വീടിനു ചുറ്റും ഭയന്നോടിയ 10 വയസ്സുകാരിയെ വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്തു ഭര്‍ത്താവ്!

By Pusthakappuzha Book Shelf  |  First Published Jun 3, 2022, 2:32 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത എന്ന പുസ്തകത്തിന്റെ വായന. ഒപ്പം, ലോകമാകെ വായിക്കപ്പെട്ട ഈ പുസ്തകത്തിനുശേഷം നുജൂദിന്റെ ജീവിതം എന്തായി മാറിയെന്ന അന്വേഷണവും. ജയശ്രീ ജോണ്‍ എഴുതുന്നു


വിവാഹ രാത്രിയില്‍ നടന്ന ക്രൂരതയെ പറ്റി നുജൂദ്, 'പേടിച്ച് ചുരുണ്ട് കിടന്നിരുന്ന എന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറി, എന്റെ ഉള്ളിന്റെ  ഉള്ളിലേക്ക് അയാള്‍  കയറി' എന്ന് പറയുമ്പോള്‍ ഹൃദയത്തിലേക്ക് ആരോ ഒരാണി അടിച്ച്, ആഞ്ഞടിച്ച്  കയറ്റുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

 

Latest Videos

 

undefined

ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത. പുസ്തകത്തിന്റെ ഈ പേര് തന്ന അമ്പരപ്പ് തന്നെയാണ് അത്  വായിക്കാനുണ്ടായ പ്രധാന കാരണവും.  ഡെല്‍ഫിന്‍ മിനോയ്ക്കൊപ്പം ചേര്‍ന്ന് നുജൂദ് അലി എഴുതിയ ഈ പുസ്തകം, പേര് പറയും പോലെ തന്നെ നുജൂദ് അലിയുടെ അതിജീവനത്തിന് കഥയാണ്. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളെപ്പറ്റി മനസ്സിലാക്കുമ്പോള്‍ അവള്‍ എങ്ങനെ ഇതിനെയൊക്കെ മറികടന്നു എന്ന് അത്ഭുതപ്പെടുന്ന ഒരു കഥ.  

അറേബ്യയുടെ  തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് യെമന്‍. നോഹയുടെ ആദ്യജാതന്‍ ശേം സ്ഥാപിച്ചതാണ് ഈ പട്ടണം എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. വിശുദ്ധ ബൈബിളിലെ പഴയനിയമത്തില്‍ പറയുന്ന സുന്ദരിയും ബുദ്ധിമതിയുമായ ശേബ  മഹാറാണിയുടെ ജന്മദേശമാണ് യെമന്‍. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സബായിയന്‍ രാജഭരണകാലത്ത് 'അറേബ്യന്‍ ഫെലിക്‌സ്' അഥവാ സന്തുഷ്ടമായ അറേബ്യ എന്നായിരുന്നു ഈ നാട് വിളിക്കപ്പെട്ടിരുന്നത്. കൃഷിയും വ്യാപാരവുമായിരുന്നു യെമന്റെ അഭിവൃദ്ധിക്ക് കാരണം. 

യെമനില്‍ ഉല്പാദിപ്പിക്കുന്ന കുന്തിരിക്കവും മിറായും ലോകപ്രസിദ്ധമായിരുന്നു ഒരു കാലത്ത്. എ.ഡി. 630 ല്‍  പേര്‍ഷ്യന്‍ ഭരണകാലത്താണ് ഇസ്ലാം മതം യെമനില്‍ കടന്നുവരുന്നത്. അത് പിന്നീട് രാജ്യമൊട്ടാകെ പടരുകയാണ് ഉണ്ടായത്. സ്ഥിരതയില്ലാത്ത ഒരു ഭരണത്തിന് കീഴില്‍ രണ്ടായി പിളര്‍ന്ന യെമന്‍, പിന്നീട് 1990 ല്‍ ആണ്  വീണ്ടും ഒന്നായി തീര്‍ന്നത്. പുരാതനവും സാംസ്‌കാരിക സമ്പന്നവുമായ ഒരു ചരിത്രം അവകാശപ്പെടാനുണ്ടെങ്കിലും, ഇന്ന് ഏറ്റവും ദരിദ്രമായ അറബ് രാജ്യങ്ങളില്‍ ഒന്നാണിത്. വളരെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും അസ്ഥിരതയും  മൂലം യെമന്‍ അടുത്തിടെ അല്‍-ക്വയ്ദ പോലുള്ള പല തീവ്രവാദി ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനകേന്ദ്രമായിട്ടുണ്ട്. 

