ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് : ചതിയുടെ ഒരു പുരാവൃത്തം

By Pusthakappuzha Book Shelf  |  First Published Aug 27, 2021, 9:52 PM IST

പുസ്തകപ്പുഴയില്‍ ഇന്ന്  അജിത് ഗംഗാധരന്റെ ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിന്റെ വായന


വളരെ സങ്കീര്‍ണ്ണമാണ് ഈ നോവലിലെ കഥാതന്തു. അതിബൃഹത്തും ഘോരവും രാക്ഷസീയവുമാണ് കുറ്റകൃത്യങ്ങളുടെ ലോകം എന്ന് കഥാകൃത്ത് പറയുന്നു. നമ്മള്‍ കാണുന്നത് മഞ്ഞുപര്‍വ്വതത്തിന്റെ ശിഖരം മാത്രമാണെന്ന്. ആ കുറ്റകൃത്യശൃംഖലയുടെ വേരുകള്‍ ഭൂമിയാകെ വ്യാപിച്ച് കിടക്കുകയാണ്. എവിടെ നിന്ന് തുടങ്ങി, എവിടെയെത്തുന്നു എന്നറിയാതെ. എന്തിലും ഏതിലും വ്യാപാരം മാത്രം കാണുന്ന മനുഷ്യമനസ്സുകളാണിതിനു പുറകില്‍. അധികാരികളും കാവല്‍സൈന്യവുമെല്ലാം അതിനൊപ്പം നില്‍ക്കുന്നു.

 

Latest Videos

ഈ പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

undefined

 

സമൂഹത്തില്‍ കാണുന്ന വിവിധ തരം കുറ്റവാളികളെക്കുറിച്ചും അവരുടെ മനശാസ്ത്രത്തെക്കുറിച്ചും, ഫ്രാന്‍സ് അലക്‌സാണ്ടര്‍, ഹ്യൂഗോ സ്റ്റൗബ് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദ ക്രിമിനല്‍, ദ ജഡ്ജ് ആന്‍ഡ് ദ പബ്ലിക്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കുറ്റകൃത്യവാസനയെ ഫ്രോയിഡ് വിശകലനം ചെയ്തിരിക്കുന്ന രീതികളില്‍ നിന്ന് വ്യത്യസ്തമായ പാതയിലൂടെയാണ് ഇവര്‍ ഈ പുസ്തകത്തില്‍ സഞ്ചരിച്ചിട്ടുള്ളത്. ഫ്രോയിഡിന്റെ 'ക്രിമിനാലിറ്റി ഫ്രം അ സെന്‍സ് ഓഫ് ഗില്‍റ്റ്' എന്ന കൃതിയില്‍ മിക്കവാറും കുറ്റവാളികള്‍, കുറ്റവാളികളായി തീരുന്നത് അവരുടെ മനസില്‍, അബോധമനസില്‍, ഉറഞ്ഞ് കൂടി കിടപ്പുള്ള ഒരു കുറ്റബോധം  മൂലമാണെന്ന് പറയുന്നു. എന്നാല്‍ ഫ്രാന്‍സ് അലക്‌സാണ്ടറും ഹ്യൂഗോ സ്റ്റൗബും കുറ്റവാളികളെ ഇതിനപ്പുറത്തേക്ക് കടന്ന് തരം തിരിക്കാന്‍ തയ്യാറാകുന്നു. 

അതില്‍ ആദ്യ വിഭാഗത്തെ അവര്‍ വിളിച്ചിരിക്കുന്നത് 'ന്യൂറോട്ടിക് ക്രിമിനല്‍' എന്നാണ്. ഒരാളുടെ വ്യക്തിത്വത്തില്‍ ഒരുപോലെ അന്തര്‍ലീനമായിരിക്കുന്ന സാമൂഹികവും സമൂഹവിരുദ്ധവുമായ ചിന്താഗതികള്‍ തമ്മിലുള്ള സംഘര്‍ഷമാണിത്തരക്കാരെ കുറ്റവാളികളാക്കുന്നത് എന്നവര്‍ വിശദീകരിക്കുന്നു.  ഇത് അയാളുടെ സ്വഭാവരൂപീകരണ കാലഘട്ടത്തില്‍ തന്നെ ഉടലെടുക്കുന്നതാണത്രെ. പില്‍ക്കാലത്തുള്ള അയാളുടെ ജീവിത സാഹചര്യങ്ങള്‍ ഇതിനെ കൂടുതല്‍ പൊലിപ്പിക്കുകയും ചെയ്യുന്നു. 

