പ്രണയകാമനകള്‍ പരന്നൊഴുകിയ അറബ് കവിതകള്‍, ഇമ്രുല്‍ ഖൈസ് മലയാളത്തില്‍

By Suhail Ahammed  |  First Published May 20, 2022, 2:51 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് ഇംറുല്‍ ഖൈസ് എഴുതിയ മുഅല്ലഖയുടെ മലയാള വിവര്‍ത്തനത്തിന്റെ വായനാനുഭവം. സുഹൈല്‍ അഹ്മദ് എഴുതുന്നു
 


അക്കാലം പാടിപ്പറയലുകളുടേതായിരുന്നു. ഇത്തരം പാടിപ്പറയലുകള്‍ ഇഷ്ടപ്പെട്ടാല്‍ ഭരണാധികാരി ആ കാവ്യം നഗരത്തില്‍ പൊതുജനത്തിന് ആസ്വദിക്കാന്‍ പ്രദര്‍ശിപ്പിക്കുമത്രെ.  വലിയ കെട്ടിടത്തിനു മുകളില്‍ അവ തൂക്കിയിടും എന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം.മുഅല്ലഖയുടെ അര്‍ത്ഥവും തൂക്കിയിടുക എന്നാണ്.

 

Latest Videos

 

undefined

ഹീബ്രു, ഗ്രീക്ക് തുടങ്ങിയ സെമിറ്റിക് ഭാഷാ കുടംബത്തിലാണ് അറബി ഭാഷയുടെ വേരുകള്‍ ചെന്നെത്തുന്നത്. എന്നാല്‍, മറ്റ് സെമിറ്റിക് ഭാഷകളെ അപേക്ഷിച്ച്  വളരാനും അഭിവൃദ്ധി നേടാനും വ്യവഹാര ക്രമത്തില്‍ ഇരിപ്പ് ഉറപ്പിക്കാനും അറബിക്ക് കഴിഞ്ഞു.

ഇസ്‌ലാമിന്റെ ആത്മീയ ഭാഷ എന്ന നിലയ്ക്കാണ് ഇന്ന് പ്രചാരമെങ്കിലും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അറബി ഭാഷ വികാസം പ്രാപിച്ചിരുന്നു. ജാഹിലിയ്യാ കാലഘട്ടത്തിലാണ് (DARK AGE) അറബി ഭാഷയുടെ സമ്പൂര്‍ണ യൗവനം. പദസമ്പത്ത് , അലങ്കാര ശാസ്ത്രം, കാവ്യമീമാംസ  തുടങ്ങി കാല്‍പ്പനിക ഭാവനകള്‍ സമൂര്‍ത്തതയില്‍ കുടിയിരുത്താന്‍ അറബി ഭാഷ വേഗത്തില്‍ പാകപ്പെട്ടു. ഓരോ ഗോത്രവും തനത്  പ്രയോഗങ്ങള്‍ കൊണ്ട് ഭാഷയെ വിപുലപ്പെടുത്തി.  തമ്മിലടിച്ചും കലഹിച്ചും പുളച്ചാര്‍ത്ത് ഗോത്രക്കുറുമ്പ്, ഭാഷയ്ക്ക് മാറ്റുകൂട്ടി. 

ഭാഷയുടേയും കാവ്യാനുഭവങ്ങളുടേയും ഈ  വികാസത്തെ അടയാളപ്പെടുത്തുന്നവയാണ് 'സബ്ഉല്‍ മുഅല്ലഖ' എന്ന പേരില്‍ അറിയപ്പെടുന്ന ജാഹിലിയ്യാ കവിതകള്‍. ഇംറുല്‍ ഖൈസ് ഉള്‍പ്പെടെ ആ കാലഘത്തില്‍ ജീവിച്ചിരുന്ന പ്രതിഭാധനരുടെ അറബ് കാവ്യങ്ങള്‍  കാലദേശത്തെ അതിജീവിച്ച്, സാഹിത്യ ലോകത്ത് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. ഗവേഷണത്തിന് വിധേയമാക്കപ്പെടുന്നു. ഭാഷാന്തരങ്ങള്‍ പ്രാപിക്കുന്നു. അങ്ങനെയാണ്, ഇംറുല്‍ ഖൈസ് എഴുതിയ  മുഅല്ലഖ ഈയിടെ മലയാള ഭാഷയിലേക്ക് കടന്നുവന്നത്. പ്രാചീന ഭാവുകത്വം തെഴുത്ത ആ ഗംഭീരകവിതകള്‍ക്ക് നീതിപൂര്‍വകമായ വിവര്‍ത്തനം സമ്മാനിച്ചത് പ്രമുഖ വിവര്‍ത്തകന്‍ മമ്മൂട്ടി കട്ടയാടാണ്.


