രണ്ടു രാജ്യങ്ങളില്‍നിന്നുള്ള നാല് മനുഷ്യര്‍, പ്രണയം അവരെ ഒരുമിപ്പിച്ചു, മൂന്നാര്‍ അവരെ ഉറക്കി!

By Pusthakappuzha Book Shelf  |  First Published Aug 18, 2022, 4:55 PM IST

'പുസ്തകപ്പുഴ'യില്‍ ഇന്ന്, മൂന്നാറിന്റെ അസാധാരണമായ ജീവിതം ഉള്‍ച്ചേര്‍ന്ന 'ഹൃദയം തൊട്ട മൂന്നാര്‍.' വിമല്‍ റോയി എഴുതിയ പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം. ഒപ്പം ആ പുസതകത്തിന് സന്തോഷ് ജോര്‍ജ് കുളങ്ങര എഴുതിയ അവതാരികയും. 


വിമല്‍ റോയി എഴുതിയ 'ഹൃദയം തൊട്ട മൂന്നാര്‍.' എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.

 

Latest Videos

'വാക്കുകള്‍ക്കാവാത്തതീ 
പുഷ്പത്തിനായെങ്കിലോ!
കേള്‍ക്കൂ, നീയതിലെന്റെ 
ഹൃദയം വായിച്ചുവോ?'

undefined

ഒ. എന്‍. വി 

 

'ഇതാണ് ഭൂമിയിലെ സ്വര്‍ഗ്ഗം. ഞാന്‍ മരിച്ചാല്‍ കുന്നിന്‍ മുകളിലെ ഈ സ്വപ്നഭൂമിയില്‍ എന്നെ മറവ് ചെയ്യണം' 

ഡിസംബറിലെ മരംകോച്ചുന്ന തണുപ്പില്‍, ആര്‍ദ്രമായ മഞ്ഞിന്‍കണങ്ങളുടെ വശ്യതയില്‍ തന്റെ പ്രിയതമന്റെ തോളില്‍ തല ചായ്ച്ചുകൊണ്ട്  എലനര്‍ ഇസബെല്‍ മേ പറഞ്ഞ വാക്കുകളാണിത്. 

അറംപറ്റിയ വാക്കുകള്‍...!

ബ്രിട്ടീഷ് അധീനതയിലായിരുന്ന മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആദ്യത്തെ എസ്റ്റേറ്റ് മാനേജരായിരുന്ന  ഹെന്റി മാന്‍സ് ഫീല്‍ഡ് നൈറ്റ് എന്ന ചെറുപ്പക്കാരന്റെ വധുവായിരുന്നു  24-കാരിയായ ഇസബെല്ല എന്ന വിളിപ്പേരുണ്ടായിരുന്ന എലനര്‍ ഇസബെല്‍ മേ. 

ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹാനന്തരം ഹെന്റിയോടൊപ്പം മധുവിധു ആഘോഷിക്കാനാണ്  എലനര്‍ മൂന്നാറില്‍ എത്തിയത്. കപ്പല്‍ മാര്‍ഗം ശ്രീലങ്കയിലും അവിടെ നിന്നും ബോധിനായ്ക്കന്നൂരിലും എത്തി ബോഡിമെട്ടു ചുരം താണ്ടിയാണ് എലനര്‍ എത്തിയത്. 

മധുവിധു നാളുകളില്‍ ഏതൊരു ദമ്പതികളും ആഗ്രഹിക്കുന്ന, പ്രണയത്തിന്റെ നൂല്‍മഴ പെയ്യുന്ന മൂന്നാര്‍. തഴുകി കടന്നു പോകുന്ന കാറ്റുകള്‍ കാതില്‍ വന്നു മൂളുന്ന പാട്ടുകള്‍ക്കൊക്കെയും അനുരാഗത്തിന്റെ ആര്‍ദ്രത രണ്ടുപേരും പരസ്പരം കൈകള്‍ കോര്‍ത്ത്, കാഴ്ചകള്‍ കണ്ട് തേയിലയുടെ സുഗന്ധവും പേറി മൂന്നാറിന്റെ കുന്നിന്‍ ചരിവുകളിലൂടെ നടന്നു. 

