അപരിചിതലോകങ്ങളിലെ സഞ്ചാരി

By Pusthakappuzha Book Shelf  |  First Published Apr 22, 2021, 3:22 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് ഹാവിയര്‍ മരിയാസിന്റെ രചനാലോകം. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു


ഗൂഢവിവരങ്ങളുടെ  അനേകം അറകളിലൂടെ വാര്‍ത്തെടുക്കുന്ന സംവിധാനങ്ങളാണ് ലോകത്തിന്റെത്  എന്ന് വിചാരിക്കുന്ന മരിയാസ് ഇത്തരം അറകളുടെ ജീവന്‍ ഓര്‍മ്മകളാണ് എന്ന് വിശ്വസിക്കുന്നു. ഓര്‍മകളെ പുനരാവിഷ്‌കരിക്കുക എന്ന ദൗത്യം ഒട്ടുമിക്ക എഴുത്തുകാരും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യമായ ഓര്‍മകളെ ഭാവനയുടെ അതിരുകളിലൂടെ കണ്ണോടിക്കുന്ന മരിയാസ് ഓര്‍മക്കീറുകളെ ആഖ്യാനങ്ങളില്‍ സന്നിവേശിപ്പിക്കുന്നതില്‍ അനിതരസാധാരണമായ സിദ്ധി പ്രദര്‍ശിപ്പിക്കുന്നു

 

Latest Videos

 

undefined

1

രാഷ്ട്രീയാധികാരവും സാഹിത്യവും പാടെ വ്യത്യസ്തമായ ഇടങ്ങളിലെ വിഷയങ്ങള്‍ അല്ലെങ്കിലും  പൊതുവേയുള്ള വിശ്വാസം അനുസരിച്ച് അവ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പരിമിതികള്‍ ഏറെയുണ്ട്. മരിയോ വര്‍ഗാസ് യോസയെപ്പോലെ രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്ന എഴുത്തുകാര്‍ നമുക്കുണ്ടെങ്കിലും വാക്കുകളുടെ  കരുത്തും താളവും കൊണ്ട് അധികാരത്തിന്റെ അവകാശം സിദ്ധിച്ച എഴുത്തുകാരനാണ് വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് ആയ ഹാവിയര്‍ മരിയാസ് (Javier Marias). കെട്ടുകഥയാണോ എന്ന് സംശയിക്കപ്പെടാമെങ്കിലും സംഗതി വാസ്തവമാണ്. നോവലുകളിലൂടെ സര്‍ഗ്ഗാത്മകതയുടെ തീരങ്ങള്‍ താണ്ടിയ മരിയാസിന്റെ സാഹിത്യസംഭാവനകള്‍ക്കുള്ള  സമ്മാനമായിട്ടായിരുന്നു കരിബിയന്‍ ദ്വീപ്സമൂഹത്തിലെ ഒരു ചെറുരാജ്യമായ റെഡോണ്ടയിലെ (Redonda) രാജാവായി അദ്ദേഹത്തെ വാഴിച്ചത്. എഴുത്തിലൂടെ നേടിയെടുത്ത ഈ വിശേഷാധികാരത്തെ പ്രധാന്യത്തോടെ കാണണം. എന്തിനാണ് എഴുതുന്നതെന്ന സര്‍വസാധാരണമായ ചോദ്യത്തിനുള്ള മറുപടിയായി ഫോക്ക്‌നെറിനെ ഉദ്ധരിച്ചു കൊണ്ട് ഇരുട്ടിലൊരു തീപ്പെട്ടിക്കൊള്ളി ഉരച്ചാല്‍ വെളിച്ചത്തെക്കാള്‍ കൂടുതല്‍ ചുറ്റുപാടുമുള്ള ഇരുട്ടിന്റെ ആഴം മനസ്സിലാക്കാനേ സാധിക്കൂ, അത് പോലെ അഭിമുഖീകരിക്കപ്പെടാതെ കിടക്കുന്ന അന്ധകാരത്തെ വ്യക്തമാക്കാനാണ് എഴുത്തും സഹായിക്കുക എന്നാണ് മരിയാസ് അഭിയപ്രായപ്പെട്ടത്.

സ്പയിനിലെ മാഡ്രിഡില്‍ പുരോഗമനാശയക്കാരും  എഴുത്തിന്റെ വഴിയേ സഞ്ചരിച്ചവരുമായ ഹൂലിയാന്‍  മരിയാസിന്റെയും (Julian Marias) ഡോലോരെസ് ഫ്രാന്‍കോയുടെയും (Dolores Franco) നാലാമത്തെ മകനായി  1951ല്‍ ജനിച്ച ഹാവിയര്‍ മരിയാസിന്റെ കുട്ടിക്കാലം, രാജ്യത്തെ ആഭ്യന്തരകലഹങ്ങള്‍ കാരണം  അമേരിക്കയിലായിരുന്നു. സ്പയിനിലെ ഏകാധിപത്യം ജനാധിപത്യത്തിനു വഴി മാറി കൊടുക്കാന്‍ തുടങ്ങിയിരുന്ന 1970കളില്‍ ഭരണഘടനക്കും നിയമങ്ങള്‍ക്കും ഉള്‍ക്കാഴ്ചയുള്ള നയങ്ങള്‍  സംഭാവന ചെയ്തിരുന്ന പിതാവിന്റെ തന്ത്രജ്ഞത മരിയാസിനും പകര്‍ന്നു കിട്ടിയിരുന്നു. 1965ല്‍, പതിനാലാമത്തെ വയസ്സിലായിരുന്നു മരിയാസിന്റെ ആദ്യ കഥ വെളിച്ചം കണ്ടത്. ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നതിനിടയില്‍ തന്നെ അദ്ദേഹം ധാരാളം വിവര്‍ത്തനങ്ങള്‍ ചെയ്യാനും തുടങ്ങി. വിവര്‍ത്തനമേഖലക്ക് കനപ്പെട്ട സംഭാവനകള്‍ നല്കിയ മരിയാസ് ഫോക്‌നര്‍, കോണ്‍റാഡ്, നബോകോവ്, ജോണ്‍ അപ്ഡയ്ക്ക്  തുടങ്ങി ലോകസാഹിത്യത്തിലെ മിക്ക അതികായരെയും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പതിന്നാലാമത്തെ വയസ്സില്‍ 'The Life and Death of Marcelino Iturriaga' എന്ന ചെറുകഥ എഴുതിക്കൊണ്ട് സാഹിത്യലോകത്ത് എത്തിയ മരിയാസ്  ക്രമേണ സ്വന്തമായൊരു ശൈലി നോവലെഴുത്തില്‍ കൊണ്ടുവന്നു. രാജ്യത്തെ ലഹളയില്‍ തന്റെ അച്ഛന്‍ നേരിട്ട പ്രശ്‌നങ്ങളെ ആധാരമാക്കി എഴുതിയ നോവലായ 'യുവര്‍ ഫേസ് ടുമോറോ' (Your face tomorrow)യിലൂടെ മരിയാസ് സാഹിത്യരംഗത്ത് ലബ്ധപ്രതിഷ്ഠ നേടുകയായിരുന്നു. മൂന്നുഭാഗങ്ങളായാണ് ഈ നോവല്‍ രൂപകല്‍പന ചെയ്തത്. സ്‌പെയിനിലെ ആഭ്യന്തരകലാപത്തില്‍ പങ്കെടുത്തിരുന്ന അച്ഛന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരനുഭവമായിരുന്നു 'യുവര്‍ ഫേസ് റ്റുമോറോ' (Your Face Tomorrow) എന്ന നോവല്‍ ത്രയത്തിലെ ആദ്യഭാഗമായ 'ഫീവര്‍ ആന്‍ഡ് സ്പിയര്‍'. ഒരു ചെറിയ തീപ്പൊരിയില്‍ നിന്നും ആളിക്കത്തുന്ന അഗ്‌നിനാളങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് പോലെ തീര്‍ത്തും ദുര്‍ബലമെന്നു കരുതാവുന്ന വിഷയത്തില്‍ നിന്നും വലിയൊരു ലോകം കെട്ടിയുയര്‍ത്തുന്ന രചനാശൈലിയാണ്  മുപ്പതോളം ഭാഷകളിലായി അദ്ദേഹത്തിന്റെ  അഞ്ച് ദശലക്ഷത്തോളം കൃതികള്‍ വായിക്കാന്‍ കാരണമാക്കിയത്. സ്‌പെയിനിലെ പ്രശസ്തനായ ഈ എഴുത്തുകാരന്റെ പതിനഞ്ചില്‍ കൂടുതല്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഗൂഢവിവരങ്ങളുടെ  അനേകം അറകളിലൂടെ വാര്‍ത്തെടുക്കുന്ന സംവിധാനങ്ങളാണ് ലോകത്തിന്റെത്  എന്ന് വിചാരിക്കുന്ന മരിയാസ് ഇത്തരം അറകളുടെ ജീവന്‍ ഓര്‍മ്മകളാണ് എന്ന് വിശ്വസിക്കുന്നു. ഓര്‍മകളെ പുനരാവിഷ്‌കരിക്കുക എന്ന ദൗത്യം ഒട്ടുമിക്ക എഴുത്തുകാരും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യമായ ഓര്‍മകളെ ഭാവനയുടെ അതിരുകളിലൂടെ കണ്ണോടിക്കുന്ന മരിയാസ് ഓര്‍മക്കീറുകളെ ആഖ്യാനങ്ങളില്‍ സന്നിവേശിപ്പിക്കുന്നതില്‍ അനിതരസാധാരണമായ സിദ്ധി പ്രദര്‍ശിപ്പിക്കുന്നു. മരിയാസിന്റെ ഓര്‍മ്മകള്‍ സ്വകീയമായ അനുഭവങ്ങളെക്കാള്‍ മറ്റുള്ളവരെക്കുറി ച്ചുള്ള ചിത്രങ്ങളില്‍ ആണ് തങ്ങി നിന്നിരുന്നത്. ആഴത്തില്‍ അറിയാവുന്നവരുടെ മനുഷ്യരുടെ ഹൃദയവികാരങ്ങളും അവര്‍ ഓരോ സാഹചര്യങ്ങളോടും  എങ്ങനെയാണ് പ്രതികരിക്കുക എന്നതും മുന്‍കൂട്ടി പറയാന്‍ എളുപ്പമാണ്. എന്നാല്‍ മരിയാസാകട്ടെ ആദ്യമായി കാണുന്നവരുടെ മാനസികാവസ്ഥകളെ മനനം ചെയ്തു കൊണ്ട് അവരുടെ കൈ പിടിച്ചു നടക്കാനാണ് ശ്രമിക്കുന്നത്. ബാലിശം എന്ന് കരുതാമെങ്കിലും ഈ വഴിയിലൂടെ സഞ്ചരിച്ച് കൊണ്ട് സങ്കല്‍പ്പങ്ങളുടെ ഒരു ലോകം കെട്ടിയുയര്‍ത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ മരിയാസിന്റെ കഥാപാത്രങ്ങള്‍ സാര്‍വ്വലൗകികത്വം പ്രകടിപ്പിക്കുന്നവരാണ്. ദേശ/രാഷ്ട്രങ്ങളെ പ്രതിനിധീകരിക്കുന്ന അടയാളവാക്യങ്ങള്‍ അവര്‍ കൊണ്ടുനടക്കാറില്ല. 

