പ്രണയത്തിലേക്കും ആത്മാവിലേക്കുമുള്ള മുട്ടിവിളികള്‍

By Pusthakappuzha Book Shelf  |  First Published Jan 15, 2024, 7:16 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് ഗൂസ്‌ബെറി ബുക്‌സ് പ്രസിദ്ധീകരിച്ച അനൂപ് ചന്ദ്രന്റെ '69 ഇറോട്ടികവിതകള്‍' എന്ന പുസ്തകത്തിന്റെ വായനാനുഭവം. സിന്ധു കോറാട്ട് എഴുതുന്നു
 


അത്രമേല്‍ ശ്രദ്ധിച്ചു ചിട്ടപ്പെടുത്തിയതാണ് ഇതിലെ ഓരോ കവിതകളും. ആവിഷ്‌കരിക്കാന്‍ വിഷമം പിടിച്ചതാണ് ഈ വിഷയം. ഇക്കിളി ഉണര്‍ത്തുന്ന രീതിയിലേക്ക് വഴുതി വീഴാനുള്ള സാധ്യതകള്‍ കൂടുതലാണ് ഇവിടെ. ആ സാധ്യതയെ കവിത കൊണ്ട് മറച്ച് നമ്മെ രസിപ്പിക്കുകയാണ് ഇതിലെ കവിതകള്‍. തികച്ചും നവീനമാണ് ഈ സമാഹാരത്തിന്റെ വായനാനുഭൂതി. 

 

Latest Videos

 

undefined

ഒരു ശില്പി അല്ലെങ്കില്‍ കരകൗശലക്കാരന്‍ വളരെ ശ്രദ്ധയോടെ കൊത്തിയുണ്ടാക്കുന്ന ശില്‍പം പോലെ മനോഹരമാണ് അനൂപ് ചന്ദ്രന്‍ എഴുതിയ '69 ഇറോട്ടികവിതകള്‍' എന്ന സമാഹാരത്തിലെ ഓരോ വരികളും.  കവിതയോടും ഭാഷയോടും വിഷയത്തോടും പരമാവധി നീതി പുലര്‍ത്തിയിരിക്കുന്നു അനൂപിന്റെ ഈ സമാഹാരം. 

രതി എപ്പോള്‍ എഴുതുമ്പോഴും മാംസം തന്നെയാണ് മണക്കുക, രുചിക്കുക. അത്തരം ഇടങ്ങളില്‍ വളരെ വിദഗ്ദമായാണ് കവി കവിതയുടെ മാസ്മരികതയെ കൂട്ടു പിടിക്കുന്നത്. കവിത എങ്ങിനെ ആവണം അല്ലെങ്കില്‍ എങ്ങിനെ ആവരുത് എന്നത് ഈ പുസ്തകം വായിക്കുമ്പോള്‍ നമുക്ക് ബോധ്യമാവും. ഓരോ കവിതയിലും തുളുമ്പി നില്‍ക്കുന്നത് കവിത തന്നെയാണ്. വാക്കുകള്‍ കൊണ്ടുള്ള വെറും കൈയാങ്കളിയല്ല, അത്.

അത്രമേല്‍ ശ്രദ്ധിച്ചു ചിട്ടപ്പെടുത്തിയതാണ് ഇതിലെ ഓരോ കവിതകളും. കാരണം, ആവിഷ്‌കരിക്കാന്‍ വിഷമം പിടിച്ചതാണ് ഈ വിഷയം. ഇക്കിളി ഉണര്‍ത്തുന്ന രീതിയിലേക്ക് വഴുതി വീഴാനുള്ള സാധ്യതകള്‍ കൂടുതലാണ് ഇവിടെ. ആ സാധ്യതയെ കവിത കൊണ്ട് മറച്ച് നമ്മെ രസിപ്പിക്കുകയാണ് ഇതിലെ കവിതകള്‍. തികച്ചും നവീനമാണ് ഈ സമാഹാരത്തിന്റെ വായനാനുഭൂതി. 

'ഞാന്‍ നിന്റെ പാവാടക്കുള്ളില്‍ അകപ്പെട്ട കിളി
ഒടുവില്‍ നിന്റെ കൂട് പൂര്‍ത്തിയായി
എന്റെ ഗാനവും...'