വിവര്‍ത്തനത്തിലെ ചോര്‍ച്ചയും ചേര്‍ച്ചയും

മലയാളത്തിന്റെ മുഖ്യധാരയില്‍ കാലങ്ങളായി അറബിക്കവിത എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ളത് ഫലസ്തീന്‍ കവിതകളാണ്. എന്നാല്‍, സര്‍ജു മൊഴിമാറ്റം ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച '100 അറബ് കവിതകള്‍' പോലുള്ള പുസ്തകങ്ങള്‍ അറബ് ഭാഷയുടെ വ്യാപ്തിയും  വിശാലതയും അടയാളപ്പെടുത്തിയിട്ടുണ്ട്. പോരാട്ടങ്ങള്‍ മാത്രമല്ല പുതിയ അറബ് കവിതയുടെ ഭൂമികയെന്നും പുതുജീവിതത്തിന്റെ കടലിളക്കങ്ങള്‍ പല വഴിക്ക് ആ ഭാഷയില്‍ അടയാളപ്പെടുന്നുണ്ടെന്നും അത്തരം വിവര്‍ത്തന ശ്രമങ്ങള്‍ മലയാളിക്ക് പറഞ്ഞുതന്നു. 

അറേബ്യയുമായുള്ള നമ്മുടെ ബന്ധത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. അറബ് ഭാഷയുമായുള്ള ബന്ധവും അത്രയും പുരാതനമാണ്. എന്നിട്ടും അറബ് സാഹിത്യം മലയാളിക്ക് അത്ര പരിചിതമല്ലാത്തതിന് പല കാരണങ്ങളുണ്ട്. അതു കൊണ്ടാണ്, അറബ് സാഹിത്യം സമയമെടുത്ത് അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും അവിടെ നിന്ന് മലയാളത്തിലേക്കും വളരെ മെല്ലെ എത്തിപ്പെടുന്നത്.മൊഴിമാറ്റങ്ങളില്‍ സഹജമായ ചോര്‍ച്ചയും കഴിഞ്ഞ് മഷിപുരണ്ടെത്തുമ്പോള്‍ അവ പലപ്പോഴും വായനക്കാരന് അത്ര സുഖിക്കില്ല എന്നതാണ് സത്യം. അറബി വശമുള്ളവന് അവ കല്ലുകടിപോലെ തോന്നും. 

ഇവിടെയാണ് മമ്മൂട്ടി കട്ടയാട് എന്ന വിവര്‍ത്തകന്‍ വേറിട്ടു നില്‍ക്കുന്നത്. പത്തിലേറെ അറബി കാവ്യഗ്രന്ധങ്ങള്‍ മലയാള ഭാഷയിലേക്ക് മൊഴിമാറ്റിയ ഇദ്ദേഹം ഇംഗ്ലീഷില്‍നിന്നല്ല, അറബിയില്‍നിന്ന് നേരിട്ടാണ് വിവര്‍ത്തനം നിര്‍വഹിക്കുന്നത്. അറബി ഭാഷയിലെ നൈപുണ്യവും, ചരിത്ര ബോധവും സാഹിത്യാഭിരുചിയും ഒത്തുചേര്‍ന്നതിനാലാകണം അദ്ദേഹത്തിന്റെ മൊഴിമാറ്റങ്ങള്‍ക്ക് സംവേദന ക്ഷമത കൂടുതലാണ്. അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളില്‍ ഏറെ മികച്ചു നില്‍ക്കുന്നതാണ് ഇമ്രുല്‍ ഖൈസിന്റെ കവിതകളുടെ സ്വതന്ത്ര മൊഴിമാറ്റമെന്ന് സംശയരഹിതമായി പറയാം. 

പുസ്തകത്തില്‍ ശ്രദ്ധേയമായി തോന്നിയ ചില വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ. പുരതനമായ ഒരറബിക്കാലത്തിന്റെ മരുഭൂമണം വായനക്കാര്‍ക്ക് കിട്ടുമിതില്‍നിന്ന്. 

