Book Review : അസാധാരണ ട്വിസ്റ്റുകള്‍, ത്രില്ലടിപ്പിക്കുന്ന കഥാഗതികള്‍, ഇതാ ഇവിടെ ഒരു രഹസ്യം പുറത്തുവരുന്നു!

By Pusthakappuzha Book Shelf  |  First Published Mar 1, 2023, 6:27 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് രജത് ആര്‍ എഴുതിയ ബോഡി ലാബ് എന്ന നോവലിന്‍റെ വായന. ജിനീഷ് കുഞ്ഞിലിക്കാട്ടില്‍ എഴുതുന്നു


ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

Latest Videos

 

അസാധാരണ ട്വിസ്റ്റുകള്‍, ത്രില്ലടിപ്പിക്കുന്ന കഥാഗതികള്‍, ഇതാ ഇവിടെ ഒരു രഹസ്യം പുറത്തുവരുന്നു!

undefined

മലയാളത്തിലെ അപസര്‍പ്പക സാഹിത്യത്തിന് പല ഘട്ടങ്ങളുണ്ട്. ഏകദേശം രണ്ടായിരത്തി പതിനഞ്ചോടെ തുടങ്ങി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടം തന്നെയാണ് അതിലേറ്റവും വര്‍ണ്ണാഭം. 1950 -കളുടെ അവസാനത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1954-60 വര്‍ഷങ്ങളിലായിരുന്നു,  അത്തരം പ്രമേയങ്ങള്‍ കൂടുതലായി പ്രത്യക്ഷപ്പെട്ട കൃതികള്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപസര്‍പ്പക സാഹിത്യത്തിന് മാത്രമായി മാസികകള്‍ വരെ ഉണ്ടായിരുന്നു. ഡിറ്റക്ടര്‍, സി ഐ ഡി, ഡിറ്റക്റ്റീവ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. അതിന് ശേഷം, പുതിയ കാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വരവോടെ അത്തരം സാഹിത്യകൃതികളുടെ എണ്ണവും കൂടി. ഒരു സമയത്ത് മാര്‍ക്കറ്റ് കുറഞ്ഞിരുന്ന അപസര്‍പ്പക സാഹിത്യം ഇന്ന് വീണ്ടും വായനക്കാരുടെ ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നു.

വ്യത്യസ്തമായി കുറ്റാന്വേഷണ കഥകള്‍ പറഞ്ഞ് ആളുകളെ വായനയില്‍ തളച്ചിടാനാണ് പുതുതലമുറ എഴുത്തുകാര്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിലവര്‍ ഒരു പരിധിവരെയെങ്കിലും വിജയിച്ചിട്ടുണ്ടെന്ന് പറയാം. എങ്കിലും ശ്രദ്ധേയവും, വ്യത്യസ്തവുമായ രചനകളുടെ എണ്ണമെടുത്താല്‍ വളരെയധികമൊന്നും കാണാന്‍ കഴിയില്ല.

കുറ്റകൃത്യത്തിന് പിന്നിലുള്ള കാര്യകാരണങ്ങളെ കണ്ടെത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അവലംബിച്ചിട്ടുണ്ട്. എന്നാല്‍, പലതും അപരിഷ്‌കൃതവും, ഇന്ന് കേള്‍ക്കുമ്പോള്‍ ചിരിയുണര്‍ത്തുന്നവയുമാണ്. ആധുനിക ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടെ കുറ്റാന്വേഷണത്തില്‍ പുതിയ മാനങ്ങളും രീതികളും അവലംബിക്കപ്പെട്ടു. ഫോറന്‍സിക് സയന്‍സിന്‍റെ സഹായത്തോടെ അതിദുര്‍ഘടവും സങ്കീര്‍ണവുമായ പ്രഹേളികകളുടെ കുരുക്കഴിച്ചെടുക്കാന്‍ ഇപ്പോള്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഉദാഹരണത്തിന്  ക്രൈം സീനിലെ ചോരപ്പാടുകള്‍ കഴുകി വൃത്തിയാക്കിയാലും രക്തത്തിന്‍റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്ന് കണ്ടുപിടിക്കാന്‍ ഇപ്പോള്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.
 