കവിതയിലുള്ള കൈത്തഴക്കത്താല്‍, ഏതു രതിവൃക്ഷത്തിലും ശിലയിലും ഈ കവിയുടെ ശില്‍പ്പചാരുത, കവിത കണ്ടെടുക്കുന്നു. ഇവിടെ മരം തന്നെ സ്വയം ശില്‍പമാവുകയാണ്. ശില്പം മരത്തില്‍ നിന്ന് ഉണ്ടാക്കിയെടുക്കുകയല്ല. അനേകം വിഷയങ്ങളിലേക്ക് തുറക്കുന്ന വാതിലായും ഇവിടെ ഈ വിഷയം മാറുന്നു. അങ്ങിനെ പ്രകൃതിയോടും കിളിക്കൂടിനോടും ജലത്തോടും മത്സ്യത്തോടുമൊക്കെ രമിക്കുന്നു ഈ കവിതയിലെ കേളീപരത.  അതില്‍ തന്നെ കീഴ്‌പ്പെടുത്തലുകളും കീഴ്‌പ്പെടലുകളും വിഷയമായി ഭവിക്കുന്നു. 

'നിന്റെ ഉടല്‍ ക്ഷേത്രമാണ് 
നിന്നെ ചുറ്റിക്കൊണ്ട് 
ഓവുകളില്‍ നിന്നിറ്റും 
ഉള്ളം കഴുകിയെത്തും
തീര്‍ത്ഥം രുചിച്ചു ഭക്തനാകുന്നു ഞാന്‍'

ഇവിടെ രതികൊണ്ട് സ്നാനപ്പെടുന്നു, ആഖ്യാതാവ്. മനോഹരമായ ഭാഷയിലേക്ക് ഉടലിന്റെ കാമനകളെ മാറ്റിയെഴുതുന്നു. അവിടെ പല പോസില്‍ ചാഞ്ഞും ചെരിഞ്ഞും കമിഴ്ന്നും മലര്‍ന്നും കിടന്ന് കവിത കണ്ടുപരിചയമില്ലാത്തത്ര മദഭരിതമായി നമുക്കു മുന്നില്‍ പ്രത്യക്ഷമാവുന്നു. 

ചിലപ്പോള്‍ അത് ശാന്തനായ ശിശുവാകുന്നു. സ്ത്രീയില്‍ അത് തന്റെ മാതാവിനെ കണ്ടെത്തുന്നു. സമകാലികമായ അവസ്ഥകളോട് മുഖാമുഖം നിന്ന് സംസാരിക്കുന്നു. യോനിയെ സര്‍വ്വം ഭസ്മമാക്കുന്ന തൃക്കണ്ണായി കവി കാണുന്നു. എത്ര മനോഹരമായാണ് കവിതയുടെ ഓരോ ഇതളും വിടര്‍ത്തി ഈ കവി അതിലെ തേനുറവകള്‍ കണ്ടെടുക്കുന്നത്.

തേന്‍ ഉറുഞ്ചി കുടിക്കുന്നതിന്റെ ജൈവവ്യാകരണം ഈ കവിതകളില്‍ വായിക്കാം. നാവുകൊണ്ട് എങ്ങനെ ഒരാളിന്റെ ആത്മാവില്‍ തൊടാമെന്നു ഈ കവിതകള്‍ കാണിച്ചു തരുന്നു. ഉയര്‍ന്നും താഴ്ന്നുമുള്ള കുതിക്കലുകളില്‍, കാലുകള്‍ക്കിടയിലുള്ള പ്രവേഗങ്ങളില്‍, കിടപ്പിലിറ്റി വീഴുന്ന മനോരാജ്യങ്ങളില്‍ കവിത തിരണ്ടുപോവുന്നു. 'നിന്നില്‍ നിന്ന് ഇറങ്ങിയതോ,  നിന്നിലേക്ക് പ്രവേശിക്കുന്നതോ ഞാന്‍ എന്ന' സ്വയം സന്ദേഹിയാകുന്നു കവി.

