ഋഷിരാജ് സിംഗ് എന്തുകൊണ്ടാണ് മദ്യപിക്കാത്തത്?

By Pusthakappuzha Book Shelf  |  First Published Feb 28, 2021, 6:26 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് ഋഷിരാജ് സിംഗ് എഴുതിയ 'വൈകുംമുമ്പേ' എന്ന പുസ്തകം. കെ. വി മധു എഴുതുന്നു


പരീക്ഷകള്‍ക്ക് തയാറെടുക്കുമ്പോള്‍ മാത്രമല്ല, ജീവിതത്തില്‍ മനുഷ്യന്‍ കഠിനപരിശ്രമം നടത്തുമ്പോഴൊക്കെയും പിടികൂടാനിടയുള്ള ഭീതി പരിഹരിക്കാന്‍ കെല്‍പ്പുള്ളൊരു മാര്‍ഗ്ഗമായിരുന്നു ആ അമ്മ മകന് പറഞ്ഞുകൊടുത്തത്. ആ മകന്റെ പേര് ഋഷിരാജ് സിംഗ് എന്നാണ്. 1985 ബാച്ചില്‍ ഐപിഎസ് നേടി കേരളകേഡറില്‍ മികച്ച ഉദ്യോഗസ്ഥനായി പേരെടുത്ത, 'സിങ്കം' എന്ന വിളിപ്പേരില്‍ ചിലര്‍ വിളിക്കുന്ന, എക്സൈസ് കമ്മീഷണര്‍ സാക്ഷാല്‍ ഋഷിരാജ് സിംഗ് തന്നെ. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ തലമുറയ്ക്ക് വേണ്ടി പ്രചോദനാത്മകമായ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന 'വൈകും മുമ്പേ' എന്ന പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിച്ച സംഭവമാണ് മുകളിലെഴുതിയത്.

 

Latest Videos

 

undefined

''എംഎ പരീക്ഷ കഴിഞ്ഞ ശേഷം രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷ ഞാന്‍ എഴുതിയെങ്കിലും എഴുത്തുപരീക്ഷ പാസായില്ല. ഈ തോല്‍വി യു പി എസ് സി പരീക്ഷയെഴുതാന്‍ തയാറെടുക്കുന്ന എന്റെ ആത്മവീര്യം കെടുത്തിക്കളഞ്ഞു. എന്റെ മനസ്സ് വല്ലാതെ വെപ്രാളപ്പെടാന്‍ തുടങ്ങി. എനിക്ക് ആത്മവിശ്വാസം തീരെ കിട്ടുന്നില്ല. യുപിഎസ് സി പരീക്ഷയെഴുതാന്‍ രണ്ടുമൂന്ന് വര്‍ഷം ശ്രമിച്ചിട്ട് കിട്ടാതിരുന്നാല്‍ എന്തുചെയ്യും.. ഇതോര്‍ത്ത് ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. അപ്പോ അമ്മ എന്നോട് പറഞ്ഞു.
'പരീക്ഷ പാസായില്ലെങ്കില്‍ വേണ്ട, നമ്മള്‍ നമ്മുടെ കൃഷിയിടത്തില്‍ ജോലി ചെയ്ത് സുഖമായി കഴിയും. അത്ര തന്നെ' -ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കുണ്ടായ ആശ്വാസവും ധൈര്യവും എത്രവലുതാണെന്നോ. ആ ധൈര്യത്തില്‍ എഴുതിയ യു പി എസ് സി പരീക്ഷപാസ്സായി. പിന്നീട് ഐ പി എസ് കിട്ടി. ഇപ്പോ എക്സൈസ് കമ്മീഷണറായിരിക്കുന്നു''

(വൈകുംമുമ്പേ)

പരീക്ഷകള്‍ക്ക് തയാറെടുക്കുമ്പോള്‍ മാത്രമല്ല, ജീവിതത്തില്‍ മനുഷ്യന്‍ കഠിനപരിശ്രമം നടത്തുമ്പോഴൊക്കെയും പിടികൂടാനിടയുള്ള ഭീതി പരിഹരിക്കാന്‍ കെല്‍പ്പുള്ളൊരു മാര്‍ഗ്ഗമായിരുന്നു ആ അമ്മ മകന് പറഞ്ഞുകൊടുത്തത്. ആ മകന്റെ പേര് ഋഷിരാജ് സിംഗ് എന്നാണ്. 1985 ബാച്ചില്‍ ഐപിഎസ് നേടി കേരളകേഡറില്‍ മികച്ച ഉദ്യോഗസ്ഥനായി പേരെടുത്ത, 'സിങ്കം' എന്ന വിളിപ്പേരില്‍ ചിലര്‍ വിളിക്കുന്ന, എക്സൈസ് കമ്മീഷണര്‍ സാക്ഷാല്‍ ഋഷിരാജ് സിംഗ് തന്നെ. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ തലമുറയ്ക്ക് വേണ്ടി പ്രചോദനാത്മകമായ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന 'വൈകും മുമ്പേ' എന്ന പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിച്ച സംഭവമാണ് മുകളിലെഴുതിയത്.

ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തില്‍ വിദ്യാഭ്യാസകാലം എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള കാഴ്ചപ്പാടുകളാണ് ഋഷിരാജ് സിംഗ് അവതരിപ്പിക്കുന്നത്. പഴയകാലത്തേതില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് മുന്നില്‍ വഴിതെറ്റിപ്പോകാനുള്ള നിരവധി അവസരങ്ങളാണുള്ളത്. അതിനെയെല്ലാം അതിജീവിക്കാന്‍ ചുറ്റുപാടുകളുടെ പിന്തുണ കൂടിയേ തീരു. പ്രത്യേകിച്ചും, അച്ഛനമ്മമാരുടെ ശ്രദ്ധ. മൊബൈലും മറ്റുസാങ്കേതിക മാധ്യമങ്ങളും മികച്ച വളര്‍ച്ച നേടുന്ന ഇക്കാലത്ത് പരസ്പരം സംസാരിക്കാനും ശ്രദ്ധിക്കാനുമുള്ള സമയവും സാധ്യതകളും കുറഞ്ഞുവരികയാണ്. തുറന്നുസംസാരിക്കാന്‍ തയാറാകാത്ത കുടുംബത്തില്‍ കുട്ടികള്‍ ഒറ്റപ്പെട്ടുപോകുന്നു, അത് തിരിച്ചറിയാന്‍ നമുക്കാകണം. നമ്മുടെ മക്കള്‍ എന്തുചെയ്യുന്നു എന്ന് വിശദമായി അറിയാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അത്തരം സാഹചര്യം രക്ഷിതാക്കള്‍ ആസൂത്രിതമായി തന്നെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത 'വൈകും മുമ്പേ' എന്ന പുസ്തകം ഓര്‍മിപ്പിക്കുന്നു.

 

 

മലയാളം പഠിച്ച കഥ
രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ ഋഷിരാജ് സിംഗ് കേരത്തിലേക്ക് വരുമ്പോള്‍ മലയാളം തീരെ അറിയുമായിരുന്നില്ല. എന്നാല്‍ വളരെ പെട്ടെന്ന് മലയാളം പഠിച്ചെടുത്തു. മലയാളം സിനിമകള്‍ കണ്ടാണ് ഭാഷ പഠിച്ചതെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല ഭാഷയില്‍ ആഴത്തിലറിവുള്ള ഒരാളുടെ ശൈലിയിലാണ് ഈ പുസ്തകം എഴുതിയിട്ടുള്ളതും. ഓരോ അധ്യായവും മലയാളം ചൊല്ലുകളിലൂടെയാണ് ആരംഭിക്കുന്നത്. അധ്യായത്തിന്റെ മൊത്തം സന്ദേശം ഉള്‍ക്കൊള്ളുന്ന ചൊല്ലുകള്‍ ഒരു ഭാഷാവിദഗ്ധനെ പോലെ ഋഷിരാജ് സിംഗ് പ്രയോഗിച്ചു എന്നതും കൗതുകകരമാണ്.  രക്ഷിതാക്കള്‍ക്കുള്ള സന്ദേശം എന്നതിനപ്പുറത്ത് 'വൈകും മുമ്പേ'യെന്ന പുസ്തകം സാമൂഹികാരോഗ്യത്തിനുള്ള ഒരു ചെറു വാക്സിന്‍ എന്ന പരിഗണന തന്നെ അര്‍ഹിക്കുന്നുണ്ട്. മികച്ച സമൂഹത്തെ സൃഷ്ടിക്കാന്‍ പോന്ന, ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ഒരുവഴികാട്ടിയെന്ന നിലയില്‍ വൈകും മുമ്പേയ്ക്ക് പ്രസക്തി കൂടുതലാണ്. ലഹരിക്കടിപ്പെടുകയും ഭാവി ഇരുളിലാകുകയും ചെയ്യപ്പെടുന്ന ഒരു പൗരസമൂഹത്തെയല്ല, തെളിച്ചവും വെളിച്ചവുമുള്ള നല്ല നാളെയെ സൃഷ്ടിക്കാനുള്ള ശ്രമമായി വേണം 'വൈകുംമുമ്പേ'യെ കാണാന്‍.