2014 ല്‍ ആരംഭിച്ച, 'ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തം' എന്ന് യുഎന്‍ വിശേഷിപ്പിച്ച ആഭ്യന്തരയുദ്ധം ഇതിനകം തന്നെ ഒരു ലക്ഷത്തിലേറെ ജീവനുകള്‍ എടുത്തിരിക്കുന്നു. അതിലേറെയും പട്ടിണി മരണങ്ങളാണ്  എന്നാണ് UNDP റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, അതും കുട്ടികള്‍. അടുത്ത് തലമുറയ്ക്ക് പോലും ഇതില്‍ നിന്ന് മോചനമില്ല എന്നത് ഈ രാജ്യത്തിന്റെ ദയനീയ അവസ്ഥ എടുത്ത് കാണിക്കുന്നു.


യെമനിലെ സ്ത്രീജീവിതം 

യെമന്‍ എന്ന രാജ്യത്തിന്റെ പരിതഃസ്ഥിതികളെ പറ്റി ഇത്രയും പറയാന്‍ ഒരു കാരണമുണ്ട്. അവിടെ ജീവിക്കുന്ന മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക്  നുജൂദ് കടന്നു പോയ അവസ്ഥകളെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാവുകയുള്ളൂ. നിയമപ്രകാരം പ്രസിഡന്റാണ് യെമന്റെ രാഷ്ട്രത്തലവന്‍. എന്നാല്‍ യഥാര്‍ത്ഥ അധികാരം കൈയ്യാളുന്നത് ഗോത്ര തലവന്മാരാണ്. അഭിമാനപൂര്‍വ്വം ജാംബിയ (മൂര്‍ച്ചയുള്ള കഠാര) പ്രദര്‍ശിപ്പിച്ചു നടക്കുന്ന ആണുങ്ങളും നിക്കാബിനുള്ളില്‍  (കറുത്ത കനത്ത മുഖാവരണം) മറഞ്ഞിരിക്കുന്ന സ്ത്രീകളും ഉള്ള നാട്. പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ കുടുംബാംഗങ്ങളില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ ദുരുപയോഗം, നിര്‍ബന്ധിത വിവാഹം, ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭധാരണം, ബലാത്സംഗം, ബഹുഭാര്യത്വം, സ്ത്രീ ജനനേന്ദ്രിയ ഛേദനം (Female genital mutilation) എന്നിവയെല്ലാം ഇവിടുത്തെ സ്ത്രീകള്‍ നേരിടേണ്ടതായുണ്ട്. 

സാമ്പത്തികമായോ സാമൂഹികമായോ നിയമപരമായോ സ്ത്രീകള്‍ക്ക് ഒരു സമത്വവും ഇല്ലാത്ത നാട്. 2020 -ല്‍ നിലവില്‍ വന്ന 24 അംഗ മാതൃസഭയില്‍ ഒരു വനിത പോലും ഇല്ല എന്നതില്‍ ഉണ്ടായ ശക്തമായ പ്രതിഷേധം, യെമനിലെ സ്ത്രീകള്‍ നേരിടുന്ന അസമത്വത്തിന്റെ ഏറ്റവും പുതിയ തെളിവാണ്. ഐക്യരാഷ്ട്ര സഭയുടെ 2021 -ലെ 'Fragile State Index' ന്റെ തലപ്പത്തും 'Global Hunger Index' ല്‍ മുന്‍നിരയിലും ആണ് യെമന്‍ എന്ന് പറയുമ്പോള്‍, ആ രാജ്യത്തിന്റെ സ്ഥിതി നിങ്ങള്‍ക്കൂഹിക്കാമല്ലോ? ഇത് 2021 -ലെ കണക്ക്. ഇതിനും 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2008-ല്‍  ഇതിലും പരിതാപകരമായ അവസ്ഥയിലാണ് നുജൂദ് അലി എന്ന പത്ത് വയസ്സുകാരി, തീര്‍ത്തും യാഥാസ്ഥിതികമായ ചുറ്റുപാടുകളോട് പടവെട്ടി വിവാഹമോചനം നേടിയത്. 

