ഈവര്‍ഷത്തെ ബുക്കര്‍ സമ്മാനപ്പട്ടികയില്‍ ഉള്‍പ്പെട്ട ചിലിയന്‍ നോവലില്‍ പാലക്കാട്ട് വെച്ച് സയനൈഡ് കഴിച്ച് ആത്മഹത്യചെയ്ത സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രസാദിന്റെ കഥ!
ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിന് (International Booker prize) ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്ന് ചിലിയന്‍ (Chile) നോവലിസ്റ്റായ ) എഴുതിയ വെന്‍ വീ സീസ് റ്റു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് (When We Cease to Understand the World-2010) ആയിരുന്നു. അതിവിചിത്രമായ നോണ്‍ഫിക്ഷന്‍ നോവല്‍ എന്ന് നിരൂപകര്‍ വിശേഷിപ്പിച്ച ആ പുസ്തകം ശാസ്ത്രത്തെ മാറ്റിമറിച്ച ചില പ്രതിഭകളുടെ ജീവിതത്തിലൂടെയുള്ള ഫിക്ഷനല്‍ സഞ്ചാരമാണ്. പരമ്പരാഗത ഫിക്ഷന്‍ രീതികളെ അട്ടിമറിച്ച്, ലേഖനത്തിന്റെയും ഗദ്യമെഴുത്തിന്റെയും നോവലിന്റെയും അസാധാരണമായ മിശ്രണത്തിലൂടെയാണ് ബെഞ്ചമിന്‍ ലബിറ്ററ്റ് ഈ പുസ്തകം സാധ്യമാക്കുന്നത്.
undefined
പറഞ്ഞുവന്നത് ഈ നോവലിനെ കുറിച്ചല്ല. ഈ നോവലില്‍ പരാമര്‍ശിച്ച ഒരു മലയാളിയെക്കുറിച്ചാണ്. അയാളൊരു സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു. എറണാകുളത്തെ കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരന്റെയും സരോജത്തിന്റെയും മൂത്തമകന്‍. 2006 ജൂണ്‍ 18-ന് പാലക്കാട്ടെ ഒരു ഹോട്ടല്‍മുറിയില്‍വെച്ച് സയനൈഡ് കഴിച്ചു ആത്മഹത്യ ചെയ്തു. വെറുതെ അങ്ങ് ആത്മഹത്യ ചെയ്യുകയായിരുന്നില്ല അയാള്‍. ശാസ്ത്രലോകത്തിന് അസാധാരണമായ ഒരു സംഭാവന നല്‍കിയാണ് കണ്ണന്‍ എന്ന് വിളിപ്പേരുള്ള ഈ 32 വയസ്സുകാരന്‍ ജീവിതത്തോട് വിടപറഞ്ഞത്.
പൊട്ടാസ്യം സയനൈഡ്
സയനൈഡിന്റെ രുചി
എന്തായിരുന്നു ആ സംഭാവന എന്നോ? ഒരു ചെറുതരി അകത്തെത്തിയാല്‍ തല്‍ക്ഷണം മരിച്ചുപോവുന്ന സയനൈഡിന്റെ രുചി എന്തെന്ന് പ്രസാദ് ലോകത്തോട് വിളിച്ചുപറഞ്ഞു. തന്റെ ആത്മഹത്യാകുറിപ്പില്‍ പ്രസാദ് എഴുതിവെച്ചു: ഡോക്ടര്‍മാരേ, ഞാന്‍ പൊട്ടാസ്യം സയനൈഡിന്റെ രുചി അറിഞ്ഞു. ഭയങ്കര പുകച്ചിലാണ് ആദ്യം. പതുക്കെ, വളരെ മെല്ലെ...നാവെല്ലാം എരിഞ്ഞുപോവും. നല്ല കടുപ്പമാണ്. ഭയങ്കര ചവര്‍പ്പാണ്.''-വാരാദ്യമാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറില്‍ പറയുന്നു
