'വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ ഏതോ ഒരാളെ  കല്യാണം കഴിക്കാന്‍ മനസ്സ് വന്നില്ല'

By Web Team  |  First Published Nov 30, 2020, 4:42 PM IST

പുസ്തകപ്പുഴയില്‍ പ്രശസ്ത സിനിമാ കോസ്റ്റ്യൂം  ഡിസൈനര്‍ സമീറ സനീഷിന്റെ ആത്മകഥയില്‍നിന്നൊരു ഭാഗം. ഇന്ന് വൈകിട്ട് മമ്മൂട്ടിക്ക് നല്‍കി ആഷിക് അബു പ്രകാശനം ചെയ്യുന്ന 'അലങ്കാരങ്ങളില്ലാതെ' എന്ന പുസ്തകം ഡി സി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. മാധ്യമപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ് സമീറയുടെ അനുഭവങ്ങള്‍ എഴുതിയത്. 


അതിനുശേഷം കുറെ നാളത്തേക്ക് കടന്നുപോന്ന സങ്കടത്തിന്റെ വഴികള്‍ ഓര്‍ക്കാന്‍പോലും ഇഷ്ടമല്ല. ഒരുപാട് ബന്ധുക്കള്‍ ശത്രുക്കളായി. 'എന്റെ താഴെയുള്ള അനിയത്തിയെ ക്കുറിച്ച് ഞാന്‍ ഓര്‍ത്തില്ല' എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍. കുത്തുവാക്കുകള്‍. സനീഷ് എല്ലാം കണ്ടറിഞ്ഞ് മനസ്സിലാക്കി കൂടെനിന്നതുകൊണ്ട് മാത്രം ആ നാളുകളെ അതിജീവിച്ചു.  ആ തീരുമാനം തെറ്റായിരുന്നു എന്ന് ഒരു നിമിഷംപോലും ചിന്തിക്കേണ്ടി വന്നിട്ടില്ല. ജീവിതപങ്കാളി മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും കൂടെയാണ് സനീഷ്- കോസ്റ്റ്യൂം  ഡിസൈനര്‍ സമീറ സനീഷിന്റെ ആത്മകഥയില്‍നിന്നൊരു ഭാഗം.  എഴുത്ത്: രശ്മി രാധാകൃഷ്ണന്‍

 

Latest Videos

undefined

 

ഡിഗ്രി കഴിഞ്ഞിട്ട് ഇനി എന്ത് എന്ന ആലോചനയിലായിരുന്ന സമയം. മുത്തിനുവേണ്ടി വെറുതെ ഡിസൈന്‍ ചെയ്യുന്ന ഡ്രസുകള്‍ ഒക്കെ ശ്രദ്ധിച്ചിരുന്ന അയല്‍ക്കാരനായ ഒരു അങ്കിള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കൊച്ചിയില്‍ പുതിയ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോള്‍ എന്നോടും ചേരാന്‍ പാടില്ലേ എന്ന് ചോദിക്കുന്നു. എന്തായാലും വരയും നിറങ്ങളും ഒക്കെത്തന്നെയാണ് ജീവിതം എന്ന് തോന്നിത്തുടങ്ങിയിരുന്ന കാലമായിരുന്നു. അങ്ങനെയാണ് വൈറ്റിലയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ചേരുന്നത്. എന്റെ വഴി വരകളുടെത്തന്നെ എന്ന് സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയത് അവിടെവച്ച് തന്നെയാണ്.

എത്ര തിരഞ്ഞാലും തൃപ്തിയാകാത്ത ജീവിതത്തിലേക്ക് എത്ര നേരം വേണമെങ്കിലും കാത്തുനില്‍ക്കാന്‍ മടിയില്ലാത്ത ഒരാള്‍ കൂട്ടായി വന്നതും ആ കാലത്താണ്. ഭാരത് മാതാ കോളജിലാണ് ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും ചെയ്തത്. ട്യൂഷന്‍ക്ലാസ്സില്‍വെച്ചാണ് സനീഷിനെ കണ്ടുമുട്ടുന്നത്. എനിക്ക് അന്ന് ട്യൂഷന് പോകാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് മടിച്ചു മടിച്ച് പോയി ചേരുകയായിരുന്നു. ദൈവം പ്രണയത്തിന്റെ വഴികള്‍ ഒരുക്കുന്നത് ഏറ്റവും അതിശയകരമായ രീതിയിലാണ്!

 

..........................................................

കാണാന്‍ചെന്ന ഒരുദിവസം വാപ്പച്ചി സനീഷിന്റെ കൈ പിടിച്ചു. എതിര്‍പ്പുകളെ വകവയ്ക്കാതെ സ്നേഹിച്ച പെണ്ണിനെ കൂടെ പൊറുപ്പിക്കാന്‍ കാണിച്ച ധൈര്യത്തിനായിരുന്നു ആ ഷെയ്ക്ക് ഹാന്‍ഡ് !