 

 

 നുജൂദിന്റെ  കഥ

യമനിലെ ഖാര്‍ഡ്ജി ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ്  നുജൂദിന്റെ ജനനം. അവിടത്തെ സ്ഥിതിഗതികള്‍ പോലെ അതീവ പരിതാപകരമായ ബാല്യമായിരുന്നു അവളുടേതും. അടുത്ത ദിവസം ഭക്ഷണം തന്നെ ഉണ്ടാവുമോ എന്ന് ഉറപ്പില്ല. അബ്ബായ്ക്ക് രണ്ടു ഭാര്യമാര്‍, ഉമ്മയ്ക്ക് വര്‍ഷം തോറും ഓരോ കുഞ്ഞുങ്ങള്‍. ആകെ പതിനാറു തവണ പ്രസവിച്ചു എന്നാണ് ഉമ്മയുടെ ഓര്‍മ്മ.  'രാവിലെ ഉറക്കമുണരുമ്പോള്‍ ഉമ്മയുടെ മെത്തയിലൊരു പുതിയ കുഞ്ഞ്' എന്നാണ് നുജൂദ് ഇതേക്കുറിച്ച് പറയുന്നത്. പ്രസവം ഒക്കെ വീട്ടില്‍ തന്നെ, അതും മൂത്ത കുട്ടികളാരെങ്കിലും സഹായിച്ചാല്‍ ആയി. ഗ്രാമത്തില്‍ ഹോസ്പിറ്റലുകള്‍ പോയിട്ട്, നഗരത്തിലെ ഹോസ്പിറ്റലിലേക്കെത്താന്‍  ഒരു റോഡ് പോലുമില്ല. ജനിച്ചു വീഴുന്ന കുട്ടികളില്‍ ചിലരൊക്കെ മരിക്കുന്നു, മറ്റു ചിലര്‍ ജീവിക്കുന്നു. 

തനിക്ക് എത്ര വയസ്സായി എന്ന് നുജൂദ്  അമ്മയോട് ചോദിക്കുമ്പോള്‍, അമ്മ 10 എന്ന് പറയുന്നു. ഉറപ്പാണോ എന്ന് ചോദിക്കുമ്പോള്‍, കുട്ടികള്‍ ഓരോരുത്തരും ജനിച്ച വര്‍ഷവും ഋതുഭേദങ്ങളും കണക്കാക്കി ആവാം എന്നാണ് അമ്മ പറയുന്നത്. എഴുത്തും വായനയും അറിയാത്ത ഒരു അമ്മയില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്. നുജൂദ് തന്നെ പറയുന്നുണ്ട് തനിക്ക് എട്ടോ ഒന്‍പതോ വയസ്സേ  ഉണ്ടാവാന്‍ വഴിയുള്ളൂ എന്ന്.

2008 - ല്‍, യെമനിലെ നിയമപ്രകാരമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസ്സാണ്. ദാരിദ്ര്യം, പ്രാദേശിക ആചാരങ്ങള്‍, ദുരഭിമാനം, വിദ്യാഭ്യാസമില്ലായ്മ  എന്നിവയെല്ലാം കാരണം ഈ നിയമം ആരും പാലിക്കാറില്ല.  നന്നേ ചെറുപ്പത്തില്‍  തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നു, ഋതുമതിയാകുന്നത് വരെ ഭര്‍ത്താവ് അവളെ തൊടില്ല എന്ന ഉറപ്പിന്മേല്‍. വളരെ പരിഹാസ്യമായ ഒരു ഉറപ്പ്, അല്ലേ? ഇത് പോലെയുള്ള ഒരു രാജ്യത്തെ ഏതെങ്കിലും ഭര്‍ത്താവ്  ഈ ഉറപ്പ് പാലിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഇല്ലെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കും അറിയാം.

അവളെ വിവാഹം കഴിച്ച് കൊടുക്കുന്നതിനെ പറ്റി അബ്ബാ സൂചിപ്പിക്കുമ്പോള്‍ ഉമ്മ 'അവള്‍ തീരെ ചെറുപ്പം അല്ലേ' എന്ന് ആശങ്കപ്പെടുന്നുണ്ട്. അതിന് അബ്ബ പറയുന്ന മറുപടി 'ഒരു വായ് കുറഞ്ഞാല്‍ അത്രയും നല്ലത്' എന്നാണ്. കൂടാതെ വിവാഹം കഴിഞ്ഞാല്‍ അവളെ ഒരന്യപുരുഷന്‍ വന്ന് ബലാത്സംഗം ചെയ്യില്ല എന്നുകൂടി പറഞ്ഞു വയ്ക്കുന്നു, അബ്ബ. പെണ്‍കുട്ടികളോടുള്ള താല്പര്യമില്ലായ്മ ആണോ അതോ ദാരിദ്ര്യം മൂലമുള്ള  നിസ്സഹായവസ്ഥ ആണോ ഇത് എന്നത് ചിന്തനീയം. 

