ഈ കാര്‍ട്ടൂണ്‍ ഈ പ്രസില്‍ അച്ചടിക്കില്ല; കാര്‍ട്ടൂണിനെതിരെ ഉയര്‍ന്ന കത്തിമുനകളുടെ കഥ!

By Pusthakappuzha Book Shelf  |  First Published Nov 30, 2022, 5:55 PM IST

മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തെ സമഗ്രമായി സമീപിക്കുന്ന പുതിയൊരു പുസ്തകം കേരള മീഡിയ അക്കാദമി പുറത്തിറക്കിയിരിക്കുന്നു. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് എഴുതിയ 'മലയാള മാധ്യമങ്ങളും കാര്‍ട്ടൂണുകളും' എന്ന പഠനഗ്രന്ഥം. ആ പുസ്തകത്തില്‍നിന്നുള്ള വ്യത്യസ്തമായ ഒരധ്യായമാണ് ഇന്ന് പുസ്തകപ്പുഴയില്‍


മലയാള കാര്‍ട്ടൂണ്‍ ശതാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുകയാണ്. അന്നു മുതല്‍ ഇന്നു വരെ നൂറുകണക്കിന് മലയാള കാര്‍ട്ടൂണുകള്‍ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള സ്വേച്ഛാധിപതികളും മതമൗലികവാദികളും ഭയപ്പെടുന്ന കലാകാരന്മാരാണ് കാര്‍ട്ടൂണിസ്റ്റുകള്‍. വളരെ ലളിതമായി, കുറച്ചു വരകളിലൂടെയും വരികളിലൂടെയും, തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് നേര്‍വഴികാട്ടി സമൂഹത്തിനെ നേരിലേക്കു നയിക്കാന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കു മാത്രമേ സാധിക്കൂ. കാര്‍ട്ടൂണുകള്‍ എപ്പോഴും എല്ലാവരെയും സുഖിപ്പിക്കണമെന്നില്ല. കാര്‍ട്ടൂണിനെ കാര്‍ട്ടൂണായി കാണുവാന്‍ സാധിക്കാത്തിടത്താണ് വിവാദങ്ങള്‍ ഉണ്ടാകുന്നത്. മലയാളത്തിലെ വിവാദ കാര്‍ട്ടൂണുകളെക്കുറിച്ച് ഒരു അന്വേഷണമാണിത്. 

 

Latest Videos

 

ആദ്യകാര്‍ട്ടൂണും നാടുകടത്തലും 

മലയാള കാര്‍ട്ടൂണ്‍ അതിന്റെ പ്രാരംഭസമയം മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആദ്യ മലയാള കാര്‍ട്ടൂണ്‍ തന്നെ ഒരു പാട് ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയതാണ്. മലയാളത്തിലെ ആദ്യ കാര്‍ട്ടൂണാണ് 'മഹാക്ഷാമദേവത'. 1919 ഒക്ടോബര്‍ മാസം വിദൂഷകന്റെ അഞ്ചാം ലക്കത്തിലാണ് ആദ്യമായി 'മഹാക്ഷാമദേവത' എന്ന പേരില്‍ ഒരു ഹാസ്യ ചിത്രം അച്ചടിച്ചു വരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്തായിരുന്നു പ്രസ്തുത കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. നാട്ടില്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. തിരുവിതാംകൂര്‍ രാജാവിനെയും ഭരണത്തെയും ബ്രിട്ടീഷ് ഭരണത്തെയും വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ദിവാനും തിരുവിതാംകൂര്‍ രാജാവിനുമെതിരേ സ്ഥിരമായി ഹാസ്യലേഖനങ്ങളും ഹാസ്യചിത്രങ്ങളും വിദൂഷകനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ അനീതിയെയും അതിക്രമങ്ങളെയും അതിരൂക്ഷമായി ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന ശൈലിതന്നെ വിദൂഷകനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള പീഡനം ഏല്‍ക്കേണ്ടിയും വന്നിട്ടുണ്ട്. 

സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരേ എഴുതിയതിനും വരച്ചതിനും 'വിദൂഷകന്‍' കണ്ടുകെട്ടി. അതിലെ പ്രധാന ഹാസ്യചിത്രകാരനായ പി.എസ്. ഗോവിന്ദപിള്ളയെ ബ്രിട്ടീഷുകാര്‍ നാടുകടത്തി. ബ്രിട്ടീഷ് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ രാജാവിനെയും കാര്‍ട്ടൂണുകളിലൂടെയും ലേഖനങ്ങളിലൂടെയും വിമര്‍ശിച്ച പി.എസ്. ഗോവിന്ദപ്പിള്ളയെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലായ കാലാപാനിയിലേക്ക് 1933-ല്‍ നാടുകടത്തുകയായിരുന്നു.

 

 

കാരണം കാണിക്കല്‍ 

1933-ല്‍ മലയാള മനോരമ കാര്‍ട്ടൂണ്‍കലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഹാസ്യചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിവുള്ളവരെ കണ്ടെത്തുന്നതിനും ഒരു മത്സരം നടത്തിയിരുന്നു. അതില്‍ ലളിതമായ വിമര്‍ശനത്തോടെയാണെങ്കിലും വരയ്ക്കപ്പെട്ട മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ മലയാള മനോരമ പ്രസിദ്ധീകരിച്ചത് തിരുവിതാംകൂര്‍ ഭരണകേന്ദ്രത്തെ ചൊടിപ്പിച്ചു. നിയമനടപടികളെടുക്കാതിരിക്കണമെങ്കില്‍ എന്തു കാരണം ബോധിപ്പിക്കാനുണ്ട് എന്നു ചോദിച്ചുകൊണ്ടണ്ടുള്ള നോട്ടീസും അന്നു മനോരമയ്ക്കു നേരേ പുറപ്പെടുവിക്കുകയുണ്ടായി. അന്ന് മനോരമ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ എവ്വിധമെന്നും അവ നിയമവിരുദ്ധമാകുന്നത് ഏതു വിധത്തിലൊക്കെയാണെന്നും ചൂണ്ടിക്കാണിക്കുന്ന സര്‍ക്കാര്‍ ഭാഷ്യം കൗതുകകരമാണ്. (ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത അദ്ധ്യായത്തില്‍ ചേര്‍ത്തിരിക്കുന്നു. മലയാള മനോരമ പ്രസിദ്ധീകരിച്ച വിനോദചിത്രങ്ങള്‍ എന്ന മുഖപ്രസംഗവും അടുത്ത അദ്ധ്യായത്തില്‍ വായിക്കാം.) 

മരക്കുതിരപ്പുറത്തെ മന്നം

1959 ഓണക്കാലത്ത് ജനയുഗത്തില്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വരച്ചതാണ് 'പടത്തലവന്റെ പുറപ്പാട്' എന്ന കാര്‍ട്ടൂണ്‍. വിമോചനസമരകാലത്ത് മന്നത്ത് പത്മനാഭന്‍ ഒരു പ്രഖ്യാപനം നടത്തി. എന്റെ പടക്കുതിരയെ ഇ. എം. എസ്സിന്റെ മേശയുടെ കാലില്‍ കെട്ടും. സ്വരാജ് മോട്ടോഴ്സ് ഉടമ ശങ്കുണ്ണിപിള്ളയുടെ, എന്‍.എസ്.എസ്. പിന്തുണയോടെ പുറത്തിറങ്ങിയ ദേശബന്ധുവില്‍ സര്‍ക്കാര്‍വിരുദ്ധ കാര്‍ട്ടൂണുകളുടെ പ്രളയമായിരുന്ന കാലം. കെ.എസ്. പിള്ള മന്നത്തിന്റെ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി ഒരു കാര്‍ട്ടൂണ്‍ ദേശബന്ധുവില്‍ വരച്ചു. അത് പോസ്റ്ററായി നാടുനീളെ പ്രദര്‍ശിപ്പിക്കപ്പെട്ടു. മന്നത്തിന്റെ കുതിര സെക്രട്ടേറിയറ്റില്‍ എന്നതായിരുന്നു കാര്‍ട്ടൂണ്‍. ഇതിന് മറുപടിയായി യേശുദാസന്‍ ജനയുഗത്തില്‍ മറ്റൊരു കാര്‍ട്ടൂണ്‍ വരച്ചു. മന്നം ഒരു മരക്കുതിരയുടെ പുറത്തേറിനില്‍ക്കുന്നതായാണ് ചിത്രീകരിച്ചത്. ജനയുഗത്തില്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പുറത്തിറക്കിയ മറ്റു പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 

 


 

കാര്‍ട്ടൂണിസ്റ്റ് കഥാപാത്രമായാല്‍...

കാര്‍ട്ടൂണും കാരിക്കേച്ചറും വിമര്‍ശനവും ആക്ഷേപഹാസ്യവും എല്ലാം അടങ്ങിയ കലയാണ്. മറ്റുള്ളവരുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു തിരുത്തിപ്പിക്കുക എന്ന കര്‍മ്മംകൂടി ഈ കലാരൂപത്തിന് ഉണ്ട്. എന്നാല്‍ ഇങ്ങനെ വരയ്ക്കുന്നവര്‍തന്നെ കഥാപാത്രമായി വന്നാലത്തെ അവസ്ഥ എന്തായിരിക്കും? 

കാര്‍ട്ടൂണിസ്റ്റ് പോള്‍ കല്ലാനോട് വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമിയില്‍ ഒരു കോളം തുടങ്ങി. അസ്സലും പകര്‍പ്പും എന്നായിരുന്നു പേര്. കാരിക്കേച്ചറും ഒരു കുറിപ്പും ഉണ്ടാകും. മുമ്പ് കലാകൗമുദിയില്‍ ചെയ്തിരുന്ന പംക്തി അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്ന കെ.സി. നാരായണന്‍ പറഞ്ഞ പ്രകാരമാണ് മാതൃഭൂമിയില്‍ തുടങ്ങിയത്. പംക്തിയില്‍ ആദ്യം വരയിലെ ഗുരുവിനെ, കാര്‍ട്ടൂണിസ്റ്റ് ഒ.വി. വിജയനെത്തന്നെ പോള്‍ കല്ലാനോട് അവതരിപ്പിച്ചു. ആഴ്ചപ്പതിപ്പ് ഇറങ്ങിയതിനു പിന്നാലെ ഒ.വി. വിജയന്‍ തന്റെ നീരസം ടെലിഗ്രാം വഴി കോഴിക്കോട് മാതൃഭൂമിയില്‍ അറിയിച്ചു. പിന്നീട് ഡല്‍ഹിയിലെ ഐ.എന്‍.എസ് കെട്ടിടത്തിലെ മാതൃഭൂമി ഓഫീസിലെത്തി. തീര്‍ത്തും അസ്വസ്ഥനായ വിജയന്‍ മാതൃഭൂമിയില്‍ ഉണ്ടായിരുന്ന ടി.എന്‍. ഗോപകുമാര്‍ അടക്കമുള്ള ജീവനക്കാരോട് ബഹളമുണ്ടാക്കി. മാതൃഭൂമിക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും, പത്രാധിപരെ കോടതി കയറ്റും എന്നൊക്കെ വിളിച്ചുപറഞ്ഞു. ഐ.എന്‍.എസിലെ മറ്റ് ഓഫീസുകളില്‍നിന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ബഹളം കേട്ട് മാതൃഭൂമിയിലെത്തി. എല്ലാവരും കൂടി ഒ.വി. വിജയനെ സമാധാനിപ്പിച്ചു. ഒ.വി. വിജയന്‍ പറഞ്ഞുകൊടുത്ത വാക്കുകള്‍ ടി.എന്‍. ഗോപകുമാര്‍ പകര്‍ത്തി എഴുതി. അതൊരു കത്തായി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാം എന്ന ഉറപ്പിലാണ് വിജയന്‍ ഒന്ന് ഒതുങ്ങിയത്. 

മാതൃഭൂമിയിലെ കോളത്തില്‍ ഒ.വി. വിജയനെ വിമര്‍ശിച്ചതിലെ എതിര്‍പ്പായിരുന്നു ടി.എന്‍. ഗോപകുമാര്‍ എഴുതിയെടുത്ത കത്തിലെ ഉള്ളടക്കം (വിജയന്റെ വരികളായിരുന്നു കത്തില്‍). കത്ത് പ്രസിദ്ധീകരിക്കുവാന്‍ പോകുന്നു എന്ന വിവരം പത്രാധിപര്‍ കാര്‍ട്ടൂണിസ്റ്റ് പോളിനെ അറിയിച്ചു. കാര്‍ട്ടൂണിനെ  പ്രശംസിച്ച് എം.എന്‍. വിജയന്റെ മകന്‍ വി.എസ്. അനില്‍കുമാര്‍ എഴുതിയ കത്തുംകൂടെ പ്രസിദ്ധീകരിക്കണമെന്ന് കാര്‍ട്ടൂണിസ്റ്റും വാശി പിടിച്ചു. ഒടുവില്‍ രണ്ടു കത്തും പ്രസിദ്ധീകരിക്കാതെ വിഷയം അവസാനിപ്പിച്ചു. പിന്നീട് ടി.എന്‍. ഗോപകുമാര്‍ പറഞ്ഞത്, 'അന്ന് വിജയന്‍ പറഞ്ഞ പ്രകാരം കത്തെഴുതി അയച്ചില്ലെങ്കില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നു'  എന്നാണ്. സി.ഐ.എ ഏജന്റാണ് ഒ.വി. വിജയന്‍ എന്ന ആരോപണം കത്തിനില്‍ക്കുന്ന അവസരത്തിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഒ.വി. വിജയന് കഴിയുമായിരുന്നില്ല. പക്ഷേ മറ്റുള്ളവരെ കാര്‍ട്ടൂണിലൂടെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യും. 

