വായിക്കാനാളില്ലാതാവുമ്പോള്‍, എല്ലാവരും എഴുത്തുകാരാവുമ്പോള്‍, പുസ്തകങ്ങള്‍ ചെന്നെത്തുന്ന ഒരൊറ്റപ്പെടലുണ്ടാവില്ലേ? അതുണ്ടെങ്കില്‍, അതോര്‍ക്കുമ്പോള്‍ തന്നെ ഉള്ളുപൊള്ളിപ്പോവും. ആര്‍ക്കും വേണ്ടാത്ത പുസ്തകങ്ങള്‍ക്കുള്ളില്‍ എത്രയെത്ര ജീവിതങ്ങളാവും ഖബറിലെന്നോണം കിടന്നുറങ്ങുന്നുണ്ടാവുക?
ബഹളങ്ങളില്ലാത്ത, സമാധാനമുള്ള പുസ്തകാലയമായിരുന്നു തെരേഷ്യന്‍ ലൈബ്രറി. തേടിപ്പോയതു കെമിസ്ട്രി പുസ്തകങ്ങളെയായിരുന്നെങ്കിലും കൂടെപ്പോന്നത് ബാല്യകാലസഖിയും, ഖസാക്കിന്റെ ഇതിഹാസവുമായിരുന്നു.
മറ്റു പലതും പോലെ വിസ്മയകരമായിരുന്നു പുസ്തകങ്ങളിലേക്കും വായനയിലേക്കുമുള്ള യാത്രകള്‍. വായന എന്താണെന്നുപോലും അറിയാതെ, വായിക്കുകയാണ് എന്നുപോലും അറിയാത്ത ഒഴുക്കുകള്‍. കണ്മുന്നില്‍ കാണുന്നതെല്ലാം വായിച്ചിരുന്ന കാലത്തില്‍നിന്നും പുസ്തക മണം മാത്രം നിറയുന്ന നേരങ്ങളിലേക്കും നല്ല വായനയിലേക്കും പതിയെ ചെന്നുപറ്റിയ നാളുകള്‍.
കിട്ടുന്നതെന്തും ആര്‍ത്തിയോടെ വായിച്ചായിരുന്നു തുടക്കം. ബാലമാസികകളില്‍നിന്നും അതു തുടങ്ങുന്നു. പിന്നെ, ആനുകാലികങ്ങളിലെ ബാലപംക്തികള്‍, ആഴ്ചപ്പതിപ്പുകള്‍, മാസികകള്‍, പത്രങ്ങള്‍, സിനിമാവാരികകള്‍ എന്നിങ്ങനെ ഒരു തരംതിരിവുമില്ലാതെ വന്നുചേര്‍ന്ന വായന. കഥ, കവിത, നോവല്‍, യാത്രാവിവരണം എന്നിങ്ങനെയുള്ള വേര്‍തിരിവുകളെക്കുറിച്ചോ എഴുത്തുകാരെക്കുറിച്ചോ ഒരു ബോധവുമില്ലാതെയുള്ള വായനയിലേക്ക് അത് പതിയെ വഴിമാറി. യാത്ര കഴിഞ്ഞെത്തുന്ന വാപ്പയുടെ പെട്ടിയിലുള്ള സകലമാന മാഗസിനുകളും ആവേശത്തോടെ കൈക്കലാക്കി വായന വിശപ്പടക്കിയിരുന്ന കൗമാരകാലം മറക്കാനാവില്ല. പുസ്തകങ്ങള്‍ അന്തിയുറങ്ങുന്ന ലൈബ്രറി എന്നൊരു സംവിധാനം ഉണ്ടെന്നുപോലും അറിയാതെ, കണ്‍മുന്നില്‍ വന്നുചാടുന്ന അക്ഷരങ്ങള്‍ കൊതിയോടെ വായിച്ചുനടന്ന ആ നാളുകള്‍ മനോഹരമായിരുന്നു എന്നിപ്പോള്‍ ഓര്‍ക്കുന്നു.
പലകയൂഞ്ഞാല്‍ ലൈബ്രറി
ആദ്യമായി കാണുന്ന ലൈബ്രറി, മൂത്താപ്പയുടെ വീട്ടിലെ ആ കൊച്ചുമുറിയിലായിരുന്നു. രണ്ടറ്റവും
കയറില്‍ കോര്‍ത്തൊരു പലകയില്‍ അടുക്കിയടുക്കിവച്ച കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍.
ബാലരമയും, പൂമ്പാറ്റയും, ബാലമംഗളവും, ബാലഭൂമിയും, ബോബനും മോളിയും, അപ്പൂസും, ഉണ്ണിക്കുട്ടനും, അമര്‍ചിത്രകഥകളും...അങ്ങനെ കുഞ്ഞിക്കഥകളുടെ വലിയൊരു ലോകം.
