'ഗര്‍ഭിണിയാണെന്ന് പരിഹസിച്ചവര്‍ക്കറിയില്ലല്ലോ, ആ കുട്ടി അനുഭവിച്ച മനോവേദന'

By Pusthakappuzha Book Shelf  |  First Published Mar 5, 2020, 3:41 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് രഘുനാഥന്‍ കെ ആര്‍ എഴുതിയ 'ശവങ്ങളുടെ കഥ, എന്റെയും' എന്ന പുസ്തകത്തിലെ ഒരു ഭാഗം. പാപ്പാത്തി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെ കടന്നുപോയ മൃതദേഹങ്ങളുടെ കഥയാണ്. 


കമുകിന്‍ തോട്ടത്തില്‍ നിന്ന് ഒതുക്ക് കല്‍പ്പടവ് കയറി ചെല്ലുന്നത്  അരുന്ധതി അഡിഗയുടെ വീട്ടിലേക്കാണ്. അന്നത്തെ അതിഥി പത്തൊന്‍പതുവയസുകാരി അരുന്ധതി അഡിഗയാണ്. കാര്‍ഷിക വൃത്തിയില്‍ നൂറ് മേനി വിളയിച്ച് പട്ടും വളയും വാങ്ങിച്ചിട്ടുള്ള രമേശ് അഡിഗയുടെ ഒരേയൊരു മകള്‍. അകായിലെ ഒരു ചാരുബഞ്ചില്‍ പുഞ്ചിരിച്ചുകൊണ്ട് ഒരു സുന്ദരിക്കുട്ടി ഉറങ്ങുന്നു എന്നേ ആദ്യം തോന്നിയുള്ളു. പരിസരത്താകെ ജനങ്ങള്‍ അവിടവിടെ കൂട്ടംകൂടിനിന്ന് കുശുകുശുക്കുന്നുണ്ട്.

 

Latest Videos

 

undefined

 

1989 ലെ ഒരു ഞായറാഴ്ച.

ടി കെ കൃഷ്ണമോഹന്‍ പ്രിന്‍സിപ്പല്‍ എസ് ഐ,  മാത്യു അഗസ്റ്റിന്‍ പ്രോബേഷണറി എസ് ഐ. ഞായറാഴ്ച വലിയ മാരണങ്ങള്‍ ഒന്നുമുണ്ടാകില്ലെന്ന് മനസ്സില്‍ കരുതി, കാസര്‍ഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയില്‍ കെട്ടിയ കൊതുകു വലയ്ക്കുള്ളില്‍ ഒന്നുകൂടി ചുരുണ്ട് കിടന്നു ഞാന്‍.

അടുത്തുള്ള പള്ളികളില്‍ നിന്ന് നീട്ടിയും കുറുക്കിയുമുള്ള ബാങ്ക് വിളി കേട്ടു തുടങ്ങി.  ആരോ കാല്‍ചുവട്ടില്‍ വന്ന് കൊതുകുവല പൊക്കി, കാലില്‍ തട്ടുന്നു. ഏത് തെണ്ടിയാണ് വെളുക്കും മുമ്പ് കുത്തി പൊക്കാന്‍ വരുന്നത് എന്നോര്‍ത്ത് വീണ്ടും ചുരുണ്ടുകൂടാന്‍ നോക്കുന്നേരം

''എണീക്കടോ  ഉളിയത്തടുക്ക വരെ പോണം. ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട്''.

വനിതാ പോലീസൊന്നും  ഇന്നത്തെപ്പോലെ  ഇല്ലാത്ത കാലമാണ്. മാത്യു അഗസ്റ്റിന്‍ സാറാണ് ഇന്‍ക്വസ്റ്റ്. മൂപ്പരുടെ ആദ്യത്തെ പ്രേത വിചാരണയാണ്. പോക്കെടം ഇല്ലാതെ കടവരാന്തയിലും നാലുകെട്ട് പോലുള്ള കാസര്‍ഗോഡ് താലൂക്കാഫീസിന്റെ വരാന്തയിലുമാണന്ന് മ്മടെ അന്തിയുറക്കം.

കാസര്‍ഗോഡ് പോലീസ് സ്റ്റേഷനും, ട്രാഫിക് സ്റ്റേഷനും, ഡി വൈ എസ് പി ഓഫിസും, സബ്ബ് ജയിലും, ട്രഷറിയും ഇട്ടാവട്ടത്തിലുള്ള ഒരിടത്തായിരുന്നു. ഇതിനോട് ചേര്‍ന്ന്, ബ്രിട്ടീഷുകാരന്‍ പണിത നാലുകെട്ട് മോഡലിലുള്ള താലൂക്കാഫീസിന്റെ അകത്തിനിയുടെ വരാന്തയില്‍ വലിയ ശല്യമില്ലാതെ കിടക്കാന്‍ സൗകര്യമുണ്ട്. ഇടക്കിടെ താലൂക്ക് ഓഫീസിലെ കൊച്ചമ്മമാര്‍ മുള്ളാന്‍ പോകാനായി മ്മളെ കവച്ച് കടന്ന് പോകുന്നതൊഴിച്ചാല്‍ മറ്റ് അസൗകര്യങ്ങളില്ല.