 


ഹാവിയര്‍ മരിയാസ് 

 

ദാമ്പത്യത്തിലെ വിശ്വാസവും  വിശ്വാസതകര്‍ച്ചകളും എന്നും മരിയാസിന്റെ ഇഷ്ട വിഷയങ്ങളാണ്. എ ഹാര്‍ട്ട് സൊ വൈറ്റ് (A Heart So White) എന്ന നോവലില്‍ മരിയാസ് ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങളും സംശയങ്ങളും വ്യക്തമായി അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രമായ ഹുവാന്‍ വിവാഹ ദിവസം പിതാവായ റാന്‍സുമായിട്ടുള്ള സംഭാഷണമദ്ധ്യേ അദ്ദേഹത്തിന്റെ ദാമ്പത്യബന്ധങ്ങളുടെ പരാജയങ്ങളെ കുറിച്ച് കേള്‍ക്കുന്നു. ദ്വിഭാഷിയായി ജോലി ചെയ്യുന്ന ഹുവാന്‍ ആ  മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ലൂയിസിനെയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം നടന്ന അത്താഴവിരുന്നിനിടയില്‍   വെച്ച് കുടുംബത്തിലെ എല്ലാവരും മറക്കാന്‍ ആഗ്രഹിച്ച ഒരു സംഭവം  പരാമര്‍ശവിഷയമായി. ഹുവാന്റെ മാതൃസഹോദരി തെരേസ വര്‍ഷങ്ങള്ക്ക് മുന്‍പ് സ്വയം വെടി വെച്ച് മരിക്കുകയായിരുന്നു. ഇത് വീണ്ടും  സൂചിപ്പിക്കപ്പെട്ടപ്പോള്‍ റാന്‍സ് അങ്ങേയറ്റം അസ്വസ്ഥനാനാവുക ആണുണ്ടായത്. താഴിട്ടു പൂട്ടിയ ഈ അന്തപ്പുര രഹസ്യം ചികഞ്ഞു പരിശോധിക്കാനുള്ള  വ്യഗ്രത സ്വാഭാവികമായും ലൂയിസില്‍ ഉണ്ടായി.  

ഇങ്ങനെ ഒറ്റപ്പെട്ടതെന്നു കരുതപ്പെടുന്ന പല സംഭവങ്ങളും കേന്ദ്രകഥയും കഥാപാത്രങ്ങളും  ആയി ബന്ധപ്പെട്ടു  കിടക്കുന്ന രചനാതന്ത്രം മരിയാസിന്റെ പല നോവലുകളിലും കാണാന്‍ സാധിക്കും. A Heart So White, റ്റുമോറോ ഇന്‍ ദി ബാറ്റില്‍ തിങ്ക് ഓണ്‍ മി (Tomorrow in the battle think on me) എന്ന നോവലുകള്‍ നിഗൂഢമായ ലോകം സൃഷ്ടിച്ചു  വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍  നിര്‍ത്തുന്നു. കൊലപാതകവുമായി ചുറ്റിപ്പറ്റി ആഖ്യാനം പുരോഗമിക്കുന്ന ഈ നോവലുകള്‍ രഹസ്യലോകം കെട്ടിപ്പടുക്കാനുള്ള മരിയാസിന്റെ കയ്യടക്കത്തിന്റെ തെളിവുകളാണ്.

'എ ഹാര്‍ട്ട് സൊ വൈറ്റില്‍' തീര്‍ത്തും അപരിചിതയായ സ്ത്രീ ഹുവാനെ നോക്കി കയര്‍ക്കുന്ന ഒരു  രംഗമുണ്ട്. കേന്ദ്രകഥാതന്തുവുമായി വേര്‍പെട്ടു  നില്ക്കുന്ന ഈ സംഭവത്തെ പിന്നിട് നോവലിസ്റ്റ് ഹുവാന്റെ കൂട്ടുകാരിയായ ബെര്‍ട്ടയുമായി ബന്ധപ്പെടുത്തി  വായിക്കുന്നു. ഇതിനിടയില്‍ റാന്‍സുമായി  അടുത്ത ലൂയിസ് കുടുംബരഹസ്യങ്ങളുടെ ചെപ്പു തുറക്കാന്‍ ശ്രമിക്കുന്നു. തെരേസയെ ഭാര്യയാക്കുന്നതിനായി തന്റെ മുന്‍ഭാര്യയെ അയാള്‍ അഗ്‌നിക്കിരയാക്കി. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു തെരേസ ആത്മഹത്യ ചെയ്തത്.