വിവാഹം എന്ന നരകം

അങ്ങനെ അവളുടെ വിവാഹം നടക്കുന്നു. അതും അവളെക്കാള്‍ മൂന്നിരട്ടി പ്രായമുള്ള ഒരാളുമായി. ഫൈസ് അലി തമീര്‍ എന്ന അവളുടെ ഭര്‍ത്താവിന്, കുറേക്കൂടി പ്രായമാവുന്നതു വരെ അവളെ തൊടില്ലെന്ന് ഉപ്പയ്ക്ക് കൊടുത്ത വാക്ക് (യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു വാക്ക് കൊടുത്തിരുന്നോ?) പാലിക്കാനുള്ള യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു. വിവാഹ രാത്രിയില്‍ നടന്ന ക്രൂരതയെ പറ്റി നുജൂദ്, 'പേടിച്ച് ചുരുണ്ട് കിടന്നിരുന്ന എന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറി, എന്റെ ഉള്ളിന്റെ  ഉള്ളിലേക്ക് അയാള്‍  കയറി' എന്ന് പറയുമ്പോള്‍ ഹൃദയത്തിലേക്ക് ആരോ ഒരാണി അടിച്ച്, ആഞ്ഞടിച്ച്  കയറ്റുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. (ഏകദേശം ഇതേ പ്രായമുള്ള ഒരു മകളുണ്ട് എനിക്ക്, അതാവും ഈ ക്രൂരത എന്നെ വല്ലാതെ ഉലയ്ക്കാന്‍ കാരണം.)

പത്തു വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി.. പകല്‍ മുഴുവന്‍ വീട്ടുജോലികള്‍ ചെയ്യണം. ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ സമ്മതിക്കാത്ത അമ്മായിഅമ്മ. രാത്രികളില്‍ ഭര്‍ത്താവ് എന്ന് പറയുന്ന ആളുടെ വക നിരന്തര ബലാല്‍സംഗവും മര്‍ദ്ദനവും. രാത്രികളില്‍ അയാളെ ഭയന്ന് അവള്‍ വീടിനും ചുറ്റും ഓടുമ്പോള്‍ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും ആണയാള്‍ അവളെ കിടപ്പു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിരുന്നത്. എല്ലാം ഒന്നു പറയാന്‍ പോലും ആരുമില്ല. നമുക്കൊക്കെ  സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്താണ് ഈ അവസ്ഥ.

'അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒളിച്ചിരിക്കും. പേടിച്ച് പരിഭ്രമിച്ച്, എല്ലാം നഷ്ടപ്പെട്ട്, ഞാന്‍ തനിച്ചായിരുന്നു. ആരോടും ഒന്നും തുറന്നുപറയാന്‍ വയ്യ. ഒരാളുമില്ല ഇത്തിരിനേരം സംസാരിച്ചിരിക്കാന്‍. രാത്രിയിലെ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ പേടി കൊണ്ട് പല്ലുകള്‍ കൂട്ടിമുട്ടാന്‍ തുടങ്ങും.'- എന്നാണവള്‍ ആ നാളുകളെ കുറിച്ച് പറയുന്നത്.

രണ്ടു മാസങ്ങള്‍ക്ക് ശേഷം അവളുടെ കരച്ചിലും കെഞ്ചലും  സഹിക്കവയ്യാതെ കുറച്ചു ദിവസങ്ങള്‍ സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ അവളുടെ ഭര്‍ത്താവ് സമ്മതിക്കുന്നു. വീട്ടില്‍ അച്ഛനോടും അമ്മയോടും, അവള്‍ നേരിട്ട ക്രൂരതകള്‍ പറയുന്നുണ്ടെങ്കിലും സഹായിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അച്ഛന്‍ അഭിമാനം എന്നത് മുറുകെ പിടിക്കുമ്പോള്‍ അമ്മ നിസ്സഹായതയുടെ മറയിലാണ്. 