ലോകത്തിന്‍റെ പലയിടങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളുടെ പിന്നിലെ രഹസ്യങ്ങള്‍ വെളിച്ചത്ത് കൊണ്ട് വന്നതിനെകുറിച്ചുള്ള 'ഫോറന്‍സിക് ഫയല്‍സ്' എന്ന വെബ് സീരീസ് ഏറെ ശ്രദ്ധേയമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിലെ ചില കേസുകള്‍ക്ക് തുമ്പ് കിട്ടുന്നത് തന്നെ. അതിനുവേണ്ടി ഫോറന്‍സിക് വിദഗ്ദ്ധര്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങള്‍ തീര്‍ച്ചയായും കൗതുകമുണര്‍ത്തുന്നതാണ്.  ഒരു കൊലപാതക കേസില്‍, ട്രക്കില്‍ വീണുകിടന്ന ഒരു മരത്തിന്‍റെ ഇലകള്‍ കണ്ടെത്തി, അത്തരം മരങ്ങള്‍ സാധാരണ കണ്ടുവരുന്നതെവിടെയെന്ന് മനസ്സിലാക്കുകയും, മരങ്ങള്‍ക്കും മനുഷ്യരെപ്പോലെ യുണീക്ക് ജീനുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അതുവഴി ഒരു അസാധാരണ കൊലപാതകത്തിന്‍റെ ചുരുളഴിക്കാനും കൊലപാതകിയെ പിടികൂടാനും കഴിഞ്ഞു എന്നത് അമ്പരിപ്പിക്കുന്ന ഒന്നാണ്.

സാമൂഹികാവസ്ഥകള്‍ തന്നെയാണല്ലോ സാഹിത്യകൃതികളെ പലതരത്തില്‍ സ്വാധീനിക്കുന്നത്. മനുഷ്യനിലെ കുറ്റവാസനയ്ക്ക് അവനിലെ നന്മയോളം തന്നെ പഴക്കമുണ്ട്. സാഹിത്യകൃതികളില്‍ അവ പലരീതിയില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. വ്യക്തമായി നിര്‍വചിക്കാനാവുന്ന വിധത്തില്‍ ഒരു കുറ്റാന്വേഷണ കഥ പുറത്തുവരുന്നത് 1841 -ലായിരുന്നു. എഡ്ഗാര്‍ അലന്‍പോയുടെ റൂമോര്‍ഗിലെ കൊലപാതകം.  യുക്തിപരമായ വിശകലനത്തിലൂടെ കൊലയാളിയെ കണ്ടെത്തുന്ന രീതിയിലാണ് കഥാനായകന്‍ ഡ്യൂപിനെ, പോ അവതരിപ്പിച്ചത്. പിന്നീട് അരനൂറ്റാണ്ടിന് ശേഷം 1910 -ലാണ് ഫ്രഞ്ച് ക്രിമിനോളജിസ്റ്റും ഡോക്ടറുമായ എഡ്മണ്ട് ലൊക്കാര്‍ഡ് ആദ്യത്തെ ക്രൈംലാബ് ഉണ്ടാക്കിയത്. കുറ്റവാളികള്‍ ഓരോ കുറ്റകൃത്യത്തിലും തങ്ങളെത്തന്നെ അവശേഷിപ്പിക്കുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊന്നിന്  അദ്ദേഹം രൂപംനല്‍കിയത്. ഫോറന്‍സിക് സയന്‍സിന്‍റെ അടിസ്ഥാന തത്വങ്ങള്‍ രൂപീകരിച്ചത് ഇദ്ദേഹമാണ്.        

ശേഖരിക്കപ്പെട്ട തെളിവുകള്‍ സംരക്ഷിക്കുകയും പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ അവ വിശകലനം ചെയ്യുകയും ചെയ്യുന്നവയാണ് ഈ ക്രൈം ലാബുകള്‍. ഈ തത്വങ്ങള്‍ പിന്‍പറ്റിയാണ് അമേരിക്കയിലെ ആദ്യത്തെ ആധുനിക ക്രൈം ലാബ് 1923 -ല്‍ സ്ഥാപിക്കപ്പെട്ടത്. ഫോറന്‍സിക് കണ്ടുപിടുത്തങ്ങള്‍ ഗണ്യമായി വളര്‍ന്ന 1980 -കള്‍ക്ക് ശേഷം ഈ ശാഖ ഒന്നുകൂടി വിപുലപ്പെട്ടു. 1935 -ല്‍ പേരുമാറ്റിയ ഈ ക്രൈം ലാബിന്‍റെ പേര് എല്ലാവര്‍ക്കും സുപരിചിതമാണ്. ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (FBI) എന്നറിയപ്പെടുന്ന ഈ സ്ഥാപനം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രൈം ലാബാണ്.  