അന്നേവരെ സയനൈഡിന്റെ രുചി എന്തെന്നാരും അടയാളപ്പെടുത്തിയിരുന്നില്ല. അതിനു കാരണം ആ വിഷത്തിന്റെ സ്വഭാവമാണ്. ഒരു തരി വായിലെത്തിയാല്‍ പിന്നെ അനുഭവം പറയാനാരും ബാക്കിയാവില്ല. തല്‍ക്ഷണം മരിച്ചുപോവും. സ്വന്തം ജീവിതം കൊണ്ട് പ്രസാദ് ശ്രമിച്ചത്, മറ്റാരും പറയാത്തത് പറയാനാണ്. അതിനാല്‍ തന്നെ, ഇതുപോലെ ഓണ്‍ലെന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ദൃശ്യമാധ്യമങ്ങളുമൊന്നും സജീവമല്ലാതിരുന്നിട്ടും പ്രസാദിന്റെ അനുഭവം ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായി. ശാസ്ത്രത്തിന്റെ അസാധാരണ വഴികളിലൂടെ നോവലിന്റെ കൈപ്പിടിച്ച് നടക്കുന്ന ബെഞ്ചമിന്‍ ലബിറ്ററ്റ് എന്ന നോവലിസ്റ്റാവട്ടെ, വര്‍ഷങ്ങള്‍ക്കു ശേഷം ആ ആത്മഹത്യയെ, അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെ സ്വന്തം നോവലില്‍ അടയാളപ്പെടുത്തി. വെറുമൊരു പ്ലസ്ടുക്കാരന്‍ തന്റെ ജിജ്ഞാസയും വായനാപരിചയവും കൊണ്ട് ശാസ്ത്രലോകത്തിന് നല്‍കിയ ആ സംഭാവന, ഇനിയുമേറെ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.
പ്രസാദ്
എന്തിനായിരുന്നു ആത്മഹത്യ?
സ്വന്തം അനുഭവം പ്രസാദ് എഴുതിവെച്ചത് അനായാസമായിരുന്നില്ല. മരിക്കാന്‍ അയാള്‍ തീരുമാനിച്ചിരുന്നു. അയാളുടെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു എന്നും പറയാം.
അതിലേക്ക് നയിച്ച കഥ ഇനി പറയാം. കാക്കനാട്ടുകാരനായ പ്രസാദ് കുറേക്കാലം തൃപ്പൂണിത്തുറയിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് അയാള്‍ പാലക്കാട്ടെ പുതുപ്പള്ളി സ്ട്രീറ്റില്‍ സ്വന്തം ജ്വല്ലറി ആരംഭിച്ചു. അച്ഛനോടും മറ്റു പലരോടും കടംവാങ്ങിയ പണവും സ്വന്തം സമ്പാദ്യവും ചേര്‍ത്ത് 25 ലക്ഷം രൂപയ്ക്കാണ് അയാള്‍ ഗോള്‍ഡന്‍ ജ്വല്ലറി വര്‍ക്‌സ് എന്ന കട തുടങ്ങിയത്. ബിസിനസ് നന്നായി നടന്നു. പാലക്കാട്ട് പ്രസാദിന് സൗഹൃദങ്ങള്‍ വളര്‍ന്നു. അതിനിടെ അയാളുടെ ജീവിതത്തിലെ ആ ദുരന്തം നടന്നു. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശികളായ രണ്ടുപേരുമായി അയാളൊരു സ്വര്‍ണ്ണഇടപാട് നടത്തി. നാലുലക്ഷത്തിന്റെ ഇടപാടില്‍ രണ്ടു ലക്ഷം ഷൊര്‍ണൂരിലെ ഒരു ഹോട്ടലില്‍ വെച്ച് നല്‍കി. ബാക്കി നല്‍കാനിരിക്കെ, അത് മുക്കുപണ്ടമാണ് എന്നയാള്‍ക്ക് മനസ്സിലായി. അതിനു പിന്നാലെ മറ്റ് ചില സ്ഥലങ്ങളിലും ഇവര്‍ സമാനമായ തട്ടിപ്പു നടത്തിയതായി വാര്‍ത്തയിലൂടെ അയാളറിഞ്ഞു. ഷൊര്‍ണൂര്‍ പൊലീസ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തു. സ്‌റ്റേഷനില്‍ ചെന്ന് പ്രസാദ് തട്ടിപ്പുകാരെ തിരിച്ചറിഞ്ഞു. എന്നാല്‍, നിലവില്‍ സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്ന പ്രസാദ് ഈ തട്ടിപ്പോടെ ആകെ കുടുക്കിലായി. ബന്ധു സഹായിച്ചുവെങ്കിലും അയാള്‍ക്ക് കരകയറാനായില്ല. അങ്ങനെയാണ് ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് അയാളുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