ആകസ്മികതയുടെ സാധ്യതകള്‍ ആരായുന്ന സാഹിത്യകൃതികള്‍ കുറവാണ്., ആകസ്മികതകളുടെയും അനുമാനങ്ങളിലൂടെയും  സാധ്യതകളുടെ ഒരു ലോകം തുറക്കാന്‍ ആയിരുന്നു നോവലുകളിലൂടെ മരിയാസ്  ശ്രമിക്കുന്നത്. 'Tomorrow in the battle think on me'   യാദൃച്ഛികമായി മരണപ്പെടുന്ന മാര്‍ത്തയുടെ ജീവിതത്തിലെ നിഗൂഢതകളുടെ കഥയാണ്. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ കാമുകനൊപ്പം സമയം ചെലവഴിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍  അവിചാരിതമായി മരണം  മാര്‍ത്തയെ  ആന്വേഷിച്ചു വരുന്നു. രണ്ടുവയസ്സുകാരന്‍ മകന്‍  ഉറങ്ങിക്കിടക്കുമ്പോള്‍ തന്നെ മാര്‍ത്ത മരിക്കുകയാണ്. 

ആ മരണത്തിന്റെ കാര്യകാരണങ്ങള്‍ എണ്ണമൊടുങ്ങാത്ത  സാധ്യതകളിലൂടെ അന്വേഷിക്കുകയാണ് നോവലിസ്റ്റ്. സംഭവ്യമായ   വഴികളിലൂടെ ജീവിതത്തിന്റെ അനന്തസാധ്യതകളിലേക്ക് മരിയാസ് യാത്ര ചെയ്യുന്നു. മാര്‍ത്തയുടെ മരണശേഷം അവളുടെ കുടുംബവുമായി അടുപ്പത്തിലാവുന്ന കാമുകനായിരുന്ന  വിക്ടര്‍  അവളുടെ സഹോദരിയായ ലൂയിസിനോട് തന്റെ സാന്നിധ്യത്തിലായിരുന്നു മാര്‍ത്ത മരിച്ചത് എന്ന് വെളിപ്പെടുത്തുന്നുണ്ട്. മാര്‍ത്തയുടെ മരണത്തിന്റെ ദുരൂഹത അന്വേഷിച്ചിരുന്ന ഭര്‍ത്താവായ ഡോഡീന്‍ ഈ വിവരമറിയുകയും  വിക്ടറുമായി  അയാള്‍ ദീര്‍ഘമായി അതിനെകുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. തന്റെ ചില വഴിവിട്ട ബന്ധങ്ങളെപ്പറ്റിയും ആ അവസരത്തില്‍ അയാള്‍ വിക്ടറിനോട്  മനസ്സ് തുറക്കുന്നുണ്ട്. ജീവിതത്തിലെ ചില പ്രത്യേകസാഹചര്യങ്ങളില്‍ സ്വന്തം കുടുംബത്തെ വിസ്മരിച്ചുകൊണ്ട് അപഥ സഞ്ചാരത്തില്‍പ്പെടേണ്ടി  വരുന്ന നിസ്സഹായാവസ്ഥകള്‍ മരിയാസിന്റെ നോവലുകളില്‍ ആവര്‍ത്തിച്ചു കാണുന്ന സന്ദര്‍ഭമാണ്.   ഭര്‍ത്താവ്  സ്ഥലത്തില്ലാത്ത  സമയത്ത്   കാമുകനുമായി രാത്രി  പങ്കിടാന്‍ ഒരുങ്ങുന്നതിനിടയില്‍ ആയിരുന്നു  മാര്‍ത്ത  അസുഖബാധിതയാകുന്നത്. ഭാര്യ എങ്ങനെയാണ് മരിച്ചതെന്നറിയാതെ,  അതിന്റെ   ചുരുളുകള്‍  അന്വേഷിച്ചിറങ്ങുന്ന എഡ്ഗാര്‍ ഡോഡീനെ മാര്‍ത്തയുടെ   കാമുകനായിരുന്ന  വിക്ടര്‍  കാണുകയും തന്റെ സാന്നിധ്യത്തിലായിരുന്നു  മാര്‍ത്ത മരിച്ചതെന്ന് വെളിപ്പെടുത്തുകയും  ചെയ്യുന്നു. ഇത്തരത്തില്‍ വായനക്കാരനെ ഉദ്വേഗത്തിന്റെ വഴിയിലൂടെ അജ്ഞാതപ്രദേശത്തേക്ക് കൊണ്ട് പോയി കഥ പറയാനുള്ള മിടുക്കാണ് മരിയാസിനെ വേറിട്ട് നിര്‍ത്തുന്നത്. വ്യത്യസ്തസ്ഥലങ്ങളിലൂടെ കഥാപാത്രങ്ങള്‍ക്കൊപ്പം വായനക്കാരും യാത്ര ചെയ്യുകയാണ് അദ്ദേഹത്തിന്റെ നോവലുകളില്‍. ഇരുണ്ട പ്രദേശങ്ങളെ  ദീപ്തമാക്കാന്‍ വേണ്ടിയാണ് താന്‍ എഴുതുന്നതെന്ന അദ്ദേഹത്തിന്റെ അവകാശവാദം ഈ തരത്തില്‍ പ്രസക്തമാവുന്നു. 

 

 

2
ഇംഗ്ലിഷ് കവിയായ ജോണ്‍ ഗോവ്‌സ്വര്‍ത്തിന്റെ (John Gawsworth) ജീവിതം പരാമര്‍ശിക്കുന്ന ഓള്‍ സോള്‍സ് (All Souls) എന്ന നോവലിന്റെ  പ്രസിദ്ധികരണത്തെ  തുടര്‍ന്ന് റെഡോണ്ടയുടെ പരമാധികാരിയായി മരിയാസിനെ വാഴിക്കുകയായിരുന്നു. പത്തൊമ്പതാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കരീബിയന്‍ വംശജനായ ഷീലിനായിരുന്നു  റെഡോണ്ടയുടെ  അധികാരം. ഇദ്ദേഹത്തിന്റെ  മകനും എഴുത്തുകാരനുമായ  മാത്യു ഫിപ്പ്‌സ്  ഷീലിലെക്ക് അധികാരം  കൈമാറി എത്തുമ്പോഴേക്കും ബ്രിട്ടീഷ്  ഭരണകൂടത്തിന്റെ കഴുകന്‍  കണ്ണുകള്‍  റെഡോണ്ടയില്‍  പതിഞ്ഞിരുന്നു.  അലൂമിനിയം  ഫോസ്‌ഫേറ്റിന്റെ സുലഭതയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികളെ ആകര്‍ഷിച്ചിരുന്നത്. അന്നുയര്‍ന്നുവന്നിരുന്ന കവിയും കഥാകൃത്തുമായ ജോണ്‍ ഗോവ്‌സ്വര്‍ത്തുമായി, റെഡോണ്ടയില്‍ സ്ഥിരതാമസം തുടങ്ങിയിരുന്ന മാത്യു ഷീല്‍ സൗഹൃദത്തിലാവുകയും ചെയ്തു. 

