അടിമജീവിതങ്ങളുടെ സംഘര്‍ഷഭൂമികള്‍

By Pusthakappuzha Book Shelf  |  First Published Mar 13, 2021, 6:52 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് അടിമത്തം പ്രമേയമായ പുസ്തകങ്ങളെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്


അടിമകളുടെ സ്വത്വപരമായ വികാസം എന്തുവില കൊടുത്തും തടയേണ്ടത്   ഉടയോന്മാരുടെ പരമപ്രധാനമായ ലക്ഷ്യമായിരുന്നു. അധികാരവര്‍ഗ്ഗത്തിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളും സമ്മര്‍ദങ്ങളും ഭാവിയെ പറ്റി ചിന്തിക്കാനുള്ള കരുത്ത് അവരില്‍ നിന്നും തുടച്ചു നീക്കി. ഇത്തരത്തിലുള്ള ചൂഷണങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ ചരിത്രം അരികുജീവിതങ്ങളുടെ സംഘര്‍ഷങ്ങളെയാണ് രേഖപ്പെടുത്തുന്നത്. സന്ധിസംഭാഷണങ്ങളും അനുരഞ്ജനചര്‍ച്ചകളും എപ്പോഴും ലക്ഷ്യം വെക്കുന്നത് അധികാരികളുടെ സ്വാര്‍ത്ഥതാല്പര്യം മാത്രമാണ്. സമരങ്ങളും അതിജീവനശ്രമങ്ങളും നിത്യജീവിതത്തിനെ ഭാഗമായി മാറിയവരുടെ കഥകള്‍ ലോകത്തിന്റെ ഏതു ഭാഗത്തും ഒരു പോലെ തന്നെയാണ്.

 

Latest Videos

 

undefined

ഭരണകൂടത്തിന്റെ അനുഭാവപൂര്‍വമുള്ള നോട്ടങ്ങള്‍  ഇല്ലാതെ മറ്റൊരു ലോകത്ത് ജീവിക്കേണ്ടി വരുന്നവര്‍ക്ക് ചരിത്രം മുറിവുകളുടെയും ചൂഷണങ്ങളുടെയും ആവര്‍ത്തനം മാത്രമായി അനുഭവപ്പെടും. ഒരുകാലത്ത്, ആഗ്രഹങ്ങള്‍ വിലക്കപ്പെട്ട അടിമവര്‍ഗം വിമോചനം നേടിയിരുന്നത് സ്വപ്നങ്ങളില്‍ കൂടെയത്രേ. അടിമത്തവ്യവസ്ഥ നിലവിലിലുണ്ടായിരുന്ന സമൂഹങ്ങളില്‍ എണ്ണമറ്റ  സഹനങ്ങളിലൂടെ നിത്യവും കടന്നുപോയ ഒരു വിഭാഗത്തിന്റെ ആന്തരികവ്യഥയ്ക്ക് ചെവിക്കൊടുക്കാന്‍ അധികാരികള്‍ തയ്യാറായതുമില്ല. അധീനതയില്‍ കഴിയുന്നതോടെ സഹജസ്വഭാവങ്ങളെല്ലാം അവര്‍ക്ക് മൂടിവെക്കേണ്ടി വന്നു എന്നതും ഓര്‍ക്കണം. 'മനുഷ്യരു'ടെ പൊതുഭാവങ്ങള്‍ നിര്‍ബന്ധിതമായി റദ്ദുചെയ്യുന്ന അവസ്ഥ എത്രകണ്ട് അപലപനീയമാണെന്ന് പറയാതെ വയ്യാ.

ഔലാദ് ഇക്വിയാനോ എന്ന ആഫ്രിക്കയിലെ അടിമയെ പറ്റി പരാമര്‍ശിക്കാതെ അടിമത്തവ്യവസ്ഥയുടെ ചുരുളുകള്‍ നിവര്‍ത്താനാവില്ല. 1789-ല്‍ പ്രസിദ്ധികരിച്ച  ഇക്വിയാനോയുടെ ആത്മകഥയില്‍ ആഫ്രിക്കയിലെ അടിമവ്യാപാരത്തിന്റെ വിശദാംശങ്ങളുണ്ട്. ഗോത്രത്തലവന്മാര്‍ പ്രസ്തുത ഗോത്രത്തിലെ അംഗങ്ങളെ ആവശ്യത്തിനനുസരിച്ച്  വില്‍ക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. ആളില്ലാതെ  വരുമ്പോള്‍ മറ്റു ഗോത്രങ്ങളുമായി പട വെട്ടി അടിമകളെ സംഘടിപ്പിക്കുന്ന വ്യവസ്ഥയും നിലവിലുണ്ടായിരുന്നു. ആഫ്രിക്കയിലെ അടിമക്കച്ചവടം നിരോധിക്കാന്‍ 'The Interesting Narrative of the Life of Olaudah Equiano' എന്ന പേരിലുള്ള ഈ പുസ്തകവും കാരണമായിട്ടുണ്ട്. പിന്നീട് ഫിക്ഷനുകളില്‍ അടിമ എന്നത് പ്രമേയവും രൂപകവും മുഖ്യവിഷയവുമായി.  അടിമത്തത്തിന്റെ തിക്തതകളെ ഏറ്റവും നന്നായി അവതരിപ്പിച്ചത് നോവലുകളിലാണ്. രാഷ്ട്ര/ദേശ/ഭാഷാ വ്യത്യാസമില്ലാതെ നില നിന്നിരുന്ന ഈ അനാചാരത്തെ   തീവ്രമായി വിവരിക്കുന്ന നോവലുകള്‍ ലോകസാഹിത്യത്തിലുണ്ട്. അക്കൂട്ടത്തിലെ ചില അടയാളപ്പെടുത്തലുകള്‍ ശ്രദ്ധേയങ്ങളാണ്.