പോകല്ലെ പോകല്ലെ നില്‍ക്കുക, മിത്രമേ
ശോകം കരഞ്ഞു തീര്‍ക്കാം നമുക്കൊന്നിച്ച്
ഹൗമല്‍ ദഘൂലൂരുകള്‍ക്ക് മധ്യേ മരു-
ഭൂമികുലേ പണ്ടു വാണിരുന്നെന്‍ സഖീ.

...............

മുലയൂട്ടുമമ്മാമാരെയെത്രപേരെ ഞാന്‍
മുട്ടിവിളിച്ചര്‍ദ്ധരാത്രി, യവര്‍
കാലില്‍ത്തളയിട്ട പൈതങ്ങളെ വിട്ട്
മല്‍പ്രേമ കേളിയിലഭിരമിച്ചു!

...............

എന്തിനീ ലീലാവിലാസങ്ങളെന്നോടു
സുന്ദരിപ്പാത്തുവേ നിര്‍ത്തിയാലും.
ബന്ധങ്ങളങ്ങു വിച്ഛേദിക്കുവാനുള്ള
ചിന്തയുണ്ടേലുടന്‍ ചൊല്ലുക മാന്യമായ്.

...............

മങ്കതന്‍ മാറിലെ രത്‌നഹാരം പോലെ
ഭംഗിയില്‍ മാനത്തു കാര്‍ത്തികാ നക്ഷത്ര-
മങ്ങു പ്രകാശിച്ച നേരത്ത് ചെന്നു ഞാന്‍
തങ്ങളില്‍ തങ്ങളില്‍ നോക്കി നിന്നു.

...............

ഒട്ടകപക്ഷിതന്‍ മുട്ടപോല്‍ മഞ്ഞയില്‍
കൂട്ടിക്കലര്‍ത്തിയ വെണ്മയോലും സഖി
മുത്തിക്കുടിക്കുന്നതാരും കലക്കുവാ
നെത്തിടാ ശുദ്ധമാം നീരുറവയല്ലോ


ഖൈസിന്റെ കവിതാഭൂമിക

മനുഷ്യനും ജീവിതവും പ്രണയും പ്രകൃതിയും രതിയുമൊക്കെ താലോലിക്കുന്നതാണ് ഖൈസിന്റെ കവിതാഭൂമിക.   ലോകമെമ്പാടുമുള്ള ആരാധകരെ ആവാഹിക്കാന്‍ മാത്രമുള്ള മാന്ത്രികമായ ഭാവുകത്വം അത് അകമേ വഹിക്കുന്നു. ദൃശ്യമാധ്യമങ്ങളും പരസ്യങ്ങളും തൊടുത്തുവിട്ട ദൃശ്യഭാഷയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മനുഷ്യ ചിന്തയെ ചട്ടക്കൂടുകളിലേക്ക് ഒതുക്കി നിര്‍ത്തുന്ന കാലത്ത്, വാക്കിന് സൃഷ്ടിക്കാനാവുന്ന ദൃശ്യവിനിമയങ്ങളുടെ അപാരതയാണ് ഖൈസിന്റെ കവിത തൊടുന്നത്. ഉദാഹരണത്തിന് മുഅല്ലഖയിലെ കാമകേളികളുടെ കടലാഴം എടുക്കുക. അനുകരണത്തിന് സാധ്യമല്ലാത്ത നിര്‍മിതിയാണത്. 

പ്രവാചകന് മുമ്പുള്ള കാലഘത്തിലുള്ളതാണ് ജാഹിലിയ്യാ കവിതകള്‍. മതമോ ധര്‍മ്മികതയോ  സ്പര്‍ശിച്ചിട്ടില്ലാത്ത ചുറ്റുപാടിലുള്ള അന്നത്തെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച ആ കവിവാക്യങ്ങളില്‍ തെളിഞ്ഞു കാണാം.  ഗോത്ര തലവന്മാരെ വാഴ്ത്തിയും നാട്ടുപോരിശ പറഞ്ഞും യൂദ്ധവീര്യം ആളിക്കത്തിച്ചും തിളങ്ങി നിന്ന കാവ്യകാലം കൂടിയാണ് അത്. 