കാസര്‍ഗോഡ് ചക്കര ബസാറില്‍ പോകുമ്പോള്‍, ഉളിയത്തടുക്ക, സിതാംഗോളി, കാട്ടുകുക്കെ എന്നൊക്കെ ബോര്‍ഡ് വെച്ച പച്ച നിറമുള്ള ബസ്സുകള്‍ പോകുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ സ്ഥലത്തെക്കുറിച്ച് എനിക്കോ എസ് ഐക്കോ ഒരു ധാരണയുമില്ല.

ഉണ്ടേലുമില്ലങ്കിലും പോയല്ലെ പറ്റൂ. പോലിസ് ജീപ്പ് കേടായതു കൊണ്ട് അബ്കാരി കോണ്‍ട്രാക്ടര്‍ പ്ലാച്ചിക്കര കുഞ്ഞുട്ടിയുടെ ഒരു ജീപ്പ് തരാക്കി വെച്ചിരുന്നു എസ് ഐ. വിദ്യാനഗറിലെത്തിയപ്പോള്‍ ഒരു കട്ടന്‍ ചായ വാങ്ങി തന്നു അഗസ്റ്റിന്‍ സാര്‍.

''രഘുനാഥാ എന്റെ ആദ്യത്തെ അഭ്യാസമാണേ നീ എഴുതിക്കോളണം എല്ലാം''. തിരുവിതാംകൂര്‍ ഭാഷ അതേപടി പറയുന്ന അഗസ്റ്റിന്‍ സാറിനോട് എനിക്ക് ചെറിയ ഇഷ്ടമൊക്കെയുണ്ട് താനും.

രണ്ട് കുന്നുകള്‍ക്കിടയില്‍ നോക്കെത്താ ദൂരം നീണ്ടുകിടക്കുന്ന മുന്തിയ ഇനം മംഗള, കാസര്‍ഗോഡന്‍ കമുകിന്‍ തോട്ടത്തിന് നടുവിലെ ഒറ്റയടി വരമ്പിലുടെ രണ്ട് കിലോമീറ്റര്‍ നടന്ന് സംഭവസ്ഥലത്തെത്തി.

''എന്താ മോനെ അടയ്ക്ക'', തനി കൃഷിക്കാരന്‍ അച്ചായന്‍ എസ് ഐക്ക് പഴുത്ത് കുലകുലയായി കിടക്കുന്ന അടക്ക കണ്ടിട്ട് ഹാലിളകുന്നുണ്ട്.

 

................................................

പാപ്പാത്തി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ലഭിക്കാന്‍ 9995358359 എന്ന നമ്പറില്‍ വാട്ട്‌സപ്പ് ചെയ്യാം

 

കമുകിന്‍ തോട്ടത്തില്‍ നിന്ന് ഒതുക്ക് കല്‍പ്പടവ് കയറി ചെല്ലുന്നത്  അരുന്ധതി അഡിഗയുടെ വീട്ടിലേക്കാണ്. അന്നത്തെ അതിഥി പത്തൊന്‍പതുവയസുകാരി അരുന്ധതി അഡിഗയാണ്. കാര്‍ഷിക വൃത്തിയില്‍ നൂറ് മേനി വിളയിച്ച് പട്ടും വളയും വാങ്ങിച്ചിട്ടുള്ള രമേശ് അഡിഗയുടെ ഒരേയൊരു മകള്‍. അകായിലെ ഒരു ചാരുബഞ്ചില്‍ പുഞ്ചിരിച്ചുകൊണ്ട് ഒരു സുന്ദരിക്കുട്ടി ഉറങ്ങുന്നു എന്നേ ആദ്യം തോന്നിയുള്ളു. പരിസരത്താകെ ജനങ്ങള്‍ അവിടവിടെ കൂട്ടംകൂടിനിന്ന് കുശുകുശുക്കുന്നുണ്ട്.

''ഓല് എന്തിനാപ്പാ ഈ കടുംകൈ ചെയ്തിനി... ഒറ്റ മോളല്ലെ ഇട്ട് മൂടാന്‍ സ്വത്തുമുണ്ട്'' എന്ന് ഒരുകൂട്ടര്‍.

മറ്റൊരു കൂട്ടര്‍

''കല്യാണം കയ്ച്ചിറ്റില്ല, ഗര്‍ഭിണിയാണോലും''

''തള്ളയില്ലാത്ത കുട്ടിയല്ലെ രമേശ് അഡിഗ മകളെ, ഇനി എന്തേലും'', ജനങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കൂടിക്കൂടി വരുന്നു.