 

 

1

തെക്കേ കരോലീനയിലേക്കും അവിടെ നിന്നു ന്യൂയോര്‍ക്കിലേക്കും എത്തിപ്പെടാന്‍ വ്യഗ്രത കാണിക്കുന്ന അടിമകളുടെ അനുഭവചിത്രീകരണമാണ് കോള്‍സന്‍ വൈറ്റ്‌ഹെഡിന്റെ 'The Underground Rail Road'.  പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച ഈ നോവല്‍, പ്രശസ്തമായ നാഷണല്‍ ബുക്ക്  അവാര്‍ഡും നേടി. ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാരെ അടിമകളാക്കിയ ഒരു കാലം അമേരിക്കയില്‍ ഉണ്ടായിരുന്നു. കിരാതമായ അടിമത്തം നിലനിന്നിരുന്ന ദക്ഷിണപ്രദേശങ്ങളില്‍ നിന്നും മാനുഷികമായ സ്വഭാവരീതികള്‍ പാലിക്കുന്ന ഉത്തരദിക്കിലേക്കുള്ള അടിമകളുടെ ഒളിച്ചോട്ടത്തിന്റെ കഥയാണ് ഈ നോവല്‍. ഫ്രീ സ്റ്റേറ്റുകളും അഭയസ്ഥാനങ്ങളും അതോടൊപ്പം  അടിമത്തവ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടവരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും  ധാരാളമായി വടക്കന്‍ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഒളിച്ചോടിയവരെ പിടിക്കാനുള്ള സാധ്യത താരതമ്യേന കുറവായിരുന്നു. എന്നാല്‍  ഓടിപ്പോകുന്നവരെ തിരികെ പിടിച്ചു കൊണ്ടു വരാന്‍ ശ്രമങ്ങളുണ്ടായി. ഒറ്റുകാരും അടിമകളുടെ കൂട്ടത്തിലുള്ള വഞ്ചകരും  വേട്ടനായ്ക്കളും ഇതിനു സഹായകമാവുകയും ചെയ്തു.

കോറ എന്ന കറുത്തവര്‍ഗക്കാരിയാണ് നോവലിലെ മുഖ്യകഥാപാത്രം. അജാരിയെന്ന അടിമസ്ത്രീയുടെ മകളായിരുന്നു കോറ. പലയിടങ്ങളില്‍ അടിമപ്പണി ചെയ്യേണ്ടി വന്ന അജാരി ഒടുവില്‍ ജോര്‍ജിയയിലെ റാന്‍ഡല്‍ തോട്ടത്തിലാണ് എത്തിച്ചേര്‍ന്നത്. അവിടെ, സ്ത്രീകളെ അങ്ങേയറ്റം ക്രൂരവും നിന്ദ്യവുമായ വിധത്തിലായിരുന്നു ജന്മികള്‍ ചൂഷണം ചെയ്തത്. ചാപിള്ളകളും ആരോഗ്യമില്ലാത്ത നവജാതശിശുക്കളും ഒരു നിയന്ത്രണവുമില്ലാതെ പെറ്റു പെരുകിയ ഒരു അന്തരീക്ഷമായിരുന്നു അത്.  എങ്ങനെയെങ്കിലും ആ തോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കോറ  ആഗ്രഹിച്ചത് സ്വാഭാവികമാണ്.  പതിനേഴാമത്തെ വയസ്സില്‍, സീസര്‍ എന്ന യുവാവിനൊപ്പം ഒളിച്ചോടാന്‍ അവള്‍ തയ്യാറായി. വേഷം, ഭാഷ, രൂപം എന്നിവയില്‍ പരിഷ്‌കാരത്തിന്റെ അലകള്‍ കടന്നു വരാത്ത കോറ പ്രാകൃതമായ ആവാസവ്യവസ്ഥയില്‍ നിന്നും രക്ഷപ്പെട്ടതിനു ശേഷം പരിഷ്‌കൃതമായ ഭാഷയും ജീവിതരീതികളും പഠിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. വടക്കേ കരോലിനയിലേക്കുള്ള രക്ഷപ്പെടലിന്റെ ഭാഗമായി വഴിയില്‍ പലയിടത്തും അവര്‍ക്ക് തങ്ങേണ്ടി വന്നിരുന്നു. ഇതിനിടയിലായിരുന്നു നിര്‍ബന്ധിത വന്ധ്യംകരണത്തിനും മറ്റു ജനിതക പരീക്ഷണങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ ഇരയാകുന്ന സമ്പ്രദായം വ്യാപകമായത്. ഈ രീതിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോറ ഉയര്‍ത്തിയത്. തോട്ടത്തില്‍ നിന്നും രക്ഷപ്പെട്ടു വന്നവര്‍ക്ക് സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശമുണ്ടെന്നും മുതലാളിവര്‍ഗ്ഗമോ വെളുത്തവരോ അല്ല അവരുടെ ഉടമസ്ഥര്‍ എന്നും അവള്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചു. ഓടി രക്ഷപ്പെട്ടിരുന്ന അടിമകളെ പിടിക്കാന്‍ തോട്ടം മുതലാളികള്‍ നിയോഗിച്ച റിജ് വേയുമായുള്ള   ഏറ്റുമുട്ടലില്‍ സീസര്‍ മരിച്ചത് ആയിടയ്ക്കായിരുന്നു.  തുടര്‍ന്ന് കോറ ഒറ്റയ്ക്ക്  മുതലാളികളുമായി  പൊരുതാനാരംഭിച്ചു.  നോര്‍ത്ത് കരോലിനയില്‍ ഒരു വീട്ടിന്റെ മച്ചിലെ ഒളിച്ചു താമസിച്ചിരുന്ന   കോറയെ വീട്ടുടമസ്ഥന്റെ  മകള്‍  ഒറ്റു കൊടുക്കുകയായിരുന്നു. എന്നാല്‍ തന്നെ പിടി കൂടാന്‍ വന്ന വെളുത്തവര്‍ഗക്കാരെ   സാഹസികമായി മറികടന്നു  കൊണ്ട് , ഉത്തരദിക്കിലേക്കുള്ള പ്രതീക്ഷയുടെ യാത്ര തുടരുകയാണ് കോറ. അതിജീവനത്തിനായി പൊരുതുന്ന സ്ത്രീകളുടെ പ്രതീകമായ കോറ ചെറുത്തുനില്‍പ്പുകളിലൂടെ മറ്റൊരു  പാത വെട്ടിത്തുറക്കുകയാണ്. വ്യവഹാരലോകത്ത് സ്ഥാനമുണ്ടെന്ന് സ്ഥാപിക്കാന്‍, തങ്ങളെ അദൃശ്യരായി കാണുന്ന മേല്‍ക്കോയ്മാമനോഭാവത്തോട് വ്യക്തതയോടെ കലഹിക്കുന്ന  സ്ത്രീയാണ് കോറ.    

