പുസ്തകപ്പുഴ. ഇ സന്തോഷ് കുമാര്‍ എഴുതിയ 'ജ്ഞാന ഭാരം' എന്ന നോവലിന്റെ വായന. ഡോ. ഷൂബ കെ. എസ് എഴുതുന്നു
കൊറോണാകാലത്ത് പുറത്തു വന്നതും ആ കാലം പരാമര്‍ശ വിഷയമാകുന്നതുമായ നോവലാണ് 'ജ്ഞാന ഭാരം '. നോവലിലെ നോവല്‍ എഴുതാന്‍ പോകുന്നയാള്‍ എഴുതാന്‍ വേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍ പരിശോധിക്കുന്നത് കല്‍ക്കട്ടയിലെ കൊറോണാ കാലത്താണ്. കല്‍ക്കത്തയിലെ കൊറോണാ മുന്‍കരുതലുകളെക്കുറിച്ചു നോവലിസ്റ്റ് ഇങ്ങനെയാണ് പറയുന്നത്: 'കല്‍ക്കത്തയിലെ മുന്‍ കരുതലുകള്‍ ഫലിതം പോലെ തോന്നിച്ചു. മെട്രോ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ലെന്ന വ്യത്യാസമുണ്ടായിരുന്നു. ബസ്സുകളെല്ലാം സാധാരണ പോലെ തിരക്കുണ്ടായിരുന്നു. ഭൂത ബാധയ്‌ക്കെതിരെ ഉറക്കത്തില്‍ സൂക്ഷിക്കുന്ന ഒരു കുരിശു പോലെ മാത്രം എല്ലാവരുടെയും മുഖത്തും ഒരു മാസ്‌ക് തൂങ്ങിക്കിടക്കുന്നതൊഴിച്ചാല്‍ മറ്റു വ്യത്യാസങ്ങളൊന്നും കണ്ടില്ല'.
.....................................
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജ്ഞാനഭാരം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
undefined
ഇ സന്തോഷ് കുമാറിന്റെ പുതിയ നോവലാണ് 'ജ്ഞാന ഭാരം.' പ്രാദേശിക ചരിത്രം, ഫെമിനിസം, സൈബര്‍വിനിമയം, സ്വവര്‍ഗ്ഗ ലൈംഗികത, ദളിതിസം, പരിസ്ഥിതിവാദം, അസ്തിത്വദാര്‍ശനികത തുടങ്ങിയ അക്കാദമികജ്ഞാന ഭാരത്താല്‍ നോവല്‍ എഴുതുന്നവര്‍ ആധുനികതയുടെ കാലം മുതല്‍ നമുക്ക് ധാരാളമുണ്ട്. നിരൂപകര്‍ക്ക് ദിനംപ്രതിയുള്ള സായാഹ്ന 'വായനാ വ്യായാമ'ത്തിന് എളുപ്പം ഉപകരിക്കുന്നവയാണവയെല്ലാം. ഏട്ടിലെ പശുവാണ് പശുവെന്നും ആ പശുവില്‍ മാത്രമേ 'പ' എന്ന അക്ഷരമുള്ളൂവെന്നും പഠിച്ചു വച്ചിരിക്കുന്ന കുറേ പേരുണ്ട്. ഇഹലോക സത്യമെന്നത് പുസ്തകത്തില്‍ കാണുന്നതാണ് എന്നു കരുതുന്ന അവര്‍ പുല്ലു തിന്നുന്ന പശുക്കള്‍ ലോകത്ത് ഉണ്ടെന്നു കൂടി അറിയുന്നില്ല. ചരിത്രവും ജീവിതവും ഏട്ടിലെ പശുവായി മാറിയിരിക്കുന്നു. ജ്ഞാനം എന്നത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഹ്‌ളാദം നിറഞ്ഞ അന്വേഷണങ്ങളും യാതനകളുമല്ല പാരതന്ത്ര്യവും നട്ടെല്ലു തകര്‍ക്കുന്ന വ്യാജഭാരവുമായി മാറിയിരിക്കുന്നു. സര്‍ഗാത്മകത എന്നത് പകര്‍ത്തെഴുത്താണ് എന്നു ആത്മാര്‍ത്ഥമായി കരുതുന്നവര്‍ ഉണ്ടായി വന്നിരിക്കുന്നു. ഇ.സന്തോഷ് കുമാറിന്റെ നോവലുകളില്‍ പൊതുവേ അക്കാദമികജ്ഞാന ഭാരങ്ങളില്ല, ജ്ഞാന ഭാരം എന്ന നോവലാകട്ടെ, പുസ്തകം നോക്കി ചരിത്രവും ജീവിതവും അറിയുന്ന ദുരന്ത ജീവിതത്തെ വിഷയമാക്കുകയും ചെയ്യുന്നു.