 

 

കൊല്ലാം, പക്ഷേ...

1989 ഒക്ടോബര്‍ 30-ന്റെ ദീപിക ദിനപത്രത്തിന്റെ അഞ്ചാം പേജില്‍ രാജൂനായരുടെ ഒരു കാര്‍ട്ടൂണുണ്ടായിരുന്നു. കെ കരുണാകരനും മകന്‍ കെ. മുരളീധരനുമാണ് കഥാപാത്രങ്ങള്‍. കരുണാകരന്റെ മകനെ കോഴിക്കോട് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചോദ്യം ചെയ്ത് വലിയ ഒരു വിഭാഗം പ്രതിഷേധവുമായി വന്ന സാഹചര്യത്തിലായിരുന്നു കാര്‍ട്ടൂണ്‍ രചിക്കപ്പെട്ടത്. സേവാദള്‍, എം.പി. എന്നീ രണ്ട് ഭരണികള്‍ പ്രയോഗിക്കാനായി മേശപ്പുറത്ത്. മറ്റ് ഭരണികള്‍ അലമാരയില്‍. പാരമ്പര്യ ചികിത്സാ വൈദ്യനായി കെ. കരുണാകരന്‍ എം.പി. ലേഹ്യം അടങ്ങിയ ഭരണി ചൂണ്ടി മകനോടു പറയുകയാണ് -'മോനേ, ഇനി ഇതൊന്നു കഴിച്ച് നോക്കാം, രക്ഷപ്പെടാതിരിക്കില്ല.' 

പത്രത്തിന്റെ അയ്യായിരത്തിലേറെ കോപ്പികള്‍ അച്ചടിച്ചുകഴിഞ്ഞപ്പോഴാണ് ചീഫ് എഡിറ്റര്‍ പത്രത്തില്‍ ഉള്‍പ്പെട്ട കരുണാകര കാര്‍ട്ടൂണ്‍ കണ്ടത്. അദ്ദേഹം പ്രസ്സ് മുറിയിലേക്ക് ഓടിപ്പോയി അച്ചടി നിര്‍ത്തിച്ചു. കാര്‍ട്ടൂണ്‍ മാറ്റി അവിടെ ദേവിലാല്‍ സികാര്‍ മണ്ഡലത്തില്‍ നോമിനേഷന്‍ കൊടുക്കുന്ന ഫോട്ടോ കാര്‍ട്ടൂണിന്റെ സ്ഥാനത്ത് പകരം വെപ്പിച്ച് പത്രം അച്ചടിപ്പിച്ചു. മുന്‍പ് കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തി അച്ചടിച്ച ദീപിക ദിനപത്രത്തിന്റെ കോപ്പികള്‍ എല്ലാം രാത്രിക്കു രാത്രി നശിപ്പിച്ചു. പക്ഷേ ചില കോപ്പികള്‍ ഇതിനിടയില്‍ പുറത്തു പോയിരുന്നു. സംഗതി വാര്‍ത്തയായി. കാര്‍ട്ടൂണ്‍ പല ഇടത്തും പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. 

തടിച്ച ഭാര്യ, മെലിഞ്ഞ ഭര്‍ത്താവ്

ദീപിക ആഴ്ചപ്പതിപ്പില്‍ 1982-ല്‍ പ്രസിദ്ധീകരിച്ച രാജുനായരുടെ മധുവിധു എന്ന കാര്‍ട്ടൂണ്‍ ഏറെ വിവാദമാകുകയും സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും ഉണ്ടായി. 'ഓശാന' എന്ന പ്രസിദ്ധീകരണത്തില്‍ ജോസഫ് പുലിക്കുന്നേല്‍ തുടക്കമിട്ട വിവാദം കത്തോലിക്കാ സഭയിലാകെ ചര്‍ച്ചയായി. ''ഇങ്ങനെ കിടന്നങ്ങു മരിക്കണമെന്നാ എന്റെ ആഗ്രഹ''മെന്ന് തടിച്ചിയായ ഭാര്യ മെലിഞ്ഞ ഭര്‍ത്താവിന്റെ മുകളില്‍ കയറിക്കിടന്ന് പറയുന്നു. കത്തോലിക്കാ സന്ന്യാസിമാര്‍ നടത്തുന്ന പ്രസിദ്ധീകരണത്തില്‍ ക്രൈസ്തവ സാമൂഹ്യചിന്തയ്ക്കും ധര്‍മ്മാ ധര്‍മ്മവിവേചനത്തിനും മുന്‍തൂക്കം കൊടുക്കേണ്ടതാണെന്നായിരുന്നു പുലിക്കുന്നേലിന്റെ വാദം. 

എന്നാല്‍ അതിനു വിരുദ്ധമായ മൂല്യങ്ങളാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചതെന്നും പുലിക്കുന്നേല്‍ ചൂണ്ടിക്കാട്ടി. ദീപിക ആഴ്ചപ്പതിപ്പ് സാമൂഹ്യവാരികയാണെന്നും അതുകൊണ്ട് പൊതുസമൂഹത്തെ രസിപ്പിക്കേണ്ട ചുമതലയുണ്ടെന്നും കാര്‍ട്ടൂണിസ്റ്റ് രാജുനായര്‍ ചൂണ്ടിക്കാട്ടി. യുവമിഥുനങ്ങളുടെ ജീവിതമാണ് മധുവിധു എന്ന് കാര്‍ട്ടൂണിലൂടെ മിതത്വം പാലിച്ച് സരസമായി അവതരിപ്പിച്ചിരിക്കുകയാണു ചെയ്തിട്ടുള്ളതെന്ന് കാര്‍ട്ടൂണിസ്റ്റ് വ്യക്തമാക്കി. വിവാദമായ കാര്‍ട്ടൂണിന്റെ അടുത്ത ഭാഗത്ത് ഇങ്ങനെ അഞ്ചുമിനിറ്റ് കിടന്നാല്‍ ഭാരംകൊണ്ട് നിര്യാതനാകുമെന്നു നിര്‍ദ്ദോഷമായി ഭര്‍ത്താവ് പറയുന്ന ഭാഗം അടര്‍ത്തിമാറ്റിയെന്ന പരാതിയും കാര്‍ട്ടൂണിസ്റ്റ് ഉന്നയിച്ചു. 

'ഈ കാര്‍ട്ടൂണ്‍ ഈ പ്രസ്സില്‍ അച്ചടിക്കില്ല.'

പാക്കനാര്‍ ഹാസ്യമാസിക വെട്ടൂര്‍ രാമന്‍നായരുടെ പത്രാധിപത്യത്തില്‍ കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരിച്ച് വരുന്ന കാലം. 1993 മാര്‍ച്ച് ലക്കം മുഖചിത്ര കാര്‍ട്ടൂണ്‍ വരച്ചത് പ്രസന്നന്‍ ആനിക്കാടാണ്. രൂക്ഷവിമര്‍ശനമുള്ള കാര്‍ട്ടൂണുകള്‍ പ്രശ്നമാകുമെങ്കില്‍ പത്രാധിപര്‍ തന്നെ അത് ഒഴിവാക്കുന്ന രീതി ഉണ്ട്. അത് എഡിറ്ററുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. എന്നാല്‍ പത്രാധിപര്‍ കവര്‍ കാര്‍ട്ടൂണായി അംഗീകരിച്ച് അച്ചടിക്കാന്‍ അയച്ചതാണ്. 

പക്ഷേ ശിവകാശിയിലെ സ്വകാര്യ ഓഫ്സെറ്റ് പ്രസ് ഉടമയും ജീവനക്കാരും കാര്‍ട്ടൂണിലെ അപകടം മണത്ത് പത്രാധിപര്‍ക്ക് മടക്കി അയച്ചു. 'ഈ കാര്‍ട്ടൂണ്‍ ഈ പ്രസ്സില്‍ അച്ചടിക്കില്ല.' ഒടുവില്‍ മറ്റൊരു കാര്‍ട്ടൂണ്‍ മുഖചിത്രകാര്‍ട്ടൂണാക്കി അച്ചടിക്കേണ്ടി വന്നു. കോഴിയുടെ രൂപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നില്‍ക്കുന്നതാണ് പ്രശ്നം. (കോഴി ജയലളിതയുടെ പഴയ തിരഞ്ഞെടുപ്പ് ചിഹ്നമാണ്). പൂവന്‍കോഴികളായി നരസിംഹറാവുവും എല്‍.കെ. അഡ്വാനിയും കാര്‍ട്ടൂണിലുണ്ട്. ഈ കാര്‍ട്ടൂണ്‍ അച്ചടിച്ചതായി ജയലളിതയുടെ അണികള്‍ അറിഞ്ഞാല്‍ പ്രസ്സിന് തീ ഇടും എന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രശ്നം. ഒടുവില്‍ പ്രസ്സുടമ ജയിച്ചു. പത്രാധിപര്‍ തോറ്റു. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള കോഴിയങ്കം ഒഴിവാക്കി പ്രശ്നം പരിഹരിച്ചു. 

പാക്കനാരില്‍ 1994 ജനുവരി ലക്കത്തില്‍ എം.എസ്. മോഹനചന്ദ്രന്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ശബരിമല ക്ഷേത്രത്തില്‍ പത്തു വയസ്സിനും അന്‍പതു വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത് അക്കാലത്തായിരുന്നു. വെളുത്ത ഡൈ തേടി കടയില്‍ എത്തിയ സ്ത്രീയാണ് കാര്‍ട്ടൂണില്‍ കഥാപാത്രം. കാര്‍ട്ടൂണ്‍ പുറത്തിറങ്ങിയതോടെ മോഹനചന്ദ്രനെ തേടി ഫോണ്‍ വിളികളായി. ജോലി ചെയ്യുന്ന ബാങ്കിലും വീട്ടിലും ഭീഷണിവിളികള്‍ വന്നു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച വെട്ടൂര്‍ രാമന്‍നായര്‍ക്കും കിട്ടി ഫോണിലൂടെ കണക്കിന്...! 

 

 

കാര്‍ട്ടൂണും തെരഞ്ഞെടുപ്പ് മാറ്റിവെക്കലും 

തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. മുഖ്യമന്ത്രി എ.കെ. ആന്റണിയാണ്. അദ്ദേഹത്തിനെ നിയമസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കേണ്ടതുണ്ട്. കെ. കരുണാകരന്‍ രാജിവച്ച ഒഴിവില്‍ മുഖ്യമന്ത്രിയായതാണ് എ.കെ. ആന്റണി. ജയം ഉറപ്പിക്കേണ്ടതുകൊണ്ട് ഉരുക്കുകോട്ടയില്‍ത്തന്നെ മത്സരിപ്പിക്കണം. മുസ്ലീം ലീഗ് തങ്ങളുടെ തിരൂരങ്ങാടി സീറ്റ് എ.കെ. ആന്റണിക്കായി ഒഴിഞ്ഞുകൊടുത്തു. ബാബറി മസ്ജിദ് പൊളിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു മാധ്യമം പത്രത്തില്‍ ഏപ്രില്‍ 25-ന് കാര്‍ട്ടൂണിസ്റ്റ് വേണു വരച്ച കാര്‍ട്ടൂണ്‍. കോണ്‍ഗ്രസ്സിന്റെ ചിഹ്നമായ കൈപ്പത്തിയുടെ വിരല്‍ത്തുമ്പില്‍ രക്തമൊലിക്കുന്ന മിനാരങ്ങള്‍. കൈവെള്ളയില്‍ ബാബറി എന്നും എഴുതിയിട്ടുണ്ട്. ഒപ്പം, കൈപ്പത്തിക്കു താഴെ 'നമ്മുടെ ചിഹ്നം?' എന്നും. തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിന് വളരെ മുന്‍പ് കാര്‍ട്ടൂണിസ്റ്റ് വേണു വരച്ചതാണിത്. ബാബറി വിഷയം തിരൂരങ്ങാടിയില്‍ പ്രതിഫലിക്കില്ലെന്ന അന്ന് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കാര്‍ട്ടൂണ്‍. 

ലീഗിന്റെ എതിരാളികളായ ഐ.എന്‍.എല്‍. തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പുകാലത്ത് ഈ കാര്‍ട്ടൂണ്‍ പോസ്റ്ററായി അച്ചടിച്ച് മണ്ഡലമാകെ ഒട്ടിച്ചു. തങ്ങളുടെ ചിഹ്നം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതായി യു.ഡി.എഫ്. പരാതി നല്‍കി. തിരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനം നടന്നിരിക്കുന്നു എന്നതായിരുന്നു ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയുടെ ചുരുക്കം. അന്ന് ടി.എന്‍. ശേഷനായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍. ഭോപ്പാലില്‍ നടന്ന ഒരു ചടങ്ങില്‍ തിരൂരങ്ങാടിയില്‍ പ്രകോപനപരമായ ചില കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നതായ പരാതി ലഭിച്ചിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്നും ശേഷന്‍ പറഞ്ഞു. 

തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പ് കാര്‍ട്ടൂണ്‍ പോസ്റ്റര്‍ കാരണം മാറ്റിവയ്ക്കുന്നു എന്ന വാര്‍ത്ത പരന്നു. പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ. നായനാര്‍ പ്രതികരണവുമായി എത്തി. ഉപതിരഞ്ഞെടുപ്പില്‍ പരാജയഭീതി കൊണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കുന്നതെന്ന് നായനാര്‍ പ്രസ്താവന ഇറക്കി. ഇലക്ഷന്‍ മാറ്റിവയ്ക്കരുതെന്ന് മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ എ.കെ. ആന്റണി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്തായാലും തിരഞ്ഞെടുപ്പ് സമയത്തിന് നടന്നു. ആന്റണി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  

 

 

മായാവതിയുടെ നോട്ടുമാല

മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ഒരു കോടി രൂപയുടെ മൂല്യമുള്ള ആയിരം രൂപാ നോട്ടുകള്‍കൊണ്ട് ഭീമന്‍നോട്ടുമാല അണികളെക്കൊണ്ട് പൊതുവേദിയില്‍ അണിയിച്ചത് ദേശീയ വാര്‍ത്തയായി. ഉത്തര്‍പ്രദേശിലെ ലക്ഷക്കണക്കിന് ദലിതരായ പട്ടിണിപ്പാവങ്ങളെ നോക്കുകുത്തികളാക്കി, പണത്തിന്റെ ഹുങ്ക് ദലിത് നേതാവെന്നു വീമ്പിളക്കുന്ന മായാവതി കാണിച്ചതിനെതിരേ ഗ്രന്ഥകര്‍ത്താവ് (സുധീര്‍നാഥ്) വരച്ച കാര്‍ട്ടൂണ്‍ വിവാദം വിളിച്ചു വരുത്തി. ബി.എസ്.പി. പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവര്‍ തേജസിന്റെ ഓഫീസ് ആക്രമിച്ചു. പത്രം പിറ്റേന്ന് ഖേദപ്രകടനം നടത്തിയാണ് പ്രശ്നം അവസാനിച്ചത്. എന്നാല്‍ കാര്‍ട്ടൂണിസ്റ്റ് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല.  

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് മായാവതി സ്വന്തം പ്രതിമകള്‍ നാടുനീളെ സ്ഥാപിക്കുമ്പോള്‍, ഉത്തര്‍ പ്രദേശിലെ യുവതികള്‍ റോഡരികിലും തീവണ്ടിപ്പാതയുടെ ഓരത്തും കുന്തിച്ചിരുന്നാണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് എന്ന് കാര്‍ട്ടൂണിസ്റ്റ് അഭിപ്രായപ്പെടുന്നു. ഉത്തര്‍ പ്രദേശിലൂടെ ബസ്സിലോ തീവണ്ടിയിലോ സഞ്ചരിച്ചാല്‍ ആയിരക്കണക്കിനു സ്ത്രീകളെ ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ നമുക്ക് കാണാം. താന്‍ ഭരിക്കുന്ന ജനതയുടെ ദാരിദ്ര്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെയാണ് ഉത്തര്‍പ്രദേശില്‍ സ്ഥാപിച്ചിരിക്കുന്ന മായാവതിയുടെ പ്രതിമകള്‍. ഒരു സ്ത്രീ മലമൂത്രവിസര്‍ജ്ജനം നടത്തുന്ന രംഗം കാര്‍ട്ടൂണില്‍ ആവിഷ്‌കരിക്കേണ്ടിവന്നത് ഈ ഒരു സാഹചര്യത്തിലാണ്. അത് ഒഴിവാക്കാമായിരുന്നു എന്ന് കാര്‍ട്ടൂണിസ്റ്റിന് വീണ്ടുവിചാരമുണ്ടായി.

അയോദ്ധ്യ നേപ്പാളിലാണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ഒരുങ്ങുന്ന സമയത്താണ് ശ്രദ്ധേയമായ പ്രസ്താവന വന്നത്. രാജ്യത്തിന്റെ പല സ്വത്തുക്കളും സ്വകാര്യമേഖലയില്‍ വില്‍പ്പന നടത്തുന്നു എന്ന ആക്ഷേപം വ്യാപകമായ സാഹചര്യം കൂടിയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയോട് നിജസ്ഥിതി ചോദിക്കുന്ന കാര്‍ട്ടൂണ്‍ ചില വിഭാഗത്തെ പ്രകോപിപ്പിച്ചു. 'ഗള്‍ഫ് ഇന്ത്യന്‍സ്' എന്ന മാദ്ധ്യമത്തില്‍ സുധീര്‍നാഥ് വരച്ച കാര്‍ട്ടൂണ്‍ ചിലരെ പ്രകോപിപ്പിച്ചു.

 

 

കാര്‍ട്ടൂണിന്റെ ഉടമയാര്? 

ഇന്ത്യ മുഴുവന്‍ ചര്‍ച്ചചെയ്യപ്പെട്ട ഒരു കാര്‍ട്ടൂണ്‍ കേസുണ്ട്. കാര്‍ട്ടൂണിസ്റ്റ് റ്റോംസും മലയാള മനോരമയും തമ്മില്‍ നടന്ന നിയമയുദ്ധം സുപ്രീംകോടതി വരെ എത്തിയാണ് അവസാനിച്ചത്. മുപ്പത്തിരണ്ടു വര്‍ഷം മലയാള മനോരമ വീക്കിലിയുടെ താളുകളില്‍ അച്ചടിച്ച പ്രശസ്തമായ 'ബോബനും മോളിയും'  എന്ന കാര്‍ട്ടൂണ്‍ ചിത്രകഥയുടെ പകര്‍പ്പവകാശം ആയിരുന്നു തര്‍ക്കവിഷയം. ബോബനും മോളിയും വരച്ചിരുന്ന തനിക്കാണ് കാര്‍ട്ടൂണിന്റെ പകര്‍പ്പവകാശം എന്ന് റ്റോംസും, കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച മലയാള മനോരമയ്ക്കാണ് പകര്‍പ്പവകാശമെന്ന് മനോരമയും വാദിച്ചു. പത്രപ്രവര്‍ത്തനചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു അത്. ഇന്നും പകര്‍പ്പവകാശവിഷയം ഇന്ത്യയിലെ ഏതു കോടതിയുടെ മുന്നില്‍ വന്നാലും ബോബനും മോളിയും കേസ് പരാമര്‍ശിക്കപ്പെടുന്നുണ്ട്. മുപ്പതു വര്‍ഷം തനിക്ക് താങ്ങും തണലുമായി പ്രശസ്തിയിലെത്തിച്ച മലയാള മനോരമ ഒരുവശത്ത്, മറുവശത്ത് ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ മൗലികാവകാശങ്ങളോടുള്ള ആദരം. ഒരു കാര്‍ട്ടൂണിസ്റ്റിന്റെ രചന അയാളുടെ മൗലിക അവകാശമാണെന്ന വിശ്വാസത്തില്‍ റ്റോംസ് ഉറച്ചുതന്നെ നിന്നു.

റ്റോംസിന്റെ വക്കീലായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ കോടതിയില്‍ പറഞ്ഞത് ഇപ്രകാരമാണ് ''മനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്ന റ്റോംസ് തന്റെ ജോലിയുടെ ഭാഗമായി വരച്ചതായിരുന്നില്ല ബോബനും മോളിയും. മനോരമയില്‍ ചേരുന്നതിനുമുമ്പേ അദ്ദേഹം ബോബനും മോളിയും ആരംഭിച്ചിരുന്നു. അതുകൊണ്ട് പകര്‍പ്പവകാശനിയമം അനുസരിച്ച് അവ തന്റേതാണെന്ന് റ്റോംസ് കരുതി. പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളുടെ സമാഹാരം പ്രസിദ്ധപ്പെടുത്തുന്നതിന് മനോരമയുടെ അനുവാദം റ്റോംസ് വാങ്ങിയത് അദ്ദേഹം അന്ന് മനോരമയുടെ ജീവനക്കാരന്‍ ആയിരുന്നതുകൊണ്ടാണ്. ബോബനും മോളിയും എന്ന പേരിലിറക്കിയ സമാഹരണങ്ങള്‍ക്ക് വമ്പിച്ച പ്രചാരമാണ് ലഭിച്ചത്. ആ പേരിന്റെ തനതായ വിപണിമൂല്യം മനോരമ തിരിച്ചറിഞ്ഞത് അപ്പോഴായിരിക്കണം.''

1987-ല്‍ മനോരമയില്‍നിന്ന് റ്റോംസ് പിരിഞ്ഞു. പിരിഞ്ഞതിനു ശേഷവും 'ബോബനും മോളിയും' കാര്‍ട്ടൂണ്‍ റ്റോംസ്തന്നെ വരയ്ക്കണമെന്ന് മനോരമയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അതുപ്രകാരം മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ബോബനും മോളിയും റ്റോംസ് തന്നെ വരയ്ക്കുകയും ചെയ്തു. ബോബനും മോളിയും വലിയ സമാഹാരമായി ഇറക്കി വന്‍സാമ്പത്തികലാഭം ഉണ്ടാക്കാമെന്ന് റ്റോംസ് കണക്കുകൂട്ടി. ഡി.സി. കിഴക്കെമുറിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തപ്പോളാണ് അത് പ്രായോഗികമല്ലെന്ന് മനസ്സിലായത്. അങ്ങനെയാണ് റ്റോംസ് ബോബനും മോളിയും സമാഹാരം മാസികാരൂപത്തില്‍ ഇറക്കിത്തുടങ്ങിയത്. 

ഇതോടെ മലയാള മനോരമ 'ബോബനും മോളിയും' എന്ന കാര്‍ട്ടൂണ്‍വിഷയത്തില്‍ ചില വ്യവസ്ഥകള്‍ വെച്ചത് റ്റോംസിന് സ്വീകാര്യമായില്ല. ബോബനും മോളിയും പ്രശ്നം കോടതിയിലെത്തി. 1988-ല്‍ റ്റോംസ് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ബോബനും മോളിയും വരയ്ക്കുന്നത് നിര്‍ത്തി. ഈ സാഹചര്യം മുതലെടുത്താണ് കലാകൗമുദി റ്റോംസിനെ സ്വീകരിച്ച് ബോബനും മോളിയും അവസാന പേജില്‍ വരപ്പിച്ചത്. കലാകൗമുദിയില്‍ ബോബനും മോളിയും കാര്‍ട്ടൂണുകള്‍ റ്റോംസ് വരയ്ക്കുന്നതിനെതിരേ മനോരമ എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് നിരോധന ഉത്തരവ് വാങ്ങി. റ്റോംസിനെ അനുകൂലിച്ച് കലാകൗമുദി പ്രമുഖരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക പതിപ്പുതന്നെ പുറത്തിറക്കി. പക്ഷേ വിതരണം ചെയ്ത കലാകൗമുദി ലക്കം കേരളത്തിലെ എല്ലാ പുസ്തകശാലകളില്‍നിന്നും ഇറങ്ങിയതിനു പിന്നാലെതന്നെ അപ്രത്യക്ഷമായി. റ്റോംസ് മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ വരയ്ക്കുന്നത് നിര്‍ത്തിയ 1988 മുതല്‍ കേസ് കഴിയുന്ന 1993 വരെ മുടക്കം കൂടാതെ ബോബനും മോളിയും മനോരമയില്‍ മറ്റു പലരെക്കൊണ്ടും തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. 1993-നു ശേഷം മനോരമ ബോബനും മോളിയും പ്രസിദ്ധീകരിച്ചിട്ടില്ല.

റ്റോംസിന്റെ വരകള്‍ തന്നെ ആദ്യ കുറച്ചു കാലം മനോരമ ആഴ്ചപ്പതിപ്പിലെ ബോബനും മോളിയിലും വന്നിരുന്നു. കെ.എന്‍. തരകനായിരുന്നു അക്കാലത്ത് ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്. പിന്നീട് റ്റോംസിന്റെ ശൈലിയില്‍തന്നെ മനോരമ ക്രിയേറ്റീവ് യൂണിറ്റ് ബോബനും മോളിയും തയ്യാറാക്കി. അക്കാലത്തെ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ തന്നെയാണ് മനോരമയില്‍ റ്റോംസിന്റെ ശൈലിയില്‍ ബോബനും മോളിയും വരച്ചിരുന്നത്. റ്റോംസ് പോയതിനു ശേഷമുള്ള ബോബനും മോളിയുടെയും സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് മനോരമ പബ്ലിക്കേഷനിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നെ.  

ബോബനും മോളിയും കേസ് കോടതിയില്‍ വന്നപ്പോള്‍ ഒട്ടേറെ കാര്‍ട്ടൂണുകളും സാക്ഷിയായി കോടതി കയറി. ഒപ്പം കുറെ കാര്‍ട്ടൂണിസ്റ്റുകളും. കാര്‍ട്ടൂണിസ്റ്റ് സാമുവലിന്റെ കാര്‍ട്ടൂണായ കാലുവും മീനയും അനുകരിച്ചാണ് റ്റോംസ് തന്റെ ബോബനും മോളിയും സ്യഷ്ടിച്ചതെന്നായിരുന്നു ഒരു ആരോപണം. അത് ശരിയാണെന്ന് സ്ഥാപിക്കാന്‍ സാമുവലിനെ കോടതിയിലെത്തിക്കാന്‍ പല പ്രമുഖരും ശ്രമിച്ചിരുന്നു. മറ്റൊരു കാര്‍ട്ടൂണിസ്റ്റിനെതിരേ സാക്ഷി പറയാന്‍ തന്നെക്കിട്ടില്ലെന്ന് സാമുവല്‍ തറപ്പിച്ചു പറഞ്ഞു. 