 

 

2

അധികാരികളുടെ ഇംഗിതത്തിനനുസരിച്ച് നൃത്തം വെയ്ക്കുന്ന ഒരു പറ്റം മനുഷ്യരാണ് ആദിവാസികള്‍ എന്ന വിചാരം എത്രമാത്രം പ്രതിലോമകരമാണെന്നു തെളിയിക്കുന്ന കഥയാണ് സന്താള്‍ വംശജനായ ഹന്‍സ്ദ സൗവേന്ദ്ര ശേഖര്‍ എഴുതിയ 'The Adivasi will not dance'. ഇടുങ്ങിയ ലോകത്തേക്ക് തള്ളിത്താഴ്ത്തിയ പൊതുസമൂഹത്തില്‍  നിരന്തര സാന്നിധ്യമായി സന്താളുകള്‍ മാറുന്നതിന്റെ കാഴ്ചയാണ് ഈ കഥ. സന്താള്‍ വിഭാഗക്കാര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ കാഠിന്യം  എന്തെന്ന് വ്യക്തമാക്കുന്ന ഈ കഥ, അക്കാരണം കൊണ്ട് വിവാദത്തില്‍ പെടുകയും ചെയ്തു. അധികൃതരെ ചൊടിപ്പിക്കുന്ന  വിധത്തിലുള്ള യഥാതഥചിത്രീകരണം കൊണ്ട്  ശ്രദ്ധ നേടിയ 'The Adivasi will not dance' അധ:കൃതര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ സംഗ്രഹമാണ്. 

കാലങ്ങളോളം 'വിഡ്ഢി'കളായി കഴിഞ്ഞു കൂടിയ ആദിവാസികളുടെ ചരിത്രവും പിന്നോക്കാവസ്ഥയും ഹന്‍സ്ദ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രപതി ജനിച്ചത്  സന്താള്‍ വര്‍ഗം തിങ്ങി താമസിക്കുന്ന പ്രദേശത്തിന്റെ അടുത്ത ജില്ലയില്‍ നിന്നായിട്ടും വികസനത്തിന്റെ പാത  എത്താത്ത ചുറ്റുവട്ടമായിരുന്നു സന്താളുകളുടേത്. കൃഷിപ്പണിചെയ്യാന്‍ പറ്റാത്ത വിധം സാഹചര്യങ്ങള്‍ മോശമായ അവസ്ഥയാണ്  അവിടെ സംജാതമായിട്ടുള്ളത്. സന്താളുകളുടെ കൃഷിഭൂമിയെല്ലാം ഖനനമാഫിയ കൈവശപ്പെടുത്തി. കല്‍ക്കരി വ്യാപാരികളും കരിങ്കല്ലുകച്ചവടക്കാരും ഭൂമി കൊള്ളയടിച്ചു. രാഷ്ട്രീയപാര്‍ട്ടികളും ക്രിസ്ത്യന്‍ മിഷനറികളുമൊക്കെ സഹായത്തിനായി എത്തിയെങ്കിലും ആത്യന്തികമായി പ്രാന്തവത്കൃതവിഭാഗം തന്നെയായിരുന്നു സന്താളുകള്‍. 