1947ല്‍ മാത്യു മരിച്ചതിനു ശേഷം റെഡോണ്ടയുടെ അധികാരം കവിയായ ജോണ്‍ ഗോവ്‌സ്വര്‍ത്തില്‍ എത്തി ചേര്‍ന്നു. സാഹിത്യത്തില്‍ അതീവ തല്പ്പരനായിരുന്ന ഗോവ്‌സ്വര്‍ത്ത് ഹുവാന്‍ 1 എന്ന പേര് സ്വീകരിക്കുകയും താന്‍ ആരാധിച്ചിരുന്ന ഹെന്റി മില്ലെര്‍, ഡീലാന്‍ തോമസ്, ലോറന്‍സ് ഡ്യുറാല്‍ എന്നിവരെ ആ രാജ്യത്തിന്റെ പ്രഭുക്കന്മാരായി അവരോധിക്കുകയും ചെയ്തു. ഒരു രാഷ്ട്രത്തിന്റെ ഭരണനേതൃത്വം സര്‍ഗധനരായ  എഴുത്തുകാരില്‍  അര്‍പ്പിതമായിരിക്കുന്ന  കാഴ്ച്ച  ഫിക്ഷന്‍  പോലെത്തന്നെ കൗതുകം ഉണ്ടാക്കുന്നതാണ്. ലോകസഞ്ചാരിയും തിരക്ക് പിടിച്ച എഴുത്തുകാരനുമായിരുന്ന ഗോവ്‌സ്വര്‍ത്ത് എന്നാല്‍ ഏറെ താമസിയാതെ  ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍  വീഴുകയാണ് ഉണ്ടായത്.  കഷ്ടപ്പാടുകളില്‍ നിന്നും കര കയറാന്‍ രാജ്യം  'വില്‍ക്കാന്‍' അദ്ദേഹം തീരുമാനിച്ചു. ടൈംസ്  പോലെയുള്ള ദിനപത്രങ്ങളില്‍ ഈ പരസ്യം വരികയും റെഡോണ്ടയുടെ  ഉടമസ്ഥാവകാശം  പലര്‍ക്കായി  കൈമാറ്റം നടത്തുകയും  ചെയ്തു. പില്ക്കാലത്ത് ഓള്‍ സോള്‍സ് എന്ന കൃതിയില്‍ മരിയാസ്,  ഗോവ്‌സ്വര്‍ത്തിനെ കുറിച്ച് വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇത് വായിക്കാനിടയായ റെഡോണ്ടയുടെ അപ്പോഴത്തെ രാജാവായിരുന്ന  ജോണ്‍ റ്റൈസന്‍ മരിയാസിനെത്തന്നെ  അടുത്ത  കിരീടാവകാശിയായി നിശ്ചയിക്കുകയായിരുന്നു. അങ്ങനെ ഔദ്യോഗികരേഖകളില്‍  മരിയാസ് ആയി റെഡോണ്ടയുടെ  അധികാരി. 1980കളില്‍ ഓക്‌സ്‌ഫോര്‍ഡ്  സര്‍വകലാശാലയില്‍  അധ്യാപകനായി  എത്തിയ മരിയാസ് അവിടത്തെ   അനുഭവങ്ങളുമായി ബന്ധപ്പെട്ട ഓര്‍മ്മകളുടെ ശകലങ്ങളെയാണ്  'ഓള്‍ സോള്‍സി'ല്‍ പ്രതിപാദിക്കുന്നത്. 

വ്യക്തമായ ഒരു കേന്ദ്രപ്രമേയമില്ലാതെ വ്യത്യസ്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന നോവലില്‍ ഡോക്ടറും പുസ്തകക്കച്ചവടക്കാരനും സ്വവര്‍ഗ്ഗാനുരാഗിയും സാമ്പത്തികവിദഗ്ധനും ചാരവൃത്തി നടത്തിയവരുമെല്ലാം ഭാഗഭാക്കാവുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായുള്ള, ആഖ്യാതാവിന്റെ പ്രണയം നോവലില്‍ സൂചിപ്പിക്കുന്നു. ഭാവിയെ ഭ്രമാത്മകമായി വിചിന്തനം ചെയ്യാനുള്ള ജീവിതത്തിന്റെ കഴിവ് ഇല്ലാതാവുന്നു എന്നതാണ് മരണത്തോട് കൂടി സംഭവിക്കുന്ന കനത്ത നഷ്ടം എന്ന് മരിയാസ് ഈ നോവലില്‍ വ്യക്തമാക്കുന്നുണ്ട്. 

കാമാസക്തമായ ചിന്തകളാണ് മനുഷ്യനെ പലപ്പോഴും കുറ്റകൃത്യങ്ങളിലേക്ക്  എത്തിക്കുന്നത് എന്ന് സ്ഥാപിക്കുന്ന നോവലാണ് ദി ഇന്‍ഫാച്വേഷന്‍സ് (The Infatuations). സ്‌നേഹം സ്വാര്‍ത്ഥത നിറഞ്ഞതാണെന്നും  അത് നേടിയെടുക്കാന്‍ ഏതു കുടിലതന്ത്രവും സ്വീകരിക്കുമെന്നും  ഈ നോവല്‍  ബോധ്യപ്പെടുത്തുന്നു. ഒരു പ്രസാധകശാലയിലെ എഡിറ്റര്‍ ആയിരുന്ന മരിയ ഡോള്‍സ് താന്‍  പ്രാതല്‍ കഴിക്കുന്ന  ഹോട്ടലില്‍  പതിവായി കാണുന്ന മിഗുല്‍ -ലൂയിസ  ദമ്പതികളെ പരിചയപ്പെടാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ പ്രൌഢമായ അവരുടെ പെരുമാറ്റരീതി ഡോള്‍സിനെ ആകര്‍ഷിച്ചിരുന്നു. പെട്ടെന്നൊരു ദിവസം മുതല്‍ പ്രഭാതഭക്ഷണത്തിന് അവരെ കാണാതായി. 

ഏറെവൈകാതെ മരിച്ചു കിടക്കുന്ന മിഗുലിന്റെ ചിത്രം പത്രങ്ങളില്‍ വന്നു. കുറേ നാളുകള്‍ക്ക് ശേഷം ലൂയിസ കൂട്ടുകാരികളുടെ കൂടെ ഹോട്ടലില്‍ വന്നെങ്കിലും അവര്‍ മ്ലാനയായിരുന്നു. എന്തിനാണ് ഒരജ്ഞാതന്‍  മിഗുലിനെ കുത്തി കൊലപ്പെടുത്തിയതെന്ന് ലൂയിസക്ക് മനസിലാവുന്നില്ല. സന്ദര്‍ഭവശാല്‍ മിഗുലിന്റെ പ്രിയസുഹൃത്തായ ഡയസ് വലേറയുമായും ഡോള്‍സ് പരിചയപ്പെടുന്നു. അയാളുടെ മരണത്തിന്റെ കുരുക്കഴിക്കാനുള്ള ഉദ്യമം ഡോള്‍സ് സ്വമേധയാ ഏറ്റെടുക്കുകയും, അതിനിടയില്‍ വറെലയുമായി അടുപ്പത്തിലാവുകയും ചെയ്യുന്നു. ഈ ഇതിവൃത്തത്തെ ആധാരമാക്കിയാണ് പിന്നിടുള്ള നോവലിന്റെ പുരോഗതി. സദാചാരനയങ്ങളും ചതിയുടെയും വഞ്ചനയുടെയും ഉപാഖ്യാനങ്ങളും എല്ലാം കടന്നു വരുന്ന 'ഇന്‍ഫാച്വേഷന്‍സ്' മരിയാസിന്റെ സ്ഥിരം സങ്കേതങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് എഴുതപ്പെട്ടിട്ടുള്ളത്. 

ലൂയിസിനെ സ്വന്തമാക്കാന്‍ വലേറ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു മിഗുലിന്റെ കൊലപാതകം എന്നും ഡോള്‍സ് മനസ്സിലാക്കുന്നുണ്ട്. സ്വാര്‍ത്ഥലാഭത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വലേറയുടെ കുടിലതന്ത്രങ്ങള്‍ ആഖ്യാനത്തിനുള്ളില്‍ തിരുകി വെച്ച് കൊണ്ട് ഉദ്വേഗഭരിതമാക്കുന്ന രചനാശൈലിയാണ് മരിയാസ് ഈ നോവലില്‍ പിന്തുടര്‍ന്നിട്ടുള്ളത്.