 

നുജൂദും അഭിഭാഷക ഷാദയും

 

കോടതിയുടെ ഇടപെടല്‍

ഈ ലോകത്ത് തന്നെ സഹായിക്കാന്‍ ആരും ഇല്ല എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴാണ് രണ്ടാനമ്മ ദൗല അവള്‍ക്ക് കോടതി മാത്രമാണ് നിന്റെ രക്ഷ എന്ന് പറഞ്ഞു കൊടുക്കുന്നത്. ഏതോ ഒരു നിമിഷത്തില്‍ കിട്ടിയ ധൈര്യത്തില്‍ അവള്‍ കോടതി അന്വേഷിച്ചു പുറപ്പെടുന്നു. അവിടെ, അവളെ മനസ്സിലാക്കാന്‍ കഴിയുന്ന ചിലരെ കണ്ടെത്താന്‍ കഴിഞ്ഞതാണ് അവളുടെ ജീവിതത്തിലെ വഴിത്തിരിവ്. ജഡ്ജി അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അവളെ തന്റെ കഴിവിന്റെ പരമാവധി സഹായിക്കാം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യുന്നു. 

''നീ ഇപ്പോഴും കന്യകയാണോ?'' എന്ന ജഡ്ജിയുടെ ചോദ്യത്തിനുത്തരമായി, ''അല്ല രക്തമൊലിക്കുകയുണ്ടായി'' എന്ന് 10 വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചു പെണ്‍കുട്ടി പറയുമ്പോള്‍ ഒരു നടുക്കം നമ്മുടെയുള്ളിലും ഉണ്ടാകും.    

സ്വന്തം കുടുംബാഗങ്ങളുടെയൊപ്പം പറഞ്ഞയക്കാന്‍ കഴിയാത്ത പെണ്‍കുട്ടികളെ താമസിപ്പിക്കാന്‍ ഒരു അഭയകേന്ദ്രം പോലുമില്ലായിരുന്നു യെമനില്‍ അന്ന്. മറ്റൊരു വഴിയും കാണാത്തതിനാല്‍ ഒരു ജഡ്ജി അവളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുകയാണുണ്ടായത്. ജഡ്ജിയുടെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം താമസിച്ച ആ നാളുകളെ പറ്റി അവളോര്‍ത്തു പറയുന്നുണ്ട്. സുരക്ഷിതത്വം തോന്നിയ ആ വീട്ടില്‍, രാത്രി കിടക്കുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ ഒരു കുളി, വയറുനിറച്ച് ഭക്ഷണം അതോടൊപ്പം കവിളില്‍ ഒരു ഉമ്മ കൂടി കിട്ടി എന്ന് പറയുമ്പോള്‍, പത്തു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞ് എന്താണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാവുകയാണ്. 

സ്ത്രീകളുടെ പുരോഗതിക്ക് അല്ലെങ്കില്‍ അവരുടെ അവകാശങ്ങളെ പറ്റി അവര്‍ക്ക് മനസ്സിലാക്കാനുള്ള - ഏറ്റവും കുറഞ്ഞത് എന്താണ് ശരി എന്താണ് തെറ്റ് എന്ന തിരിച്ചറിവിനു വേണ്ടിയെങ്കിലും -  തീര്‍ച്ചയായും വേണ്ടത് അടിസ്ഥാനവിദ്യാഭ്യാസം തന്നെയാണ് ഞാന്‍ കരുതുന്നു.  നുജൂദ് പറയുന്നതനുസരിച്ച്, സ്‌കൂളില്‍ പോകാനുള്ള അവകാശം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. പെണ്‍കുട്ടികള്‍ ഏറ്റവും കൂടിയാല്‍ ഒന്നോ രണ്ടോ വര്‍ഷം സ്‌കൂളില്‍ പോയെന്നിരിക്കും.  ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരതകള്‍ അനുഭവിക്കുമ്പോള്‍ അതെങ്ങനെയെങ്ങിലും വീട്ടില്‍ അറിയിക്കണം എന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, എഴുത്തും വായനയും  അറിയാത്ത അവള്‍ക്ക് എങ്ങനെ ഒരു കത്തെഴുതാനാവും? യെമനിലെ പെണ്‍കുട്ടികളുടെ ശോചനീയാവസ്ഥയാണ് ഇത് തുറന്നു കാണിക്കുന്നത്. വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രം സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടുള്ള ഒരു അനുഭവം, വീട്ടുകാരില്‍ നിന്ന് നാട്ടുകാരില്‍ നിന്നും തനിക്ക് ഒരിക്കലും കിട്ടില്ല എന്നു തോന്നിയ നീതി കോടതിയില്‍ തനിക്ക് കിട്ടും എന്ന വിശ്വാസം അവളില്‍ ഉയരാന്‍ കാരണം അതാണോ? അതോ ക്രൂരതയുടെയും നിസ്സഹായതയുടെയും മൂര്‍ധന്യത്തില്‍  വേറെ വഴികളൊന്നും അവള്‍ക്ക്  മുന്നില്‍ തെളിഞ്ഞില്ലേ?