രണ്ടാമത്തെ വിഭാഗം കുറ്റവാളികളുടെ പൊതുമാനസികാവസ്ഥ ഒരു സാധാരണ മനുഷ്യന്റേതിനു സമാനമാണ്. പക്ഷേ അയാള്‍ സ്വയം തന്നെ വിലയിരുത്തുന്നത് ഏതെങ്കിലും കുറ്റവാളികളുടെ മാതൃകകള്‍ക്കൊപ്പമാകും. അതൊരു വീരാരാധനയാകും. തങ്ങളുടെ ആരാധനാകഥാപാത്രത്തെപ്പോലെയാകാനുള്ള വെമ്പലില്‍ അവര്‍ കുറ്റവാളികളാകുകയും ചെയ്യും. പിന്നെ കുറ്റകൃത്യത്തിന്റെ ലോകത്തില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനുമാകില്ല. 

മൂന്നാമത്തെ വിഭാഗത്തിലുള്ളത് നൈസര്‍ഗ്ഗികമായ രോഗലക്ഷണമാണ്. രണ്ടാമത്തെ വിഭാഗക്കാരില്‍ കുറ്റവാസന എന്ന രോഗം വരുത്തിയത് സാമൂഹിക കാരണങ്ങളായിരുന്നെങ്കില്‍ ഇവിടെ അത് ജീവശാസ്ത്രപരമാകുന്നു. ഇത് കൂടാതെയും, തീര്‍ത്തും സാധാരണക്കാരായവരും ചിലപ്പോള്‍ ചില അവസ്ഥകളില്‍ കുറ്റവാളികളായി മാറാറുണ്ട് എന്നും ഗ്രന്ഥകര്‍ത്താക്കള്‍ തുടരുന്നുണ്ട്. 

അതായത് ഏതൊരു മനുഷ്യനും ചില അവസ്ഥകളില്‍, സ്ഥിതിവിശേഷങ്ങളില്‍ നിയമം ലംഘിക്കാനാകും, അങ്ങനെ ചെയ്‌തേക്കും എന്ന്. അത്തരം കുറ്റകൃത്യങ്ങള്‍ അത് ചെയ്ത വ്യക്തിയുടെ പ്രത്യേകതകളാലല്ല മറിച്ച് അതിലേക്കെത്തിച്ച സാഹചര്യങ്ങളാല്‍ സംഭവിക്കുന്നതാണ്. 

മേല്‍പറഞ്ഞ വാക്യങ്ങള്‍ ഓര്‍ക്കാന്‍ കാരണം, അജിത് ഗംഗാധരന്റെ 'ദ അള്‍ട്ടിമേറ്റ് ജസ്റ്റിസ്' എന്ന നോവലാണ്. അതിലെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമാണ്.  


കോടീശ്വരനായ ധര്‍മ്മിഷ്ഠന്‍ 
അടിയോനാകാന്‍ താത്പര്യമില്ല, ഉടയോനാണ് താന്‍ എന്ന സ്വന്തം മനസിന്റെ ധ്വനിയില്‍ നിന്ന് കൊടുംകുറ്റവാളിയായി മാറുന്നവനാണ് കഥയിലെ മാധവന്‍ എന്ന മാധവ്ജി. വലിയൊരു വ്യാപാര സാമ്രാജ്യത്തിന്റെ അധിപനാണയാള്‍. നാട്ടിന്‍ പുറത്തെ കച്ചവടങ്ങളില്‍ നിന്നാണതിന്റെ തുടക്കം. അവിടെ നിന്നാണ് ചതി, കച്ചവടത്തിന്റെ ഭാഗമാണെന്ന ചിന്തയിലേക്ക് അയാള്‍ നയിക്കപ്പെടുന്നത്. ഓരോ നീക്കങ്ങളിലും വ്യാപാരം മാത്രം കാണുന്നവന്‍. സ്വന്ത വിവാഹത്തില്‍ പോലും അതിലപ്പുറം ചിന്തയുണ്ടായിരുന്നില്ല. നഗരത്തിലെ പ്രധാന സ്‌കൂളുകളൊന്നിലെ അദ്ധ്യാപികയെ വിവാഹം കഴിക്കുമ്പോള്‍, അവരുടെ സൗന്ദര്യത്തിലല്ല അയാള്‍ ആകൃഷ്ടനായത്. മറിച്ച് അവര്‍ മൂലം വിദ്യാര്‍ത്ഥികളുടെ സമ്പന്നരായ മാതാപിതാക്കന്‍മാരുമായി വരാവുന്ന വ്യാപാരബന്ധങ്ങളിലാണ്.  