മൂത്താപ്പയുടെ മകന്റെതായിരുന്നു അവയൊക്കെ. അവന്‍ വളര്‍ന്നുവരുന്നതിനനുസരിച്ച് അവ മേശപ്പുറത്തു നിന്നും ഉയര്‍ന്നുയര്‍ന്ന് മച്ചില്‍ കെട്ടിയ 'പലകയൂഞ്ഞാലില്‍' എത്തിപ്പെട്ടതാണ്. രണ്ടടിപ്പൊക്കം മാത്രമുണ്ടായിരുന്ന വായനക്കാരിയുടെ കണ്ണുകള്‍ക്ക് മാത്രമേ ആ 'പലകയൂഞ്ഞാലിലേക്ക്'ചാടിയെത്താന്‍ പറ്റുമായിരുന്നുള്ളൂ. സമീപമുള്ള ജനല്‍ക്കമ്പിയില്‍ കസേരയിട്ട് വലിഞ്ഞുകേറി കമ്പിപ്പടികള്‍ ഓരോന്നായി കടന്ന് ഒറ്റക്കയില്‍ തൂങ്ങി മറ്റേ കൈകൊണ്ട് പുസ്തകങ്ങള്‍ തിക്കിയെടുത്തുകൊണ്ടു വേണം അതിസാഹസികമായി പുസ്തകമെടുക്കാന്‍. കൈപ്പിടിയില്‍ ഒതുങ്ങുന്നതില്‍ കൂടുതല്‍ പുസ്തകങ്ങളുമായി ജനലിലൂടെ അതിസാഹസികമായി ഇറങ്ങിയ ഒരു നാളില്‍ എങ്ങനെയോ ഊഞ്ഞാല്‍ അങ്ങനെതന്നെ താഴേക്കുവീണു. ആരെങ്കിലും വരുന്നതിനുമുന്നെ, വീണുകിടക്കുന്ന പുസ്തകങ്ങളില്‍ പിന്നെയും കുറെയെണ്ണമെടുത്ത് നെഞ്ചോട് ചേര്‍ത്ത് അപ്പുറത്തെ മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു!
പേരിനുപോലും കളിക്കൂട്ടുകാരോ, വിശാലമായ പറമ്പോ ഇല്ലാതിരുന്നിട്ടും വേനലവധി വരുമ്പോള്‍ കെട്ടിപ്പുറപ്പെട്ടിരുന്നത് ഇവിടേക്കായിരുന്നു. ലക്ഷ്യം ഒന്നു മാത്രം-ആ കുഞ്ഞു ലൈബ്രറി. പലവട്ടം വായിച്ചതാണെങ്കിലും, ഓരോ ഒഴിവുകാലത്തും സ്വയം പറഞ്ഞു പറ്റിക്കും, 'ഇല്ല ഈ ബാലരമ വായിച്ചിട്ടില്ല, ഈ പൂമ്പാറ്റ കണ്ടിരുന്നു. വായിച്ചില്ല!' എങ്കിലും നന്നായി അറിയാമായിരുന്നു ആ ലക്കങ്ങളില്‍ കപീഷിന്റെ വാല്‍ നീണ്ടുനീണ്ട് ഒപ്പിക്കുന്ന സാഹസികതകള്‍ എന്തൊക്കെയെന്ന്, മായാവിയുടെ മാന്ത്രിക വടി തട്ടിപ്പറിക്കാനുള്ള കുതന്ത്രങ്ങള്‍ എന്തായിരുന്നുവെന്ന്, ഉണ്ണിക്കുട്ടന്റെ കുസൃതിക്കഥകള്‍ എന്തൊക്കെയന്ന്... തിന്മയെ വെല്ലുന്നത് നന്മ തന്നെയായിരിക്കുമെന്നും നിഷ്‌കളങ്കമായ മനസ്സോടെ ആരെയും സ്‌നേഹിച്ചു തോല്‍പിക്കാമെന്നും ആ പുസ്തകങ്ങളെല്ലാം നിരന്തരം ആവര്‍ത്തിച്ചു.
തെരേസ്യന്‍ ലൈബ്രറി
ലൈബ്രറി എന്നൊരു അത്ഭുതലോകം ആദ്യമായി അടുത്തുകാണുന്നത് എറണാകുളം സെന്റ് തെരേസാസിലെ ഡിഗ്രി പഠനകാലത്തായിരുന്നു. പുസ്തകങ്ങള്‍ക്ക് മാത്രമല്ല ലൈബ്രറികള്‍ക്കും, വായിക്കാന്‍ പ്രേരിപ്പിക്കുന്ന കാന്തികശക്തിയുണ്ടെന്ന് അന്നാണ് മനസ്സിലായത്. അതു മനസ്സിലാക്കാന്‍ ഡിഗ്രി രണ്ടാംവര്‍ഷാവസാനം വരെയെടുത്തു എന്നത് ഇപ്പോഴോര്‍ക്കുമ്പോള്‍ സങ്കടകരമാണ്.
