പുസ്തകപ്പുഴയില്‍ ഇന്ന് ജുനൈദ് അബൂബക്കര്‍ എഴുതിയ 'പ(ക.)' എന്ന പുതിയ നോവലിലെ ആദ്യ അധ്യായം
ഒരു ഗ്രാമത്തിലെ ടീനേജ് സൗഹൃദസംഘം ഒരു ഗ്യാങ്ങ് ആയി രൂപപ്പെടുന്നതും, ആ ഗ്യാങ്ങിന്റെ വളര്‍ച്ചയും ഇടര്‍ച്ചയും മറ്റുമാണ് ജുനൈദ് അബൂബക്കര്‍ എഴുതിയ 'പ(ക.)' എന്ന പുതിയ നോവലിന്റെ ഇതിവൃത്തം. അവര്‍ മുതിരുകയും, കുടുംബമായി കഴിഞ്ഞുകൂടുകയും ചെയ്യുമ്പോള്‍ പോലും ആ ഗ്യാങ്ങിന്റെ പേര് അവരെ പിന്തുടരുന്നതും, ഒടുവില്‍ ഒരു കൊലപാതകക്കേസില്‍ പ്രതികളാക്കപ്പെടുന്നതും മറ്റുമാണ് ഈ നോവല്‍. ലോക്കല്‍ ക്രൈം ഡ്രാമ ഇനത്തില്‍ പെടുത്താവുന്ന നോവലിലെ ആദ്യ അധ്യായമാണിത്.
''ഹൊമഹാളേ, ങ്ങട് ഹൊമഹാളേ''
അട്ടാശ്ശേരി അണ്ണന്റെ മൂര്‍ച്ഛയോളമെത്തുന്ന ഉത്തേജന വാക്കില്‍ നിറയൊഴിഞ്ഞ്, വിറപൂണ്ട് അണ്ണന്റെ കാള പശുവില്‍ നിന്നും പതിയെ അടര്‍ന്നുമാറി.
''ഹഴുവേറി മഹ്ഹളേ, ഓട്രാ'' കാഴ്ച്ച കാണാന്‍ കൂടിയ പിള്ളാരെയെല്ലാം അണ്ണന്‍ തെറിപറഞ്ഞ് ഓടിച്ചു. ''ഹൊമഹാളേ, ങ്ങട് ഹൊമഹാളേ'' എന്നു കൂവിയിട്ട് ഞങ്ങളും കൂട്ടത്തില്‍ നിന്നും മാറി.
അണ്ണന് ചില അക്ഷരങ്ങള്‍ എപ്പോഴും പിഴയ്ക്കും, 'ക' 'ഹ' ആയും, 'ണ' 'മ' ആയുമേ വരൂ. ''ഹൊമഹാളേ, ങ്ങട് ഹൊമഹാളേ'' എന്നത് ഏലസ പോലെ കഠിനമായ പണിയിടങ്ങളില്‍ ഉത്സാഹത്തിനുപയോഗിക്കുന്ന വാക്കാക്കി മാറ്റിയതിനുപിന്നില്‍ അബ്ബാസായിരുന്നു, ഞങ്ങളുടെ നിമിഷകവി. അതുപിന്നെ എല്ലാവരും അങ്ങ് ഏറ്റെടുത്തു. വേണ്ടിടത്തും, വേണ്ടാത്തിടത്തും ''ഹൊമഹാളേ, ങ്ങട് ഹൊമഹാളേ'' ശബ്ങ്ങള്‍ ഉയര്‍ന്നു. കവലയിലെ കടകളില്‍ കാളവണ്ടിയില്‍ നിന്നും സാധങ്ങള്‍ ഇറക്കുമ്പോഴും, വീടുപണികള്‍ക്കിടയില്‍ കല്ലെടുത്ത് കൊടുക്കുമ്പോഴും, എന്തിന് പള്ളിയില്‍ നബിദിനത്തിന് ചോറും ഇറച്ചിയും വയ്ക്കാന്‍ ചെമ്പ് എടുക്കുമ്പോള്‍പ്പോലും ''ഹൊമഹാളേ, ങ്ങട് ഹൊമഹാളേ'' എന്നായി ഏലസ. ഞങ്ങള്‍ക്ക് ചിരിക്കാനും അട്ടാശ്ശേരിയണ്ണന് ദേഷ്യം വരാനും ''ഹൊമഹാളേ, ങ്ങട് ഹൊമഹാളേ'' കാരണമായി.