സാധാരണ 'whodunit'  ശ്രേണിയില്‍ എഴുതപ്പെടാവുന്ന പ്രമേയങ്ങളെ മനഃശാസ്ത്രപരമായി പ്രശ്‌നവല്‍ക്കരിക്കുന്നിടത്താണ് മരിയസിന്റെ പ്രതിഭ വേറിട്ട്  നില്ക്കുന്നത്.  മരണപ്പെട്ടവര്‍ ജീവിച്ചിരിക്കുന്ന തങ്ങളുടെ ഉറ്റവരും  സുഹൃത്തുക്കളുമായി   എങ്ങനെയെല്ലാം ഇടപെടലുകള്‍ നടത്തുന്നു എന്നതിലാണ് അദ്ദേഹം താല്പര്യം കാണിച്ചിരുന്നത്. പ്രമേയത്തിന്റെ ആഖ്യാനപരമായ പരിവര്‍ത്തനവും സാമൂഹിക സാംസ്‌കാരിക മാനങ്ങളും കൂടിച്ചേരുമ്പോളാണ്  സാധാരണഗതിയില്‍ കഥാരൂപം  പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്. മരിയാസിന്റെ നോവലുകളിലാകട്ടെ പ്രമേയത്തിന്റെ ചട്ടക്കൂടിനോട് കൂടുതല്‍ താദാത്മ്യം കാണിക്കാതെ ആകസ്മിതകളെ നെടുനീളന്‍ വാക്യഘടനകള്‍ കൊണ്ട് സംയോജിപ്പിക്കുന്ന കൗശലമാണ് പൊതുവെ പ്രകടമാകുന്നത്. സത്യമെന്നത് അദ്ദേഹത്തിന് സങ്കീര്‍ണമായ കുഴമറിച്ചില്‍ ആവുമ്പോള്‍ സാധ്യതകളുടെ അനന്തലോകം സൃഷ്ടിക്കാന്‍ ഫിക്ഷന് സാധ്യമാവുന്നു . അതിന്റെ നല്ല ഉദാഹരണങ്ങളാണ്  ഇന്‍ഫാച്വേഷന്‍സും ഹാര്‍ട്ട് സൊ വൈറ്റും.

മരിയാസിന്റെ നോവലുകള്‍ സഞ്ചരിക്കുന്നത് അനുഭവതഴക്കങ്ങളുടെ ഭൂമികയിലൂടെയല്ല. ജീവിതാനുഭവങ്ങളുടെ കരളലിയിക്കുന്ന പരിസരങ്ങളും അവിടെ കാണാന്‍ ആകണമെന്നില്ല. അപൂര്‍ണവും അപ്രധാനവുമായ ജീവിതാവസ്ഥകളെ തിരമാലകള്‍ പോലെ നെടുംനീളത്തിലുള്ള വാക്യങ്ങളില്‍ അവതരിപ്പിക്കുന്ന മരിയാസിന്റെ രചനാശൈലി മാര്‍ഷല്‍ പ്രൂസ്റ്റിനെ ഇടക്കെങ്കിലും ഓര്‍മിപ്പിക്കുന്നു. വേറിട്ട ആഖ്യാന രീതിയിലൂടെ നോവല്‍ശാഖയ്ക്ക് തന്നെ പരീക്ഷണ സ്വഭാവമുള്ള  സംഭാവനകള്‍ ചെയ്ത ജര്‍മന്‍ എഴുത്തുകാരന്‍ ഡബ്ലിയു ജി  സെബാള്‍ഡും (W G Sebald) മരിയാസിനെ എഴുത്തിന്റെ കാര്യത്തില്‍ തന്റെ ഇരട്ടസഹോദരനായി വിശേഷിപ്പിച്ചിരുന്നു. സെബാള്‍ഡിന്റെ കേന്ദ്ര കഥാപാത്രങ്ങളെപ്പോലെ തന്നെ ആകുലത നിറഞ്ഞവരായിരുന്നു മരിയാസിന്റെ നായകന്‍മാരും. എല്ലാ സാധ്യതകളെയും ശൂന്യമാക്കുന്ന വിധത്തിലുള്ള ജീവിതസന്ധികളെ നേരിടുന്നവരാണ് അവരെല്ലാം. അപരിചിതമായ തുരുത്തുകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിനു ശേഷം അവിടവുമായി അടുപ്പം ഉണ്ടാക്കുന്ന ശീലം ആഖ്യാനങ്ങളില്‍ സൂക്ഷിക്കുന്ന മരിയാസ് വായനയില്‍ സൂക്ഷ്മതലങ്ങള്‍ സൃഷ്ടിക്കുന്നു. അനുഭവാഖ്യാനങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളെ, യഥാതഥചിത്രങ്ങളേക്കാള്‍ പുതിയ മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള കഥ പറച്ചിലായാണ് മരിയാസ് രേഖപ്പെടുത്തുന്നത്.

ഒരു നഗരം അതിന്റെ ചുഴികളില്‍ നിന്നും തിരിവുകളില്‍ നിന്നും അപരിചിത സന്ദര്‍ശകനെ സ്വീകരിക്കുന്നത് ഏത് വിധത്തിലാകുമെന്നത് പ്രവചിക്കാന്‍ സാധ്യമല്ലല്ലോ!. ചില നഗരങ്ങള്‍ വീണ്ടും മാടി വിളിക്കുകയും മറ്റു ചിലവ എന്നെന്നേക്കുമായി നമ്മെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. അപരിചിതത്വത്തിന്റെ പുറന്തോടുകള്‍ വ്യക്തികളിലും നഗരങ്ങളിലും സൃഷ്ടിക്കുന്ന അടിയൊഴുക്കുകള്‍ ഏറെക്കുറെ സമാനമാണെന്ന്  മരിയാസ് സൂചിപ്പിക്കുന്നുണ്ട്. പരിഭാഷകന്‍ എന്ന നിലയ്ക്ക് പല നഗരങ്ങളിലും സഞ്ചരിക്കേണ്ടി വന്നിട്ടുള്ള മരിയാസ് ആ യാത്രാനുഭാവങ്ങളെ  നോവലുകളില്‍ കോര്‍ത്തിണക്കാന്‍ ശ്രമിക്കാറുണ്ട്. കണ്ടു മുട്ടുന്ന വ്യക്തികളുടെ സ്വഭാവ രീതികളെപ്പറ്റി വിശകലനം ചെയ്ത് സംസാരിക്കാന്‍ അദ്ദേഹം അതീവ വ്യഗ്രത ചെലുത്താറുണ്ട്. അപരിചിത നഗരങ്ങളുടെ സ്വഭാവസവിശേഷതകളെ കുറിച്ച് 'മാന്‍ ഓഫ് ഫീലിംഗ്' (Man of Feeling) എന്ന നോവലില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്

'മാന്‍ ഓഫ് ഫീലിംഗ്' എന്ന നോവലില്‍ മരിയാസ് സ്‌നേഹത്തിന്റെ ദ്വന്ദ്വമുഖങ്ങളെ പറ്റി വാചാലനാവുന്നു. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും നിര്‍വചനം ആപേക്ഷികമാണെന്നും ചിലര്‍ക്ക് സ്‌നേഹം സ്വാര്‍ഥതയാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് നേരിന്റെ പ്രതിഫലനമാകുന്നു. സ്ത്രീ-പുരുഷ ബന്ധത്തിന്റെ സങ്കീര്‍ണതകളെ തന്റെ നിരീക്ഷണ ചട്ടക്കൂടിലൂടെ ലളിതമായി കാണാന്‍ നോക്കുന്ന മരിയാസ് ഒരു യാത്രയ്ക്കിടയില്‍ കണ്ടു മുട്ടുന്ന ബാങ്കറായ മാനുറും ഭാര്യ നടാലിയയുമായുള്ള ജീവിതത്തെ സൂക്ഷ്മവീക്ഷണം നടത്തുകയാണ് ഈ നോവലില്‍. കേന്ദ്ര കഥാപാത്രമായ ഓപറ ഗായകനുമായി നടാലിയയുടെ സൗഹൃദത്തെ സംശയദൃഷ്ടിയോടെ കണ്ട മാനുര്‍ അസ്വസ്ഥനാവുകയും അയാളുടെ ജീവിതത്തിന്റെ താളം തെറ്റുകയും ചെയ്യുന്നു. ഷേക്ക്സ്പിയറിന്റെ ഒഥെല്ലോയെപ്പോലെ  മാനുറും തകര്‍ച്ചയിലേക്ക് നിപതിക്കുകയായിരുന്നു. ആഖ്യാതാവായ ഗായകന് പ്രണയവും പ്രണയനഷ്ടവുമൊന്നും പുത്തരിയായിരുന്നില്ല. എന്നാല്‍ മാനുര്‍ ഭാര്യ നഷ്ടപ്പെടുമോ എന്നോര്‍ത്ത് പരിഭ്രാന്തനാവുകയാണ്. അയാള്‍ യഥാര്‍ത്ഥത്തില്‍, വികാരങ്ങളില്‍ ജീവിക്കുന്ന ഒരു വ്യക്തിയായിരുന്നു. ജോലിത്തിരക്കുകള്‍ കുടുംബ ജീവിതത്തെ ശ്രദ്ധിക്കാന്‍ സമയം കൊടുത്തില്ല എന്നു മാത്രം.  അപ്രധാനവും അപ്രസക്തവുമായ ചെറിയ സംഭവങ്ങളിലൂടെ ആഖ്യാനകലയുടെ വിശാല ക്യാന്‍വാസിലേക്ക് വായനാലോകത്തെ വികസിപ്പിക്കുന്ന മരിയാസിന്റെ രചനാമാതൃകയ്ക്ക് ഉദാഹരണമാണ് ഈ നോവല്‍.