ഡോ. സെബാസ്റ്റ്യന്‍ പോളായിരുന്നു റ്റോംസിനു വേണ്ടി കോടതിയില്‍ എത്തിയിരുന്നത്. കെ.പി. ദണ്ഡപാണിയായിരുന്നു അന്ന് മനോരമയ്ക്കു വേണ്ടി ഹാജരായത്. ഹൈക്കോടതിയും കഴിഞ്ഞ് സുപ്രീം കോടതി വരെ കേസ്  എത്തി. സുപ്രീം കോടതിയുടെ അന്തിമ വിധി എത്തുംമുന്‍പേ കേസ് അവസാനിപ്പിച്ചു കൊണ്ട് ബോബനും മോളിയും കാര്‍ട്ടൂണുകളുടെ അവകാശം മലയാള മനോരമ റ്റോംസിന് സൗജന്യമായി നല്‍കി. മനോരമയുടെ ഒന്നാം പേജില്‍ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു തന്നെയായിരുന്നു ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്.  അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം നാടകീയമായി അവസാനിച്ചു. പില്‍ക്കാലത്ത് ഇരുകൂട്ടരും സൗഹൃദത്തോടെയാണ് കഴിഞ്ഞത് എന്നത് മറ്റൊരു ചരിത്രം. 


കാര്‍ട്ടൂണിസ്റ്റിന്റെ കല 

ജസ്റ്റിസ് കെ. സുകുമാരന്റെ ന്യായാധിപ ചിന്തകള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം കാര്‍ട്ടൂണ്‍കലയെക്കുറിച്ച് വിവരിക്കുന്ന ചിന്താശകലങ്ങള്‍ ശ്രദ്ധേയമണ്. ''നിര്‍ഭാഗ്യകരമായ ഭൗതികസവിശേഷതകളെയോ വിഷമമുണ്ടാക്കുന്ന രാഷ്ട്രീയ സംഭവങ്ങളെയോ ചൂഷണം ചെയ്യുന്നതിലാണ് ഒരു രാഷ്ട്രീയ കാര്‍ട്ടൂണിന്റെയോ ഹാസ്യചിത്രത്തിന്റെയോ ആകര്‍ഷണീയത കിടക്കുന്നത്. രചനയ്ക്കു പാത്രമാവുന്ന വിഷയത്തിന്റെ വികാരത്തെ മുറിപ്പെടുത്താനുദ്ദേശിച്ചുള്ളതാവാം ഈ ചൂഷണ മനോഭാവം. കാര്‍ട്ടൂണിസ്റ്റിന്റെ കല യുക്തിപരമോ നിഷ്പക്ഷമോ ആയിരിക്കില്ല. മറിച്ച്, ആക്രമണോത്സുകതയോടുകൂടിയതും ഏകപക്ഷീയവും ആവാം.'' 

കാര്‍ട്ടൂണിസ്റ്റുകള്‍ക്കു തന്നെ ഈ അഭിപ്രായമുണ്ട്. രാഷ്ട്രീയ കാര്‍ട്ടൂണ്‍, 'പത്രപ്രവര്‍ത്തനത്തില്‍ ഏറ്റവും ശക്തിയുള്ള ആയുധമാണെന്ന്' ലോംഗ് പറഞ്ഞിട്ടുണ്ട്. ഇതേ പേരില്‍ എഴുതിയ പുസ്തകത്തില്‍ അദ്ദേഹം പറയുന്നു: ''രാഷ്ട്രീയ കാര്‍ട്ടൂണ്‍ ആക്രമിക്കാനും ആക്ഷേപിക്കാനും പരിഹസിക്കാനും നിന്ദിക്കാനുമുള്ള ഒരായുധമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ പുറത്ത് തലോടാന്‍ ശ്രമിക്കുന്നതോടെ അതിനു സ്വാധീനം നഷ്ടപ്പെടുന്നു. അത് പലപ്പോഴും ഒരു തേനീച്ചയുടെ കുത്തുപോലെ സ്വാഗതാര്‍ഹവും എല്ലായ്പോഴും ഏതെങ്കിലും ഭാഗത്ത് വിവാദമുണ്ടാക്കുന്നതുമാണ്.''

പഴയകാലങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെ അതിപരുഷമായ വിധത്തില്‍ വിമര്‍ശനത്തിന് വിധേയമാക്കിയിരുന്ന സംഭവങ്ങളെ സുപ്രീം കോടതി അനുസ്മരിച്ചു. ഒരു പഴയ കാര്‍ട്ടൂണ്‍ ജോര്‍ജ് വാഷിങ്ടനെ ഒരു കഴുതയായി ചിത്രീകരിക്കുന്നുണ്ട്. ഹസ്റ്റലര്‍ മാസികയുടെ കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ് റഹ്ന്‍ ക്വിസ്റ്റ് മറ്റു ചില പഴയ കാര്‍ട്ടൂണുകള്‍ കൂടി അനുസ്മരിക്കുന്നു. എബ്രഹാം ലിങ്കന്റെ നീണ്ട ചടച്ച രൂപം, ടെസി റൂസ്വെല്‍റ്റിന്റെ കണ്ണടകള്‍, ദന്തങ്ങള്‍, ഫ്രാങ്ക്ളില്‍ ഡി റൂസ്‌വെല്‍റ്റിന്റെ മുന്നോട്ട് ഉന്തി നില്‍ക്കുന്ന താടിയെല്ല് തുടങ്ങിയവ. ''ഒരു ഫോട്ടോഗ്രാഫര്‍ക്കോ ഒരു ഛായാചിത്രകാരനോ കഴിയാത്ത വിധത്തിലുള്ള മറക്കാത്ത സ്വാധീനമാണ് ഈ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നമ്മിലുണര്‍ത്തുന്നത്.'' 

പത്രം കൈയിലെടുത്ത ഉടനെ കാര്‍ട്ടൂണ്‍ ഉള്ള സ്ഥലത്തേക്ക് അറിയാതെ കണ്ണോടിക്കുന്ന പലരും ജഡ്ജിയുടെ ഈ അഭിപ്രായത്തോടു യോജിക്കും. ഏതു വീക്ഷണകോണിലൂടെ നോക്കിയാലും കാര്‍ട്ടൂണുകളും കാര്‍ട്ടൂണിസ്റ്റുകളുമില്ലാത്ത ഒരു പത്രം വളരെ നിര്‍വ്വീര്യമായ ഒന്നായേ കണക്കാക്കപ്പെടുകയുള്ളൂ. നമ്മുടെ ദേശീയ നേതാക്കന്മാരെയും പ്രശ്നങ്ങളെയും അടിസ്ഥാനമാക്കി ഈ ആശയത്തെ വിപുലീകരിക്കുന്നത് തീര്‍ച്ചയായും അസ്ഥാനത്തായിരിക്കില്ല, എന്നാല്‍ സ്വതന്ത്രരായ മനുഷ്യരും സ്വതന്ത്രമായ തൂലികയുമാവണം അതു ചെയ്യുന്നത്. ജസ്റ്റിസ് കെ. സുകുമാരന്റെ ന്യായാധിപചിന്തകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഉണര്‍വ്വു നല്‍കുന്ന ഒന്നാണ്.

ഒപ്പുവെട്ടിയ കാര്‍ട്ടൂണ്‍

കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗവും ശ്രദ്ധേയമായ ലഹരി വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന കാര്‍ട്ടൂണിസ്റ്റുമായ മിസ്സി 50-ാം വയസ്സില്‍, 2010-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ ലഹരിവിരുദ്ധ കാര്‍ട്ടൂണുകളുടെ സമാഹാരം കോട്ടയത്തെ അസന്റ് ബുക്സ് എന്ന സ്ഥാപനം പുസ്തകരൂപത്തില്‍ അച്ചടിച്ച് വിതരണം  ചെയ്തു. കാര്‍ട്ടൂണുകളിലെ മിസ്സിയുടെ ഒപ്പ് തന്ത്രപൂര്‍വ്വം നീക്കം ചെയ്തായിരുന്നു അവ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട കേരള കാര്‍ട്ടൂണ്‍ അക്കാദമി, പകര്‍പ്പവകാശ നിയമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖേന പ്രസാധകര്‍ക്ക് നോട്ടീസയച്ചു. വിഷയം കോടതിക്കു പുറത്ത് ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോളിന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും മദ്ധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പാക്കി. ഇതിന്റെ ഫലമായി, മിസ്സിയുടെ വിധവയ്ക്ക് നല്ലൊരു തുക നഷ്ടപരിഹാരം നല്‍കാനും മിസ്സിയുടെ പേരോടുകൂടിയല്ലാതെ അച്ചടിച്ച കാര്‍ട്ടൂണ്‍ സമാഹാരങ്ങള്‍ പിന്‍വലിക്കാനും പ്രസാധകര്‍ തയ്യാറായി.

 

 

മന്ത്രിക്കെതിരെ മന്ത്രിയുടെ കാര്‍ട്ടൂണ്‍

പകല്‍മാന്യന്മാരുടെ മുഖംമൂടി വലിച്ചുകീറി തൊലി ഉരിക്കുന്ന, അവിഹിതബന്ധങ്ങള്‍ക്കും അഴിമതിക്കഥകള്‍ക്കും പീഡനവാര്‍ത്തകള്‍ക്കും മറ്റും പ്രാധാന്യം നല്‍കി ഇറങ്ങിയ പത്രമായിരുന്നു തനിനിറം. മറ്റു പത്രങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കാതിരുന്ന കാലത്തായിരുന്നു തനിനിറം ഇങ്ങനെ ഇറങ്ങിയതും പ്രശസ്തമായതും. തനിനിറം പത്രത്തിന് പ്രചാരം കൂടിയതിന് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ കാര്‍ട്ടൂണുകളും കാരണമായിരുന്നു. സഭ്യതയുടെ അതിരുകള്‍ പലപ്പോഴും കടന്നുള്ള വാര്‍ത്തകളും കാര്‍ട്ടൂണുകളും തനിനിറം പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രിയുടെ ഇത്തരം കാര്‍ട്ടൂണുകള്‍ക്ക് വലിയ ആരാധകരും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. മന്ത്രി, തന്ത്രി എന്ന പേരിലും കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. തനിനിറത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന കാര്‍ട്ടൂണിസ്റ്റ് മന്ത്രി സഭ്യതയുടെ അതിര്‍വരമ്പുകള്‍ പലപ്പോഴും ലംഘിച്ചിരുന്നു എന്നത് വാസ്തവമാണ്. രാഷ്ട്രീയരംഗത്തെ നെറികേടുകള്‍ക്കെതിരേ മാത്രമല്ല, മൂല്യച്യുതിക്കും പൊങ്ങച്ചത്തിനും ജാടകള്‍ക്കും എതിരായി മന്ത്രി തന്റെ തൂലിക ചലിപ്പിച്ചിരുന്നു. 

അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലം. വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ വകുപ്പില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ അദ്ധ്യാപകനായ കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെക്കൂടി ബാധിക്കുന്നതായിരുന്നു. വിദ്യാഭ്യാസവകുപ്പിനെയും മന്ത്രിയെയും കടന്നാക്രമിക്കുന്ന ശക്തമായ കാര്‍ട്ടൂണുകള്‍ മന്ത്രി തനിനിറത്തില്‍ തുടര്‍ച്ചയായി വരച്ചുകൊണ്ടിരുന്നു. സി.എച്ചിനെ വ്യക്തിപരമായി ആക്ഷേപിക്കുക വഴി കലി കൊള്ളിച്ച ഒട്ടേറെ കാര്‍ട്ടൂണുകള്‍ മന്ത്രി വരച്ചു. 

1970 ജൂണില്‍ നടന്ന അദ്ധ്യാപകസമരം സര്‍ക്കാരും ജീവനക്കാരും തമ്മിലുള്ള ശക്തമായ വടംവലിയായി മാറുകയും സംസ്ഥാനവ്യാപകമായ പണിമുടക്കിലേക്ക് മാറുകയും ഉണ്ടായി. പണിമുടക്ക് അന്യായമാണെന്ന് സര്‍ക്കാരും അവകാശങ്ങള്‍ നേടിയെടുക്കാതെ മുട്ടുമടക്കില്ലെന്ന് ജീവനക്കാരും ശഠിച്ചു. സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ നിയോഗിച്ചു. ജീവനക്കാരനെന്ന വര്‍ഗ്ഗബോധവും കാര്‍ട്ടൂണിസ്റ്റെന്ന സാമൂഹിക ബോധവും മന്ത്രിയില്‍ ശക്തമായ ഒരു കാര്‍ട്ടൂണിനുള്ള ഒരാശയം ഉടലെടുപ്പിച്ചു. അദ്ധ്യാപകര്‍ക്കു പകരം പൊലീസുകാര്‍ കുട്ടികളെ പഠിപ്പിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. പൊലീസുകാരന് സി.എച്ച്. മുഹമ്മദ്കോയയുടെ മുഖവും നല്‍കി. ഈ കാര്‍ട്ടൂണ്‍ കേരളത്തിലെ സ്‌കൂള്‍ ചുമരുകളിലെല്ലാം പോസ്റ്ററായി പതിഞ്ഞു. 