മഞ്ഞ് പെയ്യുന്നൊരു കുന്നിന്‍മുകളിലൂടെ നടന്നു നീങ്ങുമ്പോള്‍, തന്റെ പ്രിയതമനോട് ചേര്‍ന്നുനിന്നുകൊണ്ട് എലനര്‍ പറഞ്ഞു,

'പ്രിയപ്പെട്ട ഹെന്റി, എത്ര സുന്ദരമാണീ പ്രദേശം. ഇതാണ് ഭൂമിയിലെ സ്വര്‍ഗ്ഗം. ഞാന്‍ മരിച്ചാല്‍ കുന്നിന്‍ മുകളിലെ ഈ സ്വപ്നഭൂമിയില്‍  എന്നെ മറവ് ചെയ്യണം, ഇവിടം വിട്ട് പോകാന്‍ എന്റെ ആത്മാവ് പോലും ഇഷ്ടപ്പെടില്ല'. 

ഹെന്‍ട്രി അത് കേട്ട് പൊട്ടിച്ചിരിച്ചു.

തികച്ചും തമാശയായി കരുതിയ ആ വാചകം അക്ഷരാര്‍ത്ഥത്തില്‍ അറം പറ്റുകയാണുണ്ടായത്. 

ദമ്പതികള്‍ ഇഴചേര്‍ത്ത അനുരാഗത്തിന്റെ ദിനങ്ങള്‍ ഓരോന്നായി മെല്ലെ കടന്നു പോയ്‌ക്കൊണ്ടിരുന്നു. 1894 -ലെ ഡിസംബര്‍ മാസം ഇരുപതിന്ന് ഒരു അത്താഴ വിരുന്നും കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന ഇസബെല്ലക്ക് പിറ്റേ ദിവസം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനായില്ല. ഹെന്റി ആകെ വിഷമത്തിലായി. കുതിരവണ്ടിയും പരിചാരകരും ഡോക്ടറെ തേടി പഴയ മൂന്നാറിലേക്ക് കുതിച്ചു. കമ്പനി ഡോക്ടറുടെ പരിശോധനയില്‍ കോളറ സ്ഥിതീകരിക്കുകയായിരുന്നു. അന്ന് മലമ്പനിയും കോളറയുമൊക്കെ മനുഷ്യജീവനുകളെ കാര്‍ന്ന് തിന്നുന്ന കാലം. 

ഓരോ ദിവസവും എലനര്‍ കൂടുതല്‍ ക്ഷീണിതയായിത്തുടങ്ങി. മൂന്നാറിലെ ആദ്യ ക്രിസ്തുമസിന് പോലും കാത്തുനില്‍ക്കാതെ ക്രിസ്തുമസ് തലേന്ന് തന്റെ പ്രിയതമനെയും തനിച്ചാക്കി താന്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട ഈ സുന്ദര ഭൂമിയില്‍നിന്നും എലനര്‍ യാത്രയായി. 

അവളുടെ ആഗ്രഹമനുസരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ അവിടെത്തന്നെ, ആ സ്വപ്നഭൂമിയില്‍തന്നെ അവളെ മറവുചെയ്തു. 

മനസ്സിന്റെ നിലതെറ്റി, ഹതാശനായി നില്‍ക്കുമ്പോഴും ഏറ്റവും ഭംഗിയുള്ള വസ്ത്രങ്ങളണിയിച്ചാണ് ഹെന്‍ട്രി പ്രിയതമയെ യാത്രയാക്കിയത്. അവളുടെ ഓര്‍മയ്ക്കായ് ജന്മനാട്ടില്‍ നിന്നും കൊണ്ടുവന്ന വിലകൂടിയ മാര്‍ബിളുകള്‍ കൊണ്ട് ഹെന്‍ട്രി മനോഹരമായൊരു കല്ലറയും തീര്‍ത്തു. 

നിത്യവും കാട്ടുപൂക്കള്‍ കല്ലറയില്‍ വിതറി എലേനറെ ഓര്‍ത്ത് വിതുമ്പിക്കരയുന്ന ഹെന്‍ട്രി മൂന്നാറില്‍ പിന്നീടൊരു പതിവ് കാഴ്ചയായി മാറി. 