''ആവശ്യങ്ങള്‍ക്കുള്ളതാണ് ബന്ധങ്ങള്‍.  ആവശ്യങ്ങള്‍ക്കുപയോഗിക്കാനും  ഉപയോഗിക്കപ്പെടാനും.  അല്ലാതെയുള്ളതൊന്നും ആവശ്യമില്ല. മാധവന്റെ പോളിസി അതാണ്.....'' എന്ന് ഈ കഥാപാത്രം വ്യക്തമാക്കുന്നുണ്ട്. 

സാഹചര്യങ്ങളല്ല അയാളെ ഒരു കുറ്റവാളിയാക്കുന്നത്. മറിച്ച് അയാളൊരു ന്യൂറോട്ടിക് ക്രിമനലാണെന്ന് കാണാനാകും. സമൂഹത്തില്‍ ഉന്നതിയിലെത്താന്‍, എല്ലാം സ്വന്തം അധീനതയിലാക്കാനുള്ള വെമ്പല്‍. അതിനായുള്ള പരക്കം പാച്ചിലിലാണയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നത്. അതൊന്നും പക്ഷേ അയാളെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യമല്ല. തെറ്റുകളുമല്ല. തന്റെ അശ്വമേധത്തിന്റെ വഴിമുടങ്ങാതിരിക്കാനുള്ള തന്ത്രങ്ങളാണ്, യുദ്ധങ്ങളാണ്. അശ്വത്തെ പിടിച്ചു കെട്ടാന്‍ വരുന്നവരെ തച്ചുകൊല്ലണമെന്നല്ലാതെ മറ്റൊന്നും അയാള്‍ക്ക് അറിയില്ല. അതിനായി ഏത് തന്ത്രവും അയാള്‍ പ്രയോഗിക്കും. അങ്ങനെയാണയാള്‍ വ്യാപാരത്തിലെ കറുത്തപണം ഒളിപ്പിക്കാന്‍ ധര്‍മ്മസ്ഥാപനങ്ങള്‍ തുറക്കുന്നത്. കോടീശ്വരനായ ധര്‍മ്മിഷ്ഠന്‍ എന്നാണ് പക്ഷേ മുഖം മൂടി. ആ മുഖം മൂടി അയാള്‍ വളരെ സമര്‍ത്ഥമായി ഉപയോഗിക്കുന്നുമുണ്ട്. 