Read more: കുഞ്ഞാലി മരക്കാര്‍  ആയുധംവെച്ച്  കീഴടങ്ങിയ ആ ദിവസം
...........................................................

 

എന്‍ഐഎഫ് ഡിയിലെ കോഴ്സ് കഴിഞ്ഞ സമയത്താണ് ഞങ്ങള്‍ ജീവിതത്തിലെ ആ നിര്‍ണ്ണായകമായ തീരുമാനം എടുക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ആയതുകൊണ്ട് സ്വാഭാവികമായും വീട്ടില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു മുസ്ലിം കുടുംബമായിരുന്നു എന്റേത്. ഏഴുവര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. എനിക്ക് എല്ലാവരെയും വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ കാത്തിരുന്നതാണ്. ആ സമയത്ത് മറ്റൊരു ആലോചനവന്ന് അത് ഏതാണ്ട് ഉറപ്പിക്കുന്ന അവസ്ഥയായി. എനിക്ക് ഒരു പ്രണയം ഉണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടുതന്നെ തുറന്നു സംസാരിച്ചിരുന്നു. അത് ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കു സാധാരണമാണ് എന്നു പറഞ്ഞ് പുള്ളി ആലോചന മുന്നോട്ട് കൊണ്ടുപോയി. വേറെ നിവൃത്തിയില്ലായിരുന്നു. വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഏതോ ഒരാളെ കല്യാണം കഴിക്കാന്‍ മനസ്സ് അനുവദിച്ചില്ല. അങ്ങനെ വന്നപ്പോള്‍ സ്വന്തം ഇഷ്ടപകാരം വീട്ടില്‍നിന്ന് പോരേണ്ടിവന്നു. പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതിനുശേഷം കുറെ നാളത്തേക്ക് കടന്നുപോന്ന സങ്കടത്തിന്റെ വഴികള്‍ ഓര്‍ക്കാന്‍പോലും ഇഷ്ടമല്ല. ഒരുപാട് ബന്ധുക്കള്‍ ശത്രുക്കളായി. 'എന്റെ താഴെയുള്ള അനിയത്തിയെ ക്കുറിച്ച് ഞാന്‍ ഓര്‍ത്തില്ല' എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍. കുത്തുവാക്കുകള്‍. സനീഷ് എല്ലാം കണ്ടറിഞ്ഞ് മനസ്സിലാക്കി കൂടെനിന്നതുകൊണ്ട് മാത്രം ആ നാളുകളെ അതിജീവിച്ചു. വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും സ്നേഹത്തിന്റെ തണലില്‍ വളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാന്‍. പ്രണയം തന്ന അപാരമായ ധൈര്യത്തെക്കുറിച്ചോര്‍ത്ത് എനിക്കുതന്നെ പലപ്പോഴും അത്ഭുതം തോന്നാറുണ്ട്.

 

.................................................

ഈ പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 

Read more: അജയ് പി മങ്ങാട്ട് എഴുതുന്നു, സ്ഥിരമായി  യാത്ര പോകാറുള്ള പുസ്തകങ്ങള്‍, എഴുത്തുകാര്‍
..............................................................
 

ആ തീരുമാനം തെറ്റായിരുന്നു എന്ന് ഒരു നിമിഷംപോലും ചിന്തിക്കേണ്ടി വന്നിട്ടില്ല. ജീവിതപങ്കാളി മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും കൂടെയാണ് സനീഷ്. കൂടെ പഠിച്ചവരില്‍ എന്നെക്കാള്‍ കഴിവുള്ള ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. പലരും ഇപ്പോള്‍ സ്വന്തം സ്വപ്നങ്ങളെ തടവിലിട്ട വീട്ടമ്മമാരായി വീട്ടില്‍ ഒതുങ്ങുകയാണ്. ഒരുപക്ഷേ, അവരില്‍ ഒരാള്‍മാത്രം ആവേണ്ടിയിരുന്നതാണ് സമീറയും. അങ്ങനെയല്ലാതായത് സനീഷിന്റെ കരുതല്‍കൊണ്ടാണ്. നമ്മുടെ മുഖം ഒന്ന് വാടിയാല്‍ അത് മനസ്സിലാകുന്ന പങ്കാളി ജീവിതത്തിന്റെ ഭാഗ്യമാണ്. ഒരുപാട് വിശ്വാസവും പരസ്പരധാരണയും വേണ്ട ഒരു തൊഴില്‍മേഖലയാണ് സിനിമ. ജീവിതപങ്കാളിയുടെയും കുടുംബത്തിന്റെയും പിന്തുണയില്ലാതെ നമ്മുടെ ഒരു വിജയത്തിന്റെയും പൂര്‍ണ്ണ സന്തോഷം അനുഭവിക്കാനാവില്ല. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. തൊഴില്‍ പരമായി ആരോഗ്യപരമായ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും സനീഷ് നല്‍കാറുണ്ട്. അതൊക്കെ പ്രൊഫഷനില്‍ എന്റെ കോണ്‍ഫിഡന്‍സ് കൂട്ടാന്‍ ഒരുപാട് സഹായിച്ചിട്ടുമുണ്ട്.