'രാത്രി വന്നു യവനിക താഴ്ത്തുന്നൂ,
കാഴ്ചകള്‍ മങ്ങുമീയിടവേളയില്‍
മന്ദ്രമോഹനം സൈഗളിന്‍ പാട്ടുകേ-
ട്ടെന്റെ രാജകുമാരീ ഉറങ്ങു നീ!'


ലോക ചരിത്രത്തിലാദ്യമായി, സെമിത്തേരി വന്നതിന് ശേഷം ദേവാലയംവന്നത് ഇവിടെയാണ്.  1900 ഏപ്രില്‍ 15, ഒരു ഈസ്റ്റര്‍ ദിനത്തില്‍ ഇവിടം സെമിത്തേരിയായി ആശീര്‍വദിക്കപ്പെട്ടപ്പോള്‍ അന്ന് തുറന്ന മരണ രജിസ്റ്ററിലെ ആദ്യ പേരാണ് എലേനര്‍ ഇസബെല്‍ മേ. 1910-മാര്‍ച്ചില്‍ ദേവാലയത്തിന് തറക്കല്ലിടുകയും 1911-മേയ് മാസത്തില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

ഡിസംബര്‍ 24. എലേനറുടെ ഓര്‍മ്മദിവസം, 'ദി വേള്‍ഡ് ബെസ്റ്റ് റൊമാന്റിക്ക് ഡെസ്റ്റിനേഷന്‍'എന്ന് ലോണ്‍ലി പ്ലാനറ്റ് വാഴ്ത്തിയമൂന്നാറിന്റെ പ്രണയദിനം. 

 

വിമല്‍ റോയ്
 

രണ്ട്

ഞാന്‍ എലേനറേപ്പറ്റി ആദ്യം കേള്‍ക്കുന്നത് തങ്കപ്പന്‍ അങ്കിളും കുഞ്ഞുമോള്‍ ആന്റിയും പറഞ്ഞുതന്ന മൂന്നാര്‍ കഥകളിലാണ്. പറഞ്ഞു കേട്ട കഥകളില്‍  എലേനറും ഹെന്റിയും എന്റെ ഹൃദയത്തെ തൊട്ടു. എത്രയും വേഗം എനിക്കാ പ്രണയസ്മാരകം കാണണമെന്നായി. തൊട്ടടുത്ത ദിവസം തന്നെ ആന്റിയെയും അങ്കിളിനേയും കൂട്ടി ഞാനാ പള്ളിയിലെത്തി. ഹെന്റി തന്റെ പ്രിയതമക്കായ് ഒരുക്കിയ മാര്‍ബിള്‍ കുടീരത്തിനു മുകളില്‍ ഞങ്ങള്‍ കാട്ടുപൂക്കള്‍ സമര്‍പ്പിച്ചു.  

ആന്റിയുടെ കണ്ണില്‍ നനവ് പടര്‍ന്നു. അങ്കിള്‍ ആന്റിയുടെ കൈകളില്‍ തന്റെ കൈകള്‍ അമര്‍ത്തിക്കൊണ്ട് ചേര്‍ത്തു പിടിച്ചു. ഈ താഴ്‌വരയിലെ ജീവിച്ചിരിക്കുന്ന എലേനറും ഹെന്റിയുമാണ് അവരെന്ന്  തോന്നിപ്പോവുകയാണ്. 

ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല പ്രണയ ജോഡികളായിരുന്നു അവര്‍. നോക്കിലും വാക്കിലും നടപ്പിലുമെല്ലാം പ്രണയം തൊട്ടവര്‍. കൗമാരത്തിന്റെ സ്‌കൂള്‍ ഇടനാഴികളില്‍ തുടങ്ങിയ പ്രണയം, മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത വിപ്ലവ വിവാഹം, സത്യത്തില്‍ ആര്‍ക്കും അസൂയ തോന്നുംവിധം ഇഴചേര്‍ത്ത ഉത്തമ ദാമ്പത്യത്തിന്റെ ഉദാത്ത മാതൃക. അവസാന നാളുകളില്‍ പരസ്പരം ഊന്നുവടികളായ് മാറിയ ആത്മസമര്‍പ്പണത്തിന്റെ ഉജ്വലമായ നേര്‍ക്കാഴ്ച.