എന്നോ ഒരിക്കല്‍, ആര്‍ട്‌സും സയന്‍സും വേര്‍തിരിഞ്ഞൊരു വഴിത്താരയില്‍വെച്ച്, കൂട്ടുകാരി ലിയയാണ് നമുക്ക് കോളേജ് ലൈബ്രറിയിലൊന്ന് പോയാലോ എന്ന് ചോദിച്ചത്. നോട്‌സ് റെഫര്‍ ചെയ്യാം എന്ന ഉദ്ദേശം മാത്രമായിരുന്നു അന്നേരം മനസ്സില്‍. എന്നാല്‍, അതൊരു വിശുദ്ധ തീര്‍ത്ഥാടനത്തിലേക്കുള്ള വഴി തുറക്കലായിരുന്നു. പുസ്തകങ്ങളുടെ മണം എന്നെ തകിടം മറിച്ചു. അതുവരെ ബാഗില്‍ ഉറങ്ങിക്കിടന്നിരുന്ന ലൈബ്രറികാര്‍ഡുകള്‍ കണ്‍തുറന്നു.
ബഹളങ്ങളില്ലാത്ത, സമാധാനമുള്ള പുസ്തകാലയമായിരുന്നു തെരേഷ്യന്‍ ലൈബ്രറി. തേടിപ്പോയതു കെമിസ്ട്രി പുസ്തകങ്ങളെയായിരുന്നെങ്കിലും കൂടെപ്പോന്നത് ബാല്യകാലസഖിയും, ഖസാക്കിന്റെ ഇതിഹാസവുമായിരുന്നു. പുസ്തക മണമുള്ള ലൈബ്രറിയിലെ ഓരോ പുസ്തകങ്ങള്‍ക്കും ഓരോരോ മണമായിരുന്നു. ഒരുപക്ഷേ ഓരോ കഥയ്ക്കും ഓരോ ഗന്ധം ഖസാക്കിലെ രവിയോടൊപ്പം നടക്കുമ്പോള്‍ ആ വിചി്രതഭൂമികയിലെ ഗന്ധങ്ങള്‍ കൂടെപ്പോന്നു. ജനിതകവേരുകളാല്‍ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഖസാക്കിലെ മണ്ണിലുറഞ്ഞ ഗന്ധം.
ബഷീറും, എംടിയും, തകഴിയും, മുകുന്ദനും, മാധവിക്കുട്ടിയും, സാറ ജോസഫും, പ്രേം ചന്ദും എല്ലാം പുസ്തകങ്ങളായി ഉള്ളിലേക്ക് വന്നുകയറി. അവ പകര്‍ന്നുതന്നത് ജീവിതത്തിന്റെ ഭിന്ന ഭാവങ്ങളായിരുന്നു. ജീവിതക്കലക്കങ്ങള്‍.
ബാക്കി കിട്ടിയ ഒന്നരവര്‍ഷക്കാലം ലിയയോടൊപ്പം മത്സരിച്ചു വായിച്ചു. മനോഹരമായ ഒരു വായനക്കാലമാണ് ഞാനീ പിന്നിടുന്നതെന്ന് അറിയാതെയുള്ള വായന. അത്ര ആവേശത്തോടെ പിന്നീട് ഒരിക്കലും ഞാന്‍ പുസ്തകങ്ങളെയോ പുസ്തകങ്ങള്‍ എന്നെയോ അന്തരാത്മാവിലേക്ക് വലിച്ചെടുത്തിട്ടില്ല. തെരേഷ്യന്‍ പട്ടം അഴിച്ചുവയ്ക്കുന്നതിന്റെ അവസാനനാളായിട്ടും തിരിച്ചേല്‍പ്പിക്കാതെ വച്ച ലൈബ്രറി കാര്‍ഡുകള്‍, ലൈബ്രേറിയന്റെ അറിയിപ്പ് കിട്ടുന്നതുവരെ കയ്യില്‍ തന്നെയിരുന്നു. രണ്ടു കാര്‍ഡുകളില്‍ ഒരെണ്ണം മാത്രം തിരിച്ചേല്‍പിച്ച് ബാക്കിയുള്ള കാലങ്ങളില്‍ ഒരെണ്ണം കൊണ്ട് വായനബന്ധം ഊട്ടിയുറപ്പിച്ചുകൂടെ എന്ന സ്വപ്‌നജീവിയുടെ യുക്തിക്ക് പ്രയോഗിക ലോകത്ത് വലിയ നിലനില്‍പ്പുണ്ടായില്ല. പിന്നെയും പിന്നെയും ആ പുസ്തകങ്ങളെ കണ്ണാല്‍ തഴുകി ആ ഗന്ധസമുദ്രങ്ങളാകെ ഉള്ളിലേക്ക് ആഴത്തിലാഴത്തില്‍ ആവാഹിച്ചുകൊണ്ടാണ് അന്ന് ലൈബ്രറിയോട് വിട പറഞ്ഞത്. സെന്റ് തെരേസാസ് പടികളിറങ്ങുന്നത് എഴുതിവെച്ച സങ്കടപ്പുസ്തകത്തിലെ ആദ്യത്തെ പേജ്!