എന്തുകൊണ്ട് ഋഷിരാജ് സിംഗ് മദ്യപിക്കുന്നില്ല?

മികച്ച വ്യക്തിത്വരൂപീകരണത്തിന് അവരുടെ മാതൃകാപൂരുഷന്മാരുടെ പെരുമാറ്റത്തിന്റെ സ്വാധീനം പ്രധാനമാണ്. പല കുട്ടികളും ലഹരിയുടെ വഴിയേ പോകാന്‍ കാരണമാകുന്നത് രക്ഷിതാക്കളുടെ ലഹരി ഉപയോഗം തന്നെയാണ്. അച്ഛനമ്മമാരുടെ വിവേകപൂര്‍ണമായ പെരുമാറ്റം പ്രധാനമാണ്. അച്ഛനോ അമ്മയോ എപ്പോഴെങ്കിലും മദ്യം ഉപയോഗിച്ചാല്‍ തന്നെ മക്കളുടെ മുന്നില്‍ അത് പ്രകടമാകുന്ന വിധത്തില്‍ പെരുമാറാതിരിക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കണം. മദ്യപാനമോ മറ്റു ലഹരിയുല്‍പ്പന്നങ്ങളുടെ ഉപയോഗമോ അത്ര വലിയ തെറ്റല്ല എന്ന ബോധ്യം വിദ്യാര്‍ത്ഥിയില്‍ രൂപപ്പെട്ടാല്‍ ഏത് ഘട്ടത്തിലും ആ വഴിക്ക് കുട്ടികള്‍ സഞ്ചരിച്ചേക്കാം. അതുകൊണ്ട് ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  അതിന് ഋഷിരാജ്സിംഗ് ഒരു സ്വാനുഭവം വിശദീകരിക്കുന്നുണ്ട്.

''എതെങ്കിലും ഒരുപരിപാടിക്ക് കുറച്ച് മദ്യപിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ എന്റെ അച്ഛന്‍ ഒരിക്കലും മദ്യപിക്കുന്നത് ഞങ്ങള്‍ മക്കള്‍ കണ്ടിട്ടില്ല. സര്‍വ്വീസില്‍ വന്നപ്പോള്‍ ഒരിക്കല്‍ ഞാന്‍ അച്ഛനോട് ചോദിച്ചു. ഒരാഘോഷവേളയിലും മദ്യപിക്കാത്ത ആളാണോ അച്ഛന്‍ എന്ന്. അന്ന് അച്ഛന്‍ പറഞ്ഞതിങ്ങനെയാണ്'' മദ്യപാനത്തിന്റെ കാര്യമൊക്കെ എല്ലാവര്‍ക്കും മനസ്സിലാകും. പക്ഷേ എന്നില്‍ നിന്ന് എന്റെ മക്കള്‍ അങ്ങനെയൊരുകാര്യം മനസ്സിലാക്കണ്ട'' ഒരുപക്ഷേ അച്ഛനോടുള്ള ആദരവ് കൊണ്ടായിരിക്കാം. ഞാനിതുവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല''

 

 

അച്ഛനമ്മമാര്‍ വഴക്ക് കൂടിയാല്‍

മക്കളെ ഏറ്റവും അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം രക്ഷിതാക്കളുടെ രക്ഷയില്ലാത്ത വഴക്കാണ്. പരസ്പരം ചീത്തവിളിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തുകൊണ്ട് മക്കളുടെ മുന്നില്‍ വച്ച് വഴക്കിടാന്‍ പല രക്ഷിതാക്കള്‍ക്കും ഒരു മടിയുമുണ്ടാകാറില്ല. അതൊക്കെ കുട്ടികളുടെ മനസ്സിനെ എന്തുമാത്രം ആകുലപ്പെടുത്തും എന്ന് അവര്‍ ആലോചിക്കില്ല. അവരുടെ വ്യക്തിത്വത്തെ തന്നെ വഴിതിരിച്ചുവിടാന്‍ മാത്രം കെല്‍പ്പുള്ളതായിരിക്കും അത്തരം ഷോക്കുകള്‍. ചിലര്‍ വിഷാദരോഗികളാകും, മറ്റുചിലര്‍ ക്രിമിനലുകള്‍ വരെയായിപ്പോകും. മക്കളുടെ മികച്ച വ്യക്തിത്വത്തിനായി രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം. ഇതിനും ഋഷിരാജ് സിംഗ് പറയുന്നത് സ്വന്തം ജീവിതത്തിലെ ഒരനുഭവമാണ്.