പഴയ ഒരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ട് വോള്യങ്ങളും വായിച്ചു തീര്‍ക്കുക പരമ പ്രാധാന കര്‍മ്മമായി സ്വീകരിച്ച കൈലാസ് പാട്ടീല്‍ എന്ന ഒരാളിന്റെ കഥയാണ് ഇതെന്നും ഈ കഥയിലൂടെ മനുഷ്യ ജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയും വ്യാഖ്യാനിക്കുകയുമാണ് നോവല്‍ എന്നും പുറംചട്ടയില്‍ തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ പുസ്തകവായന പ്രമേയമായിരിക്കുന്ന ഒരു ദര്‍ശനിക നോവല്‍ എന്ന അക്കാദമിക വായനയില്‍ എത്താന്‍ വളരെ എളുപ്പമാണ്. അതു മാത്രമെങ്കില്‍ ജീവിക്കുന്ന കാലഘട്ടത്തെ അഗാധമായി അറിയുന്ന ഒരാളാണ് ഇ സന്തോഷ് കുമാര്‍ എന്നു പറയാനാവില്ലായിരുന്നു.
ഈ നോവല്‍ പ്രധാനമായും സംവേദനം ചെയ്യുന്ന പ്രമേയത്തെ ഒന്നു സൂചിപ്പിക്കുക മാത്രമാണ് ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നത്.
ഇ സന്തോഷ് കുമാര്‍
കുരിശു പോലെ ഒരു മാസ്‌ക്
കൊറോണാകാലത്ത് പുറത്തു വന്നതും ആ കാലം പരാമര്‍ശ വിഷയമാകുന്നതുമായ നോവലാണ് 'ജ്ഞാന ഭാരം '. നോവലിലെ നോവല്‍ എഴുതാന്‍ പോകുന്നയാള്‍ എഴുതാന്‍ വേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍ പരിശോധിക്കുന്നത് കല്‍ക്കട്ടയിലെ കൊറോണാ കാലത്താണ്. കല്‍ക്കത്തയിലെ കൊറോണാ മുന്‍കരുതലുകളെക്കുറിച്ചു നോവലിസ്റ്റ് ഇങ്ങനെയാണ് പറയുന്നത്: 'കല്‍ക്കത്തയിലെ മുന്‍ കരുതലുകള്‍ ഫലിതം പോലെ തോന്നിച്ചു. മെട്രോ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ലെന്ന വ്യത്യാസമുണ്ടായിരുന്നു. ബസ്സുകളെല്ലാം സാധാരണ പോലെ തിരക്കുണ്ടായിരുന്നു. ഭൂത ബാധയ്‌ക്കെതിരെ ഉറക്കത്തില്‍ സൂക്ഷിക്കുന്ന ഒരു കുരിശു പോലെ മാത്രം എല്ലാവരുടെയും മുഖത്തും ഒരു മാസ്‌ക് തൂങ്ങിക്കിടക്കുന്നതൊഴിച്ചാല്‍ മറ്റു വ്യത്യാസങ്ങളൊന്നും കണ്ടില്ല'.മാസ്‌കിന് നല്‍കുന്ന സാദൃശ്യകല്‍പന ശ്രദ്ധിക്കുക: ഭൂതബാധയ്‌ക്കെതിരെ ഉറക്കത്തില്‍ സൂക്ഷിക്കുന്ന കുരിശ്. പണ്ട് മതം ഭൂത ബാധയിലുള്ള ഭയം സൃഷ്ടിക്കുകയും കുരിശു എന്ന അഭയം വാഗ്ദാനം നല്‍കുകയും ചെയ്തു. ഭയവും അഭയവും ദുരന്തവും പ്രതിരോധവും മതം തന്നെ നിര്‍മ്മിച്ചു ജനങ്ങള്‍ക്ക് നല്‍കുകയും ഭയത്തിനും ദുരന്തത്തിനും കാരണമായ ദൈവം മറഞ്ഞു നില്‍ക്കുകയും ചെയ്തു. ഇതു തന്നെയാണ് ആഗോളീകരണ കാലവും ചെയ്യുന്നത്. ഭയവും അഭയവും ദുരന്തവും പ്രതിരോധവും വൈറസും ആന്റി വൈറസും ഒരുപോലെ മുതലാളിത്തം