ഉദ്വേഗത്തിന്റെ അഗ്‌നി 

നീതി നടപ്പാക്കാനായി, നിയമലംഘനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നടക്കുന്ന പശുപതിയും എബിയും ഒരര്‍ത്ഥത്തില്‍ കുറ്റവാളികള്‍ തന്നെയാണ്. കാരണം അവരും അവലംബിക്കുന്നത് ഉന്‍മൂലനത്തിന്റെ മാര്‍ഗ്ഗമാണ്. മാധവന്റെ മകള്‍ അപര്‍ണ്ണയും എത്തിപ്പെടുന്നത് ഈ മാര്‍ഗ്ഗത്തില്‍ തന്നെ. ഈ പുസ്തകത്തില്‍ കഥാകൃത്ത് മറ്റ് കഥാപാത്രങ്ങളുടെ പിന്നാമ്പുറ കഥകള്‍ പറയുന്നില്ല. എന്നാല്‍ ഇവര്‍ മൂന്നുപേരുടേയും വളര്‍ച്ചയെക്കുറിച്ച് നമ്മളെ അറിയിക്കുന്നുണ്ട്. ഇവരില്‍ പശുപതിയ്ക്കും എബിയ്ക്കും പ്രതികാരത്തിന്റെ കഥയാണ് പറയാനുള്ളത്. മാധവനോടുള്ള പ്രതികാരത്തിന്റെ. തീര്‍ത്തും സാധാരണക്കാരായി വളരേണ്ടിയിരുന്ന, ജീവിക്കേണ്ടിയിരുന്ന ഈ യുവാക്കള്‍, കുറ്റകൃത്യത്തിന്റെ പാതയിലേക്ക് എത്തിപ്പെടുന്നതിനു പുറകില്‍, വ്യാപാരത്തില്‍ ഗിരിശൃംഗങ്ങള്‍ കീഴടക്കാനായി, തങ്ങളുടെ കുടുംബത്തിന്റെ വേരറുത്ത മാധവനോടുള്ള വൈരാഗ്യത്തിന്റെ കഥയാണുള്ളത്. അവര്‍ അതിനാല്‍ നിയമം ലംഘിക്കുന്നു. നിയമത്തിനൊപ്പം നിന്ന് നിയമം ലംഘിക്കുക എന്ന കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നു. ശത്രുക്കളെ ഉന്‍മൂലനം ചെയ്യുന്നു. ആ കുറ്റകൃത്യങ്ങള്‍ പക്ഷേ സാഹചര്യങ്ങളാല്‍ സംഭവിക്കുന്നവയല്ല. അവ വ്യക്തമായ പദ്ധതിരൂപരേഖകളോടെ നടത്തപ്പെടുന്നവയാണ്. നീതി നടപ്പാക്കാന്‍ എന്തിനും തയ്യാറാകുന്നവരാണവരുടെ വീരനായകര്‍. അത്തരം ചിന്താഗതികള്‍ക്ക് പുറകെയാണവരുടെ സഞ്ചാരം. 

ഇതില്‍ നിന്ന് വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ് മാധവന്റെ മകളായ അപര്‍ണ്ണയും മാധവന്റെ വ്യാപാരസാമ്രാജ്യത്തില്‍ അയാളുടെ വലം കയ്യായ രഘുനന്ദന്റേയും കഥ. രഘുനന്ദന്‍ തന്റെ തൊഴിലുടമയുടെ സാമ്രാജ്യവിപുലീകരണത്തിനായാണ്, അതിനു കുട്ടുനിന്നാണ്, കുറ്റകൃത്യങ്ങളിലെ കൂട്ടുപ്രതിയാകുന്നത്. അപര്‍ണ്ണ ആദ്യമൊന്നും കുറ്റവാളിയേയല്ല. മാതാപിതാക്കളില്‍ നിന്നുള്ള അകല്‍ച്ച അവരെയെത്തിക്കുന്നത് മയക്കു മരുന്നിന്റെ ലോകത്തിലാണ്. എബിയാണവരെ അവിടെ നിന്ന് പുറത്ത് കടത്തുന്നത് പിതാവില്‍ നിന്ന് അകറ്റുന്നത്. പിതാവിനോട് വൈരാഗ്യം ജനിപ്പിക്കുന്നത്. പക്ഷേ ഇത് യഥാര്‍ത്ഥ വൈരാഗ്യമാണോ ഇരട്ടത്താപ്പാണോ എന്നൊക്കെ പലയിടത്തും വായനക്കാര്‍ക്ക് സംശയം തോന്നാവുന്ന ഒരു കയ്യടക്കം കഥാകൃത്ത് കാണിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ സങ്കീര്‍ണ്ണമാം വിധം ഇവരില്‍ ചിലര്‍ക്ക് ഇരട്ടകളെ അല്ലെങ്കില്‍ ആള്‍മാറാട്ടങ്ങളെ, അവതരിപ്പിക്കുന്നുണ്ട്.  ഇത്തരം സന്ദര്‍ഭങ്ങള്‍ കഥയ്ക്ക് സങ്കീര്‍ണ്ണത നല്‍കുക മാത്രമല്ല ചെയ്യുന്നത്.  ഇതുപോലെയുള്ള നോവലുകള്‍ വായിക്കുമ്പോള്‍ വായനക്കാരില്‍ അവശ്യം നിലനില്‍ക്കേണ്ടുന്ന ഉദ്വേഗത്തിന്റെ അഗ്‌നി അണയാതെ സൂക്ഷിക്കുകയുമാണ്. അതും എഴുത്തിന്റെ കയ്യടക്കം സൂചിപ്പിക്കുന്നു. 

