എന്തു വികൃതി കാണിച്ചാലും 'നോക്ക് ടോട്ടോചാൻ, നേരായിട്ടും നീ ഒരു നല്ലകുട്ട്യാ' എന്നുപറയുന്ന മാസ്റ്ററുടെ മന്ത്രികശിക്ഷണത്തിലൂടെയാണ് ടോട്ടോചാൻറെ പിന്നീടുള്ള വളർച്ച. ആ സ്കൂൾ വിദ്യാഭ്യാസും നൈസർഗികതയുമാണ് വെറും ടോട്ടോചാനെ ലോകമറിയുന്ന തെത്സുകോ കുറേയാഗനി ആക്കി മാറ്റിയത്.
കൊവിഡിനും ലോക്ഡൌണിനും ഓൺലൈൻ ക്ലാസുകൾക്കുമെല്ലാം തത്ക്കാലം വിട. പ്രവേശനോത്സവത്തോടെ വീണ്ടും സ്കൂൾ തുറക്കാനൊരുങ്ങുകയാണ്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കുട്ടിക്കുരുന്നുകൾ സ്കൂളുകളിലേക്ക് പൂർണതോതിൽ വീണ്ടുമെത്തുന്നത്. കട്ടപ്പുറത്ത് കിടന്ന കെഎസ്ആർടിസിയുടെ ലോഫ്ലോർ എസി ബസുകൾ ക്ലാസ്മുറിയാക്കി മാറ്റുമെന്ന പ്രഖ്യാപനം അടുത്തിടെ ഗതാഗതമന്ത്രി നടത്തിയത് ശ്രദ്ധേയമായിരുന്നു. എങ്ങനെയായിരിക്കും ബസ് ക്ലാസ്മുറിയിലെ പഠനം? കുട്ടികൾക്ക് മാത്രമല്ല, എല്ലാവർക്കും ആകാംഷയുണ്ട് അതിനെ കുറിച്ചറിയാൻ.
ജപ്പാനിലെ ടെലിവിഷൻ താരവും അവതാരകയുമായിരുന്ന തെത്സുകോ കുറോയാനഗി (Tetsuko Kuroyanagi) എന്ന ടോട്ടോച്ചാനും അങ്ങനെ ഒരു ആകാംഷയുണ്ടായിരുന്നു. ആ ആകാംഷയും സന്തോഷവും ഒക്കെയാണ് 'ടോട്ടോച്ചാൻ' (Totto-Chan: The Little Girl at the Window) എന്ന ആത്മകഥയിലും തെത്സുകോ പറയുന്നത്.
മുന്തിയ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടാണ് കൊച്ചുടോട്ടോ അമ്മയ്ക്കൊപ്പം പുതിയ സ്കൂളിൽ ചേരാൻ എത്തിയത്. സ്കൂളിന്റെ പേര് വലിയ അക്ഷരങ്ങളിൽ എഴുതിയ കോൺക്രീറ്റ് തൂണുകളായിരുന്നില്ല പുതിയ സ്കൂളിന്. നിറയെ ഇലകളുള്ള 'വളരുന്ന തൂൺ...' കൊച്ചുടോട്ടോ ആ സ്കൂളിന്റെ പേര് വായിച്ചെടുത്തു.
ടോ-മോഗാക്വയ്ൻ!
ഇലച്ചാർത്തുകൾക്കിടയിലൂടെ കണ്ട കാഴ്ച ടോട്ടോച്ചാനെ വിസ്മയിപ്പിച്ചു. സ്കൂൾ കെട്ടിടമല്ല, ആറ് ബോഗികളുള്ള ഒരു ട്രെയിൻ. ഉപേക്ഷിക്കപ്പെട്ട ഒരു ട്രെയിനായിരുന്നു ടോമോഗാക്വയ്ൻ എന്ന, 50 കുഞ്ഞുങ്ങൾ മാത്രം പഠിക്കുന്ന ആ സ്കൂൾ. ട്രെയിനിലെ ടിക്കറ്റ് എക്സാമിനറെ പോലെ ടോമോ ട്രെയിൻ സ്കൂളിന് ഒരു പ്രധാനാധ്യാപകനും, കൊബായാഷി മാസ്റ്റർ. ഒരു തീവണ്ടിയിലെ ടോട്ടോച്ചാന്റെ സഹയാത്രികരായി ഒമ്പത് പേരും.