അതിനിടയില്‍ പശുവിറച്ചിയും പന്നിയിറച്ചിയും കഴിക്കുന്നതിന്റെ പേരില്‍ ധനികരായ ഹിന്ദുക്കള്‍ സന്താളുകള്‍ക്ക് അയിത്തം കല്‍പ്പിച്ചു. നിലനില്‍പ്പിനായി സന്താളുകള്‍ ചെറിയ രീതിയില്‍ കല്‍ക്കരി മോഷ്ടിക്കാന്‍ തുടങ്ങിയിരുന്നു.  എന്നാല്‍ കല്‍ക്കരി കച്ചവടത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വരെ അറിയാത്തതിനാല്‍ മറ്റുള്ളവര്‍ അവരെ സ്ഥിരമായി കബളിപ്പിച്ചു.  സന്താളുകള്‍ക്ക് ഇപ്പോഴും മണ്ണു കൊണ്ടു നിര്‍മ്മിച്ച വീടുകളില്‍ താമസിക്കേണ്ടി വരുന്നു. എന്നാല്‍ പത്തു കൊല്ലം മുന്‍പ് ഇതേ സ്ഥലത്തേക്ക് കുടിയേറി വന്നവര്‍ വലിയ വീട് കെട്ടി താമസിക്കാന്‍ തുടങ്ങി എന്നതാണ് വാസ്തവം. സംഗീതം, നൃത്തം, പാട്ടുകള്‍ എന്നിവയെ ജീവതാളമായി കണ്ടു വന്നിരുന്ന സന്താളുകള്‍ക്ക് അവയില്ലാതെയുള്ള ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പട്ടിണിയും വിശപ്പും ആ സ്വഭാവത്തെ  തന്നെ മാറ്റി മറിച്ചു. സര്‍ക്കാരിന്റെ ആദിവാസിക്ഷേമത്തെയും സംസ്‌കൃതിയെയും കുറിച്ചുള്ള പരിപാടികള്‍ക്കിടയില്‍ മാത്രം അവതരിപ്പിക്കാനുള്ള ആചാരമായി ആദിവാസിനൃത്തം മാറി. ജാര്‍ഖണ്ഡില്‍, ആഴത്തിലുള്ള വേരുകളുള്ള സന്താളുകള്‍ക്ക് അവരുടെ മുന്‍തുക്കം തന്നെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് കഥയില്‍ സൂചിപ്പിക്കുന്നത്. ബംഗാളികളും ബീഹാറികളും  ഒറീസയില്‍ നിന്നുള്ളവരും ജാര്‍ഖണ്ഡ് അവരുടേതാണെന്നു പറഞ്ഞു തുടങ്ങിയെന്നും ഈ കഥയില്‍ പരാമര്‍ശമുണ്ട്.

അതിനിടെ,  പുതുതായി വിഭാവനം ചെയ്ത താപവൈദ്യുതനിലയം ശിലാസ്ഥാപനം ചെയ്യാനായി രാഷ്രപതി അവിടേക്കെത്തുന്നതെന്ന വിവരം ആഖ്യാതാവിനു ലഭിച്ചു. സന്താള്‍ നൃത്തം രാഷ്ട്രപതിയുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ക്ഷണം ആഖ്യാതാവിനും കൂട്ടര്‍ക്കും കിട്ടി. താപവൈദ്യുത നിലയത്തിനായി ഭൂമി വലിയ രീതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതിനെതിരെയുള്ള പ്രക്ഷോഭങ്ങളൊന്നും ഫലവത്തായി പരിണമിച്ചുമില്ല. ഈ സാഹചര്യത്തിലാണ് ശിലാസ്ഥാപനത്തിന് എത്തിയ രാഷ്ട്രപതിയ്ക്ക് വേണ്ടി നൃത്തം ചെയ്യാനായി സന്താളുകള്‍ എത്തിയത്. നഗരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വേണ്ടിയുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി പട്ടിണിപ്പാവങ്ങളുടെ സ്ഥലം ഏറ്റെടുക്കുകയും  അവരെ ദുരന്തത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്ന  ജനായത്തസര്‍ക്കാറിന്റെ നയങ്ങളെ  കഥയില്‍ അപലപിക്കുന്നുണ്ട്. ആദിവാസികള്‍ക്കു കൃഷി അല്ലാതെ മറ്റൊന്നും തന്നെ അറിയില്ല എന്നതും  സൂചിപ്പിക്കുന്നു. ഫാക്ടറിയിലെ വ്യവസായശാലയിലെയോ ജോലി ചെയ്യാന്‍  ആദിവാസിക്ക് എളുപ്പം സാധിക്കില്ല എന്ന്   എടുത്തുപറയാനും എഴുത്തുകാരന്‍ മടി കാണിക്കുന്നില്ല. മാനുഷികപരിഗണനയില്ലാത്ത   അധികാരികളുടെ നിക്ഷിപ്തതാല്പര്യങ്ങള്‍ ആദിവാസിയുടെ ഭൂമിയില്‍ സൂക്ഷ്മവും സ്ഥൂലവുമായ ഇടപെടലുകള്‍ നടത്തുന്നതില്‍ ആരും എതിര് നില്‍ക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