'നിന്നില്‍ നുഴഞ്ഞു കയറി 
ഖബറടങ്ങാന്‍ കൊതി'

എന്ന് പോലും ഈ കവിതകള്‍ ആനന്ദ മൂര്‍ച്ഛയില്‍ എത്തുന്നു. 'പെണ്ണിനെ പോലെ ഉള്ളിലേക്കെടുക്കാനും ആണിനെ പോലെ ആഴ്ന്നാഴ്ന്നു പോകാനും കഴിയുന്ന',  'അന്ധനായ മരുഭൂമിയുടെ രതിയെഴുത്തുകള്‍' മുതലായ വരികള്‍ വായനക്കാര്‍ക്കു മുന്നില്‍ ഭാവനയുടെ പുതിയ തുറസ്സുകള്‍ തുറന്നിടുന്നു. 

സ്ത്രീയുടെ രതി അനുഭവങ്ങള്‍ക്കു പരിമിതികള്‍ ഏറെയാണ്. പുരുഷന് ലഭിക്കുന്ന സ്വാതന്ത്ര്യം സ്ത്രീക്ക് അവിടെ ലഭിക്കില്ല. പലപ്പോഴും പുരുഷന്‍ ചെയ്യുന്നതെന്തോ അത് മാത്രമാകുന്നു സ്ത്രീയുടെ രതി പരിസരം.
അതിനപ്പുറത്തേക്ക് ചിന്തിക്കാനുള്ള കഴിവും പുരുഷനിലും അധികം ഉന്മാദവും അടങ്ങാത്ത തൃഷ്ണയുമുണ്ടെങ്കിലും അത് ഒളിപ്പിക്കാനും അടക്കി വെക്കാനുമാണ് ചെറുപ്പം മുതല്‍ അവളെ പരിശീലിപ്പിക്കുന്നത്.

ഈ കവിതകളില്‍ പുരുഷന്റെയും സ്ത്രീയുടെയും പക്ഷത്ത് നിന്നു കൊണ്ട് അനൂപ് ചിന്തിക്കുന്നുണ്ട്. ഭാവനയില്‍ കാണാന്‍ ശ്രമിക്കുന്നുണ്ട്. രതിയുമായി ബന്ധപ്പെട്ട കാഴ്ചകളില്‍ അന്തര്‍ലീനമായിരിക്കുന്ന പുരുഷ മേല്‍ക്കോയ്മയെ തകര്‍ക്കാനുമുള്ള ശ്രമങ്ങളായും ഇതിനെ കാണാം. ആണ്‍-പെണ്‍ വ്യവഹാരങ്ങളിലെ ആണധികാരത്തിന്റെ ഇടങ്ങളെ അപനിര്‍മിക്കുകയാണ് ഇവിടെ കവി. രതിയിലെ തുല്യപങ്കാളിത്തം എന്നൊരു സങ്കല്പത്തെയാണ് ഈ കവിതകള്‍ ഉറ്റുനോക്കുന്നത്. രതിയില്‍ സ്ത്രീയ്ക്കുള്ള പങ്കും സ്ത്രീലൈംഗികതയുടെ ആഴങ്ങളും ഈ കവിതകളില്‍ പ്രകടമാവുന്നു. 

കൂടാരം നീ
എനിക്ക് മുകളില്‍ ആകുമ്പോള്‍ ചങ്ങാടം നീ
ഞാന്‍ മുകളിലാകുമ്പോള്‍ തണലും താങ്ങും നീ'

-മുതലായ വരികള്‍ ഉദാഹരണങ്ങള്‍.

രതിയുടെ ആത്മാവ് കണ്ടെടുക്കാനുള്ള ശ്രമം ഈ കവിതകളില്‍ ഉടനീളം കാണാം. രതിയില്‍ നിന്ന് പ്രണയത്തെ കണ്ടെടുക്കലാണത്. രതി/പ്രണയം എന്നീ ദ്വന്ദ്യത്തെ തലകീഴായി മറിച്ച്, രണ്ടും ഒന്നാകുന്ന അനുഭവം സൃഷ്ടിക്കുന്നു ഇവ. 