'ഒന്നാം ഫോറന്‍സിക് അദ്ധ്യായം' എന്ന തന്‍റെ ആദ്യ നോവലിന് ശേഷം ഡോ. രജതിന്‍റെതായി പുറത്തിറങ്ങിയ നോവലാണ് 'ബോഡി ലാബ്.'  ഫോറന്‍സിക് സയന്‍സ് ഒരു മുഖ്യ വിഷയമായി കടന്ന് വന്ന ഒരു നോവലായിരുന്നു ഒന്നാം ഫോറന്‍സിക് അദ്ധ്യായം. മലയാളത്തിലെ  ഫോറന്‍സിക് ഫിക്ഷന്‍റെ കാര്യമെടുത്താല്‍  അതിന്‍റെ വളര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ എന്ന് കാണാം. ഫോറന്‍സിക് വിഷയം ഒരു മുഴുനീള പ്രമേയമായി അധികമങ്ങനെ മലയാളത്തില്‍ കണ്ടിട്ടില്ല. ഫോറന്‍സിക് സര്‍ജനായ ഡോ. ഉമാദത്തന്‍റെ 'കപാലം' എന്ന പുസ്തകത്തില്‍ ചെറു കഥകളുടെ രൂപത്തില്‍ അത്തരം വിഷയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെതന്നെ  'ഒരു ഫോറന്‍സിക് സര്‍ജന്‍റെ ഓര്‍മകുറിപ്പുകള്‍' എന്ന പുസ്തകം ഫോറന്‍സിക് മെഡിസിനെ കുറിച്ച് വളരെ ആധികാരിമായി വിവരങ്ങള്‍ നല്‍കുന്ന ഒന്നാണ് . കുറ്റാന്വേഷണത്തില്‍ ഫോറന്‍സിക് ശാഖയ്ക്ക് പ്രത്യേകിച്ചും ഫോറന്‍സിക് മെഡിസിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്  സാധാരണക്കാര്‍ക്ക് കൂടി എളുപ്പത്തില്‍ മനസ്സിലാക്കി തരുന്നതാണ് ആ പുസ്തകം.

പ്രശസ്തമായ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ശരീര ശാസ്ത്രം പഠിപ്പിക്കാന്‍ ലക്ചറര്‍ ആയി എത്തിയതാണ് അഹല്യ. പല കാരണങ്ങളാല്‍ സഹതാപവും പരിഹാസവും വേണ്ടുവോളം അനുഭവിച്ച് കൊണ്ടിരിക്കുന്ന അഹല്യയിലൂടെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്. അവിടെ കുട്ടികളെ പഠിപ്പിക്കാനായി എത്തിക്കുന്ന അഞ്ചാമത്തെ മൃതദേഹമാണ് ദുരൂഹതകള്‍ക്ക് വഴിമരുന്നിടുന്നത്. അഹല്യക്ക് നേരിടേണ്ടിവന്ന ചില സംഭവങ്ങള്‍, മൃതദേഹം എണീറ്റ് നടക്കുന്നതും, അവരോട് സംസാരിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ എങ്ങനെയെന്ന ചോദ്യങ്ങള്‍  തീര്‍ച്ചയായും വായനക്കാരില്‍ ആകാംക്ഷയ്ക്കൊപ്പം മറുചോദ്യങ്ങളും ഉയര്‍ത്തും. ആദ്യ അദ്ധ്യായങ്ങളില്‍ ഒരു ഹൊറര്‍ മൂഡ് സൃഷ്ടിക്കാനും, നോവലിന്‍റെ ഒരുഘട്ടം വരെ അത് നിലനിര്‍ത്തികൊണ്ടുപോകാനും എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ പൊതുസ്വഭാവമെടുത്താല്‍ തുടക്കത്തിലെ അവതരണത്തിലൂടെ വായനക്കാരെ സമര്‍ത്ഥമായി കബളിപ്പിക്കുകയും പിന്നീട് യുക്തി കൊണ്ട് അവയെ വിശകലനം ചെയ്ത് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് കാണാനാകുക. ഇതിനിടയില്‍ പിരിമുറുക്കവും ആകാംക്ഷയും വേണ്ടുവോളം വായനക്കാര്‍ അനുഭവിച്ചിട്ടുണ്ടാകും. തുടക്കത്തില്‍ ഒരു സൈക്കോളജി ത്രില്ലറെന്ന് തോന്നിപ്പിക്കുന്ന നോവല്‍ പക്ഷേ സൈക്കോളജിക്കല്‍ സസ്‌പെന്‍സായി അവസാനിക്കുന്നു.