മണ്ണും വനവും കൊള്ളയടിക്കുന്ന മാഫിയയ്ക്ക് കൂട്ടു നിന്ന് കൊണ്ട്  ജനാധിപത്യഭരണകൂടം   ആദിവാസികളെ ഭൂരഹിതരാക്കുന്ന കാഴ്ചയാണ് മിക്കപ്പോഴും കണ്ടു വരുന്നത്. അധികാരവ്യവസ്ഥയുടെ ധാര്‍മികവും അവിഹിതവുമായ ക്രയവിക്രയങ്ങള്‍ ഓരവാസികളെ അഴുക്കുചാലില്‍ തള്ളി വിടുകയാണ്. ഇത്തരം രീതിയിലുള്ള അധികാരത്തിന്റെ വിനിമയങ്ങള്‍ മൂലം   രണ്ടു ജാതി/സമൂഹങ്ങള്‍ക്കിടയില്‍  ഒരു തരത്തിലുമുള്ള   ഇടപെടലുകള്‍ നടക്കാതെയാവുകയാണ്. ഭക്ഷണവും സംസ്‌കാരവും ആചാരവും ഇതിനെ  പ്രശ്‌നവത്കരിക്കുകയും ചെയ്യുന്നു.  ഇതു നിമിത്തം ആദിമചോദന പ്രകടമാക്കുന്ന ആദിവാസി സമൂഹം അപപ്രദേശവത്കരണത്തിന്റെ (ഡീടെറിറ്റോറിയലൈസേഷന്) ഇരകളായി മാറുന്ന കാഴ്ചയാണ് ഈ കഥയിലുള്ളത്. അധികാരമില്ലാത്ത മനുഷ്യരെ അലട്ടാനും ആക്രമിക്കാനും ചരിത്രത്തിന്റെ ഇടനാഴിയിലെ ഉപാധികള്‍ എന്നും കോപ്പുകൂട്ടാറുണ്ട് എന്ന് വ്യക്തമാണ്. ഫാസിസത്തിന്റെ വിത്തുകള്‍  വളര്‍ന്നു വികസിക്കുന്ന അത്തരം കലുഷലോകത്ത് ജാതി, വര്‍ഗം, രാഷ്ട്രീയശരികള്‍ എന്നിവ ചരിത്രനിഘണ്ടുവിലെ വിറങ്ങലിച്ച പദങ്ങളാവുകയാണ്.

 

3

അടിമവ്യാപാരം എന്ന അധമമായ രീതി ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്ന പോലെ കേരളത്തിലും നില നിന്നിരുന്നു. സ്വന്തം  തോട്ടങ്ങളില്‍ പണിയില്ലാത്ത അടിമകളെ ഉടമസ്ഥര്‍ മറ്റു തോട്ടങ്ങളിലേക്ക് വിറ്റിരുന്നത് പതിവായിത്തീര്‍ന്നു. തറവാട്ടിലെ കുടിയാനെ മറ്റു സമ്പന്നവീടുകളിലേക്ക് വില്പന നടത്തിയിരുന്ന സമ്പ്രദായം കേരളത്തില്‍ സാധാരണമായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചവിട്ടിയരയ്ക്കപ്പെട്ട ഇരകളായ വയനാട്ടിലെ ആദിവാസിവിഭാഗത്തെ കുറിച്ചുള്ള നോവലാണ് ജോസ് പാഴൂക്കാരന്‍  എഴുതിയ 'കറുത്ത പുലികള്‍ ജനിക്കുന്നത്'. 

ബ്രിട്ടീഷുകാരും നാട്ടിലെ ജന്മികളും അധ്വാനവര്‍ഗ്ഗത്തിന്റെ  മാംസവും രക്തവും അധ്വാനവും പിഴിഞ്ഞെടുത്തതിന്റെ    ദാരുണാവസ്ഥയാണ് നോവലില്‍ വിവരിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ മുന്നേറാനുള്ള അവസരങ്ങളും വികസനോന്മുഖമായ സമൂഹവുമായി ഇടപഴകി ജീവിക്കാനുള്ള സ്ഥിതിഗതികളും, അന്ന് മണ്ണില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗത്തിനും  ഉണ്ടായിരുന്നില്ല. ആദിമസംസ്‌കൃതി കാംക്ഷിച്ചിരുന്ന അവര്‍ ആധുനികജീവിതത്തില്‍  നിന്നും മുഖം തിരിച്ചു നില്‍ക്കുകയായിരുന്നുവെന്നും പറയാം. തിമോത്തി അപ്പന്‍ എന്ന ക്രൂരനായ ഭൂവുടമയുടെ വയലിലെ അടിമപ്പണിക്കാരായവര്‍ക്ക്  പല തരത്തിലുള്ള പീഡനങ്ങളാണ് സഹിക്കേണ്ടി വന്നത്. പത്തു വയസ്സുള്ള പെണ്‍കുട്ടികളെ വരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ലൈംഗികാവസരങ്ങള്‍  തേടി നടക്കുന്ന മുതലാളിവര്‍ഗത്തിന് സ്ത്രീകളുടെ മാംസത്തില്‍ മാത്രമായിരുന്നു താത്പര്യം; പ്രായം അവര്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. അത്തരമൊരു ചുറ്റുപാടിലേക്കാണ് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് അറിവു പകര്‍ന്നു നല്‍കാന്‍ എത്തിയ പീറ്റര്‍ മത്തായി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. ഭക്ഷണം ലഭിക്കാന്‍ അറിവും അവകാശങ്ങളെക്കുറിച്ചുള്ള ബോധവും ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ പറ്റി  പീറ്റര്‍ മത്തായി അടിമകളെ ഉദ്ബുദ്ധരാക്കി. പീറ്റര്‍ മത്തായിയുടെ ഈ പാട്ട് അന്നത്തെ സമൂഹസ്ഥിതിയെ  കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

'ഈ  മണ്ണില്‍ ജനിച്ചോരല്ലേ നീയ്യും പിന്നെ ഞാനും
മേലാളന്മാര്‍ വന്നു നമ്മെ ചങ്ങല കൊളുത്തിട്ടു'