മാധവനെ എതിര്‍ക്കുന്നവരുടെ സംഘത്തില്‍ നിന്ന് അപര്‍ണ്ണ പെട്ടെന്ന് തെന്നിമാറുകയും മുന്നാമതൊരു സംഘമുണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ അത് അധികസമയം നീണ്ട് നില്‍ക്കുന്നില്ല. അവര്‍ തിരിച്ച് വരുന്നു.  അപര്‍ണ്ണയുടേയും രഘുനന്ദന്റേയും മനശാസ്ത്രം അതിനാല്‍ തന്നെ മറ്റ് കഥാപാത്രങ്ങളുടേതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. അവരുടെ ഉള്ളിന്റെയുള്ളില്‍ എപ്പോഴും ഇത്തിരി നന്‍മയും ഭയവും (സമൂഹത്തിനോടുള്ള ഭയം) നിലനില്‍ക്കുന്നത് കാണാം. കുറ്റകൃത്യങ്ങളുടെ മേലേതട്ടിലെത്തുമ്പോഴും അവരില്‍ ഇതുണ്ട്. 

കുറ്റകൃത്യങ്ങളുടെ പരമ്പര

'ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ്' ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള നോവലാണ്. എന്നാല്‍ ഞാന്‍ അതിലെ വായനയില്‍ ഉടനീളം തിരഞ്ഞത് ഒരാള്‍ എന്തുകൊണ്ട് കുറ്റവാളിയാകുന്നു എന്നാണ്. അതെങ്ങനെ പറഞ്ഞ് ഫലിപ്പിച്ചിരിക്കുന്നു എന്നും. ഒരു കഥാപാത്രം കുറ്റവാളിയായി മാറുന്നതിന്റെ, അല്ലെങ്കില്‍ അയാള്‍ (ഒറ്റപ്പെട്ടതെങ്കിലും) കുറ്റകൃത്യം ചെയ്യുന്നതിന്റെ, പുറകിലെ മനശാസ്ത്രത്തെയാണ്. അതിനു കാരണമുണ്ട്. ഏതൊരു വ്യക്തിയുടേയും സ്വഭാവരൂപീകരണ കാലഘട്ടത്തില്‍ അയാളില്‍ ഉറകൂടി കിടക്കുന്ന ചില ശീലങ്ങളും ചിന്തകളും അനുഭവങ്ങളുമാണ്, പില്‍ക്കാലത്ത്, പല അവസരങ്ങളിലും അയാളറിയാതെ, അയാളുടെ അബോധമനസ്സ് പുറത്തേക്കെടുക്കുന്നത്. കുറ്റവാളികളുടെ കാര്യത്തിലും, മിക്കവാറും സംഭവിക്കുന്നത് ഇങ്ങനെ തന്നെയാകണം.  