വിപണനം ചെയ്യുന്നു. വ്യക്തികളെ ഇരകളും കുഞ്ഞാടുകളും ജാതികൂട്ടായ്മകളുമാക്കിക്കൊണ്ടാണ് പണ്ട് മതം ഭയത്തിന്റെ വിത്തുകള്‍ എറിഞ്ഞു കൊടുത്തത്. അതിന്റെ സ്ഥാനത്ത് മുതലാളിത്തം മനുഷ്യരെ ഡേറ്റകളാക്കി മാറ്റുന്നു. രോഗലക്ഷണങ്ങളില്ലാത്ത മുപ്പത്തയ്യായിരം പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കുമ്പോൾ ആയിരത്തഞ്ഞൂറ് പേർക്ക് കൊറോണയുണ്ടെന്നു മനസിലാക്കി ഭയം ഉണ്ടാകുന്നു. രോഗലക്ഷണമില്ലാത്ത ഒന്നര ലക്ഷം പേര്‍ ടെസ്റ്റിന് വിധേയമാകുമ്പോള്‍ മുപ്പത്തയ്യായിരം പേര്‍ക്ക് കൊറോണ ഉണ്ടെന്നു കണ്ട് കുറേക്കൂടി ഭയക്കേണ്ടതുണ്ടല്ലോ എന്നു മനസിലാക്കുന്നു. അങ്ങനെ രോഗമില്ലാത്ത രോഗികളുണ്ടാകുന്നു. ഭൂത ബാധയിലുള്ള ഭയം പോലെ ഒരു തരം ഭയം ഉണ്ടാകുന്നു. ഏതു മരണവും ദൈവകോപമെന്നു പണ്ട് കരുതിയ പോലെ എല്ലാം വൈറല്‍ മരണങ്ങള്‍ ആയി മാറി വൈറലാകുന്നു. ഉറക്കത്തിലെ കുരിശു പോലെ മാസ്‌കും പ്രതിരോധ മരുന്നും തേടി ജനങ്ങളിറങ്ങുന്നു. ദൈവങ്ങള്‍ കുരിശിന്റെ വിലനിലവാരത്തെ സംബന്ധിച്ച് ഉയരങ്ങളിലിരുന്ന് വിലപേശുന്നു.
ഡേറ്റകളുടെ പ്രളയത്തില്‍ മനുഷ്യന്‍ മറ്റൊരു ഡേറ്റയായി മാറുകയാണ് അഥവാ മാറ്റുകയാണ് വ്യാവസായിക മാധ്യമ കാലം. 'എന്താണ് ഒരു മനുഷ്യനെ മറ്റൊരാളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്?' എന്ന നോവല്‍ ഒന്നാം അധ്യായത്തിലെ ചോദ്യമാണ് നോവലിലേയും ഇന്നത്തെ ജീവിതത്തിലേയും പ്രധാന പ്രമേയം. അനുഭവങ്ങള്‍ അടയാളപ്പെടുത്താന്‍ മനുഷ്യന്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ മനുഷ്യനെത്തന്നെ അസാധുവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. ദൈവം, ഭാഷ, മാധ്യമങ്ങള്‍, മറ്റ് മനുഷ്യനിര്‍മ്മിതഉപകരണങ്ങള്‍ എന്നിവയൊക്കെ മനുഷ്യന് മേല്‍ ആധിപത്യം നേടാം. ദൈവം മനുഷ്യനെ അസാധുവാക്കിയ മതങ്ങളുടെ കാലശേഷം ഡേറ്റകള്‍ ആധിപത്യം നേടുന്ന മറ്റൊരു ചരിത്ര ഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന വെല്ലുവിളി മനഷ്യന്‍ ഇല്ലാതാകുമോ എന്നതാണ് എന്നു നോവലില്‍ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യന്‍ അധികാരികള്‍ക്ക് പണമുണ്ടാക്കാനുള്ള ഡേറ്റകളായി മാറുമ്പോള്‍ വ്യക്തിവ്യത്യാസങ്ങളും ചരിത്രവും ഇല്ലാതാകുന്നു. ഓര്‍മ്മിക്കുക ഒരു രാഷ്ട്രീയ പ്രതിരോധമായി മാറുന്നു. ഓര്‍മ്മകളല്ലാതെ മറ്റെന്താണ് മനുഷ്യന്‍ എന്നു നോവലിസ്റ്റ് ആവര്‍ത്തിക്കുന്നു.