അടിമയുടെ ബുദ്ധിയ്ക്ക് സായ്പ്പിന്റെ സമ്മാനം വെടിയുണ്ടയാണ് എന്ന് കരിന്തണ്ടന്റെ ചരിത്രം  പരാമര്‍ശിക്കുന്നതിന്റെ യുക്തി, നോവലില്‍ വ്യക്തമാണ്. പഴശ്ശി രാജയുമായുള്ള യുദ്ധത്തില്‍ ബ്രിട്ടീഷ്‌കാര്‍ക്ക് കാട്ടിലൂടെയുള്ള വഴി, ഗത്യന്തരമില്ലാതെ കാണിച്ചു കൊടുക്കുന്ന കരിന്തണ്ടനെ ആവശ്യം കഴിഞ്ഞപ്പോള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊടുംമലയ്ക്ക് ചുറ്റും, ഒറ്റ മരവും വീഴ്ത്താതെ ഒന്‍പതു വളവുകള്‍ കൊണ്ട് വഴിയുണ്ടാക്കിയ  കരിന്തണ്ടനെ ഒന്‍പതു വെടിയുണ്ടകള്‍ കൊണ്ടാണ് കൊലപ്പെടുത്തിയത്. ഇങ്ങനെ പഴമയുടെ ചരിത്രം  പറഞ്ഞു കൊണ്ട് ആദിവാസികള്‍ പിന്നീട് അനുഭവിച്ച അടിമത്തത്തെ പറ്റിയുള്ള  ആഖ്യാനമാണ്  'കറുത്ത പുലികള്‍ ജനിക്കുന്നത്' എന്ന നോവല്‍. 

വിശപ്പിന്റെ പരിഹാരം അറിവാണെന്ന ബോധ്യം പീറ്റര്‍ മത്തായിലൂടെ അമ്മിണിയ്ക്ക് ഉണ്ടായിരുന്നു,എന്നാല്‍ വിദ്യാഭ്യാസം സിദ്ധിക്കുന്നത് എങ്ങനെയെന്ന് അവള്‍ക്ക് ഒരൂഹവും ഇല്ലായിരുന്നു. ട്രൈബല്‍ സ്‌കൂളിനെ കുറിച്ച്  ചില ധാരണകള്‍ അവള്‍ക്ക് കിട്ടിയിരുന്നു. ഒരു തുണ്ട് ഭൂമി സ്വന്തമായി ചോദിച്ചതിന് ഭൂവുടമയായ സണ്ണിച്ചന്‍ അവളെ ക്രൂരമായി ഉപദ്രവിച്ചു. ഭൂമിയില്‍ ജീവിക്കാന്‍ വരെയുള്ള അവകാശം നിഷേധിച്ച അധികാരാഹന്തയ്ക്ക് എതിര്‍ക്കണമെന്ന ആഗ്രഹം അമ്മിണിയില്‍ രൂപപെട്ടതെല്ലാം  നോവലില്‍ വിശദമായി അവതരിപ്പിക്കുന്നുണ്ട്.

അധികാരത്തിന്റെയും സ്വാധീനത്തിന്റെയും വിന്യാസശൃംഖല ആദിവാസികുടുംബങ്ങളെ  വലയം ചെയ്തിരുന്നു. അടിമ/ആശ്രിത വര്‍ഗ്ഗത്തിന്റെ സാംസ്‌കാരികശൈലികളും  അനുഷ്ഠാനങ്ങളും തീര്‍ത്തും വ്യത്യസ്തമായിരുന്നു.  അവയ്ക്ക് പുറംലോകത്തെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളുമായി യാതൊരു വിധത്തിലുള്ള സമരസപ്പെടലും സാധ്യമായിരുന്നില്ല. തിരുവിതാംകൂറില്‍  1855-ഓടെ അടിമത്തം നിയമപരമായി അവസാനിച്ചിരുന്നു. 

എന്നാലിതേ കാലത്തു തന്നെയാണ് തോട്ടങ്ങള്‍ കാര്‍ഷികമേഖലയിലെ ഒരു ചാലകശക്തിയായി മാറുന്നത്. അതിനോടനുബന്ധിച്ചു തിരുവിതാംകൂര്‍ നിന്നും മലബാറിലേക്കുള്ള കുടിയേറ്റവും ആരംഭിച്ചു. കാട് വെട്ടിപ്പിടിച്ചു കൃഷിഭൂമിയാക്കിയ കുടിയേറ്റക്കാര്‍ ജന്മികളായി മാറുകയും സ്വാഭാവികമായും കാട്ടില്‍ വസിച്ചിരുന്ന ആദിമജനത അവര്‍ക്ക് അടിമപ്പണി ചെയ്യേണ്ടി വരികയും ചെയ്തു. പണിയവിഭാഗത്തില്‍ ഉള്ളവരാണ് സാധാരണയായി ഇടത്തരം ജോലികള്‍ കൂടുതല്‍ ചെയ്തിരുന്നത്. വിനോയ് തോമസിന്റെ കഥയായ 'മിക്കാനിയ മൈക്രാന്ത'യില്‍ ഇത്തരമൊരു അനുഭവപരിസരത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. വയനാട്ടിലെ ജന്മി-അടിമ വ്യവസ്ഥയുമായി   ബന്ധപ്പെട്ട കെ ജെ ബേബിയുടെ 'മാവേലി മന്റം' എന്ന നോവലും  ഇതേ വിഷയം തീവ്രമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

 

 