''എന്റെ ചെറുപ്പകാലത്ത് അച്ഛനും അമ്മയും ഒരിക്കല്‍ പോലും വഴക്ക് കൂടുന്നത് കണ്ടിട്ടില്ല. വലുതായപ്പോള്‍ ഒരിക്കല്‍ ഞങ്ങള്‍ മക്കള്‍ അവരോട് ചോദിച്ചു, നിങ്ങള്‍ വഴക്ക് കൂടാറില്ലേയെന്ന്. അപ്പോള്‍ അവര്‍ പറഞ്ഞു: 

'ഉണ്ട്, പക്ഷേ നിങ്ങളില്ലാത്തപ്പോള്‍ മാത്രം. ''

അതുവരെ ഞങ്ങളുടെ മുന്നില്‍ സ്നേഹപൂര്‍വ്വം മാത്രം പെരുമാറിക്കൊണ്ടിരുന്ന അച്ഛനും അമ്മയും വഴക്കുകൂടുമ്പോള്‍ പോലും ഞങ്ങളെ കുറിച്ചുള്ള ആശങ്കകളായിരുന്നു മനസ്സില്‍ എന്നത് എന്നെ അതിശയിപ്പിച്ചു. ''

ഇത്തരത്തില്‍ പെരുമാറാന്‍ നമുക്ക് കഴിയാറുണ്ടോ എന്ന് ഓരോ രക്ഷിതാക്കളും ആലോചിക്കണം. കുട്ടികള്‍ക്ക് ആശങ്കകളുയര്‍ത്താത്ത, ആശ്വാസമേകുന്ന പ്രതീക്ഷകള്‍ നല്‍കുന്ന, എല്ലാം താങ്ങാനും അതിജീവിക്കാനും കരുത്തുപകരുന്ന അനുഭവങ്ങളാണ് രക്ഷിതാക്കള്‍ നല്‍കേണ്ടത്. അതിന് അവരെ പ്രാപ്തരാക്കാനുള്ള ശ്രമം ചെറുപ്പത്തിലേ വേണം. ഒരു ദുരനുഭവം കൊണ്ട് ജീവിതം തന്നെ നിരാശയിലാണ്ടുപോകുന്ന എത്രയോ ജന്മങ്ങളുണ്ട്. അത്തരം കുട്ടികളെ പ്രചോദനാത്മകമായ അനുഭവങ്ങളിലൂടെ അതിജീവനത്തിന്് പ്രാപ്തരാക്കുകയാണ് വേണ്ടത്. 16 വയസ്സുവരെ നേരാംവണ്ണം സംസാരിക്കാന്‍ കഴിയാതിരുന്ന കുട്ടിയില്‍ നിന്ന് നാട് ആദരിക്കുന്ന ഐപിഎസ് ഓഫീസറിലേക്ക് വളര്‍ന്നെത്തിയ കഥ ഋഷിരാജ് സിംഗ് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

''നിങ്ങള്‍ക്കറിയുമോ. 16 വയസ്സുവരെ എനിക്ക് നേരാം വണ്ണം സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാകില്ല. കുട്ടികള്‍ കളിയാക്കും. സ്‌കൂളില്‍ പോകാന്‍ തന്നെ താല്‍പര്യമില്ലാതായി. എന്തുചെയ്യും. ഈ സങ്കടം കേട്ട അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു 'കൂട്ടുകാര്‍ക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ലെങ്കില്‍ വേണ്ട, എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ടല്ലോ. അതുപോരെ മോനേ' എന്ന്. അതില്‍പരം ഒരു സന്തോഷം എനിക്ക് വേണ്ടായിരുന്നു. അമ്മയ്ക്ക് എല്ലാം മനസ്സിലാകുന്നുണ്ടല്ലോ. ഒരുപക്ഷേ എന്നെ എന്നേക്കുമായി ലഹരിയുടെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ കഴിയുമായിരുന്ന ഒരു നിരാശയെ ഒരൊറ്റ വാചകം കൊണ്ട് അമ്മ ഇല്ലാതാക്കി. ''

കുട്ടികളെ രക്ഷിതാക്കള്‍ സ്വാനുഭവവും അറിവും പകര്‍ന്ന് കൊടുത്ത് മികച്ച വ്യക്തിത്വങ്ങളാക്കി വളര്‍ത്തേണ്ടതെങ്ങനെയെന്ന് ഋഷിരാജ് സിംഗ് മനോഹരമായി ഈ പുസ്തകത്തില്‍ പറയുന്നു.

click me!