എന്നാല്‍ ഓര്‍മ്മകളെപ്പോലും ഡേറ്റകളാക്കി മാറ്റുകയാണ് സംസ്‌കാര വ്യവസായം ചെയ്യുന്നത്. പാഴ്‌സികളുടെ ചരിത്രവും കാപ്പിയുടെ ചരിത്രവും ഒക്കെ നമുക്കറിയാം തനിക്ക് വേണ്ടത് എന്ത്, തന്റെ ഗ്ലാസ്സേത് എന്നു മാത്രം നമുക്ക് അറിയില്ലായിരിക്കും. ഡേറ്റകളുടെ പ്രളയജലത്തില്‍ ഒഴുകി നടക്കുന്നവര്‍. നോവലിലെ കൈലാസ് പാട്ടീല്‍ വിജ്ഞാനകോശം വായിച്ചു തീര്‍ക്കുന്ന കര്‍ത്തവ്യം ഏറ്റെടുക്കുന്നത് പിതാവിനെ സംബന്ധിച്ച ഓര്‍മ്മ മുന്‍നിര്‍ത്തിയാണ്. പിതാവ് അപകടത്തില്‍പ്പെട്ടു മരിക്കുമ്പോള്‍, പിതാവ് മുന്‍പ് തനിക്ക് വായിക്കാന്‍ തന്നതും അന്ന് പരിഹാസപൂര്‍വം താന്‍ സമീപിച്ചതുമായ വിജ്ഞാനകോശം വായിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുന്നു. തന്റെ മകന്‍ അറിവുള്ളവനാകണമെന്ന് തന്റേതായ രീതിയില്‍ വിനിമയം ചെയ്യുകയായിരുന്നു പിതാവ്. എന്നാല്‍ അതിന്റെ യാന്ത്രികതയെ വര്‍ദ്ധിതമാക്കുകയാണ് മകന്‍. അതിനായി സ്വയം കരുതുന്നതാവട്ടെ പിതൃ വൈകാരികതയും. ചരിത്രവും ഓര്‍മ്മയും ഡേറ്റയാക്കി മാറ്റാന്‍ മാധ്യമ വ്യവസായം സ്വീകരിക്കുന്ന പ്രധാന വഴി അതില്‍ വ്യക്തിപരമായ വൈകാരികത ചേര്‍ക്കുക എന്നതാണ്. അങ്ങനെ പണ്ടത്തെ വ്യവസ്ഥാപിത ചരിത്രം രാജാക്കന്മാരുടെ വീരകഥകളാണെങ്കില്‍ പുതിയ ചരിത്രം അന്തപ്പുര സ്ത്രീകളുടെ സ്വകാര്യ വിങ്ങലുകളും അവരുടെ ആഭരണങ്ങളുടെ ഭംഗി വിവരണങ്ങളുമായിരിക്കും. വിജ്ഞാനകോശത്തിലെ അറിവുകളിലേയ്ക്ക് തല പൂഴ്ത്താന്‍ പിതൃ ഭക്തിയുടെ വൈകാരികത മേമ്പൊടി ചേര്‍ക്കും പോലെയാണ് ഓര്‍മ്മകളുടെ വിപണി എത്തുന്നത്.
പിതാവ് താന്‍കാരണം പരിഹസിക്കപ്പെട്ടതോര്‍ത്ത് വണ്ടിയോടിച്ച് അപകടപ്പെട്ടതാകാം എന്ന കുറ്റബോധം കൊണ്ടാണ് പിതാവിന്റെ ആഗ്രഹപ്രകാരം വിജ്ഞാനകോശം വായിക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ അങ്ങനെയല്ല മരിച്ചതെന്ന് കൈലാസ് പാട്ടീല്‍ പിന്നീട് മനസിലാക്കുന്നുണ്ട്. വിജ്ഞാനകോശം വായിക്കുന്ന തീരുമാനം അപ്പോഴും പക്ഷെ അയാള്‍ മാറ്റുന്നില്ല. അതാണ് വ്യാവസായിക മാധ്യമങ്ങള്‍ മനുഷ്യനില്‍ ഉണ്ടാക്കുന്ന യഥാര്‍ത്ഥ ആഘാതം. ദൈവ വിശ്വാസത്തില്‍ യുക്തിയില്ല എന്ന പോലെ ഡേറ്റാവത്കരണം എന്ന ജ്ഞാനസ്‌നാനത്തിലും യുക്തി പ്രവര്‍ത്തിക്കുന്നില്ല. ജ്ഞാനം ഒരു ഭാരമായി നമ്മുടെ നട്ടെല്ലിന് മേല്‍ പതിക്കുകയും ജ്ഞാനം നിര്‍മ്മിക്കാനുള്ള നമ്മുടെ ശേഷിയെ അതില്ലാതാക്കുകയും ചെയ്യും.