നാട്ടിലെ കുട നന്നാക്കുന്നവരെയൊക്കെ വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അറബി മുന്‍ഷികളാക്കി മാറ്റി എന്നൊരു ആക്ഷേപം ഉണ്ടായി. ഇതിനെ അടിസ്ഥാനമാക്കിയും, പഠിപ്പിക്കുന്നതിനൊപ്പം കുടനന്നാക്കുന്നതിന് അനുമതി കൊടുക്കുന്ന  വിദ്യാഭ്യാസമന്ത്രിയുടെ മറ്റൊരു കാര്‍ട്ടൂണും, മന്ത്രി വരച്ചു. കാര്‍ട്ടൂണിസ്റ്റ് മന്ത്രി സര്‍ക്കാര്‍ ശമ്പളം പറ്റുകയും പുറത്ത് ചിത്രങ്ങള്‍ വരച്ച് പ്രതിഫലം പറ്റുകയും ചെയ്യുന്നു എന്ന ആരോപണം ഉന്നയിച്ച് അദ്ധ്യാപകസര്‍വ്വീസില്‍നിന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. 

സാമ്പത്തികമായി ബുദ്ധിമുട്ടിലായ മന്ത്രി ഈ കാലയളവില്‍ ചിത്രഹാസ്യം എന്ന പേരില്‍ രണ്ട് കാര്‍ട്ടൂണ്‍ സമാഹാരം കലാനിലയം കൃഷ്ണന്‍ നായരുടെ സഹായത്താല്‍ പുറത്തിറക്കി വില്‍പ്പന നടത്തി. അത് വിറ്റു കിട്ടിയ പണമായിരുന്നു മന്ത്രിക്ക് അക്കാലത്ത് ആശ്വാസം നല്‍കിയ സാമ്പത്തിക സ്രോതസ്സ്.

എഡ്യൂക്കേഷന്‍ റൂള്‍സിനെ അടിസ്ഥാനമാക്കി നീങ്ങേണ്ട നടപടിക്രമം സി.എച്ച്. മുഹമ്മദ് കോയയുടെ  താത്പര്യപ്രകാരമാണെന്നു പറയുന്നു, വിജിലന്‍സ് കേസായി മാറി. അന്ന് വിജിലന്‍സ് വകുപ്പ് സെക്രട്ടറി സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായ മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്റെ ഐ.എ.എസ്. ദിനങ്ങള്‍ എന്ന ലേഖനത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു.

'തനിനിറം' പത്രത്തിലും മറ്റും സി.എച്ചിനെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ വരച്ചു എന്നതായിരുന്നു മന്ത്രിയുടെ 'കുറ്റം'. മന്ത്രിയെ എനിക്കന്ന് പരിചയമുണ്ടായിരുന്നില്ല. അദ്ദേഹം വരച്ച പല കാര്‍ട്ടൂണുകളും ഞാന്‍ കണ്ടിരുന്നു. കഴിവുള്ള കാര്‍ട്ടൂണിസ്റ്റാണ് മന്ത്രി എന്ന മതിപ്പും എനിക്കുണ്ടായിരുന്നു. അതേസമയംതന്നെ സി.എച്ചിനെക്കുറിച്ച് മന്ത്രി വരച്ച ചില കാര്‍ട്ടൂണുകള്‍ സഭ്യതയുടെ സീമകള്‍ (പ്രത്യേകിച്ചും ക്യാപ്ഷനുകളില്‍) ലംഘിച്ചുവെന്നും തോന്നിയിരുന്നു.  ഞാന്‍ ഫയല്‍ കാണുമ്പോള്‍ മന്ത്രിയെ സര്‍വ്വീസില്‍നിന്നും പിരിച്ചയയ്ക്കണമെന്ന ശക്തമായ ശുപാര്‍ശ അതിന്റെ അവസാന 'നോട്ടു'കളില്‍ രൂപംകൊണ്ടുകഴിഞ്ഞിരുന്നു. മന്ത്രിക്കു വേണ്ടി ആരും എന്നോട് ശുപാര്‍ശ പറഞ്ഞിരുന്നുമില്ല. കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ഒരാള്‍ക്ക് കാര്‍ട്ടൂണ്‍ വരയ്ക്കുന്ന മറ്റൊരാളിലുണ്ടാവുന്ന താത്്പര്യമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുംതന്നെ ഈ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്നില്ലെന്നു ചുരുക്കം.

സി.എച്ച്. നല്ല മൂഡിലായിരുന്നു എന്നു തോന്നിയതിനാലാവാം, ഞാന്‍ മന്ത്രിയുടെ കാര്യം എഴുന്നെള്ളിച്ചത്. മാറിയല്ലോ സി.എച്ചിന്റെ ഭാവം!

'രാമകൃഷ്ണനെന്തിനാ അയാളുടെ വക്കാലത്ത് പിടിക്കുന്നത്.' എന്നോ മറ്റോ ചോദിച്ച സി.എച്ച് തനിക്ക് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയോടുള്ള നീരസം മറച്ചുവെച്ചില്ല.

''മിനിസ്റ്റര്‍ക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ മന്ത്രിയുടെ വക്കാലത്തേറ്റെടുക്കാന്‍ പോവുകയാണ്. എന്നുവെച്ചാല്‍ ആ ഫയലിലെ ഇന്നോളമുള്ള നോട്ടിംഗിനെതിരായി, മന്ത്രിക്കനുകൂലമായി എഴുതാന്‍ പോകുന്നു. മിനിസ്റ്റര്‍ക്ക് വിരോധമില്ലെങ്കില്‍ മാത്രം.''

''എന്റെ വിരോധവും സമ്മതവും സെക്രട്ടറി എന്തിനു നോക്കുന്നു?''

''നോക്കിയേ പറ്റൂ. കാര്‍ട്ടൂണിസ്റ്റ് മന്ത്രിക്കനുകൂലമായ തീരുമാനമാണല്ലോ എനിക്കാവശ്യം.'' ഞാന്‍ പറഞ്ഞു.

സി.എച്ച്. പെട്ടെന്ന് തണുത്തു.

'കാര്‍ട്ടൂണിസ്റ്റ് സെക്രട്ടറിയുടെ വര്‍ഗ്ഗസ്നേഹം' എന്നോ മറ്റോ പറഞ്ഞു. 

അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''എനിക്ക് ആ മന്ത്രിയോട് പ്രത്യേക വൈരാഗ്യമൊന്നുമില്ല.''

(എന്റെ ഐ.എ.എസ്. ദിനങ്ങള്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 64 ലക്കം 5, പേജ് 12)

ഒരു കാര്‍ട്ടൂണിസ്റ്റിന് അനുവദിച്ചിട്ടുള്ള ലക്ഷ്മണരേഖയ്ക്ക് അപ്പുറത്തേക്ക് മന്ത്രി കടന്നിട്ടില്ലെന്ന് ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാപിച്ചുകൊണ്ട് മലയാറ്റൂര്‍ നോട്ടെഴുതി. വിജിലന്‍സ് സെക്രട്ടറിയുടെ അനുകൂലമായ റിപ്പോര്‍ട്ട് മറ്റെല്ലാ ആരോ പണങ്ങളുടെയും മുനയൊടിപ്പിച്ചു.

1973-ല്‍ ചാക്കീരി അഹമ്മദുകുട്ടി വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ മന്ത്രിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു.

ശാസനകളും ശിക്ഷകളും

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അപകീര്‍ത്തിപ്പെടുത്തുന്നതും തടസ്സം നില്‍ക്കുന്നതുമായ ഏതു പ്രവൃത്തിയും അവകാശലംഘനത്തിന്റെ (പ്രിവിലേജ് മോഷന്‍) പരിധിയില്‍ വരാം. 1961-ല്‍ അനന്തശയനം അയ്യങ്കാര്‍ ലോക്സഭാ സ്പീക്കറായിരിക്കെ ബ്ലിറ്റ്സിന്റെ പ്രിന്ററും പബ്ലിഷറുമായ ആര്‍.കെ. കരഞ്ചിയയെ പാര്‍ലമെന്റില്‍ വിളിച്ചുവരുത്തി ശാസിച്ചു. അത് ബ്ലിറ്റ്സില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു മാദ്ധ്യമപ്രവര്‍ത്തകനെ ഇങ്ങനെ വിളിപ്പിച്ചത്. ഇങ്ങ് കേരളത്തില്‍ കലാനിലയം കൃഷ്ണന്‍നായരെയും കേരള നിയമസഭയില്‍ വിളിച്ചുവരുത്തി ശാസിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് മന്ത്രി അന്നത്തെ നിയമസഭാ സ്പീക്കര്‍ മൊയ്തീന്‍കുട്ടി ഹാജിയെ അപകീര്‍ത്തിപ്പെടുത്തി കാര്‍ട്ടൂണ്‍ വരച്ചത് പ്രസിദ്ധീകരിച്ചതുകൊണ്ടും സമാനമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതുകൊണ്ടുമാണ് കലാനിലയം കൃഷ്ണന്‍നായരെ നിയമസഭയില്‍ വിളിച്ചുവരുത്തിയത്. ശാസന സ്വീകരിക്കാന്‍ പോകുന്ന വിവരം പത്രത്തില്‍ വാര്‍ത്തയാക്കിയ കൃഷ്ണന്‍ നായര്‍ അതിനു കാരണമായത് പുനഃപ്രസിദ്ധീകരിച്ചു.

ശൂന്യമായ അരപ്പേജ്

അടിയന്തിരാവസ്ഥക്കാലത്ത് കാര്‍ട്ടൂണുകള്‍ക്ക് വിലക്ക് വന്ന സമയം, അടിച്ചേല്‍പ്പിക്കപ്പെട്ട അസ്വാതന്ത്ര്യത്തോട് സന്ധി ചെയ്ത് ഒതുങ്ങിക്കൂടാന്‍ മന്ത്രി തയ്യാറായില്ല. തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന രാഷ്ട്രീയ വിനോദമാസിക അസാധുവിന്റെ അരപ്പേജ് ഒന്നും വരയ്ക്കാതെ പി.കെ. മന്ത്രി എന്ന് ഒപ്പ് മാത്രം ഇട്ടു. അസാധുവിലെ ശൂന്യമായ അരപ്പേജ് ചര്‍ച്ചയായി. പില്‍ക്കാലത്ത് പല പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളും സമാനമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിയുടെ അപരനായ ശത്രു

തനിനിറത്തിന്റെ വിജയം കണ്ട് ഷെരീഫ് കൊട്ടാരക്കര അതേ ചേരുവകള്‍ ചേര്‍ത്ത് ഗീത എന്ന പത്രം കൊച്ചിയില്‍നിന്നും ഇറക്കി. ഗീതയിലും മന്ത്രി തന്നെയായിരുന്നു കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. മന്ത്രി തനിനിറത്തിലും ഗീതയിലും കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് തനിനിറം പത്രാധിപരായിരുന്ന കലാനിലയം കൃഷ്ണന്‍നായര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം മന്ത്രിയെ ഗീതയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതില്‍നിന്ന് വിലക്കി. ഗീത പത്രാധിപര്‍ ഷെരീഫ് കൊട്ടാരക്കരയ്ക്ക് വലിയൊരു തിരിച്ചടിയായിരുന്നു അത്. മന്ത്രിയുടെ കാര്‍ട്ടൂണുകളില്ലാതെ പത്രം പുറത്തിറക്കുക എന്നത് നഷ്ടക്കച്ചവടമാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. ടി.എ. ജോസഫ്, ജയിംസ്, ജയന്‍ എന്നീ മൂന്ന് യുവകാര്‍ട്ടൂണിസ്റ്റുകളെ കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ ശൈലിയില്‍ വരപ്പിക്കാന്‍ ഷെരീഫ് കൊട്ടാരക്കര വിളിച്ചുകൊണ്ടുവന്നു. ഇതില്‍ ജയിംസ് മന്ത്രിയെപ്പോലെ തന്നെ വരയ്ക്കുന്നതില്‍ വിജയിച്ചു. മന്ത്രിക്കു പകരക്കാരനായി വന്ന കാര്‍ട്ടൂണിസ്റ്റിന് പത്രാധിപര്‍ ശത്രു എന്ന് തൂലികാനാമവും നല്‍കി. അങ്ങനെ ജയിംസ് 'കാര്‍ട്ടൂണിസ്റ്റ് ശത്രു'വായി, കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ അപരനായ ശത്രുവായി. കൂടുതല്‍ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ച് റെക്കോര്‍ഡിട്ട ശത്രു ഇന്നും കാര്‍ട്ടൂണ്‍രംഗത്ത് ഇതേ പേരില്‍ത്തന്നെ പ്രശസ്തനാണ്.

മന്ത്രിയെപ്പോലെ വരച്ചുതുടങ്ങിയ ജെയിംസ് പിന്നീട് സ്വന്തം ശൈലി രൂപീകരിച്ചു. മന്ത്രിയുടെ ഒപ്പുപോലെ ശത്രു എന്ന പേരില്‍ ഒപ്പിടുക മാത്രമല്ല, സഭ്യതയുടെ അതിര്‍വരമ്പു കടന്ന് കാര്‍ട്ടൂണുകള്‍ വരച്ച് ഒട്ടേറെ വിവാദവും വിളിച്ചുവരുത്തി. എരിവും പുളിയുമുള്ള കാര്‍ട്ടൂണുകള്‍ ഗീതയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു. 1972-ല്‍ പൊലീസിന് വീര്യം നഷ്ടപ്പെട്ടു എന്ന പ്രതിപക്ഷ ആരോപണത്തെ അടിസ്ഥാനമാക്കി ഗീതയില്‍ ശത്രു വരച്ച കാര്‍ട്ടൂണ്‍ ഏറെ വിവാദമായി. അശ്ലീലച്ചുവയുള്ള കാര്‍ട്ടൂണ്‍ നിയമസഭയില്‍ എം.എല്‍.എ.മാര്‍ ഉയര്‍ത്തിക്കാട്ടി ബഹളം വെച്ചു. 