 

 

3
എന്താണ് സംഭവിച്ചതെന്ന് ഉറപ്പിക്കാനാവാതെ, ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തീര്‍ച്ചയില്ലാത്ത അവസ്ഥയില്‍ പ്രിയപ്പെട്ടവനെ   കാത്തിരിക്കുക എന്നത്  തീവ്രമാണ്. ഉറ്റവരുടെ തിരോധാനം സൃഷ്ടിക്കുന്ന ഏകാന്തതയുടെ ചതുപ്പുകള്‍ നികത്തുന്നത് ശ്രമകരമായ ദൗത്യമെന്നേ  പറയാനാവൂ. ഒറ്റയായ്മയുടെ വേദനയോടു കൂടി ഉത്കണ്ഠയുടെ സമുദ്രങ്ങള്‍ താണ്ടേണ്ടി വരുന്ന ഒരു  സ്ത്രീയുടെ അനുഭവമാണ് മരിയാസിന്റെ പുതിയ നോവലായ 'ബെര്‍ട്ട ഇസ്ല'. മനുഷ്യര്‍ പരസപരം ഏതെല്ലാം ഘടകങ്ങളിലാണ് ഇണങ്ങുകയും പിണങ്ങുകയും വേര്‍പിരിയുകയും വീണ്ടും അടുക്കുകയും ചെയ്യുക എന്നതിന്റെ  നിരവധി  'സിദ്ധാന്തങ്ങള്‍' കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ വ്യഗ്രത ഈ നോവലിലും പ്രകടമാണ്. 

മരിയാസിന്റെ 'സ്ഥിരം' പ്രദേശങ്ങളായ മാഡ്രിഡും  ഓക്‌സ്‌ഫോര്‍ഡും ആണ് 'ബെര്‍ട്ട ഇസ്ല'യുടെയും  പശ്ചാത്തലം. നിങ്ങള്‍ ഒരാളുടെ കൂടെ ആജീവനാന്തം ജീവിച്ചാലും അയാളെ പൂര്‍ണമായും മനസിലാക്കണമെന്നു നിര്‍ബന്ധമില്ല എന്ന വിചാരത്തെ മുന്‍നിര്‍ത്തി ദാമ്പത്യം മുന്നോട്ട് നയിച്ചവരാണ് ബെര്‍ട്ടയും ഭര്‍ത്താവ് തോമാസും. ഇംഗ്‌ളീഷ്‌കാരനായ അച്ഛനും സ്‌പെയിന്‍കാരിയായ അമ്മയ്ക്കും ജനിച്ച തോമാസിന് രണ്ടു ഭാഷകളും നന്നായി അറിയുന്നതില്‍ അത്ഭുതമില്ല. സ്പാനിഷ് ഭാഷ ഉച്ചാരണപ്പിഴവോടെ ബുദ്ധിമുട്ടി സംസാരിക്കുന്ന അച്ഛനെ കണ്ടാണ് അങ്ങനെ തനിക്ക് ഉണ്ടാവരുതെന്നു കുഞ്ഞു ടോം തീരുമാനിച്ചത്. അതിനാല്‍ തന്നെ അയാള്‍ ഭാഷാവ്യതിയാനത്തിന്റെയും അനുകരണകലയുടെയും ബാലപാഠങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിച്ചിരുന്നു. പില്‍ക്കാല ജീവിതത്തില്‍ അയാള്‍ക്കു വിനയായതും ഈ സിദ്ധിയാണെന്നത് ദൗര്‍ഭാഗ്യം എന്നേ കരുതാനാവൂ. ദ്വിഭാഷികളും പരിഭാഷകരും മരിയാസിന്റെ പല നോവലുകളിലുമുണ്ട്. ആ സ്വഭാവം ഇവിടെയും തോമാസിലൂടെ ആവര്‍ത്തിക്കുകയാണ്.

ബിരുദപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ അയാളുടെ മനസ്സില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ കുടിയേറിയ പെണ്‍കുട്ടിയാണ് മാഡ്രിഡിലെ ബെര്‍ട്ട. സര്‍വകലാശാല പഠനത്തിന്  ശേഷം തിരിച്ചു മാഡ്രിഡില്‍ എത്തി ബെര്‍ട്ടയോടൊത്തു ജീവിക്കാനാണ് തോമാസ് നിശ്ചയിച്ചത്. അങ്ങേയറ്റം പ്രസരിപ്പുള്ള പെണ്‍കുട്ടിയായ ബെര്‍ട്ടയുടെ സൗഹൃദത്തിനായി പെണ്‍കുട്ടികളും ആണ്‍കുട്ടികളും കാംക്ഷിച്ചിരുന്നു.  അവളുടെ ബുദ്ധിയും വിവേകവും  നേതൃപാടവവും തോമാസിനെയും ആകര്‍ഷിച്ചു. അങ്ങനെ ഒരുമിച്ച് ജീവിക്കാന്‍  യൗവനത്തിലെത്തും മുന്നേ അവര്‍ ധാരണയിലെത്തുകയാണ്. പതിനഞ്ചാമത്തെ വയസ്സില്‍ 'പ്രണയഭാജനങ്ങളായ അവര്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയാണ് പെരുമാറിയിരുന്നത്.  ശരീരത്തിലധിഷ്ഠിതമായ ബന്ധം അവര്‍ക്ക് അന്നുണ്ടായിരുന്നില്ല. 

1969-ല്‍ മാഡ്രിഡില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ നിന്ന് ബെര്‍ട്ടയെ രക്ഷപ്പെടുത്തിയ യാനെസ് എസ്‌റ്റെബിന്‍ എന്ന കാളപ്പോരുകാരനാണ് അവളുടെ കന്യകാത്വം കവര്‍ന്നത്. അതൊരു ഏകപക്ഷീയമോ ബലാല്‍ക്കാരമായോ ഉള്ള വിനിമയം ആയിരുന്നില്ല. ഈ സംഭവത്തിന് ശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞു , ഒരു പ്രത്യേക സാഹചര്യത്തില്‍ ബെര്‍ട്ട ഇയാളെ അന്വേഷിച്ചു പോകുന്നുണ്ട്.  ഇംഗ്ലണ്ടിലെ താമസത്തിനിടയില്‍  ജാനെറ്റ് എന്ന യുവതിയുമായി തോമാസ് അടുപ്പത്തിലായി  അവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടു അന്വേഷണ ഉദ്യോഗസ്ഥര്‍ അയാളെ സംശയിക്കുന്നുണ്ട്  . ഈ 'കൊലപാതകം' അയാളുടെ ജീവിതത്തിന്റെ വഴി തിരിച്ചു വിടുന്ന  ഒരു നിര്‍ണായക സംഭവം ആയി മാറുകയാണ്. ഇതില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ക്ക് അയാളുടെ ജീവിതം ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് അടിയറ വെക്കേണ്ടി വരുന്നു. ശിഷ്ടകാലം അയാള്‍ ബ്രിട്ടന് വേണ്ടി ചാരവൃത്തി ചെയ്യേണ്ടി വരുന്നു.

