികള്‍' എന്ന പുസ്‍തകത്തില്‍ നിന്നും ഒരു ഭാഗം.) 

click me!