പന്തുകളി കാണാനാണ് ഞങ്ങളിറങ്ങിയത്. കളികാണുന്നതിലൊന്നും ഞങ്ങള്‍ക്കത്ര താല്പര്യമൊന്നുമില്ല. ഉദ്ദേശം വേറേയാണ്. ഒന്നല്ല, രണ്ട്. ആദ്യം സദയപ്പന്റെയടുത്തുനിന്നും പോഞ്ഞാന്‍ വാങ്ങണം. തെറുപ്പ് ബീഡിയില്‍ പരുവത്തിന് കഞ്ചാവ് ചേര്‍ത്ത് പോഞ്ഞാന്‍ ഉണ്ടാക്കുന്നതില്‍ അവനോളം കഴിവ് ഈ പാതിപ്പാടത്ത് മറ്റാര്‍ക്കുമില്ല. രണ്ട്, വെള്ളിലയുടെ കൂടെ ഒരു മണിക്കൂറെങ്കില്‍ ഒരു മണിക്കൂര്‍ കിടക്കണം. കുറേക്കാലം കൊണ്ടുള്ള പ്ലാനിങ്ങായിരുന്നു. പന്തുകളി കാണാന്‍ നാട്ടുകാര്‍ മുഴുവനും പോകും, അതുകൊണ്ട് ഞങ്ങളെയാരും ശ്രദ്ധിക്കാന്‍ വരത്തില്ല. ഈ വിവരമെങ്ങാനും അറിഞ്ഞാല്‍ അത്ത കൊത്തിനുറുക്കും. പന്തുകളി സമയം എല്ലാത്തിനും നല്ലതാ, ബാക്കി സമയത്തെല്ലാം അത്തായോ, അല്ലെങ്കില്‍ അത്തായുടെ ശിങ്കിടികളോ പാര്‍ട്ടിയാപ്പീസിന്റേയോ, പള്ളി ഖജാഞ്ചി മമ്മിക്കാക്കായുടെ പാത്രക്കടയുടെ വരാന്തയിലോ കാണും. ഞങ്ങള്‍ അങ്ങോട്ടോ ഇങ്ങോട്ടോ പോയാലും അത്തായുടെ ചെവിയിലെത്തും. ഞങ്ങടെ കമ്പനി കാണുന്നതുതന്നെ അത്തായ്ക്ക് ചൊറിയണം പൊരട്ടിയതുപോലാ. അതുകൊണ്ട് ഈ ഒന്നര രണ്ടു മണിക്കൂര്‍ പരമാവധി മുതലാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
..................................
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ(ക.) നോവല്‍ ഓണ്‍ലൈനായി വാങ്ങാന്‍ ക്ലിക്ക് ചെയ്യാം
പാര്‍ട്ടികളുടെ കാര്യം പറയുമ്പോള്‍ നാട്ടിലെ ഏക കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വെള്ളിലയാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. ഈ പാതിപ്പാടത്ത് എല്ലാവരേയും സമമായിട്ട് കാണുന്ന, വിശാല ചിന്താഗതിയുള്ള ഏക വ്യക്തി വെള്ളില മാത്രമാണ്. മൊട്ടേന്ന് വിരിഞ്ഞിട്ടില്ല എന്ന് ആരൊക്കെ ഞങ്ങളെക്കുറിച്ചു പറഞ്ഞാലും വെള്ളില പറയില്ലെന്നുറപ്പാണ്. പതിനഞ്ചും പതിനാറും വയസ്സൊക്കെ അവള്‍ക്ക് മുതിര്‍ന്നവര്‍ തന്നെയായിരുന്നു.