4

ക്യൂബയുടെ തെക്കേ അറ്റത്തുള്ള പാറ്റ ഡി പോര്‍ക്ക എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥ പറയുന്ന നോവലാണ് Pig's Foot. പ്രശസ്തനായ ബാലെ നര്‍ത്തകനായ കാര്‍ലോസ് അക്കോസ്റ്റയുടെ ഈ നോവലില്‍ അടിമകളുടെ ചരിത്രം 'പാറ്റ ഡി പോര്‍ക്ക'യുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്നു.  'പന്നിക്കാല്'  എന്നാണ് പാറ്റ ഡി പോര്‍ക്കയുടെ അര്‍ത്ഥം.   സ്‌പെയിനിന്റെ കോളനിയായിരുന്ന ക്യൂബയില്‍ പഞ്ചസാര വ്യവസായം ശക്തമായിരുന്നു. ക്യൂബയിലെ പഞ്ചസാര മില്ലുടമകള്‍ 1868-ല്‍  സ്‌പെയിനുമായി യുദ്ധം പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍  തീര്‍ത്തും ഏകപക്ഷീയമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു പരിണതഫലം. രണ്ടു ലക്ഷത്തോളം അടിമകളെ കൊണ്ട് നിറഞ്ഞ ക്യൂബയെ ഇത് പ്രതികൂലമായി ബാധിച്ചു. 1886ല്‍ ആയിരുന്നു കിരാതമായ അടിമത്ത സമ്പ്രദായം ക്യൂബയില്‍ നിര്‍ത്തലാക്കിയത്. 

വ്യവസായവത്കരണത്തിന്റെ ഭാഗമായി സാങ്കേതികവിദ്യകള്‍ പ്രചാരത്തില്‍ വന്നതോടെ പഞ്ചസാര മില്ലുകളില്‍ ജോലി ചെയ്തിരുന്ന അടിമകള്‍ മില്ലുകളുടെ ഉടമകള്‍ക്ക് ഒരു ഭാരമായി മാറി.  നൂറ്റാണ്ടുകളായി അടിമത്ത വ്യവസ്ഥ നില നിന്നിരുന്ന ക്യൂബയുടെ സമ്പത്തെല്ലാം വടക്കേ  അമേരിക്കയും  യൂറോപ്പും കവര്‍ന്നെടുത്തിരുന്നു. പഞ്ചസാരമില്ലുകള്‍ക്ക് വേണ്ടി കരിമ്പുത്പാദിപ്പിച്ച തോട്ടത്തിലെ അടിമകളായിരുന്നു നോവലിലെ ആഖ്യാതാവായ ഓസ്‌കാര്‍ മാന്‍ഡിംഗയുടെ പ്രപിതാമഹാനായ ഓസ്‌കാര്‍ കോര്‍റ്റിഗയും അദ്ദേഹത്തിന്റെ അമ്മയും. യുലീസസ് എന്ന മനോരോഗിയായ നായകന്റെ അതിരു കടന്ന വിഭ്രാന്തിയാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭാവനയിലെ അയാളുടെ ദ്വന്ദ്വവ്യക്തിത്വം ആയിരുന്നു ഓസ്‌കാര്‍ മാന്‍ഡിഗ. ക്യൂബയിലെ കറുത്തവരും വെളുത്തവരും തമ്മിലുള്ള സംഘര്‍ഷങ്ങളെയും  ആഖ്യാനത്തില്‍ സാന്ദര്‍ഭികമായി പറഞ്ഞുപോകുന്നു.

ദേശസംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരം എത്ര വലുതായാലും പീഡിതജനത  അനുഭവിച്ചിരുന്ന അല്ലലുകള്‍ സമാനമാണെന്ന് തെളിയിക്കുകയാണ് മേല്‍പറഞ്ഞ നോവലുകളും കഥയും.  തോട്ടത്തിലെ ജോലി ചെയ്യാന്‍ വന്നിരുന്ന സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന ഉടമസ്ഥവര്‍ഗത്തെ മാത്രമേ എവിടെയും കണ്ടിരുന്നുള്ളൂ. അധികാരത്തിന്റെ നെടുംപാതയില്‍ അസംഘടിതതൊഴിലാളിവര്‍ഗം  ദുര്‍ബലപ്പെടുന്നതിന്റെ കാഴ്ചയാണ് ഈ ചുറ്റുപാടുകള്‍ പങ്കു വെയ്ക്കുന്നത്. തോട്ടം മേഖലയില്‍ നില നിന്നിരുന്ന unfree labour  ബ്രിട്ടീഷ് അധിനിവേശകാലം മുതല്‍ക്കേ പ്രാബല്യത്തിലുണ്ടായ നീതിയില്ലാത്ത നിയമമാണ്. മുതലാളിത്തനയങ്ങളുമായി കൂട്ടി കെട്ടിയിരുന്ന unfree labour-ന്റെ ഇരകളായിരുന്നു തോട്ടം തൊഴിലാളികളായ ആദിവാസികള്‍. അമേരിക്കയിലും ക്യൂബയിലും വയനാട്ടിലും ഈ ചൂഷണത്തിന്റെ ഒരേ പോലെയുള്ള മുഖങ്ങള്‍ കാണാനാകും.

 

 

5.
എല്ലു മുറിയെ പണിയെടുക്കുന്നവരാണ് അടിമകള്‍ എന്ന പൊതുവിശ്വാസവും കൃഷി/കൃഷിയേതര ചുറ്റുപാടുകളില്‍ അവരെ ഉപയോഗിക്കാനാവും എന്നതും അടിമവ്യവസ്ഥയെ എന്തു  വില കൊടുത്തും നില നിര്‍ത്താന്‍  മുതലാളിമാരെ പ്രേരിപ്പിച്ച ഘടകമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ ബ്രിട്ടീഷ് അധികാരികള്‍ കേരളത്തില്‍ പ്രത്യേകിച്ച് തിരുവിതാംകൂറില്‍ കണ്ണു വെച്ചിരുന്നു. ഒരു മാതൃകാരാജ്യമായി തിരുവിതാംകൂറിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളും ഏറെ താമസിയാതെ ചടുലമായി. എങ്കിലും 'വികസനത്തിന്റെ' അധ്യായങ്ങളില്‍  നിന്നും അടിമകളെ മാറ്റി നിര്‍ത്തിയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. ( Page 21: Modernity of Slavery: Struggles against Caste Inequality in Colonial Kerala:  Sanal Mohan) . Modernity of Slavery എന്ന ഗ്രന്ഥത്തില്‍ സനല്‍ മോഹന്‍ കേരളത്തിലെ അടിമവ്യവസ്ഥയെ പറ്റിയും അടിമപ്പണിക്കാരുടെ വിദ്യാഭ്യാസത്തെ കുറിച്ചും വിശകലനം ചെയ്തിട്ടുണ്ട്. 