 

 

ഷാദ എന്ന അഭിഭാഷക

'നീയെന്റെ മകളെപ്പോലെയാണ്, ഒരിക്കലും നിന്നെ വിട്ടു കളയില്ല', എന്ന് അവളുടെ ചെവിയില്‍ മന്ത്രിച്ച വക്കീല്‍ ഷാദയിലാണ് അവള്‍ ഒരു മാതാവിന്റെ സ്‌നേഹത്തിന്റെ ഊഷ്മളത കണ്ടെത്തുന്നത്. ഷാദ കൂടെയുള്ളപ്പോള്‍ സ്വസ്ഥതയും സമാധാനവും തോന്നുന്നു എന്ന് അവള്‍ പറയുന്നുണ്ട്. കുടുംബ പ്രാരബ്ദങ്ങളുടെ തിരക്കില്‍ ആണ്ടുപോയ അമ്മയ്ക്ക് സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് പോലും അറിയുമായിരുന്നില്ല എന്നാണ് നുജൂദ് സ്വയം സമാധാനിപ്പിക്കുന്നത്. ഈ കോടതിയിലേക്ക് ഓടിയെത്താന്‍ നിനക്ക് എങ്ങനെയാണ് ധൈര്യം ഉണ്ടായത് എന്ന്  ചോദിക്കുമ്പോള്‍ അവളുടെ മറുപടി നമ്മളെ  നടുക്കും, 'അയാളുടെ ദുഷ്ടത്തരം എനിക്ക് കൂടുതല്‍ സഹിക്കാന്‍ സാധിച്ചില്ല.. സാധിച്ചില്ല...' എന്നാണ് അവള്‍ പറയുന്നത്. 

പിന്നീട് നുജൂദിന് വേണ്ടി ഷാദ നാസര്‍ നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ അവള്‍ക്ക് വിവാഹമോചനം ലഭിക്കുന്നു.  വിവാഹമോചനം ലഭിച്ചതിനുശേഷം 'എനിക്ക് കുറച്ച് കളിപ്പാട്ടങ്ങള്‍ വേണം. കൂടെ, ചോക്ലേറ്റും കേക്കും' എന്നവള്‍  പറയുമ്പോള്‍ അവളുടെ കുട്ടിത്തം തിരികെ വന്നു എന്നോര്‍ത്ത് ആശ്വസിക്കുകയാണോ, അതോ ഈ കുഞ്ഞിനോടാണോ ഈ ക്രൂരത മുഴുവന്‍ ഒരു സമൂഹം കാണിച്ചത് എന്നാലോചിച്ച് തല കുനിക്കുകയാണോ വേണ്ടതെന്ന്  അറിയില്ല.  

നുജൂദിന്റെ ആഗ്രഹങ്ങള്‍

വലുതാകുമ്പോള്‍ പഠിച്ച് ഒരു വക്കീല്‍ ആകണം എന്നാണ് നുജൂദിന്റെ ആഗ്രഹം. സാധിക്കുമെങ്കില്‍ അന്ന് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 -ലേക്ക് അല്ലെങ്കില്‍ ഇരുപത്തിലേക്കോ ഇരുപത്തിരണ്ടിലേക്കോ  ഉയര്‍ത്തുന്നതിനായി എന്തെങ്കിലും ചെയ്യണമെന്നും  അവള്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം  എന്നതാണ് അവളുടെ മറ്റൊരാഗ്രഹം. ഒരു പത്ത് വയസ്സുകാരിയെ കൊണ്ട് ഇത്രയുമൊക്കെ ചിന്തിപ്പിച്ചത് അവളുടെ ജീവിത അനുഭവങ്ങള്‍ തന്നെയായിരിക്കണം. അവള്‍ അനുഭവിച്ച വിവാഹം എന്ന ക്രൂരതയും വിവാഹമോചനവും മാത്രമായിരിക്കില്ല ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന എല്ലാ അസമത്വവും ഈ ചിന്തകള്‍ക്ക് പിന്നില്‍ ഉണ്ടാവും.   