'നിന്റെ സര്‍വ്വ ദ്വാരങ്ങളിലും
എന്റെ ആത്മാവ് മുട്ടിവിളിക്കുന്നു,
ഏതെങ്കിലുമൊന്ന് തുറക്കൂ' 

എന്ന് ഈ കവിത പറയുന്നത് അത്തരമൊരു നിമിഷത്തില്‍ ആണ്. ഇവിടെ തുറക്കല്‍ എന്നു പറയുന്നത്,  രണ്ടു കാലിടുക്കുകളിലെ തുറക്കല്‍ മാത്രമല്ല. പ്രണയത്തിലേക്കും ആത്മാവിലേക്കുമുള്ള മുട്ടിവിളികളും തുറക്കലുമാകുന്നു.

'ഒരിക്കലും ഉണങ്ങാത്ത 
നിന്റെ മഹാമുറിവിലേക്കു 
എത്തി നോക്കി'

എന്നു പറയുമ്പോള്‍ കേവലം ഉടലുണര്‍വുകളില്‍നിന്നും മാറി നടന്ന് പെണ്ണുടലുകളിലും മനസ്സുകളിലും ഖനീഭവിച്ച ഉല്‍ക്കടമായ വേദനകളിലേക്കുള്ള സഞ്ചാരമായി കവിത മാറുന്നു. 
പുരുഷന്‍ സ്ത്രീയെ അറിയുന്നത് എങ്ങിനെ, ഏതൊക്കെ രുചികളില്‍, ഏതൊക്കെ മണങ്ങളില്‍,  എന്നിങ്ങനെയുള്ള അന്വേഷണങ്ങളിലേക്കും ഈ കവിത തുഴയെറിയുന്നുണ്ട്. 

മലയാള കവിതയില്‍ രതിയനുഭവങ്ങള്‍ അങ്ങനെ തുറന്നും പ്രകടമായും കണ്ടിട്ടില്ല. പെട്ടെന്ന് ചെടിച്ചു പോകുന്നതാവാം കാരണം, പൊതുബോധം മുന്നോട്ടുവെക്കുന്ന സദാചാര സങ്കല്‍പ്പങ്ങളുമാവാം കാരണം. രതിയുടെ കാട്ടുപൊന്തകള്‍ വെട്ടിത്തെളിച്ച് ഒരു കവിയുടെ ഭ്രാന്തവും ഏകാന്തവുമായ യാത്രയാണ് ഈ സമാഹാരം. ആ യാത്രയ്ക്കിടെ ഇടയ്ക്കിടെ, പെണ്ണായും ആണായും പരകായപ്രേവേശം നടത്തുന്നുണ്ട് കവി. 

സൗന്ദര്യാത്മകമായ നിര്‍വൃതിയാണ് ഇതിലെ കവിതകളുടെ വായനാനുഭവം. പുതിയ കാവ്യബോധത്തിലേക്ക് അവ നാമിതുവരെ കാണാത്ത വിധം പുതുമയുള്ള തുരങ്കങ്ങള്‍ തുറക്കുന്നു. ആനന്ദത്തിലേക്കുള്ള വേദനാഭരിതമായ ഇടുക്കുകളുടെ തീക്കറകള്‍ തുറന്നുകാട്ടുന്നു. ചേര്‍ന്നൊഴുകമ്പോഴും ആണിനും പെണ്ണിനുമിടയില്‍ വീതം വെയ്ക്കാതെ പോവുന്ന ലോലമായ നിത്യാനന്ദങ്ങളെ കവിത കണ്ടെടുക്കുന്നു. വിവര്‍ത്തനത്തില്‍ നഷ്ടമാവുന്നത് കവിതയെങ്കില്‍, പരസ്പരം മനസ്സിലാവാത്തവരുടെ ഇണചേരലില്‍ വാര്‍ന്നു പോവുന്നത് സ്‌നേഹം എന്ന ഒറ്റപ്പദമാണെന്ന് ആണയിടുന്നു. നല്ലകവിത ഉണ്ടാവാന്‍ ഒരു നിമിഷം മതി, അതിന് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ല എന്ന് ഈ കവിതകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു. 

click me!