വെള്ളിലയുടെ വീടിന്റെ പരിസരം നിരീക്ഷിക്കാന്‍ അണ്ണന്റെ കാളക്കെട്ടിനേക്കാളും നല്ല സ്ഥലമില്ല. പക്ഷേ, വെള്ളില വീട്ടിലുള്ള ലക്ഷണമൊന്നും അവിടെ നിന്ന നേരമത്രയും കണ്ടതേയില്ല. അട്ടാശ്ശേരിയണ്ണന് ചൂടുകൂടിയതോടെ സമയം കളയാതെ ഞങ്ങള്‍ സദയപ്പന്റെ കടയിലേക്കു നടന്നു. കുരുതിക്കടവ് പാലം കടന്നു പാടത്തൂടെ കുറേ നടക്കണം കടയിലേക്ക്. കണ്ടത്തിന്റെ നടുക്കൂടെ പാതിപ്പാടാറ് വെള്ളിലയുടെ നെഞ്ചുപോലെ വിരിഞ്ഞൊഴുകുന്നു. ഞങ്ങളുടെ ബഹളം കേട്ട് കൈതക്കാട്ടില്‍ നിന്നും കുളക്കോഴിയും പുളകനും പുറത്തുചാടി. വരമ്പില്‍ കിടന്ന പരപ്പന്‍ കല്ലെടുത്ത് എബിച്ചന്‍ പുളകനു നേരേ ചാറ്റിയെറിഞ്ഞു.
''എടാ ബച്ചൂ, വൈകുന്നേരമായിട്ടും ആരും കുളിക്കാനെന്താടാ വരാത്തത്?'' തമ്പിച്ചനും എബിച്ചനും കൂടി ഒരുമിച്ചാണ് ചോദിച്ചത്.
വെള്ളില മനസ്സില്‍ നിറഞ്ഞുകിടക്കുന്നതുകൊണ്ട് അതാരും ശ്രദ്ധിച്ചിരുന്നില്ല. കണ്ടം കഴിഞ്ഞു ഞങ്ങള്‍ മാര്‍ത്താണ്ഡന്‍ മുതലാളിയുടെ കള്ളുഷാപ്പിന്റെ അരികില്‍ക്കൂടി സദയപ്പന്റെ കടയിലേക്കുള്ള വഴിയില്‍ക്കയറി. ഷാപ്പില്‍ നിന്നും കോന്തിയാശാന്‍ ചട്ടിച്ചട്ടി പുറത്തോട്ടിറങ്ങുന്നതുകണ്ടപ്പോള്‍ തമ്പിച്ചന്‍ ഞങ്ങളുടെ പുറകിലേക്കു പമ്മി. ആശാന്റെ ശിങ്കിടിയാണ് തമ്പി. ഞങ്ങളെയവിടെവച്ചെങ്ങാനും കണ്ടിരുന്നെങ്കില്‍ സകലപരിപാടിയും പൊളിച്ചുതരും. പാര്‍ട്ടിയാപ്പീസിലേക്ക് എന്തെങ്കിലും വാങ്ങിച്ചുകൊണ്ടുപോയിക്കൊടുക്കാന്‍ കാണുന്ന നിമിഷം പറഞ്ഞുകളയും. അവിടുന്ന് ചായയോ കടിയോ വാങ്ങിക്കാന്‍ പറഞ്ഞുവിടുന്ന ആശാനാണ് ഷാപ്പില്‍ പൊങ്ങുന്നത്. ഞങ്ങള്‍ക്ക് ആശാനോട് പ്രത്യേക ബഹുമാനമാണ്. വളവിക്കുടി സ്റ്റാന്‍ലി എന്ന ആശാന്റെ പ്രിയ ശിഷ്യനാണ് കാരണം. സ്റ്റാന്‍ലി ഇപ്പോള്‍ ബോബേയിലാണ്, ഹാജി മസ്താന്റെ വലം കൈ. ആശാനെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സ്റ്റാന്‍ലി പറന്നുവരുമെന്നാണ് തമ്പി പറയുന്നത്. അതാണ് ആശാനോടുള്ള സ്റ്റാന്‍ലിയുടെ സ്‌നേഹം.