ആ മരണത്തെ സവിശേഷമാക്കാനുള്ള ഒരുക്കം അയാള്‍ നടത്തിയിരുന്നു. അതിനായി അയാള്‍ സയനൈഡ് തെരഞ്ഞെടുത്തു. സയനൈഡ് വാങ്ങാന്‍ ലൈസന്‍സുള്ള സ്വര്‍ണ്ണപ്പണിക്കാരന്‍ ആയതിനാല്‍ അയാള്‍ക്കത് എളുപ്പമായിരുന്നു. 2006-ജൂണ്‍ 15-ന് അയാള്‍ കാക്കനാട്ടെ വീട്ടില്‍നിന്നും സയനൈഡുമായി പാലക്കാട്ടെത്തി. അവിടെ ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള ഒരു ഹോട്ടലിലെ 207-ം നമ്പര്‍ മുറി എടുത്തു. പിറ്റേന്ന് മാതാപിതാക്കളുമായി അയാള്‍ സംസാരിച്ചു. ആ സംസാരത്തില്‍ പന്തികേടു തോന്നിയ അവര്‍ തിരിച്ചുവരാന്‍ അയാളോട് ആവശ്യപ്പെട്ടു. അയാള്‍ വീട്ടിലേക്ക് പോയില്ല. പകരം, പിറ്റേന്ന് കാലത്ത് ഏഴ് മണിക്കും മൂന്നരയ്ക്കുമിടയില്‍, മരണത്തിലേക്ക് ശാന്തനായി നടന്നുപോയി. പക്ഷേ, തന്റെ സയനൈഡ് അനുഭവം അയാള്‍ കൃത്യമായി രേഖപ്പെടുത്തി വെച്ചു.
പൊലീസ് എത്തിയപ്പോള്‍ പാന്റ്‌സും ഷര്‍ട്ടുമിട്ട് കട്ടിലിന്റെ ഒരു വശത്തേക്ക തിരിഞ്ഞുകിടക്കുകയായിരുന്നു അയാള്‍. വായില്‍നിന്നും രക്തവും പതയും വന്നിരുന്നു. കട്ടിലിന് അടുത്തുള്ള മേശയില്‍ ആത്മഹത്യാകുറിപ്പ്, പേപ്പര്‍, മദ്യക്കുപ്പി, സയനൈഡ്് പൊതിഞ്ഞ പേപ്പര്‍, പേന, ഗ്ലാസ് എന്നിവ കണ്ടെത്തി.
ആത്മഹത്യക്കുറിപ്പിലെ രഹസ്യം
നാലു പേജുള്ള ആത്മഹത്യാകുറിപ്പിലായിരുന്നു അയാളുടെ മരണത്തിന്റെ രഹസ്യം. അതിന്റെ ആദ്യ പേജില്‍ സാമ്പത്തികമായി തകര്‍ന്നതിന്റെ കഥയായിരുന്നു. രണ്ടാം പേജില്‍ അച്ഛനോടും അമ്മയോടുമുള്ള കുറിപ്പ്. സാമ്പത്തികമായി തകര്‍ന്നതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണതില്‍ പറഞ്ഞത്. മൂന്നാമത്തെ പേജില്‍ മജിസ്‌ട്രേറ്റിനുള്ള കുറിപ്പായിരുന്നു. അത് പൂര്‍ത്തിയാക്കിയിട്ടില്ല. പകരം അടുത്ത പേജില്‍, സയനൈഡ് ഉപയോഗിച്ചതിന്റെ അനുഭവമാണ് അയാള്‍ എഴുതിയത്. ഡോക്ടര്‍മാരോട് എന്ന നിലയില്‍ നാലു വാക്കുകളിലാണ് അയാള്‍ ആ അനുഭവം എഴുതിയത്. എന്റെ പേര് പ്രസാദ്, ഞാനൊരു സ്വര്‍ണ്ണപ്പണിക്കാനാണ് എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. തന്റെ മരണത്തിന് ബിക്കാനീര്‍ സ്വദേശികളായ ഹിന്ദിക്കാര്‍ മാത്രമാണ് ഉത്തരവാദികളെന്നും അയാള്‍ എഴുതിവെച്ചിരുന്നു.