അങ്കിളും ആന്റിയും ഒപ്പമില്ലാത്തൊരു പുതുവത്സരരാവ് എനിക്കുണ്ടായിട്ടില്ല. ഞാന്‍ ജോലി നോക്കുന്ന ഫോഗ് റിസോര്‍ട്ട്. അത് തുടങ്ങിയകാലം മുതല്‍ അവിടെ വന്ന് ക്രിസ്തുമസിന് ആവശ്യമുള്ളത്ര വൈന്‍ ഉണ്ടാക്കിത്തരുന്നത് ആന്റിയാണ്. ആന്റിയുണ്ടാക്കിയ വൈനില്‍ നിന്നും കുറച്ചെടുത്ത് ഒരു  കുപ്പിയിലാക്കിക്കൊണ്ട് കുറേ നാളുകള്‍ക്കുശേഷം ഞാന്‍ ആന്റിയെ കാണാനായി ചെന്നു. 

'വരൂ ഞാനൊരു കാര്യം കാട്ടിത്തരാം' 

എന്നു പറഞ്ഞു കൊണ്ട് ആന്റി വളര്‍ത്തുന്ന വര്‍ണ്ണക്കിളികളുടെ കൂടിനു മുന്നിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഓരോ കിളികള്‍ക്കും ഓരോ പേരിട്ടിരിക്കുന്നു. അതില്‍ മൂന്നെണ്ണം ആന്റിയുടെ കൊച്ചുമക്കളുടെ പേരുകള്‍ പിന്നൊരെണ്ണത്തിന്റെ പേര് ബിലഹരി. പിന്നൊന്ന് ബാന്‍സുരി. എന്റെ കുഞ്ഞുങ്ങളുടെ പേരുകള്‍. ബിലാ എന്നും ബാന്‍സു എന്നും വിളിച്ചപ്പോള്‍ അവയില്‍ രണ്ടുകിളികള്‍ ചിറകടിച്ചു. ആ ചിറകടികള്‍ എന്റെ ഹൃദയത്തിലും മുഴങ്ങിയതായി തോന്നി. എന്റെ കുഞ്ഞുങ്ങള്‍. ആന്റിയുടെ കരുതലുകള്‍.

ഇക്കുറി ആന്റിയുടെ ക്രിസ്തുമസ് കിനാവുകളില്‍ നിറഞ്ഞു നിന്ന നക്ഷത്രങ്ങള്‍ക്ക് ശോഭ കുറഞ്ഞിരുന്നുവോ! ആകാശ നീലിമയിലെ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് മാലാഖമാര്‍ പാടിയ പാട്ട് ഇടക്കിടക്ക് മുറിഞ്ഞ് പോയിരുന്നുവോ! ആ ക്രിസ്തുമസ് രാവിന്കൂടി  കാത്ത് നില്‍ക്കാതെ അങ്കിളിനെ തനിച്ചാക്കി ആന്റി കടന്നുപോയി. ഞാന്‍ വൈനും കൊണ്ട് പോയതിന്റെ മൂന്നാം നാള്‍. 

ആന്റിയുടെ മരണശേഷം അങ്കിള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടിരുന്നു. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ കണ്ടുമുട്ടുമായിരുന്നു. സാമൂഹിക രാഷ്ട്രീയ ചര്‍ച്ചകളും പിന്നെ ആന്റിയുടെ ഓര്‍മ്മകളും. ആന്റി പോയതില്‍ പിന്നെ ഒരുത്തനും എന്നെ വേണ്ടാ എന്ന പരാതിയും. 

ഇന്നിപ്പോള്‍ അങ്കിളും ആന്റിയുടെ അടുത്തേക്കുതന്നെ പോയി. അരമണിക്കൂറുപോലും തമ്മില്‍ പിരിഞ്ഞിരിക്കാനാകാത്ത ഇണക്കുരുവികളായിരുന്നല്ലോ അവര്‍! അവിശ്വസനീയമായ അങ്കിളിന്റെ വേര്‍പാട് ഈ നിമിഷവും എനിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.