''ഞൊണ്ടിഞൊണ്ടി മണ്ടുമല്ലോ
കോന്തിയാശാനെന്നും,
രണ്ടു വീശി നിക്കും നേരമാണേല്‍
മിണ്ടിയെന്നാല്‍ തല്ലും,
തലമണ്ട നോക്കിത്തല്ലും..''
അബ്ബാസിന് കവിത വന്നു, മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ഞാനത് പാടിയത് തമ്പിക്ക് ഇഷ്ടമായില്ല.
''ബച്ചൂ, നീ ആശാനേ കളിയാക്കണ്ട, ആശാന്‍ കളരിയാ, കളരി. എല്ലാ അടവും സ്റ്റാന്‍ലിയെ പഠിപ്പിച്ചിട്ടുമുണ്ട്. അതുപോരാഞ്ഞിട്ട് അയാള് കരാട്ടേയും പഠിച്ചിട്ടുണ്ട്. ചുമ്മാതാണോ ഹാജി മസ്താന്റെ വലം കയ്യായിട്ട് നടക്കുന്നത്. സ്റ്റാന്‍ലീന്ന് കേട്ടാല്‍ ബോംബെ മുഴുവന്‍ വിറയ്ക്കും. വെറുതേ അയാളെ ഇങ്ങോട്ടു കൊണ്ടുവരണോ?''
ആശാനെയൊഴിഞ്ഞ് ഞങ്ങള്‍ വഴിയിലോട്ടിറങ്ങി, അതൊരു കേറ്റത്തിലാക്കാണ് കൊണ്ടുപോകുന്നത്. മണ്ണിടിഞ്ഞു വീഴാതിരിക്കാന്‍ കേറ്റത്തിന്റെ മുകളിലായിട്ട് കരിങ്കല്ല് പാകിയിട്ടുണ്ട്. വഴിയുടെ അതിരില്‍ നില്‍ക്കുന്ന ആഞ്ഞിലിയില്‍ നിന്നും പഴുത്ത ആഞ്ഞിലിച്ചക്ക നിലത്തെല്ലാം വീണുകിടക്കുന്നു.
''നോക്കെടാ, രണ്ട് പാമ്പ് മാറാടുന്നു.'' എബിച്ചനാണ് ഇങ്ങനെയുള്ള കാഴ്ച്ചകളെല്ലാം ആദ്യം കാണുന്നത്. കല്ലെടുത്ത് എറിയാന്‍ ഓങ്ങിയ അവനെ എല്ലാവരും കൂടിത്തടഞ്ഞു. ചുറ്റിപ്പിണഞ്ഞു മറിയുന്ന പാമ്പുകളെ കണ്ടപ്പോള്‍ വെള്ളിലയുടെ തുണിയുടുക്കാത്ത ശരീരം ഞങ്ങളെ വീണ്ടും കൊതിപ്പിച്ചു. ഞങ്ങള്‍ സദയപ്പന്റെ കടയിലോട്ട് ഓടി.
...............................
