കവിതയും ചിത്രങ്ങളും ഇഴചേരുമ്പോള്‍ സംഭവിക്കുന്ന നവഭാവുകത്വത്തിന്റെ തിളക്കം. ഹാര്‍മോണിയം ബുക്‌സ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച 'തിളങ്ങുന്ന ഇളം മഞ്ഞ' എന്ന പുസ്തകത്തെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മലയാളത്തിലെ പ്രമുഖ രേഖാചിത്രകാരനും എഴുത്തുകാരനുമായ കെ ഷെരീഫ് എഴുതിയ പുസ്തകത്തില്‍നിന്നുള്ള ഒമ്പത് കവിതകള്‍ ഇവിടെ വായിക്കാം.
മലയാളത്തിലെ പ്രമുഖ രേഖാചിത്രകാരനും എഴുത്തുകാരനുമായ കെ ഷെരീഫ് എഴുതിയ 'തിളങ്ങുന്ന ഇളം മഞ്ഞ' എന്ന പുസ്തകത്തില്‍നിന്നുള്ള ഒമ്പത് കവിതകള്‍ ഇവിടെ വായിക്കാം. രേഖാചിത്രങ്ങള്‍ കെ. ഷെരീഫ്
ഹാര്‍മോണിയം ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഓണ്‍ലൈനില്‍വാങ്ങാം. Contact: 833 080 6040
................................
undefined
റബര്‍ അടപ്പുള്ള
മരുന്നുകുപ്പി
മഴക്കാലത്ത്
ശീതക്കാറ്റുള്ള
മരജാലകത്തില്‍
റബര്‍ അടപ്പുള്ള
ചെറിയ മരുന്നുകുപ്പി.
കുളത്തില്‍
ആമയുണ്ട്
അസോളകള്‍ മൂടിയ
ആ ചെറുകുളത്തില്‍
ഒരു ആമയുണ്ട്.
വെളിച്ചം
കുളിരില്‍
രാവില്‍
ദൂരെ
മലയില്‍
വിറയല്‍
വിളക്കുകള്‍.
കത്തല്‍
വിശന്ന വയറോടെ
കൊല്ലപ്പെട്ടവന്റെ
കുഴിയില്‍ നിന്നും
ഉയര്‍ന്ന് പൊങ്ങുന്നു
അമ്പ് പോലൊരു
തീനാമ്പ്.
മണ്ണട്ടത്തോട്ടം
ശബ്ദം
മിന്നാമിനുങ്ങ് വെളിച്ചത്തില്‍
നാമ്പിടുന്നു
മണ്ണട്ടകളുടെ
പാതിരാത്തോട്ടത്തില്‍.
മണ്ണട്ട: ചീവീട്
ജൂണ്‍
പകലിരുട്ടുള്ള
മഴത്തോട്ടത്തില്‍
പഴുത്ത പേരക്കകള്‍ മാത്രം
പ്രകാശിക്കുന്നു.
ICUവിലെ
ജാലകത്തില്‍
മലമുറിവില്‍
മഞ്ഞിന്റെ പഞ്ഞി
അതില്‍
ഒരു തുള്ളി
ഇളം സൂര്യന്‍.
പകല്‍നിലാവുള്ള ദിവസം
മുളപൂത്ത കാട്ടിലൂടെ.
പകല്‍നിലാവുള്ള ദിവസം
കരിയിലകളില്‍ മുളയരി പെയ്യുന്ന
കാട്ടിലൂടെ
പുഴ തുടങ്ങുന്ന
മലമുകളിലേക്കൊരു യാത്ര.
പടവുകള്‍ കയറി
മുകളിലെത്തുമ്പോള്‍
പതിയെ മുമ്പിലൂടിഴഞ്ഞിറങ്ങുന്നു
പുഴ;
ചെറിയൊരു
ജലപ്പാമ്പിന്‍ കുഞ്ഞ്!
കുഴിയാനകളുടെ ഭൂപടം
ഒഴിച്ചിട്ട
കാര്‍ ഷെഢില്‍
പൊടിമണ്ണില്‍
കുഴിയാനകള്‍
നിശ്ശബ്ദരുടെ
രാഷട്രം വരയ്ക്കുന്നു.
വേട്ട
ഒരു കണ്ണില്‍
ക്രൗര്യം
മറുകണ്ണില്‍
ദൈന്യം
ഒരു പാതി പതുങ്ങുന്നു
മറുപാതി പതിയിരിക്കുന്നു
മുന്‍ കാല്‍ കുതിക്കുന്നു
പിന്‍കാലിടറുന്നു
കാല്‍ വെച്ച് വീഴ്ത്തുന്നു
കാല്‍ തെറ്റി വീഴുന്നു
കഴുത്തില്‍ പല്ല് ആഴുന്നു
പുല്ലില്‍ ചോര ചീറ്റുന്നു
അലറുന്നു
ഞരങ്ങുന്നു
കുടയുന്നു
പിടയുന്നു.
കാറ്റൊടുങ്ങിയ കാട്ടിലെ
ചോരയാറിയ പാറയില്‍
വേട്ടമൃഗം മയങ്ങുന്നു.
പുസ്തകങ്ങള്‍, അവയുടെ വായനകള്‍. ആഴത്തിലറിയാന്‍ പുസ്തകപ്പുഴ ക്ലിക്ക് ചെയ്യൂ