സാധാരണ ഇത്തരം നോവലുകള്‍ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ ചില വായനക്കാരെങ്കിലും താനൊരു സ്വയം കുറ്റാന്വേഷകനായി സങ്കല്പിക്കാറുണ്ട്. നോവലിലെ ഓരോ സംഭവ വികാസങ്ങള്‍ക്കും സ്വന്തമായി അനുമാനങ്ങളും തീര്‍പ്പുകളും അവര്‍ കണ്ടെത്തും. ചിലര്‍ കൃത്യമായി കുറ്റവാളികളിലേക്കെത്തുകയും ചെയ്യും. എന്നാല്‍ ഈ നോവലില്‍ കുറ്റവാളികളെ കണ്ടെത്താനുള്ള നിരവധി സാധ്യതകള്‍ വായനക്കാര്‍ക്ക് മുന്‍പിലേക്കിട്ടുകൊടുക്കുകയും ഒടുക്കം സമര്‍ത്ഥമായി ട്വിസ്റ്റുകള്‍ തീര്‍ത്ത് കൊണ്ട് ആ അനുമാനങ്ങളെ കബളിപ്പിക്കാനും എഴുത്തുകാരന്‍ ശ്രമിക്കുന്നു.
 
ഫോറന്‍സിക് സയന്‍സിലെ പുരോഗതി, കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുള്ള അന്വേഷങ്ങളെ എളുപ്പമാക്കിയിട്ടുണ്ട്. ഫോറന്‍സിക് വിഷയങ്ങള്‍ ധാരാളമായി കടന്നുവരുന്ന നോവലുകളെഴുതുമ്പോള്‍  അത്തരം സാങ്കേതിക വിദ്യകളെ കുറിച്ചുള്ള വിപുലമായ ഗവേഷണവും അവയുടെ പിന്നിലെ ശാസ്ത്രീയ അറിവുകളെക്കുറിച്ചും വ്യക്തമായ ധാരണകളുമുണ്ടാകേണ്ടതുണ്ട്. വിരല്‍ തുമ്പില്‍ വിവരങ്ങള്‍ ലഭ്യമായിരിക്കെ നോവലിലെ തെറ്റായ ഒരു  നിഗമനത്തെ പൊളിച്ചെടുക്കാന്‍ വായനക്കാര്‍ക്ക് നിമിഷങ്ങള്‍ വേണ്ട.

ഈ നോവലില്‍ ഫോറന്‍സിക് മേഖലയിലെ നിരവധി പ്രയോഗങ്ങളും, ശാസ്ത്രീയ വിവരങ്ങളും സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഡോക്ടര്‍ കൂടിയായ എഴുത്തുകാരന്‍റെ ഈ മേഖലയിലെ അറിവുകളും അനുഭവങ്ങളും വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതൊരിടത്തും അനാവശ്യമായ വിവരണങ്ങളാകുന്നില്ല.

നോവലിലെ ഒരു പ്രധാന കഥാപാത്രം പറയുന്ന പോലെ, ഒരു ശരീരം മുഴുവനായി പഠിച്ച് കഴിയുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം നിങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടും. ഇവിടെ അഹല്യക്ക് അത് വെളിപ്പെടുമ്പോള്‍ നിരവധി ദുരൂഹതകളാണ് മറ നീക്കി പുറത്തുവരുന്നത്.

വിദേശ ഭാഷകളില്‍, ഫോറന്‍സിക് ഫിക്ഷന്‍ വിഭാഗത്തില്‍ നിരവധി പുസ്തകങ്ങളെഴുതിയ പട്രീഷ്യ കോണ്‍വെല്‍, ജെസീക്ക കൊറാന്‍, സൈമണ്‍ ജെയിംസ്, അലക്‌സ് ഡെല്‍വെയര്‍, ഈവ് ഡെങ്കന്‍ എന്നിങ്ങനെ നീണ്ട ലിസ്‌റ്റ് കാണാം. അപസര്‍പ്പക സാഹിത്യശാഖ മറ്റ് ഭാഷകളില്‍ വളരെയധികം വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍, ആഖ്യാനരീതികള്‍ എന്നിങ്ങനെ പലവിധ ഘടകങ്ങള്‍ അത്തരത്തിലുള്ള വളര്‍ച്ചയെ നല്ലരീതിയില്‍ തന്നെ സഹായിച്ചിട്ടുണ്ട്.

ആദ്യ നോവലില്‍ നിന്നും എഴുത്തുകാരന്‍ കൈവരിച്ച വളര്‍ച്ച ഈ നോവലില്‍ പ്രകടമാണ്. കയ്യടക്കമുള്ള ഭാഷ തന്നെയാണ് അതിന്‍റെ ഹൈലൈറ്റ്. ശ്രദ്ധാപൂര്‍വ്വം  അവതരിപ്പിച്ചില്ലെങ്കില്‍ പാളിപ്പോയേക്കാവുന്ന  ഒരു വിഷയത്തെ അവതരണശൈലികൊണ്ടും ഭാഷകൊണ്ടും മനോഹരമാക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഡി സി ബുക്‌സ് ആണ് ഈ പുസ്തകം പുറത്തിറക്കിയത്.
 

click me!