Read more: 'പ(ക.)' എന്ന നോവലിന് ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ അവതാരിക
പള്ളിക്കൂടം വിട്ട സമയമായതിനാല്‍ സദയപ്പന്റെ മാടക്കടയില്‍ തുപ്പലുമുട്ടായിയും, നാരങ്ങാമുട്ടായിയും, പല്ലിമുട്ടായിയും മറ്റും വാങ്ങിക്കാന്‍ പിള്ളാര് കൂട്ടം കൂടിനില്‍പ്പുണ്ടായിരുന്നു. അവരു പോകുന്നതു വരെ ഞങ്ങള്‍ക്ക് കാത്തുനിക്കേണ്ടി വന്നു. അതുങ്ങളൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ സദയപ്പന്‍ ഞങ്ങളെ വീട്ടിലേക്കു കൊണ്ടുപോയി. പോഞ്ഞാന്‍ വീട്ടിലാണ് സൂക്ഷിക്കുന്നത്. വാങ്ങിയതില്‍ ഒരോന്ന് അവിടെവച്ചുതന്നെ ഞങ്ങള്‍ പിടിപ്പിച്ചു. പോഞ്ഞാന്റെ ലഹരിയോടൊപ്പം വെള്ളിലയും ഞങ്ങളില്‍ നിറഞ്ഞു.
''എടാ പിള്ളാരേ, ഇവിടുന്നേ പുകയൂതിക്കേറ്റീട്ട് എങ്ങും പോയി അലമ്പുണ്ടാക്കിയേക്കരുത് കേട്ടോ, അങ്ങനെയെങ്ങാനും നടന്നാ ഇവന്റെ അത്താ എന്റെ പള്ളയ്ക്ക് കേറ്റാന്‍ ആളേപറഞ്ഞുവിടും''
എന്നെ നോക്കിയാണ് സദയപ്പനതു പറഞ്ഞതെങ്കിലും, ഞങ്ങള്‍ നാലുപേരും ഒരുമിച്ചാണ് ഒന്നും പറ്റാതെ നോക്കിക്കോളുമെന്ന് ഏറ്റത്. അട്ടാശ്ശേരിയണ്ണന്റെ വീടെത്തിയത് ഞങ്ങളറിഞ്ഞില്ലയെന്നതാണ് സത്യം. ചെന്നുകേറിയത് കൃത്യസമയത്തായിരുന്നു. എല്ലാവരുടേയും ചങ്കിലൊരു പെടപ്പുണ്ടായി. വെള്ളില വീട്ടില്‍ നിന്നുമിറങ്ങി നടക്കുന്നു! 'വക്ത്' സിനിമയിലെ സാധനയെപ്പോലെ ഇറുകിപ്പിടിച്ചു കിടക്കുന്ന ചുടിദാറാണ് വേഷം, എല്ലാം കാണാം. പോഞ്ഞാന്റെ ലഹരിയില്‍ ഞങ്ങളും പുറകേ കൂടി.
''ഉരുണ്ടുപോകും ഭൂഗോളത്തിന്‍
ഇടയില്‍ പെട്ടവരാര്, ഇടയില്‍ പെട്ടവരാര്?
ഒന്ന്, രണ്ട്, മൂന്ന്, നാല്
ഞങ്ങള്‍ നാലുപേരും...
ഞങ്ങള്‍ നാലുപേരും...''
സിനിമാനടന്‍ സുധീറിനെപ്പോലെ ഇടതുകൈ നെഞ്ചത്തുവച്ച്, ചരിഞ്ഞുനിന്ന് വലതുകൈ ചൂണ്ടി അബ്ബാസ് പാടിയത്, ഞങ്ങളേറ്റുപാടി. വെള്ളില തിരിഞ്ഞുനോക്കിച്ചിരിച്ചു. കരിമഷി എഴുതി വലുതാക്കിയ കണ്ണിലെ കുസൃതിയും പോഞ്ഞാനും കൂടി ഞങ്ങളെ അവളുടെ അടുത്തേക്കുകൊണ്ടുപോയി. പക്ഷേ, എന്തെങ്കിലും മിണ്ടാന്‍ പറ്റും മുന്‍പ് ബാര്‍ബര്‍ അമ്പിളി സൈക്കിള്‍ കൊണ്ട് വട്ടം വച്ചു. കവലയിലെ അമ്പിളി ബാര്‍ബര്‍ ഷോപ്പിന്റെ മുതലാളി. ഉണ്ടക്കണ്ണായതുകൊണ്ട് ഉമ്മര്‍ക്കണ്ണന്‍ അമ്പിളിയെന്നാണ് അബ്ബാസ് വിളിക്കുന്നത്.