ചരിത്രമുറങ്ങുന്ന സി.എസ്.ഐ പള്ളിയുടെ നടകയറി, എലേനറിന്റെ പ്രണയസ്മാരകവും കടന്ന് ഞാനും സനിതയും ആന്റിയുടെയും അങ്കിളിന്റെയും കല്ലറ ലക്ഷ്യമാക്കി നടന്നു. 

കെട്ടിലും മട്ടിലും എലേനര്‍നേക്കാള്‍ പ്രൗഡിയുള്ള മാര്‍ബിള്‍കുടീരത്തിനു മുകളില്‍ പോലും ചെറു ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളില്‍ അന്ത്രപ്പേര്‍ മെല്‍വിന്റെ കല്ലറയില്‍ നിന്ന് ചോദിച്ചത്‌പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ചെടികളെ നോക്കി ഞാന്‍ ചോദിച്ചു, 

'കുഞ്ഞിച്ചെടികളേ.. നിങ്ങളാണോ ആന്റിയുടെ കണ്ണുകള്‍! നിങ്ങളാണോ ആന്റിക്ക് ഭൂമിയിലെ വാര്‍ത്തകള്‍ പറഞ്ഞ് കൊടുക്കുന്നത്? ഞങ്ങള്‍ വന്ന കാര്യം ആന്റിയോടും അങ്കിളിനോടും പറയുമോ?'    

'പറയാം' എന്നവര്‍ ഇലകള്‍ വിടര്‍ത്തി തല കുലുക്കി.

കയ്യിലിരുന്ന പ്രണയ പുഷ്പങ്ങള്‍ ആ കല്ലറയുടെ മുകളില്‍ വെച്ചുകൊണ്ട്  മൂന്നാറില്‍ ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന ആന്റിയോടും അങ്കിളിനോടുമൊപ്പം കുറച്ചുസമയം ചിലവഴിച്ച് തിരികെ നടന്നു.

പരസ്പരം അറിയാത്തവര്‍. രണ്ട് ഭൂഖണ്ഡങ്ങളില്‍ പിറന്നവരെങ്കിലും കാലസീമകള്‍ക്കപ്പുറം, തലമുറകള്‍ കടന്നു പോയ കാറ്റിനും കോടമഞ്ഞിനുമപ്പുറം, ഇവിടെ... ഈ പ്രണയമഴ പെയ്യുന്ന മൂന്നാറിന്റെ താഴ്വരയില്‍ വെറും രണ്ട് കോല്‍ ദൂരത്തില്‍ അന്തിയുറങ്ങുമ്പോള്‍ ആന്റിയും എലേനറും പരസ്പരം എന്തൊക്കെ പങ്കുവെയ്ക്കുന്നുണ്ടാകാം...? 

ഇരുവരുടേയും കല്ലറകളുടെ ഓരം ചേര്‍ന്ന് പൂത്തുനില്‍ക്കുന്ന ചുമപ്പ് നിറമുള്ള കാട്ടുപൂക്കള്‍ സാക്ഷി. കാലം സാക്ഷി.


ചരിത്രവും പുരാവൃത്തങ്ങളും പ്രകൃതിയും  മനുഷ്യനും ഒത്തുചേര്‍ന്ന് തനതായ ഒരു സംസ്‌കൃതി രൂപപ്പെടുത്തിയ മണ്ണാണ് മൂന്നാറിന്റേത്. ഒരിക്കല്‍ പോയവര്‍ തന്നെ വീണ്ടുമത്താന്‍ കൊതിക്കുന്നൊരിടം. ചരിത്ര ഗ്രന്ഥങ്ങള്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്ത ട്രാവല്‍ ഗൈഡുകള്‍ വരെ നിരവധിയായ പുസ്തകങ്ങള്‍ മൂന്നാറിനെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ട്.