അതിനാല്‍ ഏതൊരു ക്രൈം നോവലിന്റെയും വിജയം, ആ കഥാപാത്രങ്ങള്‍ ചെയ്ത കുറ്റകൃത്യങ്ങളെ വര്‍ണ്ണിക്കുന്നതിലോ അത് സമൂഹത്തില്‍ വരുത്തുന്ന വിനകളെക്കുറിച്ച് വായനക്കാരെ ബോധമുള്ളവരാക്കുന്നതിലോ മാത്രമല്ല, അവരെന്തുകൊണ്ട് അത്തരം കുറ്റകൃത്യ വാസനയുള്ളവരായി എന്ന് പറയുന്നതില്‍ കൂടിയാണ്. അതല്ലാതെ കഥ പറഞ്ഞാല്‍ ഒരു കൃത്രിമത്വം തോന്നും. അതിനും കാരണമുണ്ട്. സമൂഹത്തിലെ മൃഗീയഭൂരിപക്ഷവും, മനശാസ്ത്രജ്ഞര്‍ എന്തു പറയുന്നു എന്ന വ്യത്യാസമില്ലാതെ, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ താത്പര്യമില്ലാത്തവരും, ശുദ്ധഗതിക്കാരുമാണ്. അവര്‍ക്ക് കഥാപാത്രത്തിന്റെ പിന്നാമ്പുറമറിയാതെ, കഥാപാത്രം ചെയ്ത കുറ്റകൃത്യങ്ങള്‍ അഥവാ കുറ്റകൃത്യങ്ങളുടെ പരമ്പര, വിശ്വസിക്കുക അത്ര എളുപ്പമാകില്ല എന്നതാണതിനു കാരണം. അതുകൊണ്ടുതന്നെയാണ് കഥാപാത്ര വര്‍ണ്ണനയ്ക്ക് ഇത്തരം നോവലുകളില്‍ പ്രാധാന്യമേറുന്നതും. അതിന്റെ ചങ്ങലക്കണ്ണികള്‍ മുറിയാതെ പറഞ്ഞുതരാന്‍ കഥാകൃത്തിനായിട്ടുണ്ട്. അതാണീ നോവലിനെ പാരായണക്ഷമതയുള്ളതാക്കുന്നത്. 

വളരെ സങ്കീര്‍ണ്ണമാണ് ഈ നോവലിലെ കഥാതന്തു. അതിബൃഹത്തും ഘോരവും രാക്ഷസീയവുമാണ് കുറ്റകൃത്യങ്ങളുടെ ലോകം എന്ന് കഥാകൃത്ത് പറയുന്നു. നമ്മള്‍ കാണുന്നത് മഞ്ഞുപര്‍വ്വതത്തിന്റെ ശിഖരം മാത്രമാണെന്ന്. ആ കുറ്റകൃത്യശൃംഖലയുടെ വേരുകള്‍ ഭൂമിയാകെ വ്യാപിച്ച് കിടക്കുകയാണ്. എവിടെ നിന്ന് തുടങ്ങി, എവിടെയെത്തുന്നു എന്നറിയാതെ. എന്തിലും ഏതിലും വ്യാപാരം മാത്രം കാണുന്ന മനുഷ്യമനസ്സുകളാണിതിനു പുറകില്‍. അധികാരികളും കാവല്‍സൈന്യവുമെല്ലാം അതിനൊപ്പം നില്‍ക്കുന്നു. ചെറുതല്ല ഈ വല. മയക്കുമരുന്നിനേക്കാള്‍ വലുതാണിന്ന് അശ്ലീല സിനിമകളുടേയും ലൈംഗിക കളിപ്പാട്ടങ്ങളുടേയും അത് കുട്ടികളെക്കൊണ്ട് ഉപയോഗിപ്പിക്കുന്ന അദൃശ്യകരങ്ങളുടേയും ലോകം. ഈ നോവലില്‍ അതിനെക്കുറിച്ചും പറഞ്ഞുപോകുന്നുണ്ട്. തീര്‍ത്തും സാധാരണക്കാരായ, മഞ്ഞുമലയുടെ അഗ്രം മാത്രം കണ്ടിട്ടും പരിഭ്രമിച്ചും അന്ധാളിച്ചും ഇരിക്കുന്ന നമ്മെപ്പോലെയുള്ള വായനക്കാരെ ഈ വര്‍ണ്ണനകള്‍ ഭയപ്പെടുത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. 

 

അജിത് ഗംഗാധരന്‍
 


അവസാനിക്കുന്നില്ല, ഒന്നും!

ഈ കഥയും വിവരണങ്ങളും ഇവിടം കൊണ്ടവസാനിക്കുന്നില്ല എന്നൊരു സൂചന കൂടി നല്‍കിക്കൊണ്ടാണ് കഥാകൃത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ഇത്രയും വര്‍ണ്ണനകള്‍ തന്നെ ഇതുപോലെ ഭീതിജനകമാണെങ്കില്‍ ഇനി  വരാനിക്കുന്നതെങ്ങനെയാകും എന്ന ചിന്തയിലായി അപ്പോള്‍ ഞാന്‍. 