എന്റെ കുഞ്ഞു ലൈബ്രറി
ഇന്നിപ്പോള്‍ വായനയുടെ തലങ്ങളും, മീഡിയവും എല്ലാം ആകെ മാറിമറിഞ്ഞു. കയ്യിലൊതുക്കാവുന്ന കുഞ്ഞുസ്‌ക്രീനില്‍ കഥയും കഥാപാത്രവും ഒരു വിരല്‍സ്പര്‍ശമകലത്തില്‍ നില്‍ക്കുന്നു. വായന എഴുത്തിന്റെ കുഞ്ഞുനിലങ്ങളിലേക്ക് പിച്ചവെക്കാന്‍ തുടങ്ങിയിട്ടും എന്നാല്‍, പഴയ ആ വായനക്കാലത്തിന്റെ കടല്‍ത്തിരകള്‍ തിരികെയെത്തുന്നില്ല. പുസ്തകങ്ങളുടെ അതിഗാഢമായ ഗന്ധസ്മൃതികള്‍ പഴയതുപോലെ വന്നുതൊടുന്നില്ല. വായന ഇ - വായനയിലേക്കും നിര്‍മിത ബുദ്ധിയിലേക്കുംഎത്തിനില്‍ക്കുമ്പോള്‍, ഉള്ളില്‍ നിന്നൂര്‍ന്നു പോയത് വായനയോടുള്ള ഉന്‍മാദം കലര്‍ന്ന പ്രണയമായിരുന്നു എന്ന് ചിലപ്പോള്‍ തോന്നുന്നു.
എങ്ങനെ വായിക്കാം എന്നും എങ്ങനെയൊക്കെ വായിക്കരുത് എന്നും ഇക്കാലം കൊണ്ട് പഠിച്ചു. വരികളിലൂടെ മാത്രമല്ല വരികള്‍ക്കിടയിലൂടെയും വായിക്കാം എന്നും പുസ്തകങ്ങള്‍ പഠിപ്പിച്ചു.
ഇന്ന് കൈയത്തുംദൂരെ ഒരു കുഞ്ഞുലൈബ്രറിയുണ്ട്. ചുറ്റിലും എണ്ണത്തില്‍ കൂടുന്ന പുസ്തകങ്ങളുണ്ട്. എണ്ണത്തില്‍ കുറയുന്ന പുസ്തകപ്രേമികളും എണ്ണത്തില്‍ കവിയുന്ന എഴുത്തുകാരുമുണ്ട്. അതിശയപ്പെടാനേ കഴിയുന്നുള്ളു. പുസ്തകവും വായനയും പൊങ്ങച്ചത്തിനും പേരിനുംപെരുമയ്ക്കും മാത്രമായി മാറുന്ന കാലം. നാട്യങ്ങളുടെ ജീവിതക്രമത്തില്‍, ലോകക്രമത്തില്‍ പുസ്തകങ്ങള്‍ക്കും വായനയ്ക്കും മാത്രം മാറിനില്‍ക്കാന്‍ കഴിയുന്നതെങ്ങനെ?
വായിക്കാനാളില്ലാതാവുമ്പോള്‍, എല്ലാവരും എഴുത്തുകാരാവുമ്പോള്‍, പുസ്തകങ്ങള്‍ ചെന്നെത്തുന്ന ഒരൊറ്റപ്പെടലുണ്ടാവില്ലേ? അതുണ്ടെങ്കില്‍, അതോര്‍ക്കുമ്പോള്‍ തന്നെ ഉള്ളുപൊള്ളിപ്പോവും. ആര്‍ക്കും വേണ്ടാത്ത പുസ്തകങ്ങള്‍ക്കുള്ളില്‍ എത്രയെത്ര ജീവിതങ്ങളാവും ഖബറിലെന്നോണം കിടന്നുറങ്ങുന്നുണ്ടാവുക?