ഇനിയും എത്രയോ നൂജൂദുമാര്‍  ഉണ്ടായിരിക്കും ഈ ലോകമെങ്ങും. ഒന്ന് കരയാന്‍ പോലും കഴിയാത്ത വിധം മനസ്സ് തകര്‍ന്നു പോയവര്‍, എന്താണ് തങ്ങള്‍ക്ക് സംഭവിക്കുന്നത് എന്ന് പോലും അറിയാനുള്ള പ്രായമാകാത്തവര്‍, ഒന്നും ചെയ്യാന്‍ ധൈര്യമില്ലാത്തവര്‍, ധൈര്യമുണ്ടെങ്കില്‍ പോലും അത് പ്രാവര്‍ത്തികമാക്കാനുള്ള സാഹചര്യം ഇല്ലാത്തവര്‍, നിസ്സഹായരായ എത്രയോ പേര്‍.. എന്നാണ് അവര്‍ക്ക് നീതി കിട്ടുക? എന്നെങ്കിലും അത് ഉണ്ടാകുമോ?

നുജൂദിന്റെ വിവാഹമോചനം ഇതേ സാഹചര്യത്തില്‍ പെട്ട പല പെണ്‍കുട്ടികള്‍ക്കും മുന്നോട്ടു വരാനുള്ള ധൈര്യം കൊടുത്തു. 2009 -ല്‍ യെമനി പാര്‍ലമെന്റ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം 17 ആക്കി ഉയര്‍ത്തുന്ന നിയമം പാസ്സാക്കി.  ലോകമെമ്പാടും നുജൂദിന്റെ കഥ ചര്‍ച്ച ചെയ്യപ്പെട്ടു, ആത്മധൈര്യത്തിന്റെ പ്രതീകമായി അവളെ ഉയര്‍ത്തിക്കാട്ടി. 'ഗ്ലാമര്‍; മാസികയുടെ 'വുമണ്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് നുജൂദ് അലിയ്ക്കും അവളുടെ വക്കീല്‍ ഷാദ നാസറിനും ലഭിച്ചു. ബാലവിവാഹം എന്ന സാമൂഹികവിപത്തിനെ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് അവള്‍ ഒരു കാരണമായി.  2009 - ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം, അതിന്റെ അന്ത്യത്തില്‍ മുന്നോട്ടു വയ്ക്കുന്നത് പ്രതീക്ഷകളാണ്. എല്ലാം ശരിയാവും എന്ന പ്രതീക്ഷ. നുജൂദ് പഠിച്ച് ഒരു വക്കീലായി, അവളാഗ്രഹിച്ച് കാര്യങ്ങള്‍ക്കായി പരിശ്രമിക്കും എന്ന പ്രതീക്ഷ.

ആ പ്രതീക്ഷകള്‍ തകരരുതെന്ന്  ആഗ്രഹമുള്ളവര്‍, വായന ഇവിടെ നിര്‍ത്തുക.   

ശേഷം?

 