നമുക്കേവര്‍ക്കും പരിചിതമായ, നമുക്കിഷ്ടമായ മൂന്നാറിനെ കുറിച്ച് എല്ലാ അര്‍ത്ഥത്തിലും തികച്ചും വ്യത്യസ്തമായ ഒരു പുസ്തകമാണ് വിമല്‍ റോയിയുടെ 'ഹൃദയം തൊട്ട മൂന്നാര്‍' എന്ന് നിസ്സംശയം പറയാം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി  മൂന്നാറിനെ അറിഞ്ഞ, ആ ഹരിത ഭൂമിയുടെ എല്ലാ ഭാവതലങ്ങളും തൊട്ടെടുത്ത മനോഹരമായ ഒട്ടനവധി കാഴ്ചകളുടെ സമ്മേളനമായി അതു കൊണ്ടു തന്നെ ഈ പുസ്തകം മാറുന്നു.

തന്റെ മൂന്നാര്‍ ജീവിതത്തില്‍നിന്നുമാണ് ഗ്രന്ഥകാരന്‍  ഇതിന്റെ താളുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. നിരവധി ചരിത്ര വസ്തുതകളിലൂടെ കടന്നുപോകുമ്പോഴും ഇത് കേവലമൊരു ചരിത്ര പുസ്തകമോ പ്രകൃതി വര്‍ണനകളാല്‍ സമ്പന്നമാക്കപ്പെട്ടതിനാല്‍ ട്രാവല്‍ ഗൈഡോ, സമഗ്രമായ നിരീഷണങ്ങളും അറിവുകളും ഉള്‍ച്ചേര്‍ക്കപ്പെട്ടതിനാല്‍ പഠനഗ്രന്ഥമോ അല്ല എന്ന് എഴുത്തുകാരന്‍ തന്നെ ആമുഖത്തില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. അതിനപ്പുറം എന്ത് എന്ന ചോദ്യമാണ് ആദ്യാവസാന വായനയിലേക്ക് നമ്മളെ നയിക്കുന്ന ഈ പുസ്തകം ഒളിച്ചു വച്ചിരിക്കുന്ന കൗതുകം.

രചനാ ശ്രേണിയുടെ ഏതു ഗണത്തിലും പെടുത്താവുന്ന, അതല്ലങ്കില്‍ അതില്‍നിന്നും തെല്ലു വേര്‍പെട്ടു നില്‍ക്കുന്ന ഹൃദയം തൊട്ട മൂന്നാറിന്റെ വായനാവസാനം നമുക്കു മുന്നില്‍ തെളിയുക കുറച്ചു കൂടി ഹൃദയഹാരിയായ മറ്റൊരു മൂന്നാറായിരിക്കും എന്നുറപ്പ്.

ആധികാരികമായ ചരിത്ര വസ്തുതകള്‍ മുതല്‍ തലമുറകള്‍ കൈമാറി ചെവിയില്‍ പതിഞ്ഞ കേട്ടറിവുകള്‍ വരെ ഈ പുസ്തകത്തില്‍ ഇഴ ചേര്‍ന്നിരിക്കുന്നു. 

ബ്രിട്ടീഷ് ഭരണകാലത്തെ മൂന്നാറിനെ വിവരിക്കുമ്പോള്‍ത്തന്നെ വ്യാഴവട്ടക്കാലത്തിന്റെ പ്രതീക്ഷയായ് വിടരുന്ന നീലക്കുറിഞ്ഞി വസന്തത്തിന്റെ ഐതിഹ്യപ്പെരുമകള്‍ തേടി 'വെള്ളിത്തിരുമണം' കഥകളിലേക്കും എഴുത്തുകാരന്‍ ചെന്നെത്തുന്നുണ്ട്.  

എലേനര്‍ ഇസബല്‍ മേയുടെ ഇന്നും സ്പന്ദിക്കുന്ന കുഴിമാടം നമ്മെ നൊമ്പരപ്പെടുത്തുകയും ഗുഹയില്‍ വസിച്ച, മൂന്നാര്‍ റോബിന്‍ ഹുഡ് മലയില്‍ കള്ളന്‍ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യും.

അങ്ങനെ നാം വായിക്കുന്ന, നാം അനുഭവിക്കുന്ന സുന്ദരമായ വാങ്മയ ചിത്രങ്ങളാല്‍ സമ്പന്നമാണ് ഹൃദയം തൊട്ട മൂന്നാര്‍. അതുകൊണ്ടു തന്നെ അത് മൂന്നാറിന്റെ അറിവനുഭവങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയുമാണ്.
 

click me!