നാല് വര്‍ഷത്തെ ബിരുദപഠനം കഴിഞ്ഞ സ്‌പെയിനിലേക്ക് പോകാന്‍ ഒരുങ്ങി നിന്ന തോമാസിനെ പ്രൊഫസര്‍ വീലര്‍  ഭാവിയെ കുറിച്ച് ഉപദേശിക്കുക പതിവായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദുരൂഹമായ അടിയൊഴുക്കുകള്‍ നിറഞ്ഞ സംഭവങ്ങള്‍ക്കേ  വലിയ പരിണാമങ്ങള്‍ വരുത്താന്‍ സാധിക്കുകയുള്ളു. ജാനെറ്റിന്റെ മരണവുമായി ബന്ധപ്പെട്ട വിഷമഘട്ടത്തില്‍ നിന്ന് കരകയറാന്‍ തോമാസിനെ റ്റുപ്ര എന്നൊരാളെ കാണാനായി വീലര്‍ പറഞ്ഞു വിടുന്നു. അതോടു കൂടി കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയും അയാളുടെ ജീവിതം തന്നെ അപ്രതീക്ഷിത ദിശകളിലേക്ക് സഞ്ചരിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങള്‍ മറ്റാരെയും അറിയിക്കാതെ തോമാസ് മാഡ്രിഡില്‍ മടങ്ങിയെത്തി  ബെര്‍ട്ടയെ വിവാഹം കഴിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക ജോലിയുടെ ഭാഗമായി മാസങ്ങളോളം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന അയാളുടെ യഥാര്‍ത്ഥ ജോലിയെ കുറിച്ച് ബെര്‍ട്ടയ്ക്കും മറ്റുള്ളവര്‍ക്കും യാതൊരു അറിവും ഉണ്ടായിരുന്നില്ല.  ' 'എന്നോട് പറയാത്തതിനെ കുറിച്ച് എനിക്ക് ഒന്നുമറിയില്ല. പറഞ്ഞത് തെറ്റാണെന്നു കൂടി വരുമ്പോള്‍ ഇരുട്ട് മാത്രമേ അവശേഷിക്കൂ' എന്ന് ചില സംശയങ്ങളുടെ പുറത്ത് ബെര്‍ട്ട പറയുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിക്കാനാവാത്ത വഴിയിലൂടെ  നടക്കാന്‍  സാഹചര്യങ്ങള്‍ സമ്മര്‍ദപ്പെടുത്തുന്ന സ്ഥിതിയില്‍ അവള്‍ നിസ്സഹായയാവുന്നുണ്ട്.  അധികം വൈകാതെ ബെര്‍ട്ടയുടെ  വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാനും  മടുപ്പും ഏകാന്തതയും   കാര്‍ന്നു തിന്നാനും തുടങ്ങി.. സര്‍വകലാശാലയില്‍ അദ്ധ്യാപിക ആയി ജോലി നോക്കുന്നുണ്ടെങ്കിലും നാല് ചുമരുകള്‍ക്കുള്ളില്‍  രണ്ടു കുഞ്ഞുങ്ങളെയും പോറ്റിക്കൊണ്ടുള്ള  ജീവിതത്തിനു മങ്ങിയ തെളിച്ചം മാത്രമേ  ഉണ്ടായിരുന്നുള്ളു. സ്വാഭാവികമായ വെളിച്ചം വല്ലാതെ കുറയുകയും ഇരുട്ട് എല്ലാ മാര്‍ഗങ്ങളിലൂടെയും കിനിഞ്ഞിറങ്ങുകയും ചെയ്യുന്നത് പോലെയാണ് ഇത് ബെര്‍ട്ടയയ്ക്ക് അനുഭവപ്പെട്ടത്. ചുരുക്കത്തില്‍ ഒച്ചയില്ലാതെ തിരമാലകള്‍ അടിച്ചു കൊണ്ടിരിക്കുന്ന പ്രക്ഷുബ്ധമായ മനസ്സിന്റെ ഉടമയായി ബെര്‍ട്ട പരിണമിച്ചു കഴിഞ്ഞിരുന്നു.

ഓരോ മനുഷ്യന്റെ ഉള്ളിലും മറ്റൊരു ലോകമുണ്ട്. അവന്റെ മനോരഥങ്ങളുടെ കളിസ്ഥലമാണത്. ആ ഇടത്തില്‍ കളിക്കുന്നതും കളി നിയന്ത്രിക്കുന്നതും അവനാണ്. അവിടേക്ക് മറ്റൊരാള്‍ക്കും പ്രവേശനമില്ല. തോമാസിനെ  സംബന്ധിച്ചിടത്തോളം അയാള്‍ മൂന്നു ലോകങ്ങളിലാണ് ജീവിക്കുന്നത്. ബെര്‍ട്ടയും കുഞ്ഞുങ്ങളും ചേര്‍ന്ന സ്വകാര്യ ലോകം , ഔദ്യോഗികവൃത്തിയുടെ ഭാഗമായ മറ്റൊരു സ്വത്വവും മറ്റൊരു ലോകവും , പിന്നെ അയാളുടെ മനോവിചാരങ്ങളുടെ മൂന്നാം ലോകവും. ഒരിടത്ത് നിന്ന് തീര്‍ത്തും വ്യത്യസ്തമായ സ്ഥലത്തു എത്തിപ്പെടുമ്പോള്‍ ഉണ്ടായേക്കാവുന്ന സ്ഥലവിഭ്രമം അയാള്‍ക്കുണ്ടെന്നു പറയാനാവില്ല. എങ്കിലും ഈ അവസ്ഥാന്തരങ്ങളില്‍ നിന്നുരുത്തിരിയുന്ന  സംഘര്‍ഷങ്ങളെ താങ്ങാന്‍ അയാള്‍ ബദ്ധപ്പെടുന്നുണ്ട്. സംവിധായകന്‍ 'കട്ട്' പറയാത്ത രംഗത്ത് അഭിനയിക്കേണ്ടി വരുന്ന തോമാസ് അഭിനയം ആത്മാര്‍ത്ഥമാക്കികൊണ്ട്  ജീവിച്ചു തുടങ്ങുമോ എന്ന ബെര്‍ട്ടയുടെ സന്ദേഹം ഇവിടെ ചേര്‍ത്തു വായിക്കണം. മരിയാസിന്റെ പല കൃതികളിലും ഇങ്ങനെയുള്ള വിശ്വാസവഞ്ചന പ്രമേയമാകാറുണ്ട്

ബെര്‍ട്ട എന്ന സ്ത്രീയിലൂടെ  സ്ത്രീമനസ്സിന്റെ ആകുലതകളെയും ആലോചനകളെയും പ്രതിഫലിപ്പിക്കാന്‍ എഴുത്തുകാരന് കഴിയുന്നുണ്ട്. മരിയാസിന്റെ ഏറ്റവും മികച്ച സ്ത്രീപക്ഷ നോവല്‍ ആണ് ബെര്‍ട്ട ഇസ്ല എന്ന് അവകാശപ്പെടുന്നതില്‍ തെറ്റില്ല. സ്ത്രീയുടെ  വിഹ്വലതകളെയും അവളുടെ  ശാരീരികാവശ്യങ്ങളെയും ബോധ്യപ്പെടുത്തി കൊണ്ട് അവയെ എങ്ങനെയാണ് ബെര്‍ട്ട അതിജീവിക്കുന്നത് എന്ന് മരിയാസ് വ്യക്തമാക്കുന്നു. സ്‌പെയിനില്‍ ജനിച്ചു വളര്‍ന്ന തോമാസ് ബ്രിട്ടന്റെ ചാരനായി ജോലി ചെയ്യുന്നത് ബെര്‍ട്ടയ്ക്ക് സഹിക്കാന്‍ ആവുമായിരുന്നില്ല. അന്ധതയില്‍ അകപ്പെടുക സ്വാഭാവികമായി രൂപപ്പെടുന്ന പ്രക്രിയയായി ബെര്‍ട്ട കാണുന്നുണ്ട്. അപ്രത്യക്ഷനായ ഭര്‍ത്താവിനെ   കുറിച്ചുള്ള ഉത്കണ്ഠയില്‍ ഉരുവപ്പെട്ട ഈ അഭിപ്രായം സ്ഥല/കാല വ്യതിയാനമില്ലാതെ സംഭവിക്കാവുന്ന സ്ഥിതിവിശേഷമാണ്. ആളുകളെ കാണാതാകലും തട്ടിക്കൊണ്ടുപോകലും നടന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ സാഹചര്യവുമായി ബെര്‍ട്ടയുടെ ദുര്യോഗത്തിനു വ്യത്യാസമുണ്ട്. പക്ഷെ അവള്‍ അനുഭവിക്കുന്ന വേവിനു സാര്‍വ്വലൗകികതത്വം കല്പിക്കാനാവും.