 

 

റൂമറും ഹ്യൂമറും 

ഐ.കെ. ഗുജറാളില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി തന്റെ വിശ്വസ്തനായ വി.സി. ശുക്ലയ്ക്കു നല്‍കി രാജ്യത്ത് മാദ്ധ്യമ സെന്‍സര്‍ഷിപ്പിന് തുടക്കമിട്ടു. അത് വിശദീകരിക്കുന്നതിനും ന്യായീകരിക്കുന്നതിനുമായി ഡല്‍ഹി പ്രസ് ക്ലബില്‍ ശുക്ല ഒരു പത്രസമ്മേളനം വെച്ചു. രാജ്യത്ത് പടരുന്ന റൂമറുകള്‍ നിയന്ത്രിക്കുന്നതിനാണ് സെന്‍സര്‍ഷിപ്പ് എന്ന് അദ്ദേഹം വിശദീകരിച്ചു. റൂമറുകള്‍ ഇല്ലാതാക്കാന്‍ നിങ്ങള്‍ എന്തിന് ഹ്യൂമര്‍ തടയുന്നു എന്ന് കാര്‍ട്ടൂണുകള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെ സൂചിപ്പിച്ച് കാര്‍ട്ടൂണിസ്റ്റ് അബു മന്ത്രിയോടു ചോദിച്ചത് വലിയ ചര്‍ച്ചയും വാര്‍ത്തയുമായി. 

കുരുടന്‍മാരും ആനയും

അബുവിന്റെ, കോണ്‍ഗ്രസ്സുകാരായ കുരുടന്മാര്‍ ആനയാകുന്ന ഗാന്ധിജിയെ കാണുന്ന കാര്‍ട്ടൂണും പ്രശസ്തമാണ്. ഈ കാര്‍ട്ടൂണിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നതാണ്. കുരുടന്മാര്‍ ആനയെക്കണ്ട പ്രശസ്തമായ കഥയുടെ രാഷ്ട്രീയ ആവിഷ്‌കാരമായിരുന്നു കാര്‍ട്ടൂണ്‍. വളരെ ലളിതമായി അബു വരച്ച കാര്‍ട്ടൂണിലൂടെ ആശയം ജനങ്ങളില്‍ എത്തി. കോണ്‍ഗ്രസ്സിനെ ശക്തമായി വിമര്‍ശിക്കുന്ന അബുവിന്റെ കാര്‍ട്ടൂണിനെതിരേ പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. 

കാര്‍ട്ടൂണിസ്റ്റ് ജയിലില്‍

അടിയന്തിരാവസ്ഥക്കാലത്ത് ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കെതിരേ ഒരു പോസ്റ്റര്‍ ചുമരുകളില്‍ നിറഞ്ഞിരുന്നു. പ്രൈംമിനിസ്റ്റര്‍ ഹൗസ് പ്രോസ്റ്റിറ്റിയൂട്ടഡ് ഫോര്‍ സെല്‍ഫ് ആന്‍ഡ് ദ നേഷന്‍ എന്നായിരുന്നു പോസ്റ്ററില്‍. കാര്‍ട്ടൂണോ മറ്റ് ചിത്രങ്ങളോ പോസ്റ്ററിലില്ല. ഡാങ്കോയേയും മറ്റും കളിയാക്കി കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ ആയിടയ്ക്ക് കാര്‍ട്ടൂണിസ്റ്റ് കേരളവര്‍മ്മ വരച്ചിരുന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി. അടിയന്തിരാവസ്ഥക്കാലം. പൊലീസിന്റെ നോട്ടപ്പുള്ളി. ഇന്ദിരാവിരുദ്ധ പോസ്റ്ററിന്റെ പേരില്‍ കേരളവര്‍മ്മ മൂന്നു ദിവസം ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ കിടന്നു. മറ്റൊരിക്കല്‍ ഹിന്ദുസമാചാറില്‍ കേരളവര്‍മ്മ വരച്ച കാര്‍ട്ടൂണ്‍ വിവാദമായിരുന്നു. ദേവീലാലിന്റെ കാല്‍ക്കല്‍ അര്‍ച്ചനാപുഷ്പങ്ങള്‍ വരച്ച് ഭജന്‍ലാല്‍ എന്ന അടിക്കുറിപ്പിലായിരുന്നു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭജന്‍ലാല്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് കേരളവര്‍മ്മയ്ക്ക് നോട്ടീസയച്ചു. പത്രാധിപര്‍ രമേശ്ചന്ദ്ര പത്രത്തില്‍ ക്ഷമാപണക്കുറിപ്പ് പ്രസിദ്ധീകരിച്ചു. കേരളവര്‍മ്മ ഖേദപ്രകടനം നടത്തിയതുമില്ല. 

വിജയന്റെ ചാട്ടുളി

ഖാലിസ്താന്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. ഇന്ത്യന്‍ ഭരണഘടന ഡല്‍ഹിയില്‍ കത്തിക്കുമെന്ന് പ്രകാശ് സിംഗ് ബാദല്‍ പഞ്ചാബില്‍ പ്രഖ്യാപിച്ചു. അത് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ വന്‍സന്നാഹമാണ് ഒരുക്കിയത്. അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. 

പക്ഷേ ഒരു ട്രക്ക് ഡ്രൈവറുടെ വേഷത്തില്‍ ബാദല്‍ ഡല്‍ഹിയിലെത്തി. 1984 ഫെബ്രുവരി 27-ന് പാര്‍ലമെന്റിനോടു ചേര്‍ന്നുള്ള ഗുരുദ്വാരയില്‍ വെച്ച് ഇന്ത്യന്‍ ഭരണഘടന പ്രകാശ് സിംഗ് ബാദല്‍ കത്തിച്ചു. പിറ്റേന്നത്തെ സ്റ്റേറ്റ്സ്മാന്‍ പത്രത്തില്‍ ഒ.വി. വിജയന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ഗുരുദ്വാര റഗാബ്ഗഞ്ചിനു മുന്നില്‍ ഭരണഘടന കത്തിക്കുന്ന പ്രകാശ് സിംഗ് ബാദല്‍. അദ്ദേഹത്തിന് തൊട്ടടുത്ത് നോക്കിക്കൊണ്ടു നില്‍ക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് പറയുന്നതാണ് കാര്‍ട്ടൂണിലെ പഞ്ച് ഡയലോഗ്. 'ഇപ്പോള്‍ ഇതാരും കത്തിക്കാറില്ല. മറിച്ച്, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അട്ടിമറിക്കാറേ ഉള്ളൂ...' ('Nobody burns it anymore, itnsead undermines it with two third majortiy.')  വലിയ ചര്‍ച്ചയായി മാറിയ കാര്‍ട്ടൂണായിരുന്നു ഒ.വി. വിജയന്റേത്. 

 

 

കാലം മാറി, കഥ മാറി

2012 മെയ് 11-ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഒരു കാര്‍ട്ടൂണ്‍ വിവാദമുണ്ടാക്കി. 1948-ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരടുരൂപം ഉണ്ടാക്കുന്നതിന് ഏല്‍പ്പിച്ച ഡോക്ടര്‍ ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വളരെ പതുക്കെയാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതെന്ന ആക്ഷേപം ഉണ്ടായി. ഈ അവസരത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. സ്വതവേ മെല്ലെ സഞ്ചരിക്കുന്ന ഒച്ചിന്റെ പുറത്ത് അംബേദ്കര്‍ സഞ്ചരിക്കുന്നു. വിശിഷ്ടഗ്രന്ഥത്തെ ഒരൊച്ചായി ആരോപിച്ച് ചിത്രീകരിച്ചുകൊണ്ടണ്ട്, ഒച്ചിന്റെ വേഗതകൂട്ടാന്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്റു ചാട്ടയുമായി പിന്നാലെ. ഈ കാര്‍ട്ടൂണ്‍ ശങ്കേഴ്സ് വീക്കിലിയില്‍ പ്രസിദ്ധീകരിക്കുന്ന അവസരത്തില്‍ അംബേദ്കറും നെഹ്റുവും ശങ്കറും ജീവിച്ചിരുന്നു. അന്ന് ആര്‍ക്കും ഈ കാര്‍ട്ടൂണില്‍ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല. ദലിതനായ അംബേദ്കറെ അപമാനിക്കുന്ന കാര്‍ട്ടൂണാണ് അതെന്നതായിരുന്നു ആക്ഷേപം ഉന്നയിച്ചവര്‍ ഉയര്‍ത്തിക്കാട്ടിയത്. ഈ കാര്‍ട്ടൂണ്‍ എന്‍.സി.ഇ.ആര്‍.ടിയുടെ ഒന്‍പതാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള ദലിത് അംഗം 2012 മെയ് 11-ന് പാര്‍ലമെന്റില്‍ ടെക്സ്റ്റ് ബുക്കിലെ കാര്‍ട്ടൂണ്‍ ഉയര്‍ത്തി ദലിത് വിഭാഗത്തെ അപമാനിച്ചു എന്ന് പ്രഖ്യാപിച്ചതോടെ ബഹളമായി. പിന്തുണയുമായി പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എത്തി. രാംദോസ് (പി.എം.കെ.), ഡി. രാജ (സി.പി.ഐ.), മായാവതി (ബി.എസ്.പി.), മുലായം സിംഗ് (എസ്.പി.), സുഷമാ സ്വരാജ് (ബി.ജെ.പി.) തുടങ്ങിയവര്‍ കാര്‍ട്ടൂണിനെ എതിര്‍ത്ത് സഭയില്‍ പ്രസംഗിച്ചു. വിവാദത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ടെക്സ്റ്റ്ബുക്കില്‍നിന്ന് കാര്‍ട്ടൂണ്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. അന്നത്തെ വകുപ്പുമന്ത്രി കപില്‍ സിബല്‍ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയതിന് സഭയില്‍ മാപ്പു പറഞ്ഞു.

അഗ്‌നിപുത്രിയും തീക്കളികളും 

കേരളത്തില്‍ സൂര്യനെല്ലി പെണ്‍വാണിഭവാര്‍ത്ത വന്നുകൊണ്ടിരിക്കുന്ന കാലം. ദിവസവും ഓരോരോ പ്രമുഖരുടെയും പേരുകള്‍ ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായിരുന്നു പ്രതിപ്പട്ടികയില്‍ വന്നുകൊണ്ടിരുന്നത്. സൂര്യനെല്ലി വിഷയം ഇലക്ഷനില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷമുന്നണി തീരുമാനിക്കുന്നു. മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു സ്റ്റേജിന്റെ നടുക്ക് സൂര്യനെല്ലി പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് നോക്കി വായിക്കുന്നു. (യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് പിടിച്ചിരിക്കുന്നത്) സ്റ്റേജിന്റെ ഒരുഭാഗത്ത് നായനാരും, മറുഭാഗത്ത് വി.എസ്. അച്യുതാനന്ദനും. നായനാര്‍ പെണ്‍കുട്ടിയോടു പറയുകയാണ്, ''ഓരോ പേര് നോക്കി വായിച്ചതിനുശേഷം സഖാവ് വാവിട്ട് ഉറക്കെ പൊട്ടിക്കരയണം...'' രാഷ്ട്രീയതലത്തെക്കൂടി ആസ്പദമാക്കിയുള്ള കാര്യങ്ങളുന്നയിക്കുന്ന ഈ കാര്‍ട്ടൂണ്‍ വലിയ കോളിളക്കമുണ്ടാക്കി. വഴിവിട്ടുസഞ്ചരിക്കുന്ന ഒരു സ്ത്രീകഥാപാത്രത്തിന്റെ കഥപറയുന്ന എസ്.എല്‍. പുരത്തിന്റെ 'അഗ്‌നിപുത്രി' എന്ന പ്രശസ്തമായ നാടകത്തിന്റെ പേരുതന്നെ കാര്‍ട്ടൂണിന് ഇട്ടതും കൂടുതല്‍ പ്രശ്നമായി. വലിയ അളവിലുള്ള പ്രതികരണങ്ങള്‍ ഈ കാര്‍ട്ടൂണ്‍ സൃഷ്ടിച്ചു. കാര്‍ട്ടൂണിസ്റ്റിന്റെ വീട്ടിലെ ഫോണ്‍ എടുക്കാന്‍ പറ്റാത്ത സ്ഥിതിവരെ ഉണ്ടായി. മലയാള മനോരമയുടെ എല്ലാ ഓഫീസുകളിലേക്കും ഫോണിലൂടെ ഈ കാര്‍ട്ടൂണിനെതിരേ അസഭ്യവര്‍ഷംതന്നെ ഉണ്ടായി. 