സീറ്റില്‍ ഇരുന്നുകൊണ്ടുതന്നെ സൈക്കില്‍ സ്റ്റാന്‍ഡില്‍ വച്ചിട്ട് ബെല്‍ബോട്ടം പാന്റ്‌സ് വീശി അമ്പിളി ഇറങ്ങി. അപ്പോഴേക്കും അമ്പിളിയുടെ മണ്ടന്മാരും അവിടെത്തി. അമ്പിളിയുടെ കടയില്‍ സ്ഥിരമായിരുന്ന് നിരയും, ഈര്‍ക്കിലിയും കളിക്കുന്ന രണ്ടവന്മാരാണ് അമ്പിളിയുടെ മണ്ടന്മാര്‍. അമ്പിളിയുടെ ചിലവില്‍ കഴിയുന്നതുകൊണ്ട് അവന്റെ ഗുണ്ടകളായി എപ്പോഴും കൂടെക്കാണും.
''എന്താടീ വെള്ളീ, ഇവന്മാര്‍ നിന്നെ നടക്കാന്‍ വിടുന്നില്ലേ? നീ എങ്ങോട്ടാ, ഞാന്‍ കൊണ്ടുപോയാക്കാം.'' വെള്ളിലയോട് പറഞ്ഞിട്ട് ഉമ്മര്‍ക്കണ്ണന്‍ ഞങ്ങളുടെ നേരേ തിരിഞ്ഞു.
''എന്താടാ, നിന്നു മൂക്കുന്നത്, പോകിനെടാ പൈതങ്ങളേ.''
''നിന്നേക്കാളും മൂപ്പുണ്ടെടാ ഇതുങ്ങക്ക്, കാര്യം തിരക്കാന്‍ ഇറങ്ങിയേക്കുന്നു, പോയി ചെരക്കാന്‍ നോക്ക് നീ... പോ... പോ'' വെള്ളില മുഖത്തടിച്ചതുപോലെ പറഞ്ഞത് ഉമ്മര്‍ക്കണ്ണന് ക്ഷീണമായി, അതും ഞങ്ങളുടെ മുന്നില്‍വച്ച്. അമ്പിളിയുടെ കണ്ണ് പിന്നേയുമുരുണ്ടു. അതുവകവയ്ക്കാതെ വെള്ളില ഞങ്ങളെ വിളിച്ചു.
''നീയൊക്കെ കളി കാണാന്‍ വരുന്നെങ്കില്‍ വരീനെടാ.''
പോഞ്ഞാനേക്കാളും ലഹരി! ഞങ്ങളൊരുമിച്ച് മൈതാനത്തേക്കു നടന്നു. വെള്ളിലയുടെ മണം, സോപ്പിന്റേയും പൗഡറിന്റേയും മണം. എല്ലാം കൂടിച്ചേര്‍ന്ന് വെള്ളിലയുടെ ഒറ്റമണം. കിടന്നില്ലെങ്കിലും വേണ്ട വെള്ളിലയുടെ കൂടെ മൈതാനത്തെ തിരക്കിലിരിക്കാം. ഞങ്ങള്‍ പരസ്പരം നോക്കി, ദേഹമാസകലം തരിച്ചു.
''നിന്നെയൊക്കെ കവലയില്‍ക്കിട്ടും'' ഉമ്മര്‍ക്കണ്ണന്‍ അമ്പിളിയും, അമ്പിളിയുടെ മണ്ടന്മാരും വെല്ലുവിളിച്ചു.