ഡേറ്റകളാകുന്ന സത്യം
അറിവ് പെറുക്കിയെടുക്കുന്നതല്ല എന്നും ശുന്യത എന്നത് അനന്തമായ നിഷേധങ്ങളാണ് എന്നും ഈ ലേഖകന്‍ കിം കി ഡുക്കിനെ വായിക്കുന്ന സന്ദര്‍ഭത്തില്‍ എഴുതിയിട്ടുണ്ട്.( കിം കി ഡുക്ക് ക്യാമറാ കാലത്തെ പ്രണയം എന്ന പുസ്തകം) ജ്ഞാനം പെറുക്കിയെടുക്കുന്നതല്ല നിര്‍മ്മിക്കുന്നതാണ്. ഡേറ്റകള്‍ സത്യമായിരിക്കാം.രോഗമില്ലാത്തവരെ ടെസ്റ്റ് ചെയ്ത് രോഗികളാക്കുന്നത് വൈറസ് സാന്നിധ്യത്തിലാണ്. ആ ഡേറ്റ സത്യം തന്നെയാണ്. കഥയില്‍ ചോദ്യമില്ല എന്നു പറയും പോലെ രോഗാണു സാന്നിധ്യം ഉള്ളവരെല്ലാം രോഗികളാണോ എന്ന ചോദ്യം അവിടെ പ്രസക്തമല്ല. ഡേറ്റകളാകുന്ന സത്യത്തിന് മുകളിലിരുന്നു കൊണ്ട് നാം വിപ്ലവകാരികളും ദാനശീലരും ദു:ഖിതരും പീഡിതരും രക്ഷകരും ആയിത്തീരുന്നു.പക്ഷെ സത്യം ഇങ്ങനെ പെറുക്കിയെടുക്കുന്ന ഡേറ്റകളല്ല, അതിന്റെ അരികുകളില്‍ കണ്ണീരുപ്പു കലര്‍ന്നിരുന്നാല്‍ പോലും. അതുകൊണ്ടാണ് ഭൂമിയില്‍ ഒരു പ്രയോജനവുമില്ലാത്ത സത്യങ്ങളാണ് അധികമെന്നും അതു നുണകളെക്കാള്‍ ആപത്കരമാണെന്നും നോവലിസ്റ്റ് പറയുന്നത്. സത്യം പെറുക്കിയെടുക്കുന്നതല്ല, യുക്തി കൊണ്ടും സ്‌നേഹം കൊണ്ടും സ്വപ്നം കൊണ്ടും നിര്‍മ്മിച്ചെടുക്കുന്നതാണ്.
സത്യം കാണുന്നതാവണമെന്നില്ല എന്നതു പോലെ ഇല്ലാത്തതിനെയല്ല ശുന്യത എന്നു പറയുന്നത്. ഒരു ക്ലാസ് ശൂന്യമാണ് എന്നു പറയുമ്പോള്‍ ക്ലാസ്സിലുണ്ടായിരുന്ന അമ്പത് പേരില്ല എന്നാണ് അര്‍ത്ഥം. അമ്പതിന്റെ നിഷേധമാണ് ഇവിടെ ശൂന്യത. ഇങ്ങനെ അനന്തമായ നിഷേധങ്ങളാണ് പൂജ്യം എന്നത്. അവിടെ സത്യമെന്നത് പെറുക്കിയെടുക്കലല്ല. നിരന്തര നിഷേധങ്ങളിലൂടെയുള്ള നിര്‍മ്മിതിയാണ്. സത്യം അസംബന്ധം ആകുമ്പോള്‍ അതിന്റെ നിഷേധവും ഇല്ലായ്മയും ഉള്ളതിനേക്കാള്‍ ഉണ്മയുള്ള ശൂന്യതയായി മാറുന്നു. ജീവിതം വിജ്ഞാനകോശമായി മാറുന്നതിന് കാരണം പിതൃ ഭക്തിയും പിതൃസ്‌നേഹവുമാണെന്നത് അസംബന്ധതയാണ്. ജനങ്ങളെ മരുന്നു പരീക്ഷണത്തിനിരയാക്കുന്നവര്‍ അവര്‍ പിടിക്കപ്പെടാതിരിക്കാന്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയ ഒരു അപകടത്തില്‍പ്പെട്ടാണ് കൈലാസ് പാട്ടീലിന്റെ പിതാവ് മരിച്ചത്. വെള്ളക്കാരും തദ്ദേശീയരുമായ അധികാരികള്‍ ഒരു പോലെ ജനതയെ രോഗികളും ഇരകളുമാക്കി മാറ്റുന്നു. 'നിറം മാറിയിട്ടുണ്ടെന്നേയുള്ളൂ, അധികാരിയുടെ സ്വഭാവത്തിനു മാറ്റമൊന്നുമില്ല' എന്നും 'തൊഴികൊള്ളുന്നവനെ സംബന്ധിച്ച് വെളുത്തവരായാലും കറുത്തവരായാലും കാലുകള്‍ക്കെന്തു മാറ്റം? വേദനയ്ക്ക് നിറഭേദമില്ല' എന്നും നോവലിസ്റ്റ് എഴുതുന്നു.