തീരത്ത് അല്പം പോലും ജലസ്പര്‍ശം അവശേഷിപ്പിക്കാതെ മടങ്ങുന്ന തിരമാല പോലെ കണ്ടുപിടിക്കാനുള്ള സൂചനകള്‍ ഒന്നും തന്നെ  ബാക്കി വെക്കാതെ തോമാസ് അപ്രത്യക്ഷനായി. അതോടൊപ്പം വേറൊരു തരത്തില്‍, കാത്തിരിപ്പിന്റെ കടല്‍ദൂരം താണ്ടിക്കൊണ്ട് നിറപ്പകിട്ടുള്ള ജീവിതത്തില്‍ നിന്ന് അകലം പാലിക്കുകയാണ് ബെര്‍ട്ടയും. ഭൂമുഖത്ത് നിന്ന് തന്നെ തോമാസ് ഇല്ലാതായി എന്നുറപ്പിക്കാന്‍ ആറടി ശരീരത്തിന്റെ അവശേഷിപ്പുകള്‍ ഒന്നും തന്നെ ലഭിക്കാതെ ഇരുട്ടില്‍ പിച്ച വെക്കേണ്ടി വന്നവളായി ബെര്‍ട്ട മാറുന്നു.  അയാളെ സ്‌നേഹിക്കുന്ന മറ്റനവധി മനുഷ്യരുടെ ജീവിതം ഈ സംഭവത്തിന് ശേഷം അശാന്തമാവുന്ന കാഴ്ചയാണ് 'ബെര്‍ട്ട ഇസ്ല' എന്ന് നോവല്‍ പകര്‍ന്നു തരുന്നത്.

രേഖപ്പെടുത്തിയ സമയത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന മരിയാസ് സര്‍വവും നമുക്ക് നഷ്ടമാവുന്നത് നാം ഒഴിച്ച് സര്‍വവും നില നില്ക്കുന്നു എന്നത് കൊണ്ടാണെന്ന് വിശ്വസിക്കുന്നു. വായനക്കാരന്റെ സവിശേഷ ശ്രദ്ധ ഉള്ളടക്കത്തില്‍ നിന്നും രൂപക്രമത്തിലേക്കും ആശയത്തില്‍ നിന്നും വിനിമയത്തിലേക്കും എന്താണ് പറഞ്ഞത് എന്നതില്‍ നിന്നും എങ്ങനെയാണ് പറഞ്ഞത് എന്നതിലേക്കും വഴി മാറുന്ന തരത്തിലുള്ള മരിയാസിന്റെ തനതായ രചനാരീതിക്ക് പൂര്‍വ രൂപങ്ങള്‍  ഇല്ലാത്തതാണ്; അനുകരിക്കാനോ പരീക്ഷണം നടത്താനോ അത്യന്തം ദുഷ്‌കരവും. ഡാര്‍ക്ക് ബാക്ക് ഓഫ് ടൈം (Dark back of time) എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്നത് പോലെ , 'എനിക്ക് മനസ്സിലാവുന്നുണ്ട് എനിക്ക് മനസ്സിലാവുന്നില്ല എന്ന്' എന്ന വാക്യം മരിയാസിന്റെ മിക്ക നോവലുകളിലെയും കേന്ദ്ര കഥാപാത്രങ്ങള്‍ കഥാഗതിയെ അനുമാനങ്ങളിലൂടെ മുന്നോട്ട് നയിക്കുന്നതിന്റെ തത്വവിചാരം തന്നെയാണ്. സവിശേഷമായ പ്രമേയങ്ങള്‍ ഇല്ലാതെ തന്നെ മറ്റൊന്നും പറയാന്‍ അവശേഷിക്കാതെ വരുമ്പോള്‍ നോവലുകള്‍ അവസാനിപ്പിക്കുന്ന രീതി പിന്തുടരുന്ന മരിയാസ് സാഹിത്യകൃതികളിലൂടെ എഴുത്തുകാരനെ പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നത് അല്ലെന്നും വിശ്വസിക്കുന്നു. കാഫ്കയുടെ അടച്ചിട്ടിരിക്കുന്ന വഴികളെക്കാളും ഷെയ്ക്‌സ്പിയര്‍ തുറന്നിട്ടിരിക്കുന്ന പ്രമേയപരിസരങ്ങളിലൂടെ എഴുത്തുലോകം വികസിപ്പിക്കാനാണ് മരിയാസ് ഇഷ്ടപ്പെടുന്നത് . നോവലെഴുത്തിനെ  പറ്റി വ്യക്തമായ കാഴ്ച്ചപ്പാടുള്ള മരിയാസ് പണവും പ്രശസ്തിയും ലക്ഷ്യം വെച്ചു കൊണ്ട് ചെയ്യാവുന്ന പ്രവൃത്തിയല്ല അതെന്ന് തന്റെ അഭിമുഖങ്ങളിലൂടെ ഓര്‍മിപ്പിക്കുന്നു.  കര്‍മ്മപഥത്തെ  അടിസ്ഥാനപ്പെടുത്തി  ഏതൊരാള്‍ക്കും നോവലെഴുതാമെന്നിരിക്കെ  സാങ്കല്പ്പിക ലോകത്തില്‍ അങ്ങേയറ്റത്തെ ആനന്ദത്തോടെ അഭിരമിക്കാന്‍ വേണ്ടിയാണ് താന്‍  നോവല്‍ രചനയില്‍ മുഴുകുന്നതെന്ന മരിയാസിന്റെ അഭിപ്രായം ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യം കൈവരിക്കുന്നു .

സത്യവും വ്യാജോക്തിയും തമ്മിലുള്ള വ്യവഹാരത്തില്‍ ഉണ്ടാകുന്ന സദാചാരപ്രശ്‌നങ്ങളും തുടര്‍ന്നുള്ള സത്യസന്ധതയില്ലായ്മയും മരിയാസിന്റെ ഇഷ്ട വിഷയമാണ്. അദ്ദേഹത്തിന്റെ നോവലുകളിലെല്ലാം ഈ ധാരയുടെ പല വിധത്തിലുള്ള അവതരണങ്ങള്‍ കാണാന്‍ സാധിക്കും. കഥാപാത്രങ്ങളുടെ സ്വകാര്യമായ ഓര്‍മകളെ ഭാവനയുടെ ഭൂഖണ്ഡങ്ങളിലേക്ക്   സന്നിവേശിപ്പിക്കുന്ന. മരിയാസ്   മനുഷ്യബന്ധങ്ങളുടെ ഭൂമികയിലാണ് ആഖ്യാനങ്ങള്‍ തീര്‍ക്കുന്നത്. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ  ആത്മപരിശാധനയ്ക്ക് വിധേയമാക്കി  അവരുടെ കൂടെ  നടക്കാനാണ്  അദ്ദേഹം ശ്രമിക്കുന്നത്. ചരിത്രമെന്നത് സമയത്തിന് രേഖപ്പെടുത്താനാവാത്ത നിമിഷങ്ങളുടെ ക്രമമാണെന്നു ഈ നോവലില്‍ സൂചിപ്പിക്കുന്നുണ്ട്.  അനന്തതയിലേക്ക് ഇമ പൂട്ടാതെ നോക്കിയിരിക്കുന്ന സ്ത്രീകളുടെ കാത്തിരിപ്പിന്റെ സ്പന്ദനമാണ് ചരിത്രം ഒപ്പിയെടുക്കുന്നതെന്നും നോവലിലുണ്ട്. ഒറ്റയ്ക്കായ മനുഷ്യന്‍ അലകളില്ലാത്ത കടല്‍ പോലെയാണ്. അവന്റെ / അവളുടെ നിശബ്ദമായ നെടുവീര്‍പ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന പദസമുച്ചയങ്ങളെയാണ്    ഹാവിയര്‍ മരിയാസ് അടക്കമുള്ള  എഴുത്തുകാര്‍ വികസിപ്പിക്കുന്നത്.

 

click me!