പറഞ്ഞല്ലോ, ഇതൊരു ക്രൈം ത്രില്ലറാണ്. ക്രൈം നോവലുകളും സമൂഹത്തിലെ ചില അവസ്ഥകളെ തുറന്ന് കാണിക്കുന്നുണ്ട്. ചില ഘടകങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതിനാല്‍ ഒരു സാഹിത്യ രൂപം എന്ന നിലയില്‍ പ്രസക്തവുമാണീ വിഭാഗം. പക്ഷേ, ഇതൊരു ട്രാന്‍സ്ഫര്‍മേറ്റീവ് വായനയ്ക്കുള്ളതല്ല. അതിനാല്‍ തന്നെ നോവലിന്റെ പാരായണക്ഷമതയ്ക്കും പൊതുവായ ഘടനയ്ക്കുമാണ് കൂടുതല്‍ പ്രസക്തി. അതിലപ്പുറം നിരൂപണമാനദണ്ഡങ്ങള്‍ക്ക്  പ്രസക്തിയില്ല. ചിലയിടത്തെല്ലാം ഭാഷ ഒന്നുകൂടെ മിനുക്കിയെടുക്കാമായിരുന്നു, ഒരേ ഖണ്ഡികയില്‍, ഒരേ വാക്യത്തിലൊക്കെ ആവര്‍ത്തിച്ചുവരുന്ന ചില വാക്കുകള്‍ ഒഴിവാക്കുകയോ പകരം വയ്ക്കുകയോ ചെയ്യാമായിരുന്നു എന്ന ചിന്ത പുസ്തകം വായിച്ചുപോകുമ്പോഴുണ്ടായി എന്നത് സത്യം. 

ഈ ജനുസ്സില്‍പെട്ട പുസ്തകങ്ങള്‍ക്ക് അവശ്യം വേണ്ട ഉദ്വേഗം കഥപറച്ചിലില്‍ നിലര്‍ത്താന്‍ കഥാകൃത്തിനായിട്ടുണ്ട്. അതിലുപരി 'ദി അള്‍ട്ടിമേറ്റ് ജസ്റ്റിസി'ലൂടെ അജിത് ഗംഗാധരന്‍, നമ്മള്‍ കാണാത്ത ഒരു ലോകത്തെ തുറന്ന് കാണിക്കുന്നുണ്ട്. മിന്നുന്നതെല്ലാം പൊന്നല്ല എന്നതിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്.  നമ്മുടെ ചുറ്റുപാടും എന്ത് നടക്കുന്നു എന്ന് മാത്രമല്ല, നമ്മുടെ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്നും, ശ്രദ്ധിക്കുക, എന്ന മുന്നറിയിപ്പുണ്ട്. അതിനൊപ്പം ഒരു ഭയവും മനസില്‍ ജനിച്ചു എന്ന സത്യവും പറയാതിരിക്കാനാകില്ല. 'ഇങ്ങനെയൊക്കെയാകാമല്ലേ' എന്നൊരു വീരാരാധന ഇതുവായിച്ച് ഒരു കുഞ്ഞിനും തോന്നാതിരിക്കട്ടേ എന്ന ചിന്ത. അങ്ങനെ സംഭവിക്കുമോ എന്ന ഭയം. അത് സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇങ്ങനെയൊക്കെയുമൊരു ലോകമുണ്ടെന്ന് വിവേചിച്ചറിയാവുന്ന മുതിര്‍ന്നവരാണ്. അപ്പോഴേ കുട്ടികള്‍ പക്വമതികളാകൂ. ഇതാണ് ലോകം എന്നല്ല, ഇങ്ങനെയാകരുത് ലോകം എന്നാണവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്.

'മനസില്‍ പല അടരുകളായി സൂക്ഷിക്കപ്പെട്ടവ അക്ഷരങ്ങളായി രൂപാന്തരപ്പെടാന്‍,' ഇതിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി, 'ഞാനും കാത്തിരിക്കുന്നു.'

പുസ്തകങ്ങള്‍, അവയുടെ വായനകള്‍. ആഴത്തിലറിയാന്‍ പുസ്തകപ്പുഴ ക്ലിക്ക് ചെയ്യൂ
 

click me!