എതിര്‍പ്പുകളുടെ മഞ്ഞുരുകുന്ന ഒരുകാലം ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഞാന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്നിട്ട് അധികം കഴിയുന്നതിനുമുന്‍പുതന്നെ ഉമ്മച്ചിക്ക് വയ്യാതായിരുന്നു. ആ സമയത്ത് ഇടയ്ക്കിടയ്ക്ക് ഉമ്മച്ചിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്നയാളായിരുന്നു വാപ്പച്ചി. 

വാപ്പച്ചി അടുക്കുമെന്ന പ്രതീക്ഷ നന്നേ കുറവായിരുന്നു. 

ആ സമയത്തൊക്കെ വൈറ്റിലയിലെ എന്റെ വീടിന്റെ മുന്നിലൂടെ രാത്രിയില്‍ കടന്നുപോകുമ്പോള്‍ വണ്ടി സ്ലോ ചെയ്യും. വാപ്പച്ചി വരുന്ന സമയമായിരിക്കും മിക്കവാറും. ആദ്യമൊന്നും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വാപ്പച്ചി മിണ്ടാതെ പോകുന്നത് കാണുമ്പോള്‍ നെഞ്ചുനോവും. പിന്നീട് വാപ്പച്ചി പയ്യെ മിണ്ടിത്തുടങ്ങി. ഉമ്മച്ചിക്കു സുഖമില്ലാതായതോടെ ഞാന്‍ കാണാന്‍ചെന്ന ഒരുദിവസം വാപ്പച്ചി സനീഷിന്റെ കൈ പിടിച്ചു. എതിര്‍പ്പുകളെ വകവയ്ക്കാതെ സ്നേഹിച്ച പെണ്ണിനെ കൂടെ പൊറുപ്പിക്കാന്‍ കാണിച്ച ധൈര്യത്തിനായിരുന്നു ആ ഷെയ്ക്ക് ഹാന്‍ഡ് !

 

......................................................

എനിക്ക് സനിയെ ഇഷ്ടമാണ് എന്ന് പപ്പയോട് തുറന്നുപറഞ്ഞിരുന്നു. 'നിങ്ങള്‍ തീരുമാനം എടുത്തോളൂ' എന്നു പറഞ്ഞ് ഒരു സുഹൃത്തിനെപ്പോലെ കൂടെനിന്നു പപ്പാ.

Read more: ട്വിങ്കിള്‍ റോസയും  പന്ത്രണ്ട് കാമുകന്‍മാരും, സംവിധായകന്‍ വേണുവിന്റെ വായനാനുഭവം
.................................................................

 

ഉമ്മച്ചി മരിച്ചതോടെ പ്രശ്നങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, അന്ന് വീട്ടില്‍ താമസിച്ചിരുന്ന രണ്ടാമത്തെ ചേച്ചിക്കും കുടുംബത്തിനും ഈ ബന്ധം ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വാപ്പച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടായിരുന്നില്ല. പക്ഷേ, വീട്ടില്‍ എതിര്‍ത്ത് പറയാനുള്ള ശക്തിയും ഉണ്ടായിരുന്നില്ല. വാപ്പച്ചി എന്റെ ഇന്റര്‍വ്യൂസിന്റെയൊക്കെ പേപ്പര്‍കട്ടിങ്ങുകള്‍ ഒക്കെ എടുത്ത് സൂക്ഷിച്ചുവച്ചിരുന്നു. 

വാപ്പച്ചിക്ക് സുഖമില്ലാതായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു. ഒരുദിവസം രണ്ടു തവണ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഒരുദിവസം രണ്ടു തവണയും വാപ്പച്ചി എന്നെത്തന്നെ അകത്തേക്ക് വിളിപ്പിച്ചിരുന്നു. എന്റെ മോളാണ് എന്നു പറഞ്ഞ് നഴ്സുമാര്‍ക്കെല്ലാം പരിചയപ്പെടുത്തിക്കൊടുത്തു.സനീഷിനെ പരിചയപ്പെട്ട് അടുപ്പത്തിലായ ആദ്യനാളുകളില്‍ത്തന്നെ സനീഷിന്റെ പപ്പയുമായി കൂട്ടായിരുന്നു. എനിക്ക് സനിയെ ഇഷ്ടമാണ് എന്ന് പപ്പയോട് തുറന്നുപറഞ്ഞിരുന്നു. 'നിങ്ങള്‍ തീരുമാനം എടുത്തോളൂ' എന്നു പറഞ്ഞ് ഒരു സുഹൃത്തിനെപ്പോലെ കൂടെനിന്നു പപ്പാ. ആ സമയത്തെ പ്രതിസന്ധികളില്‍ തണലായത് സനീഷിന്റെ കുടുംബാംഗങ്ങളാണ്.

....................................................

ഈ പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 

click me!