ദുര്‍വ്യാഖ്യാനങ്ങളില്‍ കാര്‍ട്ടൂണ്‍

1976 ഒക്ടോബര്‍ ലക്കം അസാധുവിന്റെ കവര്‍ ചിത്രം വരച്ച യേശുദാസന്‍ അറിയാതെ വന്ന പിഴവുമൂലം പൊല്ലാപ്പിലായി. കെ.പി.സി.സി. സസ്യഭോജനശാലയില്‍ മദ്യം മാദക ഡാന്‍സുകാരിയായി നൃത്തം ചെയ്യുന്നു. പക്ഷേ, എ.കെ. ആന്റണിയും കെ. കരുണാകരനും പിന്തിരിഞ്ഞു നില്‍ക്കുന്നു. കരുണാകരന്‍ ഒളികണ്ണിട്ടു നോക്കുന്നു. പക്ഷേ കരുണാകരന്റെ കൈ നര്‍ത്തകിയെ തോണ്ടുന്നതായി ചിലര്‍ വ്യാഖ്യാനിച്ചതാണ് പ്രശ്നമായത്. യഥാര്‍ത്ഥത്തില്‍ കാര്‍ട്ടൂണിസ്റ്റ് അങ്ങനെ ചിന്തിച്ചുപോലും ഉണ്ടായിരുന്നില്ല. 

പത്രം പൂട്ടിച്ച കാര്‍ട്ടൂണുകള്‍

അടിയന്തിരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം പത്രത്തിനു വേണ്ടി യേശുദാസന്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. അതേസമയം തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന തനിനിറത്തില്‍ മന്ത്രിയും കാര്‍ട്ടൂണ്‍ വരച്ചിരുന്നു. അടിയന്തിരാവസ്ഥക്കാലത്താണ് സംഭവം. മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ക്ക് ശരിക്കും പിടിവീണു. കലാനിലയം കൃഷ്ണന്‍നായര്‍ തനിനിറത്തിന്റെ മുഖപ്രസംഗത്തില്‍ വീക്ഷണത്തിലെ കാര്‍ട്ടൂണിനെ പരാമര്‍ശിച്ച് എഴുതി. യേശുദാസനുള്ള സ്വാതന്ത്ര്യം മന്ത്രിക്ക് ഇല്ലാത്തതെന്ത് എന്നായിരുന്നു ചുരുക്കം. മുഖപ്രസംഗം എഴുതി ദിവസങ്ങള്‍ക്കുള്ളില്‍ തനിനിറം പൂട്ടിച്ചു.

 

 

യേശുദാസനും കെ.കെ. നായരും സണ്ണിയും

കാര്‍ട്ടൂണിസ്റ്റ് കെ.കെ.നായരെ ഓര്‍ക്കുന്നുണ്ടോ? ചൈനാ യുദ്ധകാലത്ത് ദേശാഭിമാനിയില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന കെ.കെ. നായര്‍? അധികനാളൊന്നും അദ്ദേഹം ദേശാഭിമാനിയില്‍ വരച്ചിരുന്നില്ല. അക്കാലത്ത് പത്തോ പന്ത്രണ്ടോ കാര്‍ട്ടൂണ്‍. പിന്നീട് നായരുടെ കാര്‍ട്ടൂണ്‍ കണ്ടിട്ടേയില്ല. 

കാര്‍ട്ടൂണിസ്റ്റ് സണ്ണിയെ അറിയുമോ? മലയാള മനോരമയില്‍ ഒരുകാലത്ത് സണ്ണിയുടെ എത്ര കാര്‍ട്ടൂണുകളാണ് വന്നിട്ടുള്ളത്! വി.കെ. ഭാര്‍ഗ്ഗവന്‍നായര്‍ക്ക് മലയാള മനോരമ പത്രത്തിന്റെ ചുമതലയുണ്ടായിരുന്ന കാലത്താണ് സണ്ണിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ജനയുഗത്തിലും സണ്ണിയുടെ ചില കാര്‍ട്ടൂണുകള്‍ വന്നിട്ടുണ്ട്. പിന്നീട് നായരെപ്പോലെ സണ്ണിയും വര നിര്‍ത്തി. പക്ഷേ, യേശുദാസന്‍ വര തുടര്‍ന്നു. യേശുദാസനും കെ.കെ. നായരും സണ്ണിയും ഒരാള്‍ തന്നെ. ദില്ലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പം യേശുദാസന്‍ ശങ്കേഴ്സ് വീക്കിലിയില്‍ ജോലിചെയ്യുന്ന അവസരത്തിലായിരുന്നു ഇന്ത്യാ-ചൈനാ യുദ്ധം. അന്നായിരുന്നു പേരു മാറ്റിയുള്ള കാര്‍ട്ടൂണ്‍ രചനകള്‍. 

ചൈനീസ് എംബസിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു വളരെ രഹസ്യമായി വന്ന് കാര്‍ട്ടൂണുകള്‍ യേശുദാസന്റെ ഡല്‍ഹിലെ പട്ടേല്‍ നഗറിലെ വാടകവീട്ടില്‍നിന്ന് കൊണ്ടു പോയിരുന്നത്.

അവസാന അത്താഴം

മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നതിനു ശേഷം യേശുദാസന്‍ രാഷ്ട്രീയ കാര്‍ട്ടൂണുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മിക്കവാറും വായനക്കാരില്‍നിന്ന് സമ്മിശ്ര പ്രതികരണമാണു ലഭിക്കാറ്. പക്ഷേ, പലവട്ടവും അതിരൂക്ഷമായ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1990-ലെ  ദുഃഖവെള്ളിയാഴ്ച പ്രധാനമന്ത്രി വി.പി. സിംഗിനെ മലയാള മനോരമയില്‍ അവസാന അത്താഴത്തിന്റെ ഭാഗമാക്കിയതിന് യേശുദാസനെതിരേ വ്യാപക പ്രതിഷേധമുണ്ടായി. ക്രിസ്തുവിന്റെ സ്ഥാനത്ത് പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ്. മേശയുടെ ഇരുവശത്തുമുള്ള കര്‍ട്ടനു പിന്നില്‍ ഒരുവശത്ത് ദേവിലാലും മറുവശത്ത് ചന്ദ്രശേഖറും. 'ഇതിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കും, മറ്റൊരാള്‍ തള്ളിപ്പറയും...' ഇതായിരുന്നു വി.പി. സിംഗിനെക്കൊണ്ട് കാര്‍ട്ടൂണിസ്റ്റ് പറയിപ്പിച്ചത്. ദുഃഖവെള്ളിയാഴ്ച മനോരമയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതായിരുന്നു പ്രതിഷേധത്തിനു കാരണമായത്. രാഷ്ട്രീയമായി ആലോചിച്ചാല്‍ കാര്‍ട്ടൂണിലെ വാചകം പ്രസക്തമായി. ഒരാള്‍ ഒറ്റിക്കൊടുത്തു. മറ്റൊരാള്‍ തള്ളിപ്പറഞ്ഞു. 

കാര്‍ട്ടൂണ്‍ യുദ്ധം

1954 ഫെബ്രുവരു 13-ന് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണുണ്ട്. ക്രിസ്തീയ സഭയെ കമ്മ്യൂണിസ്റ്റുകള്‍ കളിയാക്കി എന്നു പറഞ്ഞ് ഈ കാര്‍ട്ടൂണിനെതിരേ വ്യാപക പ്രതിഷേധവും നടന്നു. വിമോചനസമരത്തിനു മുന്‍പുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ ക്രിസ്തീയ സഭകളില്‍ വ്യാപകമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരം നടന്നിരുന്നു. അതിനു തടയിടാനും വിമര്‍ശിക്കാനുമായി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ അക്കാലത്ത് ഇല്ലായിരുന്നു. മറുഭാഗത്ത് കെ.എസ്. പിള്ള, ജോര്‍ജ്, ജോണ്‍ തുടങ്ങി ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ചു. ജനയുഗം പത്രാധിപരായിരുന്ന എന്‍. ഗോപിനാഥന്‍ നായര്‍ ഒരു ചിത്രകാരനെക്കൊണ്ട് ഒരു കാര്‍ട്ടൂണ്‍ പള്ളികള്‍ക്കെതിരേ വരപ്പിച്ചതാണ് ഏറെ ഒച്ചപ്പാടിനു കാരണമായത്.

'ഞാനാണ് രാഷ്ട്രം'

അടിയന്തിരാവസ്ഥാക്കാലത്ത് കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂറിന് ദേശാഭിമാനിയിലായിരുന്നു കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ജോലി ഉണ്ടായിരുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാ പിച്ചതിന്റെ പിറ്റേന്ന് ഇന്ദിരാഗാന്ധിയുടെ ഒരു കാര്‍ട്ടൂണ്‍ ഗഫൂര്‍ ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ വരച്ചിരുന്നു. ഒപ്പം എ.കെ.ജിയുടെയും ഇ.എം.എസിന്റെയും കുറിപ്പുകളും. ഞാനാണ് രാഷ്ട്രം എന്നു പ്രഖ്യാപിച്ച ഫ്രാന്‍സിലെ സ്വേച്ഛാധിപതി ലൂയി പതിനാലാമനുമായി ഇന്ദിരാഗാന്ധിയെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഗഫൂറിന്റെ കാര്‍ട്ടൂണ്‍. മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെടുകയും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടിമെതിക്കപ്പെടുകയും ചെയ്ത അര്‍ദ്ധഫാസിസ്റ്റ് ഭീകരതയുടെ സംഹാരതാണ്ഡവം അരങ്ങേറിയ ഇരുപത്തൊന്ന് മാസങ്ങള്‍ മറച്ചുപിടിക്കാനാവാത്ത നടുക്കത്തോടെ മാത്രമേ ജനാധിപത്യവിശ്വാസികള്‍ക്കും മനുഷ്യസ്നേഹികള്‍ക്കും ഓര്‍മ്മിക്കാന്‍ കഴിയൂ. 

കോഴി ബിരിയാണിയും ഐസ്‌ക്രീമും

കോഴിക്കോട് മുസ്ലീംലീഗിന്റെ ലയനചര്‍ച്ചയുടെ മീറ്റിങ് ദിവസങ്ങള്‍ നീണ്ടുപോകുന്ന സാഹചര്യം ഒരിക്കല്‍ ഉണ്ടായി.  കോഴിബിരിയാണിപ്രിയരാണ് മുസ്ലീംലീഗ് നേതാക്കള്‍ എന്ന സംസാരം ഉണ്ടായ കാലത്താണ് കാര്‍ട്ടൂണും വന്നത്. മലബാറിന്റെ ഭക്ഷണലിസ്റ്റില്‍ ബിരിയാണിക്ക് ഏറെ പ്രാധാന്യമുണ്ട്. വിശേഷിച്ച് കോഴിബിരിയാണിക്ക്. ചര്‍ച്ച ഇങ്ങനെ നീണ്ടുപോയാല്‍ നമ്മുടെ വംശംതന്നെ നശിക്കുമെന്ന് വ്യാകുലപ്പെടുന്നത് കോഴികളാണ്. ലീഗിന് പ്രതിഷേധിക്കാന്‍ മറ്റു കാരണം വേണോ...? 

ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിവാദമായ അവസരത്തില്‍ ബി.എം. ഗഫൂര്‍ മാതൃഭൂമിയില്‍ വരച്ച കാര്‍ട്ടൂണ്‍ കോണ്‍ഗ്രസ്സിനെയും, ലീഗിനെയും തെല്ലാന്നുമല്ല പ്രശ്നത്തിലാഴ്ത്തിയത്. ഐസ്‌ക്രീമിന് കേരളത്തില്‍ മറ്റൊരു അര്‍ത്ഥംകൂടി കല്പിക്കപ്പെട്ട കാലത്താണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. കെ.സി. വേണുഗോപാലും, കെ. മുരളീധരനും ഐസ്‌ക്രീമിനായി തല്ലുകൂടുന്നു. ഈ പിള്ളേരിങ്ങനെ കടിപിടി കൂടിയാല്‍ നമ്മുടെ കച്ചോടം പൂട്ടും എന്നു വേവലാതിപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ ഐസ്‌ക്രീം വണ്ടിയുമായി പോകുന്നതാണു കാര്‍ട്ടൂണ്‍. 

 

 

ചെമ്മരിയാടുകളും എലിയും

ഇന്ത്യാ ടുഡേയില്‍ വന്ന രണ്ടു കാര്‍ട്ടൂണുകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നുവെന്ന് കാര്‍ട്ടൂണിസ്റ്റ് അജിത്ത് നൈനാന്‍ ഓര്‍ക്കുന്നു. പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയെ പോപ്പിന്റെ രൂപത്തില്‍ ചിത്രീകരിച്ചു. കൈയില്‍ ആട്ടിടയന്മാര്‍ ഉപയോഗിക്കുന്ന അറ്റം വളഞ്ഞ വടിയും നല്‍കി. ചുറ്റും കുറെ ചെമ്മരിയാടുകളെയും വരച്ചു. അതില്‍ വി.പി. സിംഗ് എന്ന ആട് ചാടിപ്പോകുന്നതായിട്ടാണു കാണുക. കാര്‍ട്ടൂണില്‍ രാജീവ്ഗാന്ധിയെ പോപ്പായി വരച്ചതില്‍ കുറെപ്പേര്‍ ബഹളമുണ്ടാക്കി. മറ്റൊരവസരത്തില്‍ ഇന്ത്യയെ ഗണപതിയായി ചിത്രീകരിച്ചു വരച്ചു. ഗണപതിയുടെ വാഹനമായ എലിക്കു പകരം സാധാരണക്കാരനായ ഒരു മനുഷ്യനെയാണു വരച്ചത്. 15 ഗണപതി സംഘടനകള്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇന്ത്യയില്‍ അക്കാലത്ത് ഔദ്യോഗികമായി ഇരുപത്തഞ്ചിലേറെ ഗണപതിസംഘടനകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് അന്നാണ്. ഇരുകാര്‍ട്ടൂണ്‍വിവാദത്തിലും ഇന്ത്യാ ടുഡേ ക്ഷമാപണം പ്രസിദ്ധീകരിക്കുകയുണ്ടായി.