അതില്‍ തനിക്ക് പറ്റിയ ഒരു അബദ്ധതെക്കുറിച്ചും അയാള്‍ എഴുതി. മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയപ്പോള്‍ അത് ലയിച്ചുചേരാത്തതിനാല്‍ പേനകൊണ്ട് ഇളക്കാന്‍ നോക്കിയതായും എഴുതിക്കൊണ്ടിരിക്കെ ആ പേന കൊണ്ട് അബദ്ധത്തില്‍ നാക്കില്‍ മുട്ടിച്ചതായും അയാള്‍ എഴുതി. പിന്നെ ഭയങ്കര എരിച്ചിലായിരുന്നു. അതിനാല്‍, മരിക്കാന്‍ പോവുകയാണെന്ന് മനസ്സിലാക്കി പെട്ടെന്ന് തന്നെ സയനൈഡ് അനുഭവം എഴുതിവെക്കുകയാണെന്നും അതിലെഴുതിയിട്ടുണ്ട്. എഴുത്തിനിടെ പേനയുടെ അറ്റം കടിക്കുന്ന സ്വഭാവം അയാള്‍ക്കുള്ളതായി അമ്മയും പറഞ്ഞിരുന്നതായി വാര്‍ത്തകളില്‍ പറയുന്നു.
വെന്‍ വീ സീസ് റ്റു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് (When We Cease to Understand the World-2010)
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഡോ. പിബി ഗുജറാളായിരുന്നു പോസ്റ്റ് മോര്‍ട്ടം നടത്തിയത്. അദ്ദേഹമാണ്, കത്തിലെ സയനൈഡ് രഹസ്യം കൃത്യമായി മനസ്സിലാക്കിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിക്കാതെ, പേനത്തുമ്പില്‍നിന്നും വിഷം അകത്തുചെന്നതിനാല്‍ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ പ്രസാദിനെറ ഉള്ളില്‍ ചെന്നിട്ടുള്ളൂ എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രുചി അറിയാന്‍ അതു മതിയായിരുന്നു. അതിനാലാണ് രുചി എഴുതാനുള്ള സാവകാശം പ്രസാദിന്് ലഭിച്ചതും.
സംഭവത്തെക്കുറിച്ച് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ വിശദീകരണവും തേടിയിരുന്നു. അതിനിടെ, അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം പ്രസാദിനെ കുറിച്ച് വാര്‍ത്തവന്നു. നന്നായി വായിച്ചിരുന്ന പ്രസാദിന് നോവലുകളില്‍നിന്നാണ് സയനൈഡ് കഴിച്ചുള്ള ആത്മഹത്യയുടെ ആശയം കിട്ടിയത് എന്നാണ് ആ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. ഈ വാര്‍ത്തകളില്‍നിന്നാവണം, പ്രസാദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചിലിയന്‍ നോവലിസ്റ്റ് ബെഞ്ചമിന് ലഭിച്ചത് എന്നുവേണം കരുതാന്‍. കാര്യം എന്തായാലും മരിച്ച് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും പ്രസാദ് ഓര്‍മ്മിക്കപ്പെടുന്നത് മരണത്തിലെ ആ അസാധാരണത്വം കൊണ്ടുതന്നെയാണ് എന്നതാണ് വാസ്തവം.