നുജൂദ് കുടുംബാംഗങ്ങള്‍ക്കൊപ്പം
 

പുസ്തകത്തില്‍ കാണാത്ത നുജൂദിന്റെ ജീവിതം 

ഇനിയുള്ള വിവരങ്ങള്‍ക്ക് എത്രമാത്രം കൃത്യത ഉണ്ടെന്ന്  ഉറപ്പില്ല. എങ്കിലും പങ്കുവയ്ക്കുന്നു.  പല അന്താരാഷ്ട്ര മാധ്യമങ്ങളും പല കാലത്തായി റിപ്പോര്‍ട്ട് ചെയ്ത  വിവരങ്ങള്‍ പ്രകാരം നുജൂദിന്റെ ജീവിതം അവള്‍ സ്വപ്നം കണ്ട പോലെ ഒന്നുമായില്ല. സ്വന്തം സഹോദരിയുടെ സുരക്ഷ ഉറപ്പ്  വരുത്താനായി യെമനില്‍ തന്നെ തുടരാനാണ് നുജൂദ് തീരുമാനിച്ചത്. കൂടാതെ ഈ കേസ് മൂലം യമന്‍ എന്ന രാജ്യത്തിന് വന്നു ചേര്‍ന്ന കുപ്രസിദ്ധിയില്‍ കോപാകുലനായ ചിലരുടെ ഇടപെടല്‍ മൂലം നുജൂദിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയിരുന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവളുടെ പുസ്തക പ്രസാധകരില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിരുന്നു എങ്കിലും യെമനിലെ നിയമങ്ങള്‍ മൂലം പുറത്തുനിന്ന് സഹായിക്കാന്‍ ശ്രമിച്ചവര്‍ക്ക് പോലും അത് ഫലപ്രദമായി ചെയ്യാന്‍ സാധിച്ചില്ല എന്നാണ് മനസ്സിലാക്കേണ്ടത്. 

ഈ പുസ്തകം പബ്ലിഷ് ചെയ്ത വഴിയില്‍ കിട്ടുന്ന റോയല്‍റ്റി തുക പോലും 18 വയസ്സ് തികഞ്ഞിട്ടില്ലാത്തതിനാല്‍ അവള്‍ക്ക് കൈമാറാന്‍ കഴിയുമായിരുന്നില്ല. പകരം അത് അവളുടെ അച്ഛനായിരുന്നു കൊടുത്തിരുന്നത്. അദ്ദേഹം അത് സ്വന്തം കുടുംബം വിപുലപ്പെടുത്താന്‍ ഉപയോഗിച്ചു എന്നാണ് ലഭിച്ച വിവരങ്ങള്‍. അദ്ദേഹം വീണ്ടും രണ്ടു തവണ കൂടി കല്യാണം കഴിച്ചത്രേ. നുജൂദിന്  ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ കൊണ്ട് അദ്ദേഹം ഒരു വീട് ഉണ്ടാക്കി എന്നും, എന്നാല്‍ പിന്നീട് നുജൂദിനെ അവിടെ നിന്നും ഇറക്കി വിട്ടു എന്നും  റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നുജൂദിന്റെ സഹോദരിയെയും അവളുടെ പിതാവ് ചെറുപ്രായത്തില്‍ തന്നെ വിവാഹം ചെയ്തു കൊടുത്തു. നുജൂദിന്റെ ആദ്യ ഭര്‍ത്താവ് 4 തവണ കൂടി വിവാഹം കഴിച്ചു എന്നും പറയപ്പെടുന്നു. നുജൂദിന്റെ പിതാവും ആദ്യഭര്‍ത്താവും അവരുടെ മുന്‍ചെയ്തികളില്‍ നിന്നും അതിന്റെ അനന്തരഫലങ്ങളില്‍ നിന്നും (ജയിലില്‍ കിടന്നതുള്‍പ്പെടെ) ഒന്നും തന്നെ പഠിച്ചില്ല എന്ന് വേണം മനസ്സിലാക്കാന്‍. അവര്‍ക്കതിന്റെ ആവശ്യമില്ലല്ലോ? ആണ്‍മേല്‍ക്കോയ്മ ഏറ്റവും തീവ്രമായ ഒരു രാജ്യത്താണ് അവര്‍ ജീവിക്കുന്നത്. 

നുജൂദിന്റെ തുടര്‍ പഠനത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നില്ല. ഇടയ്ക്കിടെ മുടക്കത്തോടുകൂടി ആണെങ്കിലും  അവള്‍ സ്‌കൂളില്‍ പോയിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ 2014 -ല്‍ (അതായതു അവള്‍ക്ക് പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോള്‍) അവള്‍ കല്യാണം കഴിച്ചു എന്നും ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് എന്നുമാണ് അവസാനമായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. 

സത്യം ഇതൊക്കെയാവും എന്ന ബോധ്യം ഉണ്ടെങ്കില്‍ കൂടി, അവള്‍ സ്വപ്നം കണ്ടതുപോലെ ഒരു വക്കീലായി സ്വാതന്ത്ര്യ ബോധത്തോടുകൂടി, അവകാശങ്ങള്‍ നേടിയെടുത്ത്, അസമത്വത്തിനെതിരെ പോരാടി ജീവിക്കുന്നു എന്ന കേള്‍ക്കാനാണ് ആഗ്രഹം. 
 

click me!