അടിമപ്പണിയില്‍ നിന്നും വേതനമുള്ള  ജോലിയിലേക്കുള്ള മാറ്റമായിരുന്നു കേരളത്തിലെ  അടിമവര്‍ഗ്ഗത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് (page 26). വേതനവ്യവസ്ഥയ്ക്ക് മേല്‍ ജാതിവ്യവസ്ഥ സ്വാധീനം ചെലുത്തുന്നതിന്റെ രംഗങ്ങള്‍ പ്രകടമായിരുന്നു . കീഴാളവര്‍ഗ്ഗത്തിലെ അംഗങ്ങളെ സ്ഥലത്തിനൊപ്പം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന രീതി ഇവിടെയുണ്ടായിരുന്നു. അടിയായ്മ എന്ന വാക്കിന്റെ അര്‍ത്ഥം അടിമത്തം എന്നു തന്നെയാണ്. കൃഷിയുമായി ബന്ധപ്പെട്ട അടിയാന്മാരുടെ രീതികളെയും അടിയാന്‍-ജന്മി വിനിമയത്തേയും കെ ജെ ബേബിയുടെ 'മാവേലിമന്റ'ത്തില്‍ വിശദമാക്കിയിട്ടുണ്ട്. അതു പോലെ അടിമയുടെ പേര്, ജാതി, ഉടമസ്ഥന്റെ പേര് എന്നിവ കൃത്യമായി അടയാളപ്പെടുത്തിയ രേഖകളെപ്പറ്റി സനല്‍ മോഹന്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇതില്‍ നിന്നും കേരളത്തിലും അടിമക്കച്ചവടം സജീവമായിരുന്നുവെന്നും അത് ജാതിയുമായി ചേര്‍ന്ന് കിടക്കുകയായിരുന്നുവെന്നും  വ്യക്തമാണ്.  ജാതി /മത സമവാക്യങ്ങള്‍ ഉത്പാദന-വിതരണ പ്രക്രിയയുമായി ഇണങ്ങിയിരിക്കുകയും മധ്യവര്‍ഗവും സംരംഭകവര്‍ഗ്ഗവും ആയി താരതമ്യേന ഉയര്‍ന്ന ജാതിയുള്ളവര്‍ മാറുകയും ചെയ്തു. പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവര്‍ത്തനം അടിമകള്‍ക്ക് കുറച്ചെങ്കിലും ആശ്വാസകരമായിരുന്നുവെങ്കിലും   വിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ചിലയിടങ്ങളില്‍ ഒപ്പമുണ്ടായിരുന്നു. ഹന്‍സ്ദയുടെ 'The Adivasis will not dance' ഇത് ശരി വെക്കുന്നുണ്ട്.

അടിമകളുടെ സ്വത്വപരമായ വികാസം എന്തുവില കൊടുത്തും തടയേണ്ടത്   ഉടയോന്മാരുടെ പരമപ്രധാനമായ ലക്ഷ്യമായിരുന്നു. അധികാരവര്‍ഗ്ഗത്തിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളും സമ്മര്‍ദങ്ങളും ഭാവിയെ പറ്റി ചിന്തിക്കാനുള്ള കരുത്ത് അവരില്‍ നിന്നും തുടച്ചു നീക്കി. ഇത്തരത്തിലുള്ള ചൂഷണങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ ചരിത്രം അരികുജീവിതങ്ങളുടെ സംഘര്‍ഷങ്ങളെയാണ് രേഖപ്പെടുത്തുന്നത്. സന്ധിസംഭാഷണങ്ങളും അനുരഞ്ജനചര്‍ച്ചകളും എപ്പോഴും ലക്ഷ്യം വെക്കുന്നത് അധികാരികളുടെ സ്വാര്‍ത്ഥതാല്പര്യം മാത്രമാണ്. സമരങ്ങളും അതിജീവനശ്രമങ്ങളും നിത്യജീവിതത്തിനെ ഭാഗമായി മാറിയവരുടെ കഥകള്‍ ലോകത്തിന്റെ ഏതു ഭാഗത്തും ഒരു പോലെ തന്നെയാണ്.

References:

1.     The Underground Rail Road: Colson Whitehead-Penguin Randomhouse Books

2.     Pig's Foot: Carlos Acosta- Bloomsbury Publishing

3.     The Adivasis will not dance: Hansda Sowendra Shakhar: Speaking Tiger Publishing Pvt Ltd

4.     കറുത്ത പുലികള്‍ ജനിക്കുന്നത്: ജോസ് പാഴൂക്കാരന്‍ ഡി സി ബുക്‌സ്‌ന

5.     Modernity of Slavery -Struggles against Caste Inequality in Colonial Kerala: Sanal Mohan-Oxford University Press

 

click me!