സ്കൂൾ കെട്ടിടം ട്രെയിൻ ആയത് പോലെ തന്നെ വ്യത്യസ്തമായിരുന്നു ടോമോഗാക്വെയ്നിലെ അധ്യയനവും. ഓരോ വിദ്യാർത്ഥികൾക്കും ഇഷ്ടമുള്ള വിഷയം ആദ്യം പഠിച്ചുതുടങ്ങാം. ഒരാൾക്ക് ഭാഷയിൽ നിന്ന് തുടങ്ങാം. മറ്റൊരാൾ തുടങ്ങുന്നത് കണക്കിൽ നിന്ന്, ഇനിയൊരു ശാസ്ത്രവിദഗ്ധനാകട്ടെ രാസപദാർത്ഥങ്ങൾ അടങ്ങിയ ഫ്ലാസ്ക് ബർണറിൽ വച്ച് തിളപ്പിച്ച് പഠിച്ചുതുടങ്ങും. ഓരോ വിദ്യാർത്ഥിയുടേയും സഹജമായ താത്പര്യം, അവരുടെ ചിന്ത വികസിക്കുന്നത് എങ്ങനെ എന്നൊക്കെ കണ്ടെത്താനുള്ള നല്ല മാതൃകയായിരുന്നു കൊബായാഷി മാസ്റ്റർ സ്കൂളിൽ അവലംബിച്ചിരുന്നത്. ടെൻഷൻ ഇല്ലാത്ത, ഹോം വർക്ക് ഇല്ലാത്ത സ്കൂൾ
''കടലിൽ നിന്നൊരു പങ്ക്, മലയിൽ നിന്നൊരു പങ്ക് '' കൊബായാഷി മാസ്റ്ററുടെ പ്രയോഗമാണത്. കുഞ്ഞുങ്ങളുടെ സമീകൃതാഹാരക്രമത്തെ എത്രയോ ലളിതമായാണ് ആ അധ്യാപകൻ വിശദീകരിക്കുന്നത്. ലൈബ്രറിക്ക് വേണ്ടി പുത്തൻ തീവണ്ടി ബോഗി എത്തുന്നതും മധ്യവേനലവധിക്കാലത്ത് ടെന്റ് കെട്ടി കുട്ടികൾ ഒന്നിച്ച് താമസിച്ചതും 'ടോട്ടോച്ചാൻ, ജനാലക്കരികിലെ വികൃതിക്കുട്ടി' എന്ന ആത്മകഥയിലുണ്ട്.
എന്തു വികൃതി കാണിച്ചാലും 'നോക്ക് ടോട്ടോചാൻ, നേരായിട്ടും നീ ഒരു നല്ലകുട്ട്യാ' എന്നുപറയുന്ന മാസ്റ്ററുടെ മന്ത്രികശിക്ഷണത്തിലൂടെയാണ് ടോട്ടോചാൻറെ പിന്നീടുള്ള വളർച്ച. ആ സ്കൂൾ വിദ്യാഭ്യാസും നൈസർഗികതയുമാണ് വെറും ടോട്ടോചാനെ ലോകമറിയുന്ന തെത്സുകോ കുറേയാഗനി ആക്കി മാറ്റിയത്.
1945 -ലെ ബോംബാക്രമണത്തിൽ ടോക്കിയോ നഗരം നശിച്ചപ്പോൾ റ്റോമോഗാക്വെയ്ൻ എന്ന തീവണ്ടിസ്കൂളും കത്തിയെരിഞ്ഞു. ഹെഡ്മാസ്റ്ററുടെ സ്വപ്നങ്ങളിൽ ത്രസിച്ചുനിന്ന പള്ളിക്കൂടം തീനാളങ്ങളിൽ മറഞ്ഞു. ഉത്കണ്ഠാകുലരായ സഞ്ചാരികളേയും കുത്തിനിറച്ച് പോകുന്ന തീവണ്ടിയിലായിരുന്നു അന്നത്തെ ടോട്ടോച്ചാന്റെ യാത്ര.
അതുവരെയുള്ള ടോട്ടോച്ചാന്റെ യാത്രകൾ തന്നെയാണ്, ജപ്പാനിലെ ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവായി അവരെ വളർത്തിയതും. 1981 -ലാണ് ടോട്ടോച്ചാൻ എന്ന പുസ്തകം പുറത്തിറങ്ങി ഇന്നുവരെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയിരിക്കുന്നു. മനസിൽ കുട്ടിത്തം സൂക്ഷിക്കുന്നവർക്ക് എന്നും എപ്പോഴും ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന ഒരു പുസ്തകം.