സ്‌നേഹം, വെറുപ്പ്, കുറ്റപ്പെടുത്തല്‍, അപകര്‍ഷബോധം, ഹാസ്യം, അരാജകത്വം എന്നിങ്ങനെ മനുഷ്യന് കാലഭേദമന്യേ ഇണങ്ങുന്ന സകല വികാരങ്ങളും അസാധാരണ ഭാഷാ വഴക്കത്തോടെ പാടിപ്പറഞ്ഞ കവിയാണ് ഇംറുല്‍ ഖൈസ്. അക്കാലം പാടിപ്പറയലുകളുടേതായിരുന്നു. ഇത്തരം പാടിപ്പറയലുകള്‍ ഇഷ്ടപ്പെട്ടാല്‍ ഭരണാധികാരി ആ കാവ്യം നഗരത്തില്‍ പൊതുജനത്തിന് ആസ്വദിക്കാന്‍ പ്രദര്‍ശിപ്പിക്കുമത്രെ.  വലിയ കെട്ടിടത്തിനു മുകളില്‍ അവ തൂക്കിയിടും എന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം.മുഅല്ലഖയുടെ അര്‍ത്ഥവും തൂക്കിയിടുക എന്നാണ്. അത്രമേല്‍ സ്വീകാര്യത അന്നേ കിട്ടിയ കാവ്യം എന്ന് നിരൂപിക്കാന്‍ ഇണങ്ങുന്ന തെളിവാണത്. 

 

മമ്മൂട്ടി കട്ടയാട്

 

വിവര്‍ത്തനത്തിന്റെ ചാരുത

അറബി സാഹിത്യത്തിന്റെ തലപ്പൊക്കമാണ് ഇമ്രുല്‍ ഖൈസ്. അദ്ദേഹത്തിന്റെ സാഹിത്യവിരുന്നിനെ മലയാളിക്കു ആസ്വദിക്കാന്‍ പാകത്തിനാണ് മമ്മൂട്ടി കട്ടയാട് വിളമ്പിയത്. അര്‍ത്ഥമൊപ്പിക്കുക മാത്രമല്ല, നീതിപുലര്‍ത്തുന്ന ആശയ സംവേദനം കൂടി ഉറപ്പാക്കുന്നു, വിവര്‍ത്തകന്‍. ഇംമ്രുല്‍ ഖൈസിന്റെ കാവ്യലോകത്ത് പലനാള്‍ ഭജനയിരുന്നാലല്ലാതെ
ഇങ്ങനെ ഒരു വിവര്‍ത്തനം സാധ്യമാകില്ല.

മുഅല്ലഖയുടെ നിരവധി വ്യാഖ്യാനങ്ങളും നിരൂപണങ്ങളും  പരിശോധിച്ചാണ് മൊഴിമാറ്റിയതെന്ന് പുസ്തകത്തിലൂടെ ഒരാവര്‍ത്തി കടന്നുപോയാല്‍ തിരിച്ചറിയാം. കവിതയുടെ സ്വതന്ത്ര ഗദ്യമെഴുത്തും വേറിട്ടു നിര്‍ത്തുന്നു. എളുപ്പം വഴങ്ങാത്ത,   ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള വാക്കുകള്‍ക്ക് പ്രത്യേകം കുറിപ്പ് നല്‍കിയാണ് വിവര്‍ത്തകന്‍ സൂക്ഷ്മത കാട്ടിയത്.

അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് ക്ലാസെടുക്കും പോലൊരു അനുഭവമാണ് ഈ വായന നമുക്ക് സമ്മാനിക്കുക. ആശയങ്ങള്‍ എളുപ്പം ഉള്‍ക്കൊള്ളാന്‍ ഈ വിവര്‍ത്തന രീതി സഹായിക്കും. പെണ്ണുടലിന്റെ സൗന്ദര്യവും പ്രണയകാമനകളും ശൃംഗാരവും കീഴടക്കലും മൂലകൃതിപോലെ വിവര്‍ത്തനത്തിലും ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. മാതൃഭാഷയിലെ അറിവും കവിത്വവും എഴുത്തുഭാഷയ്ക്ക് കൃത്യത സമ്മാനിച്ചിട്ടുണ്ട്. വിവര്‍ത്തന കല അഭ്യസിക്കുന്നവര്‍ക്ക് ഈ എഴുത്തുരീതി ഒരു പാഠമാണ്. 


കോഴിക്കോട് സ്റ്റുഡന്റ്‌സ് സെന്ററിലെ ഐ പി ബി ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധകരിച്ചത്. വില: 280 രൂപ. 

click me!