അവാര്‍ഡും മുറുമുറുപ്പും

ഹാസ്യകൈരളിയുടെ 2018 ഒക്ടോബര്‍ ലക്കം മുഖചിത്രമായി വന്നത് ബിഷപ്പ് ഫ്രാങ്കോ വിഷയമായ സുഭാഷിന്റെ കാര്‍ട്ടൂണായിരുന്നു. സ്വന്തം സഭയിലെതന്നെ കന്യാസ്ത്രീ ബിഷപ്പിനെതിരേ പീഡന ആരോപണവുമായി വന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്. ഈ കാലയളവില്‍ കേരളത്തിലെ ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകളും സുഭാഷിനെപ്പോലെ ഈ വിഷയത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. സ്വഭാവികമായും ഫ്രാങ്കോ തന്നെയായിരുന്നു കാര്‍ട്ടൂണുകളിലെല്ലാം മുഖ്യകഥാപാത്രം. പൂവന്‍കോഴിക്ക് പീഡനക്കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ മുഖം നല്‍കിയിരിക്കുന്നു. പൊലീസിന്റെ തൊപ്പിക്കു മുകളിലാണ് ഫ്രാങ്കോയെ നിര്‍ത്തിയുള്ളത്. തൊപ്പി പിടിച്ചിരിക്കുന്നത് പി.സി. ജോര്‍ജ്ജും ഷൊര്‍ണ്ണൂര്‍ എം.എല്‍.എ.യായിരുന്ന പി.കെ. ശശിയും ചേര്‍ന്നാണ്. ബിഷപ്പ് ഫ്രാങ്കോയുടെ കൈയിലുള്ള മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തിട്ടുമുണ്ട്. കൂടാതെ, ഭയന്നു വിറച്ച് ഓടുന്ന കന്യാസ്ത്രീകളും കാര്‍ട്ടൂണിലുണ്ട്. ''വിശ്വാസം രക്ഷതി' എന്ന തലക്കെട്ടും കാര്‍ട്ടൂണിന് നല്‍കി. സുഭാഷ് തന്റെ ഫ്രാങ്കോ കാര്‍ട്ടൂണ്‍ കേരള ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ മത്സരത്തിന് അയയ്ക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. പ്രസ്തുത കാര്‍ട്ടൂണ്‍ ക്രിസ്തീയമതപ്രതീകങ്ങളെ അവഹേളിക്കുന്നതാണന്ന വിമര്‍ശനവുമായി കത്തോലിക്കാസഭ രംഗത്തു വന്നു.

കാര്‍ട്ടൂണിന്റെ പേരില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന രീതിയില്‍ കത്തോലിക്കാസഭ വന്നതോടെയാണ് പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ പുനഃപരിശോധിക്കാമെന്ന നിലപാടിലേക്ക് സാംസ്‌കാരിക വകുപ്പ് എത്തിയത്. നിയമസഭയില്‍ പ്രതിപക്ഷനേതാവ് കൊണ്ടുവന്ന സബ്മിഷനെ എല്ലാ അംഗങ്ങളും പിന്തുണച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അവാര്‍ഡ് നിര്‍ണ്ണയിച്ചത് കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണ്. അത് അംഗീകരിക്കേണ്ടത് കേരളീയ പൊതുസമൂഹത്തിന്റെ മാന്യതയാണ്. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥംതന്നെ നഷ്ടമാകും. കാര്‍ട്ടൂണിലെ അംശവടി മതചിഹ്നമാണെന്ന് ഒരു ഒരു വിഭാഗം. അത് അധികാര ചിഹ്നമാണെന്ന് മറ്റൊരു വിഭാഗം. അംശവടിയില്‍ സ്ത്രീയുടെ അടിവസ്ത്രം തൂക്കിയത് മതനിന്ദയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ബലാത്സംഗക്കേസില്‍ ആരോപിതനായ ഒരാളെ ചിത്രീകരിക്കുമ്പോള്‍ മറ്റെന്താണ് വരയ്ക്കേണ്ടതെന്നാണ് മറു
ചോദ്യം. ബിഷപ്പ് ഫ്രാങ്കോ പീഡനം നടത്തിയതുകൊണ്ടാണ് കാര്‍ട്ടൂണിസ്റ്റുകള്‍ അദ്ദേഹത്തെ കോഴിയായും, പീഡനവീരനായും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചതെന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ പറയുന്നു. സഭയെ അപമാനിച്ചത് ഫ്രാങ്കോ ആണെന്നും കാര്‍ട്ടൂണിസ്റ്റല്ലെന്നും അവര്‍ പറയുന്നു. 

കാര്‍ട്ടൂണ്‍ പോലൊരു പരസ്യം

ഇനി പരാമര്‍ശിക്കുന്നത് കാര്‍ട്ടൂണല്ലെങ്കിലും സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ടതുണ്ട് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയില്‍ 2018 സെപ്തംബര്‍ 22-ന് ആദ്യ പേജില്‍ പ്രാധാന്യത്തോടെ കൊടുത്ത വാര്‍ത്തയുണ്ട്: ഡോക്ടര്‍ ഫ്രാങ്കോ അറസ്റ്റില്‍. വാര്‍ത്തയുടെ വിശദീകരണത്തില്‍ മാത്രമാണ് ഫ്രാങ്കോയെ ദീപിക ബിഷപ്പായി അംഗീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭാവിശ്വാസികള്‍ ആരാധനയോടെ വാങ്ങി വായിക്കുന്ന ദീപികയില്‍ ഒന്നാം പേജില്‍ വാര്‍ത്തയോടൊപ്പം കാല്‍ പേജ് പരസ്യമുണ്ട്. സ്ഥലത്തെ പ്രധാന കോഴി...! സഭയെയും വിശ്വാസികളെയും ബിഷപ്പിനെത്തന്നെയും അപമാനിക്കുന്നതായിരുന്നില്ലേ ഇത് എന്ന ചോദ്യം ഉയര്‍ന്നുവന്നു. ഫ്രാങ്കോ കാര്‍ട്ടൂണ്‍ മതവികാരം വ്രണപ്പെടുത്തി എന്ന പറയുന്നതിനിടയില്‍ ഇത് ചേര്‍ത്തു വായിക്കപ്പെട്ടതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. യാദൃച്ഛികമായിട്ടാണെങ്കിലും, ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത വൈക്കം ഡി.വൈ.എസ്.പി.യുടെയും വിവാദ ഫ്രാങ്കോചിത്രം വരച്ച കാര്‍ട്ടൂണിസ്റ്റിന്റെയും പേര് ഒന്നുതന്നെയാണ്: സുഭാഷ്! 

 

 

'കടയ്ക്ക് പുറത്ത്'

കാര്‍ട്ടൂണ്‍ ഒരു വിമര്‍ശനകലയാണ്. അതുകൊണ്ടുതന്നെ ശക്തമായ കാര്‍ട്ടൂണുകള്‍ വിവാദവും ഉണ്ടാക്കും. കേരള ലളിത കലാ അക്കാദമിയുടെ 2017-ലെ കാര്‍ട്ടൂണ്‍ അവാര്‍ഡ് ലഭിച്ചത് ഗോപീകൃഷ്ണനാണ്. രാഷ്ട്രീയ കൊലപാതകത്തിന്റെ മൊത്തക്കച്ചവടക്കാരനായി മുഖ്യമന്ത്രി പിണറായി വിജയനെ കാര്‍ട്ടൂണില്‍ കാണാം. കടയിലെ സഹായികളായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി. പ്രസിഡന്റ് കുമ്മനം രാജശേഖരനും. അന്നാളുകളിലൊന്നില്‍ മുഖ്യമന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞ രണ്ടു വാക്കുകളെ ('കടക്ക് പുറത്ത്') അല്പമൊന്നു മാറ്റിക്കൊണ്ടണ്ടാണ് കാര്‍ട്ടൂണിലെ പിണറായി വിജയന്‍ എന്ന കടയുടമ അതു പറയുന്നത് ('കടയ്ക്ക് പുറത്ത്'). കടയില്‍ സാധനങ്ങള്‍ വാങ്ങാനോ മറ്റോ വന്ന് ജിജ്ഞാസയോടെ ചാക്കുംചാരി അന്തിച്ചുനില്‍ക്കുന്ന കുട്ടിയോടാണീ പറച്ചില്‍. മാദ്ധ്യമപ്രവര്‍ത്തകരെയാണ് ആ കുട്ടി പ്രതിനിധീകരിക്കുന്നനതെന്ന സൂചനയും കാണാം ഇതില്‍. ഈ കാര്‍ട്ടൂണിന് അവാര്‍ഡ് കൊടുത്തതില്‍ ഒരു വിഭാഗം പ്രതിഷേധിച്ചു. പക്ഷേ, മുഖ്യമന്ത്രിയെ നര്‍മ്മമധുരമായി വിമര്‍ശിക്കുന്ന കാര്‍ട്ടൂണിനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് നല്‍കുകയാണുണ്ടായത്.  

പ്രതിഷേധവും കേസും

കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണനാണ് 2020-ലെ ലളിതകലാ അക്കാദമി സ്പെഷല്‍ മെന്‍ഷന്‍ അവാര്‍ഡ് ലഭിച്ചത്. 2020 മാര്‍ച്ച് ആദ്യവാരമാണ് അനൂപ് സാമൂഹ്യമാദ്ധ്യമപേജിലേക്കായി കാര്‍ട്ടൂണ്‍ വരച്ചത്. ലോകത്തെ കോവിഡ് പിടിമുറുക്കുന്നതിനു മുന്‍പ് വരച്ചതായിരുന്നു കാര്‍ട്ടൂണ്‍. അക്കാലത്ത് കോവിഡ് വരാതിരിക്കാന്‍ ചില ഹിന്ദു സംഘടനകള്‍ പശുവിന്റെ മൂത്രം കുടിക്കുന്നതും ചാണകം തിന്നുന്നതും നല്ലതാണെന്ന് പ്രചരിപ്പിച്ചിരുന്നു. ഡല്‍ഹി അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ ഗോമൂത്ര പാര്‍ട്ടികള്‍ നടത്തി പശുവിന്റെ മൂത്രം പരസ്യമായി കുടിച്ചും ചാണകം കഴിച്ചും അവരുടെ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് വിഷയമാക്കി അനൂപ് വരച്ചതായിരുന്നു കാര്‍ട്ടൂണ്‍. 2021 നവംബറില്‍ അനൂപിന്റെ കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ ഹിന്ദു സംഘടനകള്‍ വിവാദമുണ്ടാക്കി രംഗത്തെത്തിയിരുന്നു. ആ കാര്‍ട്ടൂണ്‍ വരയ്ക്കപ്പെട്ടത് 2020 മാര്‍ച്ച് ആദ്യത്തിലാണെന്ന വസ്തുതയൊന്നും തങ്ങള്‍ കണക്കിലെടുക്കുകയേയില്ലെന്ന മട്ടിലായിരുന്നു ആ പ്രതിഷേധം പോയത്.

മാദ്ധ്യമപ്രവര്‍ത്തകയും കാര്‍ട്ടൂണിസ്റ്റുമായ സ്വാതി വഡ്ലമുടി വരച്ച കാര്‍ട്ടൂണ്‍ ഏറെ വിവാദമുണ്ടാക്കുകയും അവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയുമുണ്ടായി. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി എന്നതായിരുന്നു കേസ്. ബി.ജെ.പി. പ്രവര്‍ത്തകരുടെ മുഖമാണ് ഈ കാര്‍ട്ടൂണ്‍ ചുവപ്പിച്ചത്. രാജ്യത്ത് വ്യാപകമായി ശ്രീരാമസേനാ പ്രവര്‍ത്തകരും, ഹിന്ദുസേനയും ആള്‍ക്കൂട്ടകൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരുന്ന അവസരത്തിലാണ് കാര്‍ട്ടൂണ്‍ രചിക്കപ്പെട്ടത്. രാമനോട് സീത പറയുകയാണ്, എന്നെ തട്ടിക്കൊണ്ടുപോയത് താങ്കളുടെ സേനയല്ലല്ലോ... രാവണനാണല്ലോ എന്നതില്‍ എനിക്ക് സമാധാനിക്കാം.

കാര്‍ട്ടൂണ്‍ ഭയമുള്ള പുതുകാലം

ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. ദൈവങ്ങളെ, മതത്തെ, ജാതിയെ, വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ വിവാദങ്ങളാകുന്നു. സോഷ്യല്‍മീഡിയ സജീവമായതോടെ വൈറല്‍, സൈബര്‍ ആക്രമണം എന്നീ പുതിയ പ്രവണതകള്‍ വന്നു. ഇതിനുവേണ്ടി കാര്‍ട്ടൂണ്‍ വരയ്ക്കുന്നവരുടെ എണ്ണം കൂടിയതായി കാണാം. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുലഭ്യം കേള്‍ക്കാന്‍ വേണ്ടി മാത്രം കാര്‍ട്ടൂണ്‍ വരയ്ക്കുന്നതില്‍ നല്ല കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നവര്‍ പോലുമുണ്ട്. നേതാക്കള്‍ വിമര്‍ശനത്തെ ഭയക്കുന്നു. വിമര്‍ശന കലയായ കാര്‍ട്ടൂണുകള്‍ പലര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു എന്നത് സത്യമാണ്.

click me!