ജനതയെ രോഗികളുടെ കൂട്ടായ്മയാക്കുക, അവര്‍ക്ക് ഭയവും അഭയവും നല്‍കുക, ഡേറ്റകളാക്കി മാറ്റുക എന്നത് ഒക്കെ ഏത് അധീശ ഭരണകൂടങ്ങളുടെയും രീതിയാണ്.കുടുംബത്തിലെ രക്ഷകര്‍ത്താക്കള്‍ക്കു മുതല്‍ ആധുനിക ഭരണകൂടങ്ങള്‍ക്കു വരെ അവരുടെ കീഴിലുള്ള ജനതയെ വാമൂടിക്കെട്ടിനടത്താനും സന്ധ്യയ്ക്കു അടിച്ചു അകത്തു കയറ്റാനും ആഗ്രഹമുണ്ട്. ഇതാണ് കൊളോണിയലിസമായി, അടിയന്തിരാവസ്ഥയായി മുതലാളിത്തരോഗ പരിചരണമായി, ഫാസിസമായി മാറുന്നത്. അധികാരവും പണവും അധികാരലക്ഷ്യമായി മാറുമ്പോള്‍ ജനത പരീക്ഷണ വസ്തുവായി മാറുന്നു. ഇത്തരം അധികാരവ്യവസ്ഥ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത്തരം അധികാര വ്യവസ്ഥകളോടുള്ള നിഷേധം നിര്‍മ്മിക്കുന്ന ശൂന്യത യാഥാര്‍ത്ഥ്യത്തേക്കാള്‍ വലിയ സത്യമാണ്. വിജ്ഞാനകോശം മുഴുവന്‍ വായിച്ചില്ലെങ്കിലും ZER0 എന്ന പദം വായിച്ചു പ്രപഞ്ചം മുഴുവന്‍ മുഴങ്ങുന്ന അഗാധ ശൂന്യത അറിഞ്ഞു എന്നു കൈലാസ് പാട്ടീല്‍ പറയുമ്പോള്‍ നോവലിസ്റ്റ് പറയാന്‍ ശ്രമിക്കുന്നത് ഈ കാര്യമാണ്.
സത്യാന്വേഷണമെന്നത് സത്യത്തെ പെറുക്കിയെടുക്കുന്ന പ്രക്രിയയല്ല. ശൂന്യതയെ അറിയാനുള്ള ശ്രമമാണ്. നിഷേധങ്ങളുടെ അനന്തതയാണ് ശൂന്യത. മനുഷ്യനെയും ചരിത്രത്തെയും ഡേറ്റകളാക്കി മാറ്റുന്ന സാങ്കേതിക വിദ്യാ മുതലാളിത്തവും(Tecno Capitalism ) ഭയവും അഭയവും വൈറസും ആന്റി വൈറസും നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ദുരന്ത മുതലാളിത്തവും (Disaster Capitalism) മുന്നോട്ട് വയ്ക്കുന്ന ജ്ഞാനഭാരങ്ങളുടെ അര്‍ത്ഥരാഹിത്യത്തോടുള്ള നിഷേധം സൃഷ്ടിക്കുന്ന ശൂന്യതയാണ് ഇന്നത്തെ വായനയില്‍ നോവല്‍ മുന്നോട്ട് വയ്ക്കുന്നത്.
പുസ്തക റിവ്യൂകള്‍, പുസ്തക ഭാഗങ്ങള്‍, പുസ്തക വാര്‍ത്തകള്‍, അഭിമുഖങ്ങള്‍.വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.