അകത്ത് കയറി ആഭാടപ്പെട്ടിയിലെ ഒരു സാരി എടുത്ത് വൃത്താകൃതിയില്‍ മറ കെട്ടി. അടുത്ത വീട്ടിലെ ചില സ്ത്രീകളെയും പഞ്ചായത്തുകാരേയും വരുത്തിച്ചു, നീളവും വണ്ണവും വര്‍ണ്ണവുമെല്ലാം എഴുതിയെടുത്തു. ഗോതമ്പ് നിറമുള്ള, യൗവനയുക്തയും നല്ല ആകാരവടിവുമുള്ള അരുന്ധതിയെ വിവസ്ത്രയാക്കി അടിമുടി പരിശോധിച്ച് എഴുതി തുടങ്ങി.

പ്രഥമ ദൃഷ്ട്യാ പീഡനത്തിനിരയായിട്ടുണ്ടോ... പ്യുബിക് ഹെയറുണ്ടോ... മുടിയുണ്ടോ  ഉണ്ടെങ്കില്‍ നീളമെത്ര എന്നൊക്കെ പരിശോധിക്കേണ്ടതായുണ്ട്. 

നെഞ്ചകം പൊട്ടി മകളുടെ വസ്ത്രമഴിക്കുന്നത് ആ അച്ഛന്‍ നോക്കി നിന്നു. പാന്റീസ് ഊരിയതേ വല്ലാത്തൊരു കാഴ്ചയായിരുന്നു അത്.

അതിസുന്ദരിയായ ആ പെണ്‍കുട്ടിക്ക് പുരുഷലിംഗ സമമായ ഒരവയവം ആയിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെയുള്ള മനുഷ്യജന്മത്തെ പറ്റി പറഞ്ഞുകേട്ട അറിവേയുള്ളു. പണ്ടൊരിക്കല്‍ ബോംബേ-മംഗലാപുരം തീവണ്ടിയില്‍ വെച്ച്  കൈ നീട്ടിയും  പോക്കറ്റില്‍ ബലമായി കൈയിട്ടും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും കാശ് വാങ്ങു ന്നതായി കണ്ട കുറേ മനുഷ്യരെ ഓര്‍മ്മ വന്നെങ്കിലും  പൊടുന്നനെ ആ മുഖങ്ങള്‍ മാഞ്ഞു പോയി.

ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ഇന്നത്തെ പോലെ സ്വീകാര്യത ലഭിക്കാതിരുന്ന ഒരു കാലമായിരുന്നു അത്, 19 വര്‍ഷക്കാലമത്രയും താനോ തന്റെ രക്ഷിതാക്കളോ ഈയൊരവസ്ഥ ലോകത്തോട് പറഞ്ഞിരുന്നില്ല. തന്റെ  ജന്മമോര്‍ത്ത് ആ കുഞ്ഞ് എത്ര കണ്ട് തപിച്ചിട്ടുണ്ടാകുമാ ജീവിതത്തില്‍.

ഗര്‍ഭിണിയാണെന്ന് പരിഹസിച്ചവര്‍ക്കറിയില്ലല്ലോ, ആ കുട്ടി അനുഭവിച്ച മനോവേദന. ഏതെങ്കിലും കാലം ഇവരെ സമൂഹം അംഗീകരിക്കുന്ന ഒരു കാലമുണ്ടാകണേയെന്ന് മനസ്സില്‍ പറഞ്ഞ് ആ സുന്ദരിക്കുട്ടിയെ പായില്‍ തെറുത്ത് ഞാന്‍ മംഗലാപുരത്തേക്ക്.

അമ്മയില്ലാതെ വളര്‍ന്ന ആ കുഞ്ഞിനെ ആ അച്ഛന്‍ പോറ്റി വളര്‍ത്തിയത് എന്തെല്ലാം ആധികളോടെയാവാം. അച്ഛന്‍ പീഡിപ്പിച്ചു കൊന്നു എന്ന് പറയാന്‍ മാത്രം തരംതാണ ഒരു ലോകത്ത് ആത്മഹത്യയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമാണാ കുട്ടിക്ക് മുന്നിലുള്ളത്.

വൈകിട്ട് മകളുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബോഡിയുമായി  ഞാന്‍  മടങ്ങിയെത്തുമ്പോള്‍ എസ് ഐ  മാത്യു അഗസ്റ്റിന്‍ രമേശ് അഡിഗയുടെ പ്രേത വിചാരണ ചെയ്ത് തുടങ്ങിയിരുന്നു. 

(പാപ്പാത്തി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ലഭിക്കാന്‍ 9995358359 എന്ന നമ്പറില്‍ വാട്ട്‌സപ്പ് ചെയ്യാം)

 

......................................

'പുസ്തകപ്പുഴ' പ്രസിദ്ധീകരിച്ച പുസ്തക ഭാഗങ്ങളും കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!