പുസ്തകപ്പുഴയില്‍ ഇന്ന് കെടി അബ്ദുറബ്ബ് ഒരുക്കിയ 'സലാം ഫുട്‌ബോള്‍' എന്ന പുസ്തകത്തിന്റെ വായന. കെവി മധു എഴുതുന്നു
മധുര കോട്സിന്റെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു സലാം. ഒടുവില്‍ മധുര കോട്സ് പിരിച്ചുവിട്ടപ്പോള്‍ മറ്റുപലരെയും പോലെ സലാം പ്രവാസലോകത്തേക്ക് പോയി. അവിടെയും നന്നായി കളിച്ചു. എന്നാല്‍ പിന്നീട് ജീവിതം അതിജീവനത്തിനായുള്ള പോരാട്ടമായി മാറി. സലാമിനെ നാട് മറന്നു.
ഫുട്ബോള്‍ അതിജീവനത്തിന്റെ കളിയാണ്. തോറ്റുപോയവരല്ല ജയിച്ചവരാണ് അവിടെ നിലനില്‍ക്കുക. കളികള്‍ക്കിടയില്‍, ചിലപ്പോള്‍ കളിക്കാരന്‍ ആ പേരിനപ്പുറത്തേക്ക് മാഞ്ഞുപോയേക്കാം. അയാള്‍ മറക്കപ്പെട്ടാലും പന്തിന് പിന്നാലെയുള്ള ആ ഓട്ടം മാത്രം അവശേഷിക്കും. ആ ഓട്ടത്തിനിടെ പലരും വീഴും ചിലര്‍ ലക്ഷ്യം കാണും. ചരിത്രത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നവര്‍ വിജയിച്ച കളിക്കാരായി അടയാളപ്പെടുത്തപ്പെടും. വീണുപോയവരുടെ വിധിയാണ് ഫുട്ബോള്‍.
പോരാട്ടത്തിനിടയില്‍ പോരാളികള്‍ക്ക് വ്യക്തിജീവിതമില്ല എന്നാണ് പറയാറ്. ഒരുഫുട്ബോള്‍ പ്രതിഭയ്ക്ക് ഫുട്ബോള്‍ ജീവതമേയുള്ളു.
കളിയിടങ്ങളില്‍ മിന്നല്‍ പിണറായി ആര്‍ത്തലച്ച തിരമാലകള്‍ തീര്‍ത്തിട്ടും വന്‍ ക്ലബ്ബുകളില്‍ സാന്നിധ്യമറിയിച്ചിട്ടും ചരിത്രം പരിഗണിക്കപ്പെടാതെ പോയ നിരവധി കളിക്കാരുണ്ട്. അത്തരമൊരാെളക്കുറിച്ചാണ് ഈ പുസ്തകം. സലാം പുതിയോട്ടില്‍. ഒരു കാലത്ത് ഫുട്ബോള്‍ പ്രേമികളെയൊന്നാകെ കളിമൈതാനങ്ങളില്‍ കാന്തംപോലെ ആകര്‍ഷിച്ചടുപ്പിച്ച ഒരു കളിക്കാരന്‍.
കേരളവും കര്‍ണാടകവും കഴിഞ്ഞ കടല്‍കടന്നും ഫുട്ബോളില്‍ ഇടിമുഴക്കം സൃഷ്ടിച്ച സലാമിന്റെ ജീവിതം പറയുന്ന പുസ്തകമാണ് സലാം ഫുട്ബോള്‍. കെടി അബ്ദുറബ്ബ് ഒരുക്കിയ ഈ പുസ്തകം സലാം പുതിയോട്ടിലിന്റെ കളിയെയും ജീവിതത്തെയും അടുത്തറിയുന്നവരുടെ ഓര്‍മകളിലൂടെയുള്ള ഒരു യാത്രയാണ്. ഐ എം വിജയന്‍ മുതല്‍ യു ഷറഫലി വരെ സലാം എന്ന അനുഭവം എഴുതുമ്പോള്‍ പുതുതലമുറ വായനക്കാരന്‍ അതിശയിച്ചുപോകും, എത്രവൈകിപ്പോയി ഈ പ്രതിഭയെ തിരിച്ചറിയാന്‍ എന്ന് വിചാരിച്ച്...
ആരാണ് സലാം പുതിയോട്ടില്‍
കളിച്ചയിടങ്ങളിലെല്ലാം ഗോളടിച്ച് മൈതാന ചരിത്രത്തില്‍ സ്വന്തം പേര് കൃത്യമായി അടയാളപ്പെടുത്തിയ കളിക്കാരനായിരുന്നു സലാം. സെവന്‍സ് ഫുട്ബോളിലൂടെയാണ് തുടക്കം. യംഗ് ഇന്ത്യന്‍സ് വഴി കേരള ജൂനിയര്‍ ടീമും കടന്ന് ഇന്ത്യന്‍ ക്യാമ്പ് വരെയെത്തിയ പ്രതിഭ. ഒരുദശകത്തിലേറെ കാലം കേരളത്തിലെയും കര്‍ണാടകത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെ പോലും ഫുട്ബോള്‍ മൈതാനങ്ങളില്‍ ആ പേര് കളിയാരാധകര്‍ ആര്‍ത്ത് വിളിച്ചു. പക്ഷേ കളത്തിന് പുറത്ത് സലാമിനെ ആരും അറിഞ്ഞില്ല. സ്വന്തം നാട്ടുകാര്‍ പോലും ആ പ്രതിഭയുടെ വലിപ്പം മനസ്സിലാക്കിയില്ല. കണ്ടുനിന്നവരും കേട്ടുനിന്നവരുമെല്ലാം സലാം ഒരു പരാജയമായിരുന്നു എന്ന വിധിയെഴുതി. ആ പ്രതിഭയുടെ അടയാളങ്ങള്‍ ആരാലും തിരിച്ചറിയപ്പെട്ടില്ല.
ഫുട്ബോളിന് വേണ്ടി ജനിച്ചവനായിരുന്നു സലാം എന്ന് കെടി അബ്ദുറബ്ബ് പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് .1973 നവംബറില്‍ സ്‌കൂള്‍ പുസ്തകങ്ങള്‍ സഹോദരിയെ ഏല്‍പ്പിച്ച് സുഹൃത്തും ബന്ധുവുമായ ഇക്ബാലിനൊപ്പം ആരുമറിയാതെ സലാം മംഗലാപുരത്തേക്ക് വണ്ടികയറി. എട്ടാംക്ലാസിലെ അരക്കൊല്ലപ്പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു അത്. ബേക്കറി ജോലിയും വൈകുന്നേരങ്ങളിലെ ഫുട്ബോള്‍ കളിയുമായി അവിടെ കഴിഞ്ഞു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം നല്ലൊരു കളിക്കാരനായി സലാം വീണ്ടും ചേന്ദമംഗലൂരില്‍ പ്രത്യക്ഷപ്പെട്ടു. പിന്നെ കോഴിക്കോടിന്റെ മണ്ണിലെ ഫുട്ബോളിനെ സലാം ആവേശിച്ചു. ചക്രശ്വാസം വലിച്ചുകൊണ്ടിരുന്ന യംഗ് ഇന്ത്യന്‍സിനെ മാനംമുട്ടെ ഉയര്‍ത്തിയത് സലാമിന്റെ പ്രതിഭയായിരുന്നു. പിന്നീട് ആറുവര്‍ഷം തുടര്‍ച്ചയായി ലീഗ് ചാമ്പ്യന്മാരായ ബാംഗ്ലൂര്‍ ഐടിഐയെ തോല്‍പ്പിച്ച് കപ്പ് മധുര കോട്സിലെത്തിച്ചു. പിന്നാലെ സന്തോഷ് ട്രോഫിയില്‍ കര്‍ണാടകത്തിന് വേണ്ടി കുപ്പായമിട്ടു. അതുംകഴിഞ്ഞ് ഇന്ത്യന്‍ ക്യാമ്പിലേക്ക്. പക്ഷേ ടീമില്‍ കടക്കാനായില്ല. അതിന്റെ കാരണം ഇന്നും അജ്ഞാതം.
സെവന്‍സിലും ലെവന്‍സിലും ഒരു പോലെ
സലാമിന്റെ ഏറ്റവും വലിയ പ്രത്യേകത സെവന്‍സിലും ലെവന്‍സിലും ഒരുപോലെ തിളങ്ങിയെന്നതാണ്. ഐ എം വിജയന്‍ അക്കാര്യം ഓര്‍ത്തെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭയുമായി ഏറ്റുമുട്ടിയ ആ അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളെ കുറിച്ച്. ചെര്‍പ്പുളശ്ശേരി അഖിലേന്ത്യാ സെവന്‍സില്‍ വിജയന്‍ ജിംഖാനയ്ക്ക് വേണ്ടി കളിക്കുന്ന കാലം. അന്ന് മധുര ബ്ലൂമാക്സിന് വേണ്ടി സലാം. ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊരിഞ്ഞ പോരാട്ടം. വിജയന്റെ ജിംഖാന 2-1ന് തോറ്റു. രണ്ടു ഗോളുമടിച്ചത് സലാം പുതിയോട്ടില്‍. ഐഎം വിജയന്‍ പറയുന്നു- ''അന്നേ ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.'' എന്ന്.
വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളെ കുറിച്ചുള്ള കഥകള്‍ അന്നത്തെ സഹകളിക്കാരും പത്രറിപ്പോര്‍ട്ടര്‍മാരും നാട്ടുകാരുമൊക്കെ പുസ്തകത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട് . യംഗ് ഇന്ത്യന്‍സ്, കോഴിക്കോട് ജില്ലാ ടീം, കേരള ജൂനിയര്‍ ടീം, സന്തോഷ് ട്രോഫി, കര്‍ണാടക ടീം, ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ്ക്യാമ്പ്, മധുരകോട്സ് അങ്ങനെ സലാമിന്റെ ജീവിതം പ്രിയപ്പെട്ടവരുടെ ഓര്‍മകളിലൂടെ ക്രമത്തില്‍ തന്നെ പകര്‍ത്തിവച്ചിട്ടുണ്ട 'സലാം ഫുട്ബോളില്‍.'
മധുര കോട്സിന്റെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു സലാം. ഒടുവില്‍ മധുര കോട്സ് പിരിച്ചുവിട്ടപ്പോള്‍ മറ്റുപലരെയും പോലെ സലാം പ്രവാസലോകത്തേക്ക് പോയി. അവിടെയും നന്നായി കളിച്ചു. എന്നാല്‍ പിന്നീട് ജീവിതം അതിജീവനത്തിനായുള്ള പോരാട്ടമായി മാറി. സലാമിനെ നാട് മറന്നു. സലാം ജീവിക്കാന്‍ വേണ്ടി ജോലിചെയ്തു. ഒടുവില്‍ ഫുട്ബോള്‍ ലോകത്ത് മിന്നിത്തിളങ്ങി പൊലിഞ്ഞുപോയ നക്ഷത്രമായി. സലാമിനെ കുറിച്ചുള്ള പത്രവാര്‍ത്തകളും മൈതാനത്തെ അത്യപൂര്‍വ്വമായ ചിത്രങ്ങളും പുസ്തകത്തില്‍ ഉണ്ട്. ഒപ്പം പ്രശസ്ത കളിയെഴുത്തുകാരന്‍ കരിയാടന്‍ അബൂബക്കറിന്റെ അവതാരികയും പെന്‍ഡുലം ബുക്സ് പ്രസിദ്ധീകരിച്ച 'സലാംഫുട്ബോള്‍' അര്‍ഹതപ്പെട്ട ആദരവുകള്‍ ലഭിക്കാതെ പോയ ഒരു കളിക്കാരന് പിന്‍തലമുറ നല്‍കുന്ന അംഗീകാരമായി തന്നെ മാറുന്നുണ്ട്.
സലീം മുതല്‍ സലാം വരെ
സലാം ഒരു പ്രതീകമാണ്. പ്രതിഭ ആവോളമുണ്ടായിട്ടും കളിച്ചപ്പോഴെല്ലാം അതു പ്രകടിപ്പിച്ചിട്ടും കളിച്ച ടീമുകളെയെല്ലാം ഉയരങ്ങളിലെത്തിച്ചിട്ടും പ്രതിഭാധനരായ ഒരുപാടുപേരെ പോലെ സലാമിനെയും ചരിത്രം തഴഞ്ഞു. ഫുട്ബോളിന്റെ മക്കയായ കൊല്‍ക്കത്തയിലെ മുഹമ്മദ് സലീമിന്റെ അനുഭവം പറഞ്ഞുകൊണ്ട് കെടി അബ്ദുറബ്ബ് ആമുഖലേഖനത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
1980-ല്‍ മുഹമ്മദ് സലീമിന്റെ അവസാന കാലത്ത് ചികില്‍സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു യൂറോപ്യന്‍ ക്ലബ്ബിന് വേണ്ടി കളിച്ച പ്രതിഭ, അഞ്ചുവര്‍ഷം മുഹമ്മദന്‍സിനെ കല്‍ക്കത്ത ലീഗില്‍ തുടര്‍ച്ചയായി ചാമ്പ്യന്മാരാക്കിയ പ്രതിഭ. മുഹമ്മദ് സലീം മുതല്‍ സലാം പുതിയോട്ടില്‍ മുതല്‍ ഇപ്പോഴും തുടരുന്ന ആ ചങ്ങലക്കണ്ണികള്‍ക്കുള്ള ഉപഹാരമാണ് 'സലാംഫുട്‌ബോള്‍